Saturday, September 27, 2008

ലൈംഗികതയില്‍ ആത്മാവിനെ നീറ്റുന്നവര്‍

ജീവിത കാമനകളോട്‌ കള്ളത്തരമില്ലാതെ പ്രതികരിക്കാന്‍ നമ്മള്‍ ഭാരതീയര്‍ക്ക്‌ എത്രകണ്ടു കഴിയും? സ്വന്തം ലൈംഗിക ചോദനക്കനുസരിച്ചു സ്വജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിയുന്നവരാണോ നമ്മള്‍? തനിക്കു കിട്ടിയ ഇണ 'അതു തന്റെ വിധി' എന്ന അഹംബോധത്തില്‍ സ്വന്തം കാമനകളോടു സന്ധി ചെയ്തു ജീവിച്ചു തീര്‍ക്കുന്ന കേവലം സ്ത്രീ പുരുഷ ജീവിതങ്ങളാണു നമുക്കു ചുറ്റും.

മതങ്ങളുടേയും കപടസദാചാരസംരക്ഷകരുടേയും ഇടയില്‍ അത്മാവിന്റെ മുട്ടിവിളികളെ പുറം ലോകത്തെ അറിയിക്കാതെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ പൌരസ്ത്യദേശക്കാര്‍ . പാശ്ചാത്യരാകട്ടെ ഇത്തരം മുട്ടിവിളികളെ ഒളിപ്പിച്ചു വെക്കുന്നില്ല, ആയതിനാല്‍ അവര്‍ ആത്മാവില്‍ അരാജകത്വം അനുഭവിക്കുന്നില്ല.

പാശ്ചാത്യ സംസ്കൃതിയെ പരിഹാസരൂപേണ രതിസുഖസാമ്രാജ്യമെന്നൊക്കെ വിശേഷിപ്പിക്കുന്നവര്‍ മറന്നുപോകുന്ന ഒരു സത്യമുണ്ട്. ഇവര്‍ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും വേണ്ടി ജീവിക്കുന്നവരാണ്‌. തന്റെ ലൈംഗിക ചോദന എന്തായിരുന്നാലും അതു തുറന്നു പറയാനും അതിന്റെ സംപൂര്‍ത്തീകരണത്തിനായി പടവുകള്‍ കണ്ടെത്താനും അവര്‍ എന്നേ അനുശീലിച്ചിരിക്കുന്നു. സമൂഹം അവിടെ ഒരു കടുംപിടത്തവുമായി നില്‍ക്കുന്നില്ല, പരിഹാസത്തിന്റെ ഒളിയമ്പുകളെയ്യുന്നുമില്ല.

പൌരസ്ത്യദേശക്കാരാകട്ടെ,സമൂഹത്തെ ഭയന്നു തന്റെ ശരീരത്തിന്റെ ആവശ്യങ്ങളെ ദേഹമെന്ന കൂട്ടിലെ ഇരുട്ടിലുപേക്ഷിക്കുകയും ആ ഇരുട്ടില്‍ തന്റെ ആത്മാവിനെ അന്വേഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ആത്മാവ്‌ ഇരുട്ടറയില്‍ നിന്നും എന്നും ജാലകപ്പഴുതിലൂടെയും താക്കോല്‍പ്പഴുതിലൂടെയും ഒളിഞ്ഞുനോക്കിക്കൊണ്ടേയിരിക്കുന്നു. ഇരുട്ടു സഹിയാതെ പുറത്തേക്കുവരുന്നവന്‍ ഒരു ക്രിമിനലായി അവസാനിക്കുന്നു. ഇരുട്ടില്‍ ആത്മാവിനെ തളച്ചിടുന്നതില്‍ വിജയിക്കുന്ന ബഹുഭൂരിപക്ഷം മാന്യതയുടെ മുഖംമൂടി ധരിച്ചു മരിച്ചു ജീവിക്കുന്നു.

പുരുഷ ലൈംഗികതയിലും സ്ത്രീലൈംഗികതയിലും ഇത്തരം തടവറകളുണ്ട്. തന്റെ ഇണ പോലും അറിയാതെ ആത്മാവിനെ ഇത്തരം തടവറകളിലിട്ടു നീറ്റുന്ന നിരവധി സ്ത്രീപുരുഷന്‍മാരെ നമുക്കു ചുറ്റും കാണാം.

സ്വന്തം ഇണയോടും കുട്ടികളോടും കൂടി ചിരിച്ചും കളിച്ചും അഭിരമിച്ചു കഴിയുമ്പോഴും അസംതൃപ്തമായ ശരീരം ചുമന്നു നടക്കുന്ന സ്‌ത്രീ പുരുഷന്‍മാരെ നമുക്കു ഇന്റര്‍നെറ്റിലെ ചാറ്റു റൂമുകളില്‍ കാണാം. വിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ ഉടയാട ഉരിച്ചെറിയുന്നതും മുഖം മൂടി മാറ്റിവെക്കുന്നതും നമുക്കവിടെ കാണാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ന്യൂനപക്ഷത്തിനിടയില്‍ ഇത്രയേറെയുണ്ടെങ്കില്‍ ശരീരത്തിന്റെ ഇരുട്ടറയില്‍ അപ്രകടിതദാഹവുമായി ഒടുങ്ങുന്നവര്‍ നമ്മുടെ സമൂഹത്തിലെത്രയായിരിക്കുമെന്നു അനുമാനിക്കാവുന്നതേയുള്ളൂ.

ഇന്ത്യയിലെ ലൈംഗികതയെക്കുറിച്ച് ആല്‍ഫ്രഡ് കിന്‍സേ എഴുതിയതിങ്ങനെയാണ്‌. 'ബഹുഭൂരിപക്ഷവും തന്റെ ഇണയില്‍ സായൂജ്യമടയുന്നു. അഥവാ സായൂജ്യമടയുന്നതായി ഭാവിക്കുന്നു. തനിക്കു ലഭിക്കാമായിരുന്ന എറ്റവും നല്ല രതിസുഖം തന്റെ ഇണയില്‍ നിന്നു തനിക്കു ലഭിക്കുന്നു എന്നവര്‍ തന്നോടു തന്നെ പറഞ്ഞു ആത്മസംതൃപ്തരാകുന്നു. തട്ടിച്ചു നോക്കാനോ, താരതമ്യം ചെയ്യാനോ മറ്റൊരാളില്‍ നിന്നും ഒരു അനുഭവമില്ലാതിരിക്കെ, തനിക്കു ലഭിച്ചതാണു ഉത്തമമെന്നു കരുതാന്‍ സമൂഹം അവരെ നിര്‍ബന്ധിക്കുന്നു"

ഇഷ്ടപ്പെട്ടവരോടോക്കെ ബന്ധപ്പെടാനാകും വിധം നമ്മുടെ സമൂഹം മാറണമെന്നാണോ എന്ന മറുചോദ്യം ചോദിക്കുന്നവരുണ്ടാകാം. കുത്തഴിഞ്ഞ ലൈംഗികതയാണോ പുരോഗമനമെന്നും ചോദിച്ചേക്കാം. സമൂഹത്തിന്റെ നന്‍മക്കും 'ഹാര്‍മോണിയസ് എക്സിസ്റ്റന്‍സിനും വേണ്ടി ലൈംഗികത മറച്ചുവെച്ചു അനുശീലിക്കേണ്ട വികാരമാണെന്നതില്‍ ഈ എഴുതുന്ന ആളിനു യാതൊരു സംശയവുമില്ല. പക്ഷേ ഒരുവന്റെ ലൈംഗികത, അതു അടക്കിവെച്ചു അനുശീലിക്കുന്നതിനു അവനെ നിര്‍ബന്ധിക്കുന്ന മത-സമൂഹ നിലപാടിനോടാണു മാത്രമാണ്‌ വിയോജിപ്പുള്ളത്.

അന്യന്റെ ലൈംഗികത തന്റേതുമായി താദാത്മ്യമുള്ളതായിരിക്കണമെന്ന സമൂഹത്തിന്റെ നിര്‍ബന്ധബുദ്ധിയോടും, തന്റെ ഇംഗിതത്തിനനുസരിച്ചായിരിക്കണം അപരന്റെ ഇംഗിതമെന്നും, തനിക്കു സ്വീകാര്യമല്ലാത്തതു അപരന്നു സ്വീകാര്യമായിരിക്കരുതെന്നുമുള്ള കടുംപിടുത്തത്തോടാണു എതിര്‍പ്പുള്ളത്. തന്റെ ലൈംഗിക അസംതൃപ്തി തുറന്നു പ്രകടിപ്പികാനോ, ലൈംഗിക താത്പര്യം അറിയിക്കാനോ, അതു വഴി ഒരു ജന്‍മത്തില്‍ കുറച്ചുകാലം മാത്രം ആരോഗ്യത്തോടെ നിലനില്‍ക്കുന്ന തന്റെ ശരീരത്തിനോടു നീതി പുലര്‍ത്താനോ ഒരുവനെ അനുവദിക്കാത്ത വിധം സമൂഹം, അവനെ അഥവാ അവളെ, വീര്‍പ്പുമുട്ടിക്കുന്നതിനോടുമാണ്‌ വിയോജിപ്പുള്ളത്.

ഇങ്ങനെയൊരു നിര്‍ബന്ധം പാശ്ചാത്യലോകത്തില്ല. അന്യന്റെ മാളങ്ങളിലേക്കു നാവു നീട്ടി ഇഴഞ്ഞുചെല്ലുകയോ, മറഞ്ഞിരുന്നോ പതിയിരുന്നോ ആക്രമിക്കുകയും ചെയ്യുന്ന ശീലവും ഈ രാജ്യങ്ങളില്ല. തന്റെ ശരീരത്തില്‍ എന്നും ഉത്സവമുണ്ടായിരിക്കണമെന്നും സംതൃപ്തിയെ പുണര്‍ന്നായിരിക്കണം താന്‍ ഉറക്കമുണരേണ്ടതെന്നുമുള്ള ഓമര്‍ഖയ്യാം കണ്‍സെപ്റ്റ് എല്ലാവര്‍ക്കും അനുവദിച്ചുകൊടുക്കുന്ന ഒരു സമ്പ്രദായമാണവരുടേത്. ലൈംഗികതയുള്‍പ്പെടെയുള്ള എല്ലാ താത്പര്യങ്ങളും അത്‌ ഓരോരുത്തരുടേയും മൌലികതയാണെന്നുള്ള ഒരു തിരിച്ചറിവ്‌ അവരുടെയിടയിലുണ്ട്. അപരന്റെ ലൈംഗികതയെ വില കുറച്ചു കാണുന്ന സമ്പ്രദായവും അവരുടെയിടയിലില്ല.

കിടക്കറയെ 'വ്യത്യസ്തമായ ലൈംഗികതയുടെ ഊഷ്മളശയ്യ' എന്നു പറഞ്ഞ വാത്സ്യായന്‍ ജീവിച്ചിരുന്ന ഭാരതത്തിലെ കുടുംബിനികളിലേറെയും വികാരരഹിതരായിട്ടാണ്‌ തങ്ങളുടെ ഭര്‍ത്താവുമായി ഇണചേരുന്നത് എന്നതു വിരോധാഭാസമാണ്‌. തന്നിലെ നിതാന്ത ജൈവസാന്നിധ്യമായ കാമവികാരത്തെ പ്രകടിപ്പിക്കാനോ, അതിന്റെ ഉത്സവം ആഘോഷിക്കുവാനോ അവള്‍ തയ്യാറായാല്‍ ഒരു അഭിസാരികയെപ്പോലെ കണക്കാക്കുമോ എന്നു ഭയന്നു അവള്‍ തന്നിലെ ലൈംഗികതയെ ഒളിപ്പിച്ചു അഭിനയിച്ചു ജീവിക്കുന്നു. കിന്‍സേയുടെ ഈ വാക്കുകളിലെ ആഴമറിയാന്‍ നമുക്കു യാതൊരു അളവുകോലുമില്ലാ എന്നതാണ്‌ സത്യം. തന്റെ അതൃപ്തി തുറന്നു പറയാന്‍ ആരും തയ്യാറാകുന്നില്ല. രതിമൂര്‍ച്ചയുടെ ഉന്‍മാദമറിയാതെ കേവലം പുരുഷന്റെ വികാരശമനിയായി കിടക്കറയില്‍ ഉരിഞ്ഞും ഉടുത്തും ഇന്നും എത്രയോ പേര്‍?

കിടക്കറയിലെ ഉത്സവം പോയിട്ട്‌, ചെറിയ ഒരു വായ്ക്കുരവയുടെ ആരവം പോലുമില്ലാതെ നിര്‍ജ്ജീവമായ കിടക്കറകളകളാണ്‌ നമ്മുടെ സമൂഹത്തിലുള്ളത്. തന്റെ ഭാര്യയില്‍ നിന്നും പ്രതീക്ഷിക്കുന്ന രതിസുഖം ലഭിക്കാതെ വേശ്യാസ്ത്രീകളേയും ദേവദാസികളേയും പ്രാപിക്കാന്‍ പുരുഷന്‍മാര്‍ നെട്ടോട്ടമോടിയത് പുരാണമായും ചരിത്രമായും നമ്മുടെ മുന്നില്‍ കിടക്കുന്നു.

കപടസദാചാരസമൂഹത്തില്‍ വളരെയേറെ വീര്‍പ്പുമുട്ടുന്ന വേറൊരു വിഭാഗമാണ്‌ ലൈംഗികതയില്‍ ന്യൂനപക്ഷമായി മുദ്രകുത്തിയകറ്റി നിര്‍ത്തിയിരിക്കുന്ന വിമതലൈംഗികത അനുശീലിക്കുന്നവര്‍ അഥവാ സ്വവര്‍ഗ്ഗസ്‌നേഹികള്‍. ഇണയില്‍ നിന്നുള്ള അതൃപ്തിയല്ല, മറിച്ച്‌ സ്വന്തം ലൈംഗികതക്കനുസൃതമായ ഒരു ഇണയെ തിരഞ്ഞെടുക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്തവരാണിവര്‍. മുന്‍പു സൂചിപ്പിച്ച ഇന്റെര്‍നെറ്റ് ചാറ്റു റൂമുകളിലൂടെ ഒരു ഓട്ടപ്രദിക്ഷണം നടത്തിയാല്‍ നമുക്കു അതു മനസ്സിലാകും. കേരളത്തില്‍ എത്രമാത്രം പേര്‍ ഇത്തരം അടക്കിവെച്ച സ്വവര്‍ഗ്ഗരതിശീലവുമായി ജീവിക്കുന്നു എന്ന്. ഇതില്‍ ടീനേജ് കുട്ടികള്‍ മുതല്‍ 50+ ശ്രേണിയില്‍ പെട്ടവര്‍വരെയുണ്ട്.

സ്വന്തം ഐഡന്‍റ്റിറ്റി നഷ്ടപ്പെടാതെ, തന്റെ ലൈംഗികാഭിരുചിക്കനുസരിച്ചുള്ള ഒരാളെ കണ്ടെത്താനുള്ള അവരിലെ വ്യഗ്രത സമൂഹത്തോടുള്ള ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. വിവാഹിതരും മധ്യവയസ്‌കരുമായ ഒരുപാടുപേര്‍ ഇത്തരം അഭിരുചിയുമായി ഇണതേടി (ഇര തേടി)നടക്കുന്ന ദയനീയമായ കാഴ്ച നമുക്കു വിവിധ ചാറ്റ് റൂമുകളുടെ ഇടവഴിയില്‍ കണ്ടെത്താനാകും. അടക്കിവെക്കലിലൂടെ ഒരിക്കലും ജീവിതത്തില്‍ സംതൃപ്തി ലഭിക്കാത്തവരാണിവര്‍.

ഭാര്യയോടൊത്തുറങ്ങുമ്പോഴും ഒരു പുരുഷനെ ഭോഗിക്കാന്‍ മോഹിക്കുന്ന പുരുഷനോ, ഭര്‍ത്താവിനെ പുണര്‍ന്നുറങ്ങുമ്പോഴും മറ്റൊരു സ്‌ത്രീയുടെ കരപരിലാളനം മോഹിക്കുന്ന സ്‌ത്രീക്കോ ഒരിക്കലും തന്റെ ഇണയോടോ, തന്റെ ശരീരത്തോടോ നീതി പുലര്‍ത്താനാകുന്നില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പ്രായമെത്തിയാല്‍ വിവാഹിതരായിക്കൊള്ളണമെന്ന സമൂഹത്തിന്റെ അലിഖിത നിയമം ഏറെ ബാധിക്കുന്നത്‌ സ്വവര്‍ഗ്ഗ രതിശീലമുള്ളവരെയാണ്‌. തന്റെ ഇഷ്ടം തുറന്നു പറയാനാകാതെ, തനിക്കിഷ്ടമില്ലാത്ത ഇണയോടൊത്ത്‌ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതിലൂടെ അശാന്തമായ മനസ്സുകളും ശരീരങ്ങളും സൃഷ്ടിക്കപ്പെടുന്നു.

കപട സദാചാരത്തിന്റെ മൂടാപ്പു മാറ്റി, അന്യന്റെ ലൈംഗികത അവന്റെ മൌലികത ആണെന്നു നമ്മള്‍ക്കു തിരിച്ചറിവുണ്ടാകുന്നിടത്തോളം, അപരന്റെ ലൈംഗികതക്കു നേരെ നോക്കുന്ന ആ മഞ്ഞക്കണ്ണട ഊരി മാറ്റാന്‍ നമ്മള്‍ തയ്യാറാകാത്തിടത്തോളം ഇത്തരം വിഹ്വലതകള്‍ നിലനില്‍ക്കുകതന്നെ ചെയ്യും. അശാന്തമായ ശരീരങ്ങള്‍ അലയുകയും അലറുകയും ചെയ്തുകൊണ്ടേയിരിക്കും.

കുത്തഴിഞ്ഞ ഒരു ലൈംഗികതയുടെ പ്രോക്താവായി ഈ എഴുതുന്ന ആളിനെ വായിക്കരുതെന്നപേക്ഷ.

മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്‌ അവനിലെ വിശപ്പ്‌ എന്ന സഹജവികാരം. മനുഷ്യനില്‍ മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണിത്. ശരീരത്തിലെ തന്നെ മറ്റൊരു വിശപ്പാണ്‌ ഒരാളിലെ ലൈംഗികതയും. തൃപ്തമായ ഭക്ഷണം കഴിച്ചിട്ടില്ലാത്തവന്‍ വല്ലാപ്പോഴും ലഭിക്കുന്ന സുലഭതയില്‍ ആര്‍ത്തിയോടെ കഴിച്ചു ദഹനക്കേടുണ്ടാക്കിയെന്നു വരാം. എന്നു കരുതി ഒരാളുടെ മുന്നില്‍ ആവശ്യത്തിലധികമോ വിവിധതരമോ ആയ ഭക്ഷണസാധനങ്ങള്‍ വെയ്ക്കാന്‍ പാടില്ലാ എന്നു പറയുന്നതില്‍ ഔചിത്യമുണ്ടോ?

"വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും" എന്ന വാസവദത്തയുടെ ഗദ്ഗദം ഒരു ഒരു വേശ്യയുടെ ആര്‍ത്തിയെന്നുവേണേല്‍ കരുതാം. പക്ഷേ അതു പറഞ്ഞ ആശാന്റെ ഉള്‍രോദനമായും നമുക്കതിനെ കണക്കാക്കിക്കൂടേ?

(ഓഫ് ടോപിക്)എന്റെ ഒരു അമേരിക്കന്‍ സുഹൃത്ത് വിവാഹിതനായ എന്റെ മറ്റൊരു ഇന്ത്യന്‍ സുഹൃത്തിനോടു ചോദിച്ച ഒരു തമാശ ഇവിടെ കുറിക്കുന്നു. 'നീ നിന്റെ ഭാര്യയെ കിടക്കറയില്‍ തൃപ്തനാക്കുന്നുണ്ടോ' എന്ന ചോദ്യത്തിനു ആവേശത്തോടെ 'ഉണ്ടെന്നു' പറഞ്ഞ എന്റെ കൂട്ടുകാരനോട്‌ 'അതു നിനക്കെങ്ങനെ പറയാന്‍ കഴിയു'മെന്നായി മറുചോദ്യം. ഒന്നില്‍ കൂടുതല്‍ പുരുഷനുമായി ബന്ധപ്പെടാതെ ആരാണു 'ബെസ്റ്റ്' എന്ന്‌ എങ്ങനെയാണു ഒരു സ്‌ത്രീക്കു പറയാന്‍ കഴിയുക? മറ്റൊരു പുരുഷനില്‍ നിന്നും ഇതിനേക്കാള്‍ കൂടുതല്‍ സംതൃപ്തി ലഭിക്കാമെന്നിരിക്കെ നീ കൊടുക്കുന്നതാണ്‌ 'ബെസ്റ്റ്' എന്നു അവള്‍ക്കെങ്ങനെ പറയാന്‍ കഴിയും?. എന്റെ ഇന്ത്യന്‍ സുഹൃത്തിനെ തമാശക്കായി പരിഹസിക്കാനായിരുന്നു ഈ കമന്റെങ്കിലും തദവസരത്തില്‍ ജെ. ജെ. മേയറുടെ 'സെക്ഷ്വല്‍ ലൈഫ്‌ ഓഫ്‌ ഏന്ഷ്യന്റ്‌ ഇന്ത്യ' എന്ന പുസ്തകത്തെ ഈ കമന്റ്‌ ഓര്‍മ്മപ്പെടുത്തി.

27 comments:

കൃഷ്‌ണ.തൃഷ്‌ണ said...

കിടക്കറയെ 'വ്യത്യസ്തമായ ലൈംഗികതയുടെ ഊഷ്മളശയ്യ' എന്നു പറഞ്ഞ വാത്സ്യായന്‍ ജീവിച്ചിരുന്ന ഭാരതത്തിലെ കുടുംബിനികളിലേറെയും വികാരരഹിതരായിട്ടാണ്‌ തങ്ങളുടെ ഭര്‍ത്താവുമായി ഇണചേരുന്നത് എന്നതു വിരോധാഭാസമാണ്‌. തന്നിലെ നിതാന്ത ജൈവസാന്നിധ്യമായ കാമവികാരത്തെ പ്രകടിപ്പിക്കാനോ, അതിന്റെ ഉത്സവം ആഘോഷിക്കുവാനോ അവള്‍ തയ്യാറായാല്‍ ഒരു അഭിസാരികയെപ്പോലെ കണക്കാക്കുമോ എന്നു ഭയന്നു അവള്‍ തന്നിലെ ലൈംഗികതയെ ഒളിപ്പിച്ചു അഭിനയിച്ചു ജീവിക്കുന്നു. കിന്‍സേയുടെ ഈ വാക്കുകളിലെ ആഴമറിയാന്‍ നമുക്കു യാതൊരു അളവുകോലുമില്ലാ എന്നതാണ്‌ സത്യം.

അനൂപ് തിരുവല്ല said...

താരതമ്യപ്പെടുത്താനവസരം കിട്ടാതെ ഏതാണ് നല്ലതെന്ന് പറയാന്‍ കഴിയും.

നല്ല നിരീക്ഷണം.

smallgod said...

സ്വന്തം ഇണയോടും കുട്ടികളോടും കൂടി ചിരിച്ചും കളിച്ചും അഭിരമിച്ചു കഴിയുമ്പോഴും അസംതൃപ്തമായ ശരീരം ചുമന്നു നടക്കുന്ന സ്‌ത്രീ പുരുഷന്‍മാരെ നമുക്കു ഇന്റര്‍നെറ്റിലെ ചാറ്റു റൂമുകളില്‍ കാണാം. വിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ ഉടയാട ഉരിച്ചെറിയുന്നതും മുഖം മൂടി മാറ്റിവെക്കുന്നതും നമുക്കവിടെ കാണാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ന്യൂനപക്ഷത്തിനിടയില്‍ ഇത്രയേറെയുണ്ടെങ്കില്‍ ശരീരത്തിന്റെ ഇരുട്ടറയില്‍ അപ്രകടിതദാഹവുമായി ഒടുങ്ങുന്നവര്‍ നമ്മുടെ സമൂഹത്തിലെത്രയായിരിക്കുമെന്നു അനുമാനിക്കാവുന്നതേയുള്ളൂ.
...Well said, I came across some of them already!!! Welcome Back!!!!

എതിരന്‍ കതിരവന്‍ said...

സൂര്യനെല്ലി, കിളിരൂര്‍, പൂവരണി......കേസുകളിലെല്ലാം കല്യാണം കഴിച്ചവരാണ് കൂടുതലും ഈ കുട്ടികളെ ഇരയാക്കിയത്. ഇത് പല സത്യങ്ങളും വിളിച്ചു പറയുന്നു.

വേലക്കാരികള് (കല്യാണം കഴിക്കാത്ത)‍ ഗര്‍ഭിണിയാകുന്നത് എന്തുകൊണ്ട്?

അനില്‍@ബ്ലോഗ് said...

എതിരന്‍ ജി,

കല്യാണം കഴിച്ചവര്‍,അതല്ലെങ്കില്‍ ലൈഗികതയുടെ രസമറിഞ്ഞവരാണ് വേലിചാട്ടക്കാരില്‍ കൂടുതലും എന്നാണല്ലോ കണക്കുകള്‍.

എന്താണ് താങ്കള്‍ ഉദ്ദേശിച്ചത്?

പിന്നെ വേലക്കാരികള്‍ക്കു മാത്രമായി ഒരു ഗര്‍ഭമുണ്ടോ?

jayakumar said...

ലേഖനം കൊള്ളാം. കൂടുതലായി ഒന്നും പറയാന്‍ തോന്നുന്നില്ല.

അനോണി മാഷ് said...

സി പി എമ്മില് തന്നെ ആരെയെങ്കിലും പ്രത്യേകിച്ച് പുലഭ്യം പറയണമെങ്കില് അതു വി എസിനെ തന്നെ ആകണം. എന്നാലെ എരിവും പുളിയുമൊക്കെ കൂട്ടാനായി കിരണിനെ പോലുള്ള ആസ്ഥാന രാഷ്ട്രീയ വിശാരദന്മാരൊക്കെ ചാടി വീഴു. മറ്റുള്ളവരെയൊക്കെ പറഞ്ഞാല് ങ്ഹെ ഹെ..കിരണിനു പക്ഷെ സി പി എമ്മില് ഒരാളിനെ മാറ്റം കുറ്റം പറയുന്നതു ഇഷ്ടമല്ല. എന്തെലും പറഞ്ഞു നോക്കു പതിനെട്ടടവും പയറ്റിക്കൊണ്ട് അദ്ദേഹം രണാങ്കണത്തിലിറങ്ങി ആവും വിധം പോരാടും.

സെസിന്റെക്കുറിച്ചു മാത്രമാക്കണ്ട കിരണ് സഖാവെ ചര്ച്ച. നമുക്ക് വാട്ടര് തിം പാര്ക്കിനെക്കുറിച്ചും ചര്ച്ച ചെയ്യാം. ആശുപത്രിയെക്കുറിച്ചും ചര്ച്ച ചെയ്യാം. ഒരു പാടു ചര്ച്ച ചെയ്തു മടുത്ത വിഷയമാണെങ്കിലും ലാവ്ലിനെകുറിച്ചും ഒന്നുടെ ചുമ്മാ ചര്ച്ച ചെയ്യാം. ഇതെ ആവേശത്തോടെ കൂടെ ലിങ്കുകള് തപ്പിയെടുത്ത് കൊണ്ട് വരണം അപ്പോഴും. പക്ഷെ അപ്പോഴെങ്കിലും ആ കണ്ണട അല്പനേരത്തേക്ക് ഒന്നു മാറ്റി വെക്കണം..

ആ പാവപ്പെട്ട വി എസിനെ വിട്ടു കൂടെ ഇനിയെങ്കിലും. മൂന്നു വര്ഷം പോലും നമ്മുടെ സഖാവിനു ക്ഷമിച്ചിരിക്കാന് ആവില്ലെന്നായൊ? ഇനിയല്ലെ യുഗങ്ങള് വരാന് പോകുന്നതു..യേത്...

കൃഷ്‌ണ.തൃഷ്‌ണ said...

അനൂപ്, തിരുവല്ല, കമന്റിനു നന്ദി

സ്‌മാള്‍ഗോഡ് - അഭിപ്രായത്തിനു നന്ദി. I was away with my tight work schedule.

എതിരന്‍ജി- നന്ദിയുണ്ട്. കേരളത്തിലെ വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്‌. പ്രതികളില്‍ കൂടുതല്‍ പേരും വിവാഹിതരും കുടുംബമായി കഴിയുന്നവരുമാണ്‌. ലൈംഗിക അരാജകത്വത്തിന്റെ അടിയാന്‍മാരാണിവര്‍.

അനില്‍..കമന്റിനു ഒരുപാടു നന്ദി. എതിരന്‍ജിയോടുല്ല കൌണ്ടര്‍ ചോദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ലാ എന്നു തോന്നുന്നു.

ജയകുമാര്‍: കമന്റിനു നന്ദി

അനോണിമാഷേ... ഇതു വഴി വന്നതിനു നന്ദി... കമന്റ് വഴിതെറ്റി വന്നതാണെന്നു മനസ്സിലായി. ഇതു ഉദ്ദേശിച്ചിടത്തേക്കു മാറ്റിയിടുമല്ലോ...

വിലാസിനി അമ്മാള്‍ said...

:)

മാളൂ said...

വളരെ വസ്തു നിഷ്ടമായ നിരീക്ഷണം .പറഞ്ഞിരിക്കുന്നതെല്ലാം സത്യവും ആണ്, ഈ ആഴ്ച്ച ഈ പൊസ്റ്റ് വായിയ്ക്കാത്തവരില്ലാ പക്ഷെ കൈഒപ്പ് വയ്ക്കാന്‍ പോലും മടിയ്ക്കുന്നു ബ്ലൊഗേഴ്‌സ്, ശരിയാണ്, കപടസദാചാരം!! തന്നെയാണ്..വളരെ മുന്‍പ് കേരള സമൂഹത്തിലെ ലൈംഗീകതയെ ആസ്പതമാക്കി ഒരു പഠനം നടത്തി അന്ന് വെളിപ്പെട്ട ഒരു വിവരമുണ്ട് മിക്ക ഭര്‍ത്താക്കന്മാരും സ്ത്രീയെ വെറും ഉറക്കഗുളികകളായി ഉപയോഗിക്കുന്നു.. ഇന്ന് വിപണിയില്‍ ഉണ്ട് സിലിക്കൊണ്‍ പാവകള്‍.. അവരത് വിപണിയില്‍ ഇറക്കുന്നതിനു എത്രയോ മുന്നേ നമ്മുടെ നാട്ടില്‍ കിടപ്പറയില്‍ ചലിക്കുന്ന പാവകള്‍ ഉണ്ടായി,രതിമൂര്‍ച്ച എന്തെന്ന് അറിയുക പോലുമില്ലാതെ പെറ്റു കൂട്ടിയവര്‍....
സംസാരിക്കാന്‍ തുടങ്ങുന്നാ ഒരു കുഞ്ഞിനോട് വാവെടെ കണ്ണെവിടെ? മൂക്ക് എന്തിയേ? കൈ കാണിക്ക് ? ചെവിയെന്തിയെ? ഇങ്ങനെ ഓരൊ ഭാഗവും പറഞ്ഞു പഠിപ്പിക്കും എന്നാല്‍ ആരും ലൈംഗീകാവയവത്തിന്റെ പേര്‍ പറയില്ല , കുഞ്ഞ് കൈ കൊണ്ട് ലിഗത്തില്‍ ഒന്നു തൊട്ടാല്‍ ശ്ശേ ഛീഛി കൈ മാറ്റ്.. എന്നാണു പ്രതികരണം അപ്പോള്‍ മറ്റങ്ങള്‍ എവിടെ മുതല്‍ തുടങ്ങണം?
ഏത് നാട്ടില്‍ പോയാലും വിശക്കുന്നു എന്നു പറയാം, മലമൂത്ര വിസര്‍ജനം ചെയ്യണമെങ്കില്‍ അതും പറയാം,പക്ഷെ കാമവികാരങ്ങള്‍ പറയരുത്...

തുടര്‍ച്ചയായി വിട്ട് മാറാത്ത തലവേദന എന്ന് പറയുന്ന് അനേകം ഭാര്യമാരുണ്ട്..എത്ര വേദന സംഹാരി വിഴുങ്ങിയാലും ശമിക്കില്ലാ.
ഒരു മരുന്ന് പറയാം സ്വയംഭോഗം . ഒന്നു പരീക്ഷിച്ചു നോക്കു നല്ല ഒരു ഒര്‍ഗാസം മരുന്നാ,
ശരീരത്തില്‍ കെട്ടി നില്ക്കുന്ന ആ ഹോര്‍മോണ്‍ ലെവല്‍ ആണത്രേ തലവേദന ...ഭാര്യേ ഉറക്ക ഗുളികയാക്കുന്ന ഭര്‍‌ത്താക്കന്മാരെ നിങ്ങളുടെ ഭാര്യ തലവേദന പുറം വേദന എന്നിങ്ങനെ അസുഖം പറയാറുണ്ടോ? എന്നാല്‍ ഭര്‍‌ത്താവുദ്യോഗസ്ഥന്‍ എന്നാ നിലയില്‍ നിങ്ങള്‍ ഒരു പരാജയമാണേ ...
ഹി ഹി ഞാന്‍ പോട്ടെ

പാര്‍ത്ഥന്‍ said...

"ബഹുഭൂരിപക്ഷവും തന്റെ ഇണയില്‍ സായൂജ്യമടയുന്നു. അഥവാ സായൂജ്യമടയുന്നതായി ഭാവിക്കുന്നു. തനിക്കു ലഭിക്കാമായിരുന്ന എറ്റവും നല്ല രതിസുഖം തന്റെ ഇണയില്‍ നിന്നു തനിക്കു ലഭിക്കുന്നു എന്നവര്‍ തന്നോടു തന്നെ പറഞ്ഞു ആത്മസംതൃപ്തരാകുന്നു. തട്ടിച്ചു നോക്കാനോ, താരതമ്യം ചെയ്യാനോ മറ്റൊരാളില്‍ നിന്നും ഒരു അനുഭവമില്ലാതിരിക്കെ, തനിക്കു ലഭിച്ചതാണു ഉത്തമമെന്നു കരുതാന്‍ സമൂഹം അവരെ നിര്‍ബന്ധിക്കുന്നു"

ലൈംഗിക ദാരിദ്ര്യമാണ് നമ്മുടെ ശാപം.

കൃഷ്‌ണ.തൃഷ്‌ണ said...

മാളു,
ശക്തമായ രീതിയില്‍ പ്രതികരിച്ചതിനു നന്ദി.
വളരെ പരിഷ്‌കൃതരെന്നു ജാഡ കാണിക്കുന്ന നമ്മള്‍ മലയാളികളില്‍ എത്ര പേര്‍ തന്റെ ഇണയുടെ ഇംഗിതം മനസ്സിലാക്കി ലൈംഗികത അനുശീലിക്കുന്നുണ്ടെന്നതു വളരെയേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നു ഞാന്‍ കരുതുന്നു. ഭാര്യയെ അടുക്കളയില്‍ ചിരവി തീരുന്ന മാംസപിണ്ഡമായും (പ്രയോഗം എസ്. ശാരദക്കുട്ടിയുടേത്) മാളു പറഞ്ഞ ഉറക്കഗുളികയായി കരുതുന്നവരും ഇന്നും കേരളത്തില്‍ എണ്ണത്തില്‍ കുറവല്ല.

ഇങ്ങനെ കേവലം മാംസപിണ്ഡമായി ജീവിക്കുന്നവര്‍ എന്നും ഇത്തരം തലവേദന ഉള്ളവര്‍ തന്നെയായിരിക്കും. ആരോഗ്യമുള്ള ഓരോ ശരീരത്തിലും രതിയുടെ ഉത്സവമുണ്ടെന്നും സ്ത്രീ ശരീരത്തില്‍ പുരുഷശരീരത്തേക്കാള്‍ അതു ശബളാഭമാനമാണെന്നതും വാത്സ്യായനന്‍ പറഞ്ഞത് ശാസ്ത്രം. പുരുഷന്‍ തന്റെ വികാരശമനം മാത്രം ലാക്കാകി സ്‌ത്രീയെ ഉപയോഗിച്ചു വന്നത്‌ ചരിത്രം. നമ്മള്‍ ശാസ്ത്രത്തെ അല്ല, ചരിത്രത്തെ പിന്‍ തുടരുന്നവരാണല്ലോ.

Anonymous said...

മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥമറിയാത്ത ,എന്താണു ജീവനെന്നും എന്തിനാണു ജീവിതമെന്നും അറിയാത്ത വികാര ജീവികള്‍ അവരുണ്ടാക്കിയ ആധുനിക രോഗങ്ങള്‍. എന്നിട്ടും അടങ്ങിയില്ലേ. പൂച്ചകളെപൊലെ , കോഴികളെപോലെ കാണുന്നതിനു മേലെയൊക്കെ ഇഷ്ട്ം പോലെ കയറിയിറങ്ങി ,പിന്നെ തോന്നുമ്പോഴൊക്കെ സ്വയം ഭോഗം ചെയ്ത്‌ .. അതാണു ജീവിതം മാലോകരെ. നിങ്ങള്‍ എവിടെയാണുഹേ.. ഈ പുതിയ രജനീഷിനെ കാണുന്നില്ലേ

അല്ലാ. ഈ ആണും പെണ്ണും എന്ന ഒരൊറ്റ വര്‍ഗത്തിനു പിന്നെ അമ്മ ,പെങ്ങള്‍ , എന്നൊക്കെയുള്ള വിവേചനം ആവശ്യമുണ്ടോ ?
അച്ചനില്ലാത്തപ്പോള്‍ ,അമ്മക്ക്‌ തലവേദന വരുമ്പോള്‍ മകനെ വിളിച്ച്‌ മാറ്റാമല്ലോ
ആ വഴിക്കും താങ്കളുടെ ഉദാത്തമായ എഴുത്ത്‌ ശ്രദ്ധ തിരിക്കണം

Anonymous said...

അനുശോചനങ്ങള്‍

കൃഷ്‌ണ.തൃഷ്‌ണ said...

മി. എ. കെ.
എഴുതുന്ന ആളിന്റെ ഉദ്ദേശശുദ്ധിക്കപ്പുറം അര്‍ഥം കണ്ടെത്തുന്നതു നല്ലതു തന്നെ, പക്ഷേ അതു വികലമാകുമ്പോള്‍ വളരെ മോശമാണ്.

ഒരു വ്യക്തിയുടെ ലൈംഗികതെയെക്കുറിച്ചാണിവിടെ പറഞ്ഞത്..അതിനെ മാതാപിതാക്കളോടുള്ള വിശുദ്ധബന്ധത്തിലേക്കു വലിച്ചു നീട്ടുന്നത്‌ തികച്ചും വികലമായ വീക്ഷണം തന്നെ എന്നു പറയേണ്ടി വരുന്നു. കപട സദാചാരവും കുത്തഴിഞ്ഞ ലൈംഗികതയും രണ്ടാണ്‌. ഇണയുമായുള്ള വ്യവഹാരത്തെക്കുറിച്ചു പരാമര്‍ശിച്ചിടത്തു മാതാപിതാക്കളെ സന്നിവേശിപ്പിച്ചത്‌ തികച്ചും അനുചിതമായി.

താങ്കളുടെ ബ്ലോഗിലെ മത സ്പര്‍ദ്ധയും പരാമര്‍ശങ്ങളും വായിച്ച ശേഷം ഇത്രയുമെഴുതുന്നു.
പ്രാകൃത മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വന്തം വിവേചനത്തിനു വഴിപ്പെടാത്തതും മനസ്സിലാക്കന്‍ കഴിയാത്തതുമായ ഒന്നായിരുന്നു കാമവികാരം. ഇതിനെ ചൂഷണം ചെയ്തതാകട്ടെ പുരോഹിതവൃന്ദങ്ങളും. പുരോഹിതര്‍ക്ക്‌ തങ്ങളുടെ ചൂഷണം ശക്തിയായി തുടരണമെങ്കില്‍ മനുഷ്യനില്‍ ഭക്തി ജനിപ്പിക്കണമെന്നു അവര്‍ തീരുമാനിച്ചു.

മനുഷ്യനില്‍ ഭക്തിയുടെ അളവു കൂട്ടുകയും അതിനെ ശക്തിയുള്ള ഒരു പ്രവാഹമായി മാറ്റുകയും ചെയ്യേണ്ടതു അവരുടെ ആവശ്യമായി വന്നു. അതിനു അവര്‍ കണ്ടെത്തിയ ഏക മാര്‍ഗ്ഗമാണ്‌ മനുഷ്യനിഉലെ സഹജവികാരമായ കാമത്തെ അടിച്ചമര്‍ത്തുക. മത നിഷ്ഠ വര്‍ദ്ധിപ്പിക്കുനതിനു മനുഷ്യനിലെ കാമഭ്രാന്ത് വര്‍ദ്ധിപ്പിക്കേണ്ടതു അത്യാവശ്യമായി. അങ്ങനെ പുരോഹിതന്‍മാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു കാമത്തെ അമര്‍ത്തിയാല്‍ മാത്രമേ കാമഭ്രാന്ത്‌ വര്‍ദ്ധിക്കുകയുള്ളൂ എന്ന്, അങ്ങനെ ഭക്തിയും. ഈതേ സമയം തങ്ങളുടെ കാമസംപൂര്ത്തിക്കായി അവര്‍ ഇടമൊരുക്കുകയും ചെയ്തിരുന്നു.

ഇത്തരം കാമവികാരങ്ങളുടെ അടിച്ചമര്‍ത്തലാണ്‌ ഇന്നത്തെ മതഭ്രാന്ത്.

യരലവ said...

:)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...
This comment has been removed by the author.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

ഇത്തരം കാമവികാരങ്ങളുടെ അടിച്ചമര്ത്തലാണ് ഇന്നത്തെ മതഭ്രാന്ത്.

ഇത്തരം കാമവികാരങ്ങളുടെ അടിച്ചമര്ത്തലാണ് ഇന്നത്തെ സംഘര്‍ഷങ്ങളുടെ മുഖ്യ ഹേതു എന്നെനിക്ക് തോന്നിയിട്ടുണ്ട് . എന്നാല്‍ മതഭ്രാന്തിനെ ഈ അസംതൃപ്തിയുമായി കൂട്ടിയിണക്കുന്നത് അല്പം കടന്ന കൈ അല്ലേ എന്ന് സംശയം ...

കനല്‍ said...

ഒരു ലൈഗീക പങ്കാളി,ലൈഗികശുചിത്വം എന്നൊക്കെ സംഹിതകള്‍ പറഞ്ഞത്
ആധുനികശാസ്ത്രം ബോര്‍ഡുകളായി അച്ചടിച്ച് തൂക്കുന്നത് കണ്ടു “എയിഡ്സിനെ അകറ്റി നിര്‍ത്തൂ എന്ന തലക്കെട്ടില്‍”.

പാശ്ചാത്യരും ഈ ബോര്‍ഡിപ്പോള്‍ തൂക്കാന്‍ തുടങ്ങുന്നു. അച്ചനേതാന്ന് അറിയാത്ത സന്താനത്തിന്റെ നോവ് സദാചാര ഇന്ത്യയില്‍ പിറന്ന നമ്മളെ പോലെ ഈ എഴുത്തുകാരനും അറിഞ്ഞിട്ടുണ്ടാവില്ല.

കൃഷ്‌ണ.തൃഷ്‌ണ said...

കനല്‍‌,

ഒരേ സമയം‌ ഒന്നില്‍‌കൂടുതല്‍‌ ഇണകളുമായി ജീവിക്കണമെന്നും‌ അടക്കമില്ലാത്ത ലൈം‌ഗികത അനുശീലിക്കണമെന്നും‌ വിവക്ഷിക്കുകയല്ല ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നു വ്യകതമാക്കട്ടെ.

തന്റെ ശരീരത്തിന്റെ ആ‍വശ്യമറിയുന്ന ഇണയോടൊത്തു ജീവിക്കാനും‌, തന്റെ ശരീരത്തിന്റെ വിശപ്പ് അവഗണിക്കുന്ന ഇണയെ ത്യജിക്കാനുമുള്ള ഒരു സ്വാതന്ത്ര്യം‌ ആണിനും‌ പെണ്ണിനും‌ ലൈം‌ഗികതയില്‍‌ വേണമെന്നു മാത്രമാണ് വിവക്ഷ.

കനല്‍ said...

പ്രിയ ക്യഷ്ണ.

തന്റെ ശരീരത്തിന്റെ ആവശ്യമറിയുന്ന ഇണയെ തേടി കണ്ടെത്തുക സാധ്യമാകുമെന്ന് തോന്നുന്നുണ്ടോ ?

ഏറ്റവും ഇഷ്ടഭോജ്യമേതെന്ന് ഒരുവനോട് ചോദിച്ചിട്ട് നാലു ദിവസം അത് തന്നെ അവന് കൊടുത്ത് നോക്ക്.

മനുഷ്യന്‍ എല്ലാ വികാരത്തിന്റെ കാര്യത്തിലും ഏതാണ്ടിതുപോലെ തന്നെയാണ്. അത് വഴിവിടാതിരിക്കാനാണ് സദാചാര ബോധമെന്നത് അവന് മതങ്ങള്‍ നല്‍കിയിരിക്കുന്നത്. വികാരങ്ങളെ അടിച്ചമര്‍ത്തി ജീവിക്കാന്‍ കാമക്രോധങ്ങളെ നിയന്ത്രിക്കാന്‍ മതങ്ങള്‍ പഠിപ്പിക്കുന്നു. അതിനെയല്ലേ താങ്കളീ പോസ്റ്റില്‍ വിമര്‍ശിക്കുന്നത്.

ഈ സദാചാര ബോധം നിലനില്‍ക്കുന്നതുകൊണ്ടാണ് താന്‍ താനായതും ഞാന്‍ ഞാനായതും. കുറച്ചു നാള്‍ ഇണചേര്‍ന്നതിനു ശേഷം സംത്യപ്തിക്കുവേണ്ടി മറ്റൊരാളെ തേടുന്നത് പാശ്ചാത്യ സംസ്കാരമാണ്, അത് വികാരസ്വാതന്ത്ര്യമാണെന്ന വാദം താങ്കളുടെ ഈ പോസ്റ്റില്‍ ഞാന്‍ വായിച്ചെന്നു തോന്നി.
പുനര്‍വിവാഹത്തെ മിക്കവാറും എല്ലാ മതങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷെ അത് രഹസ്യമായി ആവരുതെന്ന് മാത്രം. മരിച്ചുപോയ ഭര്‍ത്താവിന്റെ (ഭാര്യ്)ഓര്‍മ്മ കാത്തു സൂക്ഷിക്കാന്‍ ഞാന്‍ മറ്റൊരാളെ സ്വീകരിക്കുന്നില്ലെന്ന് പറയുന്നവരോട് പറയൂ വികാരങ്ങളെ കെട്ടിമുറുക്കി വയ്ക്കരുതെന്ന്.

നാസ്തികന്മാര്‍ പോലും വിമര്‍ശിക്കാന്‍ തയ്യാറാവത്തത് മതങ്ങള്‍ ഉപദേശിക്കുന്ന ശുചിത്വവും സദാചാരമാര്‍ഗ്ഗങ്ങളുമാണ്. കാരണം അത് ഇത്രയും കാലം നിലനിന്നതുകൊണ്ടാണ് അവര്‍ പോലും “തന്തയ്ക്കു പിറന്നവര്‍” ആയത്. മതങ്ങള്‍ തന്നെയാണ് മനുഷ്യന് ഈ സന്മാര്‍ഗ്ഗങ്ങള്‍ ഉപദേശിച്ചത്. അല്ലാതെ അതും യാദ്യശ്ചികമായി പൊട്ടിതിരിഞ്ഞു വന്നതല്ല

കാപ്പിലാന്‍ said...

പറയണമെങ്കില്‍ ഒരു പാട് പറയാന്‍ ഉണ്ട് .ഞാന്‍ പറയാം .ഇപ്പോഴല്ല പിന്നീട് .

smallgod said...

പ്രതാപ് ജോസഫ്‌ എന്ന ഒരു ബ്ലോഗറുടെ കവിതയിലെ ചില വരികള്‍ ശ്രദ്ധിക്കുക. ഈ എഴുതിയതിനെ ഈ വരികള്‍‌ വരച്ചുകാട്ടൂന്നു.

നിന്നെ ഞാന്‍ കണ്ടെത്തും വരെ

ഞാന്‍ വൈകുന്നേരങ്ങളില്‍

സുഹൃത്തുക്കളോടൊത്ത് നടക്കാന്‍ പോയി

അമ്പലത്തിന്റെ മുന്നിലിരുന്ന്

പെണ്‍കുട്ടികളുടെ മുന്നും പിന്നും ദര്‍ശിച്ചു

മുത്തോ മുത്തുച്ചിപ്പിയോ വാങ്ങി മടങ്ങി

ഇപ്പോള്‍ ഞാന്‍ നിന്നെ പ്രേമിക്കുന്നു

പട്ടിയെപ്പോലെ ചുരുണ്ടുകൂടി എന്റെ ജീവിതം കിടക്കുന്നു

നിന്നില്‍ സംത്രുപ്തനായിക്കൊണ്ട്
---------------------

ചാര്‍വാകന്‍ said...

നല്ലൊരു പൊസ്റ്റ് എ/കെ വയിച്ചത് ഇങ്ങനെ.
ഒറക്കം വരുന്നു.അതാനല്ലത്.

deepdowne said...

സമയം കിട്ടുന്നതനുസരിച്ച് ഈ ബ്ലോഗിലെ ആദ്യം മുതലുള്ള ഓരോരോ പോസ്റ്റുകളായി വായിച്ചുവരുന്നു. ഇപ്പോള്‍ ഇവിടെയെത്തി. ഇതുവരെ വായിച്ചതില്‍‌വെച്ച് ഏറ്റവും solid ആയതും പക്വമായതും എനിക്കേറ്റവും ഇഷ്ടപ്പെട്ടതുമായ പോസ്റ്റാണിത്. നന്ദി!

deepdowne said...
This comment has been removed by the author.
വാത്സ്യായനന്‍ said...

"കപട സദാചാരത്തിന്റെ മൂടാപ്പു മാറ്റി, അന്യന്റെ ലൈംഗികത അവന്റെ മൌലികത ആണെന്നു നമ്മള്‍ക്കു തിരിച്ചറിവുണ്ടാകുന്നിടത്തോളം, അപരന്റെ ലൈംഗികതക്കു നേരെ നോക്കുന്ന ആ മഞ്ഞക്കണ്ണട ഊരി മാറ്റാന്‍ നമ്മള്‍ തയ്യാറാകാത്തിടത്തോളം ഇത്തരം വിഹ്വലതകള്‍ നിലനില്‍ക്കുകതന്നെ ചെയ്യും. അശാന്തമായ ശരീരങ്ങള്‍ അലയുകയും അലറുകയും ചെയ്തുകൊണ്ടേയിരിക്കും."

Couldn't agree with you more. I was going to write a post about the subject myself, but now I think I'll just post the link instead...