Sunday, October 26, 2008

ഹിജഡകള്‍ - ജീവിതം പ്രഹേളികയാക്കിയ ജന്മങ്ങള്‍

(ഇതൊരു നീണ്ട പോസ്റ്റാണ്.~~~Readers patience requested~~~)

ആണത്തമില്ലാത്ത ആണിനെയും‌ പെണ്ണത്തമില്ലാത്ത പെണ്ണിനെയും‌ "ഹിജഡ" എന്നു പൊതുവേ പരിഹസിച്ചു വിളിക്കാറുണ്ട്. ഹിജഡ എന്ന വാക്കു സര്‍വ്വപ്രകാരേണ എതിരാളിയുടെ വ്യക്തിഹത്യക്കും പരിഹാസത്തിനും മാത്രമായി പ്രയോഗിക്കപ്പെടുന്ന ഒരു അവസ്ഥയും നമ്മുടെ സമൂഹത്തിലെ സമസ്തമേഖലയിലുമുണ്ട്. പരിഹസിക്കപ്പെടാനായി മാത്രം ഹിജഡയായി ജനിക്കുകയോ, ജീവിക്കുകയോ ചെയ്യുന്ന ഒരുപിടി ജന്മങ്ങളുടെ 'അപര സ്വത്വ'ത്തിലേക്കുള്ള സഫലമാകാത്ത ജീവിതയാത്രയുടെ ഒരു നേര്‍രേഖയാണ്‌ ഈ പോസ്റ്റ്.

കേരളം‌ വിട്ടു പുറത്തുപോയിട്ടില്ലാത്ത മലയാളികള്‍‌ ഹിജഡകളെ അധികം‌ കണ്ടിരിക്കാനിടയില്ല. ദേശാടനപ്പക്ഷികള്‍‌ നിലനില്‍‌പ്പില്ലാത്തിടത്തു നിന്നും‌ വയറും‌ സ്വത്വവും‌ സംരക്ഷിക്കാന്‍‌ സ്വീകാര്യമായ ഇടം തേടുന്നതുപോലെ കേരളത്തില്‍‌ ജനിക്കുന്ന ഹിജഡകള്‍ നിലനില്‍പ്പിനായി അന്യസം‌സ്‌ഥാനങ്ങളിലേക്കു ചേക്കേറുന്നതുകൊണ്ടാണ് കേരളത്തില്‍‌ ഹിജഡകളെ കാണാന്‍‌ കഴിയാത്തത്. അല്ലാതെ ദൈവത്തിന്റെ സ്വന്തം‌ നാടായതുകൊണ്ട്‌ ഹിജഡകള്‍‌ ഇവിടെ ജനിക്കാതിരിക്കുന്നതല്ല.

ഒരു പിടി അന്ധവിശ്വാസങ്ങളുടെ വള്ളിയില്‍‌ കെട്ടിയിട്ടിരിക്കുന്ന ആണും‌ പെണ്ണുമല്ലാത്ത നിര്‍‌ഭാഗ്യജന്‍‌മങ്ങളാണ് ഹിജഡകള്‍. പ്രകൃതിയുടെ പുരാതനത്വത്തിന്റെ ആഴങ്ങളില്‍‌ സ്വയം‌ നഷ്ടമാകുന്നവര്‍‌. പുരുഷനായി ജനിച്ച്‌ സ്ത്രീയിലേക്കു തിരിച്ചു മടങ്ങാനായി നടത്തുന്ന സഫലമാകാത്ത യാത്രയ്ക്കിടയില്‍‌ പരിഹസിക്കപ്പെട്ടും‌, വ്യഭിചരിക്കപ്പെട്ടും‌‌ വഴിയോരങ്ങളില്‍‌ ഭിക്ഷ യാചിക്കാന്‍‌ നിര്‍‌ബന്ധിതരാക്കിയും‌ പീഡാകുലമായ ജീവതം തള്ളിനീക്കുന്ന പരുഷശബ്ദങ്ങള്‍.

വടക്കേ ഇന്ത്യന്‍‌ സമൂഹത്തില്‍‌ ഹിജഡകള്‍‌ക്ക്‌ വലിയ സ്ഥാനങ്ങളൊന്നുമില്ലെങ്കിലും‌ അവിടെ നിലനില്‍‌ക്കുന്ന ചില അനാചാരങ്ങളും‌ അന്ധവിശ്വാസങ്ങളും‌ ഇക്കൂട്ടരുടെ നിലനില്‍‌പ്പിനു വലിയ രീതിയില്‍‌ സഹാ‍യകമാകുന്നുണ്ട്. ഹിജഡകള്‍‌ അനുഗ്രഹിക്കപ്പെട്ട ജനതകളാണെന്നും‌ ഇവര്‍‌ക്ക്‌ അനുഗ്രഹിക്കാനും‌ ശപിക്കാനും‌ കഴിവുണ്ടെന്നുമുള്ള അന്ധവിശ്വാസങ്ങള്‍‌ സഞ്ജീവനിപോലെ അവരുടെ ജീവിതത്തെ ഇന്നും‌ നിലനിര്‍‌ത്തുന്നു.

ഓരോ മനുഷ്യന്റെയും‌ ശരീരത്തിന്റെ സന്തോഷത്തെ കൂടി അം‌ഗീകരിക്കുന്ന വിധം‌ സാമൂഹികസമ്പ്രദായങ്ങള്‍‌ വളര്‍‌ന്നെങ്കില്‍‌ മാത്രമേ ആ സമൂഹം‌ വളര്‍‌ന്നു എന്നു പറയാനാകൂ. ഈ അളവുകോലു വെച്ചു നോക്കിയാല്‍‌ ഭാരതം‌ പുരാതനകാലത്ത്‌ ഇതര ലോകരാജ്യങ്ങളേക്കാള്‍‌ വളരെയേറെ മുന്നിലായിരുന്നു എന്നു നമുക്കു പല ഉദാഹരണങ്ങളിലൂടെ സാക്ഷ്യപ്പെട്ടിട്ടുള്ളതാണ്. വിദേശിയായ മാക്സ് മുള്ളര്‍‌ അതു ലോകത്തെ അറിയിച്ചിട്ടുമുണ്ട്. അതിന്റെ ഒരു ചെറിയ ഉദാഹരണമാണ് ‘മൂന്നാം‌ ലിം‌ഗ’മെന്നു ആധുനികശാസ്ത്രം‌ ശ്രേണീകരിച്ച ഹിജഡകളെക്കുറിച്ചുള്ള പുരാണകഥകളും‌ ഗുഹാക്ഷേത്രങ്ങളിലും‌ മറ്റും‌ കണ്ടുവന്ന നപും‌സക രതിശില്‍‌പ്പങ്ങളും‌.

ഭാരതത്തില്‍ ഹിജഡകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍‌ക്ക് വേദേതിഹാസങ്ങളോളം‌ പഴക്കമുണ്ട്. മനുസ്‌മൃതി മുതല്‍ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസകാവ്യങ്ങളില്‍ വരെ ‘നപുംസകങ്ങളെ‘ ക്കുറിച്ചു വിശദമാക്കുകയും അവര്‍ക്ക്‌ സമൂഹത്തില്‍ നല്‍കപ്പെട്ടിരുന്ന ജോലികളെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചും പറയപ്പെടുന്നു. അതിപുരാതനകാലം മുതല്‍ നിലനിന്നുപോന്ന ഒരു ജനസഞ്ചയത്തെ ‘മൂന്നാം ലിം‌ഗം‌’ (third gender) എന്ന ഒരു വേലിക്കെട്ടിനകത്തു മാറ്റി നിര്‍ത്തി ദുര്‍‌വ്യയം ചെയ്യപ്പെടുന്ന ഇന്നത്തെ സമൂഹ മന:സ്സാക്ഷിയെ ന്യായീകരിക്കാന്‍ നാം ഇനിയും വാക്കുകള്‍ തേടേണ്ടിയിരിക്കുന്നു. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌ ഇക്കഴിഞ്ഞ ആഴ്ച ബാംഗ്ലൂരില്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും മാനസിക പീഢനങ്ങള്‍ക്കും ഇരയാകേണ്ടിവന്ന ഒരു കൂട്ടം ഹിജഡകളുടെ വാര്‍ത്ത വായിച്ചതിനാലാണ്‌. വാര്‍‌ത്ത ഇവിടെ.

ഹിജഡകള്‍‌ പുരാണങ്ങളില്‍
അര്‍ദ്ധനാരീശ്വരസങ്കല്‍പ്പം ഇന്നും ഭാരതത്തില്‍ സജീവമാണ്‌. ശിവനും ശക്തിയും, പകുതി പുരുഷഭാവവും പകുതി സ്‌ത്രീഭാവവുമായി ഇഴചേര്‍ന്ന ഒരു ഈശ്വരസങ്കല്പം ഭാരതത്തിലെ ഹിജഡകളുടെ ഉത്പത്തിയുടെ കഥയാണു പറയുന്നത്. ഭാരതത്തിലെ ദേവകഥകളിലെ ദേവസഭയില്‍ സ്ത്രീപ്രകൃതിയായി അപ്സരസ്സുകളും, പുരുഷപ്രകൃതിയായി ഗന്ധര്‍വന്‍മാരും മൂന്നാം പ്രകൃതിയായി കിന്നരന്‍മാരുമുണ്ടായിരുന്നതായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഈ കിന്നരന്‍മാരുടെ പരമ്പരകളാണ്‌ ഭാരതത്തിലെ ഹിജഡകള്‍ എന്ന പ്രബലമായ ഒരു വിശ്വാസം നിലവിലുണ്ട്. കൊട്ടാരം സൂക്ഷിപ്പുകാരായും, കലവറ കാക്കുന്നവരായും, നൃത്ത്യാഭ്യാസകരായും ഒക്കെ ഹിജഡകള്‍ രാജസേവ ചെയ്തിരുന്ന കഥകളും സുലഭമാണ്‌. ലിംഗമില്ലാതെ ജനിച്ച തന്റെ സുഹൃത്തിനു ലിംഗം ദാനം നല്‍കിയതിന്റെ പേരില്‍ ഭൈരവന്റെ ശാപം ഏല്‍ക്കേണ്ടിവന്ന ഒരു യക്ഷന്റെ പരമ്പരകളാണ്‌ കിന്നരരെന്നും, തുടര്‍ന്നുള്ള ഹിജഡകളെന്നും ഒരു കഥ കൂടി നിലവിലുണ്ട്.

ശ്രീരാമന്‍ വനവാസയാത്രക്കുപോയ സമയം അയോദ്ധ്യാരാജ്യത്തിന്റെ അതിര്‍ത്തിവരെ രാമനെ അനുഗമിച്ച ജനങ്ങളോട്‌, എല്ലാ സ്‌ത്രീപുരുഷന്‍മാരും മടങ്ങിപ്പോകാന്‍ രാമന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ തങ്ങള്‍ സ്‌ത്രീകളോ പുരുഷന്മാരോ അല്ലാത്തതിനാല്‍ തിരികെപ്പോകാതെ ഹിജഡകള്‍ രാമന്‍ തിരികെ വരുംവരെ രാജ്യാതിര്‍ത്തിയില്‍ താമസിച്ചതായും അവരുടെ അചഞ്ചലമായ ഭക്തിയില്‍ സന്തുഷ്ടനായി "നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ട ജനത" യായി ജീവിക്കുമെന്നു രാമന്‍ അനുഗ്രഹിച്ചതായും ഒരു നാടോടിക്കഥയുണ്ട്.

വിരാടരാജ്യത്ത്‌ അര്‍ജ്ജുനന്‍ ഒരു വര്‍ഷക്കാലം ബൃഹന്നള എന്ന നപുംസകമായി ജീവിച്ചതിന്റേയും, ജീവിതാന്ത്യത്തോളം നപുംസകമായി ജീവിച്ച ശിഖണ്ഡിയുടെ ശൌര്യത്തിന്റേയും പ്രതികാരത്തിന്റേയും ഒക്കെ കഥകള്‍ മഹാഭാരതത്തിലുണ്ട്. ലോകത്തിലെ ഏറ്റവും സമഗ്രവും പുരാതനവുമായ ലൈംഗികവിജ്ഞാനഗ്രന്‌ഥമായി കരുതുന്ന വാത്‌സ്യായനമഹര്‍ഷിയുടെ കാമസൂത്രയില്‍ നപുംസകങ്ങളുമായി രതിയിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള പരാമാര്‍ശങ്ങളുണ്ട്. അതിപുരാതന ഗുഹാക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങളിലും, ഖജുരാഹോവിലെ ക്ഷേത്രശില്‍പങ്ങളിലുമെല്ലാം ഹിജഡകളെ ആലേഖനം ചെയ്തിരിക്കുന്നത്‌ ഇവര്‍ ഇന്ത്യയില്‍ ആദികാലം മുതല്‍ നിലനിന്നിരുന്ന ഒരു വര്‍ഗ്ഗമാണെന്നതിന്റെ പ്രത്യക്ഷമായ തെളിവുകളാണ്‌.

ആദ്യകാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ ദേവദാസികളോടൊപ്പം ഹിജഡകളേയും താമസിപ്പിച്ചിരുന്നു. ദേവദാസികളെ പ്രാപിക്കാന്‍ അവസരമില്ലാത്തതോ, അനുമതിയില്ലാത്തതോ ആയ മതപുരോഹിതന്‍മാരും പൂജാരികളും മറ്റും ഹിജഡകളില്‍ ലൈംഗികശമനം കണ്ടെത്തിയിരുന്നതായി പറയപ്പെടുന്നു.

ഗ്രീക്കു പുരാണങ്ങളിലും‌ നപും‌സകങ്ങളെക്കുറിച്ചുള്ള പരാമര്‍‌ശങ്ങളുണ്ട്. ഗ്രീക്കുപുരാണങ്ങളില്‍‌ പുരുഷന്‍‌മാര്‍‌ കുമാരന്‍‌മാരെ ഭോഗിക്കുന്ന ‘പെഡറാസ്റ്റി’എന്ന സ്വവര്‍‌ഗ്ഗരതിശീലം‌ സാമൂഹികസമ്പ്രദായമായിരുന്നതിനാല്‍‌ അതില്‍‌ നിന്നും‌ തികച്ചും‌ വിഭിന്നമായി ഉഭയലിം‌ഗത്തോടെ ജനിച്ച ഹെര്‍‌മ്മഫ്രോഡിത്തൂസ്‌ എന്ന രാജകുമാരന്റെ കഥ ഈ ‘മൂന്നാം‌ ലിം‌ഗം‌‘ അതിപുരാതനകാലം‌ മുതലേ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായി നരവം‌ശശസ്ത്രങ്ങള്‍‌ ചൂണ്ടിക്കാണിക്കുന്നു.

ഗ്രീക്ക്‌ പുരാണത്തിലെ കാമാസക്തയായ അഫ്രിഡിറ്റി ദേവി ഒരേ ദിവസം രണ്ടുദേവന്‍‌മാരുമായി (അപ്പോളോയും‌ ഹെര്‍മ്മസ്സും‌) രമിച്ചതില്‍ നിന്നുണ്ടായതാണ്‌ ദ്വിലിംഗിയായ ഹെര്‍മ്മഫ്രോഡിത്തൂസ് എന്നാണ് കഥ. രതിറാണിയായ സല്‍‌മാസിസ് ഹെര്‍മഫ്രോഡിത്തൂസ്‌ എന്ന അതികോമളനായ കുമാരനെ കണ്ടു മോഹിക്കുകയും‌ അവന്‍‌ തടാകത്തില്‍‌ നഗ്നനായി കുളിക്കാനിറങ്ങിയതുകണ്ടു കാ‍മഭ്രമത്താല്‍‌ അവനോടൊപ്പം‌ തടാകത്തില്‍‌ ചാടി അവന്റെ നഗ്നമേനി വരിഞ്ഞുമുറുക്കുകയും‌ ചെയ്തു. അതിനുശേഷം സല്‍മാസിസ്‌ തടാകത്തില്‍ നിന്നുകൊണ്ട്‌ തങ്ങളെ വേര്‍‌പിരിക്കരുതെന്നു ദൈവത്തോടു യാചിക്കുകയും‌, ദൈവം‌ സല്‍മാസിസിന്റെ പ്രാര്‍‌ഥന കേട്ടു അവരെ രണ്ടുപേരെയും‌ ഒന്നാക്കിയതിനാലാണ് ഹെര്‍മാഫ്രോഡിത്തൂസിനു സ്‌ത്രീയുടേയും‌ പുരുഷന്റേയും‌ ലിം‌ഗമുണ്ടായതെന്നും‌ കഥയുണ്ട്‌. കഥയെന്തായിരുന്നാലും‌ രണ്ടു ലിം‌ഗത്തോടെ ജനിക്കുന്നവരെ ഇം‌ഗ്ലീഷില്‍‌ ‘ഹെര്‍‌മ്മഫ്രോഡൈറ്റ്‌ ‘എന്നു വിളിക്കുന്നത് ഈ ഗ്രീക്കു കഥയുടെ അടിസ്‌ഥാനത്തിലാണ്.

ഇന്ത്യയില്‍‌ ഹിജഡകള്‍ക്ക്‌ ഒരു പുഷ്‌കലകാലമുണ്ടായിരുന്നുവെങ്കില്‍ അത്‌ മുഗള്‍ഭരണകാലത്താണ്‌. മുഗള്‍ഭരണകാലത്ത്‌ റാണിമാരുടെ അന്ത:പുരത്തിലെ കാര്യസ്‌ഥരായി നിയോഗിച്ചിരുന്നത്‌ ഹിജഡകളെയായിരുന്നു. റാണിമാരുടെ ചമയങ്ങള്‍ക്കും ചമത്‌കാരങ്ങള്‍ക്കും അകമ്പടിയായുണ്ടായിരുന്ന ഇവര "ഖ്വാജാ സരസ്സ്' എന്നാണറിയപ്പെട്ടിരുന്നത്. നിസാമിന്റെ ഭരണകാലത്ത്‌ ഹൈദ്രാബാദില്‍ എല്ലാ കുലീനകുടുംബങ്ങളിലും സ്‌ത്രീകളുടെ സേവകരായി ഹിജഡകളെ നിയോഗിച്ചിരുന്നു. നിസ്സാമിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന 'റഹ്‌മാന്‍‘ എന്ന ഒരു ഹിജഡയെ സ്വന്തമാക്കുന്നതിനായി നിസാമിന്റെ രണ്ടു ആണ്‍മക്കള്‍ തമ്മില്‍ പരസ്‌പരം കത്തിക്കുത്തുവരെയുണ്ടായിട്ടുള്ളതായി സിയാ ജഫ്രിയുടെ 'ദി ഇന്‍വിസിബിള്‍സ്‌" എന്ന പുസ്തകത്തില്‍ പറയുന്നു.

ഹൈദ്രാബാദിലെ നിസാം ഹിജഡകള്‍ക്കായി പ്രത്യേക വാസസ്ഥലവും ആരാധനാലയവുമൊക്കെ പണിതു നല്‍കിയിരുന്നതായും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മുഗള്‍ഭരണകാലത്ത്‌ ഹിജഡകളെ അവരുടെ അറിവും കഴിവും മാനദണ്ഡമാക്കി രാജസേവകര്‍ (ബാദ്‌ഷാവാല), മന്ത്രിസേവകര്‍ (വസീര്‍വാല), അന്ത:പുരസേവകര്‍ (ഖ്വാജാ സരസ്സ്‌)എന്നിങ്ങനെ മൂന്നു ശ്രേണികളിലായി തിരിച്ചിരുന്നുവത്രേ.

ഇംഗ്ലീഷില്‍ ഹിജഡകളെ 'യൂനക്" (eunuch) എന്നാണു വിളിക്കുന്നത്. ഗ്രീക്ക്‌ ഭാഷയില്‍ ഈ പദത്തിന്റെ അര്‍ത്ഥം 'കിടപ്പറ സൂക്ഷിക്കുന്നവര്‍' എന്നാണ്‌.

ഹിജഡകളുടെ സാമൂഹികശാസ്ത്രം‌
ഇത്തരം നിറമാര്‍ന്ന കഥകളുടെ ആഴങ്ങളിലേക്കു സ്വയമിറങ്ങിച്ചെന്നു പരിഹസിക്കപ്പെടുന്ന 'അനുഗ്രഹിക്കപ്പെട്ട ആ ജനത‘ ഇന്നു വഴിയോരങ്ങളില്‍ ഭിക്ഷയെടുത്തും സമൂഹമദ്ധ്യത്തില്‍‌ അപമാനിതരാകുന്നതിന്റെ പ്രതികാരമായി സമൂഹത്തിനു നേരെ 'വികൃത ഗോഷ്ടികള്‍‌‘ കാണിച്ചും ജീവിക്കുന്ന ദയനീയമായ ഒരു അവസ്ഥാവിശേഷമാണുള്ളത്‌. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ ഒന്നരലക്ഷത്തില്‍ പരം വരുന്ന ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം ഇവിടുത്തെ സമൂഹമനസ്സാക്ഷിയെ ഒരിക്കലും പൊള്ളിച്ചിട്ടില്ല എന്നതാണ്‌ സത്യം. ഹിജഡകള്‍ സ്വപ്നങ്ങളോ സ്വന്തമായ ചിന്തകളോ ഇല്ലാത്ത തൊണ്ടുമാത്രമായ ശരീരം ചുമക്കുന്നവര്‍ എന്ന മിഥ്യാധാരണയില്‍ ദയയില്ലാത്ത സദാചാര നിഷ്ഠ ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ സമൂഹം ഇവരെ ഭിക്ഷയെടുപ്പിക്കുന്നു.
ഇവര്‍ക്കു ജീവിക്കാനുള്ള അവകാശമില്ല, തൊഴില്‍ ചെയ്യാനുള്ള അവകാശമില്ല, അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമില്ല, സമൂഹത്തില്‍‌ അം‌ഗീകാരമില്ല. ഹോട്ടലുകളിലോ, ആശുപത്രികളിലോ പ്രവേശനമില്ല. വോട്ടവകാശമില്ല, എന്തിനുപരി ഒരു റേഷന്‍‌ കാര്‍‌ഡ്‌ സ്വന്തമാ‍ക്കാനുള്ള അവകാശം‌ പോലുമില്ല. ആണോ, പെണ്ണോ, മൃഗമോ അല്ലാത്തതിനാല്‍‌ ജനസം‌ഖ്യാക്കണക്കെടുപ്പില്‍‌ പോലും‌ ഇവര്‍‌ ഉള്‍‌പ്പെട്ടിട്ടില്ല. മനുഷ്യരായി ജീവിക്കാനുള്ള അടിസ്ഥാന സൌകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഒരു ജനത ഇരന്നും‌ ശരീരം‌ വിറ്റും‌ റെയില്‍വേ ട്രാക്കിന്റെ ഓരത്തും, വേശ്യാലയങ്ങളുടെ അരികത്തുമൊക്കെ കുടിലുകെട്ടി കൂട്ടമായി ജീവിക്കുന്നു. ഇവരില്‍ നിന്നും എന്തു മാന്യമായ പെരുമാറ്റമാണു സമൂഹം‌ പ്രതീക്ഷിക്കേണ്ടത്? എല്ലാ‍ ജീവജാലങ്ങള്‍‌ക്കും‌ ഇടം‌ നല്‍‌കണമെന്ന പ്രകൃതിയുടെ നിയമത്തിനെതിരെയുള്ള ഒരു വികര്‍‌മ്മത്തിലേക്കു മനുഷ്യനെ നയിക്കുന്ന അവന്റെ കപടസദാചാരത്തിന്റെ ഉദാത്തമായ ഉപോത്പന്നമാണ് നമ്മള്‍ ഭ്രഷ്ടു കല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഹിജഡകള്‍.

ഹിജഡകള്‍ എങ്ങനെയാണുണ്ടാവുക എന്ന ഒരു ചോദ്യം സ്വാഭാവികമായും ഇതു വായിക്കുന്നവരിലുണ്ടാകാം. ഹിജഡകളെ അവരുടെ തനതുരൂപത്തില്‍ സര്‍വ്വസാധാരണമായി കണ്ടു വരുന്നത് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ്‌. ജീവശാസ്ത്രപരമായി ഹിജഡകളെ ഒരു ജനറലൈസേഷന്‍ നടത്തി നിര്‍വച്ചിക്കുക അത്ര എളുപ്പമല്ല. ഹിജഡകളായി ജനിക്കുന്നവരുണ്ട്, ഹിജഡകളാക്കപ്പെടുന്നവരുണ്ട്, ഹിജഡകളായി ജീവിക്കാനായി ഇറങ്ങിവരുന്നവരുണ്ട്. ഇവരെയെല്ലാം ഒന്നായി നിര്‍വചിക്കുക അസാദ്ധ്യമാണ്‌. പക്ഷേ ഭാരതീയ സംസ്കൃതിയുടെ ഭാഗമാകാം, ഇവര്‍ക്കെല്ലാം പൊതുവായി ഒരു ഉപാസനാമൂര്‍ത്തിയുണ്ട്. ബഹുചരമാതാവ്‌ എന്നാണ്‌ ആ ദേവിയുടെ പേര്. അഹമ്മദാബാദിലെ സാന്‍പൂര്‍ എന്ന സ്‌ഥലത്താണ്‌ ഈ ദേവിയുടെ ക്ഷേത്രമുള്ളത്‌. പുരുഷലിംഗം വഴിപാടായി സ്വീകരിക്കുന്ന ദേവിയാണ് ബഹുചരമാതാവ് എന്നാണവരുടെ വിശ്വാസം‌.

ഹിജഡ എന്ന ‘മൂന്നാം‌ ലിം‌ഗ‘ വര്‍ഗ്ഗത്തെ ഭാരതത്തില്‍ മാത്രം കണ്ടു വരുന്നവര്‍ എന്ന രീതിയില്‍ പ്രാന്തവത്കരിച്ചു പലയിടങ്ങളിലും കണ്ടിട്ടുണ്ട്. അടിസ്ഥാനപരമായി സ്‌ത്രീയെന്നും പുരുഷനെന്നും രണ്ടു ലിംഗഭേദങ്ങള്‍ക്കപ്പുറം ഒരു "മൂന്നാം ലിംഗ" ത്തിലധിഷ്ഠിതമായ ലൈംഗികത ആഗോളതലത്തില്‍‌ എല്ലാ സമൂഹങ്ങളിലുമുണ്ടെന്നാണ്‌ നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുള്ളത്. മദ്ധ്യകിഴക്കന്‍ മേഖലകളിലെ 'ക്‌സാനിത്ത്', തായ്‌ലാന്റിലെ ‘കാത്തോയിസ്‘, ഫിലിപ്പൈന്‍സിലെ 'ബക്ള', ലാറ്റിനമേരിക്കയിലെ 'ട്രാന്‍സ്‌വെസ്റ്റിസ്', ഈജിപ്തിലെ 'സേഖത്ത്', നോര്‍ത്ത് അമേരിക്കയിലെ 'ഷി മെയില്‍' തുടങ്ങിയ വിവിധ ലൈംഗികവര്‍ഗ്ഗങ്ങളെല്ലാം ഈ മൂന്നാം ലിം‌ഗത്തിന്റെ വകഭേദങ്ങളാണെന്നാണ് നരവം‌ശശാസ്ത്രം‌ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഹിജഡകള്‍ക്കു സമാനമായി ഇസ്ലാം രാജ്യങ്ങളധികമുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ "ക്‌സാനിത്ത്" എന്ന ഒരു വിഭാഗമുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷത്തേയും പുരുഷവേശ്യയായിത്തന്നെയാണു സമൂഹം‌ കണക്കാക്കുന്നതും. ഇവര്‍ ഇന്ത്യയിലെ ഹിജഡകളെപ്പോലെ ലിംഗച്‌ഛേദനം നടത്തുന്നില്ല. ഒമാന്‍ രാജ്യത്തെ നിയമപ്രകാരം ക്‌സാനിത്തുകള്‍ക്ക്‌ ഒരു പുരുഷനു കിട്ടുന്ന എല്ലാ നിയമാനുകൂല്യങ്ങളും ലഭ്യമാണു താനും. പള്ളിയില്‍ പ്രവേശിക്കാനും ആരാധന നടത്തനും അനുവാദമുണ്ട്. അവര്‍ക്ക്‌ സ്ത്രീകളുമായി ഇടപഴകാനും വിവാഹത്തിനു വധുവിന്റെ പര്‍ദ്ദ നീക്കി മുഖം‌ കാണാനുമൊക്കെ അനുവാദവുമുണ്ട്. ക്‌സാനിത്തുകള്‍‌ ഒരു പുരുഷനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, വിവാഹം കഴിച്ചു ജീവിക്കാനുള്ള അനുവാദവുമുണ്ട്. അറബ്‌ വം‌ശത്തിലെ ബഹുഭൂരിപക്ഷം‌ പുരുഷന്‍‌മാരും‌‍‌ ക്‌സാനിത്തുകളുമായി രതിയിലേര്‍‌പ്പെടാന്‍‌ അതിയായ താത്പര്യമുള്ളവരാണ്. സ്‌ത്രീകളെ പ്രജനനത്തിനും‌ പുരുഷനെപ്പോലെയുള്ള ഇവരെ ശരീരസുഖത്തിനും‌ എന്നാണവര്‍‌ കരുതിപ്പോരുന്നത്.

നോര്‍‌ത്ത് അമേരിക്കയില്‍‌ ‘ഷി മെയില്‍’ എന്നു വിളിക്കുന്ന ഒരു വിഭാഗമുണ്ട്. സ്‌ത്രീകളെപ്പോലെ മാറിടവും‌ പുരുഷന്റേതുപോലെ വളര്‍‌ച്ചയെത്തിയ ലിം‌ഗവുമുള്ളവര്‍‌. ഇതു വായിക്കുന്ന ചിലരെങ്കിലും‌ ഇന്റര്‍‌നെറ്റുകളിലൂടെയും‌ ഇ-മെയിലുകളിലൂടെയും‌ മറ്റും‌ ഇത്തരം‌ ഷി-മെയിലുകളുടെ രതിലീലാചിത്രങ്ങള്‍‌ കണ്ടിട്ടുണ്ടാകും‌. ഇവരുമായി രതിയിലേര്‍‌പ്പെടാനായി അതീവതാത്പര്യം‌ സൂക്ഷിക്കുന്നവരും‌ അമിത തുക കൊടുത്ത്‌ ഇവരെ സ്വന്തമാക്കുന്നവരുമൊക്കെയടങ്ങിയ ഒരു പുരുഷവിഭാഗം‌ ഉണ്ടെന്നുള്ളത് അരോചകമായി ചിലര്‍‌ക്കൊക്കെ തോന്നാമെങ്കിലും‌ ആ സത്യത്തെ അവഗണിക്കാന്‍‌ കഴിയുമോ? അറബ്‌ വം‌ശജരാണ് ഇക്കൂട്ടരോട് കൂടുതല്‍‌ പ്രതിപത്തിയുള്ളവരെന്നും‌ പറയപ്പെടുന്നു. ഇതിവിടെ എഴുതിയത് ഇത്തരം‌ മൂന്നാം‌ ലിം‌ഗത്തില്‍‌ പെട്ട വര്‍‌ഗ്ഗങ്ങളെ ഒരിടത്തും‌ ‌ ഭാരതത്തിലെ ഹിജഡകളെപ്പോലെ പരിഹസിച്ചും‌ പാര്‍‌ശ്വവത്കരിച്ചും‌ നിര്‍‌ത്തിയിട്ടില്ല എന്നു പറയാനാണ്.

ഭാരതത്തിലെ ഹിജഡകള്‍‌ മാത്രം‌ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതിനു നിരവധി കാരണങ്ങളുണ്ട്. ഒരു പക്ഷേ ഇതര സമൂഹങ്ങളില്‍‌നിന്നും‌ വ്യത്യസ്തമായി ഇവര്‍‌ അനുശീലിച്ചുപോന്ന ചില ആചാര രീതികള്‍‌ തന്നെയാകാം‌ ‘സ്വയം വിന’ എന്ന പോലെ അവരെ സമൂഹത്തില്‍‌ നിന്നും‌ ഇത്രയേറെ അകറ്റിനിര്‍‌ത്തുന്നതും. ഭാരതത്തില്‍ മാത്രമാണ്‌ ഹിജഡകള്‍ അതിപ്രാകൃതമായ ഒരു ഗോത്രസംസ്കാരത്തിന്റെ ബാക്കിപത്രമായി തങ്ങളുടെ ലിംഗം ദൈവത്തിനു നല്‍കുന്നത്‌. ഇത്തരം‌ ആചാ‍രങ്ങള്‍‌ ഇന്നു നിലവിലില്ല എന്നു തന്നെ പറയാമെങ്കിലും തങ്ങളുടെ പൂര്‍വ്വികരുടെ ഈ വിധ ചില കുകര്‍മ്മങ്ങളുടെ ഭാരം ഇന്നത്തെ തലമുറ ചുമക്കുന്നുണ്ടെന്നുള്ളത്‌ മറയില്ലാത്ത ഒരു സത്യം മാത്രമാണ്‌. ഹിജഡകളുടെ ക്ഷേമപ്രവര്‍‌ത്തനങ്ങള്‍‌ക്കായി രൂപം‌ കൊണ്ടിട്ടുള്ള നിരവധി സം‌ഘടനകള്‍ ഇന്നു ഭാരതത്തിലുണ്ട്. ഇവരുടെയൊക്കെ ശ്രമഫലമായി ഇത്തരം‌ പ്രാകൃത ആചാരങ്ങളില്‍‌ നിന്നെല്ലാം‌ ഹിജഡകളെ മോചിപ്പിച്ചു വരുന്നുവെങ്കിലും‌ സമൂഹമനസ്സില്‍‌ അവരുടെ സ്‌ഥാനം‌ ഇന്നും‌ പഴയ രീതിയില്‍‌ തുടരുന്നു.

ഭാരതത്തിലെ ഹിജഡകള്‍ മറ്റുദേശത്തുള്ളവരെക്കാള്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നതില്‍‌ അവരുടെ വസ്‌ത്രധാരണത്തിനും‌ പ്രധാന പങ്കുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, എന്നിവിടങ്ങളിലെ സ്‌ത്രീകളുടെ പ്രധാന വസ്‌ത്രം സാരിയാണ്‌. പുരുഷരൂപത്തില്‍ ജനിച്ച്‌ സ്‌ത്രീപ്രകൃതിയായി ജീവിക്കാനാഗ്രഹിക്കുന്നവര്‍ സ്ത്രീകളുടെ വസ്ത്രധാരണത്തോടാണ്‌ ആഭിമുഖ്യം കാണിക്കുക. ആയതിനാല്‍ ഈ ദേശത്തുള്ള ഹിജഡകള്‍ ഈ ദേശത്തെ സ്‌ത്രീകളെപ്പോലെ സാരിയുടുത്തും, പൊട്ടുകുത്തിയും, തിളക്കമുള്ള ആഭരണങ്ങളണിഞ്ഞും ജീവിക്കുന്നു. സ്‌ത്രീകളും പുരുഷന്‍മാരും തമ്മില്‍ വസ്‌ത്രധാരണത്തില്‍ പ്രകടമായ ഇത്തരം വ്യത്യാസം മറ്റു ദേശങ്ങളില്‍ നിലവിലില്ലാത്തതിനാല്‍ അവിടങ്ങളിലെ ഹിജഡകളെ വളരെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുകയില്ല. പുരുഷന്റേതുപോലുള്ള പരുക്കന്‍ ശബ്ദത്തിലൂടെ മാത്രമേ അവരെ തിരിച്ചറിയാന്‍ കഴിയൂ.

ഹിജഡകള്‍ പൊതുവേ സ്വവര്‍ഗ്ഗരതിക്കാര്‍ ആണെന്നതാണ്‌ വിശ്വാസം. എന്നാല്‍ വിവിധ സമൂഹങ്ങള്‍ സ്വവര്‍ഗ്ഗരതിക്കു കണക്കാക്കപ്പെടുന്ന മാനദണ്ഡം വ്യത്യസ്തങ്ങളാകയാല്‍‌ ഹിജഡകളെ 'സ്വവര്‍ഗ്ഗരതിക്കാര്‍' എന്ന 'മൂന്നാം ലൈംഗികതയില്‍‘ ഉള്‍‌പ്പെടുത്താന്‍ കഴിയില്ലായെന്നാണ്‌ നരവംശശാസ്ത്രജ്ഞന്മാര്‍‌ അഭിപ്രായപ്പെടുന്നത്‌.

സ്വവര്‍ഗ്ഗരതിക്ക് വിവിധദേശങ്ങളില്‍ വിവിധ മാനങ്ങളാണുള്ളത്. സ്വവര്‍‌‌ഗ്ഗരതിയില്‍‌ ‘ദാതാവും‌‘ ‘ സ്വീകര്‍‌ത്താവും‌‘ പുരുഷനാണ്‌. മധ്യേഷ്യന്‍ രാജ്യങ്ങളിലും ഭാരതമുള്‍പ്പെടെയുള്ള ഇതര ഏഷ്യന്‍രാജ്യങ്ങളിലും ഭോഗിക്കപ്പെടുന്ന സ്വീകര്‍‌ത്താവായ പുരുഷന്‍ മാത്രമാണ്‌ സ്വവര്‍ഗ്ഗരതിശീലമുള്ളവരായി കണക്കാക്കപ്പെടുന്നത്‌. ഭോഗിക്കുന്ന ദാതാവായ പുരുഷന്‍ തികച്ചും പൌരുഷമുള്ളവനായി കണക്കാക്കുന്നു. എന്നാല്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ ഭോഗിക്കുന്ന പുരുഷനും സ്വവര്‍ഗ്ഗരതിയുള്ളവരാണെന്നു കണക്കാക്കുന്നു. ഇതിനും‌ പുറമേ സ്ത്രീയേയും പുരുഷനേയും ഭോഗിക്കുന്നതില്‍‌ തത്പരരായ bisexual എന്ന ഒരു വലിയ വിഭാഗം സാര്‍വത്രികമായി നിലനില്‍ക്കുന്നുമുണ്ട്. സ്വവര്‍‌ഗ്ഗരതിയില്‍‌ ഏര്‍‌പ്പെടുന്ന പുരുഷന്‍‌മാര്‍‌ സ്വലിം‌ഗികളാണ്. എന്നാല്‍‌ ഹിജഡകളാകട്ടെ, ലിം‌ഗരഹിതരും‌ കൂടുതല്‍‌ സ്‌ത്രൈണതയുള്ളവരുമാകയാല്‍‌ ഇവരെ സ്വവര്‍ഗ്ഗരതിയുടെ പട്ടികക്കുള്ളില്‍‌ ഉള്‍‌ക്കൊള്ളിക്കാനാകുന്നില്ല എന്ന ഒരു പ്രതിസന്ധി നരവം‌ശശാസ്ത്രജ്ഞന്‍‌മാര്‍‌ നേരിടുന്നുണ്ട്.

ഹിജഡകളുടെ ശരീരശാസ്‌ത്രം
പുരുഷനും സ്ത്രീയും സംയോഗിക്കുന്നിടത്ത്‌ പ്രജനനം സംഭവിക്കുന്നു. പ്രജനനം സാധിക്കാത്ത എല്ലാ ലൈംഗികതയും മൂന്നാം ലൈംഗികതയാണെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യശാസ്ത്രത്തിന്റെ കണക്കു പ്രകാരം 80,000-ല്‍ ഒരു പുരുഷന്‍ ഈ 'മൂന്നാം ലൈംഗികതയോടെ' ജനിക്കുന്നു. ഇതില്‍ ഉഭയലിംഗത്തോടെ ജനിക്കുന്നവരും, സ്‌ത്രീപ്രകൃതിയോടെ ജീവിക്കാനാഗ്രഹിക്കുന്നവരും, പുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്താനാഗ്രഹിക്കുന്ന മറ്റു പുരുഷന്‍മാരും ഉള്‍പ്പെടും. എന്നാല്‍ 1,25,000-ല്‍ ഒരു സ്‌ത്രീ മാത്രമാണ്‌ സ്‌ത്രീയായി ജനിച്ചു പുരുഷനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നത്‌.

മനുഷ്യന്റെ ലിംഗനിര്‍ണ്ണയം ഗര്‍ഭാവസ്ഥയില്‍ ക്രോമസോമുകളുടെ സംയോഗത്തോടെ നിര്‍ണ്ണയിക്കപ്പെടുന്നു. XX ക്രോമസോമുകളുടെ സംയോഗത്താല്‍ സ്‌ത്രീലിംഗവും XY ക്രോമസോമുകളുടെ സംയോഗത്താല്‍ പുരുഷലിംഗവും സംജാതമാകുന്നു. സ്‌ത്രീലിംഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ സജാതീയമായ രണ്ടു ക്രോമസോമുകളുടെ (XX)സംയോഗമാണുണ്ടാവുന്നത്‌. എന്നാല്‍ പുരുഷലിംഗം നിര്‍ണ്ണയിക്കുമ്പോള്‍ X എന്നും Y എന്നുമുള്ള രണ്ടു വ്യത്യസ്ത ക്രോമസോമുകളുടെ സങ്കലനം നടക്കുന്നു. Y ക്രോമസോമിലെ SRY എന്ന ജീനാണ്‌ പുരുഷലിംഗത്തിലെ പൌരുഷത്തിന്റെ ഘടന നിര്‍വ്വചിക്കുന്നത്. X ക്രോമസോമും Y ക്രോമസോമും ഘടനയിലും രൂപത്തിലും വ്യത്യസ്തമാകയാല്‍ അതിന്റെ സംയോഗങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ക്കു സാധ്യത ഏറെയാണ്. SRY ജീനിന്റെ ഈ ഏറ്റക്കുറച്ചിലുകളിലൂടെ Y ക്രോമസോമിന്റെ സംയോഗം ദുര്‍ബലമാകുമയും X ക്രോമസോമിന്റെ ആധിപത്യം ജീനില്‍ സംഭവിക്കുകയും ചെയ്യുന്നിടത്താണ്‌ പുരുഷലിംഗത്തില്‍ ജനിക്കുന്ന ശിശുവില്‍ സ്‌ത്രീപ്രകൃതി കൂടുതലായി ഉണ്ടാകുന്നത്. ഇങ്ങനെ Y ക്രോമസോമിന്റെ ദുര്‍ബലതയോടെ ജനിക്കുന്ന ചില പുരുഷന്‍മാര്‍ ഉഭയലൈംഗികത ഉള്ളവരായിരിക്കും, ചിലര്‍‌ ഉഭയലിംഗമുള്ളവരായിരിക്കും‌. ഇങ്ങനെ രണ്ടു ലിം‌ഗത്തോടെ ജനിക്കുന്നവരെയാണ് ഇംഗ്ലീഷില്‍ ഹെര്‍മഫ്രോഡൈറ്റ് എന്നു പറയുന്നു.

മനുഷ്യന്റെ തലച്ചോറിലെ ഹിപ്പോത്തലാമസ്‌ ഗ്രന്‌ഥി ഒരാളിലെ ലിംഗനിര്‍ണ്ണയത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്ന്‌ അടുത്തകാലത്തു നടത്തിയ ചില പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതായും‌ പറയപ്പെടുന്നു. സ്‌ത്രീകളുടേ തലച്ചോറിലെ ഹിപ്പോത്തലാമസിലെ ന്യൂറോണുകളേക്കാള്‍ 44% കൂടുതലായിരിക്കും പുരുഷന്‍മാരിലേത്‌. ഹിപ്പോത്തലാമസിനെ ഒരു നിര്‍ണ്ണായകഘടകമായി മുന്‍പു കണ്ടിരുന്നില്ലായെങ്കിലും പിന്നീടുള്ള പഠനങ്ങള്‍ തെളിയിച്ചത്‌ ഹിപ്പോത്തലാമസിനു ലിംഗനിര്‍ണ്ണയത്തില്‍ വ്യക്തമായ സ്വാധീനമുണ്ടെന്നാണ്‌. സ്വവര്‍ഗ്ഗാനുരാഗികളിലും, ഹിജഡകളിലുമൊക്കെ നടത്തിയ പരീക്ഷണങ്ങളില്‍ ഹിപ്പോത്തലാമസ്‌ പുരുഷന്‍മാരുടേതിനേക്കാള്‍ ഇവരില്‍ കുറഞ്ഞിരിക്കുന്നതായാണ്‌ കണ്ടെത്തിയത്. ആയതിനാല്‍ സ്വവര്‍ഗ്ഗരതിയും, മൂന്നാം ലിംഗവുമൊക്കെ തികച്ചും‌ മറ്റുള്ളവയേപ്പോലെ ഒരു ജനിതകവൈകല്യമാണെന്നു തെളിയിച്ചിരിക്കുകയാണ്. കൂടുതല്‍‌ വിവരങ്ങള്‍‌ക്ക്‌ ഈ ലിങ്കു നോക്കുക

മനുഷ്യശരീരത്തില്‍‌ പൌരുഷം‌ പകരുന്ന ഹോര്‍‌മ്മോണാണ് ടെസ്റ്റോസ്റ്റിറോണ്‍‌. സ്‌ത്രീത്വം‌ പകരുന്നതാകട്ടെ ഈസ്ട്രജനെന്ന ഹോര്‍‌മ്മോണും. ചില മനുഷ്യരില്‍‌ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലുണ്ടാവുന്ന കുറവ്‌ സ്ത്രൈണഹോര്‍‌മ്മോണായ ഈസ്ട്രജന്റെ അമിതപ്രവര്‍‌ത്തനത്തിനും‌ ആധിപത്യത്തിനും‌ ഇടയാക്കുന്നു. ഇങ്ങനെ ഹോര്‍‌മ്മോണിന്റെ ഉത്പാദനത്തിലെ ഘടനാവ്യത്യാസം‌ കൊണ്ടാണ് ചില പുരുഷന്‍‌മാര്‍‌ സ്‌ത്രൈണസ്വഭാവത്തോടെ ജനിക്കുന്നതും‌ പുരുഷന്‍‌മാരില്‍‌ നിന്നും‌ രതിസുഖം‌ ആഗ്രഹിക്കുന്നതും‌. ഹിജഡകളില്‍ ഭൂരിഭാഗവും ദ്വിലിംഗത്തോടെ ജനിക്കുന്നവരാണ്‌. ഇതെല്ലാം എന്റെ വായിച്ചറിവുകള്‍ മാത്രം. ഇതിനെക്കുറിച്ചു കൂടുതല്‍ ശാസ്ത്രീയമായും ആധികാരികമായും പറയാനറിയാവുന്നവര്‍ ബൂലോകത്തു നിരവധി ഉണ്ട്. ക്രോമസോമിന്റേയും ജീനിന്റേയും ക്രമ-പ്രതിക്രമ പ്രവര്‍ത്തനങ്ങള്‍ ഒരാളുടെ ലൈംഗികതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച്‌ മെഡിസിന്‍@ബൂലോകം എന്ന ബ്ലോഗ് എഴുതുന്ന ഡോ. സൂരജിന്റെ വിശദീകരണം ഇവിടെ എടുത്തെഴുതുന്നു.

"മിക്ക ഹിജഡകളും ശരീരശാസ്ത്രപരമായി ആണുങ്ങളാണ്. ചിലര്‍ ആന്‍ഡ്രോജിനസ് (androgynous) ആണ് - മാനസികമായോ ശാരീരികമായോ, ചിലരാകട്ടെ ട്രാന്‍സ് സെക്ഷ്വല്‍ എന്ന് തന്നെ വിളിക്കാവുന്നവരും. ജനന സമയത്തെ ലിംഗ നിര്‍ണ്ണയം മൂലം ഒരു ലിംഗ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെടുകയും പിന്നീട് സ്വന്തം വ്യക്തിത്വം ആ ലിംഗ ഗ്രൂപ്പിനുള്ളില്‍ സാക്ഷാത്ക്കരിക്കാനാവുന്നതല്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്ന വ്യക്തികളെ വിശാലമായി സംബോധന ചെയ്യാനാണ് ഈ പദമുപയോഗിക്കാറ്. ഈ നിര്‍വചനത്തിലെ പ്രധാന വാക്ക് "തിരിച്ചറിവ്" എന്നതാണ്. ജന്മനാ സമൂഹത്താലോ അച്ഛനമ്മമ്മാരാലോ നിര്‍ണ്ണയിച്ചു നല്‍കപ്പെട്ട ലൈംഗിക സ്വത്വവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ട്രാന്‍സ് സെക്ഷ്വലുകളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. കാരണം ഒരാള്‍ സ്വയം അങ്ങനെ കരുതുന്നില്ലെങ്കില്‍ പിന്നെ അയാളെ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് മന:ശാസ്ത്രത്തിലെ consensus. ട്രാന്‍സ്‌ ജെന്‍ഡറുകളുടെ അവാന്തര വിഭാഗങ്ങളാണ് ട്രാന്‍സ് സെക്ഷ്വലുകളും ആന്‍ഡ്രോജിനികളും cross dressers-ഉം ഒക്കെ. ട്രാന്‍സ് സെക്ഷ്വലുകള്‍ ജന്മനാ അവര്‍ക്ക് നല്‍‌കപ്പെട്ട ലൈംഗികസ്വത്വത്തെ നിരാകരിക്കുകയും എതിര്‍ ലിംഗത്തിന്റെ മാനസിക, ശാരീരിക സ്വത്വം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ലിംഗമാറ്റ ശസ്ത്രക്രിയയൊക്കെ വേണ്ടി വരാറുള്ളതും ഇക്കൂട്ടര്‍ക്കാണ്.

SRY ജീനിനെ സംബന്ധിച്ച്
സാധാരണ നിലയ്ക്ക് (ഈ ജീനുകള്‍ ഉണര്‍ത്തപ്പെടാത്തിടത്തോളം) ഭ്രൂണം സ്ത്രീയായിട്ടാണ് വളരുക. അതായത് മനുഷ്യന്റെ default ലിംഗം സ്ത്രീ ആണെന്ന് ! ഗര്‍ഭസ്ഥ ശിശു അതിന്റെ ആദ്യത്തെ 40-ഓളം ദിവസങ്ങള്‍ ഈ നിലയിലാണ് വളരുക. അവിടുന്നങ്ങോട്ട് ജനിതക വ്യത്യാസങ്ങള്‍ ശാരീരിക വ്യത്യാസങ്ങളായി പരിണമിക്കുന്നു. Y ക്രോമസോമിലെ SRY ജീനാണ് ഭ്രൂണത്തില്‍ പുരുഷലിംഗനിര്‍ണ്ണയത്തിനു നേതൃത്വം നല്‍കുക. SRY-യെ കൂടാതെ ലിംഗനിര്‍ണ്ണയത്തില്‍ പ്രധാനപ്പെട്ട നാലു ജീനുകളായ WT1, SF1, SOX9 DAX1 കൂടി പങ്കെടുക്കുന്നുണ്ട്.(എല്ലാം ജനിതകശാസ്ത്രത്തിലുപയോഗിക്കുന്ന ചുരുക്കപ്പേരുകളാണ്. വൃഷണം ഉണ്ടാക്കുക, ടെസ്റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ലൈംഗികതാ നിര്‍ണ്ണയ ഹോര്‍മോണ്‍ നിര്‍മ്മിക്കുക എന്നിവയാണ് ഈ ജീനുകള്‍ തങ്ങളിലുള്ള പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ആത്യന്തികമായി നടക്കുന്നത്. സ്ത്രൈണലൈംഗികാവയവങ്ങളുടെ വളര്‍ച്ച തടഞ്ഞുകൊണ്ടാണ് SRY ജീനും കൂട്ടരും തങ്ങളുടെ ആധിപത്യമുറപ്പാക്കുന്നത് എന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങള്‍ കാണിക്കുന്നത്. X ക്രോമസോമിന്റെ എണ്ണത്തിലെ ആധിക്യമോ കുറവോ കുട്ടിയില്‍ പൂര്‍ണമോ അപൂര്‍ണ്ണമോ ആയ സ്ത്രൈണതയുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നുമായി രണ്ട് എക്സ് ക്രോമസോം വരേണ്ട ഒരു പെണ്‍കുട്ടിക്ക് ഒരു എക്സ് ക്രോമസോം മാത്രം കിട്ടുന്ന അവസ്ഥയുണ്ടായാല്‍ ടേണേഴ്സ് സിന്‍ഡ്രോം (Turner's) ഉണ്ടാകുന്നു. ജൈവികമായി സ്ത്രീയാണെങ്കിലും (ovary, വികസിതമോ അവികസിതമോ ആയ ഗര്‍ഭപാത്രം ഉള്ളവര്‍ ) ആര്‍ത്തവമോ അണ്ഡോല്‍പ്പാദനമോ ഇല്ലാത്ത അവസ്ഥ. അല്പാല്പമായി പുരുഷ ലക്ഷണങ്ങള്‍ കാണാമെന്നല്ലാതെ ഇക്കൂട്ടരെ ഹിജഡ ഗ്രൂപ്പില്‍ പെടുത്താനാവില്ല. അപൂര്‍വ്വം ചിലര്‍ ഉണ്ടെങ്കിലും. മറ്റൊന്ന് ക്ലൈന്‍ഫെല്‍റ്റേഴ്സ് സിന്‍ഡ്രോം ആണ്. ജൈവികമായി ആണ്‍ കുട്ടിയെങ്കിലും ഒരു X ഒരു Y യും കൂടാതെ ഒരു X അധികമായി ഉണ്ടാകും ഇവരില്‍. (47,XXY) ചിലപ്പോള്‍ രണ്ടില്‍ കൂടുതല്‍ X കാണാം. എങ്ങനെയായാലും ഒരു Y എങ്കിലും ഉണ്ടെങ്കില്‍ ജൈവികമായി കുട്ടി ആണാണ്. അതായത് testicles-ഉം വൃഷണ സഞ്ചിയും (അവികസിതമായതെങ്കിലും) കാണാം. പക്ഷേ അധികമുള്ള X ക്രോമസോമിന്റെ പ്രഭാവം നിമിത്തം കുട്ടി വന്ധ്യനാകുന്നു. ഒപ്പം മുലയും അതുപോലുള്ള ചില സ്ത്രൈണ ഭാവങ്ങളും.

യഥാര്‍ത്ഥ ഇന്റര്‍ സെക്ഷ്വലുകള്‍ അഥവാ True hermaphroditism:
ആണാണോ പെണ്ണാണോ എന്ന് ലൈംഗികാവയവം നോക്കി പറയാനാവാത്ത അവസ്ഥയാണ് ശരിക്കും പറഞ്ഞാല്‍ ഇന്റര്‍സെക്ഷ്വലുകള്‍ . ഹിജഡകളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു വിഭാഗം ആണിത്. ഇതില്‍ തന്നെ രണ്ട് തരമുണ്ട്:
1) ലൈംഗികാവയവം ആണിന്റേതോ പെണിന്റേതോ എന്ന് വേര്‍തിരിക്കാനാവില്ലെങ്കിലും ക്രോമസോം നോക്കിയാല്‍ ആണോ പെണ്ണോ എന്ന് പറയാന്‍ പറ്റുന്നവര്‍ - മനുഷ്യരില്‍ ഇക്കൂട്ടരാണ് സാധാരണ ഇന്റര്‍സെക്ഷ്വലുകള്‍ എന്ന് ജൈവികമായ അര്‍ത്ഥത്തില്‍ വിളിക്കാവുന്നത്. 47,XXY എന്ന ക്രോമസോം ക്രമം വരുന്ന ചില ക്ലൈന്‍ഫെല്‍റ്ററുകള്‍ ഇങ്ങനെയുള്ളവരാണ്. മറ്റു ചിലരുടെ ശരീരത്തിലാകട്ടെ രണ്ട് തരം സെക്സ് ക്രോമസോം അറേയ്ഞ്ച്മെന്റ് കാണാം. ചില കോശങ്ങളില്‍ 46XX ഉം ചില കോശങ്ങളില്‍ 46XYഉം. (അല്ലെങ്കില്‍ 46XXയും 47XXYയും). ഇവരിലെല്ലാം എക്സും വൈയ്യും പല കോമ്പിനേഷനുകളില്‍ വരുന്നതുകാരണം ലൈംഗികാവയവങ്ങള്‍ പോലും ശരിക്ക് തിരിച്ചറിയാവുന്ന രീതിക്ക് വികാസം പ്രാപിക്കുന്നില്ല. വലിയൊരു വിഭാഗം ട്രാന്‍സ് സെക്ഷ്വലുകളും ഇങ്ങനെയുള്ള ഒരു പ്രശ്നവുമില്ലാത്തവരാണ് എന്നതാണ് വസ്തുത. അവരിലെ പ്രശ്നം ശാരീരികമായ ലൈംഗിക വ്യക്തിത്വമല്ല അവരുടെ മാനസിക വ്യക്തിത്വം എന്നതാണ്. ഇതിനു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗവേഷണങ്ങളുടെ പ്രധാന ഫോക്കസ് ഈസ്ട്രജന്‍, ആന്‍ഡ്രജന്‍ എന്നീ സ്ത്രീ/പുരു ഹോര്‍മോണുകള്‍ മസ്തിഷ്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലാണ്. പുരുഷനെ പുരുഷനാക്കുന്നത് അവന്റെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രജനുകളാണ്. സ്ത്രീയെ ഈസ്ട്രജനും.
ഇതിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളാണ് ആണ്‍ ശരീരത്തിലെ പെണ്‍ മനസിനും മറിച്ചും കാരണമാകുന്നതെന്നാണ് പ്രധാന തിയറി. (ഈയടുത്തും ഒരു പഠനം വന്നിരുന്നു ഒക്ടോബറില്‍ - കാലിഫോണിയ സര്‍വ്വകലാശാലയുടേയും ചില ഓസ്ട്രേലിയന്‍ ഗ്രൂപ്പുകളുടെയും സംയുക്ത പഠനം) ലൈംഗികതാ ഹോര്‍മോണിന്റെ അളവിലല്ല മറിച്ച് തലച്ചോര്‍ കോശങ്ങള്‍ അവയെ സ്വീകരിക്കുന്നതിന്റെ തോതിലാണ് പ്രശ്നമെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു. അതായത് തലച്ചോറില്‍ ഈ ഹോര്‍മോണുകളെ തിരിച്ചറിയുന്ന കോശസ്വീകരിണികള്‍ ജന്മനാ നഷ്ടപ്പെടുന്ന അവസ്ഥയാകാം കാരണമെന്ന് (ആത്യന്തികമായി ജീനുകളിലെ പ്രശ്നങ്ങള്‍ കാരണമാവാം ഇതും)

സ്വവര്‍‌ഗ്ഗരതിക്ക് നപുംസകത്വമായി നേരിട്ട് ബന്ധമൊന്നുമുള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നില്ല. ആണിന് ആണിനോടുള്ള ലൈംഗികാഭിനിവേശം ഹോര്‍മോണ്‍ വ്യതിയാനം മൂലമാകാം, വളര്‍ച്ചാഘട്ടത്തിലുണ്ടാവുന്ന മാനസിക വികാസവുമായി ബന്ധപ്പെട്ടതാവാം. ജനിതകമായ കാരണങ്ങളും കാണാം. ഹോമോസെക്ഷ്വലുകളെ ആകെ എടുത്താല്‍ അതിലെ ഒരു വിഭാഗം ആണ് പലപ്പോഴും നപുംസകവ്യക്തികള്‍ . ലൈംഗികാഭിനിവേശത്തിലെ വ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ ഹോമോ സെക്ഷ്വലുകള്‍ ഹെറ്ററോസെക്ഷ്വലുകള്‍ക്ക് തുല്യരാണ്.അവര്‍ മാനസികമായി അപരലൈംഗികത്വം കാംക്ഷിക്കുന്നില്ല. സ്വന്തം ലൈംഗിക സ്വത്വവുമായി ഒത്തുപോകാന്‍ അവര്‍ക്ക് പ്രശ്നങ്ങളുമില്ല. ഹിജഡ എന്ന് നാം വിളിക്കുന്ന ട്രാന്‍സ് സെക്ഷ്വലുകളാകട്ടെ മാനസികമായി അപരലൈംഗികത്വം കാംക്ഷിക്കുന്നവരാണ്. എതിര്‍ ലിംഗത്തിന്റെ രൂപവും, വേഷവും, ചേഷ്ടകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍.


ശാസ്‌ത്രീയമായ ഈ വിവരണം‌ ഹിജഡ എന്ന ഒരു വര്‍‌ഗ്ഗത്തിന്റെ ഉത്‌ഭവം‌ ജനിതകവൈകല്യമാണെന്ന്‌ അടിവരയിടുന്നുണ്ട്.
പ്രധാനമായും മൂന്നു രീതിയിലുള്ള ഹിജഡകളാണ് ഭാരതത്തിലുണ്ടെന്നു പറയപ്പെടുന്നത്. ഒന്നാമതായി മുന്‍പു വിവരിച്ച ഉഭയലിംഗത്തോടെ ജനിക്കുന്നവര്‍(ഹെര്‍മഫ്രോഡൈറ്റ് ). അവര്‍ക്ക്‌ പുരുഷന്റേയും സ്‌ത്രീയുടേയും പൂര്‍ണ്ണമാകാത്ത ജനനേന്ദ്രിയമായിരിക്കും ഉണ്ടാവുക. രണ്ടാമതായി തികച്ചും പുരുഷ ലിംഗത്തോടെ ജനിച്ചാലും സ്‌ത്രൈണപ്രകൃതിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ (മുന്‍പു വിവരിച്ച ശാസ്ത്രവിശകലനത്തിലെ Y ക്രോമസോമിന്റെയോ, SRY ജീനിന്റെയോ ഘടനാവ്യത്യാസം‌ കൊണ്ടോ, ടെസ്‌റ്റോറ്റിറോണ്‍‌ ഹോര്‍‌മ്മോണിന്റെ കുറവുകൊണ്ടോ ഒക്കെ സം‌ഭവിക്കാവുന്നവ വകഭേദം - ജന്മനാ നല്‍‌കപ്പെട്ട ലൈംഗികസ്വത്വത്തെ നിരാകരിക്കുകയും എതിര്‍ ലിംഗത്തിന്റെ മാനസിക, ശാരീരിക സ്വത്വം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍‌ ) ഇവര്‍ ലിംഗമാറ്റശസ്ത്രക്രിയയിലൂടെയും മറ്റും എതിര്‍‌ലിം‌ഗം‌ സ്വീകരിച്ചു (സ്‌ത്രീകളെപ്പോലെ) അവരുടെ ശരീരത്തിന്റെ ആവശ്യം അനുസരിച്ച ജീവിതം സുസാധിതമാക്കുന്നു.ജീവിക്കുന്നു.

മൂന്നാമത്തെ വിഭാഗം‌ ഇന്നത്തെ ഹിജഡകളുടെ പുതിയ തലമുറയില്‍‌ ഇല്ലാ എന്നു തന്നെ പറയാം‌. മുന്‍‌കാലങ്ങളില്‍‌ കുട്ടികളേയും‌ മറ്റും‌ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം ഹിജഡകളാക്കപ്പെടുന്നതായ ഒരു ആചാരം നിലവിലുണ്ടായിരുന്നു. ഒരു പക്ഷേ അങ്ങനെയൊരു തലമുറ ഉണ്ടായിരുന്നതിന്റെ പരിണിതഫലമാണ്‌ ഇന്നത്തെ ഹിജഡകളുടെ തലമുറയെ തെരുവോരങ്ങളില്‍ ഭിക്ഷ എടുപ്പിക്കുന്നതിലേക്കു സമൂഹം അകറ്റിനിര്‍ത്തിയത് എന്നതില്‍‌ സം‌ശയമില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയി ലിംഗച്‌ഛേദനംനടത്തി, ബഹുചരമാതാവിനു സമര്‍പ്പിക്കുന്ന അതിപ്രാകൃതമായ ചില കര്‍മ്മങ്ങള്‍ ഹിജഡകളുടെ മുന്‍തലമുറ അനുഷ്ഠിച്ചിരുന്നു. അതീവരഹ‌സ്യമായി ഇങ്ങനെ castration ചെയ്യുന്ന കുട്ടികള്‍ ഹിജഡകളായി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഹിജഡകളുടെ മന:ശാസ്‌ത്രം‌
ലൈംഗികത എന്നത്‌ വൈവിധ്യമാര്‍ന്നതും കരുണയില്ലാത്തതുമായ ഒരു സാമ്രാജ്യമാണ്‌. ഓരോരുത്തരിലും‌ തികച്ചും വ്യക്തിപരമായി അനുഭൂതമാകുന്ന അവസ്ഥാവിശേഷമാണ് അവനവനിലെ ലൈം‌ഗികത. സംസ്കാരത്തിനനുസരിച്ച്‌ ശരീരം വഴങ്ങിക്കൊടുക്കത്തിടത്ത്‌ അസാന്‍മാര്‍ഗ്ഗികത ആരോപിക്കപ്പെടുന്നു. ശരീരത്തിനു സംസ്കാരത്തെ ചുമക്കാനാകതെ വരുന്നിടത്ത്‌ അവനു തന്റെ വിനിമയശീലങ്ങളെ മാറ്റേണ്ടി വരുന്നു. ഇങ്ങനെ സംസ്‌കാരവും ശരീരവുമായി സമരസപ്പെടാത്ത ലൈംഗികതയാണ്‌ ഹിജഡകളുടേത്‌.

എല്ലാ ഹിജഡകളും സ്വവര്‍ഗ്ഗസംഭോഗികളാണെന്ന ഒരു പൊതുമാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തില്‍‌ സമൂഹം‌ അവരെ അങ്ങനെ വര്‍‌ഗ്ഗീകരിച്ചിരിക്കുന്നു. ഇവിടെ വലിയ ഒരു ശതമാനം വരെ ഇത്‌ സത്യവുമാണ്‌. ഈ "മൂന്നാം ലിംഗം" പുരുഷരൂപത്തില്‍ ജനിക്കുന്നെങ്കിലും ഉള്ളില്‍ ഒരു സ്‌ത്രീയുടെ ജീവിതമാണ്‌ ആഗ്രഹിക്കുന്നത്. സ്‌ത്രീകളെപ്പോലെ വസ്‌ത്രധാരണം നടത്താനും, ആഭരണങ്ങള്‍ അണിയാനും, നൃത്തം ചെയ്യാനുമൊക്കെ ആഗ്രഹിക്കുന്ന ഇവര്‍ തങ്ങളുടെ ലൈംഗികസംപൂര്‍ണ്ണതക്കും സ്‌ത്രീകളെപ്പോലെ തന്നെ പുരുഷന്മാരെയാണ്‌ ആഗ്രഹിക്കുന്നത്. പക്ഷേ സ്വന്തം‌ കിനാവുകളുടെ ആഴങ്ങളില്‍‌ സ്വയം‌ മറന്നൊന്നു മുഴുകാന്‍‌ ഇവര്‍‌ക്കു കഴിയില്ല എന്ന സത്യം‌ തിരിച്ചറിയപ്പെടുന്നതോടെ ഇവരിലെ അസന്തുഷ്‌ടമായ കാമനകളുടെ പേക്കൂത്തു പുറത്തേക്കു വരുന്നു. ഈ അസന്തുഷ്ഗ്ടി ഇവരെ പരിഹാസത്തിന്റെ പടുകുഴിയിലേക്കും‌ നൈരാശ്യത്തിന്റെ നിലയില്ലായ്‌മയിലേക്കും‌ ഒരേ സമയം‌ തള്ളിയിടുന്നു.

സ്‌ത്രീകളുടെ സഹജമായ ശാരീരിക മൃദുലതയോ, ആകാരസൌഷ്ഠവമോ, ശബ്ദസൌകുമാര്യമോ, രൂപസൌന്ദര്യമോ ഹിജഡകള്‍‍ക്കുണ്ടാകാറില്ല. ഒരു പുരുഷനു ലൈംഗികസംതൃപ്തി നല്‍കുന്ന, അവന്റെ ആസക്തിയുടെ ശമനതാളത്തിനായി അവന്‍ പ്രതീക്ഷിക്കുന്ന ആഴം‌ നല്‍‌കാനുള്ള ജനനേന്ദ്രിയവും‌ ഇവരില്ല. ഇതുകൊണ്ടു തന്നെ പുരുഷന്‍മാര്‍‌ ഇവരെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നു. പൊതുവേ അക്രമാസക്തര്‍‌ എന്നു മുദ്രകുത്തപ്പെട്ട ഹിജഡകള്‍‌ ഏതുനേരത്തും തന്റെ പൌരുഷത്വത്തിനുമേല്‍ വൃത്തിഹീനമായ ഒരു കടന്നുകയറ്റം നടത്തുമോ എന്നു പുരുഷന്‍‌ ഭയക്കുകയും ചെയ്യുന്നു. ട്രെയിനിലും‌ പൊതുസ്‌ഥലങ്ങളിലും‌ വെച്ച്‌ തന്റെ പൌരുഷം കടന്നാക്രമിക്കപ്പെടാതിരിക്കാനാണു പലപ്പോഴും എന്തെങ്കിലും ഭിക്ഷയായി കൊടുത്ത്‌ ഇവരില്‍ നിന്നും രക്ഷപ്പെടുന്നതെന്നാണ് മും‌ബായിലെ ഒരു ഒരു സുഹൃത്ത്‌ പറഞ്ഞത്.

ശമനോപാധിയില്ലാത്ത ലൈംഗികത, നിരാകരണത്തിന്റെ വേദന, സ്വന്തം രൂപത്തോടുള്ള വെറുപ്പ്‌, പ്രകടിപ്പിക്കാനാകാത്ത വിചാരങ്ങള്‍, നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം‌, തൊഴില്‍‌ ചെയ്യാനുള്ള അവസരമില്ലായ്‌മ, സ്‌നേഹവും സന്തോഷവും പങ്കിടാന്‍ കൂട്ടാളിയില്ലാത്ത വേദന, ഇതെല്ലാം ഇവരെ സമൂഹത്തിനുനേരെ ഗോഷ്ടി കാട്ടി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.

ഭാര്യയോടും‌ കുടും‌ബത്തോടും‌ കൂടി താമസിക്കുകയും‌ ധാര്‍‌മ്മികമായ അച്ചടക്കം‌ പാലിക്കുകയും‌ ചെയ്തുകൊണ്ടിരിക്കെത്തന്നെ ശരീരത്തിന്റെ ആവശ്യങ്ങളില്‍‌ അച്ചടക്കം‌ പാലിക്കാന്‍‍‌ കഴിയാത്ത വലിയ ഒരു പുരുഷവിഭാഗം‌ നമ്മുടെ സമൂഹത്തിലുണ്ട്. കപടസദാചാരത്തിന്റെ കൊടിപിടിക്കുന്നവരാണിവര്‍. പുരുഷനില്‍‌ നിന്നുള്ള വദനസുരതത്തോടും‌ ഗുദഭോഗത്തോടും‌ ആസക്തിയുള്ള ഈ ഒരു വിഭാഗം സമൂഹത്തില്‍ നിലനില്ക്കുന്നുണ്ടെന്നതാണ്‌ ഹിജഡകളുടെ ലൈംഗികപൂരണത്തിനുള്ള ആശ്വാസം. ഇരുളിന്റെ മറവില്‍ ഹിജഡകളുടെ ദൃഢശരീരങ്ങളില്‍ വികാരശമനം കണ്ടെത്തുന്നവര്‍ പകലിന്റെ വെളിച്ചത്തില്‍ ഇവരെ 'ഛക്ക' 'കോത്തി' 'അറവാണി' 'പാവയ്യ' 'യെല്ലമ്മ' 'ഖുസ്ര', 'ഷണ്ഡന്‍', 'യൂനക്‌ 'എന്നൊക്കെ വിവിധ പേരുകളില്‍ വിളിച്ചു പരിഹസിക്കുന്നു.

ഹിജഡകളുടെ ജീവിതക്രമങ്ങള്‍‌
ഭഗവാന്‍ ശ്രീരാമന്‍ അനുഗ്രഹിച്ചതിനാലും, പൌരുഷം ബഹുചരമാതാവിനു നല്‍കിയതിനാല്‍ 'ദേവീപ്രീതി' ലഭിച്ചതിനാലും ഹിജഡകള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും അവര്‍ക്ക്‌ അന്യരെ അനുഗ്രഹിക്കാനും‌ ശപിക്കാനും‌ കഴിവുള്ളവരാണെന്നുമുള്ള ഒരു വിശ്വാസം വടക്കേ ഇന്ത്യയില്‍ പ്രബലമായി നിലനില്‍ക്കുന്നു. വടക്കേ ഇന്ത്യയില്‍ ഹിജഡകളെ അനുഗ്രഹത്തിനായി ക്ഷണിക്കുന്ന വിവിധ ചടങ്ങുകളുണ്ട്.

വിവാഹത്തലേന്ന് വധുവിന് ദീര്‍ഘസുമംഗലിയായിരിക്കാനും വിവാഹത്തോടെ സല്‍‌സന്താനങ്ങളുണ്ടാകുവാനും‌ ഹിജഡകളുടെ അനുഗ്രഹം വേണമെന്ന ഒരു വിശ്വാസമുണ്ട്. സ്‌ത്രീകള്‍ ദീര്‍ഘനാള്‍ ഗര്‍ഭിണിയാകാതിരുന്നാല്‍ ഹിജഡകളെ വീട്ടില്‍ വിളിച്ചുവരുത്തി പാടിച്ചും ആടിച്ചും അനുഗ്രഹം തേടുന്നവരുണ്ട്.

ഏതെങ്കിലും വീട്ടില്‍ ഒരു കുട്ടി ജനിച്ചാല്‍ , പ്രത്യേകിച്ചും ആണ്‍കുട്ടിയെങ്കില്‍, ഹിജഡകള്‍ ആ വീടുകളില്‍ വന്ന്‌ നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നു. ജനിച്ച കുട്ടിയെ ഹിജഡകള്‍ കൈകളില്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കുന്നതോടൊപ്പം‌ അതിന്റെ ലിംഗനിര്‍ണ്ണയം നടത്തുകയും‌ ചെയ്യുന്നു. കുട്ടി ഒരു ഹിജഡയായാണോ ജനിച്ചതെന്നറിയാനാണ്‌ അങ്ങനെ ചെയ്യുന്നത്. ഒരു ഹെര്‍മഫ്രോഡൈറ്റായിട്ടാണു കുഞ്ഞു ജനിച്ചതെങ്കില്‍ അവര്‍ കുട്ടിയെ അവരുടെ കൂട്ടത്തിലേക്കു കൊടുക്കാനായി ആവശ്യപ്പെടും. വടക്കേ ഇന്ത്യയില്‍ അങ്ങനെ കുഞ്ഞിനെ കൈമാറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി സിയാ ജഫ്രിയുടെ ‘ദി ഇന്‍‌വിസിബിള്‍‌സ്‌ ‘എന്ന ബുക്കില്‍ വിവരിച്ചിട്ടുണ്ട്.

പ്രസവിക്കാനോ, പ്രസവിപ്പിക്കാനോ കഴിവില്ലാത്ത ഒരു വിഭാഗം ഇങ്ങനെയുള്ള അനുഗ്രഹങ്ങള്‍ നല്‍കുന്നതിലെ വിരോധാഭാസം സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. പക്ഷേ ഈ ഒരു അന്ധവിശ്വാസം ഇപ്പോഴും‌ വടക്കേ ഇന്ത്യന്‍‌ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ്‌ ഹിജഡകളുടെ ഏക ആശ്വാസം. സമൂഹത്തിനു തങ്ങളെ ഇതിനായി വേണമെന്ന ഒരു വിശ്വാസത്തിന്റെ വള്ളിയില്‍ തൂങ്ങി ഈ ജന്‍മങ്ങള്‍ വികൃതമായി ആടിയും പരുഷശബ്ദങ്ങളില്‍ അപസ്വരങ്ങള്‍ പാടിയും ജീവിക്കുന്നു. ഇവരുടെ പാട്ടുകള്‍ കൂടുതലും സ്‌ത്രീകളിലെ ഗര്‍ഭാവസ്ഥകളെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ ആയിരിക്കും. ചിലര്‍ ഹിന്ദിയിലും, ചിലര്‍ കൊങ്കിണിയിലും, കന്നടയിലുമൊക്കെയാണ്‌ ഈ പാട്ടുകള്‍ പാടുന്നത്.

റേഡിയോയും, ടെലിവിഷനും ഒക്കെ പ്രചാരത്തിലാകുന്നതിനു മുന്‍പുള്ള കാലങ്ങളില്‍‌ വടക്കേ ഇന്ത്യയില്‍ പുരുഷന്‍മാര്‍ മാനസികോല്ലാസത്തിനായി ഗ്രാമവീഥികളില്‍ ഹിജഡകളുടെ നൃത്തങ്ങളും, നൌട്ടങ്കികളും സംഘടിപ്പിച്ചിരുന്നതായി ചരിത്രങ്ങള്‍ പറയുന്നു.

കേരളസമൂഹത്തില്‍ ഹിജഡകളെ കാണാത്തതിന്റെ പ്രധാനകാരണം‌ വടക്കേ ഇന്ത്യയിലെപ്പോലെ അവരുടെ നിലനില്‍പ്പിനു ഉപോത്ബലകമായ അന്ധവിശ്വാസാ‍ധിഷ്ഠിതമായ ആചാരം‌ ഇവിടില്ല എന്നതിനാലാണ്. മാത്രമല്ല, ഇവരോട്‌ വളരെയേറെ അസഹിഷ്ണുതയാണ്‌ കേരള സമൂഹം കാണിക്കുന്നതെന്നും‌, കേരളത്തിലെ പരിഹാസം ഇതര സമൂഹത്തിലെ പരിഹാസത്തേക്കാള്‍ വേദനാജനകമാണെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഹിജഡകളുടെ ആചാരക്രമങ്ങള്‍‌‌
ഹിജഡകളെ വളരെ ഭീതിയോടെയും‌ ഭയത്തോടെയുമാണ് ബഹുഭൂരിപക്ഷവും‌ നോക്കിക്കാണുന്നത്. അതിന് അവരെ പ്രേരിപ്പിക്കുന്നത് ഇവര്‍‌ അനുശീലിക്കുന്നുവെന്നു പറയപ്പെടുന്ന അതിപ്രാകൃതമായ ചില ആചാരങ്ങളെക്കുറിച്ചുള്ള പിന്നാമ്പുറക്കഥകളാണ്. പുരുഷലിം‌ഗത്തോടെ ജനിക്കുകയും‌ സ്‌ത്രീയെപ്പോലെ ജീവിക്കുകയും‌ ചെയ്യാനാഗ്രഹിക്കുന്നവരും, ഹിജഡകള്‍ തട്ടിക്കൊണ്ടുവരുന്നവരുമൊക്കെ ‌ സ്വന്തം‌ ലിം‌ഗം‌ മുറിച്ചുമാറ്റിയെങ്കില്‍‌ മാത്രമേ ഹിജഡകളുടെ സം‌ഘത്തില്‍‌ ചേരാന്‍‌ സാധിക്കുകയുള്ളുവെന്നും‌ അതിക്രൂരമായ രീതിയില്‍‌ നിര്‍‌ബന്ധിതമായി ലിം‌ഗം‌ മുറിച്ചുമാറ്റപ്പെടുന്നു എന്നൊക്കെയുള്ള കഥകളാണ് ഇവരെ സമൂഹത്തില്‍‌ നിന്നും‌ വളരെയധികം‌ അകറ്റിക്കളഞ്ഞത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ കൈയ്യടക്കുന്നതു വരെ ഹിജഡകള്‍ തെരുവില്‍ ഭിക്ഷ യാചിച്ചു നടന്നിരുന്നില്ല. ഹിജഡകള്‍ക്ക്‌ ഇന്ത്യന്‍ സമൂഹത്തില്‍ അവരുടേതായ ഒരു സ്ഥാനമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ഹിജഡകളെ പ്രകൃതിവിരുദ്ധ ലൈംഗികത അനുശീലിക്കുന്നവര്‍‌ എന്ന ലേബലില്‍‌ ‘ ആര്‍ട്ടിക്കിള്‍ 377‘ എന്ന നിയമപരിധിക്കുള്ളിലാക്കി ഒരു സാമൂഹികശാപമായി ക്ലാസ്സിഫൈ ചെയ്തതോടെ ഇവരെ നിയമപാലകരും‌ സമൂഹവും‌ വേട്ടയാടാന്‍‌ തുടങ്ങി‌. മനുഷ്യനായി ജനിച്ചുപോയതിനാല്‍‌ ജീവന്‍‌ നിലനിര്‍‌ത്താനായാണ്‌ ഇവര്‍‌ നിത്യവൃത്തിക്കായി ഭിക്ഷ യാചിക്കാനായും വേശ്യാവൃത്തിക്കുമായി പിന്നെ തെരുവിലേക്കിറങ്ങിയത്.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ചില പാശ്‌ചാത്യ സാമൂഹ്യശാസ്ത്രജ്ഞന്‍‌മാര്‍ ഇന്ത്യയിലെ ഹിജഡകളുടെ ജീവിതരീതിയെ വികലമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതു ചര്‍‌വിതചര്‍‌വണമായി സമൂഹത്തില്‍‌ പ്രചരിക്കുകയും‌ പിന്നീടു വന്നവരെല്ലാം‌ അതേറ്റുപാടുകയും‌ ചെയ്തു എന്നതാണ് ഹിജഡകളെ ഇത്തരം‌ ഒരു ദുര്‍‌വിധിയിലേക്കെത്തിച്ചത്. അവര്‍‌ പറഞ്ഞു പരത്തിയ കഥകളിലെ നേരും‌ പതിരും‌ തിരിച്ചറിയാനകാതെ തങ്ങളുടെ മുന്‍‌ഗാമികള്‍ കൂട്ടിമുട്ടിച്ചിടത്തേക്ക്‌ തങ്ങളും‌ അറിഞ്ഞും‌ അറിയാതെയും‌ ചെന്നെത്തുന്നു എന്നു മാത്രമാണ് ഇന്നത്തെ തലമുറയിലെ ഓരോ ഹിജഡകള്‍‌ക്കും‌ പറയാനുള്ളത്.

സമൂഹത്തില്‍‌ പ്രചരിച്ചുവരുന്ന കഥകള്‍‌ ഇങ്ങനെയാണ്.

പുരുഷലിം‌ഗത്തോടെ ജനിക്കുന്ന ഹിജഡകള്‍‌ യഥാര്‍ത്ഥ ഹിജഡയായി ജീവിക്കുവാനാഗ്രഹിക്കുന്നുവെങ്കില്‍‌ ചില ആചാരങ്ങള്‍‍ക്കു വിധേയരാകേണ്ടതാണ്‌. അതില്‍ പ്രധാനം 'നിര്‍വാണ്‍' എന്ന 'വിശുദ്ധ ശസ്ത്രക്രിയ' ആണ്‌. പുരുഷനായി ജനിച്ചുപോയതിനാല്‍ അവനിലെ ലിംഗം മുറിച്ചുമാറ്റി, അവസാനത്തെ പൌരുഷവും ആ ശരീരത്തില്‍ നിന്നും ചോര്‍ത്തിക്കളയുന്ന ഓപ്പറേഷനാണ്‌ പുനര്‍ജ്ജന്‍മം എന്നു വിശ്വസിക്കുന്ന 'നിര്‍വാണ്‍' ശസ്‌ത്രക്രിയ. ശിവപുരാണത്തില്‍ ശിവന്‍ ലിംഗം പറിച്ചെറിഞ്ഞ കഥയുടെ പിന്‍ബലത്തിലാണ്‌ പ്രാകൃതമായ ഈ ആചാരം അനുഷ്ഠിച്ചുപോന്നത്.

ബഹുചരമാതാവിന്റെ യോനിയിലേക്കു സമര്‍പ്പിക്കാനെന്ന വിശ്വാസത്തില്‍ ഒരാളിലെ ലിംഗം അതിപ്രാകൃതമായ രീതിയില്‍ മുറിച്ചു മാറ്റുന്നതാണ്‌ ഈ ശസ്ത്രക്രിയ. സ്വേച്‌ഛയാ ഹിജഡയാകാന്‍ എത്തുന്നവര്‍ ഈ വിശുദ്ധ ശസ്ത്രക്രിയയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തണം. ഹിജഡയാകാനെത്തുന്നവര്‍ക്ക്‌ ഒരു സ്‌പോണ്‍‌സര്‍‌ ഉണ്ടായിരിക്കും‌.അയാള്‍‌ ‘ഗുരു’ എന്നാണറിയപ്പെടുന്നത്. ഗുരുവിന്റെ നേതൃത്വത്തില്‍ ആദ്യദിവസങ്ങളില്‍‌ ബഹുചരമാതാവിനെ സ്‌തുതിച്ചു പ്രാര്‍ത്ഥിക്കണം. അതിനു ശേഷം ഈ ശസ്ത്രക്രിയക്കായി തേങ്ങയുടച്ച്‌ ഒരു ശുഭദിവസം കണ്ടെത്തും. തേങ്ങ രണ്ടായി പിളര്‍ന്നില്ലെങ്കില്‍ ഈ ആളിനെ ഹിജഡയാക്കാന്‍ ദേവി കനിഞ്ഞിട്ടില്ലാ എന്നാണ്‌ സങ്കല്‍പ്പം. ശസ്ത്രക്രിയക്കു ശുഭദിവസം തീരുമാനിച്ചു കഴിഞ്ഞാല്‍ കുറച്ചു ദിവസം അയാളെ വിശ്രമത്തിനായി വിടും. ഈ ദിവസങ്ങളില്‍ അയാള്‍‍ ഒരു പുരുഷനുമായും ലൈംഗികബന്ധം പുലര്‍ത്താന്‍ പാടില്ല.

ശസ്ത്രക്രിയ നടത്തുന്ന പ്രധാനിയായ ഹിജഡയെ 'ദായി മാതാ' എന്നാണറിയപ്പെടുന്നത്. ശസ്ത്രക്രിയ ചെയ്യുന്നതിനു മുന്‍പായി ബഹുചരമാതാവിനെ സ്‌തുതിച്ച്‌ ഉച്ചത്തിലുള്ള നാമമന്ത്രജപത്തിലൂടെ ആളിനെ ബോധരഹിതമാക്കും. അതിനു ശേഷം ദായിമാതാ അയാളുടെ ലിം‌ഗം‌ വൃഷണത്തോടു ചേര്‍‌ത്തു ഒരു സില്‍ക്കു നൂലിനാല്‍ വരിഞ്ഞു മുറുക്കി കെട്ടും. ഇതില്‍ പ്രാവീണ്യവും പരിചയവുമുള്ള മറ്റു ഹിജഡകള്‍ ദായിമാതായെ സഹായിക്കും‌. അമിതമായ രക്തസ്രാവം‌ തടയാനാണ് നൂലുകൊണ്ടു വരിഞ്ഞുമുറുക്കി കെട്ടുന്നത്. കെട്ടിവരിഞ്ഞുമുറുക്കിയ ലിംഗം അടിഭാഗത്തോടു കൂട്ടി ദായി മാതാ മുറിച്ചു മാറ്റും. മുറിച്ചെടുത്ത ലിംഗം ബഹുചരമാതാവിനെ സങ്കല്‍പ്പിച്ചു ഒരു മരച്ചുവട്ടില്‍ കുഴിച്ചിടും. ലിംഗം മുറിച്ചു മാറ്റിയിടത്തുനിന്നും ഒഴുകുന്ന രക്തസ്രവത്തെ തടയില്ല. മുഴുവന്‍ രക്തവും ഒഴുകിത്തീരുന്നതു വരെ ആ വ്യക്തിയെ അതേ അവസ്ഥയില്‍ നിലനിര്‍ത്തും. ഒഴുകുന്നത്‌ ആ വ്യക്തിയിലെ 'ചീത്ത പുരുഷ രക്ത' മാണെന്നാണ്‌ വിശ്വാസം. രക്തസ്രവം ശരിക്കും നടന്നെങ്കിലേ ആ വ്യക്തിയിലെ അവസാന പുരുഷത്വവും നഷ്ടപ്പെടുകയുള്ളൂ എന്നാണ്‌ വിശ്വാസം.

മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഈ ദിവസങ്ങള്‍ ഇവര്‍ക്ക്‌ സ്ത്രീകളുടെ പ്രസവാവധി പോലെയാണെന്നാണ്‌ പറയുന്നത്‌. ശസ്ത്രക്രിയക്കു ശേഷം 40-50 ദിവസം ഇവര്‍ പരിപൂര്‍ണ്ണ വിശ്രമത്തിലായിരിക്കും. ഇവരുടെ ഗുരുവായിരിക്കും ഈ സമയത്ത്‌ ഹിജഡയെ ശുശ്രൂഷിക്കുന്നത്. ഈ ദിവസങ്ങളില്‍ ശരിക്കും ഛര്‍ദ്ദിലുണ്ടാക്കും‌ വിധമുള്ള ഭക്ഷണമായിരിക്കും ഇവര്‍ക്കു നല്‍കുക. കാരണം ഉള്ളിന്റെയുള്ളിലെ അവസാന 'പുരുഷഭാവത്തേയും' വിസര്‍ജ്ജിപ്പിക്കുന്നതിനായിട്ടാണിങ്ങനെ ചെയ്യുന്നതത്രേ. ശസ്ത്രക്രിയ വിജയകരമായി സുഖംപ്രാപിച്ചെത്തുന്ന ഹിജഡയെ ഗുരുവും മറ്റു സം‌ഘാം‌ഗങ്ങളും‌ പുതിയ സ്‌ത്രീ വേഷങ്ങളും ആഭരരണങ്ങളും കൊടുത്തു സംഘത്തില്‍ അംഗമാക്കിച്ചേര്‍ത്തു സ്വീകരിക്കുന്നു. ഈ ശസ്ത്രക്രിയക്കുശേഷം ഇവര്‍ക്കു മറ്റുള്ളവരെ അനുഗ്രഹിക്കാനും ശപിക്കാനുമൊക്കെയുള്ള കഴിവു ബഹുചരമാതാവു കനിഞ്ഞുനല്‍കുമെന്നു വിശ്വസിക്കുന്നു.

ഈ കഥകളിലൂടെ ഹിജഡകളെക്കുറിച്ചു ഭീതദമായ ഒരു രൂപം‌ സമൂഹത്തിനു മുന്നില്‍‌ കോറിയിടാന്‍‌ കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് ഇന്നിവര്‍‌ ചുമക്കുന്ന ഭ്രഷ്ടിന്റെ ആണിക്കല്ല്‌. ഭാരതത്തില്‍ ഇത്ര ഹീനമായ രീതിയില്‍ ഒരു കര്‍മ്മം വളരെ രഹസ്യമായി നടന്നുവന്നിരുന്നു എന്നു പറയപ്പെടുന്നുവെങ്കില്‍‌ അതില്‍‌ അതിശയപ്പെടേണ്ടതായി ഒന്നുമില്ല. പ്രാകൃതമായ രീതിയില്‍ സ്‌ത്രീകളുടേ ഗര്‍ഭം അലസിപ്പിക്കുകയും, ഭ്രാന്തിനു ചികിത്സിക്കുകയും, രോഗശാന്തി നടത്തുകയും‌ മറ്റും‌ ചെയ്തിരുന്ന ഭാരതത്തില്‍‌ ഹിജഡകള്‍ ലിം‌ഗം‌ ദേവിക്കു ഹോമിക്കുന്ന ഒരു ആചാരവും‌ നിലനിന്നിരുന്നു എന്നതില്‍ അതിശയോക്തിക്കു വകയില്ല.

ഇരുപത്തൊന്നാം‌ നൂറ്റാണ്ടിലും‌ ഭാരതം‌ അന്ധവിശ്വാസങ്ങളുടെ പിടിയില്‍‌ കിടന്നു പിടയുന്ന കാഴ്ച നമ്മള്‍‌ നിത്യം‌ കണ്ടുകൊണ്ടിരിക്കുന്നുവല്ലോ. ഈ കാലഘട്ടത്തിലും പിതാവിന്റെ ദുര്‍ദശ മാറാന്‍ സ്വന്തം കുഞ്ഞിനെ കുരുതികൊടുക്കുന്നവരും‍, ദീര്‍ഘസുമംഗലിയായിരിക്കാന്‍ സന്യാസിയുടെ ലിംഗം തൊട്ടു നമസ്‌കരിക്കുന്നവരുമൊക്കെയുള്ള നമ്മുടെ നാട്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇങ്ങനെ ഒരു അനാചാരം നിലനിന്നിരുന്നുവെങ്കില്‍ അത്‌ അക്കാലങ്ങളിലെ ഒരു ആചാരം മാത്രമായിരുന്നിരിക്കണം.

ഭാഗ്യവശാല്‍‌ ഇതേരീരിയിലുള്ള പ്രാകൃത ശസ്ത്രക്രിയകള്‍ ഇപ്പോള്‍ നടക്കുന്നില്ല. ഇന്നു ലിം‌ഗമാറ്റ ശസ്‌ത്രക്രിയ വളരെയേറെ സാധാരണമായിക്കഴിഞ്ഞു. ലൈം‌ഗികതയെ അടക്കിശീലിക്കുന്ന ഇസ്ലാം‌രാജ്യങ്ങളില്‍‌പോലും‌ ഇന്നു ലിം‌ഗമാറ്റ ശസ്‌ത്രക്രിയ സര്‍‌വസാധാരണമാണ്. സാംസ്‌കാരികമായ പുരോഗതി എല്ലാ വര്‍ഗ്ഗങ്ങളിലുമെന്നതുപോലെ ഈ ജനവിഭാഗങ്ങളിലുമുണ്ട്. നന്നായി ഇംഗ്ലീഷു സംസാരിക്കുന്നവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഒക്കെ ഇന്നു ഈ വിഭാഗങ്ങളുടെയിടയിലുണ്ട്. ഇവരെ ഈ യൂട്യൂബിലൊന്നു കണ്ടുനോക്കു.

ഹിജഡകളുടെ ആവാസക്രമങ്ങള്‍
പുരാതനകാലങ്ങളിലുണ്ടായിരുന്ന വിധം ഒരു തരം കൂട്ടുകുടുംബ സമ്പ്രദായമാണ്‌ ഹിജഡകളുടെ ഇടയില്‍ നിലനില്‍ക്കുന്നത്. ഇവര്‍ പ്രധാനമായും 7 കുടുംബങ്ങളായാണ്‌ നിലനില്‍ക്കുന്നത്‌. ഓരോ കുടുംബത്തിന്റേയും നാഥനെ 'ഗുരു' എന്നാണറിയപ്പെടുന്നത്. ഒരു ഗുരുവിന്റെ കീഴിലുള്ള ശിഷ്യരെല്ലാം ആ ഗുരുവിന്റെ കുടുംബാംഗങ്ങളായിരിക്കും;അവര്‍ 'ചേല' എന്നാണറിയപ്പെടുന്നത്. ഹിജഡയാകാന്‍ താത്പര്യമുള്ളവരെ ഒരു ഗുരു സ്‌പോണ്‍സര്‍ ചെയ്തിരിക്കണം. ഏതു ഗുരുവാണോ ഒരാളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ അയാള്‍ ആ ഗുരുവിന്റെ കുടുംബാംഗമായി മാറുന്നു. ഗുരുവും ചേലയും തമ്മില്‍ വളരെ ദൃഢതരമായ ഒരു ബന്ധവും വിശ്വാസവും നിലനിന്നു പോരുന്നുണ്ട്. ഏതെങ്കിലുംഒരു ഹിജഡക്കു ഒരു പുരുഷനെ വിവാഹം കഴിച്ചു കുടുംബമായി ജീവിക്കാനാഗ്രമുണ്ടെങ്കില്‍ അതിനു ഗുരുവിന്റെ അനുവാദവും സമ്മതവുമൊക്കെ ആവശ്യമാണ്‌.

തെരുവുകളില്‍ നിന്നു കിട്ടുന്ന ഭിക്ഷ, വേശ്യാവൃത്തിയില്‍ നിന്നുള്ള വരുമാനം, പ്രസവം നടന്ന വീടുകളിലും, വിവാഹംനടക്കാന്‍ പോകുന്ന വീടുകളിലും പോയി ആടിയും പാടിയും കിട്ടുന്ന തുക, ഇതൊക്കെയാണ്‌ ഹിജഡകളുടെ പ്രധാന വരുമാനമാര്‍ഗ്ഗം . ഇവര്‍ കൂട്ടം കൂട്ടമായി ചേര്‍ന്നാണ്‌ ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നത്. ഇവരുടെ വരുമാനത്തിന്റെ 50% ഇവരുടെ ഗുരുവിനു കൊടുക്കണം. 25% വീട്ടുചിലവിനും, 25% അംഗങ്ങള്‍ക്കായും വീതിച്ചെടുക്കും. ചില ഗ്രൂപ്പില്‍ 75% ഗുരുവിനു കൊടുക്കണം. ഇവിടെ ഗുരുവാണ്‌ അവരുടെ വീട്ടുചിലവുകളെല്ലാം നോക്കി നടത്തുന്നത്.

ജീവിക്കുവാനുള്ള ആര്‍ത്തി കൊണ്ടും‌ ശരീരത്തിന്റെ ആര്‍‌ത്തികൊണ്ടും‌ വേശ്യാവൃത്തി ചെയ്യുന്ന ഹിജഡകളുണ്ട്. ചില ഗുരുക്കള്‍ അവരുടെ ചേലകളെ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കാറുണ്ട്. താഴേക്കിടയിലുള്ള നല്ല ഒരു ശതമാനം ഹിജഡകളും പുരുഷവേശ്യകളായി തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ജീവിക്കുവാന്‍ വേറൊരു മാര്‍ഗ്ഗവുമില്ലാത്തവര്‍ ശരീരം ചോദിക്കുന്നവര്‍ക്കു തുച്ഛമായ വിലക്കു വിറ്റു ആഹാരത്തിനു വക തേടുന്നു. എന്നു കരുതി എല്ലാ ഹിജഡകളും പുരുഷവേശ്യകളല്ല. പുരുഷന്‍മാര്‍ക്ക്‌ മസ്സാജ്‌ ചെയ്തുകൊടുക്കുന്ന മസ്സാജ്‌ പാര്‍ലറുകളിലും മറ്റും ഹിജഡകളെ ജോലിക്കു വെക്കുന്നുണ്ട്. പുരുഷശരീരത്തോടുള്ള അവരുടെ ആസക്തി കൊണ്ടാകാം കൂടുതല്‍ ഹിജഡകളും ഈ തൊഴിലിനോടു വലിയ പ്രതിപത്തി സൂക്ഷിക്കുന്നു.

സ്വവര്‍ഗ്ഗരതിയില്‍ ദാതാവും സ്വീകര്‍ത്താവുമുണ്ടെന്നു മുന്‍പു സൂചിപ്പിച്ചുവല്ലോ. ഇതില്‍ സ്വീകര്‍ത്താവിന്റെ സ്ഥാനത്താണ്‌ ഹിജഡകളുള്ളത്. എന്നാല്‍ ചില ദാതാക്കള്‍, ലിംഗത്തോടുകൂടിയ പുരുഷനെ ഭോഗിക്കുന്നതിനോടു വൈമുഖ്യമുള്ളവരായിരിക്കും. അത്തരക്കര്‍ക്ക്‌ ഹിജഡകളെ ഭോഗിക്കുന്നതിലാണിഷ്ടം. ജീവിക്കാന്‍ പ്രകൃതി ഹിജഡകള്‍ക്കു നല്‍ല്കിയിരിക്കുന്ന മറ്റൊരു ഔദാര്യമെന്നല്ലാതെ ഈ സ്വഭാവമുള്ള പുരുഷന്‍മാരെക്കുറിച്ചു എന്തുപറയാന്‍? ലൈംഗികതയുടെ പ്രവചനങ്ങളെയെല്ലാം തെറ്റിക്കുന്ന എത്രയെത്ര രീതികള്‍!!!

ഹിജഡകള്‍ പൊതുവായി ബഹുചരമാതാവിനെ പൂജിക്കുന്നുണ്ടെങ്കിലും ഇവരില്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരുണ്ട്. റമദാന്‍ നാളുകളില്‍ വ്രതമെടുക്കുന്ന ഹിജഡകളുണ്ട്. ഒരിക്കല്‍ ഹിജഡയായി കഴിഞ്ഞാല്‍ അവര്‍ പൂര്‍വാശ്രമത്തിലെ പേരുകള്‍ ഉപേക്ഷിച്ചു സ്‌ത്രീനാമങ്ങള്‍ സ്വീകരിക്കുന്നു. ഹിജഡകള്‍ സ്‌ത്രീ പേരുകള്‍ വിളിച്ചാണ്‌ പരസ്പരം അഭിസംബോധന ചെയ്യുന്നത്. ഹിന്ദു സ്‌ത്രീനാമങ്ങള്‍ക്കു പുറമേ റസിയ, ജമീല, റംല തുടങ്ങിയ ഇസ്ലാം പേരുകളുള്ളവര്‍ ഇസ്ലാം വിശ്വാസത്തില്‍ തുടരുന്നു. ഇവരിലും പ്രകടമായ ജാതീയമായ ചില വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഹിന്ദു ഹിജഡകള്‍ ഇസ്ലാം ഹിജഡകളോടൊത്തു താമസിക്കാറില്ല.

ഹിജഡയായി ജനിച്ചവര്‍, ഹിജഡയാക്കപ്പെട്ടവരേക്കാള്‍ മുന്‍നിരയിലാണെന്നും ഇവര്‍ 'കുലീനരാ'ണെന്നുമുള്ള ഒരു വേര്‍തിരിവുണ്ട്. മതം മാറി വന്നവരോടു കാണിക്കുന്നതുപോലുള്ള വിവേചനമാണ്‌ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഹിജഡകള്‍ക്കിടയില്‍ വഴക്കും കുടുംബസ്‌പര്‍ദ്ധയും നിത്യസംഭവങ്ങളാണ്‌. ഇവര്‍ക്കിടയിലെ വഴക്ക് ഒത്തുതീര്‍ക്കുന്നതും, മദ്ധ്യസ്‌ഥത വഹിക്കുന്നതും ഒക്കെ 'ലഷ്‌കര്‍വാലാ' എന്ന ഒരു ജനറല്‍ ബോഡിയാണ്‌.

സ്‌ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങി നടക്കാനും, പുരുഷനെ പുണര്‍ന്നുറങ്ങാനും കൊതിക്കുന്ന ഹിജഡകള്‍ ഭാരതത്തിലെ സ്‌ത്രീകള്‍ കാണിക്കുന്ന ചില സാമൂഹികമര്യാദകള്‍ കാണിക്കുന്നതില്‍ നിന്നും ബഹുദൂരം പിന്നിലാണെന്നതാണ്‌ ഇവരെ പരിഹാസപാത്രമാക്കുന്നത്. ഇവര്‍ പൊതു നിരത്തില്‍ വികൃതനൃത്തം ചെയ്യുകയും പാടുകയും വികൃതമായ ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്നു.

വടക്കേ ഇന്ത്യയിലെ വലിയ ഒരു വിഭാഗം ജനങ്ങളും ഹിജഡകളൂടെ ഗുഹ്യഭാഗം കാണുന്നത്‌ ദുര്യോഗങ്ങള്‍ വിളിച്ചുവരുത്തുമെന്നു വിശ്വസിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളോട് അനുനയം കാണിക്കാത്ത പുരുഷനെ പൊതുനിരത്തില്‍ പരിഹസിക്കുകയും, തന്റെ 'ജനനേന്ദ്രിയം' ആഭാസമായ ആംഗ്യചേഷ്ടകളോടെ പൊക്കിക്കാട്ടി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സഭ്യേതരമായ ഇവരുടെ സമീപനമാണ്‌ ഹിജഡകളുടെ സ്വീകാര്യതയെ തടയുന്ന പ്രധാനയിനമെന്ന്‌ ഇവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

പണം പലിശക്കുകൊടുക്കുന്നവരും, ഗുണ്ടാപ്പിരിവു നടത്തുന്നവരും ഹിജഡകളെ പണപ്പിരിവിനായി ഉപയോഗിക്കുന്നുണ്ട്. പണം തിരിച്ചടക്കാന്‍ താമസിക്കുന്ന കസ്‌റ്റമറുടെ വീട്ടിലേക്കോ, സ്‌ഥാപനത്തിലേക്കോ, ഹിജഡകളെ വിട്ടു കാശു വസൂലാക്കുന്ന ഒരു രീതി ഇന്ന്‌ മുംബൈ പോലുള്ള നഗരങ്ങളില്‍ വ്യാപകമാണ്‌. ഹിജഡകളാല്‍ അപമാനിതമാകുന്നതിനേക്കാള്‍ വലിയ അപമാനമില്ലാ എന്നതിനാല്‍ ഇവരെ ഭയന്ന്‌ പൈസ തിരിച്ചുകൊണ്ടു കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

എല്ലാ ജനജാതിയിലും മൃഗജാതിയിലും‌ 'extreme' സ്വഭാവം‌ പ്രകടിപ്പിക്കുന്ന ഒരു വിഭാഗമുണ്ടെന്നതുപോലെ, ഹിജഡകളിലും നിലവിട്ടു പെരുമാറുന്ന ഒരു വിഭാഗമുണ്ട്. അപമാനത്തിന്റെ എരിതീയില്‍‌ നിന്നു പ്രകോപിതരാ‍കുന്ന ഇത്തരം‌ ന്യൂനപക്ഷത്തെ അളവുകോലാക്കി എല്ലാ ഹിജഡകളേയും ഈ ഒരു ലേബലില്‍ കാണപ്പെടുന്ന തികച്ചും മനുഷ്യത്യരഹിതമായ സാമൂഹിക നിലപാട് മാറ്റിയെടുക്കാന്‍‌ ഇവര്‍‌ സ്വയം‌ സം‌ശുദ്ധമാകുകയേ വഴിയുള്ളൂ.

ഹിജഡകള്‍ ഇന്നു നേരിടുന്ന വേറൊരു വെല്ലുവിളി ക്രിമിനല്‍ സ്വഭാവമുള്ള പുരുഷന്‍മാര്‍ പലരും ഇവരുടെ വേഷത്തില്‍ പലയിടങ്ങളിലും കവര്‍ച്ച നടത്തുന്നു എന്നതാണ്‌. പുരുഷന്‍മാര്‍ ഹിജഡകളുടെ വേഷം കെട്ടി കവര്‍ച്ച നടത്തുകയും, കുട്ടികളെ തട്ടിക്കൊണ്ടു പോയി ഭിക്ഷാടനത്തിനും, ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു. ഹിജഡകളുടെ വേഷത്തില്‍ ഇതു ചെയ്യുന്നവര്‍ ഈ ജനവിഭാഗത്തെ ക്രിമിനലുകളായി കാണാന്‍ സമൂഹത്തെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല, പോലീസിന്റെ നിരന്തരമായ പീഢനങ്ങള്‍ക്കിവരെ ഇരയാക്കുകയും ചെയ്യുന്നു.

ഹിജഡകളുടെ ആഘോഷങ്ങള്‍
ഹിജഡകള്‍ക്കുമാത്രമായി ഒരു ആഘോഷം തന്നെയുണ്ട്. ഇസ്ലാമുകള്‍ ഹജ്ജിനു പോകാനാഗ്രഹിക്കുന്നതുപോലെ, ഹിന്ദുക്കള്‍ ശബരിമലയിലും കാശിയിലുമൊക്കെ പോകാനാഗ്രഹിക്കുന്നതുപോലെ, ഒരോ ഹിജഡയുടേയും നിര്‍വൃതി പകരുന്ന ആഗ്രഹമാണ്‌ ചിത്രപൂര്‍ണ്ണിമ ദിവസം തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉളുന്തൂര്‍ പേട്ട താലൂക്കിലെ കൂവഗം എന്ന സ്ഥലത്തു നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കുക എന്നത്. അറവാണദേവന്റെ (കൂത്താണ്ടവര്‍) ക്ഷേത്രത്തിലാണ്‌ ഈ ആഘോഷങ്ങള്‍ നടക്കുന്നത്‌.

വിവാഹവും വൈധവ്യവും ഒന്നിച്ചു നടത്തപ്പെടുന്ന വിപുലമായ ഈ ആഘോഷത്തില്‍ പങ്കെടുക്കാനായി വര്‍ഷങ്ങളായുള്ള സമ്പാദ്യം സൂക്ഷിച്ചുവെക്കുന്നവര്‍ പോലും ഇവരുടെ ഇടയിലുണ്ട്. ഈ ആഘോഷത്തിന്റെ പിന്നിലെ കഥയും രസാവഹമാണ്‌. മഹാഭാരതയുദ്ധത്തിനിടയില്‍ ഒരു പ്രത്യേക ദശാസന്ധിയില്‍ കൌരവരെ ജയിക്കാന്‍ പാണ്ഡവസേനയില്‍ നിന്നു ഒരാളുടെ ദേഹത്യാഗം ആവശ്യമായി വന്നു. ദേഹത്യാഗം ആരു ചെയ്യുമെന്നതായി അടുത്ത പ്രശ്നം. അര്‍ജ്ജുനനു വനവാസകാലത്തുണ്ടായ അരവണന്‍ എന്ന മകന്‍ ദേഹത്യാഗത്തിനു തയ്യാറായി മുന്നോട്ടു വന്നു. (തമിഴ്‌ വംശജര്‍ ആത്‌മാഹുതിക്ക്‌ എന്നും പ്രസിദ്ധരാണല്ലോ). അരവണനു ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്നതിനു മുന്നേ വിവാഹം കഴിക്കണം. പക്ഷേ നാളെ മരിക്കാന്‍ പോകുന്ന യുവാവിനെ ആരു വിവാഹം കഴിക്കാന്‍?

എല്ലാത്തിനും ഉപാധി കണ്ടെത്തുന്ന ശ്രീകൃഷ്ണന്‍ ഇതിനും ഉപാധി കണ്ടെത്തി. കൃഷണന്‍ തന്നെ മോഹിനീവേഷം ധരിച്ചു അരവണനെ വിവാഹം കഴിച്ചു. ഒരുദിവസം മാത്രം മോഹിനിയുടെ കൂടെക്കഴിഞ്ഞ അരവണന്‍ പിറ്റേദിവസം ദേഹത്യാഗം ചെയ്തു. ഈ കഥയുടെ പിന്‍തുടര്‍ച്ചയായി എല്ലാ വര്‍ഷവും ചിത്രപൂര്‍ണ്ണിമ നാളില്‍ ഓരോ ഹിജഡകളും കൃഷ്ണന്റെ അവതാരമായ മോഹിനിയായി മാറുന്നു . കൂവഗത്തെ ക്ഷേത്രപൂജാരി ഈ ആഘോഷദിവസം അരവണനായി സങ്കല്‍പ്പിച്ചു ഹിജഡകളെ താലികെട്ടി വിവാഹം കഴിക്കുന്നു. ഒരു ദിവസം അവര്‍ സുമംഗലികളായി ജീവിക്കുന്നു. പിറ്റേ ദിവസം ആ പൂജാരി തന്നെ അവരുടെ താലി അറുത്തു മാറ്റി അവരെ വിധവകളാക്കുന്നു.

കരച്ചിലും ബഹളവുമായി അവരുടെ ദാമ്പത്യം ഒരു ദിവസം കൊണ്ടു അവസാനിക്കുന്നു. അരവണന്റെ ഭാര്യയായതിനാല്‍‌ ഹിജഡകളെ അരവാണി എന്നാണു വിളിക്കാറ്. ആഘോഷത്തിന്റെ അവസാനം സ്‌ത്രീകളുടെ സൌന്ദര്യമത്‌സരത്തിലേതുപോലുള്ള പരേഡുകള്‍ അവിടെ അരങ്ങേറും. അവിടെ വെച്ചു ഹിജഡകളെ തെരഞ്ഞെടുക്കാനും അവരോടൊത്തു ശരീരസുഖം പങ്കിടാനും നിരവധി പേരുണ്ടാകുന്നുണ്ടെന്നുള്ളത് ഏതു ലൈംഗികസമവാക്യങ്ങള്‍ കൊണ്ടാണു നിര്‍‌വചിക്കേണ്ടത്‌ !! ഈ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍‌ ഈന്തപ്പന എന്ന ബ്ലോഗില്‍‌ ഇവിടെയും‌ പിന്നെ ഇവിടെയും‌ കാണാം.

ഈ ആഘോഷത്തോടെ ഇവിടെ അരങ്ങേറുന്ന ഹിജഡകളുടെ ഫാഷന്‍ പരേഡുകള്‍ ഇന്നു ജനശ്രദ്ധ ആകര്‍‌ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്നു വിവിധ ഫാഷന്‍ഷോകളില്‍ ഹിജഡകളുടെ ഫാഷന്‍ ഷോ കൂടി ഉള്‍പ്പെടുത്തുന്നുണ്ടെന്നതു ഈ ജനവിഭാഗത്തിനെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതില്‍ നല്ല പങ്കു വഹിക്കുന്നുണ്ട്.

ഇതേ പൌര്‍ണ്ണമി നാളില്‍ കേരളത്തിലെ കൊല്ലം ജില്ലയില്‍ ചവറക്കടുത്ത്‌ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ സ്‌ത്രീവേഷം കെട്ടി വിളക്കെടുപ്പ്‌ എന്ന ഒരു വിചിത്രമായ ആഘോഷം പൂര്‍വ്വകാലങ്ങളേക്കാള്‍ ശക്തിയായി ഇപ്പോഴും നടക്കുന്നുണ്ട്. അരവണന്റെ കഥയുമായി ഇതിനു സാമ്യമുള്ളതായി പറഞ്ഞുകേട്ടിട്ടില്ലെങ്കിലും പുരുഷന്‍ സ്‌ത്രീയായി മാറുന്ന ആചാരത്തിനു പിന്നില്‍ ഇതുപോലെ ഒരു കഥയുടെ പിന്നാമ്പുറമുണ്ടായിരിക്കും. അറിയാവുന്നവര്‍‌ പറയട്ടെ.

ഉത്തരാഖ്യാനം

ഇന്ന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഹിജഡകള്‍ വളരെ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. ഇവരില്‍ ചിലര്‍ നര്‍ത്തകരായും, ഫാഷന്‍ ഡിസൈനറായും ബ്യൂട്ടീഷനായും‌ ഒക്കെ ജോലി ചെയ്യുന്നതിലേക്കു വളര്‍ന്നിട്ടുണ്ട്. അതു കേവല ന്യൂനപക്ഷം മാത്രമാണ്‌. എല്ലായിടത്തേയും പോലെ പണത്തിന്റെ സ്വാധീനം ഇവരുടെയിടയിലുമുണ്ട്. പണവും സ്വാധീനവുമുള്ളവര്‍ മുന്നോട്ടു പോകുന്നു. ഗതിയില്ലാത്തവര്‍ താഴേക്കും. ഭൂരിപക്ഷം ഇന്നും അധ:കൃതരായി തെരുവില്‍ തെണ്ടിയും പേക്കൂത്തു കാട്ടിയും ജീവിക്കുന്നു.

ഹിജഡകളുടെ ക്ഷേമപ്രവര്‍‌ത്തനങ്ങള്‍‌ക്കായി ഭാരതത്തില്‍‌ നിരവധി സം‌ഘടനകള്‍‌ ഉണ്ടെന്നുള്ളത് വളരെ ആശ്വാസം‌ തരുന്നു. ഹിജഡകളെ തങ്ങളുടെ പൂര്‍‌വികരുടെ നിഗൂഢജീവിതത്തിന്റെ ഇരുളില്‍‌നിന്നും‌ അവബോധത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു കൈപിടിച്ചുകൊണ്ടുവരുന്നതില്‍‌ ഈ സം‌ഘടനകള്‍‌ക്കുള്ള പങ്ക് വളരെ വലുതാണ്‌. ഇന്നു പഴയ രീതിയിലുള്ള ഹിജഡകള്‍ കുറഞ്ഞു വരികയാണ്‌. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും മറ്റും സ്വേച്ച്ഛാനുസാരിയായ ജീവിതം സുസാധ്യമെന്നിരിക്കെ, തെരുവുകളില്‍ കൂത്തു കാട്ടിയും പിച്ചനടന്നും ജീവിക്കാന്‍‌ ആരാണാഗ്രഹിക്കുക?

എല്ലാവിധ സാമൂഹികവിലക്കുകളേയും‌ അതിജീവിച്ച്‌ ഇവരുടെ ഉന്നമത്തിനായി പ്രവര്‍‌ത്തിക്കുന്ന ഹിജഡ കല്യാണ്‍ സഭ, ദായി വെല്‍ഫയര്‍ സൊസൈറ്റി, ഹംസഫര്‍, സഹയാത്രിക, സഹായ്, സംഘമിത്ര, ചില്ല തുടങ്ങിയ നിരവധി സംഘടനകള്‍ കേരളമുള്‍പ്പെടെ ഭാരതത്തിലങ്ങോളമിങ്ങോളമുണ്ട്. AIDS-നെതിരെ പ്രബോധനവുമായിറങ്ങിയിട്ടുള്ള നിരവധി സന്നദ്ധസം‌ഘടനകളില്‍‌ ഹിജഡകള്‍ വളരെ ശുഷ്കാന്തിയോടെ പ്രവര്‍‌ത്തിക്കുന്നു.

ഇന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരെ പാകത്തില്‍ ഇവരുടെ ശക്തി വളര്‍ന്നിട്ടുണ്ട്. മധ്യപ്രദേശിലെ എം.എല്‍.എ ആയ ഷബനം‌ മൌസിയും‌ മേയര്‍‌മാരായ കമലാ ജാനും‌ ആശാദേവിയും‌ എല്ലാം‌ ഹിജഡകളുടെ പരാധീനതകള്‍ക്കെതിരെ പ്രതികരിക്കാന്‍‌ രാജനീതി തലത്തില്‍‌ അവരെ പ്രതിനിധാനം‌ ചെയ്യുന്നു എന്നത്‌ ഈ സമൂഹത്തിനു തെല്ലല്ല ആശ്വാസം നല്‍കുന്നത്.

തന്റേതല്ലാത്ത കുറ്റത്താല്‍, ശരീരത്തിലെ ജീനിന്റെ ഘടനാപരമായ വ്യത്യസ്തതകൊണ്ടു മാത്രം‌ ഹിജഡകളായി ജനിച്ചും‌ ജീവിച്ചും‌ പോയി എന്ന കാരണത്താല്‍, സമൂഹത്തില്‍ ജീവിക്കാനുള്ള ഉപാധികള്‍ അവര്‍‌ക്കു മുന്നില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌ തികച്ചും മനുഷ്യത്വരഹിതമാണ്‌.

ആവശ്യമായ തുക കൈവശമുണ്ടെങ്കില്‍ കൂടി ഹിജഡകള്‍ക്കു നല്ല ഹോട്ടലുകളിലോ, ആതുരാലയങ്ങളിലോ പ്രവേശനമില്ല.ട്രെയിനിലോ ബസ്സിലോ ഇവരുടെ അടുത്താരും‌ ഇരിക്കില്ല. ഓട്ടോറിക്ഷയോ ടാക്സിയോ ഇവരെ കയറ്റില്ല. രോഗബാധിതരായി ആശുപത്രികളിലെത്തിയാല്‍ ഇവര്‍ക്ക്‌ പ്രവേശനമില്ല. അതിനു നല്‍‌കുന്ന കാരണം‌ ഇവരെ പുരുഷന്‍മാരുടെ വാര്‍ഡിലോ, സ്‌ത്രീകളുടെ വാര്‍ഡിലോ എവിടെയാണ്‌ അഡ്‌മിറ്റ് ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പമാണത്രേ.

ഏതൊരു ജോലിക്കും അപേക്ഷയില്‍ ജാതിയോടൊപ്പം ലിംഗവും ചോദിക്കുന്നതിനാല്‍ രണ്ടുലിം‌ഗത്തിലും‌ പെടാത്ത ഇവര്‍ക്ക്‌ ജോലിക്കു അപേക്ഷിക്കുവാനുള്ള യോഗ്യതയില്ല. ശാരീരികമായും‌, ബുദ്ധിപരമായും‌ വൈകാരികപരമായും‌ വൈകല്യങ്ങളുള്ളവരേയും, ബലഹീനമായ അവയവങ്ങള്‍‌ ഉള്ളവരെയുമൊക്കെ 'ഹാന്‍‌ഡിക്യാപ്പ്ഡ്‌' എന്ന പരിഗണനയില്‍‌ പട്ടിക ചേര്‍‌ത്ത്‌ അവര്‍‌ക്കായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍‌ക്കാര്‍‌ തലത്തില്‍‌ നടത്തിവരുന്നുണ്ട്. പ്രകൃതിയുടെ ക്രമമനുസരിച്ച്‌ ജോലി ചെയ്യാനാകാത്ത ജനിതക വൈകല്യമുള്ളവരുടെ ശ്രേണിയില്‍ ഹിജഡകളെ കൂടി ഉള്‍‌പ്പെടുത്തേണ്ടതിന്റെ ആവശ്യകത സാമൂഹിക സന്നദ്ധ സം‌ഘടനകള്‍ക്കൊന്നും‌ തോന്നാതെപോയത് ഹിജഡകളെ അവര്‍‌ മനുഷ്യരായി കാണുന്നില്ലാ എന്നതിന്റെ തെളിവാണ്.

ഇതിനോടു വിയോജിപ്പുള്ളവര്‍ ഏറെയുണ്ടാകാം. കാരണം നമ്മളെല്ലാം ഓരോ വിശ്വാസങ്ങളെ ചുമക്കുന്നവരാണല്ലോ. ഹിജഡകള്‍ സമൂഹത്തിനു ശാപമാണെന്ന നിങ്ങളുടെ തോന്നലുകളെ ഉപേക്ഷിക്കേണ്ട. എന്നാല്‍‌ അവര്‍ മനുഷ്യരാണെന്നും, ഒരു മനുഷ്യനു അതിജീവനത്തിനു വേണ്ട അത്യാവശ്യ ഘടകങ്ങള്‍, കുറഞ്ഞപക്ഷം വിശപ്പടക്കാനുള്ള ഒരു മാര്‍ഗ്ഗം, അവര്‍ക്കു നിഷേധിക്കുനതിനെതിരെയെങ്കിലും ചിന്തിക്കാന്‍‌ ഈ ലേഖനം സഹായകമായെങ്കില്‍ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

തനിക്ക് ആവശ്യമില്ലാത്ത സത്യങ്ങളോട്‌ വെറുതേ എന്തിനു എതിരിടണമെന്നു കരുതുന്ന നമ്മള്‍, ഇവര്‍ക്ക്‌ നാണയത്തുട്ടുകള്‍ക്കു പകരം ഇത്തിരി കരുണ ഭിക്ഷയായി നല്‍കിയാല്‍ അവര്‍ സന്തുഷ്ടരാകും. തീര്‍ച്ച.

Courtesy: Various Internet sites, including wikipedia

24 comments:

കൃഷ്‌ണ.തൃഷ്‌ണ said...

തനിക്ക് ആവശ്യമില്ലാത്ത സത്യങ്ങളോട്‌ വെറുതേ എന്തിനു എതിരിടണമെന്നു കരുതുന്ന നമ്മള്‍, ഇവര്‍ക്ക്‌ നാണയത്തുട്ടുകള്‍ക്കു പകരം ഇത്തിരി കരുണ ഭിക്ഷയായി നല്‍കിയാല്‍ അവര്‍ സന്തുഷ്ടരാകും. തീര്‍ച്ച.

പുതിയ പോസ്റ്റ്. ഇതൊരു നീണ്ട പോസ്റ്റാണ്‌. ~~~Readers patience requested~~~

കൃഷ്‌ണ.തൃഷ്‌ണ said...

tracking

അനില്‍@ബ്ലോഗ് said...

കൃഷ്‌ണ.തൃഷ്‌ണ,

സ്വന്തം പോസ്റ്റ് ട്രാക്ക് ചെയ്യുന്നത് എന്തിന്? (അറിയാത്തതു കോണ്ട് ചോദിച്ചതാ കേട്ടോ)

ഒരുപാടു കാര്യങ്ങള്‍ വായിച്ചു.
ശാസ്ത്രീയവശങ്ങള്‍ ഒഴികെ മറ്റൊന്നും വല്ല്യ പിടിപാടില്ലാത്ത മേഖലയാണ്.

ഹിജഡകള്‍ എന്നത് ഒരു പ്രസ്ഥാനമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നൂറി ശതമാനം പുരുഷന്മാരായവരും ധാരാളമായി അക്കൂട്ടത്തില്‍ ഉണ്ടെന്നു.

എന്തായാലും പുതിയ കാര്യങ്ങള്‍ വായിക്കാനാവുന്നു എന്നതാണ് ബ്ലോഗ്ഗിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഒരു പുസ്തകം വാങ്ങി ഒരിക്കലും ഞാനിതു വായിക്കില്ല.ഏതായാലും സൌകര്യം പോലെ വീണ്ടും വരാം.

കൃഷ്‌ണ.തൃഷ്‌ണ said...

അനില്‍
എപ്പോഴും പോസ്റ്റിലേക്കു പോകാതെ, കമന്റുകളുണ്ടായാല്‍ ഇ-മെയിലിലൂടെ അറിയാമല്ലോ എന്നു കരുതിയാണ്‌ ട്രാക്ക്‌ ചെയ്തത്‌.

അനില്‍@ബ്ലോഗ് said...

കൃഷ്ണ,
കമന്റ് നോട്ടിഫിക്കേഷന്‍ ഇ മെയിലില്‍ മറുമൊഴികള്‍ കൊടുത്തിട്ടുണ്ടല്ലോ, ഇല്ലെ?
അതില്‍ ഒരു കോമ ഇട്ട് താങ്കളുടെ മെയില്‍ ഐഡികള്‍ കൊടുത്താല്‍ മതിയല്ലോ.

സൂരജ് :: suraj said...

അനില്‍ ജീ പറഞ്ഞതിനോട് യോജിക്കുന്നു. ഒരു പുസ്തകത്തില്‍ നിന്നോ ഒരു വെബ് സൈറ്റില്‍ നിന്നോ ഒന്നിച്ച് ഒരിക്കലും കിട്ടാത്ത അറിവുകള്‍ ഇങ്ങനെ സംക്ഷിപ്തമായി ശേഖരിച്ച കൃഷ്ണ.തൃഷ്ണയ്ക്ക് ബിഗ് സല്യൂട്ട്.ഒപ്പം നന്ദിയും.

ഇത് പി.ഡി.എഫ് ആക്കി സൂക്ഷിക്കുന്നു.
തുടരുക ഈ ശ്രമം.

മനുഷ്യലൈംഗികത എന്നത് രണ്ട് ലിംഗത്തെ മാത്രം സംബന്ധിക്കുന്നതല്ല, മറിച്ച് അതൊരു continuum ആണെന്നും അതിലെ മദ്ധ്യബിന്ദുവിലെവിടെയോ പെട്ടുപോകുന്നവര്‍ക്കും അവകാശങ്ങളുണ്ടെന്ന് നാം തിരിച്ചറിയേണ്ട കാലമായി. ലൈംഗികതയെ സംബന്ധിച്ച് ജനിതക "വൈകല്യം" എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ‘വികല’മല്ലാത്ത ഒരു നോര്‍മല്‍ സ്റ്റേറ്റ് ഉണ്ടെന്നാണ്. നോര്‍മല്‍ = ഭൂരിപക്ഷം എന്ന പഴയ വ്യാഖ്യാനങ്ങളിലേ ഇതിനു പ്രസക്തിയുള്ളൂ. അപ്പോള്‍ വൈകല്യം മാറ്റി "വ്യതിയാനം" എന്നാക്കേണ്ടി വരും നമുക്ക് :) ജ്ഞാനം ജനകീയമാകുമ്പോള്‍ മാറ്റം ദൂരെയല്ല.പ്രകൃതിവിരുദ്ധം എന്ന പേരില്‍ ഉഭയലൈംഗികതയെ സംബന്ധിച്ച എല്ലാറ്റിനേയും മാറ്റിനിര്‍ത്തുന്നതിന്റെ വിഡ്ഢിത്തം നിയമവ്യവസ്ഥകളുണ്ടാക്കുന്നവരും മനസിലാക്കട്ടെ. അതുമായി ബന്ധപ്പെട്ടും ചൂടേറിയ ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരട്ടെ.



............................

ഓഫ്: ബ്ലോഗുടമയ്ക്ക് കമന്റ് ബോക്സ് വഴി സബ്സ്ക്രൈബ് ചെയ്യാതെ തന്നെ കമന്റ്സ് കിട്ടാന്‍ - നേരെ ബ്ലോഗ് സെറ്റിംഗ്സില്‍ ചെന്നിട്ട് നാലാമത്തെ ടാബ് ആയ “കമന്റ്സി”ന്റെ ഏറ്റവും താഴെയുള്ള Comment Notification Email ബോക്സില്‍ (മറുമൊഴി ഡോട് കോമിന്റെ മെയില്‍ ഐഡി കിടക്കുന്ന ബോക്സ്) സ്വന്തം ഇ-മെയില്‍ കൂടി സേവ് ചെയ്താല്‍ മതിയാകും.

കൃഷ്‌ണ.തൃഷ്‌ണ said...

അനില്‍ & സൂരജ്
കമന്റ് നോട്ടിഫിക്കേഷന്‍‌ അങ്ങനെ കിട്ടുമെന്നത് എനിക്കു പുതിയ അറിവായിരുന്നു. പറഞ്ഞു തന്നതുപോലെ അങ്ങനെ മാറ്റിയിട്ടുണ്ട്.

ഒരു സം‌ശയം‌ കൂടിയുണ്ട്. ചിലര്‍‌ അനോണിമസ് ആയി കമന്റ് അയക്കുമ്പോള്‍‌ ചില പുതിയ പുതിയ പേരുകള്‍ മലയാ‍ളത്തില്‍‌ ടൈപ്` ചെയ്റ്റ് അനോണിമസ് ആയി കമന്റുന്നതു കണ്ടിട്ടുണ്ട്. ഇതെങ്ങനെയാണു ചെയ്യുന്നത്...?

പേരില്ലാത്ത അനോണി said...

അനോണിമസ് ഓപ്ഷനുള്ള കമന്റ് ബോക്സുകളില്‍ വിവിധ ഐഡന്റിറ്റി തിരഞ്ഞെടുക്കാം. അതില്‍ Name/ULR ഓപ്ഷന്‍ എടുത്ത് അവിടെ പേരെഴുതാം.

കൃഷ്‌ണ.തൃഷ്‌ണ said...

പേരില്ലാത്ത അനോണി,

നന്ദി..നന്ദി..ഈ പോസ്റ്റുകൊണ്ടു ഞാന്‍‌ ഈ വിദ്യയും‌ പഠിച്ചു. ഇതു എനിക്കു പ്രയോഗിക്കാ‍നല്ല, അറിഞ്ഞിരിക്കാനായിരുന്നു. നന്ദി..നന്ദി.

അനില്‍@ബ്ലോഗ് said...

രാവിലെ ഒന്നുകൂടി വായിച്ചു.

ഇന്നത്തെ സമൂഹത്തില്‍ ഹിജഡകള്‍ ഒരു ഗുണ്ടാ ഗാംങ് പോലെയാണ് എന്ന് പറയപ്പെടുന്നുണ്ട്. താങ്കളുടെ പോസ്റ്റു വായിക്കുമ്പോഴും ചില പുസ്തകങ്ങളില്‍ വായിച്ച പോലെയോ, ചില സിനിമയില്‍ കാണിക്കുന്നതു പോലെയോ ഉള്ള ഒരു ആക്രമണകാരികളായ ഗ്രൂപ്പാണ് മനസ്സില്‍ എത്തുന്നത്.

ഇതു വെറും തെറ്റിദ്ധാരണയാണെന്നു പറയാനാവില്ല എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയിലെ അവരുടെ നിലവിലുള്ള സാമൂഹിക അവസ്ഥ , നിഷ്പക്ഷമായി ഒന്നു പറയാമോ?

കൃഷ്‌ണ.തൃഷ്‌ണ said...

അനില്‍
ഒരു പരിധിവരെ അനിലിന്റെ ധാരണ ശരി തന്നെയാണ്‌.
ഞാന്‍ ലേഖനത്തില്‍ സൂച്ചിപ്പിച്ചതുപോലെ ഇതൊരു 'സ്വയംവിന' യാണവര്‍ക്ക്‌. ചോദിച്ചിട്ടും ഇരന്നിട്ടും കിട്ടാത്തതു തട്ടിപ്പറിച്ചെടുക്കുന്ന ശീലം..ഇതവരുടെ ദൈനംദിന ജീവിതത്തിലും ലൈംഗികതയിലുമുണ്ട്. ഇവരുടെ ഈ കര്‍മ്മം അവരെ വെറുപ്പോടെ നോക്കിക്കാണാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. Sometimes they do it with impunity.

ശിക്ഷാഭയമില്ല, ശിക്ഷിക്കാന്‍ അവകാശമില്ല എന്ന ഒരു തോന്നലും, 'നഷ്ടപ്പെടാന്‍' മാനമോ, ശരീരമോ, സ്‌ഥനമാനങ്ങളോ, കുടുംബമോ ഒന്നുമില്ലാ എന്ന തികഞ്ഞ ആത്മബോധവും ഇവരെ 'ക്രിമിനലൈസേഷനി'ലേക്കു നയിക്കുന്നു.
പക്ഷേ, ഇതൊന്നുമില്ലാത്ത വലിയ ഒരു വിഭാഗം ഇവരുടെയിടയിലുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ഇന്നുമില്ലേ എന്നു ചോദിച്ചാല്‍ ഇല്ലാ എന്നു തീര്‍ത്തു പറയാന്‍ കഴിയാത്ത ഒരവസ്‌ഥ കൂടിയുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ അങ്ങിങ്ങായി കേട്ടിട്ടുണ്ട്.

ലളിത said...

വായനയെ അത്ര വിരസമാക്കുന്നില്ലെങ്കിലും‌ പോസ്റ്റിത്തിരി നീളം‌ കൂടിപ്പോയി എന്നു പറയാതെ വയ്യ. നിരവധി കാര്യങ്ങള്‍‌ പുതിയതായി അറിയാന്‍‌ കഴിഞ്ഞു. ഒരുപാടു കഥ്കളും‌.
ഈ ശ്രമത്തിനു നന്ദി.

എതിരന്‍ കതിരവന്‍ said...

ബ്ലോഗില്‍ വരുന്ന അപൂര്‍വ്വ രചനകളില്‍ ഒന്ന്. ഇതിനു പുറകില്‍ നടന്ന ഗവേഷണത്തിനും കഠിനാധ്വാനത്തിനും അഭിനന്ദനങ്ങള്‍.
മലയാളം വിക്കിപീടികയില്‍ ഇത് എടുത്തു വയ്ക്കേണ്ടതാണ്.

സൂരജ് പറഞ്ഞപോലെ ഒരു continnum നു നടുക്കു അവ്ര്ക്കു ഉത്തരവാദിത്തമില്ലാത്ത കാരണങ്ങളാല്‍ പെട്ടു പോയവരെ സമൂഹം ഓരത്തു പോലും നിറുത്തിന്നില്ല.

പ്രജനനത്തിനു വേണ്ടിയല്ലാതുള്ള മനുഷ്യ ലൈംഗികപരത അദ്ഭുതാവഹമാണ്. ജീവന്റെ അപഭ്രംശങ്ങളെ തുണയാക്കുന്നു ഇത്.

“ആണും പെണ്ണും കെട്ട തരം” എന്ന് പറയാറുണ്ടെങ്കിലും ഈ തരം കാണിയ്ക്കുന്നത് എപ്പോഴും ഒരു ‘ഫുള്‍’ ആണോ ‘ഫുള്‍‘ പെണ്ണോ ആണ്.

jayakumar said...

Nice Post

അസുരന്‍ said...

ഇത്തരക്കാരെ നിരവധി കണ്ടിട്ടുണ്ടെങ്കിലും ഇവരൊക്കെ ഒരു തരം ക്രിമിനലുകള്‍ തന്നെയെന്ന വിചാരമായിരുന്നു. മറിച്ചു ചിന്തിക്കാന്‍ പാകത്തില്‍ അവരുടെ കഥകള്‍ അറിയാന്‍ ആഗ്രഹിച്ചിട്ടുമില്ല. ഈ പോസ്റ്റില്‍ പറഞ്ഞപോലെ അറപ്പുണ്ടാകുന്ന അവരുടെ ശരീരപ്രകൃതിതന്നെയാകാം അതിനു കാരണവും. ഇവരില്‍ ഹൈജീനായി നടക്കുന്നവരെ കണ്ടിട്ടുമില്ല. ഇവരില്‍ ഭൂരിഭാഗവും പുരുഷവേശ്യകളാണെന്ന കേട്ടറിവുമുണ്ടായിരുന്നു.
ഇതൊന്നും അറിയാനാഗ്രഹിച്ചിരുന്നില്ലെങ്കിലും വായനയിലൂടെ പുതിയ കുറെ അറിവുകള്‍ കിട്ടി.
അഭിവാദ്യങ്ങള്‍

ശ്രീവല്ലഭന്‍. said...

യാത്രയില്‍ ആയതിനാല്‍ ഇപ്പോഴാണ് കണ്ടത്. തീര്‍ച്ചയായും പിന്നീട് വന്നു വായിക്കും.

ഞാന്‍ ഇതുമായ് ബന്ധപ്പെടുത്തി എഴുതിയത് ഇവിടെ വായിക്കാം

കിഷോര്‍:Kishor said...

വിലാസിനിയുടെ ‘അവകാശികള്‍ ‘ വായിച്ചു തീര്‍ത്ത ഒരു പ്രതീതി!..

Male-to-female trans-gender എന്ന ഗണത്തില്‍ പെടുന്നവരാണ് ഇവര്‍. ഇവര്‍ ശാരീരികമായും മാനസികമായും പെണ്ണായിത്തീരാന്‍ ആഗ്രഹിക്കുന്നവരാണ്. വികസിത രാജ്യങ്ങളില്‍ ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയരാകുന്നു.

They are the "T" in "LGBT". Not to be confused with gay men.

Anonymous said...

എല്ലാ‍ ജീവജാലങ്ങള്‍‌ക്കും‌ ഇടം‌ നല്‍‌കണമെന്ന പ്രകൃതിയുടെ നിയമത്തിനെതിരെയുള്ള ഒരു വികര്‍‌മ്മത്തിലേക്കു മനുഷ്യനെ നയിക്കുന്ന അവന്റെ കപടസദാചാരത്തിന്റെ ഉദാത്തമായ ഉപോത്പന്നമാണ് നമ്മള്‍ ഭ്രഷ്ടു കല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഹിജഡകള്‍. --

വളരെ വളരെ സത്യം.

ഇതു ഒരു രണ്ടു- മൂന്നു പോസ്റ്റായി ഇട്ടിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ വായിക്കുമായിരുന്നു എന്നു തോന്നുന്നു.

കൃഷ്ണ തൃഷണ, മറ്റുള്ളവര്‍ പറഞ്ഞതുപോലെ സൂക്ഷിച്ചുവെക്കാന്‍ പാകത്തിനുള്ള പോസ്റ്റ്.

കൂവഗത്തെ ആഘോഷം നേരിട്ടു കണ്ടിട്ടുള്ള ഒരാളാണു ഞാന്‍. വര്‍ഷം തോറും കൂടുതല്‍ ആള്‍ക്കാര്‍ വന്നുകൊണ്ടിരിക്കുന്നതായാണു എനിക്കു തോന്നുന്നത്.ഇവരുടെ ശതമാനം കുറയുന്നുണ്ടോ?

The Common Man | പ്രാരാബ്ധം said...

പതിവുപോലെ തന്നെ വളരെ നല്ല ലേഖനം.

ഇതിലൊന്നും‌ പെടാത്ത ഒരു തരം‌ ഹിജഡകള്‍ ഇവിടെ ബെംഗളുരുവില്‍ ഉണ്ട്.

ഒരു ദിവസം വെറുതേ ഒരു സോഡാ കുടിക്കാന്‍ , വീടിനടുത്തുള്ള ബാറില്‍‌ കയറിയപ്പോ അന്നു രാവിലെ വഴിയില്‍‌ സാരിയൊക്കെയുടുത്ത് പിരിവ്‌ എടുത്തു നടന്നിരിന്ന 'ചേച്ചി' , ഉടുപ്പും പാന്റും ഒക്കെയിട്ട് ഇരുന്ന് പതിവു ക്വോട്ടാ അടിക്കുന്നു.

ജീവിക്കാനുള്ള വേഷം കെട്ട്.

Vijeesh Mathur said...

വളരെ താമസിച്ചു ഈ പോസ്റ്റ് കാണാന്‍.
ആര്‍ടിക്കള്‍ 377 സേര്‍ച്ച്‌ ചെയ്തപ്പോള്‍ എത്തപ്പെട്ടാതാണ്‍ ഈ ബ്ലോഗ്ഗില്‍. ഹിജഡകളെക്കുറിച്ച് ഇത്ര വിശദമായി മലയാളത്തില്‍ വേറെങ്ങും വായിച്ചിട്ടില്ല. സ്വവര്‍ഗ്ഗരതി നിയമവിധേയമക്കിയ ഈ സാഹചര്യത്തില്‍ ഇനി ഇവരുടെ ജീവിതനിലവാരം അല്പ്പമെങ്കിലും മെച്ചപ്പെടുമെന്നു കരുതാം. ഇവര്‍ മനുഷ്യരാണെന്നു മറക്കുന്നവര്‍ ഇനിയെങ്കിലും കാരുണ്യം ഭിക്ഷയായി നല്‍കട്ടെ.

nalan::നളന്‍ said...

യൂനക്ക് എന്നതിന്റെ പരിഭാഷയായി ഹിജഡകളെ കാണാന്‍ സാധിക്കിമോ.
യൂനക്കുകള്‍ ഹിജഡകളെപ്പോലെ അങ്ങിനെ ജനിക്കുന്നവരല്ല. ലൈഗീകാവയവങ്ങള്‍ വിച്ഛേദിക്കപ്പെട്ട ആണ്‍ വര്‍ഗ്ഗത്തിലുള്ളവരെയാണു യൂനക്കുകള്‍ എന്നു വിളിക്കപ്പെടുന്നത്. ഈ ക്രീയക്കു മുന്‍പു വരെ അവര്‍ സാധാരണ ആണ്വര്‍ഗ്ഗം തന്നെ. ഹിജഡകളില്‍ ചിലര്‍ ഇങ്ങിനെ യൂനക്കുകളാകുന്നുണ്ടെങ്കിലും എല്ലാവരും അങ്ങിനെ ചെയ്യാറില്ലെന്നാണു മനസ്സിലാക്കിയിട്ടുള്ളത്

സെലി ചരിതം said...

oru padu karyangal manassilakkan patti

ഗുലുമാല്‍(Marketing A Soul) said...

പ്രിയ കൃഷ്‌ണ.തൃഷ്‌ണ,

താങ്കളുടെ ഈ ലേഖനത്തിലൂടെ ഉള്ള യാത്ര എനിക്ക് ഒരു കതയിലെക്കുല വഴിയായി മാറി.

നന്ദി

athira v augustine said...

valare vykyennu thonni......
vakkual onninum mathiyyavilla enna thiricharivu ippol ullahukodu....

parayathe parayunnu ....

................