Friday, October 24, 2008

സ്‌ത്രീകളെ തൊട്ടുകൂടാതാക്കിയ ആര്‍ത്തവം

അനില്‍@ ബ്ലോഗിന്റെ ഋതുമതിയാകുന്ന ദൈവം എന്ന പോസ്റ്റിനു ഒരു കമന്റായി എഴുതാന്‍ തീരുമാനിച്ചത്‌ ഒരു പോസ്റ്റായി ഇവിടെ ഇടുന്നു. അനില്‍ ആര്‍ത്തവത്തിലെ ദൈവികതയെക്കുറിച്ചാണു ചോദിച്ചതെങ്കില്‍ ആര്‍ത്തവത്തിന്റെ പൌരാണികതയെക്കുറിച്ചാണ്‌ ഈ പോസ്റ്റ്.

ആര്‍‌ത്തവത്തിന്റെ ശാസ്‌ത്രം.
സ്‌ത്രീകളില്‍ ആന്തരികാവയവങ്ങളായ അണ്ഡാശയം, ഗര്‍ഭാശയം, യോനീനാളം, അണ്ഡവാഹിനി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാകുന്നതോടെ വന്നുഭവിക്കുന്ന ഒരു ശാരീരികപ്രക്രിയയാണ്‌ ആര്‍ത്തവം എന്നത്.
പ്രജനനപ്രക്രിയക്കു സ്‌ത്രീയെ സജ്ജമാക്കുന്ന ഈ പ്രക്രിയ എല്ലാ സസ്തനികളിലുമുണ്ട്. എന്നാല്‍ ഈ പ്രക്രിയയെ മനുഷ്യന്റെ മറ്റു ശാരീരികപ്രക്രിയകളേക്കാളേറെ നിന്ദ്യവും നികൃഷ്ടവുമാക്കി മാറ്റിനിര്‍ത്തിയതെന്തുകൊണ്ട്?

ആര്‍‌ത്തവവും‌ ആചാരങ്ങളും
ഋതുമതിയാകുന്ന സ്‌ത്രീകളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന ഒരു ആചാരത്തിന്റെ ഇങ്ങേയറ്റത്താണു നാമിപ്പോള്‍ നില്‍ക്കുന്നതെങ്കിലും ഇന്നും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലാ എന്നുള്ളത്‌ നമുക്കറിയാം. മാസമുറയോടു ചേര്‍ന്നുള്ള നാലുദിവസങ്ങളില്‍ സ്‌ത്രീകളെ തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തുകയും അവരെ 'തീണ്ടാരിപ്പുരയിലും" "ഉരപ്പുര" കളിലുമൊക്കെ മാറ്റി താമസിപ്പിക്കുകയും ചെയ്തിരുന്നതായി കേരളത്തിലെ പല സാമൂഹികപഠനഗ്രന്‌ഥങ്ങളില്‍ നിന്നും നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ഈ ഒരു ആചാരത്തെക്കുറിച്ചു വായിച്ചപ്പോള്‍ ആദ്യമായി കേരളത്തിലെ ഒരു ആചാരത്തോടു അത്യധികമായ ബഹുമാനം തോന്നി. അതു മറ്റൊന്നുകൊണ്ടുമല്ല, സോദ്ദേശ്യപരമല്ലെങ്കില്‍ കൂടി ഈ ആചാരത്തിന്റെ മറവില്‍ അക്കാലങ്ങളില്‍ സ്‌ത്രീകള്‍ക്കു വീണുകിട്ടിയിരുന്ന ഒരു "വിശ്രമ" ത്തെക്കുറിച്ചോര്‍ത്തതിനാലാണ്‌. അതിന്റെ വില അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ്‌.

വീട്ടിലെ അടുക്കളയില്‍ 'വെച്ചും വിളമ്പിയും എച്ചിലെടുത്തും' അഹോരാത്രം അധ്വാനിക്കുകയും, കുടുംബത്തിലെ പുരുഷപ്രജകളുടെ എല്ലാ വിധ 'എക്‌സ്‌ട്രീം' നിലപാടുകളോടു സന്ധിചെയ്തും ഉരുക്കഴിഞ്ഞ ഒരു പിടി ജന്‍മങ്ങള്‍ക്ക്‌ മാസത്തില്‍ നാലുദിവസം വീണുകിട്ടിയിരുന്ന ഈ ഒരു 'അവധി' വളരെ വലുതായിരുന്നു. ഈ കാര്യത്തില്‍ ഈ ആചാരത്തോട്‌ എനിക്കു ബഹുമാനമുണ്ടായി. സ്‌ത്രീകളൂടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ ബഹുമാനുള്ളൂ. എന്നാല്‍ ഇവരുടെ ശാരീരിക ആരോഗ്യകാര്യത്തില്‍ ഈ ആചാരം പുലര്‍ത്തിപ്പോന്ന ശീലങ്ങളോട്‌ എനിക്കു തികഞ്ഞ വിയോജിപ്പു തന്നെയാണ്‌.

മാസമുറ തുടങ്ങി നാലാം ദിവസം വരെ കുളിക്കാനോ, വസ്ത്രം മാറാനോ അനുവാദമില്ലാതെ, മറ്റുള്ളവരുടെ കണ്‍വെട്ടത്തിനകലെ ഇരുട്ടുമുറികളില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക്‌ വളരെ ശുഷ്കമായ രീതിയിലെ ഭക്ഷണങ്ങളും കൊടുത്തിരുന്നുള്ളൂ. രക്തസ്രവത്താല്‍ ക്ഷീണിതവും മലിനവുമായിക്കൊണ്ടിരിക്കുന്ന ശരീരത്തെ അത്യധികം ആരോഗ്യത്തോടെയും ശുചിത്വത്തോടെയും വളരെ hygiene ആയി സൂക്ഷിക്കേണ്ട സമയത്ത്‌ ഇങ്ങനെ ശുചിത്വമില്ലായ്മ അനുശീലിക്കണമെന്ന ആചാരനിയമത്തോട് എങ്ങനെ യോജിക്കാന്‍ കഴിയും?

ആര്‍ത്തവത്തെ അകറ്റിനിര്‍ത്തുന്ന സമ്പ്രദായം കേരളത്തില്‍ മാത്രമുണ്ടായിരുന്നതല്ല. അതു അതിപ്രാചീനകാലം മുതലേ ലോകത്താകമാനം നിലനിന്നുപോന്ന ഒരു ആചാരമായിരുന്നു. ആദിമമനുഷ്യന്‍ ഈ ആര്‍ത്തവത്തിനു മുന്നില്‍ അന്ധാളിച്ചു നിന്നിട്ടുണ്ട്. (ഫ്രാങ്ക് ലോണ്ടര്‍ "ബ്ലൂ ലഗൂണ്‍" എന്ന ചിത്രത്തിലൂടെയും, മലയാളത്തില്‍ ഐ. വി. ശശി "ഇണ" എന്ന ചിത്രത്തിലൂടെയും ഈ അന്ധാളിപ്പിന്റെ ഒരു രൂപരേഖ കോറിയിട്ടിട്ടുണ്ട്.) ഏതോ ഒരു അദൃശ്യശക്തി സ്‌ത്രീകളെ പ്രാപിക്കുന്നതിനാലാണ്‌ രക്തസ്രാവമുണ്ടാകുന്നത്‌ എന്നായിരുന്നു അവരുടെ വിശ്വാസം. ആയതിനാല്‍ ആ സമയങ്ങളില്‍ സ്‌ത്രീകളെ ദൈവത്തിന്റെ പ്രതീകമായിപോലും വിശ്വസിച്ചുപോന്നു.

പാപ്പുവന്‍ വര്‍ഗ്ഗക്കാരുടെ വിശ്വാസപ്രകാരം രാത്രികാലങ്ങളില്‍ ചന്ദ്രന്‍ ഉറങ്ങിക്കിടക്കുന്ന കന്യകമാരെ പ്രാപിക്കുന്നതിനാലാണ്‌ അവര്‍ ഋതുമതികളാകുന്നതെന്നായിരുന്നു. ആയതിനാല്‍ ഈ സമയങ്ങളില്‍ സ്‌ത്രീകളില്‍ ദിവ്യശക്തി ഉണ്ടാകുമെന്നും അവരുടെ അടുത്തേക്കു പോകരുതെന്നുമായിരുന്നു അവരുടെ വിശ്വാസം. ഈ വിശ്വാസത്തില്‍ നിന്നാണ്‌ ഇംഗ്ലീഷില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ആര്‍ത്തവസമയത്തെ "moon time" എന്നു പറയുന്നത്‌. ഇറ്റാലിയന്‍ സംസ്കൃതിയില്‍ മരിച്ചുപോയ മുത്തശ്ശിമാര്‍ വന്ന്‌ തന്റെ പേരക്കുട്ടികളെ പ്രജനനത്തിനു പാകമാക്കിപ്പോകുന്നതുകൊണ്ടാണ്‌ ആര്‍ത്തവമുണ്ടാകുന്നതെന്നായിരുന്നു വിശ്വാസം. ആയതിനാല്‍ മാസാമാസമുള്ള ആര്‍ത്തവത്തെ അവര്‍ "grandma visit" എന്നാണ്‌ ഇന്നും വളരെ കൊളോക്വിയലായി പറയുന്നത്.

ആര്‍‌ത്തവവും‌ മതങ്ങളും.
തൊട്ടശുദ്ധമാക്കാന്‍ പാടില്ലാത്തതാണല്ലോ ദൈവം. അതു കൊണ്ടു തന്നെ ദൈവസാന്നിദ്ധ്യമുള്ള സമയത്ത്‌ സ്‌ത്രീയേയും തൊടാന്‍ പാടില്ല എന്നവര്‍ വിശ്വസിച്ചുപോന്നു. കാലക്രമത്തില്‍ ദൈവത്തിന്റെ സ്‌ഥാനം മാറി, അതു പിശാചു കൈയ്യടക്കി. ഏതോ പൈശാചികശക്തി സ്‌ത്രീകളില്‍ കൂടിയിരിക്കുന്നതുകൊണ്ടാണ്‌ മാസംതോറും സ്‌ത്രീകളില്‍ രക്തസ്രാവമുണ്ടാകുന്നതെന്നു അവന്‍ വിശ്വസിക്കാന്‍ തുടങ്ങി. സ്‌ത്രീകളില്‍ ആര്‍ത്തവസമയത്തുണ്ടാകുന്ന അസ്വസ്ഥതകളെ പിശാചിന്റെ ബാധയായി കണക്കാക്കി തുടങ്ങി; അവളെ അകലത്തില്‍ വെച്ചു തുടങ്ങി.

ക്രൈസ്‌തവസഭയില്‍ സ്‌ത്രീകള്‍ക്ക് പുരോഹിതസ്‌ഥാനം നല്‍കാന്‍ കഴിയില്ലാ എന്ന നിയമത്തിന്റെ ആധാരം തന്നെ അവരിലെ ആര്‍ത്തവമാണ്‌. ആര്‍ത്തവസമയത്ത് സ്‌ത്രീ മതപരമായി അശുദ്ധയാകുന്നതിനാല്‍, പുരോഹിതകര്‍മ്മങ്ങള്‍ക്ക്‌ സ്‌ത്രീയെ നിയോഗിക്കാന്‍ കഴിയില്ലാ എന്നാണ്‌ അതിനുള്ള ഭാഷ്യം. ശബരിമലയിലെ സ്‌ത്രീകളുടെ പ്രവേശനത്തെ തടയുന്നതിലെ യുക്തിയായി പൊന്തിവന്നതും ഇതേ ആര്‍ത്തവം തന്നെ.

കേരളത്തില്‍ സ്‌ത്രീകള്‍ രജസ്വലയായിരിക്കുന്ന വേളയില്‍ കിണര്‍ ,കുളം മുതലായവ തൊടാന്‍ പാടില്ല എന്ന അലിഖിത നിയമങ്ങളുണ്ടായിരുന്നു. ഇന്നുമുണ്ട്‌. 'തീണ്ടാരി'പ്പെണ്ണു ഉമ്മറത്തു വരികയോ, അയല്‍വക്കങ്ങളില്‍ പോവുകയോ, അറവാതിലിന്റെ മുന്നില്‍ വരികയോ, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയോ, ക്ഷേത്രദര്‍ശനം നടത്തുകയോ, ഈശ്വരസ്‌മരണ ചെയ്യുകയോ ഒന്നും പാടില്ലായിരുന്നു.

ഋതുവായ പെണ്ണിനുമിരപ്പവനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:

ഈശ്വരഭജനത്തിനു ആര്‍ത്തവം ബാധകമല്ല എന്നു എഴുത്തച്ഛന്‍ ഈ വരികളിലൂടെ പറഞ്ഞിട്ടുണ്ട്. പക്ഷേ നമ്മള്‍ക്ക്‌ ശീലങ്ങള്‍ മാറ്റുവാനുള്ളതല്ലല്ലോ, ശീലിക്കുവാനുള്ളതല്ലേ.

ഇസ്ലാം മതത്തില്‍ സ്‌ത്രീകളിലെ ആര്‍ത്തവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കുറവാണ്‌. മുഹമ്മദ് നബി ആര്‍‌ത്തവത്തിന്റെ തൊട്ടുകൂടായ്‌മയെ അത്രകണ്ട് അം‌ഗീകരിച്ചിരുന്നില്ല. അദ്ദേഹം‌ തന്റെ ഭാര്യ ആയിഷയോടെ ആര്‍‌ത്തവസമയത്ത് പള്ളിയില്‍‌ നിന്നും‌ ഒരു തടുക്ക് (ഇരിക്കാനുള്ള പായ) എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ ആര്‍ത്തവ അശുദ്ധിയെക്കുറിച്ചു ആയിഷ നബിയെ ഓര്‍‌മ്മപ്പെടുത്തി. അപ്പോള്‍‌ ‘അത്‌ കയ്യിലല്ലല്ലോ' എന്ന്‌ അദ്ദേഹം‌ പറഞ്ഞതായി ഹദിസ്സില്‍‌ വിവരിക്കുന്നുണ്ട്. ആര്‍‌ത്തവസമയത്തുപോലും‌ പള്ളിയില്‍‌ കയറാന്‍‌ സ്ത്രീകളെ അനുവദിച്ചിരുന്ന
ആയിഷയുടെ പരമ്പരക്കു പിന്നെ ദേവാലയം തന്നെ നിഷേധിക്കപ്പെട്ടതു എന്തുകൊണ്ടായിരിക്കാം? അത്‌ ഇവിടെ പറയേണ്ട വിഷയമല്ലാത്തതിനാല്‍ കൂടുതല്‍ വിവരിക്കുന്നില്ല.

ആര്‍ത്തവത്തിലെ ദൈവികത
ആര്‍ത്തവത്തിലെ ദൈവികതയെക്കുറിച്ചു അന്വേഷിച്ചാല്‍ നമുക്കു കിട്ടാവുന്ന ഉത്തരം ഇതു മാത്രമാണ്‌. സ്‌ത്രീയും പുരുഷനും അവനവന്റെ ദൈവങ്ങളില്‍ അവനവന്റെ വികാരങ്ങളും പ്രതീക്ഷിച്ചു. ദൈവത്തിനും തന്നെപ്പോലെ തന്നെ വിശപ്പുണ്ടാകുമെന്നും, തന്നെപ്പോലെ കാമാസക്തി ഉണ്ടാകുമെന്നും അവന്‍ വിശ്വസിച്ചുപോന്നു. തന്നെപ്പോലെ അണിഞ്ഞൊരുങ്ങാനും ആഭരണങ്ങളണിയാനും ദൈവത്തിനും ആഗ്രഹമുണ്ടാകുമെന്നു അവര്‍ വിചാരിച്ചു. അമ്പലങ്ങളിലെ നേദ്യവും പായസവും മറ്റും വഴിപാടു കഴിപ്പിക്കുന്നതിന്റേയും, ദേവിക്കു ഉടയാടയും താലിയും വഴിപാടായി കൊടുക്കുന്നതിന്റേയും, ദേവനെ മാലചാര്‍ത്തിക്കുന്നതിന്റേയും, ദേവദാസികളെ അമ്പലങ്ങളില്‍ പാര്‍പ്പിച്ചിരുന്നതിന്റേയും ഒക്കെ പൊരുള്‍, തന്റെ ദൈവത്തിനും തന്നെപ്പോലെ തന്നെ വികാരവിചാരങ്ങളുണ്ടെന്ന മനുഷ്യന്റെ തോന്നലില്‍ നിന്നുമാണ്‌.

സ്‌നേഹത്തിന്റേയും, തീവ്രപ്രണയത്തിന്റേയും, സ്ത്രീശക്തിയുടേയുമൊക്കെ ഭാരതീയപ്രതീകം പാര്‍വ്വതീദേവി ആയിരുന്നു. ലക്ഷ്മിയിലോ, സരസ്വതിയിലോ, ദുര്‍ഗ്ഗയിലോ ഒന്നും ആര്‍ത്തവം സംഭവിക്കുന്നതായി കഥകളില്ല. ഭാരതീയ ഗോത്രവര്‍ഗ്ഗങ്ങളില്‍ പാതിവ്രത്യം ഉയരങ്ങളില്‍ പുലരുന്ന ഒരു അനുശീലമാണ്‌. തന്നിലെ പാതിവ്രത്യത്തിന്റെ പരിശുദ്ധിക്കും, ദൈര്‍ഘ്യത്തിനും പാര്‍വതീദേവിയെയാണ്‌ ഭാരതസ്‌ത്രീകള്‍ ഉപാസിക്കുന്നത്‌. കേരളത്തിലെ "തിരുവാതിര'വ്രതവും, തിങ്കളാഴ്ചവ്രതവും, വടക്കേ ഇന്ത്യയിലെ'കര്‍വാ ചൌത്ത്' എന്ന പാതിവ്രത്യ വ്രതവും പാര്‍വതീപൂജയുടെ ഭാഗമാണ്‌.

ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളില്‍ ആസക്തി (ശക്തി)വര്‍ദ്ധിക്കുമെന്ന്‌ ശാസ്ത്രം തന്നെ പറയുന്നുണ്ട്. അപ്പോള്‍ തങ്ങള്‍ ഉപാസിക്കുന്ന ദേവതക്കും ഇതേ ശക്തി കൈവരുന്നുണ്ടെന്ന തോന്നലില്‍ സ്‌ത്രീകള്‍ ആരാധിച്ചുപോന്ന ഒരു ആരാധനാക്രമത്തിന്റെ ഇന്നത്തെ കെടുകെട്ട കച്ചവടമാണ്‌ ഈ തൃപ്പൂത്താറാട്ടും ഉടയാട ലേലവും മറ്റും.

ആര്‍‌ത്തവവും‌ വിശ്വാസങ്ങളും
രജസ്വലകളായ സ്‌ത്രീകള്‍ തൊട്ടാല്‍ വിത്തുകള്‍ മുളക്കാതിരിക്കുകയും, ചെടികള്‍ ഉണങ്ങിപ്പോവുകയും, കായ്‌കള്‍ കൊഴിഞ്ഞുപോവുകയും ഒക്കെ ചെയ്യുമെന്നു നമ്മള്‍ വിശ്വസിച്ചുപോന്നു. ആര്‍ത്തവസമയത്ത്‌ സ്‌ത്രീകള്‍ തൊട്ടാല്‍ വീണയുടെ തന്ത്രികള്‍ പൊട്ടിപ്പോകുമെന്നും, ആയതിനാല്‍ സംഗീതാദികലകളില്‍ പങ്കെടുക്കരുതെന്നുമൊക്കെ ഭാരതത്തില്‍ വിശ്വാസങ്ങളുണ്ട്.

രജസ്വലയായ സ്‌ത്രീകള്‍ സഭാമധ്യത്തില്‍ വരാന്‍ പാടില്ലെന്നു നിയമം തന്നെയുണ്ടായിരുന്നു ഭാരതത്തില്‍. മഹാഭാരതത്തില്‍ ചൂതില്‍ ജയിച്ച കൌരവപ്പടയുടെ മുന്നിലേക്കു പണയപ്പണ്ടമായി മാറിയ ദ്രൌപദി തന്റെ ഭര്‍ത്താക്കന്‍മാര്‍ വിളിച്ചിട്ടും വരാതിരുന്നത്‌ ദ്രൌപദി ആ സമയത്ത്‌ രജസ്വലയായിരുന്നതിനാലാണ്‌. അന്യന്റെ ഭാര്യയായ ഒരു സ്‌ത്രീയെ മുടിക്കുത്തില്‍ പിടിച്ചു വലിച്ചു കൊണ്ടുവന്നു മാനഭംഗം നടത്താന്‍ ശ്രമിച്ചു എന്നതിനേക്കാള്‍ സഭ അന്നു ദുശ്ശാസനനെ കുറ്റപ്പെടുത്തിയത് രജസ്വലയെ സഭാമധ്യത്തില്‍ കൊണ്ടുവന്നതിനാണ്‌ .

ആര്‍‌ത്തവം - ആഘോഷം
കേരളത്തില്‍ പെണ്‍കുട്ടികളുടെ ഋതുശാന്തിക്കല്യാണം അഥവാ 'തിരണ്ടുകുളി' കുരവയും ആര്‍പ്പുവിളികളുമൊക്കെയായി ആഘോഷിച്ചിരുന്നുവെന്നത്‌ ഇന്നത്തെ തലമുറക്കു കേട്ടുകേഴ്‌വി മാത്രമായിരിക്കുന്നു. തറവാട്ടില്‍ ഒരു പെണ്‍കുട്ടി പുടമുറിക്കു പാകമായി എന്ന ഒരു വിളിച്ചോതലായിരുന്നു അക്കാലങ്ങളിലെ ഈ തെരണ്ടുകല്യാണം എന്നു തകഴിയുടെ "കയറി "ല്‍ പറയുന്നുണ്ട്. കേരളത്തില്‍ 'നാലാംകുളി' എന്നത് വലിയൊരു ചടങ്ങായി കുടുംബങ്ങള്‍ കൊണ്ടാടിയിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളും മുറക്കാരും ചേര്‍ന്ന് കുരവയുടേ അകമ്പടിയോടെ അടുത്തുള്ള കുളത്തിലോ പുഴയിലോ പെണ്‍കുട്ടിയെ കുളിപ്പിച്ചു കൊണ്ടുവന്ന്‌ പുതുവസ്‌ത്രങ്ങളണിയിക്കുകയും മധുരപലഹാരങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. ഇതും കേരളത്തില്‍ മാത്രമുണ്ടായിരുന്ന ചടങ്ങല്ല. പ്രാചീനകാലം മുതല്‍, ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ നിലനിന്നുപോന്ന ഒരു ആചാരമായിരുന്നു 'ആദ്യത്തെ ആര്‍ത്തവ'ത്തെ ആഘോഷിക്കുക എന്നത്‌.

ആര്‍‌ത്തവം‌- ഇന്ന്
ഇന്നു സ്‌ത്രീയും പുരുഷനും ജോലി ചെയ്തു തുടങ്ങുകയും, വീടുകള്‍ അണുകുടുംബങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തതോടെ 'തീണ്ടാരി' എന്നൊന്നില്ലാതായി. സ്‌ത്രീകളിലെ ആര്‍ത്തവത്തെ മറയ്‌ക്കാനും മറക്കാനും വിവിധതരം കുത്തക കമ്പനികള്‍ ടി. വി. പരസ്യങ്ങളിലൂടെ മത്സരിക്കുന്നതു നമുക്കു നിത്യകാഴ്ചകളാണല്ലോ.

പണ്ടുകാലങ്ങളില്‍ 15 വയസ്സു കഴിയുന്നതോടെയാണ്‌ പെണ്‍കുട്ടികള്‍ ഋതുമതികളായിരുന്നതെങ്കില്‍ ഇന്നതു 10 വയസ്സിനു താഴെ തുടങ്ങുന്നു. കുട്ടികളിലെ ആരോഗ്യത്തെയാണതു കാണിക്കുന്നതെന്നാണ്‌ ആരോഗ്യശാസ്‌ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. (1860-ല്‍ പെണ്‍കുട്ടികള്‍ ഋതുവാകുന്ന പ്രായം ശരാശരി 16.6 വയസ്സായിരുന്നു. 1920-ഓടെ 14.6 വയസ്സും, 1950-ല്‍ 13.1 വയസ്സും ആയി കുറഞ്ഞുവന്നു. 1980-ഓടെ അത്‌ 12.5 വയസ്സായി കുറയുകയും 2010 എത്തുന്നതോടെ ഈ പ്രായം 10.1 വയസ്സിലെത്തുകയും ചെയ്യുമെന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌.)

വാല്‍‌ക്കഷണം‌
ശരീരശാസ്ത്രം വളരെയേറെ താഴേത്തട്ടിലേക്കിറങ്ങി വന്ന്‌ സാധാരണക്കാരനു മനസ്സിലാകുംവിധം എല്ലാം പറഞ്ഞും പഠിപ്പിച്ചും കൊടുത്തിട്ടും നമ്മള്‍ ഇതൊക്കെ വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനേക്കാളെല്ലാം കഷ്ടം ശാസ്ത്രത്തിന്റെ വലുപ്പം കൊണ്ടു വളര്‍ന്നുവന്ന ടി. വി. ചാനലുകള്‍ ഇതിനുനല്‍കുന്ന പ്രൊമോഷന്‍ കാണുമ്പോഴാണ്‌. വലിയ വിലകൊടുത്തു വാങ്ങാന്‍ ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നിടത്തോളം കാലം ദേവി തൃപ്പൂത്തായിക്കോണ്ടിരിക്കും. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച്‌ ദേവി മാസത്തില്‍ രണ്ടോ അതില്‍ കൂടുതലോ തവണ തൃപ്പൂത്താകാതിരുന്നാല്‍ ഭാഗ്യം.

16 comments:

കൃഷ്‌ണ.തൃഷ്‌ണ said...

സ്‌ത്രീയും പുരുഷനും അവനവന്റെ ദൈവങ്ങളില്‍ അവനവന്റെ വികാരങ്ങളും പ്രതീക്ഷിച്ചു. ദൈവത്തിനും തന്നെപ്പോലെ തന്നെ വിശപ്പുണ്ടാകുമെന്നും, തന്നെപ്പോലെ കാമാസക്തി ഉണ്ടാകുമെന്നും അവന്‍ വിശ്വസിച്ചുപോന്നു. തന്നെപ്പോലെ അണിഞ്ഞൊരുങ്ങാനും ആഭരണങ്ങളണിയാനും ദൈവത്തിനും ആഗ്രഹമുണ്ടാകുമെന്നു അവര്‍ വിചാരിച്ചു. അമ്പലങ്ങളിലെ നേദ്യവും പായസവും മറ്റും വഴിപാടു കഴിപ്പിക്കുന്നതിന്റേയും, ദേവിക്കു ഉടയാടയും താലിയും വഴിപാടായി കൊടുക്കുന്നതിന്റേയും, ദേവനെ മാലചാര്‍ത്തിക്കുന്നതിന്റേയും, ദേവദാസികളെ അമ്പലങ്ങളില്‍ പാര്‍പ്പിച്ചിരുന്നതിന്റേയും ഒക്കെ പൊരുള്‍, തന്റെ ദൈവത്തിനും തന്നെപ്പോലെ തന്നെ വികാരവിചാരങ്ങളുണ്ടെന്ന മനുഷ്യന്റെ തോന്നലില്‍ നിന്നുമാണ്‌.

അനില്‍@ബ്ലോഗ് said...

കൃഷ്ണ.തൃഷ്ണ,
മോശമായിട്ടില്ലെന്നു പറയാം. :)
അല്പം കൂടി നന്നാക്കാമായിരുന്നു.

ആര്‍ത്തവത്തിന്റെ ജൈവ പ്രക്രിയ കുറച്ചുകൂടി വിശദീകരിക്കാം,വേണമെങ്കില്‍ ഇതേപോലെ ഒരു ലിങ്ക്കൂടി കൊടുത്താല്‍ മതിയല്ലോ.

എനിക്കിപ്പോഴും പുരാണങ്ങളിലെ കാഴ്ചപ്പാടുകള്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്നു. ചില സ്ഥലങ്ങളില്‍ ദൈവികം എന്നു പറയുമ്പോള്‍,ചിലയിടങ്ങളില്‍ പിശാചാണ് മുന്നില്‍. ഏതായാലും പ്രധാന ചടങ്ങുകളില്‍ നിന്നെല്ലാം ഈ സമയം സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നു.

അണുകുടുംബങ്ങളുടെ വളര്‍ച്ചയോടെ സത്യത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായത്താണ് പുതു തലമുറ. മിനിട്ടിടവിട്ടു ടീവിയിലും മറ്റും വരുന്ന പരസ്യങ്ങള്‍ ഇതിനെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറ്റിയിരിക്കുന്നു എന്നു പറയാതെ വയ്യ.ചുരുങ്ങിയ പക്ഷം “ആര്‍ത്തവം“ എന്ന പദം ഉച്ചരിക്കാനുള്ള ചിലരുടെയെങ്കിലും നാണം മാറിയില്ലെ? അതു ഒരു പോസ്റ്റിറ്റീവ് അയ സംഗതിയായാണ് കണക്കാക്കപ്പെടണ്ടത്, വാണിജ്യതാല്‍പ്പര്യങ്ങള്‍ കാണായ്കയല്ല.

ദൈവികമായ എല്ലാം ആഘോഷിക്കപ്പെടട്ടെ. രാജാവിന്റെ പള്ളിയുറക്കം, പള്ളിനീരാട്ട് എന്നൊക്കെ പറയുന്നപൊലെ , പാര്‍വതിക്കാകുമ്പോള്‍ “തൃപ്പൂത്താറാട്ട്”.

Sapna Anu B.George said...

ഇത്ര സുന്ദരമായ ഒരു ലേഖനം ആരും കണ്ടില്ലെ?????

പാമരന്‍ said...

നല്ല ലേഖനം.

"പ്രജനനപ്രക്രിയക്കു സ്‌ത്രീയെ സജ്ജമാക്കുന്ന ഈ പ്രക്രിയ എല്ലാ സസ്തനികളിലുമുണ്ട്. "

ഇതു ശരിയാണോ? മനുഷ്യരിലേ ഉള്ളൂ എന്നു ഞാനെങ്ങനെയോ ധരിച്ചു വച്ചിരിക്കുന്നു.

അനില്‍@ബ്ലോഗ് said...

പാമരന്‍,
കൃഷ്ണ.തൃഷ്ണയുടെ ആ പരാമര്‍ശം ഒരു പരിധി വരെ ശരിയാണ്. കുരങ്ങുവര്‍ഗ്ഗങ്ങളില്‍ മനുഷ്യനില്‍ കാണുന്നതിനു സമാനമായ രീതിയില്‍ ആര്‍ത്തവം ഉണ്ടാവുന്നുണ്ട്.
വളര്‍ത്തു മൃഗങ്ങളിലും മറ്റും ഋതു ചക്രവുമായി ബന്ധപ്പെട്ട് രക്ത സ്രാവം കാണപ്പെടുന്നു.ഹോര്‍മോണ്‍ ലെവലുകളില്‍ പൊടുന്നനെ ഉളവാവുന്ന മാറ്റങ്ങളാണതിനു കാരണം, ഇതു മനുഷ്യനുമായി സാമ്യമില്ലെന്നു മാത്രം.

കൃഷ്‌ണ.തൃഷ്‌ണ said...

പാമരന്‍‌,
കമന്റിനു നന്ദി
അനിലിന്റെ കമന്റു ശ്രദ്ധിച്ചൂ കാണുമല്ലോ. മനുഷ്യനെപ്പോലെ രക്തം സ്രവിക്കുന്ന ആര്‍‌ത്തവം‌ കുരങ്ങുകളില്‍‌ കണ്ടുവരുന്നതായി പഠനങ്ങള്‍‌ പറയുന്നു. ഉറാം‌ഗ് ഉട്ടാനില്‍‌ 29 ദിവസത്തിലൊരിക്കലും‌ ചിമ്പാന്‍സികളില്‍‌ 37 ദിവസത്തിലൊരിക്കലുമാണ് ഇതു കണ്ടുവരാറുള്ളത് എന്ന്‌ ജന്തുശാസ്ത്രജ്ഞന്മാര്‍‌ പറയുന്നു. എന്നാല്‍‌ മറ്റു സസ്തനികളിലെ ആര്‍‌ത്തവം പലപ്പോഴും ശ്രദ്ധയില്‍‌പെടാനാകാത്തവിധം‌ ചെറുതായിരിക്കും. രക്തമയമായിരിക്കുകയുമില്ല്ല. പട്ടിയിലും‌ പൂച്ചയിലും‌ എല്ലാം‌ ഇതുണ്ട്. ജീവികള്‍ അതു നക്കി സ്വയം ശുചിയാക്കുന്നതിനാല്‍‌ അതു ശ്രദ്ധയില്‍‌ പെടുന്നില്ല.
മറ്റു ചില സസ്തനികളില്‍ അതു പ്രത്യേക ഒരു സീസണില്‍ മാത്രം‌ സം‌ഭവിക്കാറുണ്ട്. ജന്തുക്കളിലെ ഈ ആര്‍ത്തവം‌ തന്റെ ഇണയെ ആകര്‍‌ഷിക്കാനുള്ള ഒരു അടയാളമായും‌ ജീവികള്‍ ഉപയോഗിക്കുന്നു. വാവടുക്കുമ്പോള്‍ പശു അമറുന്നതും, കന്നി മാസങ്ങളില്‍‌ നായകള്‍‌ ഇത്തിരി നിലവിട്ടൂ പെരുമാറുന്നതുമൊക്കെ ഇതിന്റെ ഭാഗങ്ങളായി കരുതാം.

Babu /ബാബു said...

ചില സസ്തനികളിലെ അണ്ഡവിക്ഷേപത്തോടനുബന്ധിച്ചുള്ള ഗര്‍ഭാശയ ശ്രവങ്ങളെ ചിലര്‍ ആര്‍ത്തവമായി തെറ്റിദ്ധരിച്ചിരിക്കുന്നു. അതേക്കുറിച്ചും ഇതുപോലെ മനോഹരമായി ഒന്ന് വിശദീകരിച്ച് കൊടുക്കില്ലേ കൃഷ്ണ തൃഷ്ണേ.

കൃഷ്‌ണ.തൃഷ്‌ണ said...

അനില്‍, കമന്റിനും നിര്‍ദ്ദേശത്തിനും നന്ദി. പോസ്റ്റിന്റെ വിസ്താരഭയം കൊണ്ടാണു കൂടുതല്‍ എഴുതാതിരുന്നത്.

സപ്നാ,
ഇതു വഴി വന്നതിനു നന്ദി, കമന്റിനും.
പലരും വായിച്ചിട്ടുണ്ടാകും. വായിക്കുന്നവരൊക്കെ കമന്റ് അയച്ചുകൊള്ളണമെന്നില്ലല്ലോ. ഇതിനേക്കാളേറെ എത്രയോ വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ ഈ ബൂലോകത്തു വരുന്നു. പലപ്പോഴും വായിച്ചു മനസ്സിലാക്കി ഞാന്‍ ഒരു കമന്റ് എഴുതാതെ പോയ എത്രയോ പോസ്റ്റുകള്‍ ഉണ്ട്. പലപ്പോഴും സമയക്കുറവാണ്‌. ചിലപ്പോള്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്ന കമ്പ്യൂട്ടര്‍ ലഭ്യമല്ല, കൂടുതല്‍ സമയവും ആ വിഷയത്തിനു ഒരു മറുകമന്റ്‌ എഴുതാന്‍ എനിക്ക്‌ ആധികാരികമായ അറിവുണ്ടാകാറില്ല എന്നതാണു സത്യം. കമന്റുകള്‍ ഒരു വിഷയമല്ലല്ലോ സപ്‌നാ....

പാമരനും ബാബുവിനും നന്ദി.

smitha adharsh said...

നല്ല പോസ്റ്റ്...വരാന്‍ വൈകിപ്പോയി...
പറഞ്ഞു കേട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു .

മാണിക്യം said...

ലേഖനം നന്നായിരിക്കുന്നു.
“തന്റെ ദൈവത്തിനും തന്നെപ്പോലെ തന്നെ വികാരവിചാരങ്ങളുണ്ടെന്ന മനുഷ്യന്റെ തോന്നല്‍‌...”
പഴയകാലത്ത് വ്യക്തി-കുടുംബം‌ - കൂട്ടം‌ - അമ്പലം-ദൈവം- ഇങ്ങനെ ബന്ധപെട്ടിരുന്നു, അപ്പോള്‍ എല്ലാറ്റിനേയും ബന്ധിപ്പിക്കാനും ദൈവം തന്നെ .....
ഒരുകണക്കിനു നോക്കിയാല്‍
പണ്ടായിരുന്നു സ്ത്രീകള്‍ക്ക് കൂടുതല്‍ കരുതല്‍ കിട്ടിയിരുന്നത്,ആര്‍ത്തവ കാലത്ത് വിശ്രമവും, പ്രസവം കഴിഞ്ഞാല്‍ 90 അല്ലങ്കില്‍ 56 വരെ പൂര്‍‌ണ്ണ വിശ്രമം , ചൊവ്വയും വെള്ളിയും എണ്ണ തേച്ചു കുളി, അങ്ങനെ വളരെ അധികം ശ്രദ്ധയും പരിചരണവും അക്കാലത്തുണ്ടായിരുന്നു.
പിന്നെ വീട്ടു ജോലിയും കഠിനമായിരുന്നു, തീയടുപ്പിലേ ചൂട്, ഉരലില്‍ ഇടിച്ചു പോടിക്കുക, അമ്മിയില്‍ അരക്കുക, വെള്ളം കോരുക ഒക്കെ ആയാസപ്പെട്ട ജോലികള്‍ തന്നെ. അപ്പോള്‍ ബുദ്ധിയുള്ളവര്‍ അതൊരു ചിട്ടയാക്കി, ഋതുമതിയാകുന്ന സ്‌ത്രീകള്‍‌‌ക്ക് അടുക്കളയില്‍ കടന്നു കൂടാ കിണറില്‍ തൊട്ടുകൂടാ ,പിന്നെ പുറത്തിരിക്കുന്നതിനും കാരണങ്ങള്‍ ഉണ്ടായിരുന്നു.
എണ്ണതേച്ച കുളിപാടില്ല , കുളത്തില്‍ കുളിപാടില്ല , എന്നോക്കെ ഉണ്ടായിരുന്നു , ചൂടുവെള്ളത്തില്‍ മറപ്പുരയില്‍ ദേഹം കുളിക്കുകയും,വസ്ത്രം മാറുകയും ചെയ്തിരുന്നു.
അണുകുടുംബത്തില്‍ ആണിന്ന് സ്ത്രീകള്‍ക്ക്
കൂ‍ടുതല്‍ കഷ്ടപ്പാട് 4 ദിവസം പോയിട്ട് 4 മണിക്കുര്‍‌ പോലും വിശ്രമം ഇല്ല.ഗൃഹഭരണം, ഉദ്യോഗം എല്ലാം,പോയകാലത്ത് ജീവിച്ചവരാ സുകൃതംചെയ്തവര്‍‌ ഒന്നുമില്ലങ്കിലും ചുറ്റും സ്വന്തപെട്ടവരും വേണ്ടപ്പെട്ടവരും ഉണ്ടായിരുന്നു.

കൃഷ്‌ണ.തൃഷ്‌ണ said...

സ്‌മിത, ആദ്യമായാണിതു വഴി അല്ലേ? വന്നതിനും കമന്റിനും നന്ദി,

മാണിക്യം,
ചേച്ചീ എന്നു വിളിച്ചു പലരും സംബോധന ചെയ്യുന്നതു കണ്ടിട്ടുണ്ടിവിടെ, ഞാനും അങ്ങനെ വിളിക്കുന്നു..
ശരിയാണ്‌, പണ്ടു ജീവിച്ചവരായിരുന്നു സുകൃതം ചെയ്തവര്‍. അവര്‍ക്ക്‌ ഒരുപാടു ശാരീരികകഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു, പക്ഷേ അതൊക്കെ കാണുവാനും പങ്കുവെക്കാനും ചുറ്റും ആള്‍ക്കാരുമുണ്ടായിരുന്നു. അകത്തളമെങ്കില്‍ അകത്തളം അവര്‍ക്ക്‌ അവരുടേതായ ഒരു ലോകമുണ്ടായിരുന്നു. അണുകുടുംബത്തിലെ അമ്മമാരുടെ ആകുലതകള്‍ അതു പറയാനറിയാവുന്നര്‍ നന്നായി പറയട്ടെ...

Anonymous said...

nice post.....
though the way mensus was treated by earlier generation is v deplorable, it's thought provoking to realise the modern woman with all kinds of economic n gender liberations around her, still suffers silently thro days of periods! for most of the women esp as they age it's a time of extreme uncomfort pain and tiredness but they hardly get a break fr job or house chores! when ther r meetings scheduled papers pending decisions awaited no working woman can call boss(mostly a male boss) and say hey u know what i got periods let me take a break!!
only good thing is most of the new generation husbands r more sympathetic n dont mind even picking up sanitary napkins fr supermarkets. a welcome change fr a generation of males who pretended it's none of their business!!!

Anonymous said...

ആര്‍ത്തവ കാലങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന ഹിന്ദു സ്ത്രീകള്‍ പണ്ട്‌ അടുത്തുള്ള മുസ്ലിം വീടുകളില്‍ താമസിച്ചിരുന്നു. ഇസ്ലാമില്‍ ആര്‍ത്തവകാലത്തുള്ള സംയോഗം നിരോധിച്ചിട്ടുണ്ട്‌.

നന്ദകുമാര്‍ said...

കൃഷ്ണ പതിവുപോലെ നന്നായി. വിശദീകരണങ്ങളും, ചരിത്രത്തില്‍ നിന്ന് ഉദാഹരണങ്ങള്‍ ഒരുപാടുണ്ടെങ്കിലും പരത്തിപ്പറയാതെ കാച്ചിക്കുറുക്കിയെഴുതിയത് നന്നായി.
മണ്ഡലക്കാലത്ത് ഭക്തരുള്ള വീട്ടില്‍ ആരെങ്കിലും രജസ്വലയായാല്‍ അതു തീരുന്നതുവരെ അടുത്ത വീട്ടില്‍ മാറീത്താ‍മസിക്കുക്ക എന്നത് ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. പണ്ടൊക്കെ ആദ്യ ആര്‍ത്തവം വലിയൊരു ചടങ്ങായി നടത്തിയിരുന്നു പല സമുദായങ്ങളും. പിന്നെ പിന്നെ ഇപ്പോഴതു കുറഞ്ഞിട്ടുണ്ട്. എങ്കിലും വിശ്വകര്‍മ്മ, പുലയ (മറ്റു എസ്.സി/എസ്.ടി വിഭാഗം) സമുദായങ്ങളിലൊക്കെ ഇപ്പോഴും ആ ആചാരം അതേപോലെ നില്‍ക്കുന്നുണ്ട്, (‘കുഞ്ഞിക്കല്യാണം‘ എന്നാണ് അതിന്റെ പേര്)
പലയിടത്തും. മൂന്നാം ദിവസമോ നാലാം ദിവസമോ നാട്ടുകാരെ വിളിച്ചുകൂട്ടി സദ്യ കൊടുക്കുന്ന ഒരു ഏര്‍പ്പാടുമുണ്ട്. (മകളുടെ ‘കുഞ്ഞിക്കല്യണം‘ നടത്താന്‍ ബ്ലേഡ് കമ്പനിയില്‍ നിന്ന് പലിശക്ക് പണമെടൂത്ത് നിലയില്ലാ കടത്തിലായ ഒരാളെ എന്റെ നാട്ടില്‍ എനിക്കു നേരിട്ടറിയാം)
തമിഴ് നാട്ടില്‍ പലയിടത്തും ഇപ്പോഴും ശക്തമായി ഈ ആചാരം നിലനില്‍ക്കുന്നു. മറ്റൊരു വൈരുദ്ധ്യം സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവരിലാണ് ഈ ആചാരം കൂടുതല്‍ ഉള്ളത്, കേരളത്തിലായാലും തമിഴ് നാട്ടിലായാലും)

വിശദമായ കമന്റ് പിന്നെ. പോസ്റ്റിനു നന്ദി.

നന്ദന്‍/നന്ദപര്‍വ്വം

The Common Man | പ്രാരാബ്ധം said...

Well written!

Detailed comment later...

കൃഷ്‌ണ.തൃഷ്‌ണ said...

അനോണിമസ് 1,

അനോണിമസ്‌ 2

നന്ദകുമാര്‍‌

The Common Man പ്രാരാബ്ധം‌

എല്ലാവരുടേയും‌ കമന്റിനു നന്ദി. നന്ദി നന്ദി