Wednesday, March 18, 2009

മാംഗല്യം താലിച്ചരടിലൂടെ..

വിവാഹം എന്ന ബന്ധ(ന)ത്തിലൂടെ 'ഒരാള്‍ക്ക്‌ ഒരിണ', 'ആണിന്റെ ഇച്ഛാനുവര്‍ത്തി പെണ്ണ്‌ ' എന്നൊക്കെയുള്ള സാമൂഹികമര്യാദച്ചട്ടങ്ങളിലേക്ക് മനുഷ്യന്‍ എത്തിയതെങ്ങനെയായിരിക്കും?

വിവാഹത്തെക്കുറിച്ച് എഡ്‌വേര്‍ഡ് വെസ്‌റ്റര്‍മാര്‍ക്ക് പറയുന്നതിങ്ങനെയാണ്‌.

"പുരുഷന്‍ സ്‌ത്രീയുമായി ആചാരനിയമപ്രകാരം ലൈംഗികസുഖത്തിനും സന്താനോത്പാദനത്തിനുമായി പാരസ്‌പരിക ഉത്തരവാദിത്വബോധത്തോടെ ഏര്‍പ്പെടുന്ന നിയമസാധുതയുള്ള ബന്ധമാണ്‌ വിവാഹം. മനുഷ്യവളര്‍ച്ചയുടെ ആദ്യകാല ചരിത്രത്തില്‍ ഒരു സാമൂഹികാവശ്യമായി ഉടലെടുത്ത വിവാഹമെന്ന സമ്പ്രദായത്തില്‍ ഈ ബന്ധത്തിലേര്‍പ്പെടുന്ന വ്യക്തികളിലെ സാമ്പത്തികസാഹചര്യമാണ്‌ പങ്കാളിയുടെ ഉടമസ്ഥതാവകാശം നിര്‍ണ്ണയിച്ചിരുന്നത്. സാമ്പത്തികാധിഷ്ഠിതമായ ഒരു സാമ്പ്രദായികതയില്‍ നിന്നാണ്‌ ക്രമേണ വിശുദ്ധകര്‍മ്മമായും അധികാരചിഹ്നമായും വിവാഹബന്ധങ്ങളെത്തിച്ചേര്‍ന്നത്."

പരിണാമഘട്ടങ്ങളില്‍ പൌരോഹിത്യാധിപത്യം സമൂഹത്തിലുണ്ടായതോടെയാണ്‌ വിവാഹം എന്ന സമ്പ്രദായം നിലവില്‍ വന്നത്. കൂട്ടായ ഒരു ഭരണ സംവിധാനമുണ്ടാക്കാനും, ചിതറി ജീവിക്കുന്ന മനുഷ്യരെ ഒരുമിപ്പിക്കുവാനുമുള്ള പൌരോഹിത്യബുദ്ധിയുടെ കൂട്ടുതുകയാണിന്നു കാണുന്ന വിവിധ മതങ്ങളെന്നിരിക്കലും ഇന്നത്തേതുപോലെ നിരവധി മതങ്ങളോ, അവര്‍ക്കൊക്കെ ഒന്നോ അതിലധികമോ ദൈവങ്ങളോ ഒന്നും അന്നത്തെ മനുഷ്യസങ്കല്പങ്ങളിലുണ്ടായിരുന്നില്ല.

പുരോഹിത മതങ്ങള്‍ (അഭിപ്രായങ്ങള്‍)ക്കൊപ്പം മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുവാനുള്ള നിരവധി ശ്രമങ്ങളില്‍, ദൈവവിശ്വാസത്തെപ്പോലെതന്നെ വിജയം വരിച്ച ഒരു സമ്പ്രദായമായിരുന്നു വിവാഹമെന്ന്‌ റോബര്‍ട്ട് ബ്രിഫാള്‍ട്ടും എഴിതിയിട്ടുണ്ട്. ആണു പെണ്ണിനേയും പെണ്ണു ആണിനേയും 'കഴിവിന്റെ' അടിസ്ഥാനത്തില്‍ സ്വന്തമാക്കിവെച്ചുവന്ന ഒരു പ്രവണത ആദിസംസ്കൃതിയില്‍ തന്നെയുണ്ടായിരുന്നു. ഇരതേടാനുള്ള പുരുഷന്റെ കഴിവ് പിന്നെ ഇണയെ സംരക്ഷിക്കാനുള്ള കഴിവെന്ന നിലയിലേക്കെത്തിയതോടെ പുരുഷന്‍ ഇണയെ സ്വാര്‍ത്ഥതയോടെ സ്വന്തമാക്കിവെക്കാന്‍ തുടങ്ങി. സാമ്പത്തിക ഔന്നത്യമുള്ള സ്‌ത്രീകള്‍ ഇണയെ സ്വീകരിക്കുന്നതില്‍ ഉടമസ്ഥാവകാശം കാട്ടിയിരുന്ന കാലത്തെ രാജകുമാരിമാരുടെ സ്വയംവരവും, ഗാന്ധര്‍വവിവാഹവും യവനസുന്ദരിമാരുടെ അടിമപ്രേമവും മറ്റും കഥകളിലൂടെ നമുക്കു സുപരിചിതമാണ്.

ഇണയെ സംരക്ഷിക്കാനുള്ള കഴിവ്‌ ഇണയെ സ്വന്തമായി സൂക്ഷിക്കാനുള്ള, അവകാശപ്പെടാനുള്ള സാമ്പത്തികമായ കഴിവ്‌ എന്ന രീതിയിലേക്കു പരിണമിച്ചപ്പോള്‍ സമൂഹത്തില്‍ ബഹുഭാര്യാത്വവും ബഹുഭര്‍ത്ത്വത്വവും ഉണ്ടായി. മനുഷ്യര്‍ ഇരക്കുവേണ്ടിയല്ലാതെ ഇണക്കുവേണ്ടിയും പരസ്‌പരം പോരടിച്ചു തുടങ്ങി.

ഒരാള്‍ക്ക് ഒരു ഇണ എന്ന നിലയിലേക്കു കാര്യങ്ങള്‍ എത്താന്‍ പിന്നെയും നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. ഏക ഇണയിലൊതുങ്ങാന്‍ മാത്രം മൃഗസ്വഭാവം നഷ്ടപ്പെടാതിരുന്ന മനുഷ്യന്‍ അതിനു തയ്യാറാകാതെ concubinage അഥവാ വെപ്പാട്ടി സമ്പ്രദായത്തിലൂടെ തങ്ങളുടെ അനുശീലം തുടര്‍ന്നുകൊണ്ടുമിരുന്നു. ഇതിന്റെ വാണിജ്യപരമായ പിന്തുടര്‍ച്ചയാണ്‌ 17-ം നൂറ്റാണ്ടോടെ ഇംഗ്ലണ്ടില്‍ രൂപപ്പെട്ട സാമൂഹികചട്ടങ്ങള്‍.

സാമ്പത്തികസാഹചര്യമായിരുന്നു ഇണയുടെ മേലുള്ള ഉടമസ്ഥാവകാശമെന്നിരിക്കെ, വിവാഹത്തോടെ പെണ്ണ്‌ അടിമയാക്കപ്പെട്ടതെങ്ങനെ?

പെണ്ണ്‌ അടിമയാക്കപ്പെട്ടതല്ല, സ്വയം അടിമയായതാണെന്നതാണ്‌ സത്യം. അവളിലെ നൈസര്‍ഗ്ഗികമായ മാതൃഭാവം പുരുഷനോടു ചാഞ്ഞു നില്‍ക്കാന്‍ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഈ ചായ്‌വിന്റെ വരിഞ്ഞുമുറുക്കല്‍ പുരുഷനെ കൂടുതല്‍ ദൃഢമാക്കുകയും ആ ദൃഢത ധാര്‍ഷ്‌ട്യമായി വളരുകയുമാണുണ്ടായത്. സ്‌ത്രീകളില്‍ ഈ ചായ്‌വുണ്ടായതാകട്ടെ, പരിണാമത്തിന്റെ വലിയ ഒരു ഭാഗമായിട്ടാണു താനും.

പരിണാമത്തിന്റെ പ്രബലമായ ഘട്ടങ്ങളിലൊരിടത്തുവെച്ച്‌ മനുഷ്യന്‍ നിവര്‍ന്നു നടക്കാന്‍ തുടങ്ങിയതോടെ അവനു തന്റെ ലൈംഗികാവയവം പുറത്തുകാട്ടാതെ നടക്കാനാകാതെ വന്നു. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷനെപ്പോലെയോ, മറ്റു ജീവികളെപ്പോലെയോ ബാഹ്യമായി കാണും വിധമായിരുന്നില്ല ലൈംഗികാവയവം. തങ്ങളുടെ ലൈംഗികാവയവം വളരെയേറെ ഗുഹ്യമായിപ്പോയതിനാല്‍ അതു പുരുഷന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നില്ലയോ എന്ന സംശയം സ്‌ത്രീകളിലുണ്ടായി. എല്ലാവരും സദൃശരൂപികളായിരുന്നതിനാല്‍ അന്നു മുഖസൌന്ദര്യമോ, ശാരീരികവടിവുകളോ, മാംസപുഷ്കലതയോ ആകര്‍ഷണത്തിന്റെ മാനദണ്ഡമായിരുന്നില്ല.

ഇണയെ ആകര്‍ഷിക്കാന്‍ മൃഗങ്ങള്‍ കാണിക്കുന്ന ചേഷ്ടകള്‍ കണ്ടുശീലിച്ച സ്‌ത്രീകള്‍ തങ്ങള്‍ക്കും ഇണയെ ആകര്‍ഷിക്കാനുതകുന്ന ചില സൂത്രങ്ങളെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. ഗുഹ്യമായിരിക്കുന്ന തന്റെ ലൈംഗിക പ്രദേശത്തേക്കു പുരുഷന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അവള്‍ പച്ചില കൊണ്ടും പുല്ലുകള്‍ കൊണ്ടും ഗുഹ്യപ്രദേശം അലങ്കരിക്കാന്‍ തുടങ്ങി. ഗുഹ്യഭാഗങ്ങളിലേക്കു പുരുഷന്റെ ശ്രദ്ധയാകര്‍ഷിക്കാനായിട്ടായിരുന്നു, മറിച്ച് നഗ്നത മറക്കാനായിരുന്നില്ല, ആദ്യമായി സ്‌ത്രീകള്‍ അരക്കെട്ടു അലങ്കരിച്ചുതുടങ്ങിയത്. ബാഹ്യമായി കാണാനാകുന്നതും പുരുഷനെ ആകര്‍ഷിക്കുന്നതുമായ മുലകളാകട്ടെ മറച്ചിരുന്നുമില്ല.

പച്ചിലയും പുല്ലുകളും ശാശ്വതമായ ഒരു ആകര്‍ഷണമല്ലായെന്ന തിരിച്ചറിവില്‍ ഗുഹ്യപ്രദേശങ്ങളില്‍ സ്‌ത്രീകള്‍ പച്ചകുത്താന്‍ തുടങ്ങി. വിവിധതരം ചിത്രപ്പണികളും ജീവികളുടെ ചിത്രങ്ങളും മറ്റും സ്‌ത്രീകള്‍ അരക്കെട്ടില്‍ വരക്കാന്‍ തുടങ്ങിയതും ഇണയെ ആകര്‍ഷിക്കുന്നതിനുവേണ്ടിയായിരുന്നു. നഗ്നതയെ അലങ്കരിക്കുക എന്നത് ക്രമേണ അലങ്കരിച്ചു മറയ്‌ക്കുക എന്ന രീതിയിലേക്കെത്തിച്ചേര്‍ന്നു. മറച്ചുവെച്ചിരിക്കുന്നത് വെളിപ്പെടുത്തിക്കാണാനുള്ള മനുഷ്യന്റെ കേവല ജിജ്ഞാസ ഔല്‍സുക്യമായി വളര്‍ന്നതോടെ ആകര്‍ഷണത്തിന്റെ തന്ത്രം സ്‌ത്രീകള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. വിവിധ വര്‍ണ്ണത്തില്‍ അലങ്കാരപ്പണികളോടെ ശരീരങ്ങള്‍ പച്ചകുത്തിയിരുന്നതില്‍ നിന്നുമാണ്‌ ഇന്നുകാണുന്ന വസ്ത്രധാരണം എന്ന രീതിയിലേക്കു കാര്യങ്ങളെത്തിച്ചേര്‍ന്നത്.

പച്ചകുത്തില്‍ നിന്നും പുരോഗമിച്ച്‌ മരത്തിന്റെ തൊലിയും മൃഗങ്ങളുടെ തുകലും മറ്റും കൊണ്ട് സ്ത്രീകള്‍ അരക്കെട്ട് മറച്ചു തുടങ്ങി. വര്‍ണ്ണാഭവും പെട്ടെന്നു ആകര്‍ഷിക്കുന്നതുമായ പുലിത്തോലായിരുന്നു ആദ്യകാലത്തെ ഏറ്റവും പ്രിയമേറിയ അങ്കി. മല്ലിട്ടുകൊല്ലാന്‍ പ്രയാസമേറിയ പുലിയുടെ തോല്‍‍ ധരിക്കുന്നത് വീരത്വത്തിന്റേയും ധൈര്യത്തിന്റേയും പ്രതീകമായി. ഇണക്കു അര മറയ്‌ക്കാന്‍‌ പുലിത്തോല്‍ സമ്മാനിക്കുന്ന പുരുഷനായിരുന്നു ഏറ്റവും ശൂരനായി കണക്കാക്കപ്പെട്ടിരുന്നത്.

കീഴ്പ്പെടുത്തിയ ഇരയെ മറ്റൊരു മൃഗത്തിനു കൊടുക്കാന്‍ വിസമ്മതിക്കുന്ന അതേ മൃഗസ്വഭാവമാണ്‌ താന്‍ കീഴ്പ്പെടുത്തിയ ഇണയെ അന്യപുരുഷനു കൊടുക്കാതെ സൂക്ഷിക്കാന്‍ പുരുഷനെ പ്രേരിപ്പിച്ച മന:ശാസ്ത്രവും. പരിണാമപുരോഗതി സമൂഹത്തിന്റേതന്നെ പുരോഗതിയായതോടെ കുടുംബം എന്ന സമ്പ്രദായം നിലവില്‍ വന്നു. ഇരതേടി വരുന്ന പുരുഷനു വിശ്രമിക്കാനവസരം കൊടുത്ത പെണ്ണ്‌ കുടുംബത്തിന്റെ ആധിപത്യത്തിലേക്കു വളര്‍ന്നു. മാതൃഭാവത്തിന്റെ മമത പെണ്ണിനെ കുടുംബത്തിന്റെ നേതൃത്വത്തിലേക്കു കൊണ്ടെത്തിച്ചു.

കുടുംബം എന്ന വ്യവസ്ഥയിലേക്കു സമൂഹം ചുരുങ്ങിത്തുടങ്ങിയതോടെ തനിക്കു ഇര കൊണ്ടു തരുന്ന ആണിനെ തന്റെ തന്നെ പക്കല്‍ പിടിച്ചു നിര്‍ത്തേണ്ടതു പെണ്ണിന്റെ ചുമതലയായി. വെപ്പാട്ടി സമ്പ്രദായത്തിലെത്തിയതോടെ ഇണയ്ക്കു വേണ്ടിയുള്ള പോര്‌ സ്‌ത്രീകള്‍ തമ്മിലായി തുടങ്ങിയിരുന്നു. പുരുഷനെ തന്നില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ ഇന്നത്തെപ്പോലെ അന്നും പെണ്ണിനു വളരെയേറെ സന്ധിചെയ്യേണ്ടി വന്നിരുന്നു. തന്റെ ഇണയുടെ ആകര്‍ഷണം അന്യസ്‌ത്രീയിലേക്കു പടരാതിരിക്കാന്‍ അവള്‍ക്കു പോരിനൊപ്പം കഠിനാധ്വാനവും ചെയ്യേണ്ടിവന്നു. മാതൃഭാവത്തിലൂടെ അനുശീലിച്ച വഴങ്ങലിന്റേയും വിധേയത്വത്തിന്റേയും ഛായയില്‍ ചുമതലകള്‍ കണിശമായും കൃത്യമായും ചെയ്തുപോന്ന പെണ്ണിന്റെ ശീലം ക്രമേണ വിധേയത്വത്തിന്റെ നിറംചേര്‍‌ന്ന സദാചാരനിയമമായി.

ദൈവവും മതവും ജനിക്കുന്നതിനുമുന്നേയുള്ള മന്ത്രവാദിപുരോഹിതരാണ്‌ ഇത്തരുണത്തില്‍ അവള്‍ക്കു തുണയായെത്തിയത് . ഇന്നും എന്നും മന്ത്രവാദത്തിന്റെ അടിസ്ഥാനനിയമം എന്നത് Law of similarity അഥവാ സദൃശ്യതാനിയമമാണ്‌. പുരുഷനെ തന്നോടൊപ്പം നിര്‍ത്താന്‍ സ്‌ത്രീ അവളുടെ യോനീസദൃശമായ അടയാളങ്ങള്‍ ശരീരത്തില്‍ ധരിച്ചു പുരുഷനെ തന്റെ ഗുഹ്യഭാഗം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നാല്‍ പുരുഷന്‍ അന്യയോനിയിലേക്കു ആകര്‍ഷിക്കപ്പെടുകയില്ലായെന്നു മന്ത്രവാദപുരോഹിതര്‍ സ്‌ത്രീകളെ പഠിപ്പിച്ചു. (Ref: Primitive Religion-Evans Pritchard).

ഭയത്തിന്റെ കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്നിലായിരുന്ന സ്‌ത്രീകള്‍ അടയാളങ്ങളിലേക്കു സ്ത്രീശക്തി അവാഹിച്ചു കഴുത്തിലണിഞ്ഞാല്‍ പുരുഷന്‍ വിട്ടുപോകില്ലായെന്ന മന്ത്രവാദനിയമം വല്ലാതെകണ്ടു ധരിച്ചുവശായി. സ്‌ത്രീകള്‍ യോനീരൂപത്തിലുള്ള ഇലകളും പൂവുകളും കണ്ടെത്തി ധരിക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്‌. മാത്രവുമല്ല, മുന്‍പുണ്ടായിരുന്ന സാമൂഹികക്രമത്തിനു വിരുദ്ധമായി മനുഷ്യരില്‍ ഏക ഇണബന്ധം നിലവില്‍ വന്നതോടെ, പ്രസവിക്കാനാകാത്ത സ്‌ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചു. നേരത്തേ വന്ധ്യയായ സ്‌ത്രീ മാത്രമേ പ്രസവിക്കാതിരുന്നുള്ളൂ എങ്കില്‍ ഏക ഇണ ബന്ധത്തോടെ വന്ധ്യനായ പുരുഷന്റെ ഇണയും പ്രസവിക്കാതെയായി. പുരുഷനെ സ്വന്തം ആകര്‍ഷണവലയത്തില്‍ നിര്‍ത്താനും സന്താനലബ്ധിക്കുമൊക്കെയായി സ്‌ത്രീയോനീ രൂപത്തിലുള്ള വസ്തുക്കള്‍ ധരിക്കേണ്ടത് അത്യാവശ്യമാണെന്ന മന്ത്രവാദനിയമം അങ്ങനെ പൊതുസ്‌ത്രീശീലമായി മാറി.

ഇലകളും പുഷ്പങ്ങളും ഒരു ദിവസത്തില്‍ കൂടുതല്‍ വാടാതെ നില്‍ക്കാത്തതിനാല്‍ നവംനവമായ രീതികള്‍ സ്‌ത്രീകള്‍ക്കു കണ്ടെത്തേണ്ടി വന്നു.മരത്തിന്റെ കറകള്‍ ഉരുട്ടിയെടുത്ത്‌ യോനീരൂപമാക്കി സ്ത്രീകള്‍ കഴുത്തില്‍ പതിപ്പിച്ചു, കെട്ടിത്തൂക്കി. ക്രമേണ യോനീരൂപത്തിലുള്ള കക്കകള്‍ കഴുത്തില്‍ ധരിക്കാന്‍ തുടങ്ങി.

മിനുസമാര്‍ന്നതും വിവിധവര്‍ണ്ണങ്ങളിലുള്ളതുമായ കവടികളും കക്കകളും ധരിക്കുന്നതു ആചാരമായി മാറിയത് അങ്ങിനെയാണ്‌. പിന്നീട് വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന കന്യക കക്കകള്‍ കൊണ്ടുണ്ടാക്കിയ മാല ധരിക്കുന്നത് ഒരു ആചാരമായി മാറി. എല്ലാവര്‍ക്കും ധരിക്കാനാകും വിധം കക്കകള്‍ ലഭ്യമല്ലാതായതോടെയാണ്‌ ലോഹങ്ങള്‍ കൊണ്ടു കക്കയുടെ സദൃശരൂപങ്ങള്‍ ഉണ്ടാക്കി ധരിക്കാന്‍ തുടങ്ങിയത്.

ഇലയരച്ചും മഞ്ഞളരച്ചും നിറം വരുത്തി വള്ളിനാരുകളില്‍ കോര്‍ത്തിരുന്ന ലോഹത്തിന്റെ കക്കകള്‍ പിന്നെ ഭാരം കുറഞ്ഞതും അനായാസം വഴങ്ങുന്നതുമായ മഞ്ഞലോഹം കൊണ്ടുണ്ടാക്കിത്തുടങ്ങി. മഞ്ഞലോഹം കൊണ്ടു കക്കകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ്‌ ഈ ലോഹത്തിനു വിലയുണ്ടായിത്തുടങ്ങിയതെന്നാണ്‌ എലിയറ്റ് സ്‌മിത്ത് (Ref: Evolution of Man) അഭിപ്രായപ്പെട്ടിരിക്കുന്നത്‌. പുരുഷമേധാവിത്വത്തിന്റെ ചിഹ്നമായി ഇന്നും മഞ്ഞലോഹം കൊണ്ടുണ്ടാക്കിയ യോനീസദൃശമായ 'താലി' സ്‌ത്രീകള്‍ ധരിക്കുന്നത് നമ്മള്‍ ആ പഴയ ഗോത്രസംസ്‌കാരത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണെന്നു വിളിച്ചു പറയുന്നു.പരിണാമത്തിന്റെ ഈ അറ്റത്തു നില്‍ക്കുമ്പോഴും, മനുഷ്യന്‍ വ്യത്യസ്ത മതപുരോഹിതക്കള്ളികളിലായെങ്കിലും വിവാഹവേളയില്‍ അടയാളങ്ങള്‍ ധരിക്കുന്നതും ധരിപ്പിക്കുന്നതും ഇന്നും എവിടെയും തുടരുന്നു.

ഒരിക്കല്‍ കുടുംബത്തിന്റെ അധിപയായിരുന്ന പെണ്ണ്‌ ഇത്തരം ഭീതിയുടെ അരികുപറ്റിപ്പോയതാണ്‌ അവളെ ഇരയാക്കുന്നതില്‍ പുരുഷനു കിട്ടിയ പ്രചോദനം. അവള്‍ അവനെ നഷ്ടപ്പെടാതിരിക്കാന്‍ ധരിച്ചു തുടങ്ങിയ അടയാളം ക്രമേണ അവന്റെ അധികാരചിഹ്നമായി. സ്‌ത്രീയുടെ ചായ്‌വ്‌ അവളുടെ അടിമത്തമായി. വെപ്പാട്ടിസമ്പ്രദായം സമൂഹത്തില്‍ നിന്നകന്നു പുരോഹിതരുടേതായി. പിന്നെ അവര്‍ക്കായി ആരാധനാലയങ്ങളില്‍ സ്‌ത്രീകള്‍ നിവസിപ്പിക്കപ്പെട്ടു. പാഫോസ് വേശ്യകളും ദേവദാസികളും ഈ പരമ്പരയുടെ കണ്ണികളായി.

സമ്പത്തിന്റെ ആധിപത്യം പുരുഷനില്‍ നിക്ഷിപ്തമായതോടെയാണ്‌ വിവാഹബന്ധത്തിലെ മേല്‍ക്കോയ്മയും ഉടമസ്ഥതാവകാശവും പുരുഷനിലെത്തിയത്. 17-ം നൂറ്റാണ്ടോടെ ഇംഗ്ലണ്ടില്‍ വികസിതമായ വിവാഹച്ചട്ടങ്ങളും, വിവാഹമോചനച്ചട്ടങ്ങളും സമ്പന്നപൌരോഹിത്യപുരുഷവര്‍ഗ്ഗത്തിന്റെ ഇടപെടലുകളിലൂടെ സദാചാരച്ചട്ടങ്ങളായി, ചരിത്രസത്യമായി നമ്മുടെ മുന്നിലുണ്ട്.

ഇംഗ്ലീഷ്‌ വാഴ്ച കപ്പല്‍ കയറിവരുന്നതിനു മുന്നുള്ള കേരള ചരിത്രം പരിശോധിച്ചാല്‍ മരുമക്കത്തായം എന്ന സാമൂഹ്യാചാരപ്രകാരം വിവാഹബന്ധത്തില്‍ സ്‌ത്രീകള്‍ മേല്‍ക്കോയ്‌മ സൂക്ഷിച്ചിരുന്ന ലഘുചിത്രം നമുക്കു കേരളത്തിലും കാണാം.

ഇതൊക്കെ പരിണാമപ്രക്രിയയുടെ കയറിത്തീര്‍‌ന്ന പടികള്‍. അറിവിന്റെ തീജ്വാലകള്‍‌ കൂടുതല്‍‌ വെളിച്ചത്തിലേക്കു നയിക്കുകയും‌ നമ്മള്‍‌ ചിന്തയില്‍‌ തീ പിടിച്ചവരായി വളരുകയും‌ ചെയ്തു. കൊഴിഞ്ഞടര്‍‌ന്ന ഈ പൈതൃകത്തെ പരിണാമത്തിന്റെ ഭാഗമായി കരുതാതെ അതിന്റെ പേരില്‍‌ ഊറ്റം‌ കൊള്ളുകയോ, പരസ്‌പരം‌ നാണംകെടുത്തുകയോ ചെയ്യൂമ്പോള്‍ നമ്മള്‍ പുതിയ മാറ്റങ്ങള്‍‌ക്കു പുറംതിരിഞ്ഞുനിക്കുന്നവരാകുന്നു.

ഇനി സഹോദരിമാരോട്..

പുരുഷന്റെ ആ പഴയ വെപ്പാട്ടിസം‌സ്കാര പ്രതിപത്തിയും‌ കീഴ്‌പ്പെടുത്തലും‌ ഇന്നുമുണ്ട്. പെണ്ണിനെക്കുറിച്ചു പറയുമ്പോഴൊക്കെ ലൈം‌ഗികതയുമായി മാത്രം‌ ബന്ധപ്പെടുത്തിയും‌ താരതമ്യം‌ ചെയ്‌തും‌ നോക്കിക്കാണുന്ന പുരുഷന്റെ കാഴ്ചപ്പാടിനെതിരെ പെണ്ണു ശക്തികൊണ്ടും‌ ശേമുഷി കൊണ്ടും കൂട്ടായി പ്രതികരിക്കാത്തിടത്തോളം‌ ഇത്തരം‌ കീഴ്പ്പെടുത്തലിനു ശക്തികുറയുകയില്ല. മഞ്ഞലോഹം‌ ധരിച്ചും‌ പുള്ളിത്തോല്‍‌ ധരിച്ചും‌ പുരുഷനെ വീണ്ടും വീണ്ടും ആകര്‍‌ഷിക്കുന്ന ആ പഴയ സൂത്രത്തില്‍‌ നിന്നും‌ തന്റെ ശരീരം‌ കേവല ലൈം‌ഗികാകര്‍‌ഷണത്തിനുള്ളതോ ആസ്വാദനത്തിനുള്ളതോ ആയ അവയവമല്ല, തനിക്കു തന്റേതായ സ്വത്വാവസ്ഥയുണ്ടെന്നു പെണ്ണു സ്ഥാപിക്കുന്നിടത്തു മാത്രമേ പെണ്ണിന്റെ ശാക്തീകരണം സാധിതമാകൂ.

പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലെങ്കിലും‌ രാത്രിയില്‍‌ ഒറ്റക്കു നടന്നു വീടണയാന്‍‌ കഴിയുന്ന ഒരവസ്ഥ പെണ്ണിനുണ്ടാകട്ടെ.

(മഞ്ഞലോഹത്തിന്റെ വിലക്കയറ്റത്തില്‍ വിവാഹം‌ ചോദ്യചിഹ്നമായി മാറിയ സഹോദരിമാര്‍‌ക്കു സമര്‍‌പ്പണം)‌

Tuesday, February 24, 2009

മന്ത്രവാദം + മതം = ദൈവം

“നല്ല ഒരു ദൈവവിശ്വാസിക്കു മാത്രമേ നല്ല ഒരു മന്ത്രവാദിയിലും‌ വിശ്വാസമുണ്ടാകൂ” - ഇവാന്‍‌സ് പ്രിറ്റ്ചാര്‍‌ഡ്
~~~~~~~
"I viewed my fellow man not as a fallen angel, but as a risen ape" - Desmond Morris
~~~~~~~
മതങ്ങളും മന്ത്രവാദങ്ങളും ഉണ്ടായതിനെക്കുറിച്ച്...

മതത്തിന്റെ ഉത്പന്നമായ ദൈവമെന്ന സങ്കല്‍പ്പത്തിന്റെ പ്രഥമ മാതൃകാരൂപമാണ്‌ മന്ത്രവാദം. മനുഷ്യന്‍‌ ദൈവവിശ്വാസിയായതും‌ പിന്നെ മതവിശ്വാസിയായതും‌ എല്ലാം‌ മന്ത്രവാദത്തിന്റെ തിരുശേഷിപ്പായിരുന്നു. മനുഷ്യപരിണാമം മന്ത്രവാദയുഗത്തിലൂടെ നടന്ന്, മതയുഗത്തിലൂടെ വളര്‍‌ന്ന് ശാസ്‌ത്രയുഗത്തിലെത്തിയിട്ടും‌ ഇന്നും‌ മന്ത്രവാദത്തിന്റെ ഗോത്രലഹരി അവനില്‍‌ നിന്നും‌ വേര്‍‌പെട്ടിട്ടില്ലാ എന്നതിനു എത്രയെത്ര സം‌ഭവങ്ങളാണു നമ്മുടെ മുന്നിലുള്ളത്. ദേവാലയങ്ങളിലുംആള്‍ദൈവങ്ങളുടെ മുന്നിലും രോഗശാന്തിക്കും ആഗ്രഹസഫലീകരണത്തിനുമായി എത്തുന്നവരുടെ നിത്യക്കാഴ്ച്ചക്കിടയിലെ തിരക്കിനിടയില്‍ നിന്നുകൊണ്ട്‌ ആ നാള്‍വഴികളെക്കുറിച്ച് എടുത്തെഴുതുന്നു.

വിശപ്പ്, ഉറക്കം,ഭയം, ഭോഗം‌, വാത്സല്യം‌ തുടങ്ങിയ മൃഗസ്വത്വചര്യകളിലൂടെ കടന്നുപോന്നിരുന്ന ജീവിസമൂഹത്തില്‍‌ ഒരു വര്‍‌ഗ്ഗം‌ കാലപരിണാമത്താല്‍‌, തലച്ചോറിലുണ്ടായ ഘടനാപരമായ വളര്‍‌ച്ച മൂലം, ഉയര്‍‌ന്ന ഒരു ജീവിയായി വളരുകയും‌, മൃഗചര്യകളില്‍ പ്രധാനമായ 'സം‌ഘം‌ ചേര്‍‌ന്നു' നടക്കുന്നതിനിടയില്‍‌ തന്നെ വ്യതിരിക്തമായും‌ സ്വന്തം‌ മേധാശക്തികൊണ്ടും‌ ചിലതൊക്കെ അന്വേഷിക്കാനും‌ തുടങ്ങിയതോടെ അവരിലെ മൃഗചര്യക്കും സ്വത്വപരിണാമം സംഭവിച്ചു തുടങ്ങി. ഏകദേശം 250 കോടി വര്‍‌ഷമാണ് ഏകകോശജീവികളില്‍‌ നിന്നും‌ ബഹുകോശജീവികളിലേക്കു പരിണമിക്കാന്‍‌ വേണ്ടിവന്നതെങ്കില്‍‌ സസ്‌തനികളില്‍‌ നിന്നും‌ ഇന്നത്തെ മനുഷ്യന്‍‌ വരെയെത്താന്‍‌ 10 കോടി വര്‍‌ഷമേ വേണ്ടിവന്നുള്ളൂ എന്നാണ് നരവം‌ശശാസ്ത്രം‌ പറയുന്നത്‌. ജീവികളില്‍ ഉടലെടുത്ത അന്വേഷണത്വരയാണ് ഈ പരിണാമത്തിന്റെ നിദാനമെന്നും ശാസ്ത്രം‌ പറയുന്നു.

ജിജ്ഞാസത്വര ജീവിതചര്യയായ ഒരു വര്‍‌ഗ്ഗത്തിനു, ഇതര മൃഗങ്ങളില്‍‌ നിന്നും‌ വ്യത്യസ്തമായി മനനം‌ ചെയ്യാനും‌ ചോദ്യം‌ ചെയ്യാനും‌ ഓര്‍‌മ്മകള്‍‌ സൂക്ഷിക്കാനും‌ പാകത്തില്‍‌ തലച്ചോറിനു വികാസം പ്രാപിച്ചതോടെ അവര്‍‌ 'മനുഷ്യരായി' വളരാന്‍‌ തുടങ്ങി. ഇന്ദ്രിയങ്ങള്‍ക്ക്‌ അനുഭവിച്ചറിയാന്‍‌ കഴിയുന്ന എന്തിനേയും ഒരു തരം‌ ക്യൂരിസിയോറ്റിയോടെ നോക്കിക്കാണുന്ന ശീലം‌ എല്ലാ മൃഗങ്ങള്‍‌ക്കുമുണ്ടെങ്കിലും‌ അതിനെ ഓര്‍‌മ്മയില്‍‌ വെച്ചു വീണ്ടും‌ വീണ്ടും അന്വേഷിക്കുന്ന ശീലമുള്ള ഒരു വര്‍ഗ്ഗമായി വളര്‍‌ന്ന മൃഗജാതിയായ ആള്‍‌ക്കുരങ്ങാണു മനുഷ്യരായി പരിണമിച്ചത്.

ആള്‍ക്കുരങ്ങില്‍ നിന്നാണ്‌ ഇന്നത്തെ മനുഷ്യന്റെ പരിണാമം എന്നിരിക്കെ, കേവല സസ്യഭുക്കായിരുന്ന കുരങ്ങുകള്‍ മാംസം കൂടി ഭക്ഷിക്കുന്ന മിശ്രഭോജി ആയതിന്റെ പ്രധാന കാരണം ഭക്ഷണദൌര്‍ലഭ്യമായിരുന്നു എന്നാണ്‌ നരവംശശാസ്ത്രജ്ഞന്‍മാരുടെ മതം. മാംസവും ഭക്ഷിക്കാന്‍ തുടങ്ങിയതോടെ, ഭക്ഷണത്തിനായി അവനു കൂടുതല്‍ അദ്ധ്വാനം വേണ്ടി വന്നു. ഈ അദ്ധ്വാനം അവന്റെ പേശീബലത്തെ പരിപോഷിപ്പിക്കുകയും മുന്‍കാലുകള്‍ കൂടുതല്‍ സ്വതന്ത്രമാകുവാന്‍ സഹായിക്കുകയും ചെയ്തു. കൈകളായി രൂപാന്തരം പ്രാപിച്ച ഈ കാലുകളിന്‍മേലുള്ള സ്വാധീനം അവരെ രണ്ടു കാലില്‍ സ്വതന്ത്രമായി നടക്കാന്‍‌ സഹായിക്കുകയും നാഡീവ്യൂഹപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്തു. സസ്തനികളില്‍‌ രണ്ടുകാലില്‍‌ നടന്നുതുടങ്ങിയ ആള്‍‌ക്കുരങ്ങില്‍‌ നിന്നും‌ മനുഷ്യനിലേക്കുള്ള പരിണാമത്തിന് കേവലം ശാരീരിക അവയവങ്ങളുടെ ഒരു നവീകരണം മാത്രമേ ആവശ്യമായിരുന്നുള്ളൂ.

പ്രകൃതിക്ഷോഭങ്ങളും, രോഗങ്ങളുമായിരുന്നു ആദിമമനുഷ്യനെ ഏറ്റവും അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍. പേമാരി, കാട്ടുതീ, കൊടുങ്കാറ്റ്, കൊള്ളിമീനുകള്‍, ഇടിമുഴക്കം, ഭൂകമ്പം എന്നിവക്കൊക്കെപ്പുറമേ, ജനനം, മരണം, സ്വപ്‌നങ്ങള്‍ എന്നിവയിലെ നിഗൂഢതയും അവരെ ഭയപ്പെടുത്തിയിരുന്നു.

അജ്ഞതയില്‍ നിന്നും ഭയത്തില്‍ നിന്നുമാണ്‌ എന്നും ഭക്തിയുടെ ഉത്ഭവം. തന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ടു കാലേകൂട്ടി അറിയാന്‍ കഴിയാത്ത പ്രകൃതി പ്രതിഭാസങ്ങളുടെയെല്ലാം പിന്നില്‍ ഏതോ ഒരു അജ്ഞാതശക്തിയുണ്ടെന്നു അവനു വിശ്വസിക്കേണ്ടി വന്നത് ഈ ഭയം മൂലമാണ്‌. തങ്ങളെ ഭയപ്പെടുത്തുന്ന ഒരു അജ്ഞാതശക്തി എവിടെയോ മറഞ്ഞിരിക്കുന്നു എന്ന ഒരു വിശ്വാസമായിരുന്നു മനുഷ്യന്റെ ആദ്യത്തെ ‘കണ്ടെത്തല്‍‘ എന്നു തന്നെ പറയാം. ഒരു കണ്ടെത്തല്‍ നടത്തിക്കഴിഞ്ഞ നിലക്ക്‌ പിന്നെ അതിനുള്ള പരിഹാരം കാണുക എന്നതായി അവരുടെ അടുത്ത പ്രശ്‌നം. തന്നോടൊപ്പം നായാടി നടക്കുന്ന നായയേയും ഇതര ഹിംസ്രജീവികളേയും മറ്റും ഭക്ഷണവും പരിചരണവും നല്‍കി തന്റെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ കഴിഞ്ഞ മനുഷ്യന്‍ ഗോചരമല്ലാത്ത ഈ ഒരു ശക്തിയേയും ചില ഉപചാരങ്ങളിലൂടെ സ്വേച്ഛാനുവര്‍ത്തിയാക്കുവാന്‍ കഴിയുമെന്നു വിശ്വസിച്ചു.

ആക്രമിക്കാന്‍ വന്നിരുന്ന ജന്തുക്കളെ തന്റെ ഭക്ഷണത്തിന്റെ പങ്കു നല്‍കി പാട്ടിലാക്കിയ മനുഷ്യന്‍ അങ്ങിനെ അജ്ഞാതശക്തിയേയും പാട്ടിലാക്കാന്‍ ശ്രമിച്ചതിലൂടെയാണ്‌ ആദ്യമായി മന്ത്രവാദത്തിന്റെ വിത്തു മുളച്ചത്. താന്‍ കഴിക്കുന്ന ഭക്ഷണം മറ്റു മൃഗജാതികളും കഴിക്കുമെന്നതിനാല്‍, മറഞ്ഞു നിന്നു തങ്ങളെ ആക്രമിക്കുന്ന ഈ അജ്ഞാതശക്തിയേയും ഇത്തരം ഭക്ഷണപാനീയങ്ങള്‍ കൊടുത്തു പാട്ടിലാക്കാമെന്നു മനുഷ്യന്‍ കരുതിപ്പോയി. താന്‍ വിളിച്ചു വരുത്താന്‍ ആഗ്രഹിക്കുന്ന ആ ശക്തിക്കു അവര്‍ അവരുടെ ഭയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധരൂപം നല്‍കി ഗുഹാഭിത്തികളില്‍ കോറിയിട്ടു. കാറ്റിനേയും തിരമാലകളേയും അതിന്റെ അനുഭവരൂപത്തില്‍ കൈ ആട്ടി വിളിക്കുകയും ആ ചലനങ്ങള്‍ ഈ ശക്തിയ പ്രസാദിപ്പിക്കാനുള്ള നൃത്തമായി മാറുകയും ചെയ്തു. മൃഗങ്ങളേയും പക്ഷികളേയും അവര്‍ ഈ അജ്ഞാതശക്തികളുടെ പ്രീതിക്കായി ഹോമിച്ചു തങ്ങള്‍ സുരക്ഷിതനായിരിക്കുമെന്ന ഒരു ഉറപ്പു നേടി.

പരിണാമപ്രക്രിയയുടെ ഒരു പ്രധാനഘട്ടത്തില്‍ നാഡീവ്യൂഹം പരിപോഷിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി തലച്ചോറില്‍ സെക്കന്റ് സിഗ്നല്‍ സിസ്‌റ്റം പൂര്‍ണ്ണാവസ്ഥയിലെത്തുകയും ആശയപ്രതിബിംബം വാക്കുകള്‍ കൊണ്ടു സൃഷ്ടിക്കാമെന്ന രീതിയിലേക്കു വളരുകയും ചെയ്തതോടെ അവര്‍ ശബ്ദങ്ങള്‍ ആശയങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങി. കാറ്റിന്റെ മൂളലും കടലിന്റെ ഇരമ്പലും അവന്‍ അനുകരിച്ചു. തങ്ങളെ ഭയപ്പെടുത്തുന്ന അജ്ഞാതശക്തിയുടെ ഭാഷയും ഇങ്ങനെയൊക്കെയാകുമെന്നു കരുതി അതിനോടു അതേ അളവില്‍ അവര്‍ തിരിച്ചു പ്രതികരിച്ചു. അങ്ങനെ സംഗീതവും, നൃത്തവും മൃഗബലിയുമായി അവന്‍ അഗോചരമായ, ഭീതിദായകമായ അജ്ഞാതശക്തിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്നുപോന്നു.

ഒരു പ്രകൃതിദുരന്തത്തിന്റെ ബാക്കിയായി വന്നുചേര്‍ന്ന ഭക്ഷണദൌര്‍ലഭ്യതയാല്‍ കാട്ടുതീയില്‍ വെന്ത മാംസം ഭക്ഷിക്കേണ്ടി വന്നതോടെ വെന്ത മാംസത്തിന്റെ രുചി അറിഞ്ഞു തുടങ്ങിയ മനുഷ്യനു പുരോഗതിയുടെ അടുത്ത ഘട്ടം തുടങ്ങിയെങ്കിലും അന്നുമുതല്‍ നിലനില്‍പ്പിനുവേണ്ടി പ്രകൃതിയോടു അവനു സമരം ചെയ്യേണ്ടിയും വന്നു. കല്ലുരച്ചവര്‍ തീയുണ്ടാക്കി. പേശീബലത്തില്‍ മുന്നിലായിരുന്ന പുരുഷവൃന്ദം ഇര തേടിയിറങ്ങിയപ്പോള്‍ തീ അണയാതെ സൂക്ഷിക്കാന്‍ അവന്‍ പെണ്ണിനെ കാവലിരുത്തി. ഇരതേടി ക്ഷീണിതനായി വന്ന ആണ്‌ വിശ്രമിച്ചപ്പോള്‍ പെണ്ണ്‌ അവനു മാംസം ചുട്ടുകൊടുത്തു. അങ്ങനെ പ്രകൃതിയില്‍ ആദ്യമായി ലിംഗപരമായ തൊഴില്‍ വിഭജനം ഉണ്ടായി.

ഇന്നു മൃഗങ്ങള്‍ക്കിടയില്‍ മതങ്ങളും ദൈവങ്ങളുമൊന്നുമില്ലാത്തതുപോലെ, അന്നു ഇവരുടെ ഇടയിലും മതമോ ദൈവമോ ഒന്നും ഉണ്ടായിരുന്നില്ല. പ്രകൃതിയുടെ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ എന്നും ഇവര്‍ ഉത്കണ്ഠാകുലരായിരുന്നു. പെട്ടെന്നുണ്ടാകുന്ന മഴ, ഇടിവെട്ട്, കൊടുങ്കാറ്റ്, ഇവയൊക്കെ ഇരതേടാനിറങ്ങുന്ന പുരുഷന്റെ അന്ധാളിപ്പിനു ആക്കം കൂട്ടിയിരുന്നു.

ഇര തേടിയിറങ്ങുന്നവര്‍ സുരക്ഷിതരായി തിരിച്ചെത്താന്‍‌ പ്രകൃതിശക്തികളെ പാട്ടിലാക്കാനും അനുനയിപ്പിക്കാനുമായിട്ടു ഒരു കൂട്ടം ആളുകള്‍ നിയമിതരായി. ഇവര്‍ ക്രമേണ ഈ കഴിവില്‍ വിദഗ്ദ്ധരാണെന്നു മറ്റുള്ളവര്‍ ധരിച്ചു. അപരന്റെ അധ്വാനത്തില്‍ വിശപ്പടക്കാന്‍ കഴിഞ്ഞ ഇവര്‍ ക്രമേണ അലസരാവുകയും തങ്ങള്‍ ഇര തേടേണ്ടവരല്ലെന്നും സമൂഹത്തെ സംരക്ഷിക്കേണ്ടവരാണെന്നുമുള്ള രീതിയിലേക്ക്‌ അതിനെ വളര്‍‌ത്തിയെടുക്കുകയും‌ ചെയ്തു. ക്രമേണ ഇത്‌ മനുഷ്യര്‍‌ക്കിടയില്‍‌ മന്ത്രവാദം എന്ന ഒരു സാമ്പ്രദായികശീലമായി പരിണമിച്ചു. നേരിട്ടു കണ്ടിട്ടില്ലാത്ത പ്രകൃതിശക്തികളോടു നേരിട്ടു സംവദിക്കുന്നവര്‍ ഇത് തങ്ങളുടെ ജീവിതചര്യയായി മാറ്റിയെടുത്തതോടെ സമൂഹത്തിലെ എതിര്‍ക്കപ്പെടാന്‍ പാടില്ലാത്ത സമാരാധ്യരായ വരേണ്യവര്‍‌ഗ്ഗമായി ഇക്കൂട്ടര്‍‌ മാറി. അദ്ധ്വാനമില്ലാതെ കിട്ടുന്ന ഭക്ഷണം, അം‌ഗീകാരം എന്നിവയുടെ സുഖമറിഞ്ഞുപോയ ഇവര്‍ തങ്ങള്‍ അജ്ഞാതശക്തികളോടു നേരിട്ടു സം‌വദിക്കുന്നതിനാല്‍‌ കൂടുതല്‍‌ അറിവുള്ളവരാണെന്നും‌, ഈ ശക്തികളെ പ്രസാദിപ്പിക്കാന്‍‌ സ്വീകരിക്കേണ്ട മാര്‍‌ഗ്ഗങ്ങളെക്കുറിച്ചുമൊക്കെ ഭാഷ്യം‌ ചമക്കാനും‌ തുടങ്ങി.

മന്ത്രവാദത്തിലൂടെ നിരന്തരം ദുര്‍ഭൂതങ്ങളെ സന്തോഷിപ്പിച്ചിട്ടും പ്രകൃതിദുരന്തങ്ങള്‍ തുടര്‍ന്നിരുന്നതിനാല്‍ ഇവരിലുള്ള വിശ്വാസം മനുഷ്യര്‍ക്കു ക്രമേണ നഷ്ടപ്പെട്ടു തുടങ്ങി. പക്ഷേ അപരന്റെ അദ്ധ്വാനത്തില്‍ വിശപ്പകറ്റിപ്പോന്ന ഈ പ്രത്യേക വൃന്ദം അത്ര പെട്ടെന്നു പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. മന്ത്രവാദത്തിന്റെ ഈ പരാജയമാണ്‌ 'മതം'എന്ന രീതിയില്‍ ഇന്നു കാണുന്ന വലിയ പ്രസ്ഥാനത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.

അലസതയുടെ സുഖശീതളിമ അത്ര പെട്ടെന്നു കളഞ്ഞിട്ടു സംഘത്തോടു ചേര്‍ന്ന്‌ വീണ്ടും ഇരതേടാന്‍ പോകാന്‍ ഇവര്‍ക്കത്ര സമ്മതമായിരുന്നില്ല. അതിനായി അവര്‍‌ മനുഷ്യരുടെ മുന്നില്‍‌ ആരാധനയുടെ പുതിയ സിദ്ധാന്തം‌ അവതരിപ്പിച്ചു. ഈ അജ്ഞാതശക്തികള്‍ തങ്ങളേക്കാള്‍ ശക്തരാണെന്നും ഇവരെ ജയിക്കാനാവില്ലെന്നും, ഈ പ്രകൃതിശക്തികളുടെ മുന്നില്‍ സ്വയം സമര്‍പ്പിക്കുക മാത്രമാണ്‌ ഏക പരിഹാരമെന്നും ഇവര്‍ മനുഷ്യരെ പറഞ്ഞു പഠിപ്പിച്ചു. അതിനായുള്ള വിദ്യാസൂത്രങ്ങള്‍ തങ്ങള്‍ക്കു വശമുണ്ടെന്നും, തന്ത്രമന്ത്രങ്ങളിലൂടെ ഈ ശക്തികളെ പാട്ടിലാക്കാമെന്നും ഇവര്‍ പറഞ്ഞു. ഈ അദൃശ്യശക്തികളുടെ അടിമയാണു മനുഷ്യരെന്ന രീതിയില്‍ ഇവര്‍ സാമൂഹികസമ്പ്രദായങ്ങള്‍ ഉണ്ടാക്കി. മതമെന്ന സിദ്ധാന്തത്തിന്റെ ആദ്യരൂപം‌ അങ്ങനെ നിലവില്‍‌ വന്നു.

മനുഷ്യന്‍ തന്റെ മേധാശക്തി കൊണ്ട് എന്തിനേയും നേരിട്ടിരുന്ന ആദ്യകാലത്ത് ഇവന്‍ പ്രകൃതിശക്തികളോട് മല്ലിട്ട് 'അകന്നുപോകൂ' എന്നു പറഞ്ഞിടത്തുനിന്നും പരാജിതനായി നിന്ന്‌ 'അകന്നുപോകണേ' എന്നു യാചിക്കുന്ന നിലയിലേക്കു മനുഷ്യനെ അധ:പതിപ്പിക്കുന്നതിലൂടെ മതം സമൂഹത്തിലെ മേധാവിത്വശക്തിയായി വളര്‍‌ന്നത് ചരിത്രം. മതം സമൂഹത്തില്‍ ഔന്നത്യം പ്രാപിച്ചതോടെ മനുഷ്യന്റെ വില ഇടിഞ്ഞു തുടങ്ങി. മനുഷ്യനെ അദൃശ്യശക്തികളുടെയും അവരെ നിയന്ത്രിക്കുന്ന പുരോഹിത സമൂഹത്തിന്റേയും അടിമകളാക്കി മറ്റിയതോടെ മതമെന്നത് ഒരു വികാരമായി വളരുകയായിരുന്നു. മനുഷ്യന്‍ ഇങ്ങനെ അടിമയും കളിപ്പാവയും ആയി മാറിയതോടെ, ഈ അജ്ഞാതശക്തികളോട് അപേക്ഷിക്കുന്നതിനു പകരം അവരുടെ ഇടനിലക്കാരോട് അപേക്ഷിച്ചാല്‍ മതി എന്ന നിലയിലേക്കു കാര്യങ്ങള്‍ ‘പരിണമിക്കുകയും’ ഇവരില്‍ ചിലര്‍ ഈ അജ്ഞാത ശക്തികളുടെ തന്നെപ്രതിരൂപമായി വളരുകയും ചെയ്തു.

മതമെന്ന നിലയില്‍ രൂപപ്പെട്ട് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോഴും മന്ത്രവാദം തീര്‍ത്തും നശിച്ചില്ല. ആദ്യകാല മന്ത്രവാദികളില്‍ ചിലരൊക്കെ പുരോഗമിച്ച് മതവാദികളായെങ്കിലും പാരമ്പര്യവാദികള്‍ മന്ത്രവാദം ചെയ്തു തന്നെ പ്രകൃതിശക്തികളോട് ഏറ്റുമുട്ടണമെന്നു ശഠിച്ചു എതിര്‍ത്തു നിന്നു. മതവാദികളോടു ചേര്‍ന്നു നിന്ന്‌ പ്രകൃതിശക്തികളോട് യാചിച്ചിട്ടും തങ്ങളുടെ യാതനകള്‍ തുടരുന്നതിനാല്‍ ഈ പ്രകൃതിശക്തികളെ ഒരു പാഠം പഠിപ്പിക്കാനും ആക്രോശിച്ചു കാര്യങ്ങള്‍ ചെയ്യിക്കാനും മന്ത്രവാദികള്‍ ആവശ്യമായി വന്നിരുന്നതിനാല്‍ ഇവരും മതവാദികളോടൊപ്പം സമാന്തരമായി നിലനിന്നു പോന്നു.

മന്ത്രവാദികളും മതവാദികളും തമ്മില്‍ ആശയസംഘട്ടനം നടന്ന ഈ ഘട്ടത്തിലാണ്‌ മതത്തിനകത്തു ദൈവം ജനിക്കുന്നത്. അന്നേവരെ അദൃശ്യമായിരുന്നു തങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന അജ്ഞാതശക്തിക്കു പ്രത്യേകിച്ചൊരു ഉടമസ്ഥതാകവകാശമുണ്ടായിരുന്നില്ല. ദൈവമെന്ന പേരില്‍ ക്രോഡീകരിച്ച ആ ശക്തിയെ മതവാദികളും മന്ത്രവാദികളും പങ്കിട്ടെടുക്കാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലാണ്‌.

അജ്ഞാതശക്തികള്‍ക്കു വഴിപാടും നേര്‍ച്ചയും ബലിയും ശരീരവും ഒക്കെ സമര്‍പ്പിക്കാന്‍ മതപുരോഹിതര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ മനുഷ്യരുടെ യാതനകള്‍ ഒരു മാറ്റവുമില്ലാതെ അതേപടി തുടര്‍ന്നു. മനുഷ്യര്‍ നല്‍കിപ്പോന്ന വഴിപാടുകളും ഉപചാരങ്ങളും സ്വീകരിച്ച മതപുരോഹിതര്‍ അവരുടെ യാതനക്കു നിത്യപരിഹാരം കാണാന്‍ കഴിയാത്തവരായപ്പോള്‍, തങ്ങളുടെ കള്ളി വെളിച്ചത്താകാതിരിക്കാന്‍ മറ്റൊരു ഉപായം കണ്ടെത്തി. മനുഷ്യരുടെ ദുരിതങ്ങള്‍ക്കു കാരണം വിധി, തലയിലെഴുത്ത്, ഈശ്വരേച്‌ഛ എന്നൊക്കെ പറഞ്ഞു മനുഷ്യരെ ഒറ്റസം‌ഘത്തില്‍‌ നിന്നും‌ അടര്‍‌ത്തി വ്യക്തികളായി തിരിച്ച് തങ്ങളുടെ പരാജയം വ്യക്തികളിലേക്കും‌ വ്യക്തികളടങ്ങുന്ന വിവിധ സം‌ഘങ്ങളാക്കിയും ആരോപിക്കപ്പെട്ടു തുടങ്ങി. പിന്നീട് പ്രകൃതിശക്തികളില്‍ നിന്നും ശാശ്വതപരിഹാരം തങ്ങള്‍ക്കു നല്‍കാനാവില്ലെന്നു തീര്‍ച്ചയായപ്പോള്‍ ഇവരെടുത്ത ഏറ്റവും‌ വലിയ സിദ്ധാന്തമായിരുന്നു മരണാനന്തരമുള്ള സ്വര്‍ഗ്ഗസുഖവും നരകയാതനയും.

സ്വര്‍ഗ്ഗത്തിന്റെ മഹിമയും നരകത്തിന്റെ ഭയാനകതയും അവര്‍ മനുഷ്യ സം‌ഘങ്ങളുടെ മുന്നില്‍ നിരത്തി. ഇതു വഴി മന്ത്രവാദികളുടെ ആശയങ്ങള്‍ക്കു നരകഭീതിയുടെ മുഖച്ഛായ നല്‍കുന്നതിലൂടെ തങ്ങളുടെ തടം ഉറപ്പിക്കുന്നതില്‍ മതപുരോഹിതര്‍ മേല്‍ക്കൈ നേടി.

അടിമയാക്കപ്പെട്ട മനുഷ്യന്റെ അധ്വാനം കൊണ്ടു വയറു നിറച്ചും സുഖിച്ചും ജീവിച്ച ഇവര്‍ സമൂഹത്തിലെ പ്രധാനികളായി. ജീവിതചര്യക്കു നിയമങ്ങള്‍‌ നിര്‍‌മ്മിക്കുന്നവരായി. ക്രമേണ മനുഷ്യര്‍‌ കൂടുതല്‍‌ കൂടുതല്‍‌ വ്യക്തികളായും വ്യക്തികളടങ്ങുന്ന സംഘങ്ങളായും തിരിഞ്ഞു. സംഘങ്ങള്‍ ഗോത്രങ്ങളായി. ഗോത്രങ്ങള്‍‌ തമ്മില്‍ അവകാശ,അധികാരങ്ങള്‍ക്കായി തര്‍ക്കിച്ചു തുടങ്ങി. ഗോത്രങ്ങള്‍ ചിഹ്നങ്ങളിലൂടെ തിരിച്ചറിയുന്നവരായി . മനുഷ്യര്‍‌ സം‌ഘചിഹ്നങ്ങളുടെ വേര്‍തിരിവിലെത്തിയ ഘട്ടത്തിലാണ് ‌ മതം‌ അതിന്റെ വിജയത്തിലേക്കുള്ള ആദ്യപടിയിലെത്തിയത്.

ഗോത്രങ്ങള്‍‌ നിലനില്‍പ്പിനായി പരസ്പരം‌ മത്സരിച്ചു. ‌ താന്താങ്ങളുടെ ശക്തി തെളിയിക്കാന്‍ ഒരോ ഗോത്രങ്ങളും പ്രപഞ്ചശക്തികളെ പങ്കിട്ടെടുത്തു. ഗോത്രചിഹ്നങ്ങള്‍‌ ബിംബവത്കരിക്കപ്പെട്ടു. ബിംബങ്ങളെ സൃഷ്ടിച്ചവര്‍ തങ്ങള്‍‌ പങ്കിട്ടെടുത്ത ശക്തികളെ ശക്തിസ്രോതസ്സാക്കി മാറ്റി.

ദൈവത്തോടു നേരിട്ടു സംവദിക്കുന്നതിനാല്‍‌ അധികാരവും അംഗീകാരവും ഉണ്ടായിരുന്ന മതപുരോഹിതര്‍ ക്രമേണ സമൂഹത്തെ വിവിധ തട്ടുകളിലാക്കി സ്വന്തം‌ തടങ്ങള്‍‌ ഉറപ്പിക്കുകയും ക്രമേണ ഇവര്‍ രാജ്യങ്ങളും രാജാക്കന്മാരുമായി മാറുകയും‌ ചെയ്തു. പുരോഹിതവൃന്ദം രാജാക്കന്‍മാരായി. പിന്നെ രാജാവു ദൈവമായി. അങ്ങനെ രാജാവ്, കരുണാമായനും, കാഴ്ചനേര്‍ച്ചകളില്‍ സംതൃപ്തനാകുന്നവനും, മുഖസ്തുതിയില്‍ സന്തോഷിക്കുന്നവനും, ക്ഷിപ്രകോപിയും, ക്ഷിപ്രപ്രസാദിയുമൊക്കെയായ ദൈവമായി മാറി.

ഉണ്ടെന്നോ, ഇല്ലെന്നോ തെളിയിക്കാനാകാത്ത ശക്തിയുടെ പ്രഭാവത്തിന്റെ പേരില്‍‌ മനുഷ്യന്‍ സം‌ഘത്തില്‍‌ നിന്നകന്ന്, സ്വന്തമായി കള്ളികള്‍ മെനഞ്ഞ് അതില്‍‌ നിന്നു പരസ്പരം‌ ആക്രോശിക്കാന്‍‌ തുടങ്ങി. അവന്‍‌ പരസ്പരം‌ അലറി വിളിച്ചും പരിഹസിച്ചും കല്ലെടുത്തെറിഞ്ഞും‌ കൊലപ്പെടുത്തിയൂം‌ 'ഞാന്‍ വലുത്‌, എന്റെകൂടെയുള്ളവര്‍ കൂടുതല്‍, ഞങ്ങള്‍ കൂടുതല്‍ ശക്തിയുള്ളവര്‍‘ എന്ന്‌ അക്രോശിച്ചുകൊണ്ടിരുന്നു. മതം‌ അങ്ങനെ വിജയത്തിനെ ഓരോ പടികളിലൂടെ ഉയരങ്ങളിലേക്കു വളര്‍‌ന്നു. മതം‌ ഓരോ പടി കയറുമ്പോഴും‌ മനുഷ്യന്‍‌ തന്റെ മേധാശക്തിയില്‍‌ ഓരോപടി അധ:പതിച്ചുകൊണ്ടിരുന്നു.

മന്ത്രവാദികള്‍ വളര്‍ന്ന്‌ മത പുരോഹിതരായെങ്കിലും പഴ മന്ത്രവാദികളില്‍ ചിലര്‍ പാരമ്പര്യവാദികളായി മതവുമായി കലഹിച്ചു സമൂഹത്തിലുണ്ടായിരുന്നു. ഈ ഏറ്റുമുട്ടലിനു നിത്യപരിഹാരമായാണ് ഇവര്‍ ദൈവങ്ങളെ പങ്കുവെച്ചത്. മനുഷ്യനു നന്‍മ ചെയ്യുന്ന സദ്‌ദേവതകളെ എല്ലാം മത പുരോഹിതരെടുക്കുകയും മനുഷ്യനു നാശമുണ്ടാക്കുന്ന, ദുര്‍ദ്ദേവതകളെയൊക്കെ മന്ത്രവാദികള്‍ക്കും വിട്ടുകൊടുത്ത് തമ്മിലുള്ള ആശയസമരത്തിനു ശാശ്വതപരിഹാരമുണ്ടാക്കി.

കൃഷിനാശവും കന്നുകാലികളുടെ മരണവും, വെള്ളപ്പൊക്കവും, അകാലമരണവും, മഹാമാരികളും തുടര്‍ന്നുകൊണ്ടേയിരുന്നു.സദ്‌ദേവതകളെ ആരാധിച്ചിട്ടും, വഴിപാടു കഴിച്ചിട്ടും ദുരിതങ്ങള്‍ക്കു പരിഹരം കാണാതെ മനുഷ്യര്‍ മതപുരോഹിതരേയും മന്ത്രവാദികളേയും മാറി മാറി പരീക്ഷിച്ചു. പുരോഹിതന്‍ യാചിച്ചു പറഞ്ഞാല്‍ കേള്‍ക്കാത്ത ദൈവം മന്ത്രവാദി ചീത്തവിളിച്ചു സാധിപ്പിക്കുമെന്നു മനുഷ്യര്‍ വിശ്വസിച്ചു, അങ്ങോട്ടുമിങ്ങോട്ടും തന്റെ ദുരിതങ്ങളുമായി മാറി മാറി പരീക്ഷണംതുടര്‍‌ന്നു.

തങ്ങള്‍ക്കുള്ള വിഹിതം കുറഞ്ഞുപോകുന്നു എന്നു തോന്നിയ സമയങ്ങളിലെല്ലാം ദുര്‍മന്ത്രവാദികള്‍ മതപുരോഹിതരുമായി ഏറ്റുമുട്ടി. മതവാദികള്‍ ചെയ്യുന്നതിനെതിരേ ചെയ്താല്‍ മാത്രമേ ദൈവം‌ പ്രസാദിക്കൂ എന്ന് മന്ത്രവാദികള്‍ പ്രചരിപ്പിച്ചു. കാമവികാരത്തെ നിയന്ത്രിക്കുന്നതാണു ദൈവത്തിനു പ്രിയം എന്നു മതവാദികള്‍ പറഞ്ഞപ്പോള്‍ ദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ കാമസംതൃപ്തി നല്‍കിയെങ്കില്‍ മാത്രമേ കഴിയൂ എന്നു മന്ത്രവാദികള്‍ വാദിച്ചു. ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചും ഉപവാസം നടത്തിയും ദൈവത്തെ പ്രസാദിപ്പിക്കാന്‍ മതവാദികള്‍‌ ‍ പഠിപ്പിച്ചപ്പോള്‍ മദ്യവും മാംസവും ഭക്ഷിച്ചും‌ സമര്‍‌പ്പിച്ചും‌ ദേവതകളെ സന്തോഷിപ്പിക്കാമെന്നു മന്ത്രവാദികള്‍ പറഞ്ഞു. മനുഷ്യന്റെ ജനിതകവികാരങ്ങളായ വിശപ്പിനോടും കാമത്തിനോടും മതപുരോഹിതര്‍ നിഷേധാത്മക നിലപാടെടുത്തപ്പോള്‍ മന്ത്രവാദം കുറെക്കൂടി പ്രകൃത്യാനുസാരിയായ ഉദാരസമീപനമാണ്‌ കൈക്കൊണ്ടത്.

ഏറ്റുമുട്ടലിന്റെ ഇടയില്‍‌ മതപുരോഹിതര്‍ തലയിലെഴുത്തിന്റേയും വിധിയുടേയും പേരില്‍ തങ്ങളുടെ പരാജയം മനുഷ്യന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതോടെ അതു മന്ത്രവാദികള്‍ക്ക്‌ പുതിയ ഒരു വിഹാരം തുറന്നുകൊടുക്കുകയായിരുന്നു. വരാനിരിക്കുന്ന ദുര്‍‌വിധിയും ആപത്തും‌ കൈരേഖകളിലൂടെയും, മുഖലക്ഷണത്തിലൂടെയും ഗ്രഹനിലയിലൂടെയുമൊക്കെ ഗ്രഹിച്ചു പറയാന്‍ തങ്ങള്‍ക്കാകുമെന്നു അവര്‍ വാദിച്ചു തുടങ്ങി. ക്രമേണ മന്ത്രവാദികള്‍ ഗുപ്തവിദ്യകളിലേക്കു വളര്‍‌ന്നു. മനുഷ്യന്‍ മരിച്ചുകഴിഞ്ഞാലും നശിക്കുന്നില്ലെന്നും‌ അവന്റെ അത്മാവ് പ്രേതമായി ഈ പ്രകൃതിയില്‍, പ്രത്യേകിച്ചും അവരുടെ വാസസ്ഥനങ്ങള്‍ക്കരികില്‍ നിലകൊള്ളുന്നുവെന്നും, അവരെ പ്രീതിപ്പെടുത്താന്‍ കര്‍മ്മങ്ങള്‍ചെയ്തുകൊണ്ടിരിക്കണമെന്നും ഇവര്‍ വാദിച്ചു.

മന്ത്രവാദികള്‍‌ വീണ്ടും‌ മനുഷ്യരുടെ മേല്‍‌ ആധിപത്യമുറപ്പിക്കാതിരിക്കാന്‍‌ മതശക്തികള്‍‌ സംഘടിതരായി. സം‌‌ഘടിതമതശക്തിക്കു നേരെ മന്ത്രവാദികള്‍ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ഈ മതപുരോഹിതരില്‍ തന്നെ ചിലര്‍ മന്ത്രവാദികളായി മാറി. മതപുരോഹിതരില്‍ തന്നെ ബാധ ഒഴിപ്പിക്കുന്ന തന്ത്രിയും‌ പൂജാരിയും പുരോഹിതനും മൊല്ലാക്കായും‌ മറ്റും‌ ഉണ്ടായതങ്ങനെയാണ്‌.

സംഘടിതമതശക്തികളേയും അവരുടെ സ്വര്‍ഗ്ഗ നരക പ്രമാണങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് മന്ത്രവാദികളും സ്വര്‍‌ഗ്ഗസുഖവും‌ നരകയാതനയും‌ മുന്നില്‍‌ നിര്‍‌ത്തി മതവാദികളും ഇന്നും ഇങ്ങനെ നിലനില്‍ക്കുന്നു. അജ്ഞാതശക്തിയുടെ പൊരുളറിഞ്ഞ്‌ മനുഷ്യന്റെ യാതനകള്‍ക്കെല്ലാം‌ ഒരു പരിധി വരെ ശാശ്വതപരിഹാരം‌ നല്‍‌കിപ്പോന്ന ശാസ്ത്രത്തെ അത്രകണ്ടു അങ്ങു മാനിക്കാതെ, പരിണമിച്ചെന്ന അഹങ്കാരമുള്ള പാവം മനുഷ്യര്‍ ഇന്നും‌ അജ്ഞാതനായ ദൈവത്തിന്റെ അനുഗ്രഹം‌ തേടി മന്ത്രവാദിയേയും‌ മതവാദിയേയും‌ കേറിയും മാറിയും പരീക്ഷിക്കുന്നു.

"All religions are founded on the fear of the many and the cleverness of the few.”- Stendhal

Tuesday, January 27, 2009

നായര്‍‌-ഈഴവ ചിത്രങ്ങള്‍‌

ചിത്രകാരനെന്ന ബ്ലോഗറുടെ പോസ്റ്റിനെക്കുറിച്ചും‌ പൊന്നമ്പലം‌ എന്ന ബ്ലോഗറുടെ പരാതിയെക്കുറിച്ചുമുള്ള ചര്‍‌ച്ചകള്‍‌ തുടരുന്നതിനിടയില്‍‌ ഇതിവിടെ പോസ്റ്റുന്നു.അശ്ലീല‍തയുടേയും‌ ജാതിസ്‌പര്‍‌ദ്ധയുടേയും‌ സവര്‍‌ണ്ണ-അവര്‍‌ണ്ണ വേറുകൃത്യത്തിന്റേയും‌ മഞ്ഞക്കണ്ണട ഊരിമാറ്റിയിട്ടു ഇതു വായിക്കുവാനപേക്ഷ.

ഒരു സം‌സ്‌കൃത ശ്ലോകത്തോടെ തുടങ്ങാം‌.

“ഗുണാം‌ സര്‍‌വത്ര പൂജ്യന്തേ
പിതൃവം‌ശോ നിരര്‍ത്ഥക“

ഒരുവനിലെ ഗുണമാണ് മാനിക്കപ്പെടേണ്ടത്, അവന്റെ പൈതൃകമല്ല എന്ന ഈ ശ്ലോകം‌ മഹാഭാരതത്തിലെയാണ്. വസുദേവപുത്രനായ കൃഷ്ണനെ പൂജിക്കുന്നവര്‍‌ വസുദേവരെ പൂജിക്കാറില്ല. മഹാഭാരതം‌ എഴുതിയ വേദവ്യാസനെ പുകഴ്ത്തുന്നവര്‍‌ അദ്ദേഹത്തിന്റെ അച്ഛനായ പരാശര മഹര്‍‌ഷിയെ സ്‌മരിക്കാറില്ല.

ഒരു സമുദായത്തെയോ ഒരു വര്‍‌ഗ്ഗത്തെയോ, ഒരു വ്യക്തിയെയോ പൈതൃകത്തിന്റെ പേരില്‍‌ ഇകഴ്ത്തുന്നതോ, പുകഴ്ത്തുന്നതോ തെറ്റാണ് എന്ന്‌ ഈ ശ്ലോകം‌ നമ്മെ പഠിപ്പിക്കുന്നു.

മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു എന്ന ഒരു ഓര്‍‌മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്.


പഴയകാലഘട്ടത്തെ, സാമ്പത്തികമായി വളരെ താഴേത്തട്ടിലുണ്ടായിരുന്ന ഒരു നായര്‍‌സ്‌ത്രീയുടെ ചിത്രമാണിത്.അതേ കാലഘട്ടത്തില്‍‌ ജീവിച്ചിരുന്ന ധനാഢ്യമായ ഒരു കുടും‌ബത്തിലെ മറ്റൊരു നായര്‍‌സ്‌ത്രീയുടെ ചിത്രമാണിത്. തോടയും‌ മേല്‍‌മുണ്ടും‌ ധരിച്ച നായര്‍‌സ്ത്രീ.

നായര്‍‌കുലത്തില്‍‌ ജീവിച്ചുമരിച്ചവരുടെ രണ്ടു പ്രതിരൂപങ്ങളാണിത്. ഏതു ജാതിപാരമ്പര്യത്തെയാണിവര്‍‌ പ്രതിബിം‌ബിപ്പിക്കുന്നത്? ഈ രണ്ടു നായര്‍‌സ്‌ത്രീകളെയും‌ ഒരേ കുലത്തിന്റെ പ്രണേതാക്കളായി കാണുവാന്‍‌ കഴിയുമോ?


ആഢ്യരായ നായന്‍‌മാരുടെ വയലില്‍‌ വരമ്പുവെട്ടാനും‌ കന്നുപൂട്ടാനും‌ നടന്നിരുന്ന ഒരു നായര്‍ ‌യുവാവ്.


സ്വന്തമായി പാടശേഖരങ്ങളുണ്ടായിരുന്ന ഒരു നായര്‍‌ യുവാവ്.

ഇവര്‍‌ക്ക് ഒരിക്കലും‌ കസേരകള്‍‌ ചേര്‍‌ത്തിട്ട്‌ ഇരിക്കാന്‍‌ അവകാശമുണ്ടായിരുന്നില്ല. ഇവരുടെ വീടുകള്‍‌ തമ്മില്‍‌ വിവാഹബന്ധങ്ങള്‍‌ നിഷിദ്ധമായിരുന്നു.

ഇത്തരം‌ കാഴ്ചകള്‍‌ മനുഷ്യരെ ജാതികൊണ്ട്‌ വര്‍‌ഗ്ഗീകരിക്കാനുള്ള സാധ്യത ഇല്ലാതെയാക്കുന്നില്ലേ?


ഇത്‌ കൊല്ലത്തെ ദരിദ്രരായ ഒരു ഈഴവകുടും‌ബത്തിന്റെ ചിത്രം.


കൊല്ലത്തു തന്നെയുള്ള ഒരു ധനിക ഈഴവകുടും‌‌ബത്തിലെ ഈഴവസ്‌ത്രീയുടെ ചിത്രമാണിത്. വെളുത്ത ഈഴവസ്‌ത്രീ എന്നായിരുന്നു ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.

ഈഴവജാതിയായിരുന്നുവെങ്കിലും‌ മുകളിലെ ചിത്രങ്ങളിലുള്ളവര്‍‌ക്ക്‌ ഈ ചിത്രത്തിലെ സ്‌ത്രീയെ തൊടുവാന്‍‌ അവകാശമുണ്ടായിരുന്നില്ല. ഒന്നിച്ചിരുന്നു ഭക്ഷണം‌ കഴിക്കാനുള്ള അവകാശവും ഉണ്ടായിരുന്നില്ല.

ജനിച്ച ജാതിയല്ല, ധനശേഷിയായിരുന്നു ഇന്നത്തെപ്പോലെ അന്നും‌ പ്രതാപത്തിന്റെ ചിഹ്നം. അധികാരത്തിന്റെ ചിഹ്നം‌.

ചിത്രകാരന്റെ ബ്ലോഗില്‍‌ പറയുന്നതുപോലെ അന്നത്തെ നായര്‍‌ സ്‌ത്രീകള്‍‌ ‘വേശ്യവത്കരി’ക്കപ്പെട്ടിട്ടുണ്ടെങ്കില്‍‌ സാമ്പത്തികമായി അധമരായിരുന്ന കുടും‌ബങ്ങളിലെ സ്‌ത്രീകളുടെ മേലുണ്ടായിപ്പോയ പുരുഷന്റെ അധികാരപ്രമത്തയുടെ വിരലടയാളങ്ങളാണത്. പുലയനെ പാടത്തു മടയടക്കാന്‍‌ വിട്ടിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ഈഴവനും‌‌, നായരെ കളപ്പുരയില്‍‌ കാവല്‍‌ കിടത്തിയിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ബ്രാഹ്മണനും‌ എല്ലാം‌ സാമ്പത്തികമായി തനിക്കു സമമല്ലാത്തവന്റെ മേല്‍‌ നടത്തിപ്പോന്ന ലൈം‌ഗിക അതിക്രമങ്ങളായിരുന്നു അത്.

സാമ്പത്തികമായി മുന്നോക്കം‌ നിന്നിരുന്ന ഒരു നായര്‍‌കുടം‌ബത്തിലും‌ ബ്രാഹ്മണര്‍‌ സംബന്ധം‌ കൂടിയിട്ടുള്ളതായി ചരിത്രം‌ പറയുന്നില്ല. മറിച്ച്‌ ഇക്കൂട്ടര്‍‌ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയെപ്പോലെ പരിഹാസ്യരായിട്ടേ ഉള്ളൂ. ഇതൊരു സാമുദായികശീലമോ അനുഷ്ഠാനമോ ആയിരുന്നില്ല, മറിച്ച്‌ ശേഷി കുറഞ്ഞവന്റെ മേലുള്ള അധികാരത്തിന്റെ അക്രമമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.

കേരളത്തില്‍ ഈ വിധം‌ ഇരകളാക്കപ്പെട്ടിരുന്ന മനുഷ്യര്‍‌ക്കിടയില്‍‌ പ്രവര്‍‌ത്തിച്ചവരില്‍‌ ഭൂരിപക്ഷവും‌ സാമ്പത്തികമായി പിന്നോക്കം‌ നിന്നിരുന്ന സവര്‍‌ണ്ണരായിരുന്നു എന്നു ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. ആചാരങ്ങളിലെ ജീര്‍‌ണ്ണതകള്‍‌ക്കെതിരെ, സാമൂഹിക അസമത്വത്തിനെതിര, പടവാളുയര്‍‌ത്താന്‍‌ സാമ്പത്തികമായി അധമരായിരുന്ന സവര്‍‌ണ്ണനും‌ അവര്‍‌ണ്ണനും‌ ഒരേ ഹൃദയത്തോടെ ഒന്നിച്ചുണ്ടായിരുന്നു.

ചരിത്രമാറ്റത്തിനായി അബോധപ്രേരണ നല്‍‌കിപ്പോന്ന, ആശയശേഷിയുണ്ടായിരുന്ന നിരവധി ദരിദ്ര സവര്‍‌ണ്ണരും‌ അവര്‍‌ണ്ണരും‌ ഉണ്ടായിരുന്നില്ലെങ്കില്‍‌ കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍‌ട്ടി തന്നെയുണ്ടാകുമായിരുന്നില്ല.

മനുഷ്യനെ പൂര്‍‌വികരുടെ ജാതിയുടേയും‌ കുലത്തിന്റേയും‌ ചതുരക്കള്ളികളിലാക്കി വിമര്‍‌ശിക്കുമ്പോള്‍ മുറിവേക്കുന്നത് പ്രത്യയശാസ്ത്രത്തിനാണ്. മനുഷ്യനെ സ്‌നേഹിക്കുന്ന മനുഷ്യര്‍‌ക്കാണ്.


വാല്‍‌ക്കഷണം:
ഞെരളത്ത്‌ രാമപ്പൊതുവാളിന്റെ ഭാര്യ നായര്‍‌സ്‌ത്രീയായതിനാലാണ് ഹരിഗോവിന്ദന് സോപാനം‌ പാടാന്‍‌ അവകാ‍ശമില്ലാതായത്‌ എന്നെവിടെയോ വായിച്ചിരുന്നു. സവര്‍‌ണ്ണ-അവര്‍‌ണ്ണ ജാതിയുടെ ഏതു നിര്‍‌വചനത്തിലൂടെയാണ് ഇതു മനസ്സിലാക്കേണ്ടത്.

Thursday, January 8, 2009

അരമനവേഴ്‌ചയുടെ ഒരു പഴയ കഥ

അഭയ കൊലക്കേസിന്റെ വാദ-വിവാദ-പ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പുരോഹിതനും കന്യാസ്‌ത്രീകളുമായുള്ള അരമനവേഴ്ചകളുടെ ഒരു പഴയകാല കഥ ഇങ്ങനെയും.

ബ്രഹ്മചര്യത്തിന്റെ തടവറയില്‍ കിടന്ന് "ഞാന്‍ ഒരു പുരുഷനാണ്‌, ഞാന്‍ സ്‌ത്രീകളെ പ്രണയിച്ചുപോയി" എന്നുറക്കെ വിളിച്ചുപറഞ്ഞ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനായിരുന്ന ഫാദര്‍ അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയറെ 1634 ആഗസ്റ്റുമാസം 18 തീയതി ഒരു വന്‍ചിതയുടെ മുകളില്‍ തൂക്കിയിട്ടു ചുട്ടുപൊള്ളിച്ചു കൊന്ന കഥ ഇന്നത്തെ ക്രൈസ്തവതിരുസഭയുടെ അവരോഹിതപുരോഹിതര്‍ മറന്നിരിക്കാന്‍ വഴിയില്ല.

അരോഗദൃഢഗാത്രനും സുമുഖനുമായിരുന്ന അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയര്‍ തന്റെ കൌമാരകാലം മുതലേ സ്‌ത്രീലോലുപനായിരുന്നു എങ്കിലും ഒരു പുരോഹിതനാകാനായിരുന്നു നിയോഗം. തികഞ്ഞ കര്‍മ്മോത്സുകനും സരസഭാഷിതനുമായ ഗ്രാന്‍ഡിയര്‍ സെന്റ്‌ പെയിര്‍ ഡ്യൂമാര്‍ക്കിലെ ഇടവക പുരോഹിതനായാണ്‌ നിയമിതനായത്. പൌരുഷം മുറ്റിയ, സുമുഖനായ ഗ്രാന്‍ഡിയര്‍ ഇടവകയിലെ സ്‌ത്രീകളുടെ ഹരമായി മാറാന്‍ അധികനാളെടുത്തില്ല. ഇടവകയില്‍ നിന്നും, പ്രത്യേകിച്ചും സ്‌ത്രീജനങ്ങളില്‍ നിന്നും തനിക്കു കിട്ടിയ അംഗീകാരം കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ സമൂഹവുമായി ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ഗ്രാന്‍ഡിയറെ സഹായിച്ചു.

ഗ്രാന്‍ഡിയറുടെ ഈ ഇഴുകിച്ചേരല്‍ തന്റെ പുരോഹിതവേലക്കുള്ള അംഗീകാരമായി മാറുകയും താമസിയാതെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ലൌഡണ്‍ നഗരത്തിലെ സെയിന്റ്‌ ക്രോയ്ക്‌സ്‌ എന്ന വലിയ ഇടവകയിലേക്കു ദൈവവേലക്കു പ്രധാനപുരോഹിതനായി നിയമിതനാവുകയും ചെയ്തു. ലൌഡണിലെ നിയമനം കൂടുതല്‍ മോടിയോടെ വസ്‌ത്രധാരണം നടത്താനും തന്റെ പൌരുഷത്തെ കൂടുതല്‍ മനോഹരമാക്കി സ്‌ത്രീകളുടെ മുന്നിലവതരിപ്പിക്കുവാനും ഗ്രാന്‍ഡിയറിനു സഹായകമായി.

കോളേജ് ജീവിതകാലത്ത്‌ ഫ്രാന്‍സിലെ ബോര്‍ഡിയാക്സ് പോര്‍ട്ടിലെ വേശ്യാലയങ്ങളില്‍ നിന്നു സ്‌ത്രീസുഖം അനുഭവിച്ചറിഞ്ഞുപോന്ന ഗ്രാന്‍ഡിയര്‍ പുരോഹിതനായ ശേഷം തന്റെ ശരീരകാമനയെ തടവറയിലിട്ടിരിക്കുകയായിരുന്നു. ളോഹക്കുള്ളില്‍ തളച്ചിട്ടു തന്റെ വിജ്രംഭിത യൌവ്വനം പാഴാക്കിക്കളയുന്നതിനോടു ഫാ.ഗ്രാന്‍ഡിയറിന്നു വിയോജിപ്പായിരുന്നു.

യുവാവും‌ മുഖ്യപുരോഹിതനുമായ ഫാദര്‍ ഗ്രാന്‍ഡിയറിനോട്‌ ലൌഡണ്‍ ഇടവകയിലെ സ്‌ത്രീകള്‍ക്കും വല്ലാത്ത മതിപ്പായിരുന്നു. ഈ മതിപ്പ്‌ ഗ്രാന്‍ഡിയറെ ഏതുവീട്ടിലും ഏതുസമയത്തും കടന്നുചെല്ലുന്നതിനുള്ള ഒരു സ്വാതന്ത്ര്യത്തിലെത്തിച്ചു. ലൌഡണ്‍ ഗവര്‍ണ്ണറുടെ വീട്ടിലെ ഭക്ഷണശാലയില്‍ പോലും ഏതു സമയത്തും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായി ഫാദര്‍ ഗ്രാന്‍ഡിയറിന്‌. അവസരങ്ങളുടെ ഈ സുഭിക്ഷത ഫാ.ഗ്രാന്‍ഡിയര്‍ തന്റെ ശാരീരികാവശ്യങ്ങള്‍ക്കു ശരിയായ രീതിയില്‍ മുതലെടുക്കുന്നുണ്ടായിരുന്നു. ഇടവകയിലെ മിക്ക സ്‌ത്രീകളുമായും, അതില്‍ തന്നെ സമൂഹത്തിലെ ഉന്നതരുടെ ഭാര്യമാരുമായും പെണ്‍മക്കളുമായൊക്കെ ഫാ.ഗ്രാന്‍ഡിയര്‍ ലൈംഗികബന്ധം പുലര്‍ത്തിപ്പോന്നു. സംശയാലുക്കളായ പല പുരുഷന്‍മാരും പുരോഹിതന്റെ സമൂഹത്തിലെ ജനസമ്മതിയോര്‍ത്ത്‌ നിശ്ശബ്‌ദരായിരുന്നു.

ഒരു അരിസ്‌റ്റോക്രാറ്റ്‌ കുടുംബത്തിലെ, പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ട്രിന്‍കാന്റ്‌ എന്നയാളുടെ ഓമനമകളായ ഫിലിപ്പെ എന്ന ബാലികക്കു സ്വകാര്യട്യൂഷന്‍ നല്‍കിപ്പോന്നിരുന്ന ഫാ.ഗ്രാന്‍ഡിയര്‍ ഈ ബാലികയുമായി പ്രണയം നടിച്ച്‌ ബാലികയെ തന്നിലേക്ക്‌ ആകര്‍ഷിച്ച്‌ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. സര്‍ക്കാര്‍ തലത്തില്‍ ഉന്നതസ്വാധീനമുണ്ടായിരുന്ന ട്രിന്‍കാന്റ് ഇതറിയുകയും ഇടവകയിലെ വിസിറ്റിംഗ് ബിഷപ്പായ ഫാ.റിചെല്യുവിനെ വിവരം ബോധിപ്പിച്ച്‌ പ്രതികാരനടപടിക്കു സമ്മതം വാങ്ങുകയും ചെയ്തു. മകളുടെ ചാരിത്ര്യഭം‌ഗത്തില്‍‌ വ്യഥിതനും‌ ക്രുധിതനുമായ ട്രിന്‍കാന്റ് ഫാ.ഗ്രാന്‍ഡിയര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു ഗൂഢസംഘം തന്നെ രൂപീകരിച്ചു. ഈ സംഘത്തിലെ മിക്ക അംഗങ്ങളും തങ്ങളുടെ കുടുംബത്തില്‍ ഫാ.ഗ്രാന്‍ഡിയര്‍ ലൈംഗികതേര്‍വാഴ്ച നടത്തിയതില്‍ അമര്‍ഷമുള്ളവരായിരുന്നു.

തനിക്കെതിരെ ഗൂഢസംഘം പ്രതികാരം അഴിച്ചുവിടുന്നതൊന്നും കാര്യമായി ഗൌനിക്കാതെ ഫാ.ഗ്രാന്‍ഡിയര്‍ അപ്പോഴും ഒരു പുതിയ പ്രണയത്തിലായിരുന്നു. ഫാ.ഗ്രാന്‍ഡിയറിന്റെ ജീവിതത്തിലെ ആദ്യത്തെ പരിശുദ്ധപ്രണയമായിരുന്നു അത്‌. നഗരത്തിലെ ആഢ്യയും അവിവാഹിതയുമായ മാഡം ഇസല്ലെ മഡ്‌ലയന്‍ എന്ന യുവതിയുമായിരുന്നു ഫാ. ഗ്രാന്‍ഡിയര്‍‌ പ്രണയത്തിലായത്.

തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്ന മാഡം‌ മഡ്‌ലെയ്‌ന്‍ ആത്മീയ ഉപദേശങ്ങള്‍ക്കായാണ്‌ ഫാ.ഗ്രാന്‍ഡിയറിനെ തന്റെ കൊട്ടാരസദൃശമായ വീട്ടില്‍ ക്ഷണിച്ചുവരുത്തിയിരുന്നതെങ്കിലും ക്രമേണ അവരുമായി ഫാദര്‍ അനുരാഗബദ്ധനാവുകയാണുണ്ടായത്. മാഡം മഡ്‌ലെയ്‌നിന്റെ നിഷ്കളങ്കവും‌ ദിവ്യവുമായ അനുരാഗത്തിന്റെ ലഹരിയില്‍ ഗ്രാന്‍ഡിയര്‍ അവരെ വിവാഹം കഴിച്ച്‌ ഇനിയുള്ള ജീവിതകാലം ഏകപത്നീവ്രതനായി ജീവിക്കാനാഗ്രഹിച്ചു.

പക്ഷേ 'പുരോഹിതനു ഒരു ഭാര്യ' എന്നത്‌ വലിയ കോളിളക്കം സമൂഹത്തിലുണ്ടാക്കുമെന്ന്‌ ഫാദര്‍‌ ഗ്രാന്‍‌ഡിയറിനറിയാമായിരുന്നു. ഇതിനായി ഒരു അവബോധമുണ്ടാക്കാനായി അദ്ദേഹം‌ അക്ഷരങ്ങളെ കൂട്ടുപിടിച്ചു.

ആദാമിനു തുണയായി ഹവ്വയെ സൃഷ്ടിച്ച ദൈവത്തിന്റെ ദാസന്‍മാരായി ജീവിക്കുന്നവര്‍ക്ക്‌ തങ്ങളുടെ ശരീരത്തിന്റെ ഇച്ഛകളെ അറിയിക്കാനും പ്രയോഗിക്കാനും ഒരു ഇണ പാടില്ലെന്ന ദൈവശാസ്ത്രത്തെ അദ്ദേഹം ചോദ്യം ചെയ്തുകൊണ്ട് ഉപന്യാസങ്ങള്‍ തയ്യാറാക്കി. പുരോഹിതന്‍മാരുടെ അടിച്ചേല്‍പ്പിക്കുന്ന നിത്യബ്രഹ്മചര്യത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് ചെറുപ്രഭാഷണങ്ങള്‍‌ നടത്തി. മനുഷ്യനിലെ ജനിതകമായ സദ്‌ഗുണങ്ങളിലൊന്നായ അനുരാഗം ദൈവത്തിനുപോലും തൃപ്തികരമായ ഒരു ശ്രേഷ്ഠവികാരമാണെന്നും സഭയുടെ നിര്‍ദ്ദയചട്ടങ്ങള്‍ കൊണ്ട് ഈ ദിവ്യാനുരാഗത്തെ നശിപ്പിക്കാന്‍ പാടില്ലായെന്നുമൊക്കെ സോദാഹരണം ഉപന്യാസങ്ങള്‍ തയ്യാറാക്കി.

തന്റെ ഉപന്യാസങ്ങളിലൂടെ കടുത്ത കുലീനയും‌ ദൈവഭക്തയുമായ തന്റെ കാമുകി മഡ്‌ലെയ്‌ന്റെ മനസ്സിനെ സ്വാധീനിക്കുവാനും ഫാ.ഗ്രാന്‍ഡിയറിനു കഴിഞ്ഞു. അവര്‍ തമ്മില്‍ വിജനമായ ഒരു പള്ളിയില്‍ വെച്ച്‌ രാത്രിയില്‍ മെഴുകുതിരികളെ സാക്ഷിനിര്‍ത്തി രഹസ്യവിവാഹം നടത്തി. വിവാഹവേളയില്‍ ഫാ.ഗ്രാന്‍ഡിയര്‍ തന്നെ വരനായും വിവാഹം നടത്തുന്ന പുരോഹിതനായും വേഷമിട്ടു.

പക്ഷേ പ്രോസിക്യൂട്ടര്‍‌ ട്രിന്‍കാന്റിന്റെ ഗൂഢസംഘം ഈ വിവരം മനസ്സിലാക്കി. ബാലികമാരുമായും, അപരഭാര്യമാരുമായും അവിവാഹിതകളുമായുമൊക്കെ ലൈംഗികബന്ധം പുലര്‍ത്തിപ്പോന്ന ഫാ.ഗ്രാന്‍ഡിയറിനെ ബിഷപ്പ് റിചെല്യുവിന്റെ സഹായത്തോടെ സഭാസമക്ഷം ട്രിന്‍കാന്റിന്റെ ഗൂഢസംഘം എത്തിക്കുകയും ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഫാ.ഗ്രാന്‍ഡിയറിനെ തടവിലാക്കുകയും ചെയ്തുവെങ്കിലും മതിയായ തെളിവുകളുടെ അഭാവത്താല്‍ അപ്പീലിനെ തുടര്‍ന്ന്‌ ഫാ.ഗ്രാന്‍ഡിയറിനെ വിട്ടയച്ചു.

ഇതേ സമയം മറ്റൊരു കോണില്‍ ഇതിനോടനുബന്ധിച്ച്‌ വേറൊരു നാടകം കൂടി അരങ്ങേറുന്നുണ്ടായിരുന്നു.

ലൌഡണിലെ തന്നെ മറ്റൊരു ഇടവകയിലെ അര്‍സുലിന്‍ കോണ്‍വെന്റിലെ മഠാധിപതിയായിരുന്ന ജെന്നി എന്ന ഒരു കന്യാസ്‌ത്രീക്കു ചിത്തഭ്രമം പിടിപെട്ടത്‌ ഫാ.ഗ്രാന്‍ഡിയറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആപത്തായി വളരുകയായിരുന്നു.

ലൌഡണിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നിലെ ഇടവകയില്‍‌ കന്യാസ്ത്രീകള്‍‌ മാത്രം‌ പാര്‍‌ക്കുന്ന അര്‍‌സുലിന്‍‌ കോണ്‍‌വെന്റിലെ മഠാധികാരിയായിരുന്നു സിസ്‌റ്റര്‍‌ ജെന്നി. ലൌഡണിലെ ഫാ.ഗാര്‍ഡിയറിന്റെ പൌരുഷവും അദ്ദേഹത്തെക്കുറിച്ചു പറഞ്ഞുകേട്ടിരുന്ന ശൃംഗാര കഥകളും സിസ്റ്റര്‍‌ ജെന്നിയെ എന്നും‌ പുളകം കൊള്ളിച്ചുകൊണ്ടിരുന്നു. വളരെ ദൂരെനിന്നു മാത്രം‌ ഫാ.ഗ്രാന്‍‌ഡിയറിനെ കണ്ടിട്ടുള്ള സിസ്റ്റര്‍ ജെന്നി കരുത്തനായ യുവവൈദികന്‍ ഫാ.ഗാര്‍ഡിയറെ കാണുവാനും അയാളോടൊത്തു പ്രവര്‍ത്തിക്കുവാനും അതിയായി ആഗ്രഹിച്ചു.

രോഗി ഇച്ഛിച്ചതും വൈദ്യന്‍‌ ‍കല്‍പ്പിച്ചതും പാലെന്നപോലെ, ആ സമയത്ത്‌ അര്‍സുലിന്‍ കോണ്‍വെന്റിലെ കുമ്പസാരം സ്വീകരിച്ചിരുന്ന വയോധികനായ പുരോഹിതന്‍ മരണപ്പെട്ടു. ഈ അവസരം ഉപയോഗിച്ച്‌ ഇനി മുതല്‍ കോന്‍വെന്റു മഠത്തിലെ കന്യാസ്‌ത്രീകളെ കുമ്പസാരിപ്പിക്കുവാനുള്ള ചുമതല ഫാ.ഗ്രാന്‍ഡിയര്‍ ഏറ്റെടുക്കണമെന്നു കാണിച്ച്‌ സിസ്റ്റര്‍ ജെന്നി ഫാ.ഗ്രാന്‍ഡിയറിനു കത്തെഴുതിയെങ്കിലും, ഫാദര്‍ ആ ക്ഷണം നിരാകരിച്ചു. മാഡം മെഡ്‌ലെയ്‌നോടുള്ള ദിവ്യാനുരാഗവും രഹസ്യമായണെങ്കിലും താന്‍ ഒരു ഭര്‍ത്താവാണെന്നുമുള്ള തിരിച്ചറിവാണ്‌ ഫാ.ഗ്രാന്‍ഡിയറിനെ ഈ ക്ഷണം നിരസിക്കാന്‍ പ്രേരിപ്പിച്ചത്.

ഫാദര്‍ ഗ്രാന്‍ഡിയര്‍ തന്റെ ക്ഷണം നിരസിച്ചതോടെ അയാളുടെ ശത്രുവായ ഫാദര്‍ മിഗ്നോണെ സിസ്റ്റര്‍ ജെന്നി കോന്‍വെന്റിലെ കുമ്പസാരത്തിനായി ക്ഷണിച്ചു. അങ്ങിനെയാണ് പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ ഗൂഢസംഘത്തിലുണ്ടായിരുന്ന മിഗ്‌നോണ്‍ എന്ന പുരോഹിതനന്‍‌ അര്‍‌സുല കോണ്‍‌വെന്റില്‍‌ കുമ്പസാരം സ്വീകരിക്കാന്‍ പുതിയതായി നിയമിക്കപ്പെട്ടത്.

പക്ഷേ ഫാദര്‍‌ ഗ്രാന്‍ഡിയറിന്റെ കരുത്തും‌ രൂപവും‌ ഓര്‍ത്ത് കാമാസക്തയായി ദിവസം കഴിച്ചിരുന്ന സിസ്റ്റര്‍ ജെന്നിക്ക് ഫാദര്‍‌ ഗ്രാന്‍‌ഡിയറുടെ നിരാകരണം താങ്ങാനാകാതെയായി. ക്രമേണ വിഷാദരോഗം പിടിപെട്ട സിസ്റ്റര്‍ ജെന്നിയുടെ സ്വപ്നത്തില്‍ ഫാ.ഗ്രാന്‍ഡിയര്‍ വന്ന്‌ കരുത്തുള്ള കൈകള്‍ കൊണ്ടു ജെന്നിയെ വരിഞ്ഞുമുറുക്കുന്നതായും ശരീരം ഭോഗിക്കുന്നതായും ജെന്നിക്കു തോന്നിത്തുടങ്ങി. ഉറക്കത്തില്‍ ചാടിയെഴുന്നേറ്റ്, ഫാ.ഗ്രാന്‍ഡിയറുടെ പേരു ഉച്ചത്തില്‍ വിളിച്ചു പറയുകയും ഗ്രാന്‍ഡിയറുടെ ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ കുരിശുവീശിയും കൊന്ത ജപിച്ചും സിസ്റ്റര്‍ കോണ്‍വെന്റിലാകെ വിഭ്രാന്തിയോടെ അലറിവിളിച്ചുനടന്നു.

പ്രോസിക്യൂട്ടര്‍‌ ട്രിന്‍കാന്റിനോടു കൂറുണ്ടായിരുന്ന ഫാദര്‍ മിഗ്നോണ്‍ സിസ്റ്റര്‍ ജെന്നിയില്‍ മനോരോഗപരമായി ഉണ്ടായ ഈ വ്യാജാനുഭൂതികളെ ഫാ.ഗ്രാന്‍ഡിയറിനെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി മാറ്റി. സിസ്റ്റര്‍ ജെന്നിയില്‍ ദുരാത്മാവു ബാധിച്ചിരിക്കുന്നതായും പിശാചിന്റെ ദൂതന്റെ രൂപത്തില്‍ ഫാ.ഗ്രാന്‍ഡിയര്‍‌ അയക്കുന്ന ദുരാത്മാവാണ് സിസ്‌റ്റര്‍‌ ജെന്നിയെ പാപപങ്കിലമാക്കുന്നതെന്നും ഫാദര്‍ മിഗ്നോണ്‍ സഭയ അറിയിച്ചു.

സിസ്റ്റര്‍ ജെന്നിയെ ബാധ ഒഴിപ്പിക്കാനെന്ന രീതിയില്‍ ഫാദര്‍ മിഗ്നോണ്‍ രഹസ്യമായി പാര്‍പ്പിച്ചതിനുശേഷം മഠത്തിലെ യുവതികളായ മറ്റു രണ്ടു കന്യാസ്‌ത്രീകള്‍ക്കും ഈ ബാധ ഏറ്റിട്ടുണ്ടെന്നും അവരേയും ബാധ ഒഴിപ്പിക്കേണ്ടതു ആവശ്യമാണെന്നും മിഗ്നോണ്‍ ബിഷപ്പിനെ അറിയിച്ചു. ഇവരെയെല്ലാം ബാധിച്ചിരിക്കുന്നത് സ്‌ത്രീകളോട് അനുകമ്പയുള്ള, സ്ത്രീലമ്പടനായ ഫാദര്‍ ഗ്രാന്‍ഡിയര്‍ അഴിച്ചുവിടുന്ന ദുരാത്മാക്കളാണെന്നും മിഗ്നോണ്‍ വാദിച്ചു. ലൌഡണിലെ അന്നത്തെ മജിസ്‌ട്രേറ്റായിരുന്ന ഡി-സീറിസെ ഇത്തരം ദുരാത്മബാധ എന്നത് കെട്ടിച്ചമച്ച കഥയാണെന്നും സിസ്റ്റര്‍ ജെന്നി മനോരോഗിയാണെന്നും വാദിച്ചെങ്കിലും ഫാദര്‍ ഗ്രാന്‍ഡിയറിനോടു വിരോധമുണ്ടായിരുന്ന ബിഷപ്പ്‌ റിചെല്യു അതംഗീകരിച്ചില്ല.

മജിസ്‌ട്രേറ്റിന്റെ വിധിയെ മറികടന്ന്‌‌, ചിനോണില്‍ നിന്നും ബാധയൊഴിപ്പിക്കലില്‍ കുറേക്കൂടി പ്രസിദ്ധിയാര്‍ജ്ജിച്ച ഫാദര്‍ ബാറെ എന്ന പുരോഹിതനെ സഭ വിളിച്ചു വരുത്തി. കന്യാസ്ത്രീകളെ ഒറ്റക്കും രഹസ്യമായും കുമ്പസാരം നടത്തിയതിനെ ഫാദര്‍‌ ബാറെ നിശിതമായി വിമര്‍‌ശിച്ചു. പിശാചു ബാധിച്ച കന്യാസ്ത്രീകളെ പരസ്യമായി ബാധ ഒഴിപ്പിക്കേണ്ടതാണെന്ന തന്റെ അഭിപ്രായത്തിലൂടെ ഫാദര്‍ ബാറെ സിസ്റ്റര്‍ ജെന്നിയേയും പിശാചു ബാധിച്ചതും ബാധിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി കന്യാസ്ത്രീകളേയും പരസ്യമായി നിലത്തു കിടത്തിയും‌ താഡിച്ചും ബാധയകറ്റല്‍‌ കര്‍‌മ്മം‌ തുടങ്ങി. ബാധ അകറ്റാനായി കന്യാസ്ത്രീകളെ നിലത്തിട്ടുരുട്ടുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും നഗ്നരാക്കുകയും ചെയ്തു. പീഢനം അസഹ്യമായപ്പോള്‍‌ ചില കന്യാസ്ത്രീകളിലെ ബാധ ഒഴിഞ്ഞുപോയി. എന്നാല്‍ സിസ്റ്റര്‍ ജെന്നിയിലെ ചിത്തരോഗത്തിനു ഒരു മാറ്റവുമുണ്ടായില്ല. കന്യാസ്‌ത്രീകളെ പരസ്യമായി വിചാരണ ചെയ്യുന്നതു കാണാന്‍ എന്നും വലിയ ജനത്തിരക്കായിരുന്നു. വിചാരണക്കിടെ നഗ്നമാക്കപ്പെടുന്ന കന്യാസ്‌ത്രീശരീരങ്ങള്‍‌ കാണാന്‍‌ വലിയ തിരിക്കുണ്ടാവുകയും‌ വെളിനാടുകളില്‍‌ നിന്നും‌ ജനങ്ങള്‍‌ വിചാരണ കാണുവാനായി നിത്യം‌ അവിടെയെത്തുകയും‌ ചെയ്തുപോന്നു.

സിസ്റ്റര്‍ ജെന്നിയിലെ ബാധ ഒഴിപ്പിക്കലില്‍ താന്‍ പരാജയപ്പെടുമെന്നു ബോധ്യം വന്ന ഫാ.ബാറെ സിസ്റ്റര്‍ ജെന്നിയെ കുരിശിന്റെ മുകളില്‍ കൈകാലുകള്‍ പിണച്ചുകെട്ടി മലര്‍ത്തിക്കിടത്തി, പിച്ചള സിറിഞ്ചില്‍ കാല്‍ഭാഗം വിശുദ്ധജലം കയറ്റി സിസ്റ്റര്‍ ജെന്നിയുടെ ഭഗദ്വാരത്തിലേക്കു കുത്തിക്കയറ്റി. സിറിഞ്ചിന്റെ ചലനത്തിനനുസരിച്ചു വേദന കൊണ്ടു പുളഞ്ഞ സിസ്റ്റര്‍ ജെന്നിക്കു ശ്വാസം നിഷേധിക്കുകയും അങ്ങനെ അബോധാവസ്ഥയിലൂടെ കോമയിലാഴ്ത്തുകയും ചെയ്തു. അതോടെ സിസ്റ്ററിലെ ബാധ ഒഴിഞ്ഞുപോയതായി ഫാദര്‍ ബാറെ പ്രഖ്യാപിച്ചു. സിസ്റ്റര്‍ ജെന്നിയെ കാമാസക്തനായ അഡ്‌മോഡസ്‌ എന്ന ദുരാത്മാവാണു ബാധിച്ചിരുന്നതെന്നും അതിനെ ജെന്നിയിലേക്കും ഇതര കന്യാസ്ത്രീകളിലേക്കും പടര്‍ത്തിയത് ഫാദര്‍ ഗ്രാന്‍ഡിയറാണെന്നും ഫാദര്‍ ബാറെ വിധിയെഴുതി ബിഷപ്പിനെ അറിയിച്ചു. മജിസ്‌ട്രേറ്റ് ഇതംഗീകരിച്ചില്ലെങ്കിലും മതപുരോഹിതന്‍മാരുടെ അഭിപ്രായത്തിനെതിരു നില്‍ക്കാന്‍ മജിസ്‌ട്രേറ്റിനു കഴിയുമായിരുന്നില്ല.

ഈ അവസരത്തില്‍ കന്യാസ്‌ത്രീകളുടെ പൊതുവിചാരണയെ അപലപിച്ചുകൊണ്ടും കര്‍ദ്ദിനാളായിരുന്ന റിചെല്യുവിനേയും സഹായിയായ ഉന്നതനായ മറ്റൊരു ബിഷപ്പിനേയും മറ്റും വിമര്‍ശനബുദ്ധ്യാ പരിഹസിച്ചുകൊണ്ടും "ലെറ്റേര്‍സ് ഡില കര്‍ദോനിയേ" എന്ന ഒരു പുസ്തകം ലൌഡണില്‍ പ്രസിദ്ധീകരിച്ചു. പ്രിന്ററുടേയോ എഴുത്തുകാരന്റേയോ പേരു വെക്കാതെയുള്ള ഈ ഗ്രന്‌ഥം ലൌഡണാകെ വിതരണം ചെയ്യപ്പെടുകയും ചെയ്തു. പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ ഗൂഢസംഘമാണ് ഇതു പ്രസിദ്ധീകരിച്ചതെങ്കിലും അതു ഭാഷാവിദഗ്‌ദ്ധന്‍ കൂടിയായ ഫാദര്‍ ഗ്രന്‍ഡിയറാണെന്നു പരക്കെ പ്രചരിപ്പിക്കുന്നതിലും‌ ജനങ്ങളേയും‌ സഭാവിശ്വാസികളേയും‌ വിശ്വസിപ്പിക്കുന്നതിലും‌ പ്രോസിക്യൂട്ടര്‍‌ ട്രിന്‍‌കാന്റ്‌ വിജയിച്ചു.

ഈ ലഘുഗ്രന്‌ഥവും, അര്‍സുലിയ കോണ്‍വെന്റിലെ ബാധയൊഴിപ്പിക്കലിന്റെ രഹസ്യറിപ്പോര്‍ട്ടുകളും ട്രിന്‍കാന്റിനെപ്പോലെയുള്ള സമൂഹത്തിലെ പ്രമുഖരായ വ്യക്തികളുടെ പ്രസ്‌താവനകളും എല്ലാം ഫാദര്‍ ഗ്രാന്‍ഡിയറിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ തെളിവായി ഗൂഢസംഘം ബിഷപ്പിന്റെ മുന്നില്‍ നിരത്തി. ബിഷപ്പിന്റെ നിര്‍‌ദ്ദേശപ്രകാരം‌ പാരീസ്‌ ഗവേര്‍ണിംഗ്‌ കൌണ്‍സില്‍ ഫാദര്‍ ഗ്രാന്‍ഡിയറിനെ അറസ്റ്റുചെയ്യാന്‍ ഉത്തരവു പുറപ്പെടുവിച്ചു.

മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും സ്വാധീനമുണ്ടായിരുന്ന ജഡ്‌ജിമാരായിരുന്നു ഫാദര്‍ ഗ്രാന്‍ഡിയറിന്റെ കേസ്‌ വിചാരണ ചെയ്തത്. കന്യാസ്ത്രീകളെ മോഹിച്ചതിനാല്‍ അവരെ വശീകരിക്കാനായി ഫാദര്‍ ഗ്രാന്‍ഡിയര്‍ ദുര്‍മന്ത്രവാദം നടത്തിയതിനാലാണ്‌ സിസ്റ്റര്‍മാരില്‍ ദുരാത്മാവു ബാധിച്ചത് എന്നാണു കോടതിക്കു തെളിയിക്കേണ്ടിയിരുന്നത്. ഫാ. ഗ്രാന്‍ഡിയറുടെ ശരീരം ളോഹക്കുള്ളിലിരുന്നുകൊണ്ട് കാട്ടിക്കൂട്ടിയ ലൈംഗികവിക്രിയകളെ ലോകസമക്ഷം കൊണ്ടുവരാനായി ദൈവം കന്യാസ്ത്രീകളിലൂടെ വെളിപാടു നല്‍കിയിരിക്കുകയാണെന്നായിരുന്നു കോടതിയുടെ അന്ത്യവിധി. കോടതിയില്‍ എല്ലാ ന്യായവാദങ്ങള്‍ക്കുമുപരിയായി അടിച്ചമര്‍ത്തപ്പെട്ട കാമവികാരത്തിന്റെ ഫലമായുണ്ടാകുന്ന ഹിസ്റ്റീരിയ ബാധിച്ച കന്യാസ്‌ത്രീകളുടെ വാക്കുകളാണ്‌ പ്രധാന മൊഴിയായി സ്വീകരിക്കപ്പെട്ടത്. ഗ്രാന്‍‌ഡിയറുടെ കള്ളി വെളിച്ചത്തുകൊണ്ടുവരാന്‍‌ ദൈവവിളി തോന്നിച്ച കന്യാസ്ത്രീകളുടെ മൊഴിയെ നിരാകരിക്കുന്നത് ദൈവനിഷേധമാണെന്നു ബിഷപ്പും‌ കോടതിയെ അറിയിച്ചു.

പിശാചെന്നാല്‍ നുണയുടെ രാജാവാണെന്നും പിശാചു ബാധിച്ചവരുടെ ജല്പനങ്ങള്‍ കോടതി തെളിവായി സ്വീകരിക്കരുതെന്നുമുള്ള മജിസ്‌ട്രേറ്റിന്റെ അപ്പീല്‍‌ കോടതി കാര്യമായി കണ്ടില്ല, മാത്രമല്ല,പാരീസ്‌ പാര്‍‌ലമെന്റില്‍‌ അപ്പീലിനുപോകാനുള്ള അനുമതി ഫാദര്‍‌ ഗ്രാന്‍‌ഡിയറിനു ബിഷപ്പിന്റെ സ്വാധീനത്താല്‍‌ നിഷേധിക്കപ്പെടുകയും‌ ചെയ്തു.

അന്ത്യവിധിക്കു തൊട്ടു മുന്‍പേ തങ്ങള്‍ സിസ്റ്റര്‍ ജെന്നിയുടെ അവസ്ഥയില്‍ പരിതാപം പൂണ്ടു വസ്തുതകള്‍ വളച്ചൊടിച്ചാണു കോടതിയില്‍ പറഞ്ഞതെന്നു കന്യാസ്‌ത്രീകളില്‍ ചിലര്‍ ആണയിട്ടു ബിഷപ്പിനോടും കോടതിസമക്ഷവും പറഞ്ഞുവെങ്കിലും മതമേധാവിത്വത്തിന്റെ സ്വാധീനമുണ്ടായിരുന്ന ജഡ്‌ജി ഫാ.ഗ്രാന്‍ഡിയറിനെ 'മര്‍ദ്ദിച്ചവശനാക്കി ജീവനോടെ ദഹിപ്പിക്കാന്‍' അന്ത്യവിധി എഴുതി.

കോടതിയുടെ ഈ വിധിക്കുശേഷം ക്രിസ്തുവിനേറ്റതിനേക്കാള്‍ വലിയ ശാരീരികപീഢനമാണ്‌ ഫാദര്‍ ഗ്രാന്‍ഡിയറിനു ഏല്‍ക്കേണ്ടിവന്നത്. ഫാദര്‍ ഗ്രാന്‍ഡിയറിനെക്കൊണ്ടു ദുര്‍മന്ത്രവാദത്തിലൂടെ പിശാചുബാധ നടത്തിയെന്ന കുറ്റസമ്മതം നടത്തുന്നതിനായി അരമനയിലെ സുരക്ഷാകാര്യങ്ങളുടെ മേധാവികളായ ഫാദര്‍ ട്രാന്‍ക്വിലയും, ഫാദര്‍ ലക്‌ട്രീന്‍സും ഗ്രാന്‍ഡിയറെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. കൈകാലുകളിലെ എല്ലുകള്‍ തല്ലിയൊടിച്ചതിനുശേഷം കാലുകള്‍ രണ്ടും മുറിച്ചുമാറ്റപ്പെട്ടു. ഈ പീഢനത്തിനിടയിലും ഫാദര്‍ ഗ്രാന്‍ഡിയര്‍ വിളിച്ചു പറഞ്ഞു. "ഞാനൊരു പുരുഷനാണ്‌, ഞാന്‍ സ്‌ത്രീയെ സ്‌നേഹിച്ചുപോയി. അതിനെന്തിനാണു കര്‍ത്താവേ നീ എന്നെ ശിക്ഷിക്കുന്നത്‌"

വധിക്കുന്നതിനു മുന്‍പ്‌ ശരീരത്തിലെ രോമങ്ങള്‍ വടിക്കാനെന്ന വ്യാജേന ശരീരം വരഞ്ഞുകീറി,അരയില്‍ മാത്രം രോമത്തുണി ചുറ്റി, ആറു കുതിരകള്‍ ‍വലിക്കുന്ന രഥത്തിലിരുത്തി ഫാദര്‍ ഗ്രാന്‍ഡിയറിനെ മതപുരോഹിതര്‍‌ നഗരപ്രദക്ഷിണം നടത്തിച്ചു. ലൌഡണില്‍ താന്‍ പ്രധാനവികാരിയായിരുന്ന പള്ളിയുടെ മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ച ഗ്രാന്‍ഡിയറെ പുരോഹിതവൃന്ദം നിലത്തിറക്കി നിറുത്തി. നിലത്തു നില്‍ക്കാന്‍ കാലുകളില്ലാത്തതിനാല്‍ മുഖമടിച്ചു നിലത്തുവീണു. ഇതുകണ്ട കരഞ്ഞ സ്ത്രീജനങ്ങളോട് ഗ്രാന്‍ഡിയര്‍ പിശാചിന്റെ ഉപാസകനാണെന്നും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കു ചാവുദോഷം വന്നു ഭവിക്കുമെന്നും പുരോഹിതര്‍ മുന്നറിയിപ്പു നല്‍കി.

പ്രോസിക്യൂട്ടറായ ട്രിന്‍കാന്റിന്റെ വീടിനടുത്തായിരുന്നു ഫാ.ഗ്രാന്‍ഡിയറിനെ തീയിലിട്ടു ചുടാന്‍ നിശ്ചയിച്ചിരുന്ന സ്‌ഥലം. തന്റെ മകളായ ഫിലിപ്പെയുടെ ചാരിത്ര്യം കവര്‍ന്ന പുരോഹിതനെ തന്റെ മുന്നിലിട്ടു ചുട്ടുകൊല്ലണമെന്ന ട്രിന്‍കാന്റിന്റെ അജണ്ടയാണ്‌ അങ്ങനെ സഫലമാകാന്‍ പോകുന്നത്. പതിനായിരക്കണക്കിനാളുകള്‍ തിങ്ങിനിറഞ്ഞ കോര്‍ട്ടിലാണ്‌ ചിത ഒരുക്കിയിരുന്നത്. പുരോഹിത വൃന്ദങ്ങള്‍ വിശുദ്ധജലം കൊണ്ടു ചിത ശുദ്ധീകരിച്ചു. ഫാദര്‍ ലാക്‌ട്രിന്‍സ് ഒരു തീപ്പന്തം ഫാദര്‍ ഗ്രാന്‍ഡിയറുടെ മുഖമാകെ ഉഴിഞ്ഞു കൊണ്ട് അവസാന നിമിഷമെങ്കിലും കുറ്റം സമ്മതിക്കാനായി ആജ്ഞാപിച്ചു. പക്ഷേ 'രോമം കത്രിക്കുന്നവന്റെ മുന്നില്‍ അടങ്ങി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപ്പോലെ നിന്ന ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കും പോലെ' ഫാദര്‍ ഗ്രാന്‍ഡിയര്‍ മതപുരോഹിതന്‍മാരുടെ മുന്നില്‍ മൌനിയായി നിന്നുകൊടുത്തു.

അവസാനം വരെ കുറ്റസമ്മതം നടത്താതിരുന്ന ഫാദര്‍ ഗ്രാന്‍ഡിയറിനെ ചിതക്കു മുകളില്‍ കഴുത്തില്‍ കുരുക്കിട്ടു തൂക്കിക്കിടത്തി ഫാദര്‍ ലാക്‌ട്രിന്‍സ്‌ ചിതക്കു തീകൊടുത്തു. ഫാദര്‍ ഗ്രാന്‍ഡിയറിനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊന്നിട്ട് തീയിലിട്ടാല്‍ മതിയെന്ന്‌ ഗാര്‍ഡ് ക്യാപ്റ്റന്‍ ഉത്തരവിട്ടു. അതൊരു ദയ കാണിക്കലായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഇത്തരമൊരു ഉത്തരവു പുറപ്പെടുവിക്കുമെന്നു മുന്‍കൂട്ടി അറിയാമായിരുന്ന ഒരു പുരോഹിതന്‍ ഗ്രാന്‍ഡിയറുടെ കഴുത്തില്‍ കയര്‍ മുറുകാനാകാത്തവണ്ണമായിരുന്നു കുരുക്കു തയ്യാറാക്കിയിരുന്നത്. ട്രിന്‍കാന്റിനോട് നന്ദിയുള്ള ആ പുരോഹിതന്‍ അവസാനത്തെ ആ ദയ പോലും ഫാദര്‍ ഗ്രാന്‍ഡിയറിനു നിഷേധിച്ചു. അവസാനമായി എന്തോ സംസാരിക്കാനായി ശ്രമിച്ച ഗ്രാന്‍ഡിയറിന്റെ വായില്‍ ഇരുമ്പുകുരിശ് കുത്തിത്തിരുകി. അങ്ങനെ വലിയ അഗ്നികുണ്ഡത്തിന്റെ മധ്യത്തില്‍ കഴുത്തില്‍ ഇറുകാത്ത കുരുക്കില്‍ കിടന്ന്‌ ഇഞ്ചിഞ്ചായി ഫാദര്‍ ഗ്രാന്‍ഡിയര്‍ വെന്തു മരിച്ചു.

തങ്ങള്‍ക്കു സഭ നിഷേധിച്ച ലൈംഗികസുഖം ആവോളമാസ്വദിച്ചനുഭവിച്ച ഫാദര്‍ ഗ്രാന്‍ഡിയറിനോടുള്ള അസൂയയും വിദ്വേഷവും പുരോഹിതന്‍മാരുടെ പ്രവൃത്തിയില്‍ അങ്ങോളമിങ്ങോളം നിഴലിച്ചിരുന്നു. സ്വന്തം വസതിയിലെ ഡ്രോയിംഗ്‌ റൂമിലെ ജനാലക്കരുകില്‍ ഫാദര്‍ മിഗ്നോണോടൊപ്പം മദ്യചഷകം കൈയ്യിലേന്തി പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റ്‌ ഗ്രാന്‍ഡിയറിന്റെ ഈ ദാരുണമരണം കണ്ട്‌ ക്രൂരമായ സംതൃപ്തിയടയുന്നുണ്ടായിരുന്നു.

ഫാദര്‍ ഗ്രാന്‍ഡിയറുടെ ജീവിതം അടക്കിവെച്ചു അനുശീലിക്കുന്ന ബ്രഹ്മചര്യത്തിന്റെ എന്നത്തേയും‌ ഭീതിദമായ ഒരു ഉദാഹരണമാണ്‌. ജൈവസഹജമായ ലൈംഗികവാസന മനുഷ്യനു നിയന്ത്രിക്കാനാകും, പക്ഷേ അതു ഒരുവനില്‍ നിന്നും പരിപൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുകയില്ല എന്ന സത്യം സഭ തിരിച്ചറിഞ്ഞേ മതിയാകൂ എന്ന് പിന്നീടെത്രയെത്ര സംഭവങ്ങള്‍ തെളിയിച്ചിരിക്കുന്നു.

ഒരു ഇണയുമായി ലൈംഗികപരമായി ബന്ധപ്പെടാനുള്ള പ്രകൃതിസഹജമായ വികാരത്തെ മതത്തിന്റെ പേരില്‍ നിരോധിച്ചതുകൊണ്ടാണ്‌ തെറ്റായ മാര്‍ഗ്ഗത്തിലൂടെ ലൈംഗികസംതൃപ്തി നേടാന്‍ ഫാദര്‍ ഗ്രാന്‍ഡിയര്‍ തയ്യറായത്. ലൈംഗികവികാരം അടിച്ചമര്‍ത്തി ജീവിക്കാന്‍ വിധിക്കപ്പെട്ട കന്യാസ്‌ത്രീയുടെ ചിത്തഭ്രമവും തങ്ങള്‍ക്കു നിഷേധിച്ച ലൈംഗികസുഖം അനുഭവിച്ചതിന്റെ പേരില്‍‌ മറ്റു പുരോഹിതര്‍‌ക്കുണ്ടായ അസൂയയുമാണ്‌ ഫാദര്‍‌ ഗ്രാന്‍ഡിയറുടെ‍ ഈ ദാരുണമായ മരണത്തിനു കാരണമായത്‌.

നൂറ്റാണ്ടുകള്‍ കടന്നുപോയി. കഥകള്‍ ഇന്നും തുടരുന്നു, വിചാരണകള്‍ ഇപ്പോഴും‌ തുടരുന്നു, മതരാഷ്ട്രീയ ഇടപെടലുകള്‍ അന്നത്തെപ്പോലെ തന്നെ ഇന്നും‌ പെരുകുന്നു. പുരോഹിതവൃന്ദങ്ങള്‍ ഇന്നും‌ ജല്‍പ്പിക്കുന്നു.

ദൈവമേ!!! ഉണ്ടെങ്കില്‍ നീ ആണു ഏറ്റവും വലിയ തീവ്രവാദി. ഇന്നോളം എത്രയെത്രപേരെയാണു ജീവിച്ചു കൊതി തീരാതെ ഈ ഭൂമിയില്‍ നിന്നും നീ നീക്കപ്പെട്ടത്‌.

ദൈവത്തെയും പ്രതിപുരുഷന്‍മാരേയും സൃഷ്ടിച്ച മനുഷ്യാ,വിശ്വാസത്തിന്റെ മുറുകുന്ന കുരുക്കില്‍‌കിടന്ന്‌ വെന്തുനീറിമരിക്കാനാണു നിനക്കു യോഗം. നിനക്കും നിന്റെ സന്തതിപരമ്പരകള്‍ക്കും ചിതകള്‍ എവിടെയൊക്കെയോ ഒരുങ്ങുന്നുണ്ട്‌. ജാഗ്രത.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~
വിശദമായ എഴുത്തിനു ജോണ്‍സണ്‍ ഐരൂരിന്റെ ലേഖനം സഹായിച്ചിട്ടുണ്ട്. ഈ കഥയുടെ സംക്ഷിപ്തരൂപം വിക്കിയില്‍ ഇവിടെ വായിക്കാം.

Saturday, November 29, 2008

പരിച്‌ഛേദന (circumcision)അത്യാവശ്യമോ?(ഏതെങ്കിലും‌ വിധത്തിലുള്ള മതപരമായ ഇകഴ്ത്തല്‍‌ ഈ പോസ്‌റ്റിന്റെ ഉദ്ദേശ്യമല്ല. വായനക്കാരുടെ സഹിഷ്‌ണുത അപേക്ഷിച്ചുകൊള്ളുന്നു.)

പ്രകൃത്യാനുസാരിയായി ജീവിക്കാനുള്ള സുരക്ഷിത കവചങ്ങളുമായാണ്‌ എല്ലാ ജീവജാലങ്ങളും ഈ ഭൂമണ്ഡലത്തില്‍ ജനിക്കുന്നത്‌. എല്ലാ ജീവികളും അതിന്റെ ആഹാര-ആവാസവ്യവസ്ഥക്കനുസൃതമായ ഒരു പരിരക്ഷയുമാണ്‌ ജനിക്കുന്നത്‌ എന്നതിന്റെ സാമാന്യ ഉദാഹരണമായി നമുക്കു മരുഭൂമിയില്‍‌ ജീവിക്കുന്ന ഒട്ടകത്തെ പരിഗണിക്കാം. ഗള്‍ഫുരാജ്യങ്ങളിലെ കൊടുംചൂടിലും, തണുപ്പിലും, മണല്‍ക്കാറ്റിലും ജീവിക്കുന്ന ഒട്ടകം നാളുകളോളം ശരീരത്തിനാവശ്യമായ ജലം സംഭരിച്ചുവെക്കാനാകും വിധമുള്ള പൂഞ്ഞും, മരുഭൂമിയിലെ പൂഴിമണലില്‍ നടക്കാന്‍ പാകത്തില്‍ പരന്ന കുളമ്പോടുകൂടിയ നീളന്‍ കാലുകളും മണല്‍ക്കാറ്റിനെ പ്രതിരോധിക്കാനാകുംവിധം നീളംകൂടിയ കണ്‍പോളകളുമായാണ്‌ ജനിക്കുന്നത്‌.

ഇതൊരു കേവല ഉദാഹരണം മാത്രം. ഇതുപോലെ മനുഷ്യനും പ്രകൃതി നിരവധി കവചങ്ങള്‍ നല്‍കിയിട്ടുണ്ട്. തലയിലെ മുടി, മൂക്കിലേയും കക്ഷത്തിലേയും ഗുഹ്യഭാഗങ്ങളിലേയും രോമങ്ങള്‍, നഖങ്ങള്‍, കണ്‍പോളകള്‍‌, കണ്‍‌പീലികള്‍, ലൈംഗികാവയവങ്ങളിലെ അഗ്രചര്‍മ്മം ഇവയെല്ലാം മനുഷ്യനു പ്രകൃതി നല്‍കിയിരിക്കുന്ന സുരക്ഷകളാണ്‌. പക്ഷേ ദൈവം എന്ന മിഥ്യാബോധം ചിന്താമണ്ഡലത്തില്‍ പടര്‍ത്തപ്പെട്ട കാലം മുതല്‍ മനുഷ്യന്‍ ദേവപ്രീതിക്കായി പ്രകൃതിവിരുദ്ധമായി ഇതിലെ ചില കവചങ്ങള്‍ ദൈവത്തിനുവേണ്ടി ദാനം നല്‍കുകയോ, ബലി നല്‍കുകയോ ഒക്കെ ചെയ്തുപോന്നു.

ദൈവപ്രീതിക്കായി മനുഷ്യന്‍ മനുഷ്യനെ തന്നെ കുരുതികൊടുത്തിരുന്ന ഒരു കാലത്തുനിന്നും കുറച്ചൊക്കെ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും മതം പഠിപ്പിച്ചുവിട്ട പൈതൃകശീലങ്ങള്‍ അവന്‍ തലമുറയില്‍ നിന്നും തലമുറയിലേക്കു പങ്കുവെച്ചുകൊണ്ടേയിരുന്നു. മനുഷ്യനെ വിവേചനാബുദ്ധിയില്ലാത്ത ഒരു ആള്‍ക്കൂട്ടമായി നിലനിര്‍‌ത്തുകയെന്നതാണല്ലോ എല്ലാ മതങ്ങളുടേയും‌ അടിസ്ഥാന ധര്‍‌മ്മം‌.

അവബോധത്തിന്റെ നാള്‍വഴികള്‍ക്കിടയില്‍ എപ്പോഴോ പിന്നെപ്പിന്നെ തലക്കു പകരം തലമുടി ദൈവത്തിനു കൊടുത്തു തുടങ്ങി. കൈക്കു പകരം കൈവിരല്‍ മുറിച്ചു കൊടുത്തു, ലിംഗത്തിനുപകരം ലിംഗത്തിന്റെ അഗ്രചര്‍മ്മം മുറിച്ചു കൊടുത്തു, മുലക്കു പകരം മുലക്കണ്ണു ഛേദിച്ചു കൊടുത്തു.

മതാചാരങ്ങളുടെ പേരില്‍ തല മുണ്ഡനം ചെയ്തുനടക്കുന്ന സന്യാസികളും, ലിംഗത്തിന്റെ അഗ്രചര്‍മ്മം മുറിച്ചുമാറ്റുന്നവരും എല്ലാം ചിരസ്‌ഥാപിതമായ ആ പഴയ ശീലങ്ങളുടെ ഇന്നത്തെ സാക്ഷ്യങ്ങളാണ്‌. ചില മതനിര്‍ബന്ധങ്ങളും ശീലങ്ങളും സമൂഹത്തില്‍ വ്യക്ത്യാധിഷ്ഠിതമായി തുടരുന്നുവെങ്കിലും ദൈവത്തിന്റെ പേരില്‍ വളരെ നിര്‍ബന്ധിതരൂപത്തില്‍ തുടരുന്ന ഒരു ആചാരമായി പരിച്‌ഛേദനം (circumcision) ഇസ്ലാം മതത്തില്‍ ഇന്നും‌ വളരെ സജീവമായി തുടരുന്നു.

ജൂതമതവും ഇസ്ലാം മതവുമുള്‍പ്പെട്ട എല്ലാ സെമറ്റിക് മതങ്ങളിലും ദൈവനാമത്തില്‍ പരിച്‌ഛേദനം ഒരു നിര്‍ബന്ധിത ആചാരമായതെങ്ങനെയെന്ന അന്വേഷണം ചെന്നവസാനിക്കുന്നത്‌ ബൈബിളിലെ പഴയനിയമത്തിലാണ്‌.

അബ്രഹാമിന്റെ (ഇബ്രാഹിം നബിയുടെ) കാലം മുതലാണ്‌ യഹൂദരും ഇസ്ലാമുകളും പരിച്‌ഛേദന ആചരിക്കാന്‍ തുടങ്ങിയത്‌. യഹൂദകുലദൈവമായ യഹോവ (അല്ലാഹു)യുടെ ആജ്ഞപ്രകാരമാണ്‌ അബ്രഹാം പരിച്‌ഛേദന അനുഷ്ഠിച്ചത് എന്ന്‌ ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെ 17-ആം അദ്ധ്യായത്തില്‍ പറയുന്നു. അബ്രഹാമിനോട് നിന്റെ സന്തതിപരമ്പരകളൊക്കെയും പരിച്‌ഛേദന ചെയ്തിരിക്കണമെന്ന്‌ യഹോവ ഉദ്‌ഘോഷിച്ചതായി ബൈബിള്‍ പറയുന്നതിങ്ങനെയാണ്‌. "നിങ്ങളില്‍ പുരുഷപ്രജ ഒക്കെയും പരിച്‌ഛേദന ഏല്‍ക്കണം. അത്‌ എനിക്കും നിനക്കും ഇടയിലുള്ള നിയമത്തിന്റെ അടയാളമാകും. തലമുറകളായി നിന്റെ പുരുഷപ്രജ ഇതു ചെയ്തിരിക്കണം. എന്റെ നിയമം നിന്റെ സന്തതിപരമ്പരകളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കണം"

തന്റെ തനിരൂപത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുന്നവര്‍ ദൈവത്തിനു തന്റെ തനിരൂപത്തോട്‌ അസൂയ തോന്നിയതിനാലാണോ, അസൂയയുടെ അടയാളമായി പുരുഷന്റെ ലിംഗാഗ്രം മുറിച്ചുവാങ്ങുന്നത്? ദൈവമാണു മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍, ആ അഗ്രചര്‍മ്മം എടുത്തിട്ടോ അതില്ലാതെയോ സൃഷ്ടിച്ചാല്‍ മതിയായിരുന്നല്ലോ. അതോ മനുഷ്യനു കഴിയുന്നതു ദൈവത്തിനു കഴിയില്ലെന്നോ? ഇതിലൂടെ വെളിവാകുന്ന ദൈവവിശ്വാസം എന്തൊക്കെയോ പൊരുത്തക്കേടു വിളിച്ചുപറയുന്നില്ലേ? ജനിച്ചു എട്ടു ദിവസം‌ മാത്രം‌ പ്രായമുള്ള ശിശുവിന്റെ അഗ്രചര്‍‌മ്മം‌ ആഗ്രഹിക്കുന്ന ദൈവം‌ ഇത്രമേല്‍‌ ക്രൂരനോ? മതാ‍ധിപന്മാര്‍‌ ‘ഞാന്‍‌ അവനില്‍‌ നിന്നു വ്യത്യസ്തന്‍‘ ‌ എന്നു വിളിച്ചു പറയാന്‍‌ ആദ്യമായി കണ്ടെത്തിയ അടയാളം!! കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ കണ്ടെത്തിയ ആചാരാനുഷ്ഠാനങ്ങളിലൊന്നിങ്ങനെയും‌.!!

ഇസ്ലാം-ക്രൈസ്തവ-യഹൂദ വിശ്വാസപ്രകാരം മുസ്ലീങ്ങള്‍ അബ്രഹാമിന്റെ മൂത്തപുത്രനായ ഇസ്മായിലിന്റെയും, യഹൂദന്‍മാര്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ഇസഹാക്കിന്റേയും സന്തതിപരമ്പരകളാണ്‌. ആയതിനാല്‍ ദൈവത്തിന്റെ കല്‍പ്പനയെന്നോണം അബ്രഹാമിന്റെ പരമ്പരകള്‍ സുന്നത്ത്‌ അനുഷ്ഠിച്ചുപോരുന്നു. 'സുന്നത്ത്‌- ഇ-ഇബ്രാഹീം എന്നാണ്‌' അറബ്‌ ഭാഷയില്‍ പരിച്‌ഛേദനയെ പറയുന്നത്. ഹദിസ്സിലല്ലാതെ ഖുറാനില്‍‌ പരിച്‌ഛേദനയെക്കുറിച്ചു പരാമര്‍‌ശമൊന്നുമില്ലെങ്കിലും‌ ഇസ്ലാം‌ മതത്തില്‍‌ ഇന്നിതൊരു നിര്‍‌ബന്ധ അനുശീലമാണ്.

ബൈബിള്‍ ഉദ്‌ഘോഷിക്കുന്നുവെങ്കിലും യഹൂദരില്‍‌ നിന്നുണ്ടായ ഇന്നത്തെ ക്രിസ്ത്യാനികളില്‍ പരിച്‌ഛേദനം ഒരു നിര്‍ബന്ധിതശീലമല്ലാതായതെങ്ങനെ? യഹൂദനായി ജനിച്ച യേശുവിനും പരിച്‌ഛേദന ചെയ്തിരുന്നതിനാല്‍ യേശുവിന്റെ അനുയായികളായ ക്രിസ്ത്യാനികള്‍ പരിച്‌ഛേദന നടത്തിയിരിക്കണമെന്നു വാദിച്ചിരുന്നവരുടെ വാദമുഖങ്ങളെ ഇല്ലാതാക്കിക്കൊണ്ടാണ്‌ പരിച്‌ഛേദന ചെയ്യാന്‍ വിസമ്മതിച്ച പൌലോസ്‌ പുതിയനിയമം എഴുതിയുണ്ടാക്കിയത്. ജ്ഞാനസ്‌നാനമാണ്‌ ഏറ്റവും വലിയ അത്മീയ പരിച്‌ഛേദന എന്നും ലിംഗാഗ്രം മുറിച്ചുകളയുന്നതിലല്ല, യേശുവിലുള്ള വിശ്വാസമാണ്‌ പ്രധാനമെന്നും പൌലോസ്‌ പ്രസ്താവിച്ചു. അങ്ങനെ പൌലോസിന്റെ വഴിയേ നീങ്ങിയ ക്രിസ്ത്യാനികളില്‍ കാലപ്പഴക്കത്തില്‍ പരിച്‌ഛേദന മതപരമായ ആവശ്യമോ നിര്‍ബന്ധമോ അല്ലാതായി.

മതപരമായോ അല്ലാതെയോ, പ്രകൃതി മനുഷ്യനു സുരക്ഷക്കായി നല്‍കിയ ഒരു കവചത്തെ മുറിച്ചുമാറ്റുന്നതിലെ ശാസ്ത്രീയത വളരെയേറെ ചോദ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആരോഗ്യശാസ്ത്രം ശുചിത്വത്തിന്റെ പേരില്‍ ഒരു പരിധി വരെ പരിച്‌ഛേദനത്തെ പിന്‍താങ്ങുന്നുണ്ടെങ്കിലും ലൈംഗികശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കാറില്ല. ഇതിനെക്കുറിച്ച്‌ ലൈംഗികശാസ്ത്രജ്ഞന്‍മ്മാര്‍ പറയുന്നതിങ്ങനെയാണ്‌.

പുരുഷലിംഗത്തിലെ ശിശ്‌നമണിയെ പൊതിഞ്ഞിരിക്കുന്ന അഗ്രചര്‍മ്മം മുറിച്ചുനീക്കുന്നതു വഴി ശിശ്‌നമണി അനാവൃതമാവുകയും ആ ഭാഗത്തെ ത്വക്ക്‌ വളരെ കാര്‍ക്കശ്യമുള്ളതായി തീരുകയും ചെയ്യുന്നതിനാല്‍ അതിനു പ്രകൃതിദത്തമായ നേര്‍മ്മയും സംവേദനക്ഷമതയും നഷ്ടപ്പെടുന്നു. യോനിക്കുള്ളിലെ നനുത്ത മാംസപേശികളുടെ ലഘുവായ സ്‌പര്‍ശത്തില്‍ നിന്നുപോലും മികച്ച ലൈംഗികാനുഭൂതി അനുഭവിക്കുവാനായി സൃഷ്ടിക്കപ്പെട്ട ശിശ്‌നമണി ചെറുപ്പത്തിലേയുള്ള പരിച്‌ഛേദനയാല്‍ പ്രകൃതിദത്തമായ മൃദുത്വം നഷ്ടപ്പെട്ട് നേര്‍ത്ത സ്‌പര്‍ശങ്ങളില്‍ നിന്നും സുഖാനുഭൂതി അനുഭവിക്കാന്‍ കഴിയാത്തവണ്ണം പരുപരുത്തതായി തീരുന്നു.

പരുപരുത്ത ശിശ്‌നമണി മൂലം യഥാര്‍ഥ ലൈംഗികസംതൃപ്തി ലഭിക്കാതെ വരുന്ന പുരുഷനില്‍ ദുര്‍വ്വാസനകള്‍ ഉണരുകയും, അത്‌ ബഹുഭാര്യാത്വം, വേശ്യാഗമനം തുടങ്ങിയ സദാചാരവിരുദ്ധതയിലേക്കു പുരുഷനെ നയിക്കുകയും ചെയ്യുന്നു. മാത്രമല്ല, ലൈംഗികസംതൃപ്തി ലഭിക്കാത്ത പുരുഷന്‍ തങ്ങളില്‍ കൂടുതല്‍ അനുഭൂതി ഉണര്‍ത്താന്‍ കഴിയുന്ന കൂടുതല്‍ പരുക്കനായ സ്പര്‍ശത്തിനായി സ്വവര്‍ഗ്ഗസംഭോഗത്തോടും അശുചിത്വമായ ഗുദഭോഗത്തോടും ആഭിമുഖ്യം കാണിക്കാനും ഇതു പ്രേരിപ്പിക്കുന്നു. ലൈംഗികസംതൃപ്തിക്കായി പുരുഷന്‍ കടന്നാക്രമിക്കപ്പെടുന്നതും സ്വവര്‍ഗ്ഗസംഭോഗവും‌ ഗുദഭോഗവും‌ കൂടുതലായി കണ്ടു വരുന്നതും യഹൂദ-മുസ്ലീം രാജ്യങ്ങളിലാണെന്നു സെക്‌സോളജിസ്റ്റുകളുടെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഈ പരിച്‌ഛേദനയെ പിന്‍തുണക്കുന്നവരും ഒരു പരിധിവരെ ശരീരശാസ്ത്രജ്ഞന്മാരും പറയുന്നതിങ്ങനെയാണ്‌.
പുരുഷലിംഗത്തിലെ ശിശ്‌നമണിയുടെ ചുവടിനും പുറംതൊലിക്കുമിടയിലുള്ള സ്വേദഗ്രന്‌ഥികള്‍ പോലെയുള്ള സൂക്ഷമഗ്രന്‌ഥികളുടെ പ്രവര്‍ത്തനഫലമായി വെണ്ണ പോലെയുള്ള ശിശ്‌നമലം (smegma) ഉണ്ടാകുന്നു. ഈ വസ്‌തു ഇടക്കിടെ കഴുകിക്കളയാതിരിക്കുന്നത്‌ രോഗാണുക്കളുടെ പ്രവര്‍ത്തനത്തിനു ഇടയാക്കുകയും അത്‌ വിവിധ ലൈംഗികരോഗങ്ങള്‍ക്കും അര്‍ബുദത്തിനും വരെ കാരണമാക്കുകയും‌ ചെയ്യുന്നു. ഈ ശിശ്‌നമലം ലൈംഗികബന്ധത്തോടെ യോനിയില്‍ പ്രവേശിച്ചാല്‍‌ സ്‌ത്രീകളിലും‌ അതു ലൈംഗികരോഗമോ അര്‍ബുദമോ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പരിച്‌ഛേദനയിലൂടെ ഈ അപകടസാധ്യത ഇല്ലാതാക്കാനാകുമെന്നു പറയുന്നു. കൂടാതെ, ഒരു പരിധി വിട്ട്‌ പിറകോട്ടു പോരാത്ത വിധം അഗ്രചര്‍മ്മം ഒരു മണിനാരു (frenulam) കൊണ്ട്‌ ശിശ്‌നമണിയുടെ കീഴ്‌ഭാഗത്തിനോട്‌ ബന്ധിക്കപ്പെട്ടു കിടക്കുന്നു എന്നതും പരിച്‌ഛേദന അനുകൂലിക്കുന്നവരുടെ ന്യായവാദങ്ങളില്‍ ഒന്നാണ്‌. AIDS മാതിരിയുള്ള ലൈം‌ഗികമഹാരോഗങ്ങള്‍‌ വ്യാപകമായതോടെ പരിച്‌ഛേദനയുടെ സാം‌ഗത്യം‌ ഏറിവരുന്നതായും‌ ശരീരശാസ്‌ത്രജ്ഞന്‍‌മാര്‍‌ ചൂണ്ടിക്കാണിക്കുന്നു.

പരിച്‌ഛേദന ചെയ്തവരില്‍ ലിംഗത്തില്‍ വരുന്ന ക്യാന്‍സര്‍ , ചില തരം വൈറസ് രോഗബാധ എന്നിവ കുറവാണ്. (സെമൈറ്റിക് മതക്കാരില്‍ ഇവ തീരെ കുറവാണ്). പാപ്പിലോമാ വൈറസ് ബാധയാണ് ലിംഗാഗ്രത്തിലെ ക്യാന്‍സറിനു മൂലകാരണം. തൊലിക്കടിയിലും ചുളിവുകള്‍ക്കിടയിലും അഴുക്കോ അണുക്കളോ അടിയുന്നതു കുറയുന്നതു കാരണമാകാം ഇത്. സ്മെഗ്മ എന്ന കുഴമ്പ് രൂപത്തിലുള്ള കൊഴുപ്പ് ലിംഗാഗ്രചര്‍മ്മത്തിനു കീഴില്‍ അടിയുന്നത് അണുബാധയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എച്.ഐ.വി അണുബാധയേറ്റവരില്‍ ലിംഗാഗ്ര ക്യാന്‍സര്‍ പില്‍ക്കാലത്ത് വരാമെന്നതിനാല്‍ അവര്‍ക്ക് ലോകാരോഗ്യസംഘടന സുന്നത്ത് റെക്കമെന്റ് ചെയ്യുന്നുണ്ട് . മൂത്രനാളീ സംബന്ധിയായ രോഗങ്ങളില്ലാത്ത കുട്ടികള്‍ക്ക് സുരക്ഷിതമായ മെഡിക്കല്‍ പരിച്ഛേദനം (നിര്‍ബന്ധമായുമല്ലെങ്കിലും) പൊതുവേ നല്ലതെന്നു തന്നെയാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. ലോകാരോഗ്യസം‌ഘടനയും‌ ഈ ശാസ്‌ത്രാഭിപ്രായത്തെ പിന്‍‌താങ്ങുന്നുണ്ട്.

ഈ പറഞ്ഞിട്ടുള്ളതെല്ലാം വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളാണെങ്കിലും അതു മതകര്‍മ്മങ്ങള്‍ ശാസ്ത്രവത്കരിക്കാനുപകരിക്കുന്നു എന്നതിനപ്പുറം‌ മനുഷ്യശരീരത്തിലെ ഒരു നിര്‍‌ബന്ധമല്ലാ എന്നു തന്നെയാണ് ലൈംഗിക ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം.

ഒരു ആണ്‍കുട്ടിയില്‍ ജനിക്കുന്നതു വരെ ലിംഗാഗ്രം ശിശ്‌നമണിയോടു ചേര്‍ന്നിരിക്കുമെങ്കിലും, പ്രസവത്തോടെ ചര്‍മ്മം പിറകോട്ടുമാറ്റാവുന്ന അവസ്ഥയിലെത്തുകയാണു പതിവ്‌. അപൂര്‍വ്വം ചിലരില്‍ മാത്രമേ ചര്‍മ്മം പിന്നിലേക്കു മാറ്റാന്‍ പറ്റാത്ത വിധത്തില്‍ മണിനാരാല്‍ ബന്ധിക്കപ്പെട്ട് ചര്‍മ്മാഗ്രം ഒട്ടിയിരിക്കുകയുള്ളൂ. വൈദ്യശാസ്ത്രത്തില്‍ ഫിമോസിസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്‌ഥ ഒരു ശതമാനം ശിശുക്കള്‍ക്കുപോലും അനുഭവപ്പെടുന്നില്ല. ഫിമോസിസ്‌ അല്ലാതെ തന്നെ മറ്റു ചിലരില്‍ മണിനാര് സ്വല്‍പ്പം കട്ടികൂടിയതായിരിക്കും. വളരെ വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന ഇത്തരം അവസ്ഥകള്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ വിച്‌ഛേദിക്കാവുന്നതാണ്‌. സാധാരണഗതിയില്‍ സ്‌ത്രീകളുടെ കന്യാചര്‍മ്മം തകരാന്‍ ശസ്ത്രക്രിയ വേണ്ടാത്തതുപോലെ മണിബന്ധം വിടുവിക്കാനും ഒരു മുറിച്ചുമാറ്റലിന്റെ ആവശ്യമുണ്ടാകുന്നില്ല.

ഇനി ശിശ്‌നമലത്തിന്റെ അശുചിത്വത്തെക്കുറിച്ചാണു പറയുന്നതെങ്കില്‍ പുരുഷലിംഗത്തിലെ അഗ്രചര്‍മ്മത്തിന്റെ ചലനസ്വാതന്ത്ര്യത്തിനും മൂത്രാംശം കെട്ടിനിന്നു അസുഖമുണ്ടാക്കാതിരിക്കാനും പ്രകൃത്യാലുള്ള ഒരു സംരക്ഷണമാണ്‌ ശിശ്‌നമലരൂപീകരണമെന്നിരിക്കെ, അതു കഴുകിക്കളയുക എന്നത്‌ ഓരോ വ്യക്തിയുടെ ശുചിത്വശീലങ്ങളുമായി ബന്ധപ്പെടുത്താതെ അതിനായി അഗ്രചര്‍മ്മം മുറിച്ചു മാറ്റുന്നത് പ്രകൃതിയുടെ സൃഷ്ടിക്കു നേരെയുള്ള ഒരു വെല്ലുവിളിയായാണ്‌ ലൈംഗികശാസ്‌ത്രജ്ഞന്‍മാര്‍ കണക്കാക്കുന്നത്.

ഒരു ദിവസം‌ മുഴുവന്‍ തുറന്നിരിക്കുന്നതിനാല്‍‌ കണ്ണുകളില്‍‌ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഉറക്കത്തില്‍‌ പീളയായി കണ്‍‌കോണുകളില്‍‌ അടിയിപ്പിക്കുന്നുണ്ട്. അതു കഴുകിക്കളയുക എന്നത് മനുഷ്യന്റെ ശുചിത്വബോധത്തിലുണരേണ്ടതാണ്. അതിനു കണ്‍‌പോളകള്‍ മുറിച്ചുമാറ്റേണ്ട ആവശ്യകതയുണ്ടോ? മോണയിലെ അഴുക്കുപാട ഇല്ലാതാക്കാന്‍ ചുണ്ട്‌ മുറിച്ചുകളയണമെന്ന വാദം പോലെയാണ്‌ ശിശ്‌നമലം ഇല്ലാതാക്കാന്‍ അഗ്രചര്‍മ്മം മുറിച്ചു കളയണമെന്ന വാദമെന്നാണ്‌ ഇവരുടെ അഭിപ്രായം.

വാദഗതികള്‍‌ എന്തൊക്കെയായിരുന്നാലും‌ പരിച്‌ഛേദന പലപ്പോഴും‌ അവനവന്റെ ഇഷ്ടപ്രകാരമല്ല നടത്തപ്പെട്ടിട്ടുള്ളത് എന്നതാണ് സത്യം‌. പരിച്‌ഛേദനം‌ ചെയ്യുന്നത്‌ മാതാപിതാക്കളുടെയോ മതങ്ങളുടെയോ നിര്‍‌ബന്ധപ്രകാരമാകരുത്‌, മറിച്ച്‌ സ്വന്തം‌ ഇഷ്ടപ്രകാരമാകുന്നതല്ലേ കൂടുതല്‍‌ ഉചിതം‌? വളരെയേറെ ശ്രദ്ധയോടെയും‌ ശുചിത്വത്തോടെയും‌ ചെയ്യേണ്ടുന്ന ഒരു ശസ്‌ത്രക്രിയ പലപ്പോഴും‌ ചില മതപുരോഹിതന്‍‌മാരാലാണ് ചെയ്യപ്പെടുന്നത്. ശൈശവാവസ്‌ഥയില്‍‌ മതപുരോഹിതന്‍മാര്‍‌ ‌ അശാസ്‌ത്രീയമായി നടത്തുന്ന സുന്നത്ത്‌ കര്‍‌മ്മത്തിന്റെ ബാക്കിപത്രമായി ലിം‌ഗത്തില്‍‌ നിത്യമായി മാറാക്കലകളും‌ വടുക്കളും‌ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതകളും‌ നിരവധിയാണ്. ആരോഗ്യകരമായ കാരണത്തായാലായാലും‌ മതപരമായ കാര്യത്തിലായാലും‌ മനുഷ്യനു സ്വയം‌ ചിന്തിക്കാനാകുന്ന പ്രായത്തില്‍‌, കഴിവുറ്റ ഒരു ഡോക്‌ടറുടെ കരങ്ങളാല്‍‌ മാത്രം‌ ചെയ്യേണ്ടുന്ന ഒരു കര്‍‌മ്മമായിരിക്കണം‌ പരിച്‌ഛേദന എന്നാണ് ഈ എഴുതുന്നയാളിന്റെ അഭിപ്രായം‌.

കടപ്പാട്:
1. ജോണ്‍‌സണ്‍‌ ഐരൂരിന്റെ ഒരു ലേഖനം‌
2. മെഡിസിന്‍@ബൂലോകം
3. ചിത്രത്തിനു കടപ്പാ‍ട് - വിക്കിപീഡിയ

Sunday, October 26, 2008

ഹിജഡകള്‍ - ജീവിതം പ്രഹേളികയാക്കിയ ജന്മങ്ങള്‍

(ഇതൊരു നീണ്ട പോസ്റ്റാണ്.~~~Readers patience requested~~~)

ആണത്തമില്ലാത്ത ആണിനെയും‌ പെണ്ണത്തമില്ലാത്ത പെണ്ണിനെയും‌ "ഹിജഡ" എന്നു പൊതുവേ പരിഹസിച്ചു വിളിക്കാറുണ്ട്. ഹിജഡ എന്ന വാക്കു സര്‍വ്വപ്രകാരേണ എതിരാളിയുടെ വ്യക്തിഹത്യക്കും പരിഹാസത്തിനും മാത്രമായി പ്രയോഗിക്കപ്പെടുന്ന ഒരു അവസ്ഥയും നമ്മുടെ സമൂഹത്തിലെ സമസ്തമേഖലയിലുമുണ്ട്. പരിഹസിക്കപ്പെടാനായി മാത്രം ഹിജഡയായി ജനിക്കുകയോ, ജീവിക്കുകയോ ചെയ്യുന്ന ഒരുപിടി ജന്മങ്ങളുടെ 'അപര സ്വത്വ'ത്തിലേക്കുള്ള സഫലമാകാത്ത ജീവിതയാത്രയുടെ ഒരു നേര്‍രേഖയാണ്‌ ഈ പോസ്റ്റ്.

കേരളം‌ വിട്ടു പുറത്തുപോയിട്ടില്ലാത്ത മലയാളികള്‍‌ ഹിജഡകളെ അധികം‌ കണ്ടിരിക്കാനിടയില്ല. ദേശാടനപ്പക്ഷികള്‍‌ നിലനില്‍‌പ്പില്ലാത്തിടത്തു നിന്നും‌ വയറും‌ സ്വത്വവും‌ സംരക്ഷിക്കാന്‍‌ സ്വീകാര്യമായ ഇടം തേടുന്നതുപോലെ കേരളത്തില്‍‌ ജനിക്കുന്ന ഹിജഡകള്‍ നിലനില്‍പ്പിനായി അന്യസം‌സ്‌ഥാനങ്ങളിലേക്കു ചേക്കേറുന്നതുകൊണ്ടാണ് കേരളത്തില്‍‌ ഹിജഡകളെ കാണാന്‍‌ കഴിയാത്തത്. അല്ലാതെ ദൈവത്തിന്റെ സ്വന്തം‌ നാടായതുകൊണ്ട്‌ ഹിജഡകള്‍‌ ഇവിടെ ജനിക്കാതിരിക്കുന്നതല്ല.

ഒരു പിടി അന്ധവിശ്വാസങ്ങളുടെ വള്ളിയില്‍‌ കെട്ടിയിട്ടിരിക്കുന്ന ആണും‌ പെണ്ണുമല്ലാത്ത നിര്‍‌ഭാഗ്യജന്‍‌മങ്ങളാണ് ഹിജഡകള്‍. പ്രകൃതിയുടെ പുരാതനത്വത്തിന്റെ ആഴങ്ങളില്‍‌ സ്വയം‌ നഷ്ടമാകുന്നവര്‍‌. പുരുഷനായി ജനിച്ച്‌ സ്ത്രീയിലേക്കു തിരിച്ചു മടങ്ങാനായി നടത്തുന്ന സഫലമാകാത്ത യാത്രയ്ക്കിടയില്‍‌ പരിഹസിക്കപ്പെട്ടും‌, വ്യഭിചരിക്കപ്പെട്ടും‌‌ വഴിയോരങ്ങളില്‍‌ ഭിക്ഷ യാചിക്കാന്‍‌ നിര്‍‌ബന്ധിതരാക്കിയും‌ പീഡാകുലമായ ജീവതം തള്ളിനീക്കുന്ന പരുഷശബ്ദങ്ങള്‍.

വടക്കേ ഇന്ത്യന്‍‌ സമൂഹത്തില്‍‌ ഹിജഡകള്‍‌ക്ക്‌ വലിയ സ്ഥാനങ്ങളൊന്നുമില്ലെങ്കിലും‌ അവിടെ നിലനില്‍‌ക്കുന്ന ചില അനാചാരങ്ങളും‌ അന്ധവിശ്വാസങ്ങളും‌ ഇക്കൂട്ടരുടെ നിലനില്‍‌പ്പിനു വലിയ രീതിയില്‍‌ സഹാ‍യകമാകുന്നുണ്ട്. ഹിജഡകള്‍‌ അനുഗ്രഹിക്കപ്പെട്ട ജനതകളാണെന്നും‌ ഇവര്‍‌ക്ക്‌ അനുഗ്രഹിക്കാനും‌ ശപിക്കാനും‌ കഴിവുണ്ടെന്നുമുള്ള അന്ധവിശ്വാസങ്ങള്‍‌ സഞ്ജീവനിപോലെ അവരുടെ ജീവിതത്തെ ഇന്നും‌ നിലനിര്‍‌ത്തുന്നു.

ഓരോ മനുഷ്യന്റെയും‌ ശരീരത്തിന്റെ സന്തോഷത്തെ കൂടി അം‌ഗീകരിക്കുന്ന വിധം‌ സാമൂഹികസമ്പ്രദായങ്ങള്‍‌ വളര്‍‌ന്നെങ്കില്‍‌ മാത്രമേ ആ സമൂഹം‌ വളര്‍‌ന്നു എന്നു പറയാനാകൂ. ഈ അളവുകോലു വെച്ചു നോക്കിയാല്‍‌ ഭാരതം‌ പുരാതനകാലത്ത്‌ ഇതര ലോകരാജ്യങ്ങളേക്കാള്‍‌ വളരെയേറെ മുന്നിലായിരുന്നു എന്നു നമുക്കു പല ഉദാഹരണങ്ങളിലൂടെ സാക്ഷ്യപ്പെട്ടിട്ടുള്ളതാണ്. വിദേശിയായ മാക്സ് മുള്ളര്‍‌ അതു ലോകത്തെ അറിയിച്ചിട്ടുമുണ്ട്. അതിന്റെ ഒരു ചെറിയ ഉദാഹരണമാണ് ‘മൂന്നാം‌ ലിം‌ഗ’മെന്നു ആധുനികശാസ്ത്രം‌ ശ്രേണീകരിച്ച ഹിജഡകളെക്കുറിച്ചുള്ള പുരാണകഥകളും‌ ഗുഹാക്ഷേത്രങ്ങളിലും‌ മറ്റും‌ കണ്ടുവന്ന നപും‌സക രതിശില്‍‌പ്പങ്ങളും‌.

ഭാരതത്തില്‍ ഹിജഡകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍‌ക്ക് വേദേതിഹാസങ്ങളോളം‌ പഴക്കമുണ്ട്. മനുസ്‌മൃതി മുതല്‍ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസകാവ്യങ്ങളില്‍ വരെ ‘നപുംസകങ്ങളെ‘ ക്കുറിച്ചു വിശദമാക്കുകയും അവര്‍ക്ക്‌ സമൂഹത്തില്‍ നല്‍കപ്പെട്ടിരുന്ന ജോലികളെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചും പറയപ്പെടുന്നു. അതിപുരാതനകാലം മുതല്‍ നിലനിന്നുപോന്ന ഒരു ജനസഞ്ചയത്തെ ‘മൂന്നാം ലിം‌ഗം‌’ (third gender) എന്ന ഒരു വേലിക്കെട്ടിനകത്തു മാറ്റി നിര്‍ത്തി ദുര്‍‌വ്യയം ചെയ്യപ്പെടുന്ന ഇന്നത്തെ സമൂഹ മന:സ്സാക്ഷിയെ ന്യായീകരിക്കാന്‍ നാം ഇനിയും വാക്കുകള്‍ തേടേണ്ടിയിരിക്കുന്നു. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌ ഇക്കഴിഞ്ഞ ആഴ്ച ബാംഗ്ലൂരില്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും മാനസിക പീഢനങ്ങള്‍ക്കും ഇരയാകേണ്ടിവന്ന ഒരു കൂട്ടം ഹിജഡകളുടെ വാര്‍ത്ത വായിച്ചതിനാലാണ്‌. വാര്‍‌ത്ത ഇവിടെ.

ഹിജഡകള്‍‌ പുരാണങ്ങളില്‍
അര്‍ദ്ധനാരീശ്വരസങ്കല്‍പ്പം ഇന്നും ഭാരതത്തില്‍ സജീവമാണ്‌. ശിവനും ശക്തിയും, പകുതി പുരുഷഭാവവും പകുതി സ്‌ത്രീഭാവവുമായി ഇഴചേര്‍ന്ന ഒരു ഈശ്വരസങ്കല്പം ഭാരതത്തിലെ ഹിജഡകളുടെ ഉത്പത്തിയുടെ കഥയാണു പറയുന്നത്. ഭാരതത്തിലെ ദേവകഥകളിലെ ദേവസഭയില്‍ സ്ത്രീപ്രകൃതിയായി അപ്സരസ്സുകളും, പുരുഷപ്രകൃതിയായി ഗന്ധര്‍വന്‍മാരും മൂന്നാം പ്രകൃതിയായി കിന്നരന്‍മാരുമുണ്ടായിരുന്നതായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഈ കിന്നരന്‍മാരുടെ പരമ്പരകളാണ്‌ ഭാരതത്തിലെ ഹിജഡകള്‍ എന്ന പ്രബലമായ ഒരു വിശ്വാസം നിലവിലുണ്ട്. കൊട്ടാരം സൂക്ഷിപ്പുകാരായും, കലവറ കാക്കുന്നവരായും, നൃത്ത്യാഭ്യാസകരായും ഒക്കെ ഹിജഡകള്‍ രാജസേവ ചെയ്തിരുന്ന കഥകളും സുലഭമാണ്‌. ലിംഗമില്ലാതെ ജനിച്ച തന്റെ സുഹൃത്തിനു ലിംഗം ദാനം നല്‍കിയതിന്റെ പേരില്‍ ഭൈരവന്റെ ശാപം ഏല്‍ക്കേണ്ടിവന്ന ഒരു യക്ഷന്റെ പരമ്പരകളാണ്‌ കിന്നരരെന്നും, തുടര്‍ന്നുള്ള ഹിജഡകളെന്നും ഒരു കഥ കൂടി നിലവിലുണ്ട്.

ശ്രീരാമന്‍ വനവാസയാത്രക്കുപോയ സമയം അയോദ്ധ്യാരാജ്യത്തിന്റെ അതിര്‍ത്തിവരെ രാമനെ അനുഗമിച്ച ജനങ്ങളോട്‌, എല്ലാ സ്‌ത്രീപുരുഷന്‍മാരും മടങ്ങിപ്പോകാന്‍ രാമന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ തങ്ങള്‍ സ്‌ത്രീകളോ പുരുഷന്മാരോ അല്ലാത്തതിനാല്‍ തിരികെപ്പോകാതെ ഹിജഡകള്‍ രാമന്‍ തിരികെ വരുംവരെ രാജ്യാതിര്‍ത്തിയില്‍ താമസിച്ചതായും അവരുടെ അചഞ്ചലമായ ഭക്തിയില്‍ സന്തുഷ്ടനായി "നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ട ജനത" യായി ജീവിക്കുമെന്നു രാമന്‍ അനുഗ്രഹിച്ചതായും ഒരു നാടോടിക്കഥയുണ്ട്.

വിരാടരാജ്യത്ത്‌ അര്‍ജ്ജുനന്‍ ഒരു വര്‍ഷക്കാലം ബൃഹന്നള എന്ന നപുംസകമായി ജീവിച്ചതിന്റേയും, ജീവിതാന്ത്യത്തോളം നപുംസകമായി ജീവിച്ച ശിഖണ്ഡിയുടെ ശൌര്യത്തിന്റേയും പ്രതികാരത്തിന്റേയും ഒക്കെ കഥകള്‍ മഹാഭാരതത്തിലുണ്ട്. ലോകത്തിലെ ഏറ്റവും സമഗ്രവും പുരാതനവുമായ ലൈംഗികവിജ്ഞാനഗ്രന്‌ഥമായി കരുതുന്ന വാത്‌സ്യായനമഹര്‍ഷിയുടെ കാമസൂത്രയില്‍ നപുംസകങ്ങളുമായി രതിയിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള പരാമാര്‍ശങ്ങളുണ്ട്. അതിപുരാതന ഗുഹാക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങളിലും, ഖജുരാഹോവിലെ ക്ഷേത്രശില്‍പങ്ങളിലുമെല്ലാം ഹിജഡകളെ ആലേഖനം ചെയ്തിരിക്കുന്നത്‌ ഇവര്‍ ഇന്ത്യയില്‍ ആദികാലം മുതല്‍ നിലനിന്നിരുന്ന ഒരു വര്‍ഗ്ഗമാണെന്നതിന്റെ പ്രത്യക്ഷമായ തെളിവുകളാണ്‌.

ആദ്യകാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ ദേവദാസികളോടൊപ്പം ഹിജഡകളേയും താമസിപ്പിച്ചിരുന്നു. ദേവദാസികളെ പ്രാപിക്കാന്‍ അവസരമില്ലാത്തതോ, അനുമതിയില്ലാത്തതോ ആയ മതപുരോഹിതന്‍മാരും പൂജാരികളും മറ്റും ഹിജഡകളില്‍ ലൈംഗികശമനം കണ്ടെത്തിയിരുന്നതായി പറയപ്പെടുന്നു.

ഗ്രീക്കു പുരാണങ്ങളിലും‌ നപും‌സകങ്ങളെക്കുറിച്ചുള്ള പരാമര്‍‌ശങ്ങളുണ്ട്. ഗ്രീക്കുപുരാണങ്ങളില്‍‌ പുരുഷന്‍‌മാര്‍‌ കുമാരന്‍‌മാരെ ഭോഗിക്കുന്ന ‘പെഡറാസ്റ്റി’എന്ന സ്വവര്‍‌ഗ്ഗരതിശീലം‌ സാമൂഹികസമ്പ്രദായമായിരുന്നതിനാല്‍‌ അതില്‍‌ നിന്നും‌ തികച്ചും‌ വിഭിന്നമായി ഉഭയലിം‌ഗത്തോടെ ജനിച്ച ഹെര്‍‌മ്മഫ്രോഡിത്തൂസ്‌ എന്ന രാജകുമാരന്റെ കഥ ഈ ‘മൂന്നാം‌ ലിം‌ഗം‌‘ അതിപുരാതനകാലം‌ മുതലേ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായി നരവം‌ശശസ്ത്രങ്ങള്‍‌ ചൂണ്ടിക്കാണിക്കുന്നു.

ഗ്രീക്ക്‌ പുരാണത്തിലെ കാമാസക്തയായ അഫ്രിഡിറ്റി ദേവി ഒരേ ദിവസം രണ്ടുദേവന്‍‌മാരുമായി (അപ്പോളോയും‌ ഹെര്‍മ്മസ്സും‌) രമിച്ചതില്‍ നിന്നുണ്ടായതാണ്‌ ദ്വിലിംഗിയായ ഹെര്‍മ്മഫ്രോഡിത്തൂസ് എന്നാണ് കഥ. രതിറാണിയായ സല്‍‌മാസിസ് ഹെര്‍മഫ്രോഡിത്തൂസ്‌ എന്ന അതികോമളനായ കുമാരനെ കണ്ടു മോഹിക്കുകയും‌ അവന്‍‌ തടാകത്തില്‍‌ നഗ്നനായി കുളിക്കാനിറങ്ങിയതുകണ്ടു കാ‍മഭ്രമത്താല്‍‌ അവനോടൊപ്പം‌ തടാകത്തില്‍‌ ചാടി അവന്റെ നഗ്നമേനി വരിഞ്ഞുമുറുക്കുകയും‌ ചെയ്തു. അതിനുശേഷം സല്‍മാസിസ്‌ തടാകത്തില്‍ നിന്നുകൊണ്ട്‌ തങ്ങളെ വേര്‍‌പിരിക്കരുതെന്നു ദൈവത്തോടു യാചിക്കുകയും‌, ദൈവം‌ സല്‍മാസിസിന്റെ പ്രാര്‍‌ഥന കേട്ടു അവരെ രണ്ടുപേരെയും‌ ഒന്നാക്കിയതിനാലാണ് ഹെര്‍മാഫ്രോഡിത്തൂസിനു സ്‌ത്രീയുടേയും‌ പുരുഷന്റേയും‌ ലിം‌ഗമുണ്ടായതെന്നും‌ കഥയുണ്ട്‌. കഥയെന്തായിരുന്നാലും‌ രണ്ടു ലിം‌ഗത്തോടെ ജനിക്കുന്നവരെ ഇം‌ഗ്ലീഷില്‍‌ ‘ഹെര്‍‌മ്മഫ്രോഡൈറ്റ്‌ ‘എന്നു വിളിക്കുന്നത് ഈ ഗ്രീക്കു കഥയുടെ അടിസ്‌ഥാനത്തിലാണ്.

ഇന്ത്യയില്‍‌ ഹിജഡകള്‍ക്ക്‌ ഒരു പുഷ്‌കലകാലമുണ്ടായിരുന്നുവെങ്കില്‍ അത്‌ മുഗള്‍ഭരണകാലത്താണ്‌. മുഗള്‍ഭരണകാലത്ത്‌ റാണിമാരുടെ അന്ത:പുരത്തിലെ കാര്യസ്‌ഥരായി നിയോഗിച്ചിരുന്നത്‌ ഹിജഡകളെയായിരുന്നു. റാണിമാരുടെ ചമയങ്ങള്‍ക്കും ചമത്‌കാരങ്ങള്‍ക്കും അകമ്പടിയായുണ്ടായിരുന്ന ഇവര "ഖ്വാജാ സരസ്സ്' എന്നാണറിയപ്പെട്ടിരുന്നത്. നിസാമിന്റെ ഭരണകാലത്ത്‌ ഹൈദ്രാബാദില്‍ എല്ലാ കുലീനകുടുംബങ്ങളിലും സ്‌ത്രീകളുടെ സേവകരായി ഹിജഡകളെ നിയോഗിച്ചിരുന്നു. നിസ്സാമിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന 'റഹ്‌മാന്‍‘ എന്ന ഒരു ഹിജഡയെ സ്വന്തമാക്കുന്നതിനായി നിസാമിന്റെ രണ്ടു ആണ്‍മക്കള്‍ തമ്മില്‍ പരസ്‌പരം കത്തിക്കുത്തുവരെയുണ്ടായിട്ടുള്ളതായി സിയാ ജഫ്രിയുടെ 'ദി ഇന്‍വിസിബിള്‍സ്‌" എന്ന പുസ്തകത്തില്‍ പറയുന്നു.

ഹൈദ്രാബാദിലെ നിസാം ഹിജഡകള്‍ക്കായി പ്രത്യേക വാസസ്ഥലവും ആരാധനാലയവുമൊക്കെ പണിതു നല്‍കിയിരുന്നതായും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മുഗള്‍ഭരണകാലത്ത്‌ ഹിജഡകളെ അവരുടെ അറിവും കഴിവും മാനദണ്ഡമാക്കി രാജസേവകര്‍ (ബാദ്‌ഷാവാല), മന്ത്രിസേവകര്‍ (വസീര്‍വാല), അന്ത:പുരസേവകര്‍ (ഖ്വാജാ സരസ്സ്‌)എന്നിങ്ങനെ മൂന്നു ശ്രേണികളിലായി തിരിച്ചിരുന്നുവത്രേ.

ഇംഗ്ലീഷില്‍ ഹിജഡകളെ 'യൂനക്" (eunuch) എന്നാണു വിളിക്കുന്നത്. ഗ്രീക്ക്‌ ഭാഷയില്‍ ഈ പദത്തിന്റെ അര്‍ത്ഥം 'കിടപ്പറ സൂക്ഷിക്കുന്നവര്‍' എന്നാണ്‌.

ഹിജഡകളുടെ സാമൂഹികശാസ്ത്രം‌
ഇത്തരം നിറമാര്‍ന്ന കഥകളുടെ ആഴങ്ങളിലേക്കു സ്വയമിറങ്ങിച്ചെന്നു പരിഹസിക്കപ്പെടുന്ന 'അനുഗ്രഹിക്കപ്പെട്ട ആ ജനത‘ ഇന്നു വഴിയോരങ്ങളില്‍ ഭിക്ഷയെടുത്തും സമൂഹമദ്ധ്യത്തില്‍‌ അപമാനിതരാകുന്നതിന്റെ പ്രതികാരമായി സമൂഹത്തിനു നേരെ 'വികൃത ഗോഷ്ടികള്‍‌‘ കാണിച്ചും ജീവിക്കുന്ന ദയനീയമായ ഒരു അവസ്ഥാവിശേഷമാണുള്ളത്‌. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ ഒന്നരലക്ഷത്തില്‍ പരം വരുന്ന ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം ഇവിടുത്തെ സമൂഹമനസ്സാക്ഷിയെ ഒരിക്കലും പൊള്ളിച്ചിട്ടില്ല എന്നതാണ്‌ സത്യം. ഹിജഡകള്‍ സ്വപ്നങ്ങളോ സ്വന്തമായ ചിന്തകളോ ഇല്ലാത്ത തൊണ്ടുമാത്രമായ ശരീരം ചുമക്കുന്നവര്‍ എന്ന മിഥ്യാധാരണയില്‍ ദയയില്ലാത്ത സദാചാര നിഷ്ഠ ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ സമൂഹം ഇവരെ ഭിക്ഷയെടുപ്പിക്കുന്നു.
ഇവര്‍ക്കു ജീവിക്കാനുള്ള അവകാശമില്ല, തൊഴില്‍ ചെയ്യാനുള്ള അവകാശമില്ല, അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമില്ല, സമൂഹത്തില്‍‌ അം‌ഗീകാരമില്ല. ഹോട്ടലുകളിലോ, ആശുപത്രികളിലോ പ്രവേശനമില്ല. വോട്ടവകാശമില്ല, എന്തിനുപരി ഒരു റേഷന്‍‌ കാര്‍‌ഡ്‌ സ്വന്തമാ‍ക്കാനുള്ള അവകാശം‌ പോലുമില്ല. ആണോ, പെണ്ണോ, മൃഗമോ അല്ലാത്തതിനാല്‍‌ ജനസം‌ഖ്യാക്കണക്കെടുപ്പില്‍‌ പോലും‌ ഇവര്‍‌ ഉള്‍‌പ്പെട്ടിട്ടില്ല. മനുഷ്യരായി ജീവിക്കാനുള്ള അടിസ്ഥാന സൌകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഒരു ജനത ഇരന്നും‌ ശരീരം‌ വിറ്റും‌ റെയില്‍വേ ട്രാക്കിന്റെ ഓരത്തും, വേശ്യാലയങ്ങളുടെ അരികത്തുമൊക്കെ കുടിലുകെട്ടി കൂട്ടമായി ജീവിക്കുന്നു. ഇവരില്‍ നിന്നും എന്തു മാന്യമായ പെരുമാറ്റമാണു സമൂഹം‌ പ്രതീക്ഷിക്കേണ്ടത്? എല്ലാ‍ ജീവജാലങ്ങള്‍‌ക്കും‌ ഇടം‌ നല്‍‌കണമെന്ന പ്രകൃതിയുടെ നിയമത്തിനെതിരെയുള്ള ഒരു വികര്‍‌മ്മത്തിലേക്കു മനുഷ്യനെ നയിക്കുന്ന അവന്റെ കപടസദാചാരത്തിന്റെ ഉദാത്തമായ ഉപോത്പന്നമാണ് നമ്മള്‍ ഭ്രഷ്ടു കല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഹിജഡകള്‍.

ഹിജഡകള്‍ എങ്ങനെയാണുണ്ടാവുക എന്ന ഒരു ചോദ്യം സ്വാഭാവികമായും ഇതു വായിക്കുന്നവരിലുണ്ടാകാം. ഹിജഡകളെ അവരുടെ തനതുരൂപത്തില്‍ സര്‍വ്വസാധാരണമായി കണ്ടു വരുന്നത് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ്‌. ജീവശാസ്ത്രപരമായി ഹിജഡകളെ ഒരു ജനറലൈസേഷന്‍ നടത്തി നിര്‍വച്ചിക്കുക അത്ര എളുപ്പമല്ല. ഹിജഡകളായി ജനിക്കുന്നവരുണ്ട്, ഹിജഡകളാക്കപ്പെടുന്നവരുണ്ട്, ഹിജഡകളായി ജീവിക്കാനായി ഇറങ്ങിവരുന്നവരുണ്ട്. ഇവരെയെല്ലാം ഒന്നായി നിര്‍വചിക്കുക അസാദ്ധ്യമാണ്‌. പക്ഷേ ഭാരതീയ സംസ്കൃതിയുടെ ഭാഗമാകാം, ഇവര്‍ക്കെല്ലാം പൊതുവായി ഒരു ഉപാസനാമൂര്‍ത്തിയുണ്ട്. ബഹുചരമാതാവ്‌ എന്നാണ്‌ ആ ദേവിയുടെ പേര്. അഹമ്മദാബാദിലെ സാന്‍പൂര്‍ എന്ന സ്‌ഥലത്താണ്‌ ഈ ദേവിയുടെ ക്ഷേത്രമുള്ളത്‌. പുരുഷലിംഗം വഴിപാടായി സ്വീകരിക്കുന്ന ദേവിയാണ് ബഹുചരമാതാവ് എന്നാണവരുടെ വിശ്വാസം‌.

ഹിജഡ എന്ന ‘മൂന്നാം‌ ലിം‌ഗ‘ വര്‍ഗ്ഗത്തെ ഭാരതത്തില്‍ മാത്രം കണ്ടു വരുന്നവര്‍ എന്ന രീതിയില്‍ പ്രാന്തവത്കരിച്ചു പലയിടങ്ങളിലും കണ്ടിട്ടുണ്ട്. അടിസ്ഥാനപരമായി സ്‌ത്രീയെന്നും പുരുഷനെന്നും രണ്ടു ലിംഗഭേദങ്ങള്‍ക്കപ്പുറം ഒരു "മൂന്നാം ലിംഗ" ത്തിലധിഷ്ഠിതമായ ലൈംഗികത ആഗോളതലത്തില്‍‌ എല്ലാ സമൂഹങ്ങളിലുമുണ്ടെന്നാണ്‌ നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുള്ളത്. മദ്ധ്യകിഴക്കന്‍ മേഖലകളിലെ 'ക്‌സാനിത്ത്', തായ്‌ലാന്റിലെ ‘കാത്തോയിസ്‘, ഫിലിപ്പൈന്‍സിലെ 'ബക്ള', ലാറ്റിനമേരിക്കയിലെ 'ട്രാന്‍സ്‌വെസ്റ്റിസ്', ഈജിപ്തിലെ 'സേഖത്ത്', നോര്‍ത്ത് അമേരിക്കയിലെ 'ഷി മെയില്‍' തുടങ്ങിയ വിവിധ ലൈംഗികവര്‍ഗ്ഗങ്ങളെല്ലാം ഈ മൂന്നാം ലിം‌ഗത്തിന്റെ വകഭേദങ്ങളാണെന്നാണ് നരവം‌ശശാസ്ത്രം‌ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഹിജഡകള്‍ക്കു സമാനമായി ഇസ്ലാം രാജ്യങ്ങളധികമുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ "ക്‌സാനിത്ത്" എന്ന ഒരു വിഭാഗമുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷത്തേയും പുരുഷവേശ്യയായിത്തന്നെയാണു സമൂഹം‌ കണക്കാക്കുന്നതും. ഇവര്‍ ഇന്ത്യയിലെ ഹിജഡകളെപ്പോലെ ലിംഗച്‌ഛേദനം നടത്തുന്നില്ല. ഒമാന്‍ രാജ്യത്തെ നിയമപ്രകാരം ക്‌സാനിത്തുകള്‍ക്ക്‌ ഒരു പുരുഷനു കിട്ടുന്ന എല്ലാ നിയമാനുകൂല്യങ്ങളും ലഭ്യമാണു താനും. പള്ളിയില്‍ പ്രവേശിക്കാനും ആരാധന നടത്തനും അനുവാദമുണ്ട്. അവര്‍ക്ക്‌ സ്ത്രീകളുമായി ഇടപഴകാനും വിവാഹത്തിനു വധുവിന്റെ പര്‍ദ്ദ നീക്കി മുഖം‌ കാണാനുമൊക്കെ അനുവാദവുമുണ്ട്. ക്‌സാനിത്തുകള്‍‌ ഒരു പുരുഷനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, വിവാഹം കഴിച്ചു ജീവിക്കാനുള്ള അനുവാദവുമുണ്ട്. അറബ്‌ വം‌ശത്തിലെ ബഹുഭൂരിപക്ഷം‌ പുരുഷന്‍‌മാരും‌‍‌ ക്‌സാനിത്തുകളുമായി രതിയിലേര്‍‌പ്പെടാന്‍‌ അതിയായ താത്പര്യമുള്ളവരാണ്. സ്‌ത്രീകളെ പ്രജനനത്തിനും‌ പുരുഷനെപ്പോലെയുള്ള ഇവരെ ശരീരസുഖത്തിനും‌ എന്നാണവര്‍‌ കരുതിപ്പോരുന്നത്.

നോര്‍‌ത്ത് അമേരിക്കയില്‍‌ ‘ഷി മെയില്‍’ എന്നു വിളിക്കുന്ന ഒരു വിഭാഗമുണ്ട്. സ്‌ത്രീകളെപ്പോലെ മാറിടവും‌ പുരുഷന്റേതുപോലെ വളര്‍‌ച്ചയെത്തിയ ലിം‌ഗവുമുള്ളവര്‍‌. ഇതു വായിക്കുന്ന ചിലരെങ്കിലും‌ ഇന്റര്‍‌നെറ്റുകളിലൂടെയും‌ ഇ-മെയിലുകളിലൂടെയും‌ മറ്റും‌ ഇത്തരം‌ ഷി-മെയിലുകളുടെ രതിലീലാചിത്രങ്ങള്‍‌ കണ്ടിട്ടുണ്ടാകും‌. ഇവരുമായി രതിയിലേര്‍‌പ്പെടാനായി അതീവതാത്പര്യം‌ സൂക്ഷിക്കുന്നവരും‌ അമിത തുക കൊടുത്ത്‌ ഇവരെ സ്വന്തമാക്കുന്നവരുമൊക്കെയടങ്ങിയ ഒരു പുരുഷവിഭാഗം‌ ഉണ്ടെന്നുള്ളത് അരോചകമായി ചിലര്‍‌ക്കൊക്കെ തോന്നാമെങ്കിലും‌ ആ സത്യത്തെ അവഗണിക്കാന്‍‌ കഴിയുമോ? അറബ്‌ വം‌ശജരാണ് ഇക്കൂട്ടരോട് കൂടുതല്‍‌ പ്രതിപത്തിയുള്ളവരെന്നും‌ പറയപ്പെടുന്നു. ഇതിവിടെ എഴുതിയത് ഇത്തരം‌ മൂന്നാം‌ ലിം‌ഗത്തില്‍‌ പെട്ട വര്‍‌ഗ്ഗങ്ങളെ ഒരിടത്തും‌ ‌ ഭാരതത്തിലെ ഹിജഡകളെപ്പോലെ പരിഹസിച്ചും‌ പാര്‍‌ശ്വവത്കരിച്ചും‌ നിര്‍‌ത്തിയിട്ടില്ല എന്നു പറയാനാണ്.

ഭാരതത്തിലെ ഹിജഡകള്‍‌ മാത്രം‌ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതിനു നിരവധി കാരണങ്ങളുണ്ട്. ഒരു പക്ഷേ ഇതര സമൂഹങ്ങളില്‍‌നിന്നും‌ വ്യത്യസ്തമായി ഇവര്‍‌ അനുശീലിച്ചുപോന്ന ചില ആചാര രീതികള്‍‌ തന്നെയാകാം‌ ‘സ്വയം വിന’ എന്ന പോലെ അവരെ സമൂഹത്തില്‍‌ നിന്നും‌ ഇത്രയേറെ അകറ്റിനിര്‍‌ത്തുന്നതും. ഭാരതത്തില്‍ മാത്രമാണ്‌ ഹിജഡകള്‍ അതിപ്രാകൃതമായ ഒരു ഗോത്രസംസ്കാരത്തിന്റെ ബാക്കിപത്രമായി തങ്ങളുടെ ലിംഗം ദൈവത്തിനു നല്‍കുന്നത്‌. ഇത്തരം‌ ആചാ‍രങ്ങള്‍‌ ഇന്നു നിലവിലില്ല എന്നു തന്നെ പറയാമെങ്കിലും തങ്ങളുടെ പൂര്‍വ്വികരുടെ ഈ വിധ ചില കുകര്‍മ്മങ്ങളുടെ ഭാരം ഇന്നത്തെ തലമുറ ചുമക്കുന്നുണ്ടെന്നുള്ളത്‌ മറയില്ലാത്ത ഒരു സത്യം മാത്രമാണ്‌. ഹിജഡകളുടെ ക്ഷേമപ്രവര്‍‌ത്തനങ്ങള്‍‌ക്കായി രൂപം‌ കൊണ്ടിട്ടുള്ള നിരവധി സം‌ഘടനകള്‍ ഇന്നു ഭാരതത്തിലുണ്ട്. ഇവരുടെയൊക്കെ ശ്രമഫലമായി ഇത്തരം‌ പ്രാകൃത ആചാരങ്ങളില്‍‌ നിന്നെല്ലാം‌ ഹിജഡകളെ മോചിപ്പിച്ചു വരുന്നുവെങ്കിലും‌ സമൂഹമനസ്സില്‍‌ അവരുടെ സ്‌ഥാനം‌ ഇന്നും‌ പഴയ രീതിയില്‍‌ തുടരുന്നു.

ഭാരതത്തിലെ ഹിജഡകള്‍ മറ്റുദേശത്തുള്ളവരെക്കാള്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നതില്‍‌ അവരുടെ വസ്‌ത്രധാരണത്തിനും‌ പ്രധാന പങ്കുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, എന്നിവിടങ്ങളിലെ സ്‌ത്രീകളുടെ പ്രധാന വസ്‌ത്രം സാരിയാണ്‌. പുരുഷരൂപത്തില്‍ ജനിച്ച്‌ സ്‌ത്രീപ്രകൃതിയായി ജീവിക്കാനാഗ്രഹിക്കുന്നവര്‍ സ്ത്രീകളുടെ വസ്ത്രധാരണത്തോടാണ്‌ ആഭിമുഖ്യം കാണിക്കുക. ആയതിനാല്‍ ഈ ദേശത്തുള്ള ഹിജഡകള്‍ ഈ ദേശത്തെ സ്‌ത്രീകളെപ്പോലെ സാരിയുടുത്തും, പൊട്ടുകുത്തിയും, തിളക്കമുള്ള ആഭരണങ്ങളണിഞ്ഞും ജീവിക്കുന്നു. സ്‌ത്രീകളും പുരുഷന്‍മാരും തമ്മില്‍ വസ്‌ത്രധാരണത്തില്‍ പ്രകടമായ ഇത്തരം വ്യത്യാസം മറ്റു ദേശങ്ങളില്‍ നിലവിലില്ലാത്തതിനാല്‍ അവിടങ്ങളിലെ ഹിജഡകളെ വളരെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുകയില്ല. പുരുഷന്റേതുപോലുള്ള പരുക്കന്‍ ശബ്ദത്തിലൂടെ മാത്രമേ അവരെ തിരിച്ചറിയാന്‍ കഴിയൂ.

ഹിജഡകള്‍ പൊതുവേ സ്വവര്‍ഗ്ഗരതിക്കാര്‍ ആണെന്നതാണ്‌ വിശ്വാസം. എന്നാല്‍ വിവിധ സമൂഹങ്ങള്‍ സ്വവര്‍ഗ്ഗരതിക്കു കണക്കാക്കപ്പെടുന്ന മാനദണ്ഡം വ്യത്യസ്തങ്ങളാകയാല്‍‌ ഹിജഡകളെ 'സ്വവര്‍ഗ്ഗരതിക്കാര്‍' എന്ന 'മൂന്നാം ലൈംഗികതയില്‍‘ ഉള്‍‌പ്പെടുത്താന്‍ കഴിയില്ലായെന്നാണ്‌ നരവംശശാസ്ത്രജ്ഞന്മാര്‍‌ അഭിപ്രായപ്പെടുന്നത്‌.

സ്വവര്‍ഗ്ഗരതിക്ക് വിവിധദേശങ്ങളില്‍ വിവിധ മാനങ്ങളാണുള്ളത്. സ്വവര്‍‌‌ഗ്ഗരതിയില്‍‌ ‘ദാതാവും‌‘ ‘ സ്വീകര്‍‌ത്താവും‌‘ പുരുഷനാണ്‌. മധ്യേഷ്യന്‍ രാജ്യങ്ങളിലും ഭാരതമുള്‍പ്പെടെയുള്ള ഇതര ഏഷ്യന്‍രാജ്യങ്ങളിലും ഭോഗിക്കപ്പെടുന്ന സ്വീകര്‍‌ത്താവായ പുരുഷന്‍ മാത്രമാണ്‌ സ്വവര്‍ഗ്ഗരതിശീലമുള്ളവരായി കണക്കാക്കപ്പെടുന്നത്‌. ഭോഗിക്കുന്ന ദാതാവായ പുരുഷന്‍ തികച്ചും പൌരുഷമുള്ളവനായി കണക്കാക്കുന്നു. എന്നാല്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ ഭോഗിക്കുന്ന പുരുഷനും സ്വവര്‍ഗ്ഗരതിയുള്ളവരാണെന്നു കണക്കാക്കുന്നു. ഇതിനും‌ പുറമേ സ്ത്രീയേയും പുരുഷനേയും ഭോഗിക്കുന്നതില്‍‌ തത്പരരായ bisexual എന്ന ഒരു വലിയ വിഭാഗം സാര്‍വത്രികമായി നിലനില്‍ക്കുന്നുമുണ്ട്. സ്വവര്‍‌ഗ്ഗരതിയില്‍‌ ഏര്‍‌പ്പെടുന്ന പുരുഷന്‍‌മാര്‍‌ സ്വലിം‌ഗികളാണ്. എന്നാല്‍‌ ഹിജഡകളാകട്ടെ, ലിം‌ഗരഹിതരും‌ കൂടുതല്‍‌ സ്‌ത്രൈണതയുള്ളവരുമാകയാല്‍‌ ഇവരെ സ്വവര്‍ഗ്ഗരതിയുടെ പട്ടികക്കുള്ളില്‍‌ ഉള്‍‌ക്കൊള്ളിക്കാനാകുന്നില്ല എന്ന ഒരു പ്രതിസന്ധി നരവം‌ശശാസ്ത്രജ്ഞന്‍‌മാര്‍‌ നേരിടുന്നുണ്ട്.

ഹിജഡകളുടെ ശരീരശാസ്‌ത്രം
പുരുഷനും സ്ത്രീയും സംയോഗിക്കുന്നിടത്ത്‌ പ്രജനനം സംഭവിക്കുന്നു. പ്രജനനം സാധിക്കാത്ത എല്ലാ ലൈംഗികതയും മൂന്നാം ലൈംഗികതയാണെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യശാസ്ത്രത്തിന്റെ കണക്കു പ്രകാരം 80,000-ല്‍ ഒരു പുരുഷന്‍ ഈ 'മൂന്നാം ലൈംഗികതയോടെ' ജനിക്കുന്നു. ഇതില്‍ ഉഭയലിംഗത്തോടെ ജനിക്കുന്നവരും, സ്‌ത്രീപ്രകൃതിയോടെ ജീവിക്കാനാഗ്രഹിക്കുന്നവരും, പുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്താനാഗ്രഹിക്കുന്ന മറ്റു പുരുഷന്‍മാരും ഉള്‍പ്പെടും. എന്നാല്‍ 1,25,000-ല്‍ ഒരു സ്‌ത്രീ മാത്രമാണ്‌ സ്‌ത്രീയായി ജനിച്ചു പുരുഷനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നത്‌.

മനുഷ്യന്റെ ലിംഗനിര്‍ണ്ണയം ഗര്‍ഭാവസ്ഥയില്‍ ക്രോമസോമുകളുടെ സംയോഗത്തോടെ നിര്‍ണ്ണയിക്കപ്പെടുന്നു. XX ക്രോമസോമുകളുടെ സംയോഗത്താല്‍ സ്‌ത്രീലിംഗവും XY ക്രോമസോമുകളുടെ സംയോഗത്താല്‍ പുരുഷലിംഗവും സംജാതമാകുന്നു. സ്‌ത്രീലിംഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ സജാതീയമായ രണ്ടു ക്രോമസോമുകളുടെ (XX)സംയോഗമാണുണ്ടാവുന്നത്‌. എന്നാല്‍ പുരുഷലിംഗം നിര്‍ണ്ണയിക്കുമ്പോള്‍ X എന്നും Y എന്നുമുള്ള രണ്ടു വ്യത്യസ്ത ക്രോമസോമുകളുടെ സങ്കലനം നടക്കുന്നു. Y ക്രോമസോമിലെ SRY എന്ന ജീനാണ്‌ പുരുഷലിംഗത്തിലെ പൌരുഷത്തിന്റെ ഘടന നിര്‍വ്വചിക്കുന്നത്. X ക്രോമസോമും Y ക്രോമസോമും ഘടനയിലും രൂപത്തിലും വ്യത്യസ്തമാകയാല്‍ അതിന്റെ സംയോഗങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ക്കു സാധ്യത ഏറെയാണ്. SRY ജീനിന്റെ ഈ ഏറ്റക്കുറച്ചിലുകളിലൂടെ Y ക്രോമസോമിന്റെ സംയോഗം ദുര്‍ബലമാകുമയും X ക്രോമസോമിന്റെ ആധിപത്യം ജീനില്‍ സംഭവിക്കുകയും ചെയ്യുന്നിടത്താണ്‌ പുരുഷലിംഗത്തില്‍ ജനിക്കുന്ന ശിശുവില്‍ സ്‌ത്രീപ്രകൃതി കൂടുതലായി ഉണ്ടാകുന്നത്. ഇങ്ങനെ Y ക്രോമസോമിന്റെ ദുര്‍ബലതയോടെ ജനിക്കുന്ന ചില പുരുഷന്‍മാര്‍ ഉഭയലൈംഗികത ഉള്ളവരായിരിക്കും, ചിലര്‍‌ ഉഭയലിംഗമുള്ളവരായിരിക്കും‌. ഇങ്ങനെ രണ്ടു ലിം‌ഗത്തോടെ ജനിക്കുന്നവരെയാണ് ഇംഗ്ലീഷില്‍ ഹെര്‍മഫ്രോഡൈറ്റ് എന്നു പറയുന്നു.

മനുഷ്യന്റെ തലച്ചോറിലെ ഹിപ്പോത്തലാമസ്‌ ഗ്രന്‌ഥി ഒരാളിലെ ലിംഗനിര്‍ണ്ണയത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്ന്‌ അടുത്തകാലത്തു നടത്തിയ ചില പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതായും‌ പറയപ്പെടുന്നു. സ്‌ത്രീകളുടേ തലച്ചോറിലെ ഹിപ്പോത്തലാമസിലെ ന്യൂറോണുകളേക്കാള്‍ 44% കൂടുതലായിരിക്കും പുരുഷന്‍മാരിലേത്‌. ഹിപ്പോത്തലാമസിനെ ഒരു നിര്‍ണ്ണായകഘടകമായി മുന്‍പു കണ്ടിരുന്നില്ലായെങ്കിലും പിന്നീടുള്ള പഠനങ്ങള്‍ തെളിയിച്ചത്‌ ഹിപ്പോത്തലാമസിനു ലിംഗനിര്‍ണ്ണയത്തില്‍ വ്യക്തമായ സ്വാധീനമുണ്ടെന്നാണ്‌. സ്വവര്‍ഗ്ഗാനുരാഗികളിലും, ഹിജഡകളിലുമൊക്കെ നടത്തിയ പരീക്ഷണങ്ങളില്‍ ഹിപ്പോത്തലാമസ്‌ പുരുഷന്‍മാരുടേതിനേക്കാള്‍ ഇവരില്‍ കുറഞ്ഞിരിക്കുന്നതായാണ്‌ കണ്ടെത്തിയത്. ആയതിനാല്‍ സ്വവര്‍ഗ്ഗരതിയും, മൂന്നാം ലിംഗവുമൊക്കെ തികച്ചും‌ മറ്റുള്ളവയേപ്പോലെ ഒരു ജനിതകവൈകല്യമാണെന്നു തെളിയിച്ചിരിക്കുകയാണ്. കൂടുതല്‍‌ വിവരങ്ങള്‍‌ക്ക്‌ ഈ ലിങ്കു നോക്കുക

മനുഷ്യശരീരത്തില്‍‌ പൌരുഷം‌ പകരുന്ന ഹോര്‍‌മ്മോണാണ് ടെസ്റ്റോസ്റ്റിറോണ്‍‌. സ്‌ത്രീത്വം‌ പകരുന്നതാകട്ടെ ഈസ്ട്രജനെന്ന ഹോര്‍‌മ്മോണും. ചില മനുഷ്യരില്‍‌ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലുണ്ടാവുന്ന കുറവ്‌ സ്ത്രൈണഹോര്‍‌മ്മോണായ ഈസ്ട്രജന്റെ അമിതപ്രവര്‍‌ത്തനത്തിനും‌ ആധിപത്യത്തിനും‌ ഇടയാക്കുന്നു. ഇങ്ങനെ ഹോര്‍‌മ്മോണിന്റെ ഉത്പാദനത്തിലെ ഘടനാവ്യത്യാസം‌ കൊണ്ടാണ് ചില പുരുഷന്‍‌മാര്‍‌ സ്‌ത്രൈണസ്വഭാവത്തോടെ ജനിക്കുന്നതും‌ പുരുഷന്‍‌മാരില്‍‌ നിന്നും‌ രതിസുഖം‌ ആഗ്രഹിക്കുന്നതും‌. ഹിജഡകളില്‍ ഭൂരിഭാഗവും ദ്വിലിംഗത്തോടെ ജനിക്കുന്നവരാണ്‌. ഇതെല്ലാം എന്റെ വായിച്ചറിവുകള്‍ മാത്രം. ഇതിനെക്കുറിച്ചു കൂടുതല്‍ ശാസ്ത്രീയമായും ആധികാരികമായും പറയാനറിയാവുന്നവര്‍ ബൂലോകത്തു നിരവധി ഉണ്ട്. ക്രോമസോമിന്റേയും ജീനിന്റേയും ക്രമ-പ്രതിക്രമ പ്രവര്‍ത്തനങ്ങള്‍ ഒരാളുടെ ലൈംഗികതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച്‌ മെഡിസിന്‍@ബൂലോകം എന്ന ബ്ലോഗ് എഴുതുന്ന ഡോ. സൂരജിന്റെ വിശദീകരണം ഇവിടെ എടുത്തെഴുതുന്നു.

"മിക്ക ഹിജഡകളും ശരീരശാസ്ത്രപരമായി ആണുങ്ങളാണ്. ചിലര്‍ ആന്‍ഡ്രോജിനസ് (androgynous) ആണ് - മാനസികമായോ ശാരീരികമായോ, ചിലരാകട്ടെ ട്രാന്‍സ് സെക്ഷ്വല്‍ എന്ന് തന്നെ വിളിക്കാവുന്നവരും. ജനന സമയത്തെ ലിംഗ നിര്‍ണ്ണയം മൂലം ഒരു ലിംഗ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെടുകയും പിന്നീട് സ്വന്തം വ്യക്തിത്വം ആ ലിംഗ ഗ്രൂപ്പിനുള്ളില്‍ സാക്ഷാത്ക്കരിക്കാനാവുന്നതല്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്ന വ്യക്തികളെ വിശാലമായി സംബോധന ചെയ്യാനാണ് ഈ പദമുപയോഗിക്കാറ്. ഈ നിര്‍വചനത്തിലെ പ്രധാന വാക്ക് "തിരിച്ചറിവ്" എന്നതാണ്. ജന്മനാ സമൂഹത്താലോ അച്ഛനമ്മമ്മാരാലോ നിര്‍ണ്ണയിച്ചു നല്‍കപ്പെട്ട ലൈംഗിക സ്വത്വവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ട്രാന്‍സ് സെക്ഷ്വലുകളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. കാരണം ഒരാള്‍ സ്വയം അങ്ങനെ കരുതുന്നില്ലെങ്കില്‍ പിന്നെ അയാളെ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് മന:ശാസ്ത്രത്തിലെ consensus. ട്രാന്‍സ്‌ ജെന്‍ഡറുകളുടെ അവാന്തര വിഭാഗങ്ങളാണ് ട്രാന്‍സ് സെക്ഷ്വലുകളും ആന്‍ഡ്രോജിനികളും cross dressers-ഉം ഒക്കെ. ട്രാന്‍സ് സെക്ഷ്വലുകള്‍ ജന്മനാ അവര്‍ക്ക് നല്‍‌കപ്പെട്ട ലൈംഗികസ്വത്വത്തെ നിരാകരിക്കുകയും എതിര്‍ ലിംഗത്തിന്റെ മാനസിക, ശാരീരിക സ്വത്വം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ലിംഗമാറ്റ ശസ്ത്രക്രിയയൊക്കെ വേണ്ടി വരാറുള്ളതും ഇക്കൂട്ടര്‍ക്കാണ്.

SRY ജീനിനെ സംബന്ധിച്ച്
സാധാരണ നിലയ്ക്ക് (ഈ ജീനുകള്‍ ഉണര്‍ത്തപ്പെടാത്തിടത്തോളം) ഭ്രൂണം സ്ത്രീയായിട്ടാണ് വളരുക. അതായത് മനുഷ്യന്റെ default ലിംഗം സ്ത്രീ ആണെന്ന് ! ഗര്‍ഭസ്ഥ ശിശു അതിന്റെ ആദ്യത്തെ 40-ഓളം ദിവസങ്ങള്‍ ഈ നിലയിലാണ് വളരുക. അവിടുന്നങ്ങോട്ട് ജനിതക വ്യത്യാസങ്ങള്‍ ശാരീരിക വ്യത്യാസങ്ങളായി പരിണമിക്കുന്നു. Y ക്രോമസോമിലെ SRY ജീനാണ് ഭ്രൂണത്തില്‍ പുരുഷലിംഗനിര്‍ണ്ണയത്തിനു നേതൃത്വം നല്‍കുക. SRY-യെ കൂടാതെ ലിംഗനിര്‍ണ്ണയത്തില്‍ പ്രധാനപ്പെട്ട നാലു ജീനുകളായ WT1, SF1, SOX9 DAX1 കൂടി പങ്കെടുക്കുന്നുണ്ട്.(എല്ലാം ജനിതകശാസ്ത്രത്തിലുപയോഗിക്കുന്ന ചുരുക്കപ്പേരുകളാണ്. വൃഷണം ഉണ്ടാക്കുക, ടെസ്റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ലൈംഗികതാ നിര്‍ണ്ണയ ഹോര്‍മോണ്‍ നിര്‍മ്മിക്കുക എന്നിവയാണ് ഈ ജീനുകള്‍ തങ്ങളിലുള്ള പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ആത്യന്തികമായി നടക്കുന്നത്. സ്ത്രൈണലൈംഗികാവയവങ്ങളുടെ വളര്‍ച്ച തടഞ്ഞുകൊണ്ടാണ് SRY ജീനും കൂട്ടരും തങ്ങളുടെ ആധിപത്യമുറപ്പാക്കുന്നത് എന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങള്‍ കാണിക്കുന്നത്. X ക്രോമസോമിന്റെ എണ്ണത്തിലെ ആധിക്യമോ കുറവോ കുട്ടിയില്‍ പൂര്‍ണമോ അപൂര്‍ണ്ണമോ ആയ സ്ത്രൈണതയുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നുമായി രണ്ട് എക്സ് ക്രോമസോം വരേണ്ട ഒരു പെണ്‍കുട്ടിക്ക് ഒരു എക്സ് ക്രോമസോം മാത്രം കിട്ടുന്ന അവസ്ഥയുണ്ടായാല്‍ ടേണേഴ്സ് സിന്‍ഡ്രോം (Turner's) ഉണ്ടാകുന്നു. ജൈവികമായി സ്ത്രീയാണെങ്കിലും (ovary, വികസിതമോ അവികസിതമോ ആയ ഗര്‍ഭപാത്രം ഉള്ളവര്‍ ) ആര്‍ത്തവമോ അണ്ഡോല്‍പ്പാദനമോ ഇല്ലാത്ത അവസ്ഥ. അല്പാല്പമായി പുരുഷ ലക്ഷണങ്ങള്‍ കാണാമെന്നല്ലാതെ ഇക്കൂട്ടരെ ഹിജഡ ഗ്രൂപ്പില്‍ പെടുത്താനാവില്ല. അപൂര്‍വ്വം ചിലര്‍ ഉണ്ടെങ്കിലും. മറ്റൊന്ന് ക്ലൈന്‍ഫെല്‍റ്റേഴ്സ് സിന്‍ഡ്രോം ആണ്. ജൈവികമായി ആണ്‍ കുട്ടിയെങ്കിലും ഒരു X ഒരു Y യും കൂടാതെ ഒരു X അധികമായി ഉണ്ടാകും ഇവരില്‍. (47,XXY) ചിലപ്പോള്‍ രണ്ടില്‍ കൂടുതല്‍ X കാണാം. എങ്ങനെയായാലും ഒരു Y എങ്കിലും ഉണ്ടെങ്കില്‍ ജൈവികമായി കുട്ടി ആണാണ്. അതായത് testicles-ഉം വൃഷണ സഞ്ചിയും (അവികസിതമായതെങ്കിലും) കാണാം. പക്ഷേ അധികമുള്ള X ക്രോമസോമിന്റെ പ്രഭാവം നിമിത്തം കുട്ടി വന്ധ്യനാകുന്നു. ഒപ്പം മുലയും അതുപോലുള്ള ചില സ്ത്രൈണ ഭാവങ്ങളും.

യഥാര്‍ത്ഥ ഇന്റര്‍ സെക്ഷ്വലുകള്‍ അഥവാ True hermaphroditism:
ആണാണോ പെണ്ണാണോ എന്ന് ലൈംഗികാവയവം നോക്കി പറയാനാവാത്ത അവസ്ഥയാണ് ശരിക്കും പറഞ്ഞാല്‍ ഇന്റര്‍സെക്ഷ്വലുകള്‍ . ഹിജഡകളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു വിഭാഗം ആണിത്. ഇതില്‍ തന്നെ രണ്ട് തരമുണ്ട്:
1) ലൈംഗികാവയവം ആണിന്റേതോ പെണിന്റേതോ എന്ന് വേര്‍തിരിക്കാനാവില്ലെങ്കിലും ക്രോമസോം നോക്കിയാല്‍ ആണോ പെണ്ണോ എന്ന് പറയാന്‍ പറ്റുന്നവര്‍ - മനുഷ്യരില്‍ ഇക്കൂട്ടരാണ് സാധാരണ ഇന്റര്‍സെക്ഷ്വലുകള്‍ എന്ന് ജൈവികമായ അര്‍ത്ഥത്തില്‍ വിളിക്കാവുന്നത്. 47,XXY എന്ന ക്രോമസോം ക്രമം വരുന്ന ചില ക്ലൈന്‍ഫെല്‍റ്ററുകള്‍ ഇങ്ങനെയുള്ളവരാണ്. മറ്റു ചിലരുടെ ശരീരത്തിലാകട്ടെ രണ്ട് തരം സെക്സ് ക്രോമസോം അറേയ്ഞ്ച്മെന്റ് കാണാം. ചില കോശങ്ങളില്‍ 46XX ഉം ചില കോശങ്ങളില്‍ 46XYഉം. (അല്ലെങ്കില്‍ 46XXയും 47XXYയും). ഇവരിലെല്ലാം എക്സും വൈയ്യും പല കോമ്പിനേഷനുകളില്‍ വരുന്നതുകാരണം ലൈംഗികാവയവങ്ങള്‍ പോലും ശരിക്ക് തിരിച്ചറിയാവുന്ന രീതിക്ക് വികാസം പ്രാപിക്കുന്നില്ല. വലിയൊരു വിഭാഗം ട്രാന്‍സ് സെക്ഷ്വലുകളും ഇങ്ങനെയുള്ള ഒരു പ്രശ്നവുമില്ലാത്തവരാണ് എന്നതാണ് വസ്തുത. അവരിലെ പ്രശ്നം ശാരീരികമായ ലൈംഗിക വ്യക്തിത്വമല്ല അവരുടെ മാനസിക വ്യക്തിത്വം എന്നതാണ്. ഇതിനു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗവേഷണങ്ങളുടെ പ്രധാന ഫോക്കസ് ഈസ്ട്രജന്‍, ആന്‍ഡ്രജന്‍ എന്നീ സ്ത്രീ/പുരു ഹോര്‍മോണുകള്‍ മസ്തിഷ്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലാണ്. പുരുഷനെ പുരുഷനാക്കുന്നത് അവന്റെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രജനുകളാണ്. സ്ത്രീയെ ഈസ്ട്രജനും.
ഇതിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളാണ് ആണ്‍ ശരീരത്തിലെ പെണ്‍ മനസിനും മറിച്ചും കാരണമാകുന്നതെന്നാണ് പ്രധാന തിയറി. (ഈയടുത്തും ഒരു പഠനം വന്നിരുന്നു ഒക്ടോബറില്‍ - കാലിഫോണിയ സര്‍വ്വകലാശാലയുടേയും ചില ഓസ്ട്രേലിയന്‍ ഗ്രൂപ്പുകളുടെയും സംയുക്ത പഠനം) ലൈംഗികതാ ഹോര്‍മോണിന്റെ അളവിലല്ല മറിച്ച് തലച്ചോര്‍ കോശങ്ങള്‍ അവയെ സ്വീകരിക്കുന്നതിന്റെ തോതിലാണ് പ്രശ്നമെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു. അതായത് തലച്ചോറില്‍ ഈ ഹോര്‍മോണുകളെ തിരിച്ചറിയുന്ന കോശസ്വീകരിണികള്‍ ജന്മനാ നഷ്ടപ്പെടുന്ന അവസ്ഥയാകാം കാരണമെന്ന് (ആത്യന്തികമായി ജീനുകളിലെ പ്രശ്നങ്ങള്‍ കാരണമാവാം ഇതും)

സ്വവര്‍‌ഗ്ഗരതിക്ക് നപുംസകത്വമായി നേരിട്ട് ബന്ധമൊന്നുമുള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നില്ല. ആണിന് ആണിനോടുള്ള ലൈംഗികാഭിനിവേശം ഹോര്‍മോണ്‍ വ്യതിയാനം മൂലമാകാം, വളര്‍ച്ചാഘട്ടത്തിലുണ്ടാവുന്ന മാനസിക വികാസവുമായി ബന്ധപ്പെട്ടതാവാം. ജനിതകമായ കാരണങ്ങളും കാണാം. ഹോമോസെക്ഷ്വലുകളെ ആകെ എടുത്താല്‍ അതിലെ ഒരു വിഭാഗം ആണ് പലപ്പോഴും നപുംസകവ്യക്തികള്‍ . ലൈംഗികാഭിനിവേശത്തിലെ വ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ ഹോമോ സെക്ഷ്വലുകള്‍ ഹെറ്ററോസെക്ഷ്വലുകള്‍ക്ക് തുല്യരാണ്.അവര്‍ മാനസികമായി അപരലൈംഗികത്വം കാംക്ഷിക്കുന്നില്ല. സ്വന്തം ലൈംഗിക സ്വത്വവുമായി ഒത്തുപോകാന്‍ അവര്‍ക്ക് പ്രശ്നങ്ങളുമില്ല. ഹിജഡ എന്ന് നാം വിളിക്കുന്ന ട്രാന്‍സ് സെക്ഷ്വലുകളാകട്ടെ മാനസികമായി അപരലൈംഗികത്വം കാംക്ഷിക്കുന്നവരാണ്. എതിര്‍ ലിംഗത്തിന്റെ രൂപവും, വേഷവും, ചേഷ്ടകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍.


ശാസ്‌ത്രീയമായ ഈ വിവരണം‌ ഹിജഡ എന്ന ഒരു വര്‍‌ഗ്ഗത്തിന്റെ ഉത്‌ഭവം‌ ജനിതകവൈകല്യമാണെന്ന്‌ അടിവരയിടുന്നുണ്ട്.
പ്രധാനമായും മൂന്നു രീതിയിലുള്ള ഹിജഡകളാണ് ഭാരതത്തിലുണ്ടെന്നു പറയപ്പെടുന്നത്. ഒന്നാമതായി മുന്‍പു വിവരിച്ച ഉഭയലിംഗത്തോടെ ജനിക്കുന്നവര്‍(ഹെര്‍മഫ്രോഡൈറ്റ് ). അവര്‍ക്ക്‌ പുരുഷന്റേയും സ്‌ത്രീയുടേയും പൂര്‍ണ്ണമാകാത്ത ജനനേന്ദ്രിയമായിരിക്കും ഉണ്ടാവുക. രണ്ടാമതായി തികച്ചും പുരുഷ ലിംഗത്തോടെ ജനിച്ചാലും സ്‌ത്രൈണപ്രകൃതിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ (മുന്‍പു വിവരിച്ച ശാസ്ത്രവിശകലനത്തിലെ Y ക്രോമസോമിന്റെയോ, SRY ജീനിന്റെയോ ഘടനാവ്യത്യാസം‌ കൊണ്ടോ, ടെസ്‌റ്റോറ്റിറോണ്‍‌ ഹോര്‍‌മ്മോണിന്റെ കുറവുകൊണ്ടോ ഒക്കെ സം‌ഭവിക്കാവുന്നവ വകഭേദം - ജന്മനാ നല്‍‌കപ്പെട്ട ലൈംഗികസ്വത്വത്തെ നിരാകരിക്കുകയും എതിര്‍ ലിംഗത്തിന്റെ മാനസിക, ശാരീരിക സ്വത്വം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍‌ ) ഇവര്‍ ലിംഗമാറ്റശസ്ത്രക്രിയയിലൂടെയും മറ്റും എതിര്‍‌ലിം‌ഗം‌ സ്വീകരിച്ചു (സ്‌ത്രീകളെപ്പോലെ) അവരുടെ ശരീരത്തിന്റെ ആവശ്യം അനുസരിച്ച ജീവിതം സുസാധിതമാക്കുന്നു.ജീവിക്കുന്നു.

മൂന്നാമത്തെ വിഭാഗം‌ ഇന്നത്തെ ഹിജഡകളുടെ പുതിയ തലമുറയില്‍‌ ഇല്ലാ എന്നു തന്നെ പറയാം‌. മുന്‍‌കാലങ്ങളില്‍‌ കുട്ടികളേയും‌ മറ്റും‌ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം ഹിജഡകളാക്കപ്പെടുന്നതായ ഒരു ആചാരം നിലവിലുണ്ടായിരുന്നു. ഒരു പക്ഷേ അങ്ങനെയൊരു തലമുറ ഉണ്ടായിരുന്നതിന്റെ പരിണിതഫലമാണ്‌ ഇന്നത്തെ ഹിജഡകളുടെ തലമുറയെ തെരുവോരങ്ങളില്‍ ഭിക്ഷ എടുപ്പിക്കുന്നതിലേക്കു സമൂഹം അകറ്റിനിര്‍ത്തിയത് എന്നതില്‍‌ സം‌ശയമില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയി ലിംഗച്‌ഛേദനംനടത്തി, ബഹുചരമാതാവിനു സമര്‍പ്പിക്കുന്ന അതിപ്രാകൃതമായ ചില കര്‍മ്മങ്ങള്‍ ഹിജഡകളുടെ മുന്‍തലമുറ അനുഷ്ഠിച്ചിരുന്നു. അതീവരഹ‌സ്യമായി ഇങ്ങനെ castration ചെയ്യുന്ന കുട്ടികള്‍ ഹിജഡകളായി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഹിജഡകളുടെ മന:ശാസ്‌ത്രം‌
ലൈംഗികത എന്നത്‌ വൈവിധ്യമാര്‍ന്നതും കരുണയില്ലാത്തതുമായ ഒരു സാമ്രാജ്യമാണ്‌. ഓരോരുത്തരിലും‌ തികച്ചും വ്യക്തിപരമായി അനുഭൂതമാകുന്ന അവസ്ഥാവിശേഷമാണ് അവനവനിലെ ലൈം‌ഗികത. സംസ്കാരത്തിനനുസരിച്ച്‌ ശരീരം വഴങ്ങിക്കൊടുക്കത്തിടത്ത്‌ അസാന്‍മാര്‍ഗ്ഗികത ആരോപിക്കപ്പെടുന്നു. ശരീരത്തിനു സംസ്കാരത്തെ ചുമക്കാനാകതെ വരുന്നിടത്ത്‌ അവനു തന്റെ വിനിമയശീലങ്ങളെ മാറ്റേണ്ടി വരുന്നു. ഇങ്ങനെ സംസ്‌കാരവും ശരീരവുമായി സമരസപ്പെടാത്ത ലൈംഗികതയാണ്‌ ഹിജഡകളുടേത്‌.

എല്ലാ ഹിജഡകളും സ്വവര്‍ഗ്ഗസംഭോഗികളാണെന്ന ഒരു പൊതുമാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തില്‍‌ സമൂഹം‌ അവരെ അങ്ങനെ വര്‍‌ഗ്ഗീകരിച്ചിരിക്കുന്നു. ഇവിടെ വലിയ ഒരു ശതമാനം വരെ ഇത്‌ സത്യവുമാണ്‌. ഈ "മൂന്നാം ലിംഗം" പുരുഷരൂപത്തില്‍ ജനിക്കുന്നെങ്കിലും ഉള്ളില്‍ ഒരു സ്‌ത്രീയുടെ ജീവിതമാണ്‌ ആഗ്രഹിക്കുന്നത്. സ്‌ത്രീകളെപ്പോലെ വസ്‌ത്രധാരണം നടത്താനും, ആഭരണങ്ങള്‍ അണിയാനും, നൃത്തം ചെയ്യാനുമൊക്കെ ആഗ്രഹിക്കുന്ന ഇവര്‍ തങ്ങളുടെ ലൈംഗികസംപൂര്‍ണ്ണതക്കും സ്‌ത്രീകളെപ്പോലെ തന്നെ പുരുഷന്മാരെയാണ്‌ ആഗ്രഹിക്കുന്നത്. പക്ഷേ സ്വന്തം‌ കിനാവുകളുടെ ആഴങ്ങളില്‍‌ സ്വയം‌ മറന്നൊന്നു മുഴുകാന്‍‌ ഇവര്‍‌ക്കു കഴിയില്ല എന്ന സത്യം‌ തിരിച്ചറിയപ്പെടുന്നതോടെ ഇവരിലെ അസന്തുഷ്‌ടമായ കാമനകളുടെ പേക്കൂത്തു പുറത്തേക്കു വരുന്നു. ഈ അസന്തുഷ്ഗ്ടി ഇവരെ പരിഹാസത്തിന്റെ പടുകുഴിയിലേക്കും‌ നൈരാശ്യത്തിന്റെ നിലയില്ലായ്‌മയിലേക്കും‌ ഒരേ സമയം‌ തള്ളിയിടുന്നു.

സ്‌ത്രീകളുടെ സഹജമായ ശാരീരിക മൃദുലതയോ, ആകാരസൌഷ്ഠവമോ, ശബ്ദസൌകുമാര്യമോ, രൂപസൌന്ദര്യമോ ഹിജഡകള്‍‍ക്കുണ്ടാകാറില്ല. ഒരു പുരുഷനു ലൈംഗികസംതൃപ്തി നല്‍കുന്ന, അവന്റെ ആസക്തിയുടെ ശമനതാളത്തിനായി അവന്‍ പ്രതീക്ഷിക്കുന്ന ആഴം‌ നല്‍‌കാനുള്ള ജനനേന്ദ്രിയവും‌ ഇവരില്ല. ഇതുകൊണ്ടു തന്നെ പുരുഷന്‍മാര്‍‌ ഇവരെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നു. പൊതുവേ അക്രമാസക്തര്‍‌ എന്നു മുദ്രകുത്തപ്പെട്ട ഹിജഡകള്‍‌ ഏതുനേരത്തും തന്റെ പൌരുഷത്വത്തിനുമേല്‍ വൃത്തിഹീനമായ ഒരു കടന്നുകയറ്റം നടത്തുമോ എന്നു പുരുഷന്‍‌ ഭയക്കുകയും ചെയ്യുന്നു. ട്രെയിനിലും‌ പൊതുസ്‌ഥലങ്ങളിലും‌ വെച്ച്‌ തന്റെ പൌരുഷം കടന്നാക്രമിക്കപ്പെടാതിരിക്കാനാണു പലപ്പോഴും എന്തെങ്കിലും ഭിക്ഷയായി കൊടുത്ത്‌ ഇവരില്‍ നിന്നും രക്ഷപ്പെടുന്നതെന്നാണ് മും‌ബായിലെ ഒരു ഒരു സുഹൃത്ത്‌ പറഞ്ഞത്.

ശമനോപാധിയില്ലാത്ത ലൈംഗികത, നിരാകരണത്തിന്റെ വേദന, സ്വന്തം രൂപത്തോടുള്ള വെറുപ്പ്‌, പ്രകടിപ്പിക്കാനാകാത്ത വിചാരങ്ങള്‍, നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം‌, തൊഴില്‍‌ ചെയ്യാനുള്ള അവസരമില്ലായ്‌മ, സ്‌നേഹവും സന്തോഷവും പങ്കിടാന്‍ കൂട്ടാളിയില്ലാത്ത വേദന, ഇതെല്ലാം ഇവരെ സമൂഹത്തിനുനേരെ ഗോഷ്ടി കാട്ടി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.

ഭാര്യയോടും‌ കുടും‌ബത്തോടും‌ കൂടി താമസിക്കുകയും‌ ധാര്‍‌മ്മികമായ അച്ചടക്കം‌ പാലിക്കുകയും‌ ചെയ്തുകൊണ്ടിരിക്കെത്തന്നെ ശരീരത്തിന്റെ ആവശ്യങ്ങളില്‍‌ അച്ചടക്കം‌ പാലിക്കാന്‍‍‌ കഴിയാത്ത വലിയ ഒരു പുരുഷവിഭാഗം‌ നമ്മുടെ സമൂഹത്തിലുണ്ട്. കപടസദാചാരത്തിന്റെ കൊടിപിടിക്കുന്നവരാണിവര്‍. പുരുഷനില്‍‌ നിന്നുള്ള വദനസുരതത്തോടും‌ ഗുദഭോഗത്തോടും‌ ആസക്തിയുള്ള ഈ ഒരു വിഭാഗം സമൂഹത്തില്‍ നിലനില്ക്കുന്നുണ്ടെന്നതാണ്‌ ഹിജഡകളുടെ ലൈംഗികപൂരണത്തിനുള്ള ആശ്വാസം. ഇരുളിന്റെ മറവില്‍ ഹിജഡകളുടെ ദൃഢശരീരങ്ങളില്‍ വികാരശമനം കണ്ടെത്തുന്നവര്‍ പകലിന്റെ വെളിച്ചത്തില്‍ ഇവരെ 'ഛക്ക' 'കോത്തി' 'അറവാണി' 'പാവയ്യ' 'യെല്ലമ്മ' 'ഖുസ്ര', 'ഷണ്ഡന്‍', 'യൂനക്‌ 'എന്നൊക്കെ വിവിധ പേരുകളില്‍ വിളിച്ചു പരിഹസിക്കുന്നു.

ഹിജഡകളുടെ ജീവിതക്രമങ്ങള്‍‌
ഭഗവാന്‍ ശ്രീരാമന്‍ അനുഗ്രഹിച്ചതിനാലും, പൌരുഷം ബഹുചരമാതാവിനു നല്‍കിയതിനാല്‍ 'ദേവീപ്രീതി' ലഭിച്ചതിനാലും ഹിജഡകള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും അവര്‍ക്ക്‌ അന്യരെ അനുഗ്രഹിക്കാനും‌ ശപിക്കാനും‌ കഴിവുള്ളവരാണെന്നുമുള്ള ഒരു വിശ്വാസം വടക്കേ ഇന്ത്യയില്‍ പ്രബലമായി നിലനില്‍ക്കുന്നു. വടക്കേ ഇന്ത്യയില്‍ ഹിജഡകളെ അനുഗ്രഹത്തിനായി ക്ഷണിക്കുന്ന വിവിധ ചടങ്ങുകളുണ്ട്.

വിവാഹത്തലേന്ന് വധുവിന് ദീര്‍ഘസുമംഗലിയായിരിക്കാനും വിവാഹത്തോടെ സല്‍‌സന്താനങ്ങളുണ്ടാകുവാനും‌ ഹിജഡകളുടെ അനുഗ്രഹം വേണമെന്ന ഒരു വിശ്വാസമുണ്ട്. സ്‌ത്രീകള്‍ ദീര്‍ഘനാള്‍ ഗര്‍ഭിണിയാകാതിരുന്നാല്‍ ഹിജഡകളെ വീട്ടില്‍ വിളിച്ചുവരുത്തി പാടിച്ചും ആടിച്ചും അനുഗ്രഹം തേടുന്നവരുണ്ട്.

ഏതെങ്കിലും വീട്ടില്‍ ഒരു കുട്ടി ജനിച്ചാല്‍ , പ്രത്യേകിച്ചും ആണ്‍കുട്ടിയെങ്കില്‍, ഹിജഡകള്‍ ആ വീടുകളില്‍ വന്ന്‌ നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നു. ജനിച്ച കുട്ടിയെ ഹിജഡകള്‍ കൈകളില്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കുന്നതോടൊപ്പം‌ അതിന്റെ ലിംഗനിര്‍ണ്ണയം നടത്തുകയും‌ ചെയ്യുന്നു. കുട്ടി ഒരു ഹിജഡയായാണോ ജനിച്ചതെന്നറിയാനാണ്‌ അങ്ങനെ ചെയ്യുന്നത്. ഒരു ഹെര്‍മഫ്രോഡൈറ്റായിട്ടാണു കുഞ്ഞു ജനിച്ചതെങ്കില്‍ അവര്‍ കുട്ടിയെ അവരുടെ കൂട്ടത്തിലേക്കു കൊടുക്കാനായി ആവശ്യപ്പെടും. വടക്കേ ഇന്ത്യയില്‍ അങ്ങനെ കുഞ്ഞിനെ കൈമാറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി സിയാ ജഫ്രിയുടെ ‘ദി ഇന്‍‌വിസിബിള്‍‌സ്‌ ‘എന്ന ബുക്കില്‍ വിവരിച്ചിട്ടുണ്ട്.

പ്രസവിക്കാനോ, പ്രസവിപ്പിക്കാനോ കഴിവില്ലാത്ത ഒരു വിഭാഗം ഇങ്ങനെയുള്ള അനുഗ്രഹങ്ങള്‍ നല്‍കുന്നതിലെ വിരോധാഭാസം സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. പക്ഷേ ഈ ഒരു അന്ധവിശ്വാസം ഇപ്പോഴും‌ വടക്കേ ഇന്ത്യന്‍‌ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ്‌ ഹിജഡകളുടെ ഏക ആശ്വാസം. സമൂഹത്തിനു തങ്ങളെ ഇതിനായി വേണമെന്ന ഒരു വിശ്വാസത്തിന്റെ വള്ളിയില്‍ തൂങ്ങി ഈ ജന്‍മങ്ങള്‍ വികൃതമായി ആടിയും പരുഷശബ്ദങ്ങളില്‍ അപസ്വരങ്ങള്‍ പാടിയും ജീവിക്കുന്നു. ഇവരുടെ പാട്ടുകള്‍ കൂടുതലും സ്‌ത്രീകളിലെ ഗര്‍ഭാവസ്ഥകളെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ ആയിരിക്കും. ചിലര്‍ ഹിന്ദിയിലും, ചിലര്‍ കൊങ്കിണിയിലും, കന്നടയിലുമൊക്കെയാണ്‌ ഈ പാട്ടുകള്‍ പാടുന്നത്.

റേഡിയോയും, ടെലിവിഷനും ഒക്കെ പ്രചാരത്തിലാകുന്നതിനു മുന്‍പുള്ള കാലങ്ങളില്‍‌ വടക്കേ ഇന്ത്യയില്‍ പുരുഷന്‍മാര്‍ മാനസികോല്ലാസത്തിനായി ഗ്രാമവീഥികളില്‍ ഹിജഡകളുടെ നൃത്തങ്ങളും, നൌട്ടങ്കികളും സംഘടിപ്പിച്ചിരുന്നതായി ചരിത്രങ്ങള്‍ പറയുന്നു.

കേരളസമൂഹത്തില്‍ ഹിജഡകളെ കാണാത്തതിന്റെ പ്രധാനകാരണം‌ വടക്കേ ഇന്ത്യയിലെപ്പോലെ അവരുടെ നിലനില്‍പ്പിനു ഉപോത്ബലകമായ അന്ധവിശ്വാസാ‍ധിഷ്ഠിതമായ ആചാരം‌ ഇവിടില്ല എന്നതിനാലാണ്. മാത്രമല്ല, ഇവരോട്‌ വളരെയേറെ അസഹിഷ്ണുതയാണ്‌ കേരള സമൂഹം കാണിക്കുന്നതെന്നും‌, കേരളത്തിലെ പരിഹാസം ഇതര സമൂഹത്തിലെ പരിഹാസത്തേക്കാള്‍ വേദനാജനകമാണെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഹിജഡകളുടെ ആചാരക്രമങ്ങള്‍‌‌
ഹിജഡകളെ വളരെ ഭീതിയോടെയും‌ ഭയത്തോടെയുമാണ് ബഹുഭൂരിപക്ഷവും‌ നോക്കിക്കാണുന്നത്. അതിന് അവരെ പ്രേരിപ്പിക്കുന്നത് ഇവര്‍‌ അനുശീലിക്കുന്നുവെന്നു പറയപ്പെടുന്ന അതിപ്രാകൃതമായ ചില ആചാരങ്ങളെക്കുറിച്ചുള്ള പിന്നാമ്പുറക്കഥകളാണ്. പുരുഷലിം‌ഗത്തോടെ ജനിക്കുകയും‌ സ്‌ത്രീയെപ്പോലെ ജീവിക്കുകയും‌ ചെയ്യാനാഗ്രഹിക്കുന്നവരും, ഹിജഡകള്‍ തട്ടിക്കൊണ്ടുവരുന്നവരുമൊക്കെ ‌ സ്വന്തം‌ ലിം‌ഗം‌ മുറിച്ചുമാറ്റിയെങ്കില്‍‌ മാത്രമേ ഹിജഡകളുടെ സം‌ഘത്തില്‍‌ ചേരാന്‍‌ സാധിക്കുകയുള്ളുവെന്നും‌ അതിക്രൂരമായ രീതിയില്‍‌ നിര്‍‌ബന്ധിതമായി ലിം‌ഗം‌ മുറിച്ചുമാറ്റപ്പെടുന്നു എന്നൊക്കെയുള്ള കഥകളാണ് ഇവരെ സമൂഹത്തില്‍‌ നിന്നും‌ വളരെയധികം‌ അകറ്റിക്കളഞ്ഞത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ കൈയ്യടക്കുന്നതു വരെ ഹിജഡകള്‍ തെരുവില്‍ ഭിക്ഷ യാചിച്ചു നടന്നിരുന്നില്ല. ഹിജഡകള്‍ക്ക്‌ ഇന്ത്യന്‍ സമൂഹത്തില്‍ അവരുടേതായ ഒരു സ്ഥാനമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ഹിജഡകളെ പ്രകൃതിവിരുദ്ധ ലൈംഗികത അനുശീലിക്കുന്നവര്‍‌ എന്ന ലേബലില്‍‌ ‘ ആര്‍ട്ടിക്കിള്‍ 377‘ എന്ന നിയമപരിധിക്കുള്ളിലാക്കി ഒരു സാമൂഹികശാപമായി ക്ലാസ്സിഫൈ ചെയ്തതോടെ ഇവരെ നിയമപാലകരും‌ സമൂഹവും‌ വേട്ടയാടാന്‍‌ തുടങ്ങി‌. മനുഷ്യനായി ജനിച്ചുപോയതിനാല്‍‌ ജീവന്‍‌ നിലനിര്‍‌ത്താനായാണ്‌ ഇവര്‍‌ നിത്യവൃത്തിക്കായി ഭിക്ഷ യാചിക്കാനായും വേശ്യാവൃത്തിക്കുമായി പിന്നെ തെരുവിലേക്കിറങ്ങിയത്.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ചില പാശ്‌ചാത്യ സാമൂഹ്യശാസ്ത്രജ്ഞന്‍‌മാര്‍ ഇന്ത്യയിലെ ഹിജഡകളുടെ ജീവിതരീതിയെ വികലമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതു ചര്‍‌വിതചര്‍‌വണമായി സമൂഹത്തില്‍‌ പ്രചരിക്കുകയും‌ പിന്നീടു വന്നവരെല്ലാം‌ അതേറ്റുപാടുകയും‌ ചെയ്തു എന്നതാണ് ഹിജഡകളെ ഇത്തരം‌ ഒരു ദുര്‍‌വിധിയിലേക്കെത്തിച്ചത്. അവര്‍‌ പറഞ്ഞു പരത്തിയ കഥകളിലെ നേരും‌ പതിരും‌ തിരിച്ചറിയാനകാതെ തങ്ങളുടെ മുന്‍‌ഗാമികള്‍ കൂട്ടിമുട്ടിച്ചിടത്തേക്ക്‌ തങ്ങളും‌ അറിഞ്ഞും‌ അറിയാതെയും‌ ചെന്നെത്തുന്നു എന്നു മാത്രമാണ് ഇന്നത്തെ തലമുറയിലെ ഓരോ ഹിജഡകള്‍‌ക്കും‌ പറയാനുള്ളത്.

സമൂഹത്തില്‍‌ പ്രചരിച്ചുവരുന്ന കഥകള്‍‌ ഇങ്ങനെയാണ്.

പുരുഷലിം‌ഗത്തോടെ ജനിക്കുന്ന ഹിജഡകള്‍‌ യഥാര്‍ത്ഥ ഹിജഡയായി ജീവിക്കുവാനാഗ്രഹിക്കുന്നുവെങ്കില്‍‌ ചില ആചാരങ്ങള്‍‍ക്കു വിധേയരാകേണ്ടതാണ്‌. അതില്‍ പ്രധാനം 'നിര്‍വാണ്‍' എന്ന 'വിശുദ്ധ ശസ്ത്രക്രിയ' ആണ്‌. പുരുഷനായി ജനിച്ചുപോയതിനാല്‍ അവനിലെ ലിംഗം മുറിച്ചുമാറ്റി, അവസാനത്തെ പൌരുഷവും ആ ശരീരത്തില്‍ നിന്നും ചോര്‍ത്തിക്കളയുന്ന ഓപ്പറേഷനാണ്‌ പുനര്‍ജ്ജന്‍മം എന്നു വിശ്വസിക്കുന്ന 'നിര്‍വാണ്‍' ശസ്‌ത്രക്രിയ. ശിവപുരാണത്തില്‍ ശിവന്‍ ലിംഗം പറിച്ചെറിഞ്ഞ കഥയുടെ പിന്‍ബലത്തിലാണ്‌ പ്രാകൃതമായ ഈ ആചാരം അനുഷ്ഠിച്ചുപോന്നത്.

ബഹുചരമാതാവിന്റെ യോനിയിലേക്കു സമര്‍പ്പിക്കാനെന്ന വിശ്വാസത്തില്‍ ഒരാളിലെ ലിംഗം അതിപ്രാകൃതമായ രീതിയില്‍ മുറിച്ചു മാറ്റുന്നതാണ്‌ ഈ ശസ്ത്രക്രിയ. സ്വേച്‌ഛയാ ഹിജഡയാകാന്‍ എത്തുന്നവര്‍ ഈ വിശുദ്ധ ശസ്ത്രക്രിയയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തണം. ഹിജഡയാകാനെത്തുന്നവര്‍ക്ക്‌ ഒരു സ്‌പോണ്‍‌സര്‍‌ ഉണ്ടായിരിക്കും‌.അയാള്‍‌ ‘ഗുരു’ എന്നാണറിയപ്പെടുന്നത്. ഗുരുവിന്റെ നേതൃത്വത്തില്‍ ആദ്യദിവസങ്ങളില്‍‌ ബഹുചരമാതാവിനെ സ്‌തുതിച്ചു പ്രാര്‍ത്ഥിക്കണം. അതിനു ശേഷം ഈ ശസ്ത്രക്രിയക്കായി തേങ്ങയുടച്ച്‌ ഒരു ശുഭദിവസം കണ്ടെത്തും. തേങ്ങ രണ്ടായി പിളര്‍ന്നില്ലെങ്കില്‍ ഈ ആളിനെ ഹിജഡയാക്കാന്‍ ദേവി കനിഞ്ഞിട്ടില്ലാ എന്നാണ്‌ സങ്കല്‍പ്പം. ശസ്ത്രക്രിയക്കു ശുഭദിവസം തീരുമാനിച്ചു കഴിഞ്ഞാല്‍ കുറച്ചു ദിവസം അയാളെ വിശ്രമത്തിനായി വിടും. ഈ ദിവസങ്ങളില്‍ അയാള്‍‍ ഒരു പുരുഷനുമായും ലൈംഗികബന്ധം പുലര്‍ത്താന്‍ പാടില്ല.

ശസ്ത്രക്രിയ നടത്തുന്ന പ്രധാനിയായ ഹിജഡയെ 'ദായി മാതാ' എന്നാണറിയപ്പെടുന്നത്. ശസ്ത്രക്രിയ ചെയ്യുന്നതിനു മുന്‍പായി ബഹുചരമാതാവിനെ സ്‌തുതിച്ച്‌ ഉച്ചത്തിലുള്ള നാമമന്ത്രജപത്തിലൂടെ ആളിനെ ബോധരഹിതമാക്കും. അതിനു ശേഷം ദായിമാതാ അയാളുടെ ലിം‌ഗം‌ വൃഷണത്തോടു ചേര്‍‌ത്തു ഒരു സില്‍ക്കു നൂലിനാല്‍ വരിഞ്ഞു മുറുക്കി കെട്ടും. ഇതില്‍ പ്രാവീണ്യവും പരിചയവുമുള്ള മറ്റു ഹിജഡകള്‍ ദായിമാതായെ സഹായിക്കും‌. അമിതമായ രക്തസ്രാവം‌ തടയാനാണ് നൂലുകൊണ്ടു വരിഞ്ഞുമുറുക്കി കെട്ടുന്നത്. കെട്ടിവരിഞ്ഞുമുറുക്കിയ ലിംഗം അടിഭാഗത്തോടു കൂട്ടി ദായി മാതാ മുറിച്ചു മാറ്റും. മുറിച്ചെടുത്ത ലിംഗം ബഹുചരമാതാവിനെ സങ്കല്‍പ്പിച്ചു ഒരു മരച്ചുവട്ടില്‍ കുഴിച്ചിടും. ലിംഗം മുറിച്ചു മാറ്റിയിടത്തുനിന്നും ഒഴുകുന്ന രക്തസ്രവത്തെ തടയില്ല. മുഴുവന്‍ രക്തവും ഒഴുകിത്തീരുന്നതു വരെ ആ വ്യക്തിയെ അതേ അവസ്ഥയില്‍ നിലനിര്‍ത്തും. ഒഴുകുന്നത്‌ ആ വ്യക്തിയിലെ 'ചീത്ത പുരുഷ രക്ത' മാണെന്നാണ്‌ വിശ്വാസം. രക്തസ്രവം ശരിക്കും നടന്നെങ്കിലേ ആ വ്യക്തിയിലെ അവസാന പുരുഷത്വവും നഷ്ടപ്പെടുകയുള്ളൂ എന്നാണ്‌ വിശ്വാസം.

മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഈ ദിവസങ്ങള്‍ ഇവര്‍ക്ക്‌ സ്ത്രീകളുടെ പ്രസവാവധി പോലെയാണെന്നാണ്‌ പറയുന്നത്‌. ശസ്ത്രക്രിയക്കു ശേഷം 40-50 ദിവസം ഇവര്‍ പരിപൂര്‍ണ്ണ വിശ്രമത്തിലായിരിക്കും. ഇവരുടെ ഗുരുവായിരിക്കും ഈ സമയത്ത്‌ ഹിജഡയെ ശുശ്രൂഷിക്കുന്നത്. ഈ ദിവസങ്ങളില്‍ ശരിക്കും ഛര്‍ദ്ദിലുണ്ടാക്കും‌ വിധമുള്ള ഭക്ഷണമായിരിക്കും ഇവര്‍ക്കു നല്‍കുക. കാരണം ഉള്ളിന്റെയുള്ളിലെ അവസാന 'പുരുഷഭാവത്തേയും' വിസര്‍ജ്ജിപ്പിക്കുന്നതിനായിട്ടാണിങ്ങനെ ചെയ്യുന്നതത്രേ. ശസ്ത്രക്രിയ വിജയകരമായി സുഖംപ്രാപിച്ചെത്തുന്ന ഹിജഡയെ ഗുരുവും മറ്റു സം‌ഘാം‌ഗങ്ങളും‌ പുതിയ സ്‌ത്രീ വേഷങ്ങളും ആഭരരണങ്ങളും കൊടുത്തു സംഘത്തില്‍ അംഗമാക്കിച്ചേര്‍ത്തു സ്വീകരിക്കുന്നു. ഈ ശസ്ത്രക്രിയക്കുശേഷം ഇവര്‍ക്കു മറ്റുള്ളവരെ അനുഗ്രഹിക്കാനും ശപിക്കാനുമൊക്കെയുള്ള കഴിവു ബഹുചരമാതാവു കനിഞ്ഞുനല്‍കുമെന്നു വിശ്വസിക്കുന്നു.

ഈ കഥകളിലൂടെ ഹിജഡകളെക്കുറിച്ചു ഭീതദമായ ഒരു രൂപം‌ സമൂഹത്തിനു മുന്നില്‍‌ കോറിയിടാന്‍‌ കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് ഇന്നിവര്‍‌ ചുമക്കുന്ന ഭ്രഷ്ടിന്റെ ആണിക്കല്ല്‌. ഭാരതത്തില്‍ ഇത്ര ഹീനമായ രീതിയില്‍ ഒരു കര്‍മ്മം വളരെ രഹസ്യമായി നടന്നുവന്നിരുന്നു എന്നു പറയപ്പെടുന്നുവെങ്കില്‍‌ അതില്‍‌ അതിശയപ്പെടേണ്ടതായി ഒന്നുമില്ല. പ്രാകൃതമായ രീതിയില്‍ സ്‌ത്രീകളുടേ ഗര്‍ഭം അലസിപ്പിക്കുകയും, ഭ്രാന്തിനു ചികിത്സിക്കുകയും, രോഗശാന്തി നടത്തുകയും‌ മറ്റും‌ ചെയ്തിരുന്ന ഭാരതത്തില്‍‌ ഹിജഡകള്‍ ലിം‌ഗം‌ ദേവിക്കു ഹോമിക്കുന്ന ഒരു ആചാരവും‌ നിലനിന്നിരുന്നു എന്നതില്‍ അതിശയോക്തിക്കു വകയില്ല.

ഇരുപത്തൊന്നാം‌ നൂറ്റാണ്ടിലും‌ ഭാരതം‌ അന്ധവിശ്വാസങ്ങളുടെ പിടിയില്‍‌ കിടന്നു പിടയുന്ന കാഴ്ച നമ്മള്‍‌ നിത്യം‌ കണ്ടുകൊണ്ടിരിക്കുന്നുവല്ലോ. ഈ കാലഘട്ടത്തിലും പിതാവിന്റെ ദുര്‍ദശ മാറാന്‍ സ്വന്തം കുഞ്ഞിനെ കുരുതികൊടുക്കുന്നവരും‍, ദീര്‍ഘസുമംഗലിയായിരിക്കാന്‍ സന്യാസിയുടെ ലിംഗം തൊട്ടു നമസ്‌കരിക്കുന്നവരുമൊക്കെയുള്ള നമ്മുടെ നാട്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇങ്ങനെ ഒരു അനാചാരം നിലനിന്നിരുന്നുവെങ്കില്‍ അത്‌ അക്കാലങ്ങളിലെ ഒരു ആചാരം മാത്രമായിരുന്നിരിക്കണം.

ഭാഗ്യവശാല്‍‌ ഇതേരീരിയിലുള്ള പ്രാകൃത ശസ്ത്രക്രിയകള്‍ ഇപ്പോള്‍ നടക്കുന്നില്ല. ഇന്നു ലിം‌ഗമാറ്റ ശസ്‌ത്രക്രിയ വളരെയേറെ സാധാരണമായിക്കഴിഞ്ഞു. ലൈം‌ഗികതയെ അടക്കിശീലിക്കുന്ന ഇസ്ലാം‌രാജ്യങ്ങളില്‍‌പോലും‌ ഇന്നു ലിം‌ഗമാറ്റ ശസ്‌ത്രക്രിയ സര്‍‌വസാധാരണമാണ്. സാംസ്‌കാരികമായ പുരോഗതി എല്ലാ വര്‍ഗ്ഗങ്ങളിലുമെന്നതുപോലെ ഈ ജനവിഭാഗങ്ങളിലുമുണ്ട്. നന്നായി ഇംഗ്ലീഷു സംസാരിക്കുന്നവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഒക്കെ ഇന്നു ഈ വിഭാഗങ്ങളുടെയിടയിലുണ്ട്. ഇവരെ ഈ യൂട്യൂബിലൊന്നു കണ്ടുനോക്കു.

ഹിജഡകളുടെ ആവാസക്രമങ്ങള്‍
പുരാതനകാലങ്ങളിലുണ്ടായിരുന്ന വിധം ഒരു തരം കൂട്ടുകുടുംബ സമ്പ്രദായമാണ്‌ ഹിജഡകളുടെ ഇടയില്‍ നിലനില്‍ക്കുന്നത്. ഇവര്‍ പ്രധാനമായും 7 കുടുംബങ്ങളായാണ്‌ നിലനില്‍ക്കുന്നത്‌. ഓരോ കുടുംബത്തിന്റേയും നാഥനെ 'ഗുരു' എന്നാണറിയപ്പെടുന്നത്. ഒരു ഗുരുവിന്റെ കീഴിലുള്ള ശിഷ്യരെല്ലാം ആ ഗുരുവിന്റെ കുടുംബാംഗങ്ങളായിരിക്കും;അവര്‍ 'ചേല' എന്നാണറിയപ്പെടുന്നത്. ഹിജഡയാകാന്‍ താത്പര്യമുള്ളവരെ ഒരു ഗുരു സ്‌പോണ്‍സര്‍ ചെയ്തിരിക്കണം. ഏതു ഗുരുവാണോ ഒരാളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ അയാള്‍ ആ ഗുരുവിന്റെ കുടുംബാംഗമായി മാറുന്നു. ഗുരുവും ചേലയും തമ്മില്‍ വളരെ ദൃഢതരമായ ഒരു ബന്ധവും വിശ്വാസവും നിലനിന്നു പോരുന്നുണ്ട്. ഏതെങ്കിലുംഒരു ഹിജഡക്കു ഒരു പുരുഷനെ വിവാഹം കഴിച്ചു കുടുംബമായി ജീവിക്കാനാഗ്രമുണ്ടെങ്കില്‍ അതിനു ഗുരുവിന്റെ അനുവാദവും സമ്മതവുമൊക്കെ ആവശ്യമാണ്‌.

തെരുവുകളില്‍ നിന്നു കിട്ടുന്ന ഭിക്ഷ, വേശ്യാവൃത്തിയില്‍ നിന്നുള്ള വരുമാനം, പ്രസവം നടന്ന വീടുകളിലും, വിവാഹംനടക്കാന്‍ പോകുന്ന വീടുകളിലും പോയി ആടിയും പാടിയും കിട്ടുന്ന തുക, ഇതൊക്കെയാണ്‌ ഹിജഡകളുടെ പ്രധാന വരുമാനമാര്‍ഗ്ഗം . ഇവര്‍ കൂട്ടം കൂട്ടമായി ചേര്‍ന്നാണ്‌ ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നത്. ഇവരുടെ വരുമാനത്തിന്റെ 50% ഇവരുടെ ഗുരുവിനു കൊടുക്കണം. 25% വീട്ടുചിലവിനും, 25% അംഗങ്ങള്‍ക്കായും വീതിച്ചെടുക്കും. ചില ഗ്രൂപ്പില്‍ 75% ഗുരുവിനു കൊടുക്കണം. ഇവിടെ ഗുരുവാണ്‌ അവരുടെ വീട്ടുചിലവുകളെല്ലാം നോക്കി നടത്തുന്നത്.

ജീവിക്കുവാനുള്ള ആര്‍ത്തി കൊണ്ടും‌ ശരീരത്തിന്റെ ആര്‍‌ത്തികൊണ്ടും‌ വേശ്യാവൃത്തി ചെയ്യുന്ന ഹിജഡകളുണ്ട്. ചില ഗുരുക്കള്‍ അവരുടെ ചേലകളെ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കാറുണ്ട്. താഴേക്കിടയിലുള്ള നല്ല ഒരു ശതമാനം ഹിജഡകളും പുരുഷവേശ്യകളായി തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ജീവിക്കുവാന്‍ വേറൊരു മാര്‍ഗ്ഗവുമില്ലാത്തവര്‍ ശരീരം ചോദിക്കുന്നവര്‍ക്കു തുച്ഛമായ വിലക്കു വിറ്റു ആഹാരത്തിനു വക തേടുന്നു. എന്നു കരുതി എല്ലാ ഹിജഡകളും പുരുഷവേശ്യകളല്ല. പുരുഷന്‍മാര്‍ക്ക്‌ മസ്സാജ്‌ ചെയ്തുകൊടുക്കുന്ന മസ്സാജ്‌ പാര്‍ലറുകളിലും മറ്റും ഹിജഡകളെ ജോലിക്കു വെക്കുന്നുണ്ട്. പുരുഷശരീരത്തോടുള്ള അവരുടെ ആസക്തി കൊണ്ടാകാം കൂടുതല്‍ ഹിജഡകളും ഈ തൊഴിലിനോടു വലിയ പ്രതിപത്തി സൂക്ഷിക്കുന്നു.

സ്വവര്‍ഗ്ഗരതിയില്‍ ദാതാവും സ്വീകര്‍ത്താവുമുണ്ടെന്നു മുന്‍പു സൂചിപ്പിച്ചുവല്ലോ. ഇതില്‍ സ്വീകര്‍ത്താവിന്റെ സ്ഥാനത്താണ്‌ ഹിജഡകളുള്ളത്. എന്നാല്‍ ചില ദാതാക്കള്‍, ലിംഗത്തോടുകൂടിയ പുരുഷനെ ഭോഗിക്കുന്നതിനോടു വൈമുഖ്യമുള്ളവരായിരിക്കും. അത്തരക്കര്‍ക്ക്‌ ഹിജഡകളെ ഭോഗിക്കുന്നതിലാണിഷ്ടം. ജീവിക്കാന്‍ പ്രകൃതി ഹിജഡകള്‍ക്കു നല്‍ല്കിയിരിക്കുന്ന മറ്റൊരു ഔദാര്യമെന്നല്ലാതെ ഈ സ്വഭാവമുള്ള പുരുഷന്‍മാരെക്കുറിച്ചു എന്തുപറയാന്‍? ലൈംഗികതയുടെ പ്രവചനങ്ങളെയെല്ലാം തെറ്റിക്കുന്ന എത്രയെത്ര രീതികള്‍!!!

ഹിജഡകള്‍ പൊതുവായി ബഹുചരമാതാവിനെ പൂജിക്കുന്നുണ്ടെങ്കിലും ഇവരില്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരുണ്ട്. റമദാന്‍ നാളുകളില്‍ വ്രതമെടുക്കുന്ന ഹിജഡകളുണ്ട്. ഒരിക്കല്‍ ഹിജഡയായി കഴിഞ്ഞാല്‍ അവര്‍ പൂര്‍വാശ്രമത്തിലെ പേരുകള്‍ ഉപേക്ഷിച്ചു സ്‌ത്രീനാമങ്ങള്‍ സ്വീകരിക്കുന്നു. ഹിജഡകള്‍ സ്‌ത്രീ പേരുകള്‍ വിളിച്ചാണ്‌ പരസ്പരം അഭിസംബോധന ചെയ്യുന്നത്. ഹിന്ദു സ്‌ത്രീനാമങ്ങള്‍ക്കു പുറമേ റസിയ, ജമീല, റംല തുടങ്ങിയ ഇസ്ലാം പേരുകളുള്ളവര്‍ ഇസ്ലാം വിശ്വാസത്തില്‍ തുടരുന്നു. ഇവരിലും പ്രകടമായ ജാതീയമായ ചില വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഹിന്ദു ഹിജഡകള്‍ ഇസ്ലാം ഹിജഡകളോടൊത്തു താമസിക്കാറില്ല.

ഹിജഡയായി ജനിച്ചവര്‍, ഹിജഡയാക്കപ്പെട്ടവരേക്കാള്‍ മുന്‍നിരയിലാണെന്നും ഇവര്‍ 'കുലീനരാ'ണെന്നുമുള്ള ഒരു വേര്‍തിരിവുണ്ട്. മതം മാറി വന്നവരോടു കാണിക്കുന്നതുപോലുള്ള വിവേചനമാണ്‌ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഹിജഡകള്‍ക്കിടയില്‍ വഴക്കും കുടുംബസ്‌പര്‍ദ്ധയും നിത്യസംഭവങ്ങളാണ്‌. ഇവര്‍ക്കിടയിലെ വഴക്ക് ഒത്തുതീര്‍ക്കുന്നതും, മദ്ധ്യസ്‌ഥത വഹിക്കുന്നതും ഒക്കെ 'ലഷ്‌കര്‍വാലാ' എന്ന ഒരു ജനറല്‍ ബോഡിയാണ്‌.

സ്‌ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങി നടക്കാനും, പുരുഷനെ പുണര്‍ന്നുറങ്ങാനും കൊതിക്കുന്ന ഹിജഡകള്‍ ഭാരതത്തിലെ സ്‌ത്രീകള്‍ കാണിക്കുന്ന ചില സാമൂഹികമര്യാദകള്‍ കാണിക്കുന്നതില്‍ നിന്നും ബഹുദൂരം പിന്നിലാണെന്നതാണ്‌ ഇവരെ പരിഹാസപാത്രമാക്കുന്നത്. ഇവര്‍ പൊതു നിരത്തില്‍ വികൃതനൃത്തം ചെയ്യുകയും പാടുകയും വികൃതമായ ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്നു.

വടക്കേ ഇന്ത്യയിലെ വലിയ ഒരു വിഭാഗം ജനങ്ങളും ഹിജഡകളൂടെ ഗുഹ്യഭാഗം കാണുന്നത്‌ ദുര്യോഗങ്ങള്‍ വിളിച്ചുവരുത്തുമെന്നു വിശ്വസിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളോട് അനുനയം കാണിക്കാത്ത പുരുഷനെ പൊതുനിരത്തില്‍ പരിഹസിക്കുകയും, തന്റെ 'ജനനേന്ദ്രിയം' ആഭാസമായ ആംഗ്യചേഷ്ടകളോടെ പൊക്കിക്കാട്ടി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സഭ്യേതരമായ ഇവരുടെ സമീപനമാണ്‌ ഹിജഡകളുടെ സ്വീകാര്യതയെ തടയുന്ന പ്രധാനയിനമെന്ന്‌ ഇവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

പണം പലിശക്കുകൊടുക്കുന്നവരും, ഗുണ്ടാപ്പിരിവു നടത്തുന്നവരും ഹിജഡകളെ പണപ്പിരിവിനായി ഉപയോഗിക്കുന്നുണ്ട്. പണം തിരിച്ചടക്കാന്‍ താമസിക്കുന്ന കസ്‌റ്റമറുടെ വീട്ടിലേക്കോ, സ്‌ഥാപനത്തിലേക്കോ, ഹിജഡകളെ വിട്ടു കാശു വസൂലാക്കുന്ന ഒരു രീതി ഇന്ന്‌ മുംബൈ പോലുള്ള നഗരങ്ങളില്‍ വ്യാപകമാണ്‌. ഹിജഡകളാല്‍ അപമാനിതമാകുന്നതിനേക്കാള്‍ വലിയ അപമാനമില്ലാ എന്നതിനാല്‍ ഇവരെ ഭയന്ന്‌ പൈസ തിരിച്ചുകൊണ്ടു കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

എല്ലാ ജനജാതിയിലും മൃഗജാതിയിലും‌ 'extreme' സ്വഭാവം‌ പ്രകടിപ്പിക്കുന്ന ഒരു വിഭാഗമുണ്ടെന്നതുപോലെ, ഹിജഡകളിലും നിലവിട്ടു പെരുമാറുന്ന ഒരു വിഭാഗമുണ്ട്. അപമാനത്തിന്റെ എരിതീയില്‍‌ നിന്നു പ്രകോപിതരാ‍കുന്ന ഇത്തരം‌ ന്യൂനപക്ഷത്തെ അളവുകോലാക്കി എല്ലാ ഹിജഡകളേയും ഈ ഒരു ലേബലില്‍ കാണപ്പെടുന്ന തികച്ചും മനുഷ്യത്യരഹിതമായ സാമൂഹിക നിലപാട് മാറ്റിയെടുക്കാന്‍‌ ഇവര്‍‌ സ്വയം‌ സം‌ശുദ്ധമാകുകയേ വഴിയുള്ളൂ.

ഹിജഡകള്‍ ഇന്നു നേരിടുന്ന വേറൊരു വെല്ലുവിളി ക്രിമിനല്‍ സ്വഭാവമുള്ള പുരുഷന്‍മാര്‍ പലരും ഇവരുടെ വേഷത്തില്‍ പലയിടങ്ങളിലും കവര്‍ച്ച നടത്തുന്നു എന്നതാണ്‌. പുരുഷന്‍മാര്‍ ഹിജഡകളുടെ വേഷം കെട്ടി കവര്‍ച്ച നടത്തുകയും, കുട്ടികളെ തട്ടിക്കൊണ്ടു പോയി ഭിക്ഷാടനത്തിനും, ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു. ഹിജഡകളുടെ വേഷത്തില്‍ ഇതു ചെയ്യുന്നവര്‍ ഈ ജനവിഭാഗത്തെ ക്രിമിനലുകളായി കാണാന്‍ സമൂഹത്തെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല, പോലീസിന്റെ നിരന്തരമായ പീഢനങ്ങള്‍ക്കിവരെ ഇരയാക്കുകയും ചെയ്യുന്നു.

ഹിജഡകളുടെ ആഘോഷങ്ങള്‍
ഹിജഡകള്‍ക്കുമാത്രമായി ഒരു ആഘോഷം തന്നെയുണ്ട്. ഇസ്ലാമുകള്‍ ഹജ്ജിനു പോകാനാഗ്രഹിക്കുന്നതുപോലെ, ഹിന്ദുക്കള്‍ ശബരിമലയിലും കാശിയിലുമൊക്കെ പോകാനാഗ്രഹിക്കുന്നതുപോലെ, ഒരോ ഹിജഡയുടേയും നിര്‍വൃതി പകരുന്ന ആഗ്രഹമാണ്‌ ചിത്രപൂര്‍ണ്ണിമ ദിവസം തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉളുന്തൂര്‍ പേട്ട താലൂക്കിലെ കൂവഗം എന്ന സ്ഥലത്തു നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കുക എന്നത്. അറവാണദേവന്റെ (കൂത്താണ്ടവര്‍) ക്ഷേത്രത്തിലാണ്‌ ഈ ആഘോഷങ്ങള്‍ നടക്കുന്നത്‌.

വിവാഹവും വൈധവ്യവും ഒന്നിച്ചു നടത്തപ്പെടുന്ന വിപുലമായ ഈ ആഘോഷത്തില്‍ പങ്കെടുക്കാനായി വര്‍ഷങ്ങളായുള്ള സമ്പാദ്യം സൂക്ഷിച്ചുവെക്കുന്നവര്‍ പോലും ഇവരുടെ ഇടയിലുണ്ട്. ഈ ആഘോഷത്തിന്റെ പിന്നിലെ കഥയും രസാവഹമാണ്‌. മഹാഭാരതയുദ്ധത്തിനിടയില്‍ ഒരു പ്രത്യേക ദശാസന്ധിയില്‍ കൌരവരെ ജയിക്കാന്‍ പാണ്ഡവസേനയില്‍ നിന്നു ഒരാളുടെ ദേഹത്യാഗം ആവശ്യമായി വന്നു. ദേഹത്യാഗം ആരു ചെയ്യുമെന്നതായി അടുത്ത പ്രശ്നം. അര്‍ജ്ജുനനു വനവാസകാലത്തുണ്ടായ അരവണന്‍ എന്ന മകന്‍ ദേഹത്യാഗത്തിനു തയ്യാറായി മുന്നോട്ടു വന്നു. (തമിഴ്‌ വംശജര്‍ ആത്‌മാഹുതിക്ക്‌ എന്നും പ്രസിദ്ധരാണല്ലോ). അരവണനു ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്നതിനു മുന്നേ വിവാഹം കഴിക്കണം. പക്ഷേ നാളെ മരിക്കാന്‍ പോകുന്ന യുവാവിനെ ആരു വിവാഹം കഴിക്കാന്‍?

എല്ലാത്തിനും ഉപാധി കണ്ടെത്തുന്ന ശ്രീകൃഷ്ണന്‍ ഇതിനും ഉപാധി കണ്ടെത്തി. കൃഷണന്‍ തന്നെ മോഹിനീവേഷം ധരിച്ചു അരവണനെ വിവാഹം കഴിച്ചു. ഒരുദിവസം മാത്രം മോഹിനിയുടെ കൂടെക്കഴിഞ്ഞ അരവണന്‍ പിറ്റേദിവസം ദേഹത്യാഗം ചെയ്തു. ഈ കഥയുടെ പിന്‍തുടര്‍ച്ചയായി എല്ലാ വര്‍ഷവും ചിത്രപൂര്‍ണ്ണിമ നാളില്‍ ഓരോ ഹിജഡകളും കൃഷ്ണന്റെ അവതാരമായ മോഹിനിയായി മാറുന്നു . കൂവഗത്തെ ക്ഷേത്രപൂജാരി ഈ ആഘോഷദിവസം അരവണനായി സങ്കല്‍പ്പിച്ചു ഹിജഡകളെ താലികെട്ടി വിവാഹം കഴിക്കുന്നു. ഒരു ദിവസം അവര്‍ സുമംഗലികളായി ജീവിക്കുന്നു. പിറ്റേ ദിവസം ആ പൂജാരി തന്നെ അവരുടെ താലി അറുത്തു മാറ്റി അവരെ വിധവകളാക്കുന്നു.

കരച്ചിലും ബഹളവുമായി അവരുടെ ദാമ്പത്യം ഒരു ദിവസം കൊണ്ടു അവസാനിക്കുന്നു. അരവണന്റെ ഭാര്യയായതിനാല്‍‌ ഹിജഡകളെ അരവാണി എന്നാണു വിളിക്കാറ്. ആഘോഷത്തിന്റെ അവസാനം സ്‌ത്രീകളുടെ സൌന്ദര്യമത്‌സരത്തിലേതുപോലുള്ള പരേഡുകള്‍ അവിടെ അരങ്ങേറും. അവിടെ വെച്ചു ഹിജഡകളെ തെരഞ്ഞെടുക്കാനും അവരോടൊത്തു ശരീരസുഖം പങ്കിടാനും നിരവധി പേരുണ്ടാകുന്നുണ്ടെന്നുള്ളത് ഏതു ലൈംഗികസമവാക്യങ്ങള്‍ കൊണ്ടാണു നിര്‍‌വചിക്കേണ്ടത്‌ !! ഈ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍‌ ഈന്തപ്പന എന്ന ബ്ലോഗില്‍‌ ഇവിടെയും‌ പിന്നെ ഇവിടെയും‌ കാണാം.

ഈ ആഘോഷത്തോടെ ഇവിടെ അരങ്ങേറുന്ന ഹിജഡകളുടെ ഫാഷന്‍ പരേഡുകള്‍ ഇന്നു ജനശ്രദ്ധ ആകര്‍‌ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്നു വിവിധ ഫാഷന്‍ഷോകളില്‍ ഹിജഡകളുടെ ഫാഷന്‍ ഷോ കൂടി ഉള്‍പ്പെടുത്തുന്നുണ്ടെന്നതു ഈ ജനവിഭാഗത്തിനെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതില്‍ നല്ല പങ്കു വഹിക്കുന്നുണ്ട്.

ഇതേ പൌര്‍ണ്ണമി നാളില്‍ കേരളത്തിലെ കൊല്ലം ജില്ലയില്‍ ചവറക്കടുത്ത്‌ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ സ്‌ത്രീവേഷം കെട്ടി വിളക്കെടുപ്പ്‌ എന്ന ഒരു വിചിത്രമായ ആഘോഷം പൂര്‍വ്വകാലങ്ങളേക്കാള്‍ ശക്തിയായി ഇപ്പോഴും നടക്കുന്നുണ്ട്. അരവണന്റെ കഥയുമായി ഇതിനു സാമ്യമുള്ളതായി പറഞ്ഞുകേട്ടിട്ടില്ലെങ്കിലും പുരുഷന്‍ സ്‌ത്രീയായി മാറുന്ന ആചാരത്തിനു പിന്നില്‍ ഇതുപോലെ ഒരു കഥയുടെ പിന്നാമ്പുറമുണ്ടായിരിക്കും. അറിയാവുന്നവര്‍‌ പറയട്ടെ.

ഉത്തരാഖ്യാനം

ഇന്ന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഹിജഡകള്‍ വളരെ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. ഇവരില്‍ ചിലര്‍ നര്‍ത്തകരായും, ഫാഷന്‍ ഡിസൈനറായും ബ്യൂട്ടീഷനായും‌ ഒക്കെ ജോലി ചെയ്യുന്നതിലേക്കു വളര്‍ന്നിട്ടുണ്ട്. അതു കേവല ന്യൂനപക്ഷം മാത്രമാണ്‌. എല്ലായിടത്തേയും പോലെ പണത്തിന്റെ സ്വാധീനം ഇവരുടെയിടയിലുമുണ്ട്. പണവും സ്വാധീനവുമുള്ളവര്‍ മുന്നോട്ടു പോകുന്നു. ഗതിയില്ലാത്തവര്‍ താഴേക്കും. ഭൂരിപക്ഷം ഇന്നും അധ:കൃതരായി തെരുവില്‍ തെണ്ടിയും പേക്കൂത്തു കാട്ടിയും ജീവിക്കുന്നു.

ഹിജഡകളുടെ ക്ഷേമപ്രവര്‍‌ത്തനങ്ങള്‍‌ക്കായി ഭാരതത്തില്‍‌ നിരവധി സം‌ഘടനകള്‍‌ ഉണ്ടെന്നുള്ളത് വളരെ ആശ്വാസം‌ തരുന്നു. ഹിജഡകളെ തങ്ങളുടെ പൂര്‍‌വികരുടെ നിഗൂഢജീവിതത്തിന്റെ ഇരുളില്‍‌നിന്നും‌ അവബോധത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു കൈപിടിച്ചുകൊണ്ടുവരുന്നതില്‍‌ ഈ സം‌ഘടനകള്‍‌ക്കുള്ള പങ്ക് വളരെ വലുതാണ്‌. ഇന്നു പഴയ രീതിയിലുള്ള ഹിജഡകള്‍ കുറഞ്ഞു വരികയാണ്‌. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും മറ്റും സ്വേച്ച്ഛാനുസാരിയായ ജീവിതം സുസാധ്യമെന്നിരിക്കെ, തെരുവുകളില്‍ കൂത്തു കാട്ടിയും പിച്ചനടന്നും ജീവിക്കാന്‍‌ ആരാണാഗ്രഹിക്കുക?

എല്ലാവിധ സാമൂഹികവിലക്കുകളേയും‌ അതിജീവിച്ച്‌ ഇവരുടെ ഉന്നമത്തിനായി പ്രവര്‍‌ത്തിക്കുന്ന ഹിജഡ കല്യാണ്‍ സഭ, ദായി വെല്‍ഫയര്‍ സൊസൈറ്റി, ഹംസഫര്‍, സഹയാത്രിക, സഹായ്, സംഘമിത്ര, ചില്ല തുടങ്ങിയ നിരവധി സംഘടനകള്‍ കേരളമുള്‍പ്പെടെ ഭാരതത്തിലങ്ങോളമിങ്ങോളമുണ്ട്. AIDS-നെതിരെ പ്രബോധനവുമായിറങ്ങിയിട്ടുള്ള നിരവധി സന്നദ്ധസം‌ഘടനകളില്‍‌ ഹിജഡകള്‍ വളരെ ശുഷ്കാന്തിയോടെ പ്രവര്‍‌ത്തിക്കുന്നു.

ഇന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരെ പാകത്തില്‍ ഇവരുടെ ശക്തി വളര്‍ന്നിട്ടുണ്ട്. മധ്യപ്രദേശിലെ എം.എല്‍.എ ആയ ഷബനം‌ മൌസിയും‌ മേയര്‍‌മാരായ കമലാ ജാനും‌ ആശാദേവിയും‌ എല്ലാം‌ ഹിജഡകളുടെ പരാധീനതകള്‍ക്കെതിരെ പ്രതികരിക്കാന്‍‌ രാജനീതി തലത്തില്‍‌ അവരെ പ്രതിനിധാനം‌ ചെയ്യുന്നു എന്നത്‌ ഈ സമൂഹത്തിനു തെല്ലല്ല ആശ്വാസം നല്‍കുന്നത്.

തന്റേതല്ലാത്ത കുറ്റത്താല്‍, ശരീരത്തിലെ ജീനിന്റെ ഘടനാപരമായ വ്യത്യസ്തതകൊണ്ടു മാത്രം‌ ഹിജഡകളായി ജനിച്ചും‌ ജീവിച്ചും‌ പോയി എന്ന കാരണത്താല്‍, സമൂഹത്തില്‍ ജീവിക്കാനുള്ള ഉപാധികള്‍ അവര്‍‌ക്കു മുന്നില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌ തികച്ചും മനുഷ്യത്വരഹിതമാണ്‌.

ആവശ്യമായ തുക കൈവശമുണ്ടെങ്കില്‍ കൂടി ഹിജഡകള്‍ക്കു നല്ല ഹോട്ടലുകളിലോ, ആതുരാലയങ്ങളിലോ പ്രവേശനമില്ല.ട്രെയിനിലോ ബസ്സിലോ ഇവരുടെ അടുത്താരും‌ ഇരിക്കില്ല. ഓട്ടോറിക്ഷയോ ടാക്സിയോ ഇവരെ കയറ്റില്ല. രോഗബാധിതരായി ആശുപത്രികളിലെത്തിയാല്‍ ഇവര്‍ക്ക്‌ പ്രവേശനമില്ല. അതിനു നല്‍‌കുന്ന കാരണം‌ ഇവരെ പുരുഷന്‍മാരുടെ വാര്‍ഡിലോ, സ്‌ത്രീകളുടെ വാര്‍ഡിലോ എവിടെയാണ്‌ അഡ്‌മിറ്റ് ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പമാണത്രേ.

ഏതൊരു ജോലിക്കും അപേക്ഷയില്‍ ജാതിയോടൊപ്പം ലിംഗവും ചോദിക്കുന്നതിനാല്‍ രണ്ടുലിം‌ഗത്തിലും‌ പെടാത്ത ഇവര്‍ക്ക്‌ ജോലിക്കു അപേക്ഷിക്കുവാനുള്ള യോഗ്യതയില്ല. ശാരീരികമായും‌, ബുദ്ധിപരമായും‌ വൈകാരികപരമായും‌ വൈകല്യങ്ങളുള്ളവരേയും, ബലഹീനമായ അവയവങ്ങള്‍‌ ഉള്ളവരെയുമൊക്കെ 'ഹാന്‍‌ഡിക്യാപ്പ്ഡ്‌' എന്ന പരിഗണനയില്‍‌ പട്ടിക ചേര്‍‌ത്ത്‌ അവര്‍‌ക്കായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍‌ക്കാര്‍‌ തലത്തില്‍‌ നടത്തിവരുന്നുണ്ട്. പ്രകൃതിയുടെ ക്രമമനുസരിച്ച്‌ ജോലി ചെയ്യാനാകാത്ത ജനിതക വൈകല്യമുള്ളവരുടെ ശ്രേണിയില്‍ ഹിജഡകളെ കൂടി ഉള്‍‌പ്പെടുത്തേണ്ടതിന്റെ ആവശ്യകത സാമൂഹിക സന്നദ്ധ സം‌ഘടനകള്‍ക്കൊന്നും‌ തോന്നാതെപോയത് ഹിജഡകളെ അവര്‍‌ മനുഷ്യരായി കാണുന്നില്ലാ എന്നതിന്റെ തെളിവാണ്.

ഇതിനോടു വിയോജിപ്പുള്ളവര്‍ ഏറെയുണ്ടാകാം. കാരണം നമ്മളെല്ലാം ഓരോ വിശ്വാസങ്ങളെ ചുമക്കുന്നവരാണല്ലോ. ഹിജഡകള്‍ സമൂഹത്തിനു ശാപമാണെന്ന നിങ്ങളുടെ തോന്നലുകളെ ഉപേക്ഷിക്കേണ്ട. എന്നാല്‍‌ അവര്‍ മനുഷ്യരാണെന്നും, ഒരു മനുഷ്യനു അതിജീവനത്തിനു വേണ്ട അത്യാവശ്യ ഘടകങ്ങള്‍, കുറഞ്ഞപക്ഷം വിശപ്പടക്കാനുള്ള ഒരു മാര്‍ഗ്ഗം, അവര്‍ക്കു നിഷേധിക്കുനതിനെതിരെയെങ്കിലും ചിന്തിക്കാന്‍‌ ഈ ലേഖനം സഹായകമായെങ്കില്‍ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

തനിക്ക് ആവശ്യമില്ലാത്ത സത്യങ്ങളോട്‌ വെറുതേ എന്തിനു എതിരിടണമെന്നു കരുതുന്ന നമ്മള്‍, ഇവര്‍ക്ക്‌ നാണയത്തുട്ടുകള്‍ക്കു പകരം ഇത്തിരി കരുണ ഭിക്ഷയായി നല്‍കിയാല്‍ അവര്‍ സന്തുഷ്ടരാകും. തീര്‍ച്ച.

Courtesy: Various Internet sites, including wikipedia