Friday, March 7, 2008

മതങ്ങളും, രതിയും

ആദിമകാലം മുതല്‍ , കൂട്ടായും പരസ്പര സഹായക-പൂരണമായും ജീവിച്ചുവരുവാനുള്ള മനുഷ്യന്റെ ജനിതക സ്വഭാവത്തില്‍ നിന്നാണ്‌ ഗോത്രസംസ്കാരങ്ങളുണ്ടായത്‌. ലോകത്ത്‌ ഇന്നു ജീവിച്ചിരിക്കുന്ന ഒരോ മനുഷ്യനും അങ്ങനെ ഒരു ഗോത്രപൈതൃകത്തിന്റെ കണ്ണികളാണ്‌. അവന്‍ വെള്ളക്കാരനായാലും, കറുത്ത വര്‍ഗ്ഗക്കാരനായാലും, തവിട്ടുനിറക്കാരനായാലും, ഏഷ്യനായാലും, അറബിയായാലും ഇവരെല്ലാം ഒരോ ഗോത്രത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ തന്നെ.

ഇന്നു നമ്മള്‍ കാണുന്ന നവീകരിക്കപ്പെട്ട ലോകത്തിന്റെ ഒരു ഭൂതകാലത്തെക്കുറിച്ചു ചിന്തിക്കാതെ, മതഭ്രാന്തിന്റെ പേരില്‍ പരസ്പരം ചോരയൊഴുക്കുന്നവരും, ചെളി വാരിയെറിയുന്നവരും നമ്മുക്കു കാലങ്ങളായി നല്‍കിപ്പോന്ന ഭ്രമജന്യമായ കറുപ്പ്‌ (ഒപിയം) ഭക്ഷിച്ചതിന്റെ ലഹരിയുടെ തലക്കെട്ടു വിടാത്തവര്‍ മാത്രമാണ്‌. ഇന്നു നമ്മുടെ ദിശാബോധമില്ലാത്ത രാഷ്ട്രീയക്കാര്‍ ചെയ്യുന്ന 'വിഘടിപ്പിക്കുക, വിജയിക്കുക' എന്ന അടവ്‌ വളരെയേറെ ദിശാബോധത്തോടെയും ഭംഗിയായും നമ്മുടെ പൂര്‍വികര്‍ ചെയ്തതിന്റെ ബാക്കിപത്രങ്ങളാണ്‌ ഇന്നത്തെ നാനാമതങ്ങളും പിന്നെ നമ്മളും. മതമില്ലാതെ ഇന്നു മനുഷ്യന്‍ നിലനില്‍ക്കുന്നില്ല, അഥവാ മതത്തിലേക്കു മനുഷ്യന്‍ ജനിച്ചു വീഴുന്നു.

ഒരു ഒറ്റവാക്യം കൊണ്ട്‌ മതത്തെ നിര്‍വചിക്കാന്‍ കഴിയും. അധികാരത്തിനുവേണ്ടി കൊമ്പുകോര്‍ത്ത നമ്മുടെ ഗോത്രപൂര്‍വികര്‍ തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്തവരോടെതിര്‍ക്കാന്‍ താന്താങ്ങളുടെ അഭിപ്രായത്തോടൊട്ടിനിക്കുന്നവരുമായി അണിചേര്‍ന്നുണ്ടാക്കിയ സംഘങ്ങളാണ്‌ പിന്നീട്‌ രൂപമില്ലാത്ത, കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പിന്‍ബലത്തോടെ വിവിധ ജാതികളായും മതങ്ങളായും രൂപപ്പെട്ടത്‌.

അയല്‍വീടുകളുമായി നിതാന്ത ശത്രുത പുലര്‍ത്തുന്ന നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്‌. കേരളത്തിലെന്നല്ല, ലോകത്തെവിടെയുമുണ്ട്. ഫ്ലാറ്റ് സംസ്കാരങ്ങളില്‍ പോലുമുണ്ട്‌ അത്‌. തൊട്ടടുത്തുള്ള അയല്‍വീട്ടിലെ ആളുകളുമായും അവിടെ വരുന്നവരുമായും അവരുടെ സുഹൃത്തുക്കളോടുമൊക്കെ അറിയാതെ ഇവര്‍ ശത്രുത സൂക്ഷിക്കുന്നു. നേരിട്ടൊരു വാക്കു മിണ്ടിയിട്ടില്ലാത്തവരാണെങ്കില്‍ കൂടി, അവരുടെ മാനസികനില എന്തെന്നറിയാതെ, തനിക്കിഷ്ടമില്ലത്തവരോട്‌ സഹകരിക്കുന്നവര്‍ എന്ന ഒറ്റക്കാരണത്താല്‍ ഈ ശത്രുത തുടരുന്നു.

മതത്തിന്റെ മന:ശാസ്ത്രം മനുഷ്യന്റെ ഈ സ്വഭാവമാണ്‌. തന്റെ നിലപാട്‌ ശരിയാണെന്നു സ്ഥാപിക്കാന്‍ അഭൌമായ ഒരു പ്രപഞ്ചശക്തി തങ്ങളോടൊപ്പമുണ്ടെന്നു വരുത്തിതീര്‍ക്കുകയും താന്താങ്ങളുടെ അണികളെ വിശ്വസിപ്പിക്കുകയും ചെയ്ത പൂര്‍വികരുടെ കറയറ്റ സ്വാര്‍ത്ഥതാനിര്‍ഭരമായ 'ദിശാബോധമാണ്‌ ' ഇന്നു നമ്മളെ മതത്തിന്റെ പേരില്‍ നാനാദിശകളിലാക്കിയത്‌.

വിശപ്പ്‌, ഉറക്കം, ഭയം, ലൈംഗികത, സ്വാര്‍ത്ഥത എന്നീ അഞ്ചു ഘടകങ്ങളാണ്‌ എല്ല മനുഷ്യനിലേയും സ്ഥായീഗുണങ്ങള്‍. വിശപ്പിനുവേണ്ടിയും, ഉറക്കത്തിനു വേണ്ടിയും, ഭയമകറ്റാനും, ലൈംഗികതക്കും വേണ്ടി ഒരോ മനുഷ്യനും ചുമക്കുന്ന കിരീടമാണ്‌ സ്വാര്‍ത്ഥത.

ഈ സ്വാര്‍ത്ഥതയില്‍ നിന്നാണ്‌ എല്ലാം ജനിച്ചത്. ഈ ലോകത്തിന്റെ നാളിതുവരെ എല്ലാ മേഖലയിലുമുണ്ടായിട്ടുള്ള പുരോഗതികളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും, ഇടപെടലുകളും എല്ലാം ഒരാളുടെ, അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തിയുടെ സ്വാര്‍ത്ഥതയുടെ പരിണിതഫലങ്ങളാണ്‌. അങ്ങനെ ഒരുകൂട്ടം ആളുകളുടെ സ്വാര്‍ത്ഥതയിലാണ്‌ മതങ്ങളുമുണ്ടായത്‌. ആളുകളെ ഒന്നിപ്പിക്കാന്‍ നേരിട്ടുതെളിയിക്കാന്‍ സാധിക്കാത്ത ഒരു രൂപകമാണ്‌ അനുയോജ്യമെന്നു കണ്ടുപിടിച്ച നമ്മുടെ പൂര്‍വികര്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത ബിംബങ്ങളെ സൃഷ്ടിച്ചും അന്ധമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തി അങ്ങനെ ' തന്‍ തടം ' ഉറപ്പിച്ചും പോന്നു.

താന്താങ്ങളുടെ ശക്തി തെളിയിക്കാന്‍ ഒരോ ഗോത്രങ്ങളും ഇത്തരം പ്രപഞ്ചശക്തികളെ കൂട്ടുപ്പിടിച്ചു. കൂട്ടിച്ചോദിക്കാനോ, കൂടെപ്പോകാനോ കഴിയാത്ത ഇത്തരം ബിംബങ്ങളെ സൃഷ്ടിച്ചവര്‍ ഈ ശക്തികളെ പങ്കിട്ടെടുത്തു അവരവരുടെ ശക്തിസ്രോതസ്സാക്കി മാറ്റി. ഉണ്ടെന്നോ, ഇല്ലെന്നോ ഇന്നോളം തെളിയിക്കാനാകാതെ ആ ശക്തിയുടെ പ്രഭാവം അണുവിട വിടാതെ യുഗാന്തരങ്ങളായി മനുഷ്യഹൃദയങ്ങള്‍ ഇന്നും ചുമക്കുന്നു...അവന്‍ പരസ്പപരം വിരല്‍ ചൂണ്ടി 'ഞാന്‍ വലുത്‌, എന്റേതു വലുത്‌, എന്റെകൂടെയുള്ളവര്‍ കൂടുതല്‍, ഞങ്ങള്‍ കൂടുതല്‍ ശക്തിയുള്ളവര്‍ എന്ന്‌ ഇന്നും അക്രോശിച്ചുകൊണ്ടിരിക്കുന്നു.

ഇത്തരം മൂഢത അസഹ്യമായപ്പോള്‍ ദൈവം എന്ന പ്രാപഞ്ചികശക്തി അഥവാ ഉണ്ടെങ്കില്‍ തന്നെ അത്‌ ഏകവും സര്‍വവ്യാപിയുമാണെന്ന് പറഞ്ഞുകൊടുക്കാന്‍ അവരുടെയിടയില്‍ തന്നെയുള്ളവരുണ്ടായി. ക്രിസ്തുവും കൃഷ്ണനും, നബിയും , ബുദ്ധനും, ആദിശങ്കരനും ഒക്കെ ഒരു ഉദ്‌ബോധനത്തോടെ മനുഷ്യരോടു പറഞ്ഞു, മതമല്ല, മനുഷ്യനാണ്‌ വലുതു...അതുകേട്ട മനുഷ്യവൃന്ദം അവരേയും ദൈവങ്ങളാക്കി..അവര്‍ക്കുവേണ്ടി മതങ്ങളുണ്ടാക്കി അതിനുള്ളില്‍ നിന്നുകൊണ്ട്‌ പിന്നെ സ്വാര്‍ത്ഥതയോടെ വിരല്‍ ചൂണ്ടാന്‍ തുടങ്ങി.

നിലവിലുള്ളതുപോലുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥിതിയോ, ജനാധിപത്യ സംവിധാനങ്ങളോ ഒന്നും നിലവിലില്ലാതിരുന്ന സാഹചര്യത്തില്‍ മനുഷ്യനെ ഒന്നിപ്പിക്കാനും, കൂട്ടായ ഒരു ഭരണ സംവിധാനമുണ്ടാക്കാനും , സമൂഹത്തില്‍ സദാചാരം നിലനിര്‍ത്താനും, അതുവഴി ക്രമസമാധാനം പുലര്‍ത്തിപ്പോരാനും മതങ്ങളെ ഉപയോഗിച്ചിരുന്നു എന്ന ഒരു 'പോസിറ്റീവ് എഫക്റ്റ്' കൊണ്ടുമാത്രമാണ്‌ മറ്റു സ്വാര്‍ത്ഥതകളുടെ മേല്‍ മതം എന്ന സ്വാര്‍ത്ഥതക്കു മേല്‍ക്കോയ്മ ഉണ്ടായത്.

സമൂഹത്തിന്റെ ഭാഗമായി ജനിക്കുന്ന മനുഷ്യന്‍ ആര്‍ക്കു ജനിക്കുന്നുവോ, അവര്‍ ചേര്‍ന്നു നില്‍ക്കുന്ന ഗണത്തോട്‌ ചേര്‍ക്കപ്പെടുന്നു. അങ്ങനെ പൈതൃകത്തിന്റെ ഉത്തരവദിത്വവും, രക്ഷിതാക്കളൊടുള്ള കടപ്പാടും ഒരോ വ്യക്തിയേയും അവന്‍ ചേര്‍ന്നുനില്‍ക്കുന്ന ഗണത്തോട്‌ കൂറുള്ളവനാക്കുന്നു..അഥവാ അവന്റെ ഗണത്തിന്റെ മഹിമകള്‍ വാഴ്ത്തി, താന്‍ ശക്തന്‍ തന്നെ എന്നു തെളിയിക്കാനുള്ള സ്വാര്‍ത്ഥതയിലേക്കു അവനെ കൊണ്ടെത്തിക്കുന്നു.

തന്റെ കൂടെ നില്‍ക്കുന്നവന്‍ മറ്റൊരാളോടൊപ്പം പോകുമ്പോള്‍ തന്റെ ശക്തി ക്ഷയിക്കുമോ, അഥവാ തന്റെ കള്ളികള്‍ വെളിച്ചത്താകുമോ എന്ന ആശങ്കയുള്ള പഴയ ആ ഗോത്രമൂപ്പന്റെ മനസ്സാണ്‌ മതപരിവര്‍ത്തനത്തെക്കുറിച്ചു വിലപിക്കുന്നവരിലുമുണ്ടാകുന്നത്.

തന്റെ കൂടെ നില്‍ക്കുന്നവനെ ബലമായി പിടിച്ചുകൊണ്ടുപോയി അവന്റെ ഗണത്തിലാക്കി എന്നുള്ള അപമാനഭരിതമായ വേദനയാണ്‌ നിര്‍ബന്ധിത മതപരിവര്‍ത്തനതിന്റെ പേരിലുണ്ടാക്കുന്ന തമ്മിലടികള്‍. തന്റെ ശക്തി കൂട്ടാന്‍, തന്റെ എതിരാളിയെ ഒന്നു വെല്ലുവിളിക്കാന്‍ മോഹപ്രയോഗത്തിലൂടെയും, ആഭിചാരകര്‍മങ്ങളിലൂടെയും, എതിരാളിയുടെ മിത്രങ്ങളെ പാട്ടിലാക്കുന്ന പഴയ ഗോത്രപടത്തലവന്‍മാര്‍ ചെയ്തതാണ്‌ ഇന്നു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ചിലര്‍ ചെയ്യുന്നത്.

ഇത്തരം അമര്‍ഷാധിഷ്ഠിതമായ ഭിന്നാഭിപ്രായങ്ങളിലൂടെ സ്വരൂപിച്ച മതങ്ങള്‍ക്കുള്ളില്‍ ഓരോന്നിനെ സംബന്ധിച്ചിടത്തോളം വിവിധ അഭിപ്രായങ്ങള്‍ നിലവിലുള്ളതുപോലെ തന്നെ ലൈംഗികതയിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്.

മതമേതായാലും പുരുഷന്മാരും സ്ത്രീകളും സാമ്യരൂപികളാണ്‌. വിവിധമതത്തിലുള്ളവര്‍ വിവിധരൂപത്തിലല്ല ജനിക്കുന്നത്‌. കണ്ണും നാസികയും വായയും കൈകാലുകളും ലിംഗവും യോനിയും എല്ലാ മതത്തിലുള്ള മനുഷ്യര്‍ക്കുമുണ്ട്‌. എല്ലാ മനുഷ്യന്റേയും ആന്തരികാവയവങ്ങളും അതിന്റെ പ്രവര്‍ത്തനവും രക്തത്തിന്റെ നിറവും ഒന്നു തന്നെ. മുന്‍പു സൂചിപ്പിച്ച വിശപ്പും, ഉറക്കവും, ഭയവും, മൈഥുനാസക്തിയും എല്ലാ മതത്തില്‍പെട്ടവര്‍ക്കുമുണ്ട്. ഈ വികാരങ്ങള്‍ മൃഗങ്ങളിലുമുണ്ട്. പക്ഷേ മൃഗങ്ങളില്‍ ഹിന്ദുവുമില്ല, ക്രിസ്ത്യാനിയുമില്ല, മുസ്ലീമുമില്ല. മനുഷ്യനു മാത്രമാണ്‌ മതമുള്ളത്‌.

സ്വയം മനനം ചെയ്യാനുള്ള ഒരു കഴിവു മാത്രമാണ്‌ മൃഗങ്ങളേക്കാള്‍ അധികമായി മനുഷ്യനുള്ളത്. അതു എല്ലാവരിലുമുണ്ടു താനും. എന്നാല്‍ സ്വന്തം ചിന്താസരണിയില്‍ പ്രപിതാമഹന്‍മാര്‍ കോരിയൊഴിച്ച മതത്തിന്റെ ചിന്തകളുമായി മനുഷ്യന്‍ പോരാടി ജീവിച്ചുപോന്നു. സ്വന്തം ചിന്തകള്‍ കൊണ്ട് അതിജീവിക്കുവാന്‍ കഴിവുള്ളവര്‍ മനുഷ്യരായി ജീവിക്കുന്നു..ശരിയായി മനനം ചെയ്യാന്‍ കഴിവില്ലാത്തവര്‍ മൃഗങ്ങളെപ്പോലെ പോരാടുകയും ചെയ്തുപോന്നു....അതൊരു തുടര്‍ക്കഥപോലെ ഇന്നും തുടരുന്നു. ഇവര്‍ എല്ലാ മതത്തിലുമുണ്ടെന്നതാണ്‌ മനുഷ്യസൃഷ്ടിയില്‍ അപാകതകളില്ലാ എന്നതിന്റെ തെളിവും.

ഇവിടെ എഴുതാനുള്ള വിഷയം ഈ മതങ്ങള്‍ക്കുള്ളിലെ ലൈംഗികതയെക്കുറിച്ചും രതിശീലങ്ങളെക്കുറിച്ചുമാണ്. മതങ്ങള്‍ ഇങ്ങനെയാണുണ്ടായതെന്നു പറയാതെ ഇത്തരം രതിശീലങ്ങളെക്കുറിച്ചു പറയുക വയ്യാത്തതിനാലാണ്‌ ഇത്രയും എഴുതിയത്‌.
കപടതയാണ്‌ എല്ലാ മതങ്ങളുടേയും മുഖമുദ്ര എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ എല്ലാ മതങ്ങളും ലൈംഗികതയെ ഒരു രഹസ്യവികാരമായി കണക്കാക്കുന്നത്‌. അനാദികാലം മുതല്‍ നിലനില്‍ക്കുന്ന, ഈ പ്രപഞ്ചത്തിന്റെ തന്നെ മൂലാധാരമായ ലൈംഗികതയെ ഇരുട്ടിന്റെ സുഖമായി മാറ്റിക്കെട്ടിയ ആ അധിപത്യത്തിന്റെ പിന്നാമ്പുറങ്ങളിലെ കാഴ്ചകള്‍ നിരവധിയാണ്‌.

15 comments:

കൃഷ്‌ണ.തൃഷ്‌ണ said...

മതമേതായാലും പുരുഷന്മാരും സ്ത്രീകളും സാമ്യരൂപികളാണ്‌. വിവിധമതത്തിലുള്ളവര്‍ വിവിധരൂപത്തിലല്ല ജനിക്കുന്നത്‌. കണ്ണും നാസികയും വായയും കൈകാലുകളും ലിംഗവും യോനിയും എല്ലാ മതത്തിലുള്ള മനുഷ്യര്‍ക്കുമുണ്ട്‌. എല്ലാ മനുഷ്യന്റേയും ആന്തരികാവയവങ്ങളും അതിന്റെ പ്രവര്‍ത്തനവും രക്തത്തിന്റെ നിറവും ഒന്നു തന്നെ. മുന്‍പു സൂചിപ്പിച്ച വിശപ്പും, ഉറക്കവും, ഭയവും, മൈഥുനാസക്തിയും എല്ലാ മതത്തില്‍പെട്ടവര്‍ക്കുമുണ്ട്. ഈ വികാരങ്ങള്‍ മൃഗങ്ങളിലുമുണ്ട്. പക്ഷേ മൃഗങ്ങളില്‍ ഹിന്ദുവുമില്ല, ക്രിസ്ത്യാനിയുമില്ല, മുസ്ലീമുമില്ല. മനുഷ്യനു മാത്രമാണ്‌ മതമുള്ളത്‌.

---പുതിയ പോസ്റ്റ്...

Suraj said...

പ്രിയ കൃഷണ,

"..നേരിട്ടൊരു വാക്കു മിണ്ടിയിട്ടില്ലാത്തവരാണെങ്കില്‍ കൂടി, അവരുടെ മാനസികനില എന്തെന്നറിയാതെ, തനിക്കിഷ്ടമില്ലത്തവരോട്‌ സഹകരിക്കുന്നവര്‍ എന്ന ഒറ്റക്കാരണത്താല്‍ ഈ ശത്രുത തുടരുന്നു-
മതത്തിന്റെ മന:ശാസ്ത്രം മനുഷ്യന്റെ ഈ സ്വഭാവമാണ്‌..
"

വളരെ പ്രസക്തമായ കാച്ചിക്കുറുക്കിയ നിരീക്ഷണം.

ഒരു queue-ല്‍ നില്‍ക്കുന്നവര്‍ തമ്മില്‍ പോലും ഉടലെടുക്കുന്ന അദൃശ്യമായ, അവാച്യമായ ഈ മനോഭാവം തന്നെയാണ് മതത്തിന്റെ ‘സെല്ഫിഷ് ജീന്‍’ നിലപാടുതറ.

തുടരട്ടെ, ആസ്വാദ്യകരമായ, ആഴത്തിലുള്ള ഈ പുനര്‍ വായന. പൂര്‍ണ്ണമായി വരുന്ന മുറയ്ക്ക് കൂടുതല്‍ ചര്‍ച്ചകളിലേക്കു വരാമെന്ന് വിചാരിക്കുന്നു.
ഇപ്പോള്‍ കമന്റ് ട്രാക്കിംഗിന് ഒരു സ്മൈലി :)

Unknown said...

തികച്ചും മൌലികമായ ചിന്തയും എഴുത്തും ... എനിക്കഭിമാനം തോന്നുന്നു കൃഷ്ണ.തൃഷ്ണയെപ്പറ്റി .. ഈ ബ്ലോഗ് ഭാവിയിലേക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും . അതാണ് ഇന്റര്‍‌നെറ്റിന്റെ സാധ്യത ...മതങ്ങളെപ്പറ്റിയുള്ള നിരീക്ഷണം വളരെ യാഥാര്‍ഥ്യബോധത്തോടെയുള്ളതാണ് . വായിച്ച് തീര്‍ന്നപ്പോള്‍ കുറച്ചുകൂടി എഴുതിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി .
സ്നേഹപൂര്‍വ്വം,

എതിരന്‍ കതിരവന്‍ said...

ഹുറേയ്! കൃ.തൃ. ഇങ്ങനെ വേണം എഴുതാന്‍.

ഗുരുജി said...

തന്റെ കൂടെ നില്‍ക്കുന്നവന്‍ മറ്റൊരാളോടൊപ്പം പോകുമ്പോള്‍ തന്റെ ശക്തി ക്ഷയിക്കുമോ, അഥവാ തന്റെ കള്ളികള്‍ വെളിച്ചത്താകുമോ എന്ന ആശങ്കയുള്ള പഴയ ആ ഗോത്രമൂപ്പന്റെ മനസ്സാണ്‌ മതപരിവര്‍ത്തനത്തെക്കുറിച്ചു വിലപിക്കുന്നവരിലുമുണ്ടാകുന്നത്.....
--നല്ല വീക്ഷണം..ഇതാണ്‌ ശരിയും സത്യവും

വിനയന്‍ said...

Thudaruka...

Kaithamullu said...

:-)

Unknown said...

മതങ്ങളെപ്പറ്റി വളരെ നല്ല വീക്ഷണം

ശ്രീവല്ലഭന്‍. said...

നല്ല ഭാഷയും നല്ല വീക്ഷണങ്ങളും. വളരെ ഇഷ്ടപ്പെട്ടു എല്ലാ ലേഖനങ്ങളും.
തുടരുക

യരലവ~yaraLava said...

അനുവദനീ‍യം ; അനുവദനീയമല്ല; പ്രതിഫലമുണ്ട്; ശിക്ഷയുണ്ട്
ദൈവം വെറുക്കുന്നു : ദൈവം ഇഷ്ടപ്പെടുന്നു
കടുത്ത ശിക്ഷയുണ്ട്; പൊറുക്കപ്പെടാത്ത തെറ്റാണ്. പ്രായശ്ചിത്ത രീതികള്‍... ഇങ്ങനെ ദൈനദിന ജീവിതത്തില്‍ മതത്തിന്റെ ഇടപെടലുകള്‍ മനുഷ്യനെ അവന്റെ സ്വാഭാവിക നന്മയും സഹജ സ്നേഹവും ഇല്ലാതാക്കിയിരിക്കുന്നു.

നിറം കൊടുത്ത മനസ്സൂകള്‍ സ്വതന്ത്രമാക്കാനുള്ള ഈ ശ്രമം വിജയം കാണണം.

ജ്വാലാമുഖി said...

Hey Hey...why I did not see this blog yet!!! Very interesting and thought provoking. Giving you a big hand Mr. Krisha Thrishna

ജ്വാലാമുഖി said...

Why dont you write anymore?? Where did you go???

താങ്കളെ ബൂലോകത്തു കാണുന്നേയില്ലല്ലോ...ഒരു എ-മൈല്‍ ചെയ്തിരുന്നു..അതിനും മറുപടി കണ്ടില്ല...താങ്കള്‍ എവിടെയായിരുന്നാലും എഴുത്തു തുടരുക....കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു...

nalan::നളന്‍ said...
This comment has been removed by the author.
nalan::നളന്‍ said...

സമൂഹത്തിന്റെ ഭാഗമായി ജനിക്കുന്ന മനുഷ്യന്‍ ആര്‍ക്കു ജനിക്കുന്നുവോ, അവര്‍ ചേര്‍ന്നു നില്‍ക്കുന്ന ഗണത്തോട്‌ ചേര്‍ക്കപ്പെടുന്നു. അങ്ങനെ പൈതൃകത്തിന്റെ ഉത്തരവദിത്വവും, രക്ഷിതാക്കളൊടുള്ള കടപ്പാടും ഒരോ വ്യക്തിയേയും അവന്‍ ചേര്‍ന്നുനില്‍ക്കുന്ന ഗണത്തോട്‌ കൂറുള്ളവനാക്കുന്നു..അഥവാ അവന്റെ ഗണത്തിന്റെ മഹിമകള്‍ വാഴ്ത്തി, താന്‍ ശക്തന്‍ തന്നെ എന്നു തെളിയിക്കാനുള്ള സ്വാര്‍ത്ഥതയിലേക്കു അവനെ കൊണ്ടെത്തിക്കുന്നു.

വ്യക്ത്യാതിഷ്ഠിതമായ ഒരു നിരീക്ഷണമെന്ന നിലയില്‍ ഇതില്‍ തെറ്റില്ല. എന്നിരുന്നാലും ഇത് സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം, അത് കാണാതെ പോകരുത്. എതിര്‍ക്കപ്പെടേണ്ടതും വ്യക്തിവ്യാപാരങ്ങള്‍ക്കപ്പുറം ഈ സ്വാധീനം സൃഷ്ടിക്കുന്ന അധികാരം എന്ന പിന്‍പറ്റലിനെയാണു...
ജനാധിപത്യത്തില്‍ ഇത്തരം സാധ്യതകളെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയും, കഴിയണം,

തന്റെ കൂടെ നില്‍ക്കുന്നവന്‍ മറ്റൊരാളോടൊപ്പം പോകുമ്പോള്‍ തന്റെ ശക്തി ക്ഷയിക്കുമോ, അഥവാ തന്റെ കള്ളികള്‍ വെളിച്ചത്താകുമോ എന്ന ആശങ്കയുള്ള പഴയ ആ ഗോത്രമൂപ്പന്റെ മനസ്സാണ്‌ മതപരിവര്‍ത്തനത്തെക്കുറിച്ചു വിലപിക്കുന്നവരിലുമുണ്ടാകുന്നത്.

ഇവിടെയും അധികാരത്തെ മാറ്റിനിര്‍ത്തിയുള്ള വിശകലനം ചരിത്രനിഷേധത്തിലേക്കാണു നീങ്ങുന്നത്.
വ്യക്തിവ്യവഹാരങ്ങള്‍ക്ക് വിലക്കുകള്‍ വരുന്നത് അധികാരത്തിനു വെല്ലുവിളി ഉയരുമ്പോള്‍ മാത്രമാണു.
അതിനെ വ്യക്തിവ്യാപാരങ്ങളായി ചുരുക്കുന്നതു വീണ്ടും സഹായിക്കുന്നത് അധികാരത്തെയാണു...

അഭിവാദ്യങ്ങളോടെ...

Rajesh said...

Malayaalathil ezhuthaathathil kshamikkanam.
I think even the concept of God was created to just create a fear among the followers that someone is watching or they are answerable.

But we need to look at the fact that TODAY all these religions, look at Sex as a big taboo only in the Indian subcontinent or mostly in Asia and Gulf. In the West and in most countries, people or societies have learned to differentiate themselves or their lives from the clutches of Religion.