Friday, October 10, 2008

അടിച്ചേല്‍പ്പിക്കുന്ന ബ്രഹ്മചര്യം

ഒരു പുരുഷനോ സ്ത്രീക്കോ ബ്രഹ്മചാരിയാകുവാന്‍ എത്ര കണ്ടു കഴിയും? എന്താണു യഥാര്‍ത്ഥത്തില്‍ ബ്രഹ്മചര്യം? ബ്രഹ്മചര്യമെന്നത്‌ മത-പുരോഹിത വര്‍ഗ്ഗം മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിച്ച മറ്റൊരു സിദ്ധാന്തം മാത്രമാണ്‌.

വ്യക്തികളുടെ ലൈംഗികത ഉണര്‍ത്താന്‍ ഉപോദ്‌ബലകമാകുന്ന സങ്കല്‍പ്പങ്ങള്‍ക്കും, കല്‌പ്പനകള്‍ക്കും മനോനിലക്കും അനുസരിച്ച്‌ അവരില്‍ വ്യത്യസ്തവും വൈവിദ്ധ്യമാര്‍ന്നതുമായ ലൈംഗികതയായിരിക്കും ഉണ്ടായിരിക്കുക എന്ന്‌ ഫ്രോയ്‌ഡ്‌ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം ലൈംഗികതയെ, പ്രധാനമായും, എതിര്‍ലിംഗത്തോടു താത്പര്യമുള്ളവര്‍ (heterosexual), സ്വവര്‍ഗ്ഗത്തോടു താത്പര്യമുള്ളവര്‍ (homosexual), എതിര്‍ലിംഗത്തോടും, സ്വവര്‍ഗ്ഗത്തോടും ലൈംഗികതാത്‌പര്യമുള്ളവര്‍ (bisexual) എന്നീ മൂന്നു വിഭാഗങ്ങളായിട്ടാണു തിരിച്ചിട്ടുള്ളതെങ്കിലും ഇതിനു ഒരുപാടു അനുബന്ധങ്ങള്‍ കൂടിയുണ്ട്. (ഈ അനുബന്ധങ്ങളെക്കുറിച്ചു വിശദമായ ഒരു പോസ്റ്റ് ആവശ്യമായതിനാല്‍ അതിവിടെ ചേര്‍ക്കുന്നില്ല) ഇത്രയുമെഴുതിയത്‌ ഇതുപോലെ തന്നെ മനുഷ്യരുടെയിടയില്‍ നിലനില്‍ക്കുന്ന മറ്റൊരു തരം ലൈംഗികത കൂടിയുണ്ട് എന്നു പറയാനായിട്ടാണ്‌. ആ ലൈംഗികതയാണ്‌ കാമരാഹിത്യം അഥവാ asexuality.

ലൈംഗികപരമായി ഒരു വര്‍ഗ്ഗത്തോടും താത്‌പര്യം തോന്നാത്ത മനോഭാവമാണ്‌ കാമരാഹിത്യമെന്ന ലൈംഗികത. കാമരാഹിത്യത്തേയും ബ്രഹ്മചര്യത്തേയും ഒരേ ദൃഷ്ടികോണിലൂടെ കാണാന്‍ കഴിയില്ല. ഒന്നു ജൈവഘടനയുടെ നിര്‍ബന്ധം കൊണ്ടും മറ്റൊന്നു സാമൂഹികഘടനയുടെ നിര്‍ബന്ധം കൊണ്ടും അനുശീലിക്കുന്നവയാണ്‌. ലൈംഗികതയുടെ അതിപ്രസരമുള്ള ഹൈന്ദവ പുരാണങ്ങളിലും, ഗ്രീക്ക്‌ പുരാണങ്ങളിലും ഇത്തരം അസെക്ഷ്വലായ ദൈവങ്ങളെ നമുക്കു പരിചയമുണ്ട്. ഗ്രീക്ക്‌ ദേവതയായ ഹേസ്റ്റിയ, റോമിലെ വെസ്റ്റ, ഭാരതത്തിലെ ഹനുമാന്‍, ഭീഷ്മര്‍, ധര്‍മ്മശാസ്താവ്‌, തുടങ്ങിയവര്‍ കാമരാഹിത്യമുള്ളവരായിരുന്നു. പിന്നെ മതപണ്ഡിതന്‍മാരായ ശങ്കരാചാര്യര്‍ (ഇദ്ദേഹം പരകായപ്രവേശനസിദ്ധിയിലൂടെ ലൈംഗികത അറിഞ്ഞിട്ടുണ്ടെന്നുള്ള കഥ വിസ്‌മരിക്കുന്നില്ല, അങ്ങനെ ഒരു സിദ്ധി ഉണ്ടെന്നു എഴുതുന്ന ആള്‍ വിശ്വസിക്കുന്നുമില്ല), വിവേകാനന്ദന്‍ തുടങ്ങിയ അസെക്‌ഷ്വലായിട്ടുള്ളവരെ നമുക്കു പരിചിതങ്ങളാണ്‌.

ഭാരതത്തില്‍ ദൈവപ്രീതിക്കായി പ്രാര്‍ത്ഥിച്ചിരുന്നവര്‍ മനസ്സിനു ഏകാഗ്രത കിട്ടാനായി ലൈംഗികകേളികളില്‍ നിന്നും അകന്നു നിന്നു തപസ്സു ചെയ്തതിനെക്കുറിച്ചും, കാലങ്ങളോളം ബ്രഹ്മചാരിയായി ജീവിച്ചതിനെക്കുറിച്ചും ഒക്കെ നിരവധി കഥകളുണ്ടെങ്കിലും ലൈംഗികതയെ വ്യക്തിജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റി നിര്‍ത്തേണ്ടവയാണെന്നോ, ദൈവാരാധനക്കു ഇടനിലക്കാരായ പുരോഹിതന്‍മാരും പൂജാരിമാരും ലൈംഗികത അനുശീലിക്കരുതെന്ന കഠിനമായ നിഷ്‌കര്‍ഷയോ ഉണ്ടായിരുന്നില്ല. മറിച്ച്‌ ദേവന്‍മാരുടേയും ദേവിമാരുടേയും രതിയുത്സവങ്ങളുടേയും രാസലീലകളുടേയും കഥകള്‍ ആരാധനാലയങ്ങളില്‍ പോലും പാടുകയും ആടുകയും ചെയ്തുപോന്നു.

മരുഭൂമിയിലെ പ്രവാചകനായ മുഹമ്മദു നബിക്ക്‌ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നു. മുസ്ലീം മതപുരോഹിതര്‍ക്ക്‌ ലൈംഗികത നിഷേധിച്ചിരുന്നുമില്ല. എന്നാല്‍ യഹൂദവംശത്തില്‍ തികച്ചും കാമരാഹിത്യത്തോടെ ജനിച്ച യേശു എന്ന ഒരു അത്മീയനേതാവിന്റെ അനുയായികളായി വന്ന പുരോഹിതവൃന്ദമാണ്‌ ബ്രഹ്മചര്യം എന്നത്‌ ദൈവാരാധനക്കുള്ള അവശ്യങ്ങളിലൊന്നായി മാറ്റിയത്‌. യേശു വിവാഹം കഴിക്കുകയോ, ലൈംഗികമായി ബന്ധപ്പെടുകയോ ചെയ്തിട്ടിലെങ്കിലും വിവാഹവും ലൈംഗികതയും ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ആരേയും ഉപദേശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അധികവും വിവാഹിതരായിരുന്നു താനും.

ക്രിസ്ത്യന്‍ സഹോദരര്‍ ഒരു മറുവായനയിലൂടെ ഇതിനു മറ്റൊരു അര്‍‌ത്ഥം‌ കണ്ടെത്തരുതെന്ന അപേക്ഷയോടെ ഞാന്‍‌ തുടരട്ടെ.

റോമിലെ അധികാരത്തിന്റെ മുന്നില്‍, മദപ്രമത്തതയുടേയും ധാരാളിത്തത്തിന്റേയും നടുവില്‍, അന്നേവരെ അവര്‍ക്കു അപരിചിതമായിരുന്ന കിഴക്കന്‍ ആത്മീയതയുടെ ഉപദേശവുമായി കടന്നുവന്ന യേശുവിനെ അന്നാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. നിലവിട്ട ലൈംഗികശീലം പുലര്‍ത്തിപ്പോന്ന ഒരു സമൂഹനടുവിലേക്കാണ്‌ സദാചാരത്തിന്റേയും സാന്‍മാര്‍ഗ്ഗികതയുടേയും ആത്മീയപരിവേഷവുമായി യേശു ഒരു പ്രവാചകരൂപത്തില്‍ കടന്നുവന്നത്. പിതാവിനെ മദ്യം കൊടുത്തു മയക്കി ബലാത്സംഗം ചെയ്യുന്ന കന്യകമാരും(ലോത്തിന്റെ കഥ) സ്വവര്‍ഗ്ഗഭോഗികളും (സോദോം നഗരത്തിന്റെ കഥ) മൃഗഭോഗികളും, സ്വന്തം സഹോദരരെ ഭോഗിക്കുന്നവരുമൊക്കെയുണ്ടായിരുന്ന കുത്തഴിഞ്ഞ ലൈംഗികാരാജകത്വത്തിന്റെ നടുവില്‍ യേശുവിന്റെ ആത്മീയതക്കു വലിയ സ്‌ഥാനമൊന്നുമുണ്ടായിരുന്നില്ല. ഇത്തരം ഉന്മാദപ്രമത്തതയെ എതിര്‍ക്കാന്‍ തന്നിലെ കാമരാഹിത്യം തെല്ലൊന്നുമല്ല യേശുവിനെ സഹായിച്ചത്. കുത്തഴിഞ്ഞ ലൈംഗികതയേയും കൊടുംക്രൂരതയും സാമൂഹികക്രമമായി അനുശീലിച്ച ഒരു സമൂഹത്തെ (സലോമിയുടെ കഥ സ്‌മരിക്കുക)ആത്മീയതയിലേക്കു നടത്താന്‍ യേശുവിനു തന്റെ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ പലരും മരണഭയത്താല്‍ താന്താങ്ങളുടെ പഴയ തൊഴിലിലേക്കു തിരിച്ചുപോവുകയും ചെയ്തു.

യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ പിറ്റേദിവസം മുതല്‍ രൂപം കൊണ്ടതല്ല ക്രിസ്തുമതം. യേശു ഒരു മതത്തിനും രൂപം കൊടുത്തിരുന്നുമില്ല. അരാജകത്വത്തില്‍ കിടന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കാന്‍ വന്ന ഹൃദയശുദ്ധിയുള്ള, മോഹതൃഷ്ണകളില്ലാത്ത, ലൈംഗികതയില്ലാത്ത, ഒരു കേവല മനുഷ്യനായിരുന്നു അദ്ദേഹം.

യേശു ക്രൂശിതനായി കാലങ്ങള്‍ കഴിഞ്ഞാണ്‌ ഗ്രീക്ക് ആത്മീയതയില്‍ പ്രാവീണ്യം നേടിയ തര്‍ശ്ശീസുകാരനായ ശൌല്‍ എന്ന മറ്റൊരു അസെക്‌ഷ്വലായ വ്യക്തി യേശുവിന്റെ ആത്മീയസിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായതും അതിന്റെ പൊരുള്‍ ലോകമെങ്ങും വ്യാപിപ്പിക്കണമെന്നുറച്ചതും. അതിനായി അയാള്‍ യേശുവിന്റെ അനുയായികളായിരുന്നവരെ തേടിപ്പിടിക്കുകയും അവരിലൂടെ യേശുവിനെക്കുറിച്ചു കൂടുതല്‍ അറിയുകയും ഒരു തത്വസംഹിത ചമച്ചുണ്ടാക്കുകയും ചെയ്തു. പിന്നീട് അത്‌ കൃസ്തീയ മതമായും വിശ്വാസപ്രമാണമായും വളര്‍ന്നു. തര്‍ശ്സീസില്‍ ശൌല്‍ എന്നും, റോമന്‍ ഭാഷയില്‍ പോളെന്നുമറിയപ്പെടുന്ന ഈ പോളാണ്‌ സെയിന്റെ പോള്‍ (കേരളീയര്‍ക്ക്‌ പൌലോസ്‌)

ഈ പൌലോസ് കെട്ടിച്ചമച്ച ന്യായപ്രമാണങ്ങളിലൂടെയാണ്‌ ആദികാല ക്രൈസ്തവസഭ നിലവില്‍ വന്നത്. തികച്ചും അസെക്‌ഷ്വലായിരുന്ന പൌലോസ് നിര്‍മ്മിച്ച ന്യായപ്രമാണങ്ങളില്‍ മറ്റുള്ളവര്‍ തന്നെപ്പോലെ ആയിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നതു സ്വാഭാവികം. സകല മനുഷ്യരും എന്നെപ്പോലെ അവിവാഹിതരായി ജീവിക്കണമെന്നും മറ്റും യേശു പറഞ്ഞിട്ടുള്ളതായി എഴിതിച്ചേര്‍ത്ത്‌ ന്യായപ്രമാണങ്ങള്‍ ചമക്കുകയും മനുഷ്യനിലെ കാമവികാരത്തെ നിയന്ത്രിക്കുകയും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്ത്‌ ഏവരേയും തന്നെപ്പോലെ തികഞ്ഞ അസെക്‌ഷ്വലാക്കാന്‍ പൌലോസ്‌ പ്രമാണങ്ങള്‍ ചമച്ചു. അതു വഴി അവരില്‍ ഭക്തി വളര്‍ത്താന്‍ കഴിയുമെന്നും പ്രത്യാശിച്ചു.

പുരോഹിതന്‍മാര്‍ ഏവരും തന്നെപ്പോലെ കാമരാഹിത്യമുള്ളവരായിരിക്കണമെന്ന വാശിയോടെ പൌലോസ്‌ 'പുതിയനിയമങ്ങള്‍' തീര്‍ത്തു. സ്ത്രീസംസര്‍ഗ്ഗത്തില്‍ പെട്ടു മലിനമാകാത്തവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തിലെ സംഗീതം കേള്‍ക്കുവാന്‍ കഴിയൂ എന്നും മറ്റും തിരുവചനമായി എഴുതിച്ചേര്‍ത്ത്‌ അടിച്ചമര്‍ത്തിയ കാമത്തിലൂടെ പുരോഹിതരെ തീവ്രഭക്തിയിലേക്കു നയിക്കാനാകുമെന്നും പൌലോസ് പ്രത്യാശിച്ചു. സ്‌ത്രീയും‌ പുരുഷനും‌ തമ്മിലുള്ള ബന്ധം‌ പാപമാണെന്നും‌, സ്ത്രീപുരുഷശരീരങ്ങളുടെ സംഗമം പാപമാണെന്നും, ഈ പാപം ദൈവത്തിനു അപ്രീതിയുണ്ടാക്കുന്നതാണെന്നും, ഈ പാപത്തില്‍‌ നിന്നും‌ ജനതതിയെ രക്ഷിക്കാനായി അവതരിച്ചവനാണ് യേശു എന്നും‌ പറഞ്ഞ്‌ യേശുവിനെ പാ‍പരക്ഷകന്റെ പരിവേഷം‌ ചാര്‍‌ത്തി പൌലോസ്‌ ചട്ടങ്ങള്‍‌ തീര്‍‌ത്തു.

പൌലോസ്‌ ഉദ്ദേശിച്ചതുപോലെ കൃസ്ത്യന്‍ പുരോഹിതന്‍മാരേയും സന്യാസിനികളേയും തികച്ചും അസെക്‌ഷ്വല്‍ ആക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? പുരോഹിതരുടെയിടയിലേയും കന്യാസ്ത്രീമഠങ്ങളിലേയും അടക്കിവെക്കപ്പെട്ട ലൈംഗികതയുടെ കഥകള്‍ ചരിത്രത്താളുകളിലുറങ്ങുന്നു. അതിലേക്കു കൂടുതല്‍ കടക്കുന്നത്‌ ഈ ലേഖനത്തിന്റെ സാംഗത്യമല്ലാ എന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല.

ജീവിതത്തിലൊരിക്കലും കാമം എന്ന വികാരത്തോട്‌ പ്രതികരിക്കാത്ത ശരീരം വഹിക്കുന്ന ലൈംഗികതയാണ്‌ അസെക്‌ഷ്വാലിറ്റി അഥവാ കാമരാഹിത്യം. ഇത് മറ്റൊരു തരം ലൈംഗികതയാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അളവിന്റെ മാനദണ്ഡം കണക്കാക്കിയാല്‍ ഒരു മദാലസയുടെ അംഗവിക്ഷേപത്തില്‍ ഉരുകിയൊലിച്ചുപോയ വിശ്വാമിത്രന്റെയും ഒരു മുനികന്യകയുടെ ചുംബനത്താല്‍ തകര്‍ന്നുപോയ ഋഷ്യശൃംഗന്റേയും ബ്രഹ്മചര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ്‌ ഒരു വേശ്യയുടെ സൌഹൃദമുണ്ടായിട്ടു പോലും (മഗ്‌ദലനമറിയത്തിന്റെ കഥ) ലൈംഗികതയെ തികഞ്ഞ അവഗണനയോടെ കണ്ട യേശു എന്ന ആത്മീയ പ്രവാചകന്‍. തികച്ചും അസെക്‌ഷ്വലായിരുന്നു യേശു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായി ഇതിനെ കണക്കാക്കിപ്പോരുന്നു.

ഇത്തരം അസെക്‌ഷ്വാലിറ്റിയെക്കുറിച്ചു പിന്നീട്‌ നിരവധി പഠനങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. ഇത്തരം‌ അസെക്‌ഷ്വാലിറ്റി മനുഷ്യരില്‍‌ മാത്രമല്ല, ചില ജന്തുക്കളിലും‌ കണ്ടുവരുന്നതായി പഠനങ്ങള്‍‌ തെളിയിക്കുന്നു. ചിലതരം‌ ടര്‍‌ക്കിക്കോഴികള്‍‌, സ്രാവുകള്‍‌ എന്നിവ ഇണയുമായി ബന്ധപ്പെടാതെ കാലങ്ങളായി ജീവിക്കുന്നതായി കാണുന്നു.

ഇത്തരം‌ അസെക്ഷ്വാലിറ്റി ഉള്ളവരില്‍‌ പലരും‌ നൈസര്‍‌ഗ്ഗികമായി പ്രതിഭാശാലികളായിട്ടാണ് കണ്ടു വരുന്നതെന്ന ഒരു സത്യം‌ കൂടി ഈ പഠനഫലമായി ഉണ്ടായിട്ടൂണ്ട്. സര്‍‌ ഐസക്‌ ന്യൂട്ടണ്‍‌ തികഞ്ഞ ഒരു അസെക്ഷ്വലായിരുന്നു. നമ്മുടെ ഭാരതത്തിലും‌ കാമാരാഹിത്യമുള്ള നിരവധി കലാകാരന്‍‌മാരും‌, ആധ്യാത്മിക നേതാക്കളും‌, സം‌ഗീതജ്ഞരും‌, സാഹിത്യകാരന്‍‌മാരും‌ ഒക്കെ ഉണ്ടായിട്ടുള്ളത്‌ നമുക്കറിയാം‌.

എന്നാല്‍‌ അസെക്ഷ്വാലിറ്റി എന്ന ലൈം‌ഗികതയില്ലാത്തവരില്‍‌ നിര്‍ബന്ധപൂര്‍‌വം ബ്രഹ്മചര്യം‌ പാലിക്കുന്നതിനായി അവരുടെ കാമവികാരത്തെ അപ്പാടെ അടിച്ചമര്‍ത്തിയാല്‍ അവരെ അസെക്‌ഷ്വല്‍‌ ആക്കാന്‍‌ ‌ കഴിയില്ല. കാമവികാരത്തെ ഒരു തരം‌ സബ്ലിമേഷനിലേക്ക്‌ എത്തിക്കാനാകും‌ എന്ന മതസിദ്ധാന്തങ്ങള്‍‌ അപ്പാടെ പാളിപ്പോയ ചരിത്രമാണ് നമ്മള്‍ ഇന്നോളമറിഞ്ഞിട്ടുള്ളതും നിറം‌പിടിപ്പിച്ച കഥകളായി ഇപ്പോഴും ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നതും. ലൈം‌ഗികസം‌യമനം‌ ഒരു ശീലമാക്കിയാല്‍‌ കാലക്രമേണ അതു ഒരു തരം‌ ലൈം‌ഗികമരവിപ്പിലേക്ക്‌ (frigidity) എത്തിക്കൊള്ളുമെന്നു കരുതിയവര്‍‌ അവര്‍‌ അടിപ്പെട്ടുപോയ വിഷാദരോഗങ്ങളുടെ കണക്കിലേക്കു കൂടി ശ്രദ്ധ തിരിക്കുന്നതു നന്നായിരിക്കും‌. വൃദ്ധാവസ്ഥയിലെത്തുന്ന കന്യാസ്ത്രീകളെയും‌ പുരോഹിതന്‍‌മാരെയും‌ അധിവസിപ്പിച്ചിരിക്കുന്ന ആശ്രമങ്ങളിലേക്കു ചെന്ന്‌ അവരുടെ അവസാനനാളുകളിലേക്കൊന്നു പാളിനോക്കിയാല്‍‌ മതിഭ്രമം‌ ബാധിച്ച ഒരുപിടി ജന്‍‌മങ്ങളെ അവിടെ കണ്ടെത്താനാകും‌.

ആരോഗ്യമുള്ള ഒരു ശരീരത്തിന് ആ ശരീരത്തിലെ എല്ലാ ഗ്രന്ഥികളും‌ അവയവങ്ങളും‌ യഥാക്രമം പ്രവര്‍‌ത്തനോന്‍‌മുഖമായിരിക്കണം‌. ഏതെങ്കിലും‌ ശാരീ‍രിക പ്രക്രിയ തടയുമ്പോള്‍‌ അത്‌ ശരീരത്തിലെ മറ്റു പ്രവര്‍‌ത്തങ്ങളേയും‌ സാരമായി ബാധിക്കും‌. മനുഷ്യരിലെ ലൈം‌ഗികത എന്നത്‌ ശാരീരികവും‌ മാനസികവുമായ ഒരു പ്രക്രിയയാണ്. തലച്ചോറും‌ നാഡീവ്യൂഹങ്ങളും‌ ഹോര്‍‌മോണുകളുമാണ് മനുഷ്യരിലെ കാമവികാരത്തെ നിയന്ത്രിക്കുന്നത്‌. ഒരുവനിലെ കാമം‌ എന്നത്‌ ഒരു സഹജവാസനയാണ്. ആന്തരികമോ, ബാഹ്യമോ ആയ ഉത്തേജനങ്ങള്‍‌ മൂലം‌ ശരീരമാസകലം‌ വ്യാപിക്കുന്ന കാമവികാരത്തെ ബോധപൂര്‍‌വ്വമായ ഒരു പ്രതിരോധത്തിലൂടെ സം‌യമിപ്പിക്കുക വഴി മനുഷ്യന്റെ മസ്തിഷ്കത്തില്‍‌ അത്‌ അനാവശ്യമായ ഒരു സമ്മര്‍‌ദ്ദമുണ്ടാക്കുന്നു. അത്‌ മാനസികവിഭ്രാന്തിയിലേക്കുവരെ നയിക്കാന്‍‌ കഴിയുന്ന വിധം‌ ശക്തിമത്തായി വളരാറുണ്ട്. കെട്ടിയിട്ടിരിക്കുന്ന കുതിരക്കും‌ യഥാക്രമം‌ മൈഥുനം‌ നടത്താത്ത മനുഷ്യരിലും‌ അതിവേഗം‌ വാര്‍‌ദ്ധക്യം‌ ഉണ്ടാകുമെന്ന ചാണക്യവചനം‌ ഓര്‍‌ക്കുക.

ഗള്‍ഫു രാജ്യങ്ങളില്‍‌ വര്‍‌ഷങ്ങളോളം‌ ഭാര്യയെക്കാണാതെ, ലൈം‌ഗികബന്ധമില്ലാതെ ജീവിക്കുന്നവരുണ്ടല്ലോ, ഭര്‍ത്താവിന്റെ സാമീപ്യമില്ലാതെ കാലങ്ങളോളം ജീവിക്കുന്ന ഭാര്യമാര്‍ നമ്മുടെ സമൂഹത്തിലുണ്ടല്ലോ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകാം. ഇവിടെ ലൈം‌ഗികത ജീവിതത്തിലൊരിക്കലും‌ പാടില്ലാ എന്നു സമൂഹം‌ നിര്‍ബന്ധിച്ചിട്ടുള്ളവരെക്കുറിച്ചാണു പറയുന്നതെന്നു ശ്രദ്ധിക്കുമല്ലോ.

സാമൂഹ്യശീലമായി ബ്രഹ്മചര്യം‌ പാലിക്കാന്‍‌ നിര്‍‌ബന്ധിതമാകുന്ന പുരുഷനേക്കാള്‍ കടുത്ത അവസ്ഥയാണ് അങ്ങനെ ജീവിക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ത്രീകള്‍‌ക്കുള്ളത്. പ്രായപൂര്‍‌ത്തിയാകുന്ന ഒരു പുരുഷനില്‍‌ തന്റെ ലൈംഗികചോദന അടക്കിവെച്ചിരുന്നാലും ഉറക്കത്തില്‍, ഉപബോധമനസ്സില്‍ അവന്‍ സൂക്ഷിച്ചിരിക്കുന്ന കമോദ്ദീപകമായ സങ്കല്‍പ്പങ്ങള്‍ ഉണരുകയും തത്ഫലമായി അവനു സ്‌ഖലനം സംഭവിക്കുകയും ചെയ്യുന്നു. അത്‌ ഒരു തരം രതിമൂര്‍ച്ച തന്നെയാകയാല്‍ പുരുഷശരീരത്തെ അതു സമ്മര്‍ദ്ദരഹിതമാക്കുകയും അതു വഴി മാനസികമായ ഒരു relaxation അവനു ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്ത്രീകളില്‍ ബാഹ്യമായ ഉത്തേജനമില്ലാതെ (external stimuli) വികാരശമനം സംഭവിക്കുന്നില്ല. ആയതിനാല്‍, പുരുഷനേക്കാള്‍ സമ്മര്‍ദ്ദഭരിതമാണ്‌ ബ്രഹ്മചര്യം നിര്‍ബന്ധിതമാക്കിയിരിക്കുന്ന സ്ത്രീകളുടെ മനോനില. വൃദ്ധരായ കന്യാസ്ത്രീകളും അകാലത്തില്‍ വിധവകളായവരും ഒക്കെ പ്രകടിപ്പിക്കുന്ന പ്രത്യേകതരം വിഭ്രമാത്‌മക മാനസികാവസ്ഥയുടെ പ്രധാനകാരണം ഇത്തരം കാമനിയന്ത്രണങ്ങളുടെ അലോസരം കൊണ്ടുണ്ടാകുന്നതാണെന്നു മനോരോഗചികിത്സകരെല്ലാം ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്.

യഹൂദമതം ഇങ്ങനെ സ്‌ഖലനം ഉണ്ടാകുന്ന പുരോഹിതരെപ്പോലും നിഷിദ്ധമായി കണക്കാക്കിപ്പോരുന്നു. പുരോഹിതന്‍ സ്രവത്താല്‍ അശുദ്ധനാകുന്നു എന്നും ഈ സ്രവത്തിനു അവന്‍ യഹോവയുടെ മുന്നില്‍ പ്രാവുകളെ യാഗം കഴിക്കണമെന്നും ലേവ്യയുടെ പുസ്തകം 15-ം അദ്ധ്യായത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

ഫാദര്‍ വടക്കന്റെ ആത്മകഥയില്‍ നിന്നുമുള്ള ചില ഉദ്ധരണിയോടെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു. ഈ എടുത്തെഴുത്തിനു ഞാന്‍ ശ്രീ ജോണ്‍സണ്‍ ഐരൂരിനോടു കടപ്പെട്ടിരിക്കുന്നു. "സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വീക്ഷിച്ചാല്‍ ഞാന്‍ ഇന്നുവരെ തെറ്റുപറ്റാത്ത ഒരു ദിവ്യവിരക്തന്‍ തന്നെ. എന്നാല്‍ മറ്റ്‌ തരത്തിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ ബ്രഹ്മചര്യചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഞാന്‍ പല തവണ പിഴയാളിയായിട്ടുണ്ട്. പുരോഹിതനാകാന്‍ ആശിക്കുന്നതിനു മുമ്പും പുരോഹിതപരിശീലനകാലത്തും പുരോഹിതനായ ശേഷവും ഇന്നുവരേയും ഇത്തരം ബ്രഹ്മചര്യലംഘനങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്."

എതിനേക്കാള്‍ വലിയ ഒരു പൊളിച്ചെഴുത്തു ബ്രഹ്മചര്യത്തിനു വേറെ വേണോ?

25 comments:

കൃഷ്‌ണ.തൃഷ്‌ണ said...

ഭാരതത്തില്‍ ദൈവപ്രീതിക്കായി പ്രാര്‍ത്ഥിച്ചിരുന്നവര്‍ മനസ്സിനു ഏകാഗ്രത കിട്ടാനായി ലൈംഗികകേളികളില്‍ നിന്നും അകന്നു നിന്നു തപസ്സു ചെയ്തതിനെക്കുറിച്ചും, കാലങ്ങളോളം ബ്രഹ്മചാരിയായി ജീവിച്ചതിനെക്കുറിച്ചും ഒക്കെ നിരവധി കഥകളുണ്ടെങ്കിലും ലൈംഗികതയെ വ്യക്തിജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റി നിര്‍ത്തേണ്ടവയാണെന്നോ, ദൈവാരാധനക്കു ഇടനിലക്കാരായ പുരോഹിതന്‍മാരും പൂജാരിമാരും ലൈംഗികത അനുശീലിക്കരുതെന്ന കഠിനമായ നിഷ്‌കര്‍ഷയോ ഉണ്ടായിരുന്നില്ല. മറിച്ച്‌ ദേവന്‍മാരുടേയും ദേവിമാരുടേയും രതിയുത്സവങ്ങളുടേയും രാസലീലകളുടേയും കഥകള്‍ ആരാധനാലയങ്ങളില്‍ പോലും പാടുകയും ആടുകയും ചെയ്തുപോന്നു.

മരുഭൂമിയിലെ പ്രവാചകനായ മുഹമ്മദു നബിക്ക്‌ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നു. മുസ്ലീം മതപുരോഹിതര്‍ക്ക്‌ ലൈംഗികത നിഷേധിച്ചിരുന്നുമില്ല. എന്നാല്‍ യഹൂദവംശത്തില്‍ തികച്ചും കാമരാഹിത്യത്തോടെ ജനിച്ച യേശു എന്ന ഒരു അത്മീയനേതാവിന്റെ അനുയായികളായി വന്ന പുരോഹിതവൃന്ദമാണ്‌ ബ്രഹ്മചര്യം എന്നത്‌ ദൈവാരാധനക്കുള്ള അവശ്യങ്ങളിലൊന്നായി മാറ്റിയത്‌. യേശു വിവാഹം കഴിക്കുകയോ, ലൈംഗികമായി ബന്ധപ്പെടുകയോ ചെയ്തിട്ടിലെങ്കിലും വിവാഹവും ലൈംഗികതയും ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ആരേയും ഉപദേശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അധികവും വിവാഹിതരായിരുന്നു താനും.
-New Post

അനില്‍@ബ്ലോഗ് // anil said...

കൃഷ്ണ,
തേങ്ങയടിക്കാന്‍ ഞാനാണോ !!

നന്നായി പ്രെസന്റ് ചെയ്തിരിക്കുന്നു.

ഞാന്‍ പലപ്പോഴും ചിന്തിക്കാറുള്ള വിഷയമാണ്. ദൈവങ്ങളും ലൈംഗികതയും തമ്മിലെന്താ പ്രശ്നമെന്ന്. ക്ഷേത്രങ്ങളിലും മറ്റും കണ്ടിരുന്ന കൊത്തുപണികള്‍ ആണ് അതിന് ഉത്തരം തന്നത് . നിയന്ത്രണമില്ലാത്ത ലൈംഗികതയുടെ കാല‍ത്ത് നിഷ്കര്‍ഷിക്കപ്പെട്ട ചര്യകളാവാം അതെന്നു കരുതി.

ഈ കാര്യങ്ങളൊന്നും അറിയാത്തവരാവില്ല നമ്മൂടെ മത നേതൃത്വങ്ങള്‍. ചിലര്‍ക്കെങ്കിലും ഇതു ബാധകവുമല്ല.പക്ഷെ ശാരീരിക വികാരങ്ങള്‍ അടക്കാന്‍ ധ്യാനം പോലെയുള്ള കൃയകള്‍ക്കു കഴിയുമെങ്കിലും എപ്പോഴും തുലനം പാലിക്കപ്പെട്ടു എന്നു വരില്ല. തീര്‍ച്ചയായും വൈദികരും
വിവാഹവും മറ്റും പൊളിച്ചെഴുതപ്പെടേണ്ടതാണ്.

സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചു പറഞ്ഞതില്‍ യോജിക്കാനാവുമോ എന്നു സംശയമുണ്ട്. ഉത്തേജിപ്പിക്കാത്തടത്തോളം ലൈംഗികത അവര്‍ക്ക് ഒരു പ്രശ്നമാവില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രൊഫൈല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നു കരുതുന്നു. അതിനാല്‍ തന്നെ ലൈംഗിക ഉത്തേജനം , അഥവാ മോഹം പുരുഷന്മാരില്‍ ഉണ്ടാവുന്നത്ര സ്ത്രീകളില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. പ്രായം ചെന്ന സ്ത്രീകളിലും മറ്റും ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഈസ്റ്റ്രജന്‍ ഇല്ലാതാവുന്നതിന്റെ പ്രശനങ്ങളാണ്.

ഏതായാലും ഇസ്ലാം മതം (താരതമ്യേന പുതിയ ഒന്നു)ഈ ഡിഫക്റ്റ് പരിഹരിച്ചാണ് ചിട്ടകള്‍ തയ്യാരിച്ചിട്ടുള്ളത് എന്നു കാണാനാവും. റംസാന്‍ മാസത്തില്‍ പോലും രാത്രിയില്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു വിലക്കില്ല എന്നാണ് എന്റെ അറിവ്.

നോക്കാം ചര്‍ച്ച എങ്ങിനെ വരുന്നു എന്ന്.

ആശംസകള്‍.

കൃഷ്‌ണ.തൃഷ്‌ണ said...

അനില്, ആദ്യ കമന്റിനു നന്ദി

സ്ത്രീകളുടേ ലൈംഗികതക്കു പുരുഷന്റേതിനെക്കാളും ആഴവും പരപ്പും കൂടുതലാണെന്നിരിക്കിലും അതിനു പ്രകടനാത്മകത വളരെ കുറവായിരിക്കുമ്. മാത്രമല്ല ഒരു രതിമൂര്‍ച്ഛക്ക് ഒരു external stimuli ആവശ്യമാണു താനും. പുരുഷനു സ്വപ്നസ്‌ഖലനത്തിലൂടെ ലഭ്യമാകുന്ന ഒരു അയവ്‌ സ്ത്രീകള്‌ക്ക്‌ പ്രകൃത്യാനുസാരിയായി കിട്ടുന്നില്ലാ എന്നതുകൊണ്ടു തന്നെ അവരില്‍ സമ്മര്‍ദ്ദത്തിന്റെ അളവു കൂടുതലായുണ്ടാകും. പ്രകടനാത്‌മകത കുറവാണെന്ന ഒരു പ്രകൃതി ഗുണമാണ്‌ ഇവരെ ശാന്തരായി വര്‍ത്തിക്കുന്നതിനു സഹായകമാകുന്നത്‌.

The Common Man | പ്രാരബ്ധം said...

അമിതമായ ലൈംഗികാസക്തി ഒരു രോഗമാണെന്നതുപോലെ തന്നെ, ലൈംഗികതയുടെ അഭാവവും ഒരു രോഗമാണ്‌, കാരണം രോഗം എന്നത്‌ പൊതുവായ ശാരീരിക പ്രവണതകളില്‍ നിന്നുള്ള വ്യതിയാനമാണ്‌.

ബ്രഹ്മചര്യം എന്നത്‌ കാമരഹിതര്‍ക്കു മാത്രം പാലിക്കാവുന്ന ഒരു ജീവിതരീതിയല്ല. ഭീഷ്മര്‍ ബ്രഹ്മചാരിയായത്‌ തന്റെ പിതാവിന്റെ ക്ഷേമത്തിനും, പിന്നീട്‌ തന്റെ വാക്കു പാലിക്കുന്നതിനുമായിരുന്നു എന്നാണല്ലോ ഭാരതം പഠിപ്പിക്കുന്നതു. സ്വാമി വിവേകാനാനന്ദനു ലൈംഗികത എന്ന ഒരു വികാരം ഇല്ലായിരുന്നു എന്നു എങ്ങനെ ഉറപ്പിച്ചു പറായാനാകും? യേശുക്രിസ്തു ഒരു പൂര്‍ണ്ണ മനുഷ്യനായിരുന്നു എന്നാണ്‌ ബൈബിള്‍ പഠിപ്പിക്കുന്നത്‌. കുട്ടികള്‍ക്കൊപ്പം സന്തോഷിച്ച, ദേവാലയത്തില്‍ ക്ഷുഭിതനായ, ലാസറിന്റെ കല്ലറയില്‍ കണ്ണീര്‍ പൊഴിച്ച , എല്ലാ മാനുഷിക വികാരങ്ങളും പ്രകടിപ്പിച്ച ഒരു പൂര്‍ണ്ണ മനുഷ്യനില്‍, ലൈംഗികത എന്ന വികാരം മാത്രം ഇല്ലായിരുന്നു എന്നു സ്ഥാപിക്കാന്‍ , പുള്ളി അതു പ്രകടിപ്പിച്ചിട്ടില്ല എന്ന ഒരു ന്യായം മതിയോ?


റോമിന്റെ അധികാരത്തിനു മുന്നിലേയ്ക്കു കടന്നു ചെന്ന യേശു എന്ന പ്രയോഗം ശരിക്കു മനസ്സിലായില്ല. റോമന്‍ അധീനതയിലായിരിക്കുമ്പോഴും, തങ്ങളുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചിരുന്ന ഒരു സമൂഹത്തിലാണ്‌ യേശു ജീവിച്ചതു. പുറമേയെങ്കിലും ധാര്‍മ്മികതയുടെ മൂടുപടമണിഞ്ഞ ഒരു ജനമായിരുന്നു അത്‌. പാപിനിയായ സ്ത്രീയെ കല്ലെറിയാന്‍ കൊണ്ടുവന്ന പാപികള്‍. ലോത്തിന്റെയും , സോദോം ഗോമോറെയുടെയുമൊക്കെ കാര്യം യേശുവിന്റെ ജീവിതവുമായി ചേര്‍ത്തുവായിക്കാന്‍ കഴിയാത്ത വിധം പഴയതല്ലേ?

പൌലോസ്‌ അപ്പസ്തോലന്‍ കടന്നു വന്നതു യേശുമരിച്ചു കാലങ്ങള്‍ കഴിഞ്ഞൊന്നുമല്ല. ക്രിസ്തുവിനെ പറ്റി ആദ്യം പ്രസംഗിച്ചു തുടങ്ങിയതു പൌലോസ്‌ ആണെന്ന നിരീക്ഷണവും തെറ്റാണ്‌.

കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്കു ലൈംഗികത നിഷേധിച്ചിരിക്കുന്നതു രണ്ടു കാരണങ്ങളാണ്‌.

1. ലൈംഗികത എന്നത്‌ ഒരു കേവലമാനുഷിക ആവശ്യം എന്നതല്ല സഭയുടെ നിലപാട്‌. ദൈവികമായ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികനാകാനുള്ള ഒരവസരമായി വേണം ഭാര്യയും ഭര്‍ത്താവും ലൈംഗികതയെ കാണേണ്ടതും അനുഭവിക്കേണ്ടതും എന്നു സഭ പഠിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ ജനനനിയന്ത്രണരീതികളോടു സഭ എതിര്‍പ്പു പ്രകടിപ്പിക്കുനത്‌. അതുകൊണ്ടു തന്നെ, ശാരീരികമായ പ്രേരണയുടെപുറത്തുള്ള വിവാഹേതര ബന്ധങ്ങള്‍ സഭ നിരോധിക്കുന്നു.

പുരോഹിതന്‍ ഒരു പൊതു സ്വത്താണ്‌. സേവനം ചെയ്യുന്ന ആളുകള്‍ക്കെല്ലാം ഒരു പോലെ അവകാശപ്പെട്ട സ്വത്ത്‌. പുരോഹിതനു സ്വന്തമായി ഒരു കുടുംബം ഉണ്ടെങ്കില്‍ , ഈ ഒരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പുരോഹിതനു കഴിയാതെ വരും. ലോകത്തിന്റേതായ ബന്ധങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും പുരോഹിതര്‍ പരമാവധി ഒഴിഞ്ഞുനില്‍ക്കേണ്ടവരാണ്‌.

2. തങ്ങളിലെ ലൈംഗികത ഒരു സമര്‍പ്പണമാക്കുകയാണ്‌ സന്യസ്തര്‍ ചെയ്യുന്നത്‌. സ്വന്തം ശരീരത്തിന്റെ ചേതനകളെ ആത്മീയമായി ജയിക്കുവാന്‍ സന്യാസികള്‍ക്കു സാധിക്കും. ഇല്ലാത്ത ഒരു കാര്യം വേണ്ട എന്നു വെക്കുന്നതില്‍ എന്തു മഹത്വമാണുള്ളത്‌? ശരീരത്തെ മനസ്സുകൊണ്ടു കീഴടക്കാന്‍ യേശുവിനും വിവേകാനന്ദനും കഴിഞ്ഞു എന്നതിലല്ലേ അവരുടെ മഹത്വം വെളിവാകുന്നത്‌?

സന്യസ്തരുടെ ഇടയില്‍ പലപ്പോഴായി ഉയര്‍ന്നു വന്നിട്ടുള്ള അപവാദങ്ങള്‍ കാണാതെയിരിക്കുന്നില്ല. പക്ഷേ അതൊന്നും , ഒരു പൊതുവായ ജീവിതരീതിയുടെ ന്യൂനതയായി കാണാതെ, അതത്‌ വ്യക്തികളുടെ വീഴ്ചയായി അല്ലേ കാണേണ്ടത്‌? ലക്ഷത്തിലൊരു വ്യക്തിക്കു ബ്രഹ്മചര്യം എന്ന വൃതം കാത്തു സൂക്ഷിക്കാന്‍ കഴിയാതെ വന്നാല്‍, അതെങ്ങനെ എല്ലാവരുറ്റെയും കുഴപ്പമാകും? അതൊരു അന്ധമായ ജെനെറലൈസേഷനല്ലേ?

[ ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതിയതാണേ. പറയണ്ടതെല്ലാം പറഞ്ഞോ എന്നൊരു സംശയം.]

കൃഷ്‌ണ.തൃഷ്‌ണ said...

The Common Man (Jose),
I respect your views and the way of your expression. I will revert back soon.

nandakumar said...

കൃഷ്ണയുടെ നിരീക്ഷണങ്ങള്‍ മുഴുവനും വന്നോ എന്നു സംശയം.(വായിച്ചപ്പോള്‍ എനിക്കങ്ങിനെ തോന്നി)

അസെക്‌ഷ്വാലിറ്റി അഥവാ കാമരാഹിത്യം എന്നതിനെകുറിച്ച് കൂടുതലറിയാന്‍ താല്പര്യമുണ്ട്. കാരണം ഇപറഞ്ഞതൊക്കെത്തന്നെയേ അതിനെക്കുറിച്ച് ഞാനും കേട്ടിട്ടുള്ളു.(റഫര്‍ ബുക്ക് പറഞ്ഞാലും മതിയാകും)
“..എന്ന ഒരു അത്മീയനേതാവിന്റെ അനുയായികളായി വന്ന പുരോഹിതവൃന്ദമാണ്‌ ബ്രഹ്മചര്യം എന്നത്‌ ദൈവാരാധനക്കുള്ള അവശ്യങ്ങളിലൊന്നായി മാറ്റിയത്‌.“
പൌരോഹിത്യമേഖലയില്‍ ബ്രഹ്മചര്യം വരുന്നത് അപ്പോള്‍ മുതലാണോ? തുടക്കത്തില്‍ പറയുന്നപോലെ ഏകാഗ്രത കിട്ടാനായി ലൈംഗികവിചാരങ്ങളില്‍ നിന്നും അകന്നു നിന്നു തപസ്സു ചെയ്തതുംബ്രഹ്മചാരിയായി ജീവിച്ചതും അതിനു മുന്‍പല്ലേ അല്ലെങ്കില്‍ അത്തരം കാഴ്ചപ്പാടുകള്‍ അതിനു മുന്‍പേ ഇല്ലേ?
ഹിന്ദു മത-പുരോഹിത മേഖലയിലും ബ്രഹ്മചര്യം നിര്‍ബന്ധമായ ഒന്നല്ലേ പണ്ടുമുതലേ? അല്ലെന്ങ്കില്‍ നിര്‍ബന്ധം ചെലുത്തപ്പെട്ട ഒന്നല്ലേ..


ഒരു കാര്യം തീര്‍ച്ചയാണ്. മത പൌരോഹിത്യം അടുച്ചേല്‍പ്പിച്ച് ഒന്നാണ് ‘ബ്രഹ്മചര്യം’ അതുകൊണ്ട് തന്നെയാണ് നിര്‍ബന്ധിത ബ്രഹ്മചര്യത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ (തരം കിട്ടുമ്പോഴൊക്കെ)ശരീരം/മനസ്സ് ശ്രമിക്കുന്നത്. കാരണം. പരസ്പരാകരഷണം എന്നത് പ്രകൃതിനിയമമാണ്. ബ്രഹ്മചര്യമെന്നത് പ്രകൃതി വിരുദ്ധവും. പ്രകൃതിവിരുദ്ധമായതൊക്കെ പ്രകൃതിയില്‍ പരാജയപ്പെടുക തന്നെ ചെയ്യും.

എതിരന്‍ കതിരവന്‍ said...

ക്രിസ്തുമതപൌരോഹിത്യം ബ്രഹ്മച്രര്യം അനുശീലിപ്പിച്ചത് മധ്യകാലങ്ങളിലോ മറ്റൊ ആണേന്നു കേട്ടിട്ടുണ്ട്. പള്ളിയുടെ സ്വത്ത് അവരുടേതുകൂടി ആയിരുന്നതുകൊണ്ട് അവരുടെ കുടുംബങ്ങളിലേക്കു സമ്പത്ത് വ്യാപരിച്ചു. ഇതിനു തടയിടാനാണത്രെ ബ്രഹ്മചര്യം നിയമാക്കിയത്.

കൃഷ്‌ണ.തൃഷ്‌ണ said...

നന്ദകുമാര്‍,

ഒരു വാദഗതിക്കു ചോദിക്കുകയാണെന്നു കരുതരുതെന്ന അപേക്ഷയോടെ:
ഭാരതത്തിലെ പൌരോഹിത്യമേഖലയില്‍ ബ്രഹ്മചര്യം അത്ര കണ്ടു നിര്‍ബന്ധമായിട്ടുണ്ടോ? നമ്മുടെ അറിയപ്പെടുന്ന മഹര്‍ഷിമാര്‍ എല്ലാം, (വസിഷ്ഠന്‍, വിശ്വാമിത്രന്‍, ഭൃഗു, അംഗിരസ്സ്, കശ്യപന്‍, അത്രി, അഗസ്ത്യന്‍, ഗൌതമന്‍, ഭരദ്വാജന്‍, ജമദഗ്നി, കൃതു, പുലസ്ത്യന്‍) ആദിയായവരൊക്കെ ഭാര്യാസമേതം ജീവിച്ചിരുന്നവരായല്ലേ നമ്മള്‍ പഠിച്ചിരിക്കുന്നത്‌. കാമത്തെ അത്യുന്നമായ മാനസികവ്യാപാരങ്ങളായി മാറ്റുന്നതിനെക്കുറിച്ചു ഭഗവദ്‌ഗീതയില്‍ പറയുന്നുണ്ട്. എന്നു കരുതി ഈശ്വരാരാധന ബ്രഹ്മചര്യാധിഷ്ഠിതമായിരിക്കണമെന്ന ഒരു നിഷ്ഠ എവിടെയുമുള്ളതായി തോന്നിയിട്ടില്ല.

ധൂമേനാവ്രിയതേ വഹ്നി:
യഥാദര്‍ശോ മലേന ച
യഥോല്‌ബേനാവൃതോ ഗര്‍ഭ:
തഥാ തേനേദമാവൃതം.

എന്ന ഗീതാസൂക്തം പറയുന്നതെന്തെന്നാല്‍, അഗ്നി പുകയാലും, കണ്ണാടി അഴുക്കിനാലും, ഗര്‍ഭസ്‌ഥശിശു മറുപിള്ളയാലും ഏതു രീതിയില്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ, അപ്രകാരം ഈശ്വരനെക്കുറിച്ചുള്ള അറിവ് നിന്നില്‍ കാമം കൊണ്ടു മൂടപ്പെട്ടിരിക്കുന്നു എന്നാണ്‌. ഈ കാമത്തെ അനുഭവിച്ചറിഞ്ഞ്‌, അതിന്‍മേല്‍ നീ ഇന്ദ്രിയവിജയം കൈവരിക്കുക എന്നാണ്‌. അല്ലാതെ, ആ കാമം എന്നത്‌ നിഷ്ദ്ധമാണെന്നോ, അതിനെ ദൂരെവെക്കണമെന്നോ ഗീതയില്‍ പറയുന്നില്ല. കാമത്തെ അറിഞ്ഞശേഷം മാത്രമേ സന്യാസം പാടുള്ളൂ എന്നുള്ള ഭാരതീയ ദര്‍ശനത്തിനു പകരം വെക്കാന്‍ മറ്റൊരു ദര്‍ശനവുമില്ലാ എന്നു പറയാന്‍ , മതവിശ്വാസിയല്ലാ എങ്കില്‍ കൂടി, എനിക്ക്‌ അഭിമാനമേ ഉള്ളൂ.

ഇനി സബ്ലിമേഷനിലൂടെ മാനസികസംതൃപ്തി ലഭിക്കുന്നവര്‍ തന്നിലെ കാമത്തെ ഭക്തിയായി മാറ്റിയെടുക്കാറുണ്ട്. രതിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സൌഖ്യം ഇതര വിഷയത്തില്‍ ലഭിക്കുന്നവര്‍ ഉണ്ടെന്നു ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. കലാകാരന്‍മാര്‍, ദൈവ വേല ചെയ്യുന്നവര്‍, സംഗീതജ്ഞര്‍ മുതലായ നിരവധി പേരെ ഈ സബ്ലിമേഷനിലെത്തിയവരായി നമുക്കറിയാം.
ഇവരെല്ലാം തന്നിഷ്ടപ്രകാരം തന്റെ കാമനയെ ഉപേക്ഷിച്ചവരാണ്‌. ശങ്കരാചാര്യര്‍ മുതല്‍ മദര്‍ തെരേസ വരെ ഉള്ള നിരവധിപേരെ നമുക്കു പരിചയവും ഉണ്ട്. ഇവര്‍ അസെക്ഷ്വലല്ല, ഇവര്‍ പരപ്രേരണയാലോ, സാമൂഹികപ്രേരണയാലോ, ഒന്നും അടക്കി ശീലിച്ചല്ല, തന്റെ മനസ്സിന്റെ സുഖം മറ്റൊന്നിലാണെന്നു കണ്ടെത്തി, സബ്ലിമേഷനിലെത്തിയവരാണ്‌.

മതത്തിന്റെ നിര്‍ബന്ധം കൊണ്ടു നൈഷ്ഠികബ്രഹ്മചര്യത്തിന്റെ കഷ്ടകാണ്ഡങ്ങളിലൂടെ നടക്കുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ചാണല്ലോ നമ്മള്‍ പറഞ്ഞു വന്നത്‌...അല്ലേ?

പിന്നെ അസെക്ഷ്വാലിറ്റിയെക്കുറിച്ചു ഞാന്‍ വായിച്ചറിഞ്ഞത്‌, ആല്‍ഫ്രഡ്‌ കിന്‍സേയുടെ Sexual Behaviour in the Human Male എന്ന ബുക്കില്‍ നിന്നുമാണ്‌.

The Common Man | പ്രാരബ്ധം said...

കത്തോലിക്കാ സഭയില്‍ പൌരോഹിത്യം എന്നതു അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒന്നല്ല. ഏതെങ്കിലും ഒരു കുടുംബത്തിലോ, വംശത്തിലോ ജനിച്ചുപോയതുകൊണ്ടു മാത്രം കൈമാറി കിട്ടുന്നതുമല്ല. സന്യാസത്തിന്റെ മൂന്നു വൃതങ്ങള്‍ [ അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം] അനുഷ്ഠിക്കാന്‍ പൂര്‍ണ്ണ മനസ്സുള്ളവര്‍ക്കു മാത്രം ലഭിക്കുന്ന ഒരു സേവനത്തിന്റെ പദവിയാണത്‌. മേല്‍പ്പറഞ്ഞവ പാലികാന്‍ കഴിയാതെ വന്നാല്‍ , തിരിച്ചു സാധാരണ ജീവിതത്തിലേയ്ക്കു പോകാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്‌.

കൃഷ്‌ണ.തൃഷ്‌ണ said...

The CommonMan (പ്രാരാബ്ധം),
(ജോസ്) അങ്ങനെ അഭിസംബോധന ചെയ്യാനാണു ഇഷ്ടം...

താങ്കളുടെ കമന്റുകളോട് എനിക്കു യാതൊരു എതിരഭിപ്രായവുമില്ല, മറിച്ചു ബഹുമാനമാണു തോന്നുന്നത്. ഒരളവു വരെ താങ്കളുടെ വിശ്വാസം ഭൂരിപക്ഷ വിശ്വാസം തന്നെയാണു താനും. ഒരാളുടേയും വിശ്വാസത്തെ ചോദ്യം ചെയ്യലോ, വിശ്വാസം തിരുത്തലോ ഞാന് ഉദ്ദേശിക്കുന്നില്ല. ചിലതൊക്കെ ഇങ്ങനെയൊക്കെ ആയിരുന്നില്ലേ എന്നു മാറിചിന്തിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ ഭാഗമായി നിന്നാണു ഞാന്‍ എഴുതുന്നത്. മറ്റു പ്രവാചകന്മാര്ക്കൊന്നുമില്ലാത്ത നിരവധി സവിശേഷതകള്‍ ഉള്ള തികച്ചും തൃഷ്ണാവിരക്തനും ബൈരാഗിയുമായ ഒരു പച്ച മനുഷ്യനായിരുന്നു യേശു എന്നത് നിസ്‌തര്‍ക്കമാണ്‌.

യേശു ക്രൂശിതനായി വളരെക്കാലം കഴിഞ്ഞുണ്ടായ മതമാണ്‌ ക്രിസ്തുമതം എന്നുള്ളതിനു നിരവധി റഫറന്‍സുകള്‍ നിലവിലുണ്ടല്ലോ. ശ്രീബുദ്ധനുശേഷമാണ്‌ യേശുവിന്റെ യുഗമെന്നതില്‍ ജോസിനു തര്‍ക്കമുണ്ടാവില്ലല്ലോ. ബുദ്ധദര്‍ശനങ്ങള്‍ യേശുവിനെ വല്ലതെ സ്വാധീനിച്ചിരുന്നതിനാലാണ്‌ റോമാസാമ്രജ്യാധിപതികളുടെ നരാധമപ്രവൃത്തികള്‍ക്കെതിരെ തിരിയാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യാന്‍ യേശുവിനെ പ്രേരിപ്പിച്ചത്.

പൌലോസ് പുതിയ നിയമങ്ങളിലൂടെ യേശുവിന്റെ ദര്‍ശനത്തിനു പുതിയ മാനം നല്‍കിയാണ്‌ ക്രിസ്തുമതം രൂപീകരിച്ചത്‌. വിഗ്രഹങ്ങളെ (റോമക്കാര്‍ കാളത്തലയും , സിംഹത്തലയും മറ്റും ആരാധിച്ചിരുന്നതും അതിനാലി ബലികര്‍മ്മങ്ങള്‍ നടത്തിയിരുന്നതും മൃഗരതി കണ്ട്‌ ആസ്വദിച്ചിരുന്നതും മറ്റും), എതിര്‍ക്കേണ്ടവയാണെന്നും ആരാധിക്കരുതെന്നും യേശു പറഞ്ഞിരുന്നെങ്കിലും റോമാസമ്രാജ്യത്തോടു മത്സരിക്കാനായി ആരാധനലയങ്ങള്‍ നിര്‍മ്മിക്കാന്‍ പൌലോസ്‌ തീരുമാനിച്ചു.

നിലവിലുള്ള മറ്റു ദൈവങ്ങളെ വിട്ട്‌ ഏവരും യേശുവിന്റെ വഴിയേ വരണമെന്നു പ്രഘോഷിച്ചു. യേശുവിന്റെ കുരിശുമരണം ഒരു ജനതതിയെ കാലങ്ങള്‍ കഴിഞ്ഞിട്ടും വേദനിപ്പിച്ചുകൊണ്ടെയിരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ പൌലോസിന്റെ ഈ പ്രഘോഷണത്തിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനുണ്ടായ പ്രധാന കാരണം, റോമിലെ അപരദൈവങ്ങളെ ആരാധിക്കുന്നതില്‍ നിന്നും ജനങ്ങള്‍ മാറിപ്പോകുന്നു എന്നു മനസ്സിലാക്കിയ സീസര്‍ ചക്രവര്‍ത്തി ക്രിസ്തുമതവിശ്വാസികളെ ദ്രോഹിക്കുന്നതിലേക്കു തന്റെ ശ്രദ്ധ തിരിച്ചു. സീസറെ അംഗീകരിക്കാത്തവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അത്തരക്കാരെ രാജ്യത്തു നിന്നു ഇല്ലാതാക്കുന്നതിലേക്കായി ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തി രാജകല്പന പുറപ്പെടുവിച്ചതിന്റെ ഫലമായി ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും യേശുവിന്റെ ഉപദേശസംഹിതകളായി പലയിടത്തു നിന്നും ക്രോഡീകരിച്ചു ഗ്രന്‌ഥമാക്കപ്പെട്ട ബൈബിളുകള്‍ കത്തിക്കുകയും ചെയ്തു. ബിബ്ലിയോഗ്രാഫി എന്ന വാക്കില്‍ നിന്നുമാണ്‌ ബൈബിള്‍ എന്ന പദം തന്നെയുണ്ടായത്‌. (Bibliography means a list of books or articles that someone has used for finding information for a piece of work they have written) ബൈബിള്‍ അധാരമാക്കി പ്രാര്‍ത്ഥിക്കുന്നവരെ വധശിക്ഷക്കര്‍ഹരാണെന്ന വിധമായിരുന്നു രാജകല്‍പ്പന.

പക്ഷേ ഇത്തരം നിയമങ്ങളെയെല്ലാം മറികടക്കുംവിധം ശക്തിയാര്‍ജ്ജിച്ചിരുന്നു അപ്പോഴേക്കും ക്രിസ്തുവിലുള്ള വിശ്വാസം. കാരണം ലളിതമായ ജീവിതവും ത്യാഗസന്നദ്ധതയും മറ്റും ജീവിതശീലമാക്കനുള്ള ആഹ്വാനം അരാജകജീവിതത്തിലെ ആശാദീപമാവുകയായിരുന്നു. യേശുവിനെപ്പോലെ തന്നെ റോമാക്കാരുടെ പീഢനമേല്‍ക്കേണ്ടി വന്ന ആ അനുയായിവൃന്ദത്തോട്‌ അനുകമ്പ ജന്‍മനാ ഉണ്ടായിരുന്ന ഒരു വലിയ വിഭാഗം ആകര്‍ഷിക്കപ്പെട്ടു. അടിച്ചമര്‍ത്തുന്ന എന്തും വീണ്ടും ശക്തിമത്തായി വളരുമെന്ന പ്രകൃതിപ്രതിഭാസം ഈ മതത്തീന്റെ കാര്യത്തിലും ഉണ്ടായി. (കേരളത്തിലെ കീഴാള വിഭാഗങ്ങളുടെ സമരക്കഥകള്‍ പോലെ)

വീണ്ടും കാലങ്ങള്‍ കഴിഞ്ഞ്‌ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതോടെയാണ്‌ ക്രിസ്തുമതം ഔദ്യോഗികമതമായി അംഗീകരിക്കപ്പെട്ടത്‌. അതുവരെ ഭയത്തോടെ അനുശീലിച്ചുപോന്ന ദൈവാരാധന പിന്നീട്‌ അംഗീകരിക്കപ്പെട്ടു. അതോടെ ക്രിസ്തുമതം അടിമത്തത്തില്‍ നിന്നും അധികാരത്തിലേക്കു കയറുകയായിരുന്നു. പിന്നീട്‌ ആദ്യകാലത്ത്‌ ഈ മതവിശ്വാസത്തെ എതിര്‍ത്തവര്‍ ഇതിനകത്തു കടന്നുകൂടി അവര്‍ ഭൂരിപക്ഷമായി മാറി. അങ്ങനെ ക്രിസ്തുമതം യേശുവിന്റെ ദര്‍ശനങ്ങളെ എതിര്‍ക്കുന്നവരുടെ മതമായി മാറി.

പിന്നീട് ആരാധനാസമ്പ്രദായങ്ങള്‍ റോമാക്കര്‍ അവരുടെ സ്വഭാവത്തിനനുസരിച്ചാക്കി. അന്നുവരെ കുരിശിനെ ഒരു വിഗ്രഹരൂപത്തില്‍ ക്രിസ്തുമതം കണ്ടിരുന്നില്ല..എന്നാല്‍ റൊമാക്കാര്‍ ക്രിസ്തുമതം ഹൈജാക്ക് ചെയ്തതോടെ അവരില്‍ രൂഢമൂലമായിരുന്ന വിഗ്രഹാരാധന ഒഴിവാക്കാന്‍ വയ്യാതായി. അതിനായി അവര്‍ യേശുവിനെ ആരാധിക്കുന്നതിനായി കുരിശിനെ തന്നെ വിഗ്രഹമാക്കി.
ഇന്നു കുരിശ് ത്യാഗത്തിന്റേയും ത്യാഗത്തിന്റേയും ഒക്കെ ചിഹ്നമാണെങ്കിലും ഇങ്ങനൊരു പശ്ചാത്തലമുണ്ടതിനെന്നു പഴയകാല ചരിത്രപുസ്തകങ്ങള്‍ പറയുന്നു. ജോസിന്റെ കമന്റിനുള്ള കൂടുതല്‍ മറുപടി അടുത്ത കമന്റിലെഴുതാം.

nandakumar said...

krishna ..
"ഒരു വാദഗതിക്കു ചോദിക്കുകയാണെന്നു കരുതരുതെന്ന അപേക്ഷയോടെ"
No probs :) njan angine karuthiyittilla. Ariyaanum ariyikkanum ullathaanallo discussion.. so u can proceed..
Am n cafe sorry for manglish.
anyway thnx for reply.

nandan

പാര്‍ത്ഥന്‍ said...

സംസ്കൃതത്തിലെ ‘കാമം’ മലയാളത്തിൽ ഉപയോഗിക്കുന്ന കാമാസക്തി - ലൈംഗികാസക്തി അല്ല. മനുഷ്യന്റെ എല്ലാതരത്തിലുമുള്ള ആഗ്രഹ/ദുരാഗ്രഹങ്ങളെയും ചേർത്താണ് ‘കാമം’ എന്നു പറയുന്നത്‌. (കുറച്ചുകൂടി പറയാനുണ്ട്, തിരക്കൊഴിഞ്ഞ്.)

വികടശിരോമണി said...

ബ്രഹ്മചര്യം എന്ന വാക്കിന് ലൈംഗികനിഷേധം എന്നതിലപ്പുറം വിപുലമായ അർത്ഥങ്ങൾ ഉണ്ട്.“അടിച്ചേൽ‌പ്പിക്കുന്ന ബ്രഹ്മചര്യം” എന്തായാലും തെറ്റുതന്നെ.(അടിച്ചേൽ‌പ്പിക്കുന്നതെന്തായാലും തെറ്റല്ലേ?)ലൈംഗികചോദനകൾക്ക് നൽകുന്ന മതിലുകൾ എല്ലായ്പ്പോഴും സ്ഫോടനം സൃഷ്ടിക്കും എന്നു കരുതുന്നില്ല.
നല്ല അവതരണം.

Anonymous said...

അടിച്ചേല്‍പ്പിക്കുന്ന ബ്രഹ്മചര്യം ,

ഇതിലെ വസ്തുതകളുഇമായി 99% യോജിക്കുന്നു.യേശു ഒരിക്കലും ഒരിടത്തും സമ്പൂര്‍ണ്ണാ ബഹ്മചര്യം ആവശ്യപെടുന്നില്ല. അതുമല്ല യഹൂദനായി ജനിച്ച യേശു യഹൂദ ആചാരപ്രകാരമാണ് ജീവിച്ചിരുന്നത് അന്നത്തെ രീതിയനുസരിച്ച് യഹൂതപുരുഷ്ന്മാര്‍ പ്രായം തികയുമ്പോള്‍ വിവാഹിതരായിരുന്നു, യേശുവും വിത്യസ്തനല്ലാ , യേശുവിന്റെ മരണത്തിനു ശേഷം എത്രയോ കാലത്തിനു ശേഷം എഴുതി ചേര്‍ത്തതാണ് ബൈബിളിലെ അദ്ധ്യായങ്ങള്‍ പുറത്തിറക്കാന്‍ വത്തിക്കാന്‍ മടിക്കുന്ന പല സത്യങ്ങളും അഥവ അധികാര ചോര്‍ച്ച പേടിച്ച് ഒളിച്ച ഏടുകള്‍ വെളിച്ചം കാണാത്തവയുണ്ട് അതുകൊണ്ടാണു ബൈബിളിലെ പല സംഭവങ്ങളും പലയിടത്തും ഇണങ്ങാത്തത്.

സാമൂഹ്യശീലമായി ബ്രഹ്മചര്യം‌ പാലിക്കാന്‍‌ നിര്‍‌ബന്ധിതമാകുന്ന പുരുഷനേക്കാള്‍ കടുത്ത അവസ്ഥയാണ് അങ്ങനെ ജീവിക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ത്രീകള്‍‌ക്കുള്ളത്. ഏറ്റവും കൂടുതല്‍ സ്വവര്‍‌ഗ പ്രേമികള്‍ കന്യാസ്ത്രീമഠത്തിനുള്ളില്‍ ആണു നേരിട്ട് അറിയാം, അനാവശ്യമായി ദ്വേഷ്യം ക്രൂരമായാ ശിക്ഷാ ഒക്കെ അവിടെയുണ്ട് .പലപ്പൊഴും സ്വന്ത ഇഷ്ട പ്രകാരമല്ലാ പെണ്‍കുട്ടികള്‍ മഠത്തില്‍ പോകുന്നത് വീട്ടുകാരുടെ നിര്‍ബന്ധമാണ്‍ അവരെ അവിടെ എത്തിക്കുന്നതു ..അതിന്റെതായാ അസംതൃപ്തി അവര്‍‌ കാ‍ലാകാലം മനസില്‍ ഇടുന്നു .ഇങ്ങനെ നല്ലൊരു ശതമാനം ഈ കൂട്ടരാണ് ഈ കന്യാസ്ത്രീകള്‍ .

കൃഷ്‌ണ.തൃഷ്‌ണ said...

എതിരന്‍ജി,
കുരിശുയുദ്ധത്തോടെയാണ്‌ ക്രിസ്തുമതം പുരോഹിതന്‍മാരില്‍ ബ്രഹ്മചര്യം കൂടുതല്‍ നിഷ്‌കര്‍ഷമാക്കിയത്. ആഫ്രിക്ക മുതല്‍ പാലസ്തീന്‍ വരെ വ്യാപിച്ച ഇസ്ലാം മതത്തിനെ തങ്ങളുടെ അത്മീയതയുടേയും സഹനത്തിന്റേയും പരിത്യാഗത്തിന്റേയും പരിവേഷത്തിലൂടെ ജയിക്കാനുള്ള ശ്രമത്തിന്റെ ഫലമായും, തങ്ങളുടെ പുരോഹിതര്‍ ദൈവത്തോടടുത്തു നില്‍ക്കുന്നവരാണെന്നും സാക്ഷ്യപ്പെടുത്തുന്നതിനായി ബ്രഹ്മചര്യം ഒരു നിര്‍ബന്ധിതശീലമാക്കപ്പെടുകയാണു ചെയ്തത്‌.

ക്രിസ്തുമതത്തിലേക്കു ചേക്കേറിയ റോമിന്റെ പതനം, കുരിശുയുദ്ധത്തിനെ നേരിടാനുണ്ടായ ചെലവുകള്‍ എന്നിവ ഈ മതകൂട്ടായ്മയെ സാമ്പത്തികമായി ഞെരുക്കി.

മാത്രമല്ല ക്രിസ്തുമതത്തിലെ മേലധ്യക്ഷന്‍മാര്ക്ക്‌ ഇതൊരു വലിയ വെല്ലുവിളിയായിരുന്നു. ഭരണകാര്യങ്ങള്‍ക്കുപോലും മതിയായ ധനം ഇല്ലാതെവന്ന ഒരവസ്ഥയില്‍ ജനങ്ങളുമായി ഇഴുകിക്കഴിയുന്ന പുരോഹിതന്‍മാരെ ഉപയോഗിച്ചു സഭയുടെ ഖജനാവിലേക്കു പണപ്പിരിവു നടത്താന്‍ സഭ തീരുമാനിക്കുകയാണുണ്ടായത്. ജനങ്ങളുടെ വിശ്വാസ്വ്യത നേടിയെടുക്കുവാന്‍ ബ്രഹ്മചാരികള്‍ക്കു കൂടുതല്‍ കഴിയുമെന്ന വിശ്വാസം സമ്പത്താര്‍ജ്ജിക്കുന്നതിലേക്കു ഉപയോഗിക്കപ്പെട്ടു. അങ്ങനെ ബ്രഹ്മചര്യം നിര്‍ബന്ധിതമാക്കപ്പെട്ടു.

സഭ ധനസമ്പാദനത്തിനു വേറെയും മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരുന്നു. സഭയുടെ ചട്ടങ്ങളെയോ, മേലധ്യക്ഷന്‍മാരുടെ ക്രമക്കേടുകളെയോ, നിലപാടുകളേയോ ചോദ്യം ചെയ്യുന്നവരെ മഹ്‌റോന്‍ ചൊല്ലി സഭക്കു പുറത്താക്കുകയും അവരുടെ സ്വതുകള്‍ സഭ കണ്ടുകെട്ടുകയും ചെയ്തു. (പ്രൊറ്റസ്‌റ്റെന്റ് ഉണ്ടായ കഥകളുടെ റഫറന്‍സില്‍ നിന്നും)

ഇതിനെല്ലാം പുറമെ വിശ്വാസികളും പുരോഹിതന്‍മാരും ചെയ്യുന്ന തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും അവയുടെ ഗൌരവം കണക്കാക്കി ഒരു നിശ്ചിത തുക സഭയിലേക്കു അടച്ച്‌ പാപനിവൃത്തി വരുതുന്നതിനായി പാപമോചനചീട്ടുകള്‍ സഭ കൊണ്ടുവന്നു. ഇത്തരം പാപമോചനചീട്ടുകള്‍ സഭയുടെ ഒരു നിത്യവരുമാനമായിരുന്നു.

ബലാത്‌സംഗം, വ്യഭിചാരം, ബാലരതി, ഇങ്ങനെ പുരോഹിതരും സാമാന്യജനങ്ങളും ചെയ്യുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക്‌ പാപമോചനദ്രവ്യം അടച്ചു പാപശുദ്ധി വരുത്താമായിരുന്നു. ഇതൊക്കെ Catholic Encyclopedia യില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്‌. ഈ പാപമോചനചീട്ടിനെ ചൊല്ലിയുള്ള വിവാദമാണ്‌ പിന്നീട്‌ കാത്തലിക് സഭയില്‍ നിന്നും ഒരു വലിയ വിഭാഗത്തെ അടര്‍ത്തിക്കളഞ്ഞ്‌ 'പ്രൊട്ടെസ്‌റ്റെന്റ്‌' വിഭാഗമാക്കിക്കളഞ്ഞത്. ഈ ഒരു പിളര്‍പ്പിനുശേഷം പാപമോചനചീട്ടുകള്‍ കാത്തലിക്‌ സഭ തന്നെ മരവിപ്പിക്കുകയും അതു പിന്നീട്‌ പ്രായശ്ചിത്തകര്‍മ്മങ്ങളാക്കി മാറ്റുകയും ചെയ്തു.

കൃഷ്‌ണ.തൃഷ്‌ണ said...

പാര്‍ത്ഥന്‍,
താങ്കളുടെ കമന്റിനു നന്ദി. സംസ്കൃതത്തിലെ 'കാമം', മലയാളത്തിലെ 'കാമം' എന്ന രണ്ടു വിവക്ഷ വേണ്ടിയിരുന്നോ? ഭഗവദ്‌ഗീതയില്‍ പറഞ്ഞിരിക്കുന്ന കാമം എന്നു പറയുന്നതായിരുന്നു കൂടുതല്‍ ഉചിതം. ഭഗവദ്‌ഗീതയുടെ ഭാഷ്യങ്ങളില്‍ കാമത്തിനു ഒരുപാടു അര്‍ത്ഥതലങ്ങള്‍ കൊടുത്തിരിക്കുന്നതു ഞാനും വായിച്ചറിഞ്ഞിട്ടുള്ളതു തന്നെയാണ്‌.

ഗീതക്കും മുന്‍പുള്ള ശിവപുരാണത്തില്‍ ഇതേ കാമത്തിനു ഇതേ സംസ്‌കൃതത്തില്‍
ശരീര ആസക്തി എന്നുമാത്രമായിരുന്നു അര്‍ഥം. കാമദേവന്റെ കഥ കാമത്തിന്റെ വേറെ എന്തു രൂപമാണ്‌ കഥകളിലൂടെ നമ്മോടു പറഞ്ഞിട്ടുള്ളത്‌?

ഭഗവദ്‌ഗീതക്കുണ്ടായ വിവിധങ്ങളായ വ്യാഖ്യാനങ്ങള്‍ കാമത്തെ വ്യത്യസ്തരീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും, ശരീര ആസക്തി മൂലമാണ്‌ മറ്റെല്ലാ ആസക്തിയുമുണ്ടാകുന്നത്‌ എന്നു വ്യാഖ്യാനിക്കാതിരിക്കാന്‍ എത്ര ശ്രമിച്ചിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഗീതയില്‍ കാമവും രാഗവും മോഹവും എല്ലാം ഒരേ ശ്രേണിയില്‍പെടുത്തി വ്യാഖ്യാനിച്ചിരിക്കുന്നതായിട്ടാണ്‌ ഞന്‍ മനസ്സിലാക്കിയിരിക്കുന്നത്. (ഇതു ശരിയാണെന്ന വാദഗതി എനിക്കില്ല, ഒരോരുത്തര്‍ക്കും അവരവരുടേതായ രീതിയില്‍ മനനം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.) ശരീരത്തിന്റെ ആസക്തി = കാമം, നമുക്കു ലഭിച്ചിട്ടുള്ളതിനോടുള്ള അമിത സ്‌നേഹം = രാഗം, നമുക്കു ലഭിക്കണമെന്നു ആഗ്രഹിക്കുന്നത്‌ = മോഹം. ഇതിനെയെല്ലാം കൂടി കാമത്തിന്റെ ഒരു ചട്ടക്കൂട്ടിലാക്കിയത്‌ ഈ ലേഖനത്തിന്റെ തന്റെ വിഷയമായ അസ്ക്ഷ്വാലിറ്റിയുടെ ഭാഗമായി ഞാന്‍ കരുതുന്നു.

"കാമ ഏഷ: ക്രോധ ഏഷ:
രജോഗുണ സമുദ്‌ഭവ:
മഹശനോ മഹാപാപമാ
വിദ്ധ്യേനമിഹ വൈരിണം."

ഗീതയിലെ കര്‍മ്മയോഗത്തിലെ സൂക്തം ഒന്നു വിശകലനം ചെയ്തു നോക്കുക. ആരുടെ അഥവാ എന്തിന്റെ പ്രേരണയാലാണ്‌ മനുഷ്യന്‍ പാപകര്‍മ്മത്തിലേക്കു വീഴുന്നത്‌ എന്ന അര്‍ജ്ജുനന്റെ ചോദ്യത്തിനു
കൃഷ്ണന്റെ മറുപടിയാണത്. കാമം (ഭോഗ തൃഷ്ണ, അഥവാ ജീവനു ജീവനോടും ശരീരത്തിനു ശരീരത്തോടുമുള്ള ആസക്തി,) ആണു മനുഷ്യനെ പാപത്തിനായി പ്രേരിപ്പിക്കുന്നത്‌. കാമത്തിനു തടസ്സം നേരിടുമ്പോള്‍ അതു ക്രോധത്തെ ജനിപ്പിക്കുന്നു . ഈ കാമത്തിനുമേല്‍ വിജയത്തിനായി ഇന്ദ്രിയനിയനിഗ്രഹം അനിവാര്യമാണെന്നു കൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു. അടക്കിനിര്‍ത്തുന്ന കാമം ക്രോധം ജനിപ്പിക്കുന്നുവെന്നല്ലേ ഇതു സാക്ഷ്യപ്പെടുത്തുന്നത്.

ജ്ഞാഞവിജ്ഞാനയോഗത്തിലും ഒരു സൂക്തമുണ്ട്.

"ബലം ബലവതാമസ്‌മി
കാമരാഗവിവര്‍ജ്ജിതം
ധര്‍മ്മാവിരുദ്ധോ ഭൂതേഷു
കാമോസ്‌മീ ഭരതര്‍ഷഭാ.."

ജീവികളില്‍ ധര്‍മ്മ വിരുദ്ധമായ കാമത്തിനുപോലും ഞാന്‍ തന്നെ കാരണക്കാരനെന്നു ശ്രീകൃഷ്ണന്‍ ആവര്‍ത്തിക്കുന്നുമുണ്ട്.

കൃഷ്‌ണ.തൃഷ്‌ണ said...

എതിരന്‍ജി,

മുന്നത്തെ കമന്റിനു അനുബന്ധമായി ഒരു കാര്യം എഴുതാന്‍ മറന്നുപോയി. ഇത്തരം നിര്‍ബന്ധിതമായ ബ്രഹ്മചര്യത്തിന്റെ ശിഷ്ടഫലം എന്തെന്നു തിരിച്ചറിഞ്ഞ 'പ്രൊട്ടെസ്‌റ്റെന്റ്‌' വിഭാഗം ഈ തെറ്റു തിരുത്തിയാണ്‍ പിന്നീട് അവരുടേതായ ആരാധനാക്രമങ്ങള്‍ ഉണ്ടാക്കിയത്. അതില്‍ പ്രധാനം 'പ്രൊട്ടെസ്‌റ്റെന്റ്‌' പുരോഹിതന്‍മാര്‍ക്ക്‌ കുടുംബജീവിതം ആകാമെന്നുള്ളതാണ്‌.

പാര്‍ത്ഥന്‍ said...

**അടക്കിനിര്‍ത്തുന്ന കാമം ക്രോധം ജനിപ്പിക്കുന്നുവെന്നല്ലേ ഇതു സാക്ഷ്യപ്പെടുത്തുന്നത്**

ഇവിടെ താങ്കളുടെ വിഷയം ലൈംഗീകത ആയതുകൊണ്ട് അതു മാത്രമായെടുക്കാം. പക്ഷെ അതുമാത്രമല്ല കാമം എന്നേ ഉദ്ദേശിച്ചുള്ളൂ.
പ്രേമാഭ്യർത്ഥന നിരസിച്ച കുട്ടിയെ കൊല്ലുന്നതിന്റെയും, ലൈംഗികബന്ധത്തിനുശേഷം കൊന്നുകളയുന്നതിന്റെയും മൂലകാരണം ഒന്നുതന്നെ.
ഭൌതികമായ ഒരു ഉദാഹരണം പറയാം: താങ്കൾ സ്വന്തമാക്കണം എന്നു ആഗ്രഹിച്ചിരുന്ന ഒരു നല്ല സ്ഥലമോ വീടോ താങ്കൾക്കു തരാതെ ഞാൻ കൈവശപ്പെടുത്തിയാൽ താങ്കൾക്കെന്തു തോന്നും. എന്നെ കൊല്ലണം എന്നു വരെ തോന്നാം. അപ്പോൾ ഫലവും ഒന്നുതന്നെ.

പാര്‍ത്ഥന്‍ said...

എന്താണ്‌ ബ്രഹ്മചര്യം?
പരമാർത്ഥത്തെ ജീവിതത്തിൽ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി എന്തെല്ലാം ചര്യകൾ ഒരുവൻ അനുഷ്ഠിക്കണമോ അതെല്ലാം ചെയ്യുന്നത്‌ ബ്രഹ്മചര്യമാണ്‌. കേവലം അവിവാഹിതനായി കഴിയുന്നതുകൊണ്ടു മാത്രം ഒരാളും ബ്രഹ്മചാരിയാകുന്നില്ല.

കമന്റ് കുറച്ചു നീളം കൂടിയതുകൊണ്ട് എന്റെ ബ്ലോഗിൽ അത് ഒരു പോസ്റ്റാക്കി.ഇവിടെ അത് വായിക്കാം.http://paarthans.blogspot.com/2008/10/blog-post_20.html

Anonymous said...

“സാമൂഹ്യശീലമായി ബ്രഹ്മചര്യം‌ പാലിക്കാന്‍‌ നിര്‍‌ബന്ധിതമാകുന്ന പുരുഷനേക്കാള്‍ കടുത്ത അവസ്ഥയാണ് അങ്ങനെ ജീവിക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ത്രീകള്‍‌ക്കുള്ളത് ”
Did you make this statement on the basis of any case study you made or first hand information?
There is a vast difference between male and female sexuality.
This kind of misinformation occurs because a woman's sexuality is,most of the time, perceived from a man's view point or experience.
What Anil@blog says is nearer to the truth

Suraj said...

ചില ഭാഗങ്ങളില്‍ വ്യത്യസ്ഥാഭിപ്രായങ്ങളുണ്ടെങ്കിലും പോസ്റ്റ് വളരെ ഇഷ്ടമായി കൃഷ്ണാ ജീ.

പിന്നെ, യേശു ലൈംഗികമായ എല്ലാത്തില്‍ നിന്നും വിട്ടു നിന്നു എന്ന ഇമേജ് ഇന്ന് ലഭ്യമായ ബൈബിള്‍ പാഠങ്ങള്‍ തരുന്നതല്ലേ ? അതില്‍ ചരിത്രപരമായ സത്യം എത്രയുണ്ടെന്ന് ഉറപ്പില്ലല്ലോ.കൌമാരം മുതല്‍ മുപ്പതാം വയസ്സുവരെയുള്ള ആ പ്രശസ്തമായ ഗ്യാപ്പ് ഇന്നും പ്രഹേളികയല്ലേ ?
പാഠാന്തരങ്ങള്‍ പലത്.


പുരുഷലൈംഗികതയെ അടക്കുന്നതിനേക്കാള്‍ കടുപ്പമാണ് സ്ത്രീ ലൈംഗികത അടക്കുന്നത് എന്നത് ശരിയാണെന്ന് തോന്നുന്നില്ല. രണ്ടിലും രണ്ട് രീതിയിലാണ് ലൈംഗികാഗ്രഹങ്ങള്‍ ഉളവാക്കുന്ന ഹോര്‍മോണുകളും നാഡീപ്രക്രിയകളും പ്രവര്‍ത്തിക്കുന്നത്. ലൈംഗിക/അനുബന്ധ അവയവങ്ങള്‍ നേരിട്ട് ഉള്‍പ്പെടാത്ത പല കാര്യങ്ങളിലൂടെയും മനുഷ്യസ്ത്രീക്ക് ലൈംഗികാനുഭവം പരോക്ഷമായും അല്ലാതെയും ലഭിക്കുന്നുവെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വിശാലമായി പറഞ്ഞാല്‍ സ്ത്രൈണ ലൈംഗികത പുരുഷ ലൈംഗികതയെക്കാള്‍ suppressible ആണ് -പ്രകൃത്യാ തന്നെ. (അതെടുത്ത് മിസോജിനി വരെ നീട്ടുന്നത് പുരുഷാധിപത്യസമൂഹത്തിന്റെ മാനസികരോഗമാണെന്നതു വേറെകാര്യം)

കോമണ്‍ മാന്റെ(പ്രാരാബ്ധം:)യും പാര്‍ത്ഥന്‍ ജീയുടെയും കമന്റുകള്‍ പോസ്റ്റിന് അനുപൂരകമാകുന്നു. നന്ദി.

കൃഷ്‌ണ.തൃഷ്‌ണ said...

Dear Anonymous,
Thanks for your visit and appreciate your comment:

I am neither a medical expert nor conducted any researches on female sexuality in particular. As you mentioned, I wrote it from first hand information by reading various books, especially a book from Mr. Alfred Kinsey. You will notice that these writings were culture specific. Sexuality is such a varied subject that it is terrible to make any broad generalizations. I admit with Anil@blog as I know that men have more testosterone that causes sexual attraction. I am well aware that sexuality is not always just a physical thing. It is hard to pin all these things down, because humans are pretty complex creatures. If we talk about LUST (thr~shNa), it is partly physical and partly mental, hence there is not much room for generalizations. (I knew this while writing these)

Sooraj,

Please correct me medically like this. Thank you for your great comment.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ക്രിസ്തു ഒരു ലൈംഗീക വിരോധി ആയിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. വിവാഹം, കുടുംബ ജീവിതം എന്നിവയ്ക്കുള്ള പ്രായം ആയ്പ്പോഴെയ്ക്ക് അങ്ങേര്‍ ഈ ലോകത്തുനിന്ന് പോയി.
10 വയസ്സില്‍ മരിച്ച ഒരു കുട്ടിയെപറ്റി ആരെങ്കിലും ചരമപ്രസംഗത്തില്‍ 'അവന്‍ ബ്രഹ്മചാരി ആയിരുന്നു' എന്ന് പറയുമോ?
പിന്നെ ഒരു വേശ്യയെ കുറെ ആള്‍ക്കാര്‍ കല്ലെറിയാന്‍ ക്രിസ്തുവിന്റെ അടുത്തു കൊണ്ടുചെന്നു. ഒരു ലൈംഗീക വിരോധി ആയിരുന്നെന്കില്‍ ആദ്യത്തെ കല്ല്‌ ക്രിസ്തു എറിഞ്ഞേനെ. അല്ലെ?
സത്യത്തില്‍ ക്രിസ്തു സ്ഥാപിച്ചതല്ല ഈ ക്രിസ്തു മതം. പുരോഹിതന്മാര്‍ വേണമെന്നോ, ബ്രഹ്മചര്യം പാലിക്കനമെന്നോ അങ്ങേര്‍ പറഞ്ഞിട്ടില്ല. വെറുതെ എന്തിനാ അങ്ങേരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്??

jeff said...

ഈ പൌലോസ് കെട്ടിച്ചമച്ച ന്യായപ്രമാണങ്ങളിലൂടെയാണ്‌ ആദികാല ക്രൈസ്തവസഭ നിലവില്‍ വന്നത്. തികച്ചും അസെക്‌ഷ്വലായിരുന്ന പൌലോസ് നിര്‍മ്മിച്ച ന്യായപ്രമാണങ്ങളില്‍ മറ്റുള്ളവര്‍ തന്നെപ്പോലെ ആയിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നതു സ്വാഭാവികം. സകല മനുഷ്യരും എന്നെപ്പോലെ അവിവാഹിതരായി ജീവിക്കണമെന്നും മറ്റും യേശു പറഞ്ഞിട്ടുള്ളതായി എഴിതിച്ചേര്‍ത്ത്‌ ന്യായപ്രമാണങ്ങള്‍ ചമക്കുകയും മനുഷ്യനിലെ കാമവികാരത്തെ നിയന്ത്രിക്കുകയും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്ത്‌ ഏവരേയും തന്നെപ്പോലെ തികഞ്ഞ അസെക്‌ഷ്വലാക്കാന്‍ പൌലോസ്‌ പ്രമാണങ്ങള്‍ ചമച്ചു. അതു വഴി അവരില്‍ ഭക്തി വളര്‍ത്താന്‍ കഴിയുമെന്നും പ്രത്യാശിച്ചു.

പുരോഹിതന്‍മാര്‍ ഏവരും തന്നെപ്പോലെ കാമരാഹിത്യമുള്ളവരായിരിക്കണമെന്ന വാശിയോടെ പൌലോസ്‌ 'പുതിയനിയമങ്ങള്‍' തീര്‍ത്തു. സ്ത്രീസംസര്‍ഗ്ഗത്തില്‍ പെട്ടു മലിനമാകാത്തവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തിലെ സംഗീതം കേള്‍ക്കുവാന്‍ കഴിയൂ എന്നും മറ്റും തിരുവചനമായി എഴുതിച്ചേര്‍ത്ത്‌ അടിച്ചമര്‍ത്തിയ കാമത്തിലൂടെ പുരോഹിതരെ തീവ്രഭക്തിയിലേക്കു നയിക്കാനാകുമെന്നും പൌലോസ് പ്രത്യാശിച്ചു. സ്‌ത്രീയും‌ പുരുഷനും‌ തമ്മിലുള്ള ബന്ധം‌ പാപമാണെന്നും‌, സ്ത്രീപുരുഷശരീരങ്ങളുടെ സംഗമം പാപമാണെന്നും, ഈ പാപം ദൈവത്തിനു അപ്രീതിയുണ്ടാക്കുന്നതാണെന്നും, ഈ പാപത്തില്‍‌ നിന്നും‌ ജനതതിയെ രക്ഷിക്കാനായി അവതരിച്ചവനാണ് യേശു
learn a bit about st paul and read bible before writing st paul insist a bishop or a priest to be married and should have children and he also insist men and women not to be single read two pages of bible 1 timothy (1tim3)

Kuttettan said...

പലയിടത്തും വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ഒരു തിരുത്ത്‌ നല്‍കാന്‍ വേണ്ടി ആണ് ഈ കമന്റ്‌ .
ക്രിസ്തുവിനു ശേഷം കാലങ്ങള്‍ കഴിഞ്ഞു ശൌല്‍ ആണ് ക്രിസ്തു മതം പ്രച്ചരിപിച്ചത് എന്ന് കണ്ടു . തെറ്റാണ് .
ക്രിസ്തു ശിഷ്യന്മാര്‍ എല്ലാവരും ക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം ക്രിസ്തുവിന്റെ സന്ദേശം അറിയിക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പോയിരിന്നു അത്തരത്തില്‍ തോമ ശ്ലീഹ ഭാരതത്തിലും വന്നു .
റോമന്‍ ഭാഷയില്‍ പോല്‍ എന്ന് വന്നതല്ല ക്രിസ്തുവിന്റെ അനുയായി ആയതിനു ശേഷം പോല്‍ എന്നാ പേര്‍ സ്വീകരിച്ചതാണ്‌ .
ക്രിസ്തു ശിഷ്യന്മാരില്‍ യോഹന്നാന്‍ ഒഴികെ എല്ലാവരും ക്രിസ്തുവിന്റെ ആശയങ്ങള്‍ പ്രച്ചരിപ്പിക്കുന്നതിനിടയില്‍ കൊല്ലപെടുകയായിരുന്നു .
കത്തോലിക്കാ സഭയിലെ പുരോഹിതന്മാരുടെ ബ്രഹ്മചര്യം കണ്ടു കൊണ്ട് അന്ന് മുതല്‍ അത്തരത്തില്‍ ആണ് എല്ലാ ക്രിസ്ത്യാനികളും എന്ന് ധരിക്കുന്നതും തെറ്റ് .
എ ഡി 350 ലെ നിഖ്യ സുന്നഹദോസില്‍ ഇത് ചര്‍ച്ചക്ക് വരുകയും കത്തോലിക്കര്‍ ബ്രഹ്മചര്യം സ്വീകരിക്കുകയും ആണ് ചെയ്തത് .
പൗലോസ്‌ വലിയ ഒരു ചിന്തകന്‍ ആയിരുന്നു ക്രിസ്തുവിന്റെ ആശയങ്ങളെ താത്വികമായി വ്യാഖ്യാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു അതെ പോലെ തന്നെ ഹിപ്പോയിലെ അഗസ്ഥിനസും ക്രിസ്തു മതത്തിനു താത്വിക അടിത്തറ നല്‍കാന്‍ സഹായിച്ചു .
ഏതാണ്ട് 110 കോടിയോളം വരുന്ന കത്തോലിക്കര്‍ അല്ലാത്ത ഇതര സഭകളില്‍ പുരോഹിതരുടെ വിവാഹം നിഷിദ്ധമല്ല എന്നത് കൂടി ചേര്‍ത്ത് വായിക്കുകയും വേണം