Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Sunday, October 26, 2008

ഹിജഡകള്‍ - ജീവിതം പ്രഹേളികയാക്കിയ ജന്മങ്ങള്‍

(ഇതൊരു നീണ്ട പോസ്റ്റാണ്.~~~Readers patience requested~~~)

ആണത്തമില്ലാത്ത ആണിനെയും‌ പെണ്ണത്തമില്ലാത്ത പെണ്ണിനെയും‌ "ഹിജഡ" എന്നു പൊതുവേ പരിഹസിച്ചു വിളിക്കാറുണ്ട്. ഹിജഡ എന്ന വാക്കു സര്‍വ്വപ്രകാരേണ എതിരാളിയുടെ വ്യക്തിഹത്യക്കും പരിഹാസത്തിനും മാത്രമായി പ്രയോഗിക്കപ്പെടുന്ന ഒരു അവസ്ഥയും നമ്മുടെ സമൂഹത്തിലെ സമസ്തമേഖലയിലുമുണ്ട്. പരിഹസിക്കപ്പെടാനായി മാത്രം ഹിജഡയായി ജനിക്കുകയോ, ജീവിക്കുകയോ ചെയ്യുന്ന ഒരുപിടി ജന്മങ്ങളുടെ 'അപര സ്വത്വ'ത്തിലേക്കുള്ള സഫലമാകാത്ത ജീവിതയാത്രയുടെ ഒരു നേര്‍രേഖയാണ്‌ ഈ പോസ്റ്റ്.

കേരളം‌ വിട്ടു പുറത്തുപോയിട്ടില്ലാത്ത മലയാളികള്‍‌ ഹിജഡകളെ അധികം‌ കണ്ടിരിക്കാനിടയില്ല. ദേശാടനപ്പക്ഷികള്‍‌ നിലനില്‍‌പ്പില്ലാത്തിടത്തു നിന്നും‌ വയറും‌ സ്വത്വവും‌ സംരക്ഷിക്കാന്‍‌ സ്വീകാര്യമായ ഇടം തേടുന്നതുപോലെ കേരളത്തില്‍‌ ജനിക്കുന്ന ഹിജഡകള്‍ നിലനില്‍പ്പിനായി അന്യസം‌സ്‌ഥാനങ്ങളിലേക്കു ചേക്കേറുന്നതുകൊണ്ടാണ് കേരളത്തില്‍‌ ഹിജഡകളെ കാണാന്‍‌ കഴിയാത്തത്. അല്ലാതെ ദൈവത്തിന്റെ സ്വന്തം‌ നാടായതുകൊണ്ട്‌ ഹിജഡകള്‍‌ ഇവിടെ ജനിക്കാതിരിക്കുന്നതല്ല.

ഒരു പിടി അന്ധവിശ്വാസങ്ങളുടെ വള്ളിയില്‍‌ കെട്ടിയിട്ടിരിക്കുന്ന ആണും‌ പെണ്ണുമല്ലാത്ത നിര്‍‌ഭാഗ്യജന്‍‌മങ്ങളാണ് ഹിജഡകള്‍. പ്രകൃതിയുടെ പുരാതനത്വത്തിന്റെ ആഴങ്ങളില്‍‌ സ്വയം‌ നഷ്ടമാകുന്നവര്‍‌. പുരുഷനായി ജനിച്ച്‌ സ്ത്രീയിലേക്കു തിരിച്ചു മടങ്ങാനായി നടത്തുന്ന സഫലമാകാത്ത യാത്രയ്ക്കിടയില്‍‌ പരിഹസിക്കപ്പെട്ടും‌, വ്യഭിചരിക്കപ്പെട്ടും‌‌ വഴിയോരങ്ങളില്‍‌ ഭിക്ഷ യാചിക്കാന്‍‌ നിര്‍‌ബന്ധിതരാക്കിയും‌ പീഡാകുലമായ ജീവതം തള്ളിനീക്കുന്ന പരുഷശബ്ദങ്ങള്‍.

വടക്കേ ഇന്ത്യന്‍‌ സമൂഹത്തില്‍‌ ഹിജഡകള്‍‌ക്ക്‌ വലിയ സ്ഥാനങ്ങളൊന്നുമില്ലെങ്കിലും‌ അവിടെ നിലനില്‍‌ക്കുന്ന ചില അനാചാരങ്ങളും‌ അന്ധവിശ്വാസങ്ങളും‌ ഇക്കൂട്ടരുടെ നിലനില്‍‌പ്പിനു വലിയ രീതിയില്‍‌ സഹാ‍യകമാകുന്നുണ്ട്. ഹിജഡകള്‍‌ അനുഗ്രഹിക്കപ്പെട്ട ജനതകളാണെന്നും‌ ഇവര്‍‌ക്ക്‌ അനുഗ്രഹിക്കാനും‌ ശപിക്കാനും‌ കഴിവുണ്ടെന്നുമുള്ള അന്ധവിശ്വാസങ്ങള്‍‌ സഞ്ജീവനിപോലെ അവരുടെ ജീവിതത്തെ ഇന്നും‌ നിലനിര്‍‌ത്തുന്നു.

ഓരോ മനുഷ്യന്റെയും‌ ശരീരത്തിന്റെ സന്തോഷത്തെ കൂടി അം‌ഗീകരിക്കുന്ന വിധം‌ സാമൂഹികസമ്പ്രദായങ്ങള്‍‌ വളര്‍‌ന്നെങ്കില്‍‌ മാത്രമേ ആ സമൂഹം‌ വളര്‍‌ന്നു എന്നു പറയാനാകൂ. ഈ അളവുകോലു വെച്ചു നോക്കിയാല്‍‌ ഭാരതം‌ പുരാതനകാലത്ത്‌ ഇതര ലോകരാജ്യങ്ങളേക്കാള്‍‌ വളരെയേറെ മുന്നിലായിരുന്നു എന്നു നമുക്കു പല ഉദാഹരണങ്ങളിലൂടെ സാക്ഷ്യപ്പെട്ടിട്ടുള്ളതാണ്. വിദേശിയായ മാക്സ് മുള്ളര്‍‌ അതു ലോകത്തെ അറിയിച്ചിട്ടുമുണ്ട്. അതിന്റെ ഒരു ചെറിയ ഉദാഹരണമാണ് ‘മൂന്നാം‌ ലിം‌ഗ’മെന്നു ആധുനികശാസ്ത്രം‌ ശ്രേണീകരിച്ച ഹിജഡകളെക്കുറിച്ചുള്ള പുരാണകഥകളും‌ ഗുഹാക്ഷേത്രങ്ങളിലും‌ മറ്റും‌ കണ്ടുവന്ന നപും‌സക രതിശില്‍‌പ്പങ്ങളും‌.

ഭാരതത്തില്‍ ഹിജഡകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍‌ക്ക് വേദേതിഹാസങ്ങളോളം‌ പഴക്കമുണ്ട്. മനുസ്‌മൃതി മുതല്‍ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസകാവ്യങ്ങളില്‍ വരെ ‘നപുംസകങ്ങളെ‘ ക്കുറിച്ചു വിശദമാക്കുകയും അവര്‍ക്ക്‌ സമൂഹത്തില്‍ നല്‍കപ്പെട്ടിരുന്ന ജോലികളെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചും പറയപ്പെടുന്നു. അതിപുരാതനകാലം മുതല്‍ നിലനിന്നുപോന്ന ഒരു ജനസഞ്ചയത്തെ ‘മൂന്നാം ലിം‌ഗം‌’ (third gender) എന്ന ഒരു വേലിക്കെട്ടിനകത്തു മാറ്റി നിര്‍ത്തി ദുര്‍‌വ്യയം ചെയ്യപ്പെടുന്ന ഇന്നത്തെ സമൂഹ മന:സ്സാക്ഷിയെ ന്യായീകരിക്കാന്‍ നാം ഇനിയും വാക്കുകള്‍ തേടേണ്ടിയിരിക്കുന്നു. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌ ഇക്കഴിഞ്ഞ ആഴ്ച ബാംഗ്ലൂരില്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും മാനസിക പീഢനങ്ങള്‍ക്കും ഇരയാകേണ്ടിവന്ന ഒരു കൂട്ടം ഹിജഡകളുടെ വാര്‍ത്ത വായിച്ചതിനാലാണ്‌. വാര്‍‌ത്ത ഇവിടെ.

ഹിജഡകള്‍‌ പുരാണങ്ങളില്‍
അര്‍ദ്ധനാരീശ്വരസങ്കല്‍പ്പം ഇന്നും ഭാരതത്തില്‍ സജീവമാണ്‌. ശിവനും ശക്തിയും, പകുതി പുരുഷഭാവവും പകുതി സ്‌ത്രീഭാവവുമായി ഇഴചേര്‍ന്ന ഒരു ഈശ്വരസങ്കല്പം ഭാരതത്തിലെ ഹിജഡകളുടെ ഉത്പത്തിയുടെ കഥയാണു പറയുന്നത്. ഭാരതത്തിലെ ദേവകഥകളിലെ ദേവസഭയില്‍ സ്ത്രീപ്രകൃതിയായി അപ്സരസ്സുകളും, പുരുഷപ്രകൃതിയായി ഗന്ധര്‍വന്‍മാരും മൂന്നാം പ്രകൃതിയായി കിന്നരന്‍മാരുമുണ്ടായിരുന്നതായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഈ കിന്നരന്‍മാരുടെ പരമ്പരകളാണ്‌ ഭാരതത്തിലെ ഹിജഡകള്‍ എന്ന പ്രബലമായ ഒരു വിശ്വാസം നിലവിലുണ്ട്. കൊട്ടാരം സൂക്ഷിപ്പുകാരായും, കലവറ കാക്കുന്നവരായും, നൃത്ത്യാഭ്യാസകരായും ഒക്കെ ഹിജഡകള്‍ രാജസേവ ചെയ്തിരുന്ന കഥകളും സുലഭമാണ്‌. ലിംഗമില്ലാതെ ജനിച്ച തന്റെ സുഹൃത്തിനു ലിംഗം ദാനം നല്‍കിയതിന്റെ പേരില്‍ ഭൈരവന്റെ ശാപം ഏല്‍ക്കേണ്ടിവന്ന ഒരു യക്ഷന്റെ പരമ്പരകളാണ്‌ കിന്നരരെന്നും, തുടര്‍ന്നുള്ള ഹിജഡകളെന്നും ഒരു കഥ കൂടി നിലവിലുണ്ട്.

ശ്രീരാമന്‍ വനവാസയാത്രക്കുപോയ സമയം അയോദ്ധ്യാരാജ്യത്തിന്റെ അതിര്‍ത്തിവരെ രാമനെ അനുഗമിച്ച ജനങ്ങളോട്‌, എല്ലാ സ്‌ത്രീപുരുഷന്‍മാരും മടങ്ങിപ്പോകാന്‍ രാമന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ തങ്ങള്‍ സ്‌ത്രീകളോ പുരുഷന്മാരോ അല്ലാത്തതിനാല്‍ തിരികെപ്പോകാതെ ഹിജഡകള്‍ രാമന്‍ തിരികെ വരുംവരെ രാജ്യാതിര്‍ത്തിയില്‍ താമസിച്ചതായും അവരുടെ അചഞ്ചലമായ ഭക്തിയില്‍ സന്തുഷ്ടനായി "നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ട ജനത" യായി ജീവിക്കുമെന്നു രാമന്‍ അനുഗ്രഹിച്ചതായും ഒരു നാടോടിക്കഥയുണ്ട്.

വിരാടരാജ്യത്ത്‌ അര്‍ജ്ജുനന്‍ ഒരു വര്‍ഷക്കാലം ബൃഹന്നള എന്ന നപുംസകമായി ജീവിച്ചതിന്റേയും, ജീവിതാന്ത്യത്തോളം നപുംസകമായി ജീവിച്ച ശിഖണ്ഡിയുടെ ശൌര്യത്തിന്റേയും പ്രതികാരത്തിന്റേയും ഒക്കെ കഥകള്‍ മഹാഭാരതത്തിലുണ്ട്. ലോകത്തിലെ ഏറ്റവും സമഗ്രവും പുരാതനവുമായ ലൈംഗികവിജ്ഞാനഗ്രന്‌ഥമായി കരുതുന്ന വാത്‌സ്യായനമഹര്‍ഷിയുടെ കാമസൂത്രയില്‍ നപുംസകങ്ങളുമായി രതിയിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള പരാമാര്‍ശങ്ങളുണ്ട്. അതിപുരാതന ഗുഹാക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങളിലും, ഖജുരാഹോവിലെ ക്ഷേത്രശില്‍പങ്ങളിലുമെല്ലാം ഹിജഡകളെ ആലേഖനം ചെയ്തിരിക്കുന്നത്‌ ഇവര്‍ ഇന്ത്യയില്‍ ആദികാലം മുതല്‍ നിലനിന്നിരുന്ന ഒരു വര്‍ഗ്ഗമാണെന്നതിന്റെ പ്രത്യക്ഷമായ തെളിവുകളാണ്‌.

ആദ്യകാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ ദേവദാസികളോടൊപ്പം ഹിജഡകളേയും താമസിപ്പിച്ചിരുന്നു. ദേവദാസികളെ പ്രാപിക്കാന്‍ അവസരമില്ലാത്തതോ, അനുമതിയില്ലാത്തതോ ആയ മതപുരോഹിതന്‍മാരും പൂജാരികളും മറ്റും ഹിജഡകളില്‍ ലൈംഗികശമനം കണ്ടെത്തിയിരുന്നതായി പറയപ്പെടുന്നു.

ഗ്രീക്കു പുരാണങ്ങളിലും‌ നപും‌സകങ്ങളെക്കുറിച്ചുള്ള പരാമര്‍‌ശങ്ങളുണ്ട്. ഗ്രീക്കുപുരാണങ്ങളില്‍‌ പുരുഷന്‍‌മാര്‍‌ കുമാരന്‍‌മാരെ ഭോഗിക്കുന്ന ‘പെഡറാസ്റ്റി’എന്ന സ്വവര്‍‌ഗ്ഗരതിശീലം‌ സാമൂഹികസമ്പ്രദായമായിരുന്നതിനാല്‍‌ അതില്‍‌ നിന്നും‌ തികച്ചും‌ വിഭിന്നമായി ഉഭയലിം‌ഗത്തോടെ ജനിച്ച ഹെര്‍‌മ്മഫ്രോഡിത്തൂസ്‌ എന്ന രാജകുമാരന്റെ കഥ ഈ ‘മൂന്നാം‌ ലിം‌ഗം‌‘ അതിപുരാതനകാലം‌ മുതലേ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായി നരവം‌ശശസ്ത്രങ്ങള്‍‌ ചൂണ്ടിക്കാണിക്കുന്നു.

ഗ്രീക്ക്‌ പുരാണത്തിലെ കാമാസക്തയായ അഫ്രിഡിറ്റി ദേവി ഒരേ ദിവസം രണ്ടുദേവന്‍‌മാരുമായി (അപ്പോളോയും‌ ഹെര്‍മ്മസ്സും‌) രമിച്ചതില്‍ നിന്നുണ്ടായതാണ്‌ ദ്വിലിംഗിയായ ഹെര്‍മ്മഫ്രോഡിത്തൂസ് എന്നാണ് കഥ. രതിറാണിയായ സല്‍‌മാസിസ് ഹെര്‍മഫ്രോഡിത്തൂസ്‌ എന്ന അതികോമളനായ കുമാരനെ കണ്ടു മോഹിക്കുകയും‌ അവന്‍‌ തടാകത്തില്‍‌ നഗ്നനായി കുളിക്കാനിറങ്ങിയതുകണ്ടു കാ‍മഭ്രമത്താല്‍‌ അവനോടൊപ്പം‌ തടാകത്തില്‍‌ ചാടി അവന്റെ നഗ്നമേനി വരിഞ്ഞുമുറുക്കുകയും‌ ചെയ്തു. അതിനുശേഷം സല്‍മാസിസ്‌ തടാകത്തില്‍ നിന്നുകൊണ്ട്‌ തങ്ങളെ വേര്‍‌പിരിക്കരുതെന്നു ദൈവത്തോടു യാചിക്കുകയും‌, ദൈവം‌ സല്‍മാസിസിന്റെ പ്രാര്‍‌ഥന കേട്ടു അവരെ രണ്ടുപേരെയും‌ ഒന്നാക്കിയതിനാലാണ് ഹെര്‍മാഫ്രോഡിത്തൂസിനു സ്‌ത്രീയുടേയും‌ പുരുഷന്റേയും‌ ലിം‌ഗമുണ്ടായതെന്നും‌ കഥയുണ്ട്‌. കഥയെന്തായിരുന്നാലും‌ രണ്ടു ലിം‌ഗത്തോടെ ജനിക്കുന്നവരെ ഇം‌ഗ്ലീഷില്‍‌ ‘ഹെര്‍‌മ്മഫ്രോഡൈറ്റ്‌ ‘എന്നു വിളിക്കുന്നത് ഈ ഗ്രീക്കു കഥയുടെ അടിസ്‌ഥാനത്തിലാണ്.

ഇന്ത്യയില്‍‌ ഹിജഡകള്‍ക്ക്‌ ഒരു പുഷ്‌കലകാലമുണ്ടായിരുന്നുവെങ്കില്‍ അത്‌ മുഗള്‍ഭരണകാലത്താണ്‌. മുഗള്‍ഭരണകാലത്ത്‌ റാണിമാരുടെ അന്ത:പുരത്തിലെ കാര്യസ്‌ഥരായി നിയോഗിച്ചിരുന്നത്‌ ഹിജഡകളെയായിരുന്നു. റാണിമാരുടെ ചമയങ്ങള്‍ക്കും ചമത്‌കാരങ്ങള്‍ക്കും അകമ്പടിയായുണ്ടായിരുന്ന ഇവര "ഖ്വാജാ സരസ്സ്' എന്നാണറിയപ്പെട്ടിരുന്നത്. നിസാമിന്റെ ഭരണകാലത്ത്‌ ഹൈദ്രാബാദില്‍ എല്ലാ കുലീനകുടുംബങ്ങളിലും സ്‌ത്രീകളുടെ സേവകരായി ഹിജഡകളെ നിയോഗിച്ചിരുന്നു. നിസ്സാമിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന 'റഹ്‌മാന്‍‘ എന്ന ഒരു ഹിജഡയെ സ്വന്തമാക്കുന്നതിനായി നിസാമിന്റെ രണ്ടു ആണ്‍മക്കള്‍ തമ്മില്‍ പരസ്‌പരം കത്തിക്കുത്തുവരെയുണ്ടായിട്ടുള്ളതായി സിയാ ജഫ്രിയുടെ 'ദി ഇന്‍വിസിബിള്‍സ്‌" എന്ന പുസ്തകത്തില്‍ പറയുന്നു.

ഹൈദ്രാബാദിലെ നിസാം ഹിജഡകള്‍ക്കായി പ്രത്യേക വാസസ്ഥലവും ആരാധനാലയവുമൊക്കെ പണിതു നല്‍കിയിരുന്നതായും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മുഗള്‍ഭരണകാലത്ത്‌ ഹിജഡകളെ അവരുടെ അറിവും കഴിവും മാനദണ്ഡമാക്കി രാജസേവകര്‍ (ബാദ്‌ഷാവാല), മന്ത്രിസേവകര്‍ (വസീര്‍വാല), അന്ത:പുരസേവകര്‍ (ഖ്വാജാ സരസ്സ്‌)എന്നിങ്ങനെ മൂന്നു ശ്രേണികളിലായി തിരിച്ചിരുന്നുവത്രേ.

ഇംഗ്ലീഷില്‍ ഹിജഡകളെ 'യൂനക്" (eunuch) എന്നാണു വിളിക്കുന്നത്. ഗ്രീക്ക്‌ ഭാഷയില്‍ ഈ പദത്തിന്റെ അര്‍ത്ഥം 'കിടപ്പറ സൂക്ഷിക്കുന്നവര്‍' എന്നാണ്‌.

ഹിജഡകളുടെ സാമൂഹികശാസ്ത്രം‌
ഇത്തരം നിറമാര്‍ന്ന കഥകളുടെ ആഴങ്ങളിലേക്കു സ്വയമിറങ്ങിച്ചെന്നു പരിഹസിക്കപ്പെടുന്ന 'അനുഗ്രഹിക്കപ്പെട്ട ആ ജനത‘ ഇന്നു വഴിയോരങ്ങളില്‍ ഭിക്ഷയെടുത്തും സമൂഹമദ്ധ്യത്തില്‍‌ അപമാനിതരാകുന്നതിന്റെ പ്രതികാരമായി സമൂഹത്തിനു നേരെ 'വികൃത ഗോഷ്ടികള്‍‌‘ കാണിച്ചും ജീവിക്കുന്ന ദയനീയമായ ഒരു അവസ്ഥാവിശേഷമാണുള്ളത്‌. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ ഒന്നരലക്ഷത്തില്‍ പരം വരുന്ന ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം ഇവിടുത്തെ സമൂഹമനസ്സാക്ഷിയെ ഒരിക്കലും പൊള്ളിച്ചിട്ടില്ല എന്നതാണ്‌ സത്യം. ഹിജഡകള്‍ സ്വപ്നങ്ങളോ സ്വന്തമായ ചിന്തകളോ ഇല്ലാത്ത തൊണ്ടുമാത്രമായ ശരീരം ചുമക്കുന്നവര്‍ എന്ന മിഥ്യാധാരണയില്‍ ദയയില്ലാത്ത സദാചാര നിഷ്ഠ ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ സമൂഹം ഇവരെ ഭിക്ഷയെടുപ്പിക്കുന്നു.
ഇവര്‍ക്കു ജീവിക്കാനുള്ള അവകാശമില്ല, തൊഴില്‍ ചെയ്യാനുള്ള അവകാശമില്ല, അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമില്ല, സമൂഹത്തില്‍‌ അം‌ഗീകാരമില്ല. ഹോട്ടലുകളിലോ, ആശുപത്രികളിലോ പ്രവേശനമില്ല. വോട്ടവകാശമില്ല, എന്തിനുപരി ഒരു റേഷന്‍‌ കാര്‍‌ഡ്‌ സ്വന്തമാ‍ക്കാനുള്ള അവകാശം‌ പോലുമില്ല. ആണോ, പെണ്ണോ, മൃഗമോ അല്ലാത്തതിനാല്‍‌ ജനസം‌ഖ്യാക്കണക്കെടുപ്പില്‍‌ പോലും‌ ഇവര്‍‌ ഉള്‍‌പ്പെട്ടിട്ടില്ല. മനുഷ്യരായി ജീവിക്കാനുള്ള അടിസ്ഥാന സൌകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഒരു ജനത ഇരന്നും‌ ശരീരം‌ വിറ്റും‌ റെയില്‍വേ ട്രാക്കിന്റെ ഓരത്തും, വേശ്യാലയങ്ങളുടെ അരികത്തുമൊക്കെ കുടിലുകെട്ടി കൂട്ടമായി ജീവിക്കുന്നു. ഇവരില്‍ നിന്നും എന്തു മാന്യമായ പെരുമാറ്റമാണു സമൂഹം‌ പ്രതീക്ഷിക്കേണ്ടത്? എല്ലാ‍ ജീവജാലങ്ങള്‍‌ക്കും‌ ഇടം‌ നല്‍‌കണമെന്ന പ്രകൃതിയുടെ നിയമത്തിനെതിരെയുള്ള ഒരു വികര്‍‌മ്മത്തിലേക്കു മനുഷ്യനെ നയിക്കുന്ന അവന്റെ കപടസദാചാരത്തിന്റെ ഉദാത്തമായ ഉപോത്പന്നമാണ് നമ്മള്‍ ഭ്രഷ്ടു കല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഹിജഡകള്‍.

ഹിജഡകള്‍ എങ്ങനെയാണുണ്ടാവുക എന്ന ഒരു ചോദ്യം സ്വാഭാവികമായും ഇതു വായിക്കുന്നവരിലുണ്ടാകാം. ഹിജഡകളെ അവരുടെ തനതുരൂപത്തില്‍ സര്‍വ്വസാധാരണമായി കണ്ടു വരുന്നത് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ്‌. ജീവശാസ്ത്രപരമായി ഹിജഡകളെ ഒരു ജനറലൈസേഷന്‍ നടത്തി നിര്‍വച്ചിക്കുക അത്ര എളുപ്പമല്ല. ഹിജഡകളായി ജനിക്കുന്നവരുണ്ട്, ഹിജഡകളാക്കപ്പെടുന്നവരുണ്ട്, ഹിജഡകളായി ജീവിക്കാനായി ഇറങ്ങിവരുന്നവരുണ്ട്. ഇവരെയെല്ലാം ഒന്നായി നിര്‍വചിക്കുക അസാദ്ധ്യമാണ്‌. പക്ഷേ ഭാരതീയ സംസ്കൃതിയുടെ ഭാഗമാകാം, ഇവര്‍ക്കെല്ലാം പൊതുവായി ഒരു ഉപാസനാമൂര്‍ത്തിയുണ്ട്. ബഹുചരമാതാവ്‌ എന്നാണ്‌ ആ ദേവിയുടെ പേര്. അഹമ്മദാബാദിലെ സാന്‍പൂര്‍ എന്ന സ്‌ഥലത്താണ്‌ ഈ ദേവിയുടെ ക്ഷേത്രമുള്ളത്‌. പുരുഷലിംഗം വഴിപാടായി സ്വീകരിക്കുന്ന ദേവിയാണ് ബഹുചരമാതാവ് എന്നാണവരുടെ വിശ്വാസം‌.

ഹിജഡ എന്ന ‘മൂന്നാം‌ ലിം‌ഗ‘ വര്‍ഗ്ഗത്തെ ഭാരതത്തില്‍ മാത്രം കണ്ടു വരുന്നവര്‍ എന്ന രീതിയില്‍ പ്രാന്തവത്കരിച്ചു പലയിടങ്ങളിലും കണ്ടിട്ടുണ്ട്. അടിസ്ഥാനപരമായി സ്‌ത്രീയെന്നും പുരുഷനെന്നും രണ്ടു ലിംഗഭേദങ്ങള്‍ക്കപ്പുറം ഒരു "മൂന്നാം ലിംഗ" ത്തിലധിഷ്ഠിതമായ ലൈംഗികത ആഗോളതലത്തില്‍‌ എല്ലാ സമൂഹങ്ങളിലുമുണ്ടെന്നാണ്‌ നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുള്ളത്. മദ്ധ്യകിഴക്കന്‍ മേഖലകളിലെ 'ക്‌സാനിത്ത്', തായ്‌ലാന്റിലെ ‘കാത്തോയിസ്‘, ഫിലിപ്പൈന്‍സിലെ 'ബക്ള', ലാറ്റിനമേരിക്കയിലെ 'ട്രാന്‍സ്‌വെസ്റ്റിസ്', ഈജിപ്തിലെ 'സേഖത്ത്', നോര്‍ത്ത് അമേരിക്കയിലെ 'ഷി മെയില്‍' തുടങ്ങിയ വിവിധ ലൈംഗികവര്‍ഗ്ഗങ്ങളെല്ലാം ഈ മൂന്നാം ലിം‌ഗത്തിന്റെ വകഭേദങ്ങളാണെന്നാണ് നരവം‌ശശാസ്ത്രം‌ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഹിജഡകള്‍ക്കു സമാനമായി ഇസ്ലാം രാജ്യങ്ങളധികമുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ "ക്‌സാനിത്ത്" എന്ന ഒരു വിഭാഗമുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷത്തേയും പുരുഷവേശ്യയായിത്തന്നെയാണു സമൂഹം‌ കണക്കാക്കുന്നതും. ഇവര്‍ ഇന്ത്യയിലെ ഹിജഡകളെപ്പോലെ ലിംഗച്‌ഛേദനം നടത്തുന്നില്ല. ഒമാന്‍ രാജ്യത്തെ നിയമപ്രകാരം ക്‌സാനിത്തുകള്‍ക്ക്‌ ഒരു പുരുഷനു കിട്ടുന്ന എല്ലാ നിയമാനുകൂല്യങ്ങളും ലഭ്യമാണു താനും. പള്ളിയില്‍ പ്രവേശിക്കാനും ആരാധന നടത്തനും അനുവാദമുണ്ട്. അവര്‍ക്ക്‌ സ്ത്രീകളുമായി ഇടപഴകാനും വിവാഹത്തിനു വധുവിന്റെ പര്‍ദ്ദ നീക്കി മുഖം‌ കാണാനുമൊക്കെ അനുവാദവുമുണ്ട്. ക്‌സാനിത്തുകള്‍‌ ഒരു പുരുഷനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, വിവാഹം കഴിച്ചു ജീവിക്കാനുള്ള അനുവാദവുമുണ്ട്. അറബ്‌ വം‌ശത്തിലെ ബഹുഭൂരിപക്ഷം‌ പുരുഷന്‍‌മാരും‌‍‌ ക്‌സാനിത്തുകളുമായി രതിയിലേര്‍‌പ്പെടാന്‍‌ അതിയായ താത്പര്യമുള്ളവരാണ്. സ്‌ത്രീകളെ പ്രജനനത്തിനും‌ പുരുഷനെപ്പോലെയുള്ള ഇവരെ ശരീരസുഖത്തിനും‌ എന്നാണവര്‍‌ കരുതിപ്പോരുന്നത്.

നോര്‍‌ത്ത് അമേരിക്കയില്‍‌ ‘ഷി മെയില്‍’ എന്നു വിളിക്കുന്ന ഒരു വിഭാഗമുണ്ട്. സ്‌ത്രീകളെപ്പോലെ മാറിടവും‌ പുരുഷന്റേതുപോലെ വളര്‍‌ച്ചയെത്തിയ ലിം‌ഗവുമുള്ളവര്‍‌. ഇതു വായിക്കുന്ന ചിലരെങ്കിലും‌ ഇന്റര്‍‌നെറ്റുകളിലൂടെയും‌ ഇ-മെയിലുകളിലൂടെയും‌ മറ്റും‌ ഇത്തരം‌ ഷി-മെയിലുകളുടെ രതിലീലാചിത്രങ്ങള്‍‌ കണ്ടിട്ടുണ്ടാകും‌. ഇവരുമായി രതിയിലേര്‍‌പ്പെടാനായി അതീവതാത്പര്യം‌ സൂക്ഷിക്കുന്നവരും‌ അമിത തുക കൊടുത്ത്‌ ഇവരെ സ്വന്തമാക്കുന്നവരുമൊക്കെയടങ്ങിയ ഒരു പുരുഷവിഭാഗം‌ ഉണ്ടെന്നുള്ളത് അരോചകമായി ചിലര്‍‌ക്കൊക്കെ തോന്നാമെങ്കിലും‌ ആ സത്യത്തെ അവഗണിക്കാന്‍‌ കഴിയുമോ? അറബ്‌ വം‌ശജരാണ് ഇക്കൂട്ടരോട് കൂടുതല്‍‌ പ്രതിപത്തിയുള്ളവരെന്നും‌ പറയപ്പെടുന്നു. ഇതിവിടെ എഴുതിയത് ഇത്തരം‌ മൂന്നാം‌ ലിം‌ഗത്തില്‍‌ പെട്ട വര്‍‌ഗ്ഗങ്ങളെ ഒരിടത്തും‌ ‌ ഭാരതത്തിലെ ഹിജഡകളെപ്പോലെ പരിഹസിച്ചും‌ പാര്‍‌ശ്വവത്കരിച്ചും‌ നിര്‍‌ത്തിയിട്ടില്ല എന്നു പറയാനാണ്.

ഭാരതത്തിലെ ഹിജഡകള്‍‌ മാത്രം‌ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതിനു നിരവധി കാരണങ്ങളുണ്ട്. ഒരു പക്ഷേ ഇതര സമൂഹങ്ങളില്‍‌നിന്നും‌ വ്യത്യസ്തമായി ഇവര്‍‌ അനുശീലിച്ചുപോന്ന ചില ആചാര രീതികള്‍‌ തന്നെയാകാം‌ ‘സ്വയം വിന’ എന്ന പോലെ അവരെ സമൂഹത്തില്‍‌ നിന്നും‌ ഇത്രയേറെ അകറ്റിനിര്‍‌ത്തുന്നതും. ഭാരതത്തില്‍ മാത്രമാണ്‌ ഹിജഡകള്‍ അതിപ്രാകൃതമായ ഒരു ഗോത്രസംസ്കാരത്തിന്റെ ബാക്കിപത്രമായി തങ്ങളുടെ ലിംഗം ദൈവത്തിനു നല്‍കുന്നത്‌. ഇത്തരം‌ ആചാ‍രങ്ങള്‍‌ ഇന്നു നിലവിലില്ല എന്നു തന്നെ പറയാമെങ്കിലും തങ്ങളുടെ പൂര്‍വ്വികരുടെ ഈ വിധ ചില കുകര്‍മ്മങ്ങളുടെ ഭാരം ഇന്നത്തെ തലമുറ ചുമക്കുന്നുണ്ടെന്നുള്ളത്‌ മറയില്ലാത്ത ഒരു സത്യം മാത്രമാണ്‌. ഹിജഡകളുടെ ക്ഷേമപ്രവര്‍‌ത്തനങ്ങള്‍‌ക്കായി രൂപം‌ കൊണ്ടിട്ടുള്ള നിരവധി സം‌ഘടനകള്‍ ഇന്നു ഭാരതത്തിലുണ്ട്. ഇവരുടെയൊക്കെ ശ്രമഫലമായി ഇത്തരം‌ പ്രാകൃത ആചാരങ്ങളില്‍‌ നിന്നെല്ലാം‌ ഹിജഡകളെ മോചിപ്പിച്ചു വരുന്നുവെങ്കിലും‌ സമൂഹമനസ്സില്‍‌ അവരുടെ സ്‌ഥാനം‌ ഇന്നും‌ പഴയ രീതിയില്‍‌ തുടരുന്നു.

ഭാരതത്തിലെ ഹിജഡകള്‍ മറ്റുദേശത്തുള്ളവരെക്കാള്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നതില്‍‌ അവരുടെ വസ്‌ത്രധാരണത്തിനും‌ പ്രധാന പങ്കുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, എന്നിവിടങ്ങളിലെ സ്‌ത്രീകളുടെ പ്രധാന വസ്‌ത്രം സാരിയാണ്‌. പുരുഷരൂപത്തില്‍ ജനിച്ച്‌ സ്‌ത്രീപ്രകൃതിയായി ജീവിക്കാനാഗ്രഹിക്കുന്നവര്‍ സ്ത്രീകളുടെ വസ്ത്രധാരണത്തോടാണ്‌ ആഭിമുഖ്യം കാണിക്കുക. ആയതിനാല്‍ ഈ ദേശത്തുള്ള ഹിജഡകള്‍ ഈ ദേശത്തെ സ്‌ത്രീകളെപ്പോലെ സാരിയുടുത്തും, പൊട്ടുകുത്തിയും, തിളക്കമുള്ള ആഭരണങ്ങളണിഞ്ഞും ജീവിക്കുന്നു. സ്‌ത്രീകളും പുരുഷന്‍മാരും തമ്മില്‍ വസ്‌ത്രധാരണത്തില്‍ പ്രകടമായ ഇത്തരം വ്യത്യാസം മറ്റു ദേശങ്ങളില്‍ നിലവിലില്ലാത്തതിനാല്‍ അവിടങ്ങളിലെ ഹിജഡകളെ വളരെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുകയില്ല. പുരുഷന്റേതുപോലുള്ള പരുക്കന്‍ ശബ്ദത്തിലൂടെ മാത്രമേ അവരെ തിരിച്ചറിയാന്‍ കഴിയൂ.

ഹിജഡകള്‍ പൊതുവേ സ്വവര്‍ഗ്ഗരതിക്കാര്‍ ആണെന്നതാണ്‌ വിശ്വാസം. എന്നാല്‍ വിവിധ സമൂഹങ്ങള്‍ സ്വവര്‍ഗ്ഗരതിക്കു കണക്കാക്കപ്പെടുന്ന മാനദണ്ഡം വ്യത്യസ്തങ്ങളാകയാല്‍‌ ഹിജഡകളെ 'സ്വവര്‍ഗ്ഗരതിക്കാര്‍' എന്ന 'മൂന്നാം ലൈംഗികതയില്‍‘ ഉള്‍‌പ്പെടുത്താന്‍ കഴിയില്ലായെന്നാണ്‌ നരവംശശാസ്ത്രജ്ഞന്മാര്‍‌ അഭിപ്രായപ്പെടുന്നത്‌.

സ്വവര്‍ഗ്ഗരതിക്ക് വിവിധദേശങ്ങളില്‍ വിവിധ മാനങ്ങളാണുള്ളത്. സ്വവര്‍‌‌ഗ്ഗരതിയില്‍‌ ‘ദാതാവും‌‘ ‘ സ്വീകര്‍‌ത്താവും‌‘ പുരുഷനാണ്‌. മധ്യേഷ്യന്‍ രാജ്യങ്ങളിലും ഭാരതമുള്‍പ്പെടെയുള്ള ഇതര ഏഷ്യന്‍രാജ്യങ്ങളിലും ഭോഗിക്കപ്പെടുന്ന സ്വീകര്‍‌ത്താവായ പുരുഷന്‍ മാത്രമാണ്‌ സ്വവര്‍ഗ്ഗരതിശീലമുള്ളവരായി കണക്കാക്കപ്പെടുന്നത്‌. ഭോഗിക്കുന്ന ദാതാവായ പുരുഷന്‍ തികച്ചും പൌരുഷമുള്ളവനായി കണക്കാക്കുന്നു. എന്നാല്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ ഭോഗിക്കുന്ന പുരുഷനും സ്വവര്‍ഗ്ഗരതിയുള്ളവരാണെന്നു കണക്കാക്കുന്നു. ഇതിനും‌ പുറമേ സ്ത്രീയേയും പുരുഷനേയും ഭോഗിക്കുന്നതില്‍‌ തത്പരരായ bisexual എന്ന ഒരു വലിയ വിഭാഗം സാര്‍വത്രികമായി നിലനില്‍ക്കുന്നുമുണ്ട്. സ്വവര്‍‌ഗ്ഗരതിയില്‍‌ ഏര്‍‌പ്പെടുന്ന പുരുഷന്‍‌മാര്‍‌ സ്വലിം‌ഗികളാണ്. എന്നാല്‍‌ ഹിജഡകളാകട്ടെ, ലിം‌ഗരഹിതരും‌ കൂടുതല്‍‌ സ്‌ത്രൈണതയുള്ളവരുമാകയാല്‍‌ ഇവരെ സ്വവര്‍ഗ്ഗരതിയുടെ പട്ടികക്കുള്ളില്‍‌ ഉള്‍‌ക്കൊള്ളിക്കാനാകുന്നില്ല എന്ന ഒരു പ്രതിസന്ധി നരവം‌ശശാസ്ത്രജ്ഞന്‍‌മാര്‍‌ നേരിടുന്നുണ്ട്.

ഹിജഡകളുടെ ശരീരശാസ്‌ത്രം
പുരുഷനും സ്ത്രീയും സംയോഗിക്കുന്നിടത്ത്‌ പ്രജനനം സംഭവിക്കുന്നു. പ്രജനനം സാധിക്കാത്ത എല്ലാ ലൈംഗികതയും മൂന്നാം ലൈംഗികതയാണെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യശാസ്ത്രത്തിന്റെ കണക്കു പ്രകാരം 80,000-ല്‍ ഒരു പുരുഷന്‍ ഈ 'മൂന്നാം ലൈംഗികതയോടെ' ജനിക്കുന്നു. ഇതില്‍ ഉഭയലിംഗത്തോടെ ജനിക്കുന്നവരും, സ്‌ത്രീപ്രകൃതിയോടെ ജീവിക്കാനാഗ്രഹിക്കുന്നവരും, പുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്താനാഗ്രഹിക്കുന്ന മറ്റു പുരുഷന്‍മാരും ഉള്‍പ്പെടും. എന്നാല്‍ 1,25,000-ല്‍ ഒരു സ്‌ത്രീ മാത്രമാണ്‌ സ്‌ത്രീയായി ജനിച്ചു പുരുഷനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നത്‌.

മനുഷ്യന്റെ ലിംഗനിര്‍ണ്ണയം ഗര്‍ഭാവസ്ഥയില്‍ ക്രോമസോമുകളുടെ സംയോഗത്തോടെ നിര്‍ണ്ണയിക്കപ്പെടുന്നു. XX ക്രോമസോമുകളുടെ സംയോഗത്താല്‍ സ്‌ത്രീലിംഗവും XY ക്രോമസോമുകളുടെ സംയോഗത്താല്‍ പുരുഷലിംഗവും സംജാതമാകുന്നു. സ്‌ത്രീലിംഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ സജാതീയമായ രണ്ടു ക്രോമസോമുകളുടെ (XX)സംയോഗമാണുണ്ടാവുന്നത്‌. എന്നാല്‍ പുരുഷലിംഗം നിര്‍ണ്ണയിക്കുമ്പോള്‍ X എന്നും Y എന്നുമുള്ള രണ്ടു വ്യത്യസ്ത ക്രോമസോമുകളുടെ സങ്കലനം നടക്കുന്നു. Y ക്രോമസോമിലെ SRY എന്ന ജീനാണ്‌ പുരുഷലിംഗത്തിലെ പൌരുഷത്തിന്റെ ഘടന നിര്‍വ്വചിക്കുന്നത്. X ക്രോമസോമും Y ക്രോമസോമും ഘടനയിലും രൂപത്തിലും വ്യത്യസ്തമാകയാല്‍ അതിന്റെ സംയോഗങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ക്കു സാധ്യത ഏറെയാണ്. SRY ജീനിന്റെ ഈ ഏറ്റക്കുറച്ചിലുകളിലൂടെ Y ക്രോമസോമിന്റെ സംയോഗം ദുര്‍ബലമാകുമയും X ക്രോമസോമിന്റെ ആധിപത്യം ജീനില്‍ സംഭവിക്കുകയും ചെയ്യുന്നിടത്താണ്‌ പുരുഷലിംഗത്തില്‍ ജനിക്കുന്ന ശിശുവില്‍ സ്‌ത്രീപ്രകൃതി കൂടുതലായി ഉണ്ടാകുന്നത്. ഇങ്ങനെ Y ക്രോമസോമിന്റെ ദുര്‍ബലതയോടെ ജനിക്കുന്ന ചില പുരുഷന്‍മാര്‍ ഉഭയലൈംഗികത ഉള്ളവരായിരിക്കും, ചിലര്‍‌ ഉഭയലിംഗമുള്ളവരായിരിക്കും‌. ഇങ്ങനെ രണ്ടു ലിം‌ഗത്തോടെ ജനിക്കുന്നവരെയാണ് ഇംഗ്ലീഷില്‍ ഹെര്‍മഫ്രോഡൈറ്റ് എന്നു പറയുന്നു.

മനുഷ്യന്റെ തലച്ചോറിലെ ഹിപ്പോത്തലാമസ്‌ ഗ്രന്‌ഥി ഒരാളിലെ ലിംഗനിര്‍ണ്ണയത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്ന്‌ അടുത്തകാലത്തു നടത്തിയ ചില പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതായും‌ പറയപ്പെടുന്നു. സ്‌ത്രീകളുടേ തലച്ചോറിലെ ഹിപ്പോത്തലാമസിലെ ന്യൂറോണുകളേക്കാള്‍ 44% കൂടുതലായിരിക്കും പുരുഷന്‍മാരിലേത്‌. ഹിപ്പോത്തലാമസിനെ ഒരു നിര്‍ണ്ണായകഘടകമായി മുന്‍പു കണ്ടിരുന്നില്ലായെങ്കിലും പിന്നീടുള്ള പഠനങ്ങള്‍ തെളിയിച്ചത്‌ ഹിപ്പോത്തലാമസിനു ലിംഗനിര്‍ണ്ണയത്തില്‍ വ്യക്തമായ സ്വാധീനമുണ്ടെന്നാണ്‌. സ്വവര്‍ഗ്ഗാനുരാഗികളിലും, ഹിജഡകളിലുമൊക്കെ നടത്തിയ പരീക്ഷണങ്ങളില്‍ ഹിപ്പോത്തലാമസ്‌ പുരുഷന്‍മാരുടേതിനേക്കാള്‍ ഇവരില്‍ കുറഞ്ഞിരിക്കുന്നതായാണ്‌ കണ്ടെത്തിയത്. ആയതിനാല്‍ സ്വവര്‍ഗ്ഗരതിയും, മൂന്നാം ലിംഗവുമൊക്കെ തികച്ചും‌ മറ്റുള്ളവയേപ്പോലെ ഒരു ജനിതകവൈകല്യമാണെന്നു തെളിയിച്ചിരിക്കുകയാണ്. കൂടുതല്‍‌ വിവരങ്ങള്‍‌ക്ക്‌ ഈ ലിങ്കു നോക്കുക

മനുഷ്യശരീരത്തില്‍‌ പൌരുഷം‌ പകരുന്ന ഹോര്‍‌മ്മോണാണ് ടെസ്റ്റോസ്റ്റിറോണ്‍‌. സ്‌ത്രീത്വം‌ പകരുന്നതാകട്ടെ ഈസ്ട്രജനെന്ന ഹോര്‍‌മ്മോണും. ചില മനുഷ്യരില്‍‌ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലുണ്ടാവുന്ന കുറവ്‌ സ്ത്രൈണഹോര്‍‌മ്മോണായ ഈസ്ട്രജന്റെ അമിതപ്രവര്‍‌ത്തനത്തിനും‌ ആധിപത്യത്തിനും‌ ഇടയാക്കുന്നു. ഇങ്ങനെ ഹോര്‍‌മ്മോണിന്റെ ഉത്പാദനത്തിലെ ഘടനാവ്യത്യാസം‌ കൊണ്ടാണ് ചില പുരുഷന്‍‌മാര്‍‌ സ്‌ത്രൈണസ്വഭാവത്തോടെ ജനിക്കുന്നതും‌ പുരുഷന്‍‌മാരില്‍‌ നിന്നും‌ രതിസുഖം‌ ആഗ്രഹിക്കുന്നതും‌. ഹിജഡകളില്‍ ഭൂരിഭാഗവും ദ്വിലിംഗത്തോടെ ജനിക്കുന്നവരാണ്‌. ഇതെല്ലാം എന്റെ വായിച്ചറിവുകള്‍ മാത്രം. ഇതിനെക്കുറിച്ചു കൂടുതല്‍ ശാസ്ത്രീയമായും ആധികാരികമായും പറയാനറിയാവുന്നവര്‍ ബൂലോകത്തു നിരവധി ഉണ്ട്. ക്രോമസോമിന്റേയും ജീനിന്റേയും ക്രമ-പ്രതിക്രമ പ്രവര്‍ത്തനങ്ങള്‍ ഒരാളുടെ ലൈംഗികതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച്‌ മെഡിസിന്‍@ബൂലോകം എന്ന ബ്ലോഗ് എഴുതുന്ന ഡോ. സൂരജിന്റെ വിശദീകരണം ഇവിടെ എടുത്തെഴുതുന്നു.

"മിക്ക ഹിജഡകളും ശരീരശാസ്ത്രപരമായി ആണുങ്ങളാണ്. ചിലര്‍ ആന്‍ഡ്രോജിനസ് (androgynous) ആണ് - മാനസികമായോ ശാരീരികമായോ, ചിലരാകട്ടെ ട്രാന്‍സ് സെക്ഷ്വല്‍ എന്ന് തന്നെ വിളിക്കാവുന്നവരും. ജനന സമയത്തെ ലിംഗ നിര്‍ണ്ണയം മൂലം ഒരു ലിംഗ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെടുകയും പിന്നീട് സ്വന്തം വ്യക്തിത്വം ആ ലിംഗ ഗ്രൂപ്പിനുള്ളില്‍ സാക്ഷാത്ക്കരിക്കാനാവുന്നതല്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്ന വ്യക്തികളെ വിശാലമായി സംബോധന ചെയ്യാനാണ് ഈ പദമുപയോഗിക്കാറ്. ഈ നിര്‍വചനത്തിലെ പ്രധാന വാക്ക് "തിരിച്ചറിവ്" എന്നതാണ്. ജന്മനാ സമൂഹത്താലോ അച്ഛനമ്മമ്മാരാലോ നിര്‍ണ്ണയിച്ചു നല്‍കപ്പെട്ട ലൈംഗിക സ്വത്വവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ട്രാന്‍സ് സെക്ഷ്വലുകളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. കാരണം ഒരാള്‍ സ്വയം അങ്ങനെ കരുതുന്നില്ലെങ്കില്‍ പിന്നെ അയാളെ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് മന:ശാസ്ത്രത്തിലെ consensus. ട്രാന്‍സ്‌ ജെന്‍ഡറുകളുടെ അവാന്തര വിഭാഗങ്ങളാണ് ട്രാന്‍സ് സെക്ഷ്വലുകളും ആന്‍ഡ്രോജിനികളും cross dressers-ഉം ഒക്കെ. ട്രാന്‍സ് സെക്ഷ്വലുകള്‍ ജന്മനാ അവര്‍ക്ക് നല്‍‌കപ്പെട്ട ലൈംഗികസ്വത്വത്തെ നിരാകരിക്കുകയും എതിര്‍ ലിംഗത്തിന്റെ മാനസിക, ശാരീരിക സ്വത്വം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ലിംഗമാറ്റ ശസ്ത്രക്രിയയൊക്കെ വേണ്ടി വരാറുള്ളതും ഇക്കൂട്ടര്‍ക്കാണ്.

SRY ജീനിനെ സംബന്ധിച്ച്
സാധാരണ നിലയ്ക്ക് (ഈ ജീനുകള്‍ ഉണര്‍ത്തപ്പെടാത്തിടത്തോളം) ഭ്രൂണം സ്ത്രീയായിട്ടാണ് വളരുക. അതായത് മനുഷ്യന്റെ default ലിംഗം സ്ത്രീ ആണെന്ന് ! ഗര്‍ഭസ്ഥ ശിശു അതിന്റെ ആദ്യത്തെ 40-ഓളം ദിവസങ്ങള്‍ ഈ നിലയിലാണ് വളരുക. അവിടുന്നങ്ങോട്ട് ജനിതക വ്യത്യാസങ്ങള്‍ ശാരീരിക വ്യത്യാസങ്ങളായി പരിണമിക്കുന്നു. Y ക്രോമസോമിലെ SRY ജീനാണ് ഭ്രൂണത്തില്‍ പുരുഷലിംഗനിര്‍ണ്ണയത്തിനു നേതൃത്വം നല്‍കുക. SRY-യെ കൂടാതെ ലിംഗനിര്‍ണ്ണയത്തില്‍ പ്രധാനപ്പെട്ട നാലു ജീനുകളായ WT1, SF1, SOX9 DAX1 കൂടി പങ്കെടുക്കുന്നുണ്ട്.(എല്ലാം ജനിതകശാസ്ത്രത്തിലുപയോഗിക്കുന്ന ചുരുക്കപ്പേരുകളാണ്. വൃഷണം ഉണ്ടാക്കുക, ടെസ്റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ലൈംഗികതാ നിര്‍ണ്ണയ ഹോര്‍മോണ്‍ നിര്‍മ്മിക്കുക എന്നിവയാണ് ഈ ജീനുകള്‍ തങ്ങളിലുള്ള പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ആത്യന്തികമായി നടക്കുന്നത്. സ്ത്രൈണലൈംഗികാവയവങ്ങളുടെ വളര്‍ച്ച തടഞ്ഞുകൊണ്ടാണ് SRY ജീനും കൂട്ടരും തങ്ങളുടെ ആധിപത്യമുറപ്പാക്കുന്നത് എന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങള്‍ കാണിക്കുന്നത്. X ക്രോമസോമിന്റെ എണ്ണത്തിലെ ആധിക്യമോ കുറവോ കുട്ടിയില്‍ പൂര്‍ണമോ അപൂര്‍ണ്ണമോ ആയ സ്ത്രൈണതയുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നുമായി രണ്ട് എക്സ് ക്രോമസോം വരേണ്ട ഒരു പെണ്‍കുട്ടിക്ക് ഒരു എക്സ് ക്രോമസോം മാത്രം കിട്ടുന്ന അവസ്ഥയുണ്ടായാല്‍ ടേണേഴ്സ് സിന്‍ഡ്രോം (Turner's) ഉണ്ടാകുന്നു. ജൈവികമായി സ്ത്രീയാണെങ്കിലും (ovary, വികസിതമോ അവികസിതമോ ആയ ഗര്‍ഭപാത്രം ഉള്ളവര്‍ ) ആര്‍ത്തവമോ അണ്ഡോല്‍പ്പാദനമോ ഇല്ലാത്ത അവസ്ഥ. അല്പാല്പമായി പുരുഷ ലക്ഷണങ്ങള്‍ കാണാമെന്നല്ലാതെ ഇക്കൂട്ടരെ ഹിജഡ ഗ്രൂപ്പില്‍ പെടുത്താനാവില്ല. അപൂര്‍വ്വം ചിലര്‍ ഉണ്ടെങ്കിലും. മറ്റൊന്ന് ക്ലൈന്‍ഫെല്‍റ്റേഴ്സ് സിന്‍ഡ്രോം ആണ്. ജൈവികമായി ആണ്‍ കുട്ടിയെങ്കിലും ഒരു X ഒരു Y യും കൂടാതെ ഒരു X അധികമായി ഉണ്ടാകും ഇവരില്‍. (47,XXY) ചിലപ്പോള്‍ രണ്ടില്‍ കൂടുതല്‍ X കാണാം. എങ്ങനെയായാലും ഒരു Y എങ്കിലും ഉണ്ടെങ്കില്‍ ജൈവികമായി കുട്ടി ആണാണ്. അതായത് testicles-ഉം വൃഷണ സഞ്ചിയും (അവികസിതമായതെങ്കിലും) കാണാം. പക്ഷേ അധികമുള്ള X ക്രോമസോമിന്റെ പ്രഭാവം നിമിത്തം കുട്ടി വന്ധ്യനാകുന്നു. ഒപ്പം മുലയും അതുപോലുള്ള ചില സ്ത്രൈണ ഭാവങ്ങളും.

യഥാര്‍ത്ഥ ഇന്റര്‍ സെക്ഷ്വലുകള്‍ അഥവാ True hermaphroditism:
ആണാണോ പെണ്ണാണോ എന്ന് ലൈംഗികാവയവം നോക്കി പറയാനാവാത്ത അവസ്ഥയാണ് ശരിക്കും പറഞ്ഞാല്‍ ഇന്റര്‍സെക്ഷ്വലുകള്‍ . ഹിജഡകളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു വിഭാഗം ആണിത്. ഇതില്‍ തന്നെ രണ്ട് തരമുണ്ട്:
1) ലൈംഗികാവയവം ആണിന്റേതോ പെണിന്റേതോ എന്ന് വേര്‍തിരിക്കാനാവില്ലെങ്കിലും ക്രോമസോം നോക്കിയാല്‍ ആണോ പെണ്ണോ എന്ന് പറയാന്‍ പറ്റുന്നവര്‍ - മനുഷ്യരില്‍ ഇക്കൂട്ടരാണ് സാധാരണ ഇന്റര്‍സെക്ഷ്വലുകള്‍ എന്ന് ജൈവികമായ അര്‍ത്ഥത്തില്‍ വിളിക്കാവുന്നത്. 47,XXY എന്ന ക്രോമസോം ക്രമം വരുന്ന ചില ക്ലൈന്‍ഫെല്‍റ്ററുകള്‍ ഇങ്ങനെയുള്ളവരാണ്. മറ്റു ചിലരുടെ ശരീരത്തിലാകട്ടെ രണ്ട് തരം സെക്സ് ക്രോമസോം അറേയ്ഞ്ച്മെന്റ് കാണാം. ചില കോശങ്ങളില്‍ 46XX ഉം ചില കോശങ്ങളില്‍ 46XYഉം. (അല്ലെങ്കില്‍ 46XXയും 47XXYയും). ഇവരിലെല്ലാം എക്സും വൈയ്യും പല കോമ്പിനേഷനുകളില്‍ വരുന്നതുകാരണം ലൈംഗികാവയവങ്ങള്‍ പോലും ശരിക്ക് തിരിച്ചറിയാവുന്ന രീതിക്ക് വികാസം പ്രാപിക്കുന്നില്ല. വലിയൊരു വിഭാഗം ട്രാന്‍സ് സെക്ഷ്വലുകളും ഇങ്ങനെയുള്ള ഒരു പ്രശ്നവുമില്ലാത്തവരാണ് എന്നതാണ് വസ്തുത. അവരിലെ പ്രശ്നം ശാരീരികമായ ലൈംഗിക വ്യക്തിത്വമല്ല അവരുടെ മാനസിക വ്യക്തിത്വം എന്നതാണ്. ഇതിനു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗവേഷണങ്ങളുടെ പ്രധാന ഫോക്കസ് ഈസ്ട്രജന്‍, ആന്‍ഡ്രജന്‍ എന്നീ സ്ത്രീ/പുരു ഹോര്‍മോണുകള്‍ മസ്തിഷ്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലാണ്. പുരുഷനെ പുരുഷനാക്കുന്നത് അവന്റെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രജനുകളാണ്. സ്ത്രീയെ ഈസ്ട്രജനും.
ഇതിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളാണ് ആണ്‍ ശരീരത്തിലെ പെണ്‍ മനസിനും മറിച്ചും കാരണമാകുന്നതെന്നാണ് പ്രധാന തിയറി. (ഈയടുത്തും ഒരു പഠനം വന്നിരുന്നു ഒക്ടോബറില്‍ - കാലിഫോണിയ സര്‍വ്വകലാശാലയുടേയും ചില ഓസ്ട്രേലിയന്‍ ഗ്രൂപ്പുകളുടെയും സംയുക്ത പഠനം) ലൈംഗികതാ ഹോര്‍മോണിന്റെ അളവിലല്ല മറിച്ച് തലച്ചോര്‍ കോശങ്ങള്‍ അവയെ സ്വീകരിക്കുന്നതിന്റെ തോതിലാണ് പ്രശ്നമെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു. അതായത് തലച്ചോറില്‍ ഈ ഹോര്‍മോണുകളെ തിരിച്ചറിയുന്ന കോശസ്വീകരിണികള്‍ ജന്മനാ നഷ്ടപ്പെടുന്ന അവസ്ഥയാകാം കാരണമെന്ന് (ആത്യന്തികമായി ജീനുകളിലെ പ്രശ്നങ്ങള്‍ കാരണമാവാം ഇതും)

സ്വവര്‍‌ഗ്ഗരതിക്ക് നപുംസകത്വമായി നേരിട്ട് ബന്ധമൊന്നുമുള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നില്ല. ആണിന് ആണിനോടുള്ള ലൈംഗികാഭിനിവേശം ഹോര്‍മോണ്‍ വ്യതിയാനം മൂലമാകാം, വളര്‍ച്ചാഘട്ടത്തിലുണ്ടാവുന്ന മാനസിക വികാസവുമായി ബന്ധപ്പെട്ടതാവാം. ജനിതകമായ കാരണങ്ങളും കാണാം. ഹോമോസെക്ഷ്വലുകളെ ആകെ എടുത്താല്‍ അതിലെ ഒരു വിഭാഗം ആണ് പലപ്പോഴും നപുംസകവ്യക്തികള്‍ . ലൈംഗികാഭിനിവേശത്തിലെ വ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ ഹോമോ സെക്ഷ്വലുകള്‍ ഹെറ്ററോസെക്ഷ്വലുകള്‍ക്ക് തുല്യരാണ്.അവര്‍ മാനസികമായി അപരലൈംഗികത്വം കാംക്ഷിക്കുന്നില്ല. സ്വന്തം ലൈംഗിക സ്വത്വവുമായി ഒത്തുപോകാന്‍ അവര്‍ക്ക് പ്രശ്നങ്ങളുമില്ല. ഹിജഡ എന്ന് നാം വിളിക്കുന്ന ട്രാന്‍സ് സെക്ഷ്വലുകളാകട്ടെ മാനസികമായി അപരലൈംഗികത്വം കാംക്ഷിക്കുന്നവരാണ്. എതിര്‍ ലിംഗത്തിന്റെ രൂപവും, വേഷവും, ചേഷ്ടകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍.


ശാസ്‌ത്രീയമായ ഈ വിവരണം‌ ഹിജഡ എന്ന ഒരു വര്‍‌ഗ്ഗത്തിന്റെ ഉത്‌ഭവം‌ ജനിതകവൈകല്യമാണെന്ന്‌ അടിവരയിടുന്നുണ്ട്.
പ്രധാനമായും മൂന്നു രീതിയിലുള്ള ഹിജഡകളാണ് ഭാരതത്തിലുണ്ടെന്നു പറയപ്പെടുന്നത്. ഒന്നാമതായി മുന്‍പു വിവരിച്ച ഉഭയലിംഗത്തോടെ ജനിക്കുന്നവര്‍(ഹെര്‍മഫ്രോഡൈറ്റ് ). അവര്‍ക്ക്‌ പുരുഷന്റേയും സ്‌ത്രീയുടേയും പൂര്‍ണ്ണമാകാത്ത ജനനേന്ദ്രിയമായിരിക്കും ഉണ്ടാവുക. രണ്ടാമതായി തികച്ചും പുരുഷ ലിംഗത്തോടെ ജനിച്ചാലും സ്‌ത്രൈണപ്രകൃതിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ (മുന്‍പു വിവരിച്ച ശാസ്ത്രവിശകലനത്തിലെ Y ക്രോമസോമിന്റെയോ, SRY ജീനിന്റെയോ ഘടനാവ്യത്യാസം‌ കൊണ്ടോ, ടെസ്‌റ്റോറ്റിറോണ്‍‌ ഹോര്‍‌മ്മോണിന്റെ കുറവുകൊണ്ടോ ഒക്കെ സം‌ഭവിക്കാവുന്നവ വകഭേദം - ജന്മനാ നല്‍‌കപ്പെട്ട ലൈംഗികസ്വത്വത്തെ നിരാകരിക്കുകയും എതിര്‍ ലിംഗത്തിന്റെ മാനസിക, ശാരീരിക സ്വത്വം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍‌ ) ഇവര്‍ ലിംഗമാറ്റശസ്ത്രക്രിയയിലൂടെയും മറ്റും എതിര്‍‌ലിം‌ഗം‌ സ്വീകരിച്ചു (സ്‌ത്രീകളെപ്പോലെ) അവരുടെ ശരീരത്തിന്റെ ആവശ്യം അനുസരിച്ച ജീവിതം സുസാധിതമാക്കുന്നു.ജീവിക്കുന്നു.

മൂന്നാമത്തെ വിഭാഗം‌ ഇന്നത്തെ ഹിജഡകളുടെ പുതിയ തലമുറയില്‍‌ ഇല്ലാ എന്നു തന്നെ പറയാം‌. മുന്‍‌കാലങ്ങളില്‍‌ കുട്ടികളേയും‌ മറ്റും‌ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം ഹിജഡകളാക്കപ്പെടുന്നതായ ഒരു ആചാരം നിലവിലുണ്ടായിരുന്നു. ഒരു പക്ഷേ അങ്ങനെയൊരു തലമുറ ഉണ്ടായിരുന്നതിന്റെ പരിണിതഫലമാണ്‌ ഇന്നത്തെ ഹിജഡകളുടെ തലമുറയെ തെരുവോരങ്ങളില്‍ ഭിക്ഷ എടുപ്പിക്കുന്നതിലേക്കു സമൂഹം അകറ്റിനിര്‍ത്തിയത് എന്നതില്‍‌ സം‌ശയമില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയി ലിംഗച്‌ഛേദനംനടത്തി, ബഹുചരമാതാവിനു സമര്‍പ്പിക്കുന്ന അതിപ്രാകൃതമായ ചില കര്‍മ്മങ്ങള്‍ ഹിജഡകളുടെ മുന്‍തലമുറ അനുഷ്ഠിച്ചിരുന്നു. അതീവരഹ‌സ്യമായി ഇങ്ങനെ castration ചെയ്യുന്ന കുട്ടികള്‍ ഹിജഡകളായി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഹിജഡകളുടെ മന:ശാസ്‌ത്രം‌
ലൈംഗികത എന്നത്‌ വൈവിധ്യമാര്‍ന്നതും കരുണയില്ലാത്തതുമായ ഒരു സാമ്രാജ്യമാണ്‌. ഓരോരുത്തരിലും‌ തികച്ചും വ്യക്തിപരമായി അനുഭൂതമാകുന്ന അവസ്ഥാവിശേഷമാണ് അവനവനിലെ ലൈം‌ഗികത. സംസ്കാരത്തിനനുസരിച്ച്‌ ശരീരം വഴങ്ങിക്കൊടുക്കത്തിടത്ത്‌ അസാന്‍മാര്‍ഗ്ഗികത ആരോപിക്കപ്പെടുന്നു. ശരീരത്തിനു സംസ്കാരത്തെ ചുമക്കാനാകതെ വരുന്നിടത്ത്‌ അവനു തന്റെ വിനിമയശീലങ്ങളെ മാറ്റേണ്ടി വരുന്നു. ഇങ്ങനെ സംസ്‌കാരവും ശരീരവുമായി സമരസപ്പെടാത്ത ലൈംഗികതയാണ്‌ ഹിജഡകളുടേത്‌.

എല്ലാ ഹിജഡകളും സ്വവര്‍ഗ്ഗസംഭോഗികളാണെന്ന ഒരു പൊതുമാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തില്‍‌ സമൂഹം‌ അവരെ അങ്ങനെ വര്‍‌ഗ്ഗീകരിച്ചിരിക്കുന്നു. ഇവിടെ വലിയ ഒരു ശതമാനം വരെ ഇത്‌ സത്യവുമാണ്‌. ഈ "മൂന്നാം ലിംഗം" പുരുഷരൂപത്തില്‍ ജനിക്കുന്നെങ്കിലും ഉള്ളില്‍ ഒരു സ്‌ത്രീയുടെ ജീവിതമാണ്‌ ആഗ്രഹിക്കുന്നത്. സ്‌ത്രീകളെപ്പോലെ വസ്‌ത്രധാരണം നടത്താനും, ആഭരണങ്ങള്‍ അണിയാനും, നൃത്തം ചെയ്യാനുമൊക്കെ ആഗ്രഹിക്കുന്ന ഇവര്‍ തങ്ങളുടെ ലൈംഗികസംപൂര്‍ണ്ണതക്കും സ്‌ത്രീകളെപ്പോലെ തന്നെ പുരുഷന്മാരെയാണ്‌ ആഗ്രഹിക്കുന്നത്. പക്ഷേ സ്വന്തം‌ കിനാവുകളുടെ ആഴങ്ങളില്‍‌ സ്വയം‌ മറന്നൊന്നു മുഴുകാന്‍‌ ഇവര്‍‌ക്കു കഴിയില്ല എന്ന സത്യം‌ തിരിച്ചറിയപ്പെടുന്നതോടെ ഇവരിലെ അസന്തുഷ്‌ടമായ കാമനകളുടെ പേക്കൂത്തു പുറത്തേക്കു വരുന്നു. ഈ അസന്തുഷ്ഗ്ടി ഇവരെ പരിഹാസത്തിന്റെ പടുകുഴിയിലേക്കും‌ നൈരാശ്യത്തിന്റെ നിലയില്ലായ്‌മയിലേക്കും‌ ഒരേ സമയം‌ തള്ളിയിടുന്നു.

സ്‌ത്രീകളുടെ സഹജമായ ശാരീരിക മൃദുലതയോ, ആകാരസൌഷ്ഠവമോ, ശബ്ദസൌകുമാര്യമോ, രൂപസൌന്ദര്യമോ ഹിജഡകള്‍‍ക്കുണ്ടാകാറില്ല. ഒരു പുരുഷനു ലൈംഗികസംതൃപ്തി നല്‍കുന്ന, അവന്റെ ആസക്തിയുടെ ശമനതാളത്തിനായി അവന്‍ പ്രതീക്ഷിക്കുന്ന ആഴം‌ നല്‍‌കാനുള്ള ജനനേന്ദ്രിയവും‌ ഇവരില്ല. ഇതുകൊണ്ടു തന്നെ പുരുഷന്‍മാര്‍‌ ഇവരെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നു. പൊതുവേ അക്രമാസക്തര്‍‌ എന്നു മുദ്രകുത്തപ്പെട്ട ഹിജഡകള്‍‌ ഏതുനേരത്തും തന്റെ പൌരുഷത്വത്തിനുമേല്‍ വൃത്തിഹീനമായ ഒരു കടന്നുകയറ്റം നടത്തുമോ എന്നു പുരുഷന്‍‌ ഭയക്കുകയും ചെയ്യുന്നു. ട്രെയിനിലും‌ പൊതുസ്‌ഥലങ്ങളിലും‌ വെച്ച്‌ തന്റെ പൌരുഷം കടന്നാക്രമിക്കപ്പെടാതിരിക്കാനാണു പലപ്പോഴും എന്തെങ്കിലും ഭിക്ഷയായി കൊടുത്ത്‌ ഇവരില്‍ നിന്നും രക്ഷപ്പെടുന്നതെന്നാണ് മും‌ബായിലെ ഒരു ഒരു സുഹൃത്ത്‌ പറഞ്ഞത്.

ശമനോപാധിയില്ലാത്ത ലൈംഗികത, നിരാകരണത്തിന്റെ വേദന, സ്വന്തം രൂപത്തോടുള്ള വെറുപ്പ്‌, പ്രകടിപ്പിക്കാനാകാത്ത വിചാരങ്ങള്‍, നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം‌, തൊഴില്‍‌ ചെയ്യാനുള്ള അവസരമില്ലായ്‌മ, സ്‌നേഹവും സന്തോഷവും പങ്കിടാന്‍ കൂട്ടാളിയില്ലാത്ത വേദന, ഇതെല്ലാം ഇവരെ സമൂഹത്തിനുനേരെ ഗോഷ്ടി കാട്ടി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.

ഭാര്യയോടും‌ കുടും‌ബത്തോടും‌ കൂടി താമസിക്കുകയും‌ ധാര്‍‌മ്മികമായ അച്ചടക്കം‌ പാലിക്കുകയും‌ ചെയ്തുകൊണ്ടിരിക്കെത്തന്നെ ശരീരത്തിന്റെ ആവശ്യങ്ങളില്‍‌ അച്ചടക്കം‌ പാലിക്കാന്‍‍‌ കഴിയാത്ത വലിയ ഒരു പുരുഷവിഭാഗം‌ നമ്മുടെ സമൂഹത്തിലുണ്ട്. കപടസദാചാരത്തിന്റെ കൊടിപിടിക്കുന്നവരാണിവര്‍. പുരുഷനില്‍‌ നിന്നുള്ള വദനസുരതത്തോടും‌ ഗുദഭോഗത്തോടും‌ ആസക്തിയുള്ള ഈ ഒരു വിഭാഗം സമൂഹത്തില്‍ നിലനില്ക്കുന്നുണ്ടെന്നതാണ്‌ ഹിജഡകളുടെ ലൈംഗികപൂരണത്തിനുള്ള ആശ്വാസം. ഇരുളിന്റെ മറവില്‍ ഹിജഡകളുടെ ദൃഢശരീരങ്ങളില്‍ വികാരശമനം കണ്ടെത്തുന്നവര്‍ പകലിന്റെ വെളിച്ചത്തില്‍ ഇവരെ 'ഛക്ക' 'കോത്തി' 'അറവാണി' 'പാവയ്യ' 'യെല്ലമ്മ' 'ഖുസ്ര', 'ഷണ്ഡന്‍', 'യൂനക്‌ 'എന്നൊക്കെ വിവിധ പേരുകളില്‍ വിളിച്ചു പരിഹസിക്കുന്നു.

ഹിജഡകളുടെ ജീവിതക്രമങ്ങള്‍‌
ഭഗവാന്‍ ശ്രീരാമന്‍ അനുഗ്രഹിച്ചതിനാലും, പൌരുഷം ബഹുചരമാതാവിനു നല്‍കിയതിനാല്‍ 'ദേവീപ്രീതി' ലഭിച്ചതിനാലും ഹിജഡകള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും അവര്‍ക്ക്‌ അന്യരെ അനുഗ്രഹിക്കാനും‌ ശപിക്കാനും‌ കഴിവുള്ളവരാണെന്നുമുള്ള ഒരു വിശ്വാസം വടക്കേ ഇന്ത്യയില്‍ പ്രബലമായി നിലനില്‍ക്കുന്നു. വടക്കേ ഇന്ത്യയില്‍ ഹിജഡകളെ അനുഗ്രഹത്തിനായി ക്ഷണിക്കുന്ന വിവിധ ചടങ്ങുകളുണ്ട്.

വിവാഹത്തലേന്ന് വധുവിന് ദീര്‍ഘസുമംഗലിയായിരിക്കാനും വിവാഹത്തോടെ സല്‍‌സന്താനങ്ങളുണ്ടാകുവാനും‌ ഹിജഡകളുടെ അനുഗ്രഹം വേണമെന്ന ഒരു വിശ്വാസമുണ്ട്. സ്‌ത്രീകള്‍ ദീര്‍ഘനാള്‍ ഗര്‍ഭിണിയാകാതിരുന്നാല്‍ ഹിജഡകളെ വീട്ടില്‍ വിളിച്ചുവരുത്തി പാടിച്ചും ആടിച്ചും അനുഗ്രഹം തേടുന്നവരുണ്ട്.

ഏതെങ്കിലും വീട്ടില്‍ ഒരു കുട്ടി ജനിച്ചാല്‍ , പ്രത്യേകിച്ചും ആണ്‍കുട്ടിയെങ്കില്‍, ഹിജഡകള്‍ ആ വീടുകളില്‍ വന്ന്‌ നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നു. ജനിച്ച കുട്ടിയെ ഹിജഡകള്‍ കൈകളില്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കുന്നതോടൊപ്പം‌ അതിന്റെ ലിംഗനിര്‍ണ്ണയം നടത്തുകയും‌ ചെയ്യുന്നു. കുട്ടി ഒരു ഹിജഡയായാണോ ജനിച്ചതെന്നറിയാനാണ്‌ അങ്ങനെ ചെയ്യുന്നത്. ഒരു ഹെര്‍മഫ്രോഡൈറ്റായിട്ടാണു കുഞ്ഞു ജനിച്ചതെങ്കില്‍ അവര്‍ കുട്ടിയെ അവരുടെ കൂട്ടത്തിലേക്കു കൊടുക്കാനായി ആവശ്യപ്പെടും. വടക്കേ ഇന്ത്യയില്‍ അങ്ങനെ കുഞ്ഞിനെ കൈമാറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി സിയാ ജഫ്രിയുടെ ‘ദി ഇന്‍‌വിസിബിള്‍‌സ്‌ ‘എന്ന ബുക്കില്‍ വിവരിച്ചിട്ടുണ്ട്.

പ്രസവിക്കാനോ, പ്രസവിപ്പിക്കാനോ കഴിവില്ലാത്ത ഒരു വിഭാഗം ഇങ്ങനെയുള്ള അനുഗ്രഹങ്ങള്‍ നല്‍കുന്നതിലെ വിരോധാഭാസം സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. പക്ഷേ ഈ ഒരു അന്ധവിശ്വാസം ഇപ്പോഴും‌ വടക്കേ ഇന്ത്യന്‍‌ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ്‌ ഹിജഡകളുടെ ഏക ആശ്വാസം. സമൂഹത്തിനു തങ്ങളെ ഇതിനായി വേണമെന്ന ഒരു വിശ്വാസത്തിന്റെ വള്ളിയില്‍ തൂങ്ങി ഈ ജന്‍മങ്ങള്‍ വികൃതമായി ആടിയും പരുഷശബ്ദങ്ങളില്‍ അപസ്വരങ്ങള്‍ പാടിയും ജീവിക്കുന്നു. ഇവരുടെ പാട്ടുകള്‍ കൂടുതലും സ്‌ത്രീകളിലെ ഗര്‍ഭാവസ്ഥകളെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ ആയിരിക്കും. ചിലര്‍ ഹിന്ദിയിലും, ചിലര്‍ കൊങ്കിണിയിലും, കന്നടയിലുമൊക്കെയാണ്‌ ഈ പാട്ടുകള്‍ പാടുന്നത്.

റേഡിയോയും, ടെലിവിഷനും ഒക്കെ പ്രചാരത്തിലാകുന്നതിനു മുന്‍പുള്ള കാലങ്ങളില്‍‌ വടക്കേ ഇന്ത്യയില്‍ പുരുഷന്‍മാര്‍ മാനസികോല്ലാസത്തിനായി ഗ്രാമവീഥികളില്‍ ഹിജഡകളുടെ നൃത്തങ്ങളും, നൌട്ടങ്കികളും സംഘടിപ്പിച്ചിരുന്നതായി ചരിത്രങ്ങള്‍ പറയുന്നു.

കേരളസമൂഹത്തില്‍ ഹിജഡകളെ കാണാത്തതിന്റെ പ്രധാനകാരണം‌ വടക്കേ ഇന്ത്യയിലെപ്പോലെ അവരുടെ നിലനില്‍പ്പിനു ഉപോത്ബലകമായ അന്ധവിശ്വാസാ‍ധിഷ്ഠിതമായ ആചാരം‌ ഇവിടില്ല എന്നതിനാലാണ്. മാത്രമല്ല, ഇവരോട്‌ വളരെയേറെ അസഹിഷ്ണുതയാണ്‌ കേരള സമൂഹം കാണിക്കുന്നതെന്നും‌, കേരളത്തിലെ പരിഹാസം ഇതര സമൂഹത്തിലെ പരിഹാസത്തേക്കാള്‍ വേദനാജനകമാണെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഹിജഡകളുടെ ആചാരക്രമങ്ങള്‍‌‌
ഹിജഡകളെ വളരെ ഭീതിയോടെയും‌ ഭയത്തോടെയുമാണ് ബഹുഭൂരിപക്ഷവും‌ നോക്കിക്കാണുന്നത്. അതിന് അവരെ പ്രേരിപ്പിക്കുന്നത് ഇവര്‍‌ അനുശീലിക്കുന്നുവെന്നു പറയപ്പെടുന്ന അതിപ്രാകൃതമായ ചില ആചാരങ്ങളെക്കുറിച്ചുള്ള പിന്നാമ്പുറക്കഥകളാണ്. പുരുഷലിം‌ഗത്തോടെ ജനിക്കുകയും‌ സ്‌ത്രീയെപ്പോലെ ജീവിക്കുകയും‌ ചെയ്യാനാഗ്രഹിക്കുന്നവരും, ഹിജഡകള്‍ തട്ടിക്കൊണ്ടുവരുന്നവരുമൊക്കെ ‌ സ്വന്തം‌ ലിം‌ഗം‌ മുറിച്ചുമാറ്റിയെങ്കില്‍‌ മാത്രമേ ഹിജഡകളുടെ സം‌ഘത്തില്‍‌ ചേരാന്‍‌ സാധിക്കുകയുള്ളുവെന്നും‌ അതിക്രൂരമായ രീതിയില്‍‌ നിര്‍‌ബന്ധിതമായി ലിം‌ഗം‌ മുറിച്ചുമാറ്റപ്പെടുന്നു എന്നൊക്കെയുള്ള കഥകളാണ് ഇവരെ സമൂഹത്തില്‍‌ നിന്നും‌ വളരെയധികം‌ അകറ്റിക്കളഞ്ഞത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ കൈയ്യടക്കുന്നതു വരെ ഹിജഡകള്‍ തെരുവില്‍ ഭിക്ഷ യാചിച്ചു നടന്നിരുന്നില്ല. ഹിജഡകള്‍ക്ക്‌ ഇന്ത്യന്‍ സമൂഹത്തില്‍ അവരുടേതായ ഒരു സ്ഥാനമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ഹിജഡകളെ പ്രകൃതിവിരുദ്ധ ലൈംഗികത അനുശീലിക്കുന്നവര്‍‌ എന്ന ലേബലില്‍‌ ‘ ആര്‍ട്ടിക്കിള്‍ 377‘ എന്ന നിയമപരിധിക്കുള്ളിലാക്കി ഒരു സാമൂഹികശാപമായി ക്ലാസ്സിഫൈ ചെയ്തതോടെ ഇവരെ നിയമപാലകരും‌ സമൂഹവും‌ വേട്ടയാടാന്‍‌ തുടങ്ങി‌. മനുഷ്യനായി ജനിച്ചുപോയതിനാല്‍‌ ജീവന്‍‌ നിലനിര്‍‌ത്താനായാണ്‌ ഇവര്‍‌ നിത്യവൃത്തിക്കായി ഭിക്ഷ യാചിക്കാനായും വേശ്യാവൃത്തിക്കുമായി പിന്നെ തെരുവിലേക്കിറങ്ങിയത്.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ചില പാശ്‌ചാത്യ സാമൂഹ്യശാസ്ത്രജ്ഞന്‍‌മാര്‍ ഇന്ത്യയിലെ ഹിജഡകളുടെ ജീവിതരീതിയെ വികലമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതു ചര്‍‌വിതചര്‍‌വണമായി സമൂഹത്തില്‍‌ പ്രചരിക്കുകയും‌ പിന്നീടു വന്നവരെല്ലാം‌ അതേറ്റുപാടുകയും‌ ചെയ്തു എന്നതാണ് ഹിജഡകളെ ഇത്തരം‌ ഒരു ദുര്‍‌വിധിയിലേക്കെത്തിച്ചത്. അവര്‍‌ പറഞ്ഞു പരത്തിയ കഥകളിലെ നേരും‌ പതിരും‌ തിരിച്ചറിയാനകാതെ തങ്ങളുടെ മുന്‍‌ഗാമികള്‍ കൂട്ടിമുട്ടിച്ചിടത്തേക്ക്‌ തങ്ങളും‌ അറിഞ്ഞും‌ അറിയാതെയും‌ ചെന്നെത്തുന്നു എന്നു മാത്രമാണ് ഇന്നത്തെ തലമുറയിലെ ഓരോ ഹിജഡകള്‍‌ക്കും‌ പറയാനുള്ളത്.

സമൂഹത്തില്‍‌ പ്രചരിച്ചുവരുന്ന കഥകള്‍‌ ഇങ്ങനെയാണ്.

പുരുഷലിം‌ഗത്തോടെ ജനിക്കുന്ന ഹിജഡകള്‍‌ യഥാര്‍ത്ഥ ഹിജഡയായി ജീവിക്കുവാനാഗ്രഹിക്കുന്നുവെങ്കില്‍‌ ചില ആചാരങ്ങള്‍‍ക്കു വിധേയരാകേണ്ടതാണ്‌. അതില്‍ പ്രധാനം 'നിര്‍വാണ്‍' എന്ന 'വിശുദ്ധ ശസ്ത്രക്രിയ' ആണ്‌. പുരുഷനായി ജനിച്ചുപോയതിനാല്‍ അവനിലെ ലിംഗം മുറിച്ചുമാറ്റി, അവസാനത്തെ പൌരുഷവും ആ ശരീരത്തില്‍ നിന്നും ചോര്‍ത്തിക്കളയുന്ന ഓപ്പറേഷനാണ്‌ പുനര്‍ജ്ജന്‍മം എന്നു വിശ്വസിക്കുന്ന 'നിര്‍വാണ്‍' ശസ്‌ത്രക്രിയ. ശിവപുരാണത്തില്‍ ശിവന്‍ ലിംഗം പറിച്ചെറിഞ്ഞ കഥയുടെ പിന്‍ബലത്തിലാണ്‌ പ്രാകൃതമായ ഈ ആചാരം അനുഷ്ഠിച്ചുപോന്നത്.

ബഹുചരമാതാവിന്റെ യോനിയിലേക്കു സമര്‍പ്പിക്കാനെന്ന വിശ്വാസത്തില്‍ ഒരാളിലെ ലിംഗം അതിപ്രാകൃതമായ രീതിയില്‍ മുറിച്ചു മാറ്റുന്നതാണ്‌ ഈ ശസ്ത്രക്രിയ. സ്വേച്‌ഛയാ ഹിജഡയാകാന്‍ എത്തുന്നവര്‍ ഈ വിശുദ്ധ ശസ്ത്രക്രിയയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തണം. ഹിജഡയാകാനെത്തുന്നവര്‍ക്ക്‌ ഒരു സ്‌പോണ്‍‌സര്‍‌ ഉണ്ടായിരിക്കും‌.അയാള്‍‌ ‘ഗുരു’ എന്നാണറിയപ്പെടുന്നത്. ഗുരുവിന്റെ നേതൃത്വത്തില്‍ ആദ്യദിവസങ്ങളില്‍‌ ബഹുചരമാതാവിനെ സ്‌തുതിച്ചു പ്രാര്‍ത്ഥിക്കണം. അതിനു ശേഷം ഈ ശസ്ത്രക്രിയക്കായി തേങ്ങയുടച്ച്‌ ഒരു ശുഭദിവസം കണ്ടെത്തും. തേങ്ങ രണ്ടായി പിളര്‍ന്നില്ലെങ്കില്‍ ഈ ആളിനെ ഹിജഡയാക്കാന്‍ ദേവി കനിഞ്ഞിട്ടില്ലാ എന്നാണ്‌ സങ്കല്‍പ്പം. ശസ്ത്രക്രിയക്കു ശുഭദിവസം തീരുമാനിച്ചു കഴിഞ്ഞാല്‍ കുറച്ചു ദിവസം അയാളെ വിശ്രമത്തിനായി വിടും. ഈ ദിവസങ്ങളില്‍ അയാള്‍‍ ഒരു പുരുഷനുമായും ലൈംഗികബന്ധം പുലര്‍ത്താന്‍ പാടില്ല.

ശസ്ത്രക്രിയ നടത്തുന്ന പ്രധാനിയായ ഹിജഡയെ 'ദായി മാതാ' എന്നാണറിയപ്പെടുന്നത്. ശസ്ത്രക്രിയ ചെയ്യുന്നതിനു മുന്‍പായി ബഹുചരമാതാവിനെ സ്‌തുതിച്ച്‌ ഉച്ചത്തിലുള്ള നാമമന്ത്രജപത്തിലൂടെ ആളിനെ ബോധരഹിതമാക്കും. അതിനു ശേഷം ദായിമാതാ അയാളുടെ ലിം‌ഗം‌ വൃഷണത്തോടു ചേര്‍‌ത്തു ഒരു സില്‍ക്കു നൂലിനാല്‍ വരിഞ്ഞു മുറുക്കി കെട്ടും. ഇതില്‍ പ്രാവീണ്യവും പരിചയവുമുള്ള മറ്റു ഹിജഡകള്‍ ദായിമാതായെ സഹായിക്കും‌. അമിതമായ രക്തസ്രാവം‌ തടയാനാണ് നൂലുകൊണ്ടു വരിഞ്ഞുമുറുക്കി കെട്ടുന്നത്. കെട്ടിവരിഞ്ഞുമുറുക്കിയ ലിംഗം അടിഭാഗത്തോടു കൂട്ടി ദായി മാതാ മുറിച്ചു മാറ്റും. മുറിച്ചെടുത്ത ലിംഗം ബഹുചരമാതാവിനെ സങ്കല്‍പ്പിച്ചു ഒരു മരച്ചുവട്ടില്‍ കുഴിച്ചിടും. ലിംഗം മുറിച്ചു മാറ്റിയിടത്തുനിന്നും ഒഴുകുന്ന രക്തസ്രവത്തെ തടയില്ല. മുഴുവന്‍ രക്തവും ഒഴുകിത്തീരുന്നതു വരെ ആ വ്യക്തിയെ അതേ അവസ്ഥയില്‍ നിലനിര്‍ത്തും. ഒഴുകുന്നത്‌ ആ വ്യക്തിയിലെ 'ചീത്ത പുരുഷ രക്ത' മാണെന്നാണ്‌ വിശ്വാസം. രക്തസ്രവം ശരിക്കും നടന്നെങ്കിലേ ആ വ്യക്തിയിലെ അവസാന പുരുഷത്വവും നഷ്ടപ്പെടുകയുള്ളൂ എന്നാണ്‌ വിശ്വാസം.

മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഈ ദിവസങ്ങള്‍ ഇവര്‍ക്ക്‌ സ്ത്രീകളുടെ പ്രസവാവധി പോലെയാണെന്നാണ്‌ പറയുന്നത്‌. ശസ്ത്രക്രിയക്കു ശേഷം 40-50 ദിവസം ഇവര്‍ പരിപൂര്‍ണ്ണ വിശ്രമത്തിലായിരിക്കും. ഇവരുടെ ഗുരുവായിരിക്കും ഈ സമയത്ത്‌ ഹിജഡയെ ശുശ്രൂഷിക്കുന്നത്. ഈ ദിവസങ്ങളില്‍ ശരിക്കും ഛര്‍ദ്ദിലുണ്ടാക്കും‌ വിധമുള്ള ഭക്ഷണമായിരിക്കും ഇവര്‍ക്കു നല്‍കുക. കാരണം ഉള്ളിന്റെയുള്ളിലെ അവസാന 'പുരുഷഭാവത്തേയും' വിസര്‍ജ്ജിപ്പിക്കുന്നതിനായിട്ടാണിങ്ങനെ ചെയ്യുന്നതത്രേ. ശസ്ത്രക്രിയ വിജയകരമായി സുഖംപ്രാപിച്ചെത്തുന്ന ഹിജഡയെ ഗുരുവും മറ്റു സം‌ഘാം‌ഗങ്ങളും‌ പുതിയ സ്‌ത്രീ വേഷങ്ങളും ആഭരരണങ്ങളും കൊടുത്തു സംഘത്തില്‍ അംഗമാക്കിച്ചേര്‍ത്തു സ്വീകരിക്കുന്നു. ഈ ശസ്ത്രക്രിയക്കുശേഷം ഇവര്‍ക്കു മറ്റുള്ളവരെ അനുഗ്രഹിക്കാനും ശപിക്കാനുമൊക്കെയുള്ള കഴിവു ബഹുചരമാതാവു കനിഞ്ഞുനല്‍കുമെന്നു വിശ്വസിക്കുന്നു.

ഈ കഥകളിലൂടെ ഹിജഡകളെക്കുറിച്ചു ഭീതദമായ ഒരു രൂപം‌ സമൂഹത്തിനു മുന്നില്‍‌ കോറിയിടാന്‍‌ കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് ഇന്നിവര്‍‌ ചുമക്കുന്ന ഭ്രഷ്ടിന്റെ ആണിക്കല്ല്‌. ഭാരതത്തില്‍ ഇത്ര ഹീനമായ രീതിയില്‍ ഒരു കര്‍മ്മം വളരെ രഹസ്യമായി നടന്നുവന്നിരുന്നു എന്നു പറയപ്പെടുന്നുവെങ്കില്‍‌ അതില്‍‌ അതിശയപ്പെടേണ്ടതായി ഒന്നുമില്ല. പ്രാകൃതമായ രീതിയില്‍ സ്‌ത്രീകളുടേ ഗര്‍ഭം അലസിപ്പിക്കുകയും, ഭ്രാന്തിനു ചികിത്സിക്കുകയും, രോഗശാന്തി നടത്തുകയും‌ മറ്റും‌ ചെയ്തിരുന്ന ഭാരതത്തില്‍‌ ഹിജഡകള്‍ ലിം‌ഗം‌ ദേവിക്കു ഹോമിക്കുന്ന ഒരു ആചാരവും‌ നിലനിന്നിരുന്നു എന്നതില്‍ അതിശയോക്തിക്കു വകയില്ല.

ഇരുപത്തൊന്നാം‌ നൂറ്റാണ്ടിലും‌ ഭാരതം‌ അന്ധവിശ്വാസങ്ങളുടെ പിടിയില്‍‌ കിടന്നു പിടയുന്ന കാഴ്ച നമ്മള്‍‌ നിത്യം‌ കണ്ടുകൊണ്ടിരിക്കുന്നുവല്ലോ. ഈ കാലഘട്ടത്തിലും പിതാവിന്റെ ദുര്‍ദശ മാറാന്‍ സ്വന്തം കുഞ്ഞിനെ കുരുതികൊടുക്കുന്നവരും‍, ദീര്‍ഘസുമംഗലിയായിരിക്കാന്‍ സന്യാസിയുടെ ലിംഗം തൊട്ടു നമസ്‌കരിക്കുന്നവരുമൊക്കെയുള്ള നമ്മുടെ നാട്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇങ്ങനെ ഒരു അനാചാരം നിലനിന്നിരുന്നുവെങ്കില്‍ അത്‌ അക്കാലങ്ങളിലെ ഒരു ആചാരം മാത്രമായിരുന്നിരിക്കണം.

ഭാഗ്യവശാല്‍‌ ഇതേരീരിയിലുള്ള പ്രാകൃത ശസ്ത്രക്രിയകള്‍ ഇപ്പോള്‍ നടക്കുന്നില്ല. ഇന്നു ലിം‌ഗമാറ്റ ശസ്‌ത്രക്രിയ വളരെയേറെ സാധാരണമായിക്കഴിഞ്ഞു. ലൈം‌ഗികതയെ അടക്കിശീലിക്കുന്ന ഇസ്ലാം‌രാജ്യങ്ങളില്‍‌പോലും‌ ഇന്നു ലിം‌ഗമാറ്റ ശസ്‌ത്രക്രിയ സര്‍‌വസാധാരണമാണ്. സാംസ്‌കാരികമായ പുരോഗതി എല്ലാ വര്‍ഗ്ഗങ്ങളിലുമെന്നതുപോലെ ഈ ജനവിഭാഗങ്ങളിലുമുണ്ട്. നന്നായി ഇംഗ്ലീഷു സംസാരിക്കുന്നവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഒക്കെ ഇന്നു ഈ വിഭാഗങ്ങളുടെയിടയിലുണ്ട്. ഇവരെ ഈ യൂട്യൂബിലൊന്നു കണ്ടുനോക്കു.

ഹിജഡകളുടെ ആവാസക്രമങ്ങള്‍
പുരാതനകാലങ്ങളിലുണ്ടായിരുന്ന വിധം ഒരു തരം കൂട്ടുകുടുംബ സമ്പ്രദായമാണ്‌ ഹിജഡകളുടെ ഇടയില്‍ നിലനില്‍ക്കുന്നത്. ഇവര്‍ പ്രധാനമായും 7 കുടുംബങ്ങളായാണ്‌ നിലനില്‍ക്കുന്നത്‌. ഓരോ കുടുംബത്തിന്റേയും നാഥനെ 'ഗുരു' എന്നാണറിയപ്പെടുന്നത്. ഒരു ഗുരുവിന്റെ കീഴിലുള്ള ശിഷ്യരെല്ലാം ആ ഗുരുവിന്റെ കുടുംബാംഗങ്ങളായിരിക്കും;അവര്‍ 'ചേല' എന്നാണറിയപ്പെടുന്നത്. ഹിജഡയാകാന്‍ താത്പര്യമുള്ളവരെ ഒരു ഗുരു സ്‌പോണ്‍സര്‍ ചെയ്തിരിക്കണം. ഏതു ഗുരുവാണോ ഒരാളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ അയാള്‍ ആ ഗുരുവിന്റെ കുടുംബാംഗമായി മാറുന്നു. ഗുരുവും ചേലയും തമ്മില്‍ വളരെ ദൃഢതരമായ ഒരു ബന്ധവും വിശ്വാസവും നിലനിന്നു പോരുന്നുണ്ട്. ഏതെങ്കിലുംഒരു ഹിജഡക്കു ഒരു പുരുഷനെ വിവാഹം കഴിച്ചു കുടുംബമായി ജീവിക്കാനാഗ്രമുണ്ടെങ്കില്‍ അതിനു ഗുരുവിന്റെ അനുവാദവും സമ്മതവുമൊക്കെ ആവശ്യമാണ്‌.

തെരുവുകളില്‍ നിന്നു കിട്ടുന്ന ഭിക്ഷ, വേശ്യാവൃത്തിയില്‍ നിന്നുള്ള വരുമാനം, പ്രസവം നടന്ന വീടുകളിലും, വിവാഹംനടക്കാന്‍ പോകുന്ന വീടുകളിലും പോയി ആടിയും പാടിയും കിട്ടുന്ന തുക, ഇതൊക്കെയാണ്‌ ഹിജഡകളുടെ പ്രധാന വരുമാനമാര്‍ഗ്ഗം . ഇവര്‍ കൂട്ടം കൂട്ടമായി ചേര്‍ന്നാണ്‌ ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നത്. ഇവരുടെ വരുമാനത്തിന്റെ 50% ഇവരുടെ ഗുരുവിനു കൊടുക്കണം. 25% വീട്ടുചിലവിനും, 25% അംഗങ്ങള്‍ക്കായും വീതിച്ചെടുക്കും. ചില ഗ്രൂപ്പില്‍ 75% ഗുരുവിനു കൊടുക്കണം. ഇവിടെ ഗുരുവാണ്‌ അവരുടെ വീട്ടുചിലവുകളെല്ലാം നോക്കി നടത്തുന്നത്.

ജീവിക്കുവാനുള്ള ആര്‍ത്തി കൊണ്ടും‌ ശരീരത്തിന്റെ ആര്‍‌ത്തികൊണ്ടും‌ വേശ്യാവൃത്തി ചെയ്യുന്ന ഹിജഡകളുണ്ട്. ചില ഗുരുക്കള്‍ അവരുടെ ചേലകളെ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കാറുണ്ട്. താഴേക്കിടയിലുള്ള നല്ല ഒരു ശതമാനം ഹിജഡകളും പുരുഷവേശ്യകളായി തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ജീവിക്കുവാന്‍ വേറൊരു മാര്‍ഗ്ഗവുമില്ലാത്തവര്‍ ശരീരം ചോദിക്കുന്നവര്‍ക്കു തുച്ഛമായ വിലക്കു വിറ്റു ആഹാരത്തിനു വക തേടുന്നു. എന്നു കരുതി എല്ലാ ഹിജഡകളും പുരുഷവേശ്യകളല്ല. പുരുഷന്‍മാര്‍ക്ക്‌ മസ്സാജ്‌ ചെയ്തുകൊടുക്കുന്ന മസ്സാജ്‌ പാര്‍ലറുകളിലും മറ്റും ഹിജഡകളെ ജോലിക്കു വെക്കുന്നുണ്ട്. പുരുഷശരീരത്തോടുള്ള അവരുടെ ആസക്തി കൊണ്ടാകാം കൂടുതല്‍ ഹിജഡകളും ഈ തൊഴിലിനോടു വലിയ പ്രതിപത്തി സൂക്ഷിക്കുന്നു.

സ്വവര്‍ഗ്ഗരതിയില്‍ ദാതാവും സ്വീകര്‍ത്താവുമുണ്ടെന്നു മുന്‍പു സൂചിപ്പിച്ചുവല്ലോ. ഇതില്‍ സ്വീകര്‍ത്താവിന്റെ സ്ഥാനത്താണ്‌ ഹിജഡകളുള്ളത്. എന്നാല്‍ ചില ദാതാക്കള്‍, ലിംഗത്തോടുകൂടിയ പുരുഷനെ ഭോഗിക്കുന്നതിനോടു വൈമുഖ്യമുള്ളവരായിരിക്കും. അത്തരക്കര്‍ക്ക്‌ ഹിജഡകളെ ഭോഗിക്കുന്നതിലാണിഷ്ടം. ജീവിക്കാന്‍ പ്രകൃതി ഹിജഡകള്‍ക്കു നല്‍ല്കിയിരിക്കുന്ന മറ്റൊരു ഔദാര്യമെന്നല്ലാതെ ഈ സ്വഭാവമുള്ള പുരുഷന്‍മാരെക്കുറിച്ചു എന്തുപറയാന്‍? ലൈംഗികതയുടെ പ്രവചനങ്ങളെയെല്ലാം തെറ്റിക്കുന്ന എത്രയെത്ര രീതികള്‍!!!

ഹിജഡകള്‍ പൊതുവായി ബഹുചരമാതാവിനെ പൂജിക്കുന്നുണ്ടെങ്കിലും ഇവരില്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരുണ്ട്. റമദാന്‍ നാളുകളില്‍ വ്രതമെടുക്കുന്ന ഹിജഡകളുണ്ട്. ഒരിക്കല്‍ ഹിജഡയായി കഴിഞ്ഞാല്‍ അവര്‍ പൂര്‍വാശ്രമത്തിലെ പേരുകള്‍ ഉപേക്ഷിച്ചു സ്‌ത്രീനാമങ്ങള്‍ സ്വീകരിക്കുന്നു. ഹിജഡകള്‍ സ്‌ത്രീ പേരുകള്‍ വിളിച്ചാണ്‌ പരസ്പരം അഭിസംബോധന ചെയ്യുന്നത്. ഹിന്ദു സ്‌ത്രീനാമങ്ങള്‍ക്കു പുറമേ റസിയ, ജമീല, റംല തുടങ്ങിയ ഇസ്ലാം പേരുകളുള്ളവര്‍ ഇസ്ലാം വിശ്വാസത്തില്‍ തുടരുന്നു. ഇവരിലും പ്രകടമായ ജാതീയമായ ചില വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഹിന്ദു ഹിജഡകള്‍ ഇസ്ലാം ഹിജഡകളോടൊത്തു താമസിക്കാറില്ല.

ഹിജഡയായി ജനിച്ചവര്‍, ഹിജഡയാക്കപ്പെട്ടവരേക്കാള്‍ മുന്‍നിരയിലാണെന്നും ഇവര്‍ 'കുലീനരാ'ണെന്നുമുള്ള ഒരു വേര്‍തിരിവുണ്ട്. മതം മാറി വന്നവരോടു കാണിക്കുന്നതുപോലുള്ള വിവേചനമാണ്‌ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഹിജഡകള്‍ക്കിടയില്‍ വഴക്കും കുടുംബസ്‌പര്‍ദ്ധയും നിത്യസംഭവങ്ങളാണ്‌. ഇവര്‍ക്കിടയിലെ വഴക്ക് ഒത്തുതീര്‍ക്കുന്നതും, മദ്ധ്യസ്‌ഥത വഹിക്കുന്നതും ഒക്കെ 'ലഷ്‌കര്‍വാലാ' എന്ന ഒരു ജനറല്‍ ബോഡിയാണ്‌.

സ്‌ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങി നടക്കാനും, പുരുഷനെ പുണര്‍ന്നുറങ്ങാനും കൊതിക്കുന്ന ഹിജഡകള്‍ ഭാരതത്തിലെ സ്‌ത്രീകള്‍ കാണിക്കുന്ന ചില സാമൂഹികമര്യാദകള്‍ കാണിക്കുന്നതില്‍ നിന്നും ബഹുദൂരം പിന്നിലാണെന്നതാണ്‌ ഇവരെ പരിഹാസപാത്രമാക്കുന്നത്. ഇവര്‍ പൊതു നിരത്തില്‍ വികൃതനൃത്തം ചെയ്യുകയും പാടുകയും വികൃതമായ ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്നു.

വടക്കേ ഇന്ത്യയിലെ വലിയ ഒരു വിഭാഗം ജനങ്ങളും ഹിജഡകളൂടെ ഗുഹ്യഭാഗം കാണുന്നത്‌ ദുര്യോഗങ്ങള്‍ വിളിച്ചുവരുത്തുമെന്നു വിശ്വസിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളോട് അനുനയം കാണിക്കാത്ത പുരുഷനെ പൊതുനിരത്തില്‍ പരിഹസിക്കുകയും, തന്റെ 'ജനനേന്ദ്രിയം' ആഭാസമായ ആംഗ്യചേഷ്ടകളോടെ പൊക്കിക്കാട്ടി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സഭ്യേതരമായ ഇവരുടെ സമീപനമാണ്‌ ഹിജഡകളുടെ സ്വീകാര്യതയെ തടയുന്ന പ്രധാനയിനമെന്ന്‌ ഇവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

പണം പലിശക്കുകൊടുക്കുന്നവരും, ഗുണ്ടാപ്പിരിവു നടത്തുന്നവരും ഹിജഡകളെ പണപ്പിരിവിനായി ഉപയോഗിക്കുന്നുണ്ട്. പണം തിരിച്ചടക്കാന്‍ താമസിക്കുന്ന കസ്‌റ്റമറുടെ വീട്ടിലേക്കോ, സ്‌ഥാപനത്തിലേക്കോ, ഹിജഡകളെ വിട്ടു കാശു വസൂലാക്കുന്ന ഒരു രീതി ഇന്ന്‌ മുംബൈ പോലുള്ള നഗരങ്ങളില്‍ വ്യാപകമാണ്‌. ഹിജഡകളാല്‍ അപമാനിതമാകുന്നതിനേക്കാള്‍ വലിയ അപമാനമില്ലാ എന്നതിനാല്‍ ഇവരെ ഭയന്ന്‌ പൈസ തിരിച്ചുകൊണ്ടു കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

എല്ലാ ജനജാതിയിലും മൃഗജാതിയിലും‌ 'extreme' സ്വഭാവം‌ പ്രകടിപ്പിക്കുന്ന ഒരു വിഭാഗമുണ്ടെന്നതുപോലെ, ഹിജഡകളിലും നിലവിട്ടു പെരുമാറുന്ന ഒരു വിഭാഗമുണ്ട്. അപമാനത്തിന്റെ എരിതീയില്‍‌ നിന്നു പ്രകോപിതരാ‍കുന്ന ഇത്തരം‌ ന്യൂനപക്ഷത്തെ അളവുകോലാക്കി എല്ലാ ഹിജഡകളേയും ഈ ഒരു ലേബലില്‍ കാണപ്പെടുന്ന തികച്ചും മനുഷ്യത്യരഹിതമായ സാമൂഹിക നിലപാട് മാറ്റിയെടുക്കാന്‍‌ ഇവര്‍‌ സ്വയം‌ സം‌ശുദ്ധമാകുകയേ വഴിയുള്ളൂ.

ഹിജഡകള്‍ ഇന്നു നേരിടുന്ന വേറൊരു വെല്ലുവിളി ക്രിമിനല്‍ സ്വഭാവമുള്ള പുരുഷന്‍മാര്‍ പലരും ഇവരുടെ വേഷത്തില്‍ പലയിടങ്ങളിലും കവര്‍ച്ച നടത്തുന്നു എന്നതാണ്‌. പുരുഷന്‍മാര്‍ ഹിജഡകളുടെ വേഷം കെട്ടി കവര്‍ച്ച നടത്തുകയും, കുട്ടികളെ തട്ടിക്കൊണ്ടു പോയി ഭിക്ഷാടനത്തിനും, ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു. ഹിജഡകളുടെ വേഷത്തില്‍ ഇതു ചെയ്യുന്നവര്‍ ഈ ജനവിഭാഗത്തെ ക്രിമിനലുകളായി കാണാന്‍ സമൂഹത്തെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല, പോലീസിന്റെ നിരന്തരമായ പീഢനങ്ങള്‍ക്കിവരെ ഇരയാക്കുകയും ചെയ്യുന്നു.

ഹിജഡകളുടെ ആഘോഷങ്ങള്‍
ഹിജഡകള്‍ക്കുമാത്രമായി ഒരു ആഘോഷം തന്നെയുണ്ട്. ഇസ്ലാമുകള്‍ ഹജ്ജിനു പോകാനാഗ്രഹിക്കുന്നതുപോലെ, ഹിന്ദുക്കള്‍ ശബരിമലയിലും കാശിയിലുമൊക്കെ പോകാനാഗ്രഹിക്കുന്നതുപോലെ, ഒരോ ഹിജഡയുടേയും നിര്‍വൃതി പകരുന്ന ആഗ്രഹമാണ്‌ ചിത്രപൂര്‍ണ്ണിമ ദിവസം തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉളുന്തൂര്‍ പേട്ട താലൂക്കിലെ കൂവഗം എന്ന സ്ഥലത്തു നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കുക എന്നത്. അറവാണദേവന്റെ (കൂത്താണ്ടവര്‍) ക്ഷേത്രത്തിലാണ്‌ ഈ ആഘോഷങ്ങള്‍ നടക്കുന്നത്‌.

വിവാഹവും വൈധവ്യവും ഒന്നിച്ചു നടത്തപ്പെടുന്ന വിപുലമായ ഈ ആഘോഷത്തില്‍ പങ്കെടുക്കാനായി വര്‍ഷങ്ങളായുള്ള സമ്പാദ്യം സൂക്ഷിച്ചുവെക്കുന്നവര്‍ പോലും ഇവരുടെ ഇടയിലുണ്ട്. ഈ ആഘോഷത്തിന്റെ പിന്നിലെ കഥയും രസാവഹമാണ്‌. മഹാഭാരതയുദ്ധത്തിനിടയില്‍ ഒരു പ്രത്യേക ദശാസന്ധിയില്‍ കൌരവരെ ജയിക്കാന്‍ പാണ്ഡവസേനയില്‍ നിന്നു ഒരാളുടെ ദേഹത്യാഗം ആവശ്യമായി വന്നു. ദേഹത്യാഗം ആരു ചെയ്യുമെന്നതായി അടുത്ത പ്രശ്നം. അര്‍ജ്ജുനനു വനവാസകാലത്തുണ്ടായ അരവണന്‍ എന്ന മകന്‍ ദേഹത്യാഗത്തിനു തയ്യാറായി മുന്നോട്ടു വന്നു. (തമിഴ്‌ വംശജര്‍ ആത്‌മാഹുതിക്ക്‌ എന്നും പ്രസിദ്ധരാണല്ലോ). അരവണനു ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്നതിനു മുന്നേ വിവാഹം കഴിക്കണം. പക്ഷേ നാളെ മരിക്കാന്‍ പോകുന്ന യുവാവിനെ ആരു വിവാഹം കഴിക്കാന്‍?

എല്ലാത്തിനും ഉപാധി കണ്ടെത്തുന്ന ശ്രീകൃഷ്ണന്‍ ഇതിനും ഉപാധി കണ്ടെത്തി. കൃഷണന്‍ തന്നെ മോഹിനീവേഷം ധരിച്ചു അരവണനെ വിവാഹം കഴിച്ചു. ഒരുദിവസം മാത്രം മോഹിനിയുടെ കൂടെക്കഴിഞ്ഞ അരവണന്‍ പിറ്റേദിവസം ദേഹത്യാഗം ചെയ്തു. ഈ കഥയുടെ പിന്‍തുടര്‍ച്ചയായി എല്ലാ വര്‍ഷവും ചിത്രപൂര്‍ണ്ണിമ നാളില്‍ ഓരോ ഹിജഡകളും കൃഷ്ണന്റെ അവതാരമായ മോഹിനിയായി മാറുന്നു . കൂവഗത്തെ ക്ഷേത്രപൂജാരി ഈ ആഘോഷദിവസം അരവണനായി സങ്കല്‍പ്പിച്ചു ഹിജഡകളെ താലികെട്ടി വിവാഹം കഴിക്കുന്നു. ഒരു ദിവസം അവര്‍ സുമംഗലികളായി ജീവിക്കുന്നു. പിറ്റേ ദിവസം ആ പൂജാരി തന്നെ അവരുടെ താലി അറുത്തു മാറ്റി അവരെ വിധവകളാക്കുന്നു.

കരച്ചിലും ബഹളവുമായി അവരുടെ ദാമ്പത്യം ഒരു ദിവസം കൊണ്ടു അവസാനിക്കുന്നു. അരവണന്റെ ഭാര്യയായതിനാല്‍‌ ഹിജഡകളെ അരവാണി എന്നാണു വിളിക്കാറ്. ആഘോഷത്തിന്റെ അവസാനം സ്‌ത്രീകളുടെ സൌന്ദര്യമത്‌സരത്തിലേതുപോലുള്ള പരേഡുകള്‍ അവിടെ അരങ്ങേറും. അവിടെ വെച്ചു ഹിജഡകളെ തെരഞ്ഞെടുക്കാനും അവരോടൊത്തു ശരീരസുഖം പങ്കിടാനും നിരവധി പേരുണ്ടാകുന്നുണ്ടെന്നുള്ളത് ഏതു ലൈംഗികസമവാക്യങ്ങള്‍ കൊണ്ടാണു നിര്‍‌വചിക്കേണ്ടത്‌ !! ഈ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍‌ ഈന്തപ്പന എന്ന ബ്ലോഗില്‍‌ ഇവിടെയും‌ പിന്നെ ഇവിടെയും‌ കാണാം.

ഈ ആഘോഷത്തോടെ ഇവിടെ അരങ്ങേറുന്ന ഹിജഡകളുടെ ഫാഷന്‍ പരേഡുകള്‍ ഇന്നു ജനശ്രദ്ധ ആകര്‍‌ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്നു വിവിധ ഫാഷന്‍ഷോകളില്‍ ഹിജഡകളുടെ ഫാഷന്‍ ഷോ കൂടി ഉള്‍പ്പെടുത്തുന്നുണ്ടെന്നതു ഈ ജനവിഭാഗത്തിനെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതില്‍ നല്ല പങ്കു വഹിക്കുന്നുണ്ട്.

ഇതേ പൌര്‍ണ്ണമി നാളില്‍ കേരളത്തിലെ കൊല്ലം ജില്ലയില്‍ ചവറക്കടുത്ത്‌ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ സ്‌ത്രീവേഷം കെട്ടി വിളക്കെടുപ്പ്‌ എന്ന ഒരു വിചിത്രമായ ആഘോഷം പൂര്‍വ്വകാലങ്ങളേക്കാള്‍ ശക്തിയായി ഇപ്പോഴും നടക്കുന്നുണ്ട്. അരവണന്റെ കഥയുമായി ഇതിനു സാമ്യമുള്ളതായി പറഞ്ഞുകേട്ടിട്ടില്ലെങ്കിലും പുരുഷന്‍ സ്‌ത്രീയായി മാറുന്ന ആചാരത്തിനു പിന്നില്‍ ഇതുപോലെ ഒരു കഥയുടെ പിന്നാമ്പുറമുണ്ടായിരിക്കും. അറിയാവുന്നവര്‍‌ പറയട്ടെ.

ഉത്തരാഖ്യാനം

ഇന്ന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഹിജഡകള്‍ വളരെ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. ഇവരില്‍ ചിലര്‍ നര്‍ത്തകരായും, ഫാഷന്‍ ഡിസൈനറായും ബ്യൂട്ടീഷനായും‌ ഒക്കെ ജോലി ചെയ്യുന്നതിലേക്കു വളര്‍ന്നിട്ടുണ്ട്. അതു കേവല ന്യൂനപക്ഷം മാത്രമാണ്‌. എല്ലായിടത്തേയും പോലെ പണത്തിന്റെ സ്വാധീനം ഇവരുടെയിടയിലുമുണ്ട്. പണവും സ്വാധീനവുമുള്ളവര്‍ മുന്നോട്ടു പോകുന്നു. ഗതിയില്ലാത്തവര്‍ താഴേക്കും. ഭൂരിപക്ഷം ഇന്നും അധ:കൃതരായി തെരുവില്‍ തെണ്ടിയും പേക്കൂത്തു കാട്ടിയും ജീവിക്കുന്നു.

ഹിജഡകളുടെ ക്ഷേമപ്രവര്‍‌ത്തനങ്ങള്‍‌ക്കായി ഭാരതത്തില്‍‌ നിരവധി സം‌ഘടനകള്‍‌ ഉണ്ടെന്നുള്ളത് വളരെ ആശ്വാസം‌ തരുന്നു. ഹിജഡകളെ തങ്ങളുടെ പൂര്‍‌വികരുടെ നിഗൂഢജീവിതത്തിന്റെ ഇരുളില്‍‌നിന്നും‌ അവബോധത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു കൈപിടിച്ചുകൊണ്ടുവരുന്നതില്‍‌ ഈ സം‌ഘടനകള്‍‌ക്കുള്ള പങ്ക് വളരെ വലുതാണ്‌. ഇന്നു പഴയ രീതിയിലുള്ള ഹിജഡകള്‍ കുറഞ്ഞു വരികയാണ്‌. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും മറ്റും സ്വേച്ച്ഛാനുസാരിയായ ജീവിതം സുസാധ്യമെന്നിരിക്കെ, തെരുവുകളില്‍ കൂത്തു കാട്ടിയും പിച്ചനടന്നും ജീവിക്കാന്‍‌ ആരാണാഗ്രഹിക്കുക?

എല്ലാവിധ സാമൂഹികവിലക്കുകളേയും‌ അതിജീവിച്ച്‌ ഇവരുടെ ഉന്നമത്തിനായി പ്രവര്‍‌ത്തിക്കുന്ന ഹിജഡ കല്യാണ്‍ സഭ, ദായി വെല്‍ഫയര്‍ സൊസൈറ്റി, ഹംസഫര്‍, സഹയാത്രിക, സഹായ്, സംഘമിത്ര, ചില്ല തുടങ്ങിയ നിരവധി സംഘടനകള്‍ കേരളമുള്‍പ്പെടെ ഭാരതത്തിലങ്ങോളമിങ്ങോളമുണ്ട്. AIDS-നെതിരെ പ്രബോധനവുമായിറങ്ങിയിട്ടുള്ള നിരവധി സന്നദ്ധസം‌ഘടനകളില്‍‌ ഹിജഡകള്‍ വളരെ ശുഷ്കാന്തിയോടെ പ്രവര്‍‌ത്തിക്കുന്നു.

ഇന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരെ പാകത്തില്‍ ഇവരുടെ ശക്തി വളര്‍ന്നിട്ടുണ്ട്. മധ്യപ്രദേശിലെ എം.എല്‍.എ ആയ ഷബനം‌ മൌസിയും‌ മേയര്‍‌മാരായ കമലാ ജാനും‌ ആശാദേവിയും‌ എല്ലാം‌ ഹിജഡകളുടെ പരാധീനതകള്‍ക്കെതിരെ പ്രതികരിക്കാന്‍‌ രാജനീതി തലത്തില്‍‌ അവരെ പ്രതിനിധാനം‌ ചെയ്യുന്നു എന്നത്‌ ഈ സമൂഹത്തിനു തെല്ലല്ല ആശ്വാസം നല്‍കുന്നത്.

തന്റേതല്ലാത്ത കുറ്റത്താല്‍, ശരീരത്തിലെ ജീനിന്റെ ഘടനാപരമായ വ്യത്യസ്തതകൊണ്ടു മാത്രം‌ ഹിജഡകളായി ജനിച്ചും‌ ജീവിച്ചും‌ പോയി എന്ന കാരണത്താല്‍, സമൂഹത്തില്‍ ജീവിക്കാനുള്ള ഉപാധികള്‍ അവര്‍‌ക്കു മുന്നില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌ തികച്ചും മനുഷ്യത്വരഹിതമാണ്‌.

ആവശ്യമായ തുക കൈവശമുണ്ടെങ്കില്‍ കൂടി ഹിജഡകള്‍ക്കു നല്ല ഹോട്ടലുകളിലോ, ആതുരാലയങ്ങളിലോ പ്രവേശനമില്ല.ട്രെയിനിലോ ബസ്സിലോ ഇവരുടെ അടുത്താരും‌ ഇരിക്കില്ല. ഓട്ടോറിക്ഷയോ ടാക്സിയോ ഇവരെ കയറ്റില്ല. രോഗബാധിതരായി ആശുപത്രികളിലെത്തിയാല്‍ ഇവര്‍ക്ക്‌ പ്രവേശനമില്ല. അതിനു നല്‍‌കുന്ന കാരണം‌ ഇവരെ പുരുഷന്‍മാരുടെ വാര്‍ഡിലോ, സ്‌ത്രീകളുടെ വാര്‍ഡിലോ എവിടെയാണ്‌ അഡ്‌മിറ്റ് ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പമാണത്രേ.

ഏതൊരു ജോലിക്കും അപേക്ഷയില്‍ ജാതിയോടൊപ്പം ലിംഗവും ചോദിക്കുന്നതിനാല്‍ രണ്ടുലിം‌ഗത്തിലും‌ പെടാത്ത ഇവര്‍ക്ക്‌ ജോലിക്കു അപേക്ഷിക്കുവാനുള്ള യോഗ്യതയില്ല. ശാരീരികമായും‌, ബുദ്ധിപരമായും‌ വൈകാരികപരമായും‌ വൈകല്യങ്ങളുള്ളവരേയും, ബലഹീനമായ അവയവങ്ങള്‍‌ ഉള്ളവരെയുമൊക്കെ 'ഹാന്‍‌ഡിക്യാപ്പ്ഡ്‌' എന്ന പരിഗണനയില്‍‌ പട്ടിക ചേര്‍‌ത്ത്‌ അവര്‍‌ക്കായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍‌ക്കാര്‍‌ തലത്തില്‍‌ നടത്തിവരുന്നുണ്ട്. പ്രകൃതിയുടെ ക്രമമനുസരിച്ച്‌ ജോലി ചെയ്യാനാകാത്ത ജനിതക വൈകല്യമുള്ളവരുടെ ശ്രേണിയില്‍ ഹിജഡകളെ കൂടി ഉള്‍‌പ്പെടുത്തേണ്ടതിന്റെ ആവശ്യകത സാമൂഹിക സന്നദ്ധ സം‌ഘടനകള്‍ക്കൊന്നും‌ തോന്നാതെപോയത് ഹിജഡകളെ അവര്‍‌ മനുഷ്യരായി കാണുന്നില്ലാ എന്നതിന്റെ തെളിവാണ്.

ഇതിനോടു വിയോജിപ്പുള്ളവര്‍ ഏറെയുണ്ടാകാം. കാരണം നമ്മളെല്ലാം ഓരോ വിശ്വാസങ്ങളെ ചുമക്കുന്നവരാണല്ലോ. ഹിജഡകള്‍ സമൂഹത്തിനു ശാപമാണെന്ന നിങ്ങളുടെ തോന്നലുകളെ ഉപേക്ഷിക്കേണ്ട. എന്നാല്‍‌ അവര്‍ മനുഷ്യരാണെന്നും, ഒരു മനുഷ്യനു അതിജീവനത്തിനു വേണ്ട അത്യാവശ്യ ഘടകങ്ങള്‍, കുറഞ്ഞപക്ഷം വിശപ്പടക്കാനുള്ള ഒരു മാര്‍ഗ്ഗം, അവര്‍ക്കു നിഷേധിക്കുനതിനെതിരെയെങ്കിലും ചിന്തിക്കാന്‍‌ ഈ ലേഖനം സഹായകമായെങ്കില്‍ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

തനിക്ക് ആവശ്യമില്ലാത്ത സത്യങ്ങളോട്‌ വെറുതേ എന്തിനു എതിരിടണമെന്നു കരുതുന്ന നമ്മള്‍, ഇവര്‍ക്ക്‌ നാണയത്തുട്ടുകള്‍ക്കു പകരം ഇത്തിരി കരുണ ഭിക്ഷയായി നല്‍കിയാല്‍ അവര്‍ സന്തുഷ്ടരാകും. തീര്‍ച്ച.

Courtesy: Various Internet sites, including wikipedia

Sunday, October 5, 2008

സ്ത്രീകളിലെ വികാരപരത

കഴിഞ്ഞ ഒരു പോസ്റ്റ്‌ ലൈംഗികതയില്‍ ആത്മാവിനെ നീറ്റുന്നവര്‍ ചിലരിലെങ്കിലും‌ ഞാന്‍‌ ഉദ്ദേശിക്കാത്ത അര്‍ത്ഥത്തില്‍‌ വായിക്കപ്പെട്ടു എന്ന ഒരു തിരിച്ചറിവിലാണ് അതിനായി കരുതിയ കമന്റ് ഒരു പോസ്റ്റായി തന്നെ എഴുതുന്നത്. സ്ത്രീകളിലെ ലൈം‌ഗികതെയെയോ അവരിലെ സ്‌ത്രീത്വത്തെയോ കിടക്കറയില്‍‌ അം‌ഗീകരിക്കപ്പെടാതെ പോകുന്നതിനെക്കുറിച്ചണ് ഞാന്‍‌ ഉദ്ദേശിച്ചതെങ്കിലും‌ അത്‌ നിലവിലുള്ള സദാചാര സം‌ഹിതക്കുനേരെയുള്ള ഒരു ചോദ്യമായി വായിക്കപ്പെട്ടതില്‍‌ ഞാന്‍ ഖേദിക്കുന്നു. ഒരു പക്ഷേ ഓഫ് ടോപിക് ആയി അവസാനം‌ ചേര്‍‌ത്ത ഖണ്ഡികയാ‍കാം‌ അത്തരമൊരു വായനക്ക് വിനയായത്.

ജീവശാസ്‌ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും‌ സമര്‍‌പ്പണ മനോഭാവത്തോടെ വൈകാരികപരമായ കാര്യങ്ങളില്‍‌ അഗാധമായി മുഴുകുവാനുള്ള പ്രവണത പുരുഷനേക്കാള്‍‌ സ്ത്രീകള്‍ക്കു കൂടുതലാണെന്നു മന:ശാസ്ത്രജ്ഞന്‍‌മാരും‌ പെരുമാറ്റ ശാസ്ത്രജ്ഞന്‍‌മാരും‌ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്തിയും‌ കാമവുമാണ് ഏറ്റവും‌ പ്രബലമായ വികാരങ്ങള്‍‌ എന്നത്‌ എടുത്തുപറയാതെ തന്നെ നമുക്ക്‌ പരിചയമുള്ള കാര്യങ്ങളാണല്ലോ. ഇതില്‍‌ കാമം‌ ജൈവശാസ്തപരമായ പ്രക്രിയയും‌ ഭക്തി അജ്ഞത മൂലമുള്ള അമ്പരപ്പില്‍‌ നിന്നും‌ ഉളവാകുന്ന സമര്‍‌പ്പണമനോഭാവമാണ്.

വികാരപരമായ ഒരു വിഷയത്തില്‍‌ മനസ്സ്‌ പ്രവേശിപ്പിച്ചാല്‍‌ പിന്നെ അതില്‍‌ ആണ്ടുമുങ്ങുകയല്ലാതെ, അതില്‍‌ നിന്നും‌ പിന്‍‌തിരിഞ്ഞു പോവാന്‍‌ സ്‌ത്രീകള്‍‌ക്കു പുരുഷന്‍‌മാരേക്കാള്‍‌ ശക്തി കുറവാണ്. കമ്പം പിടിച്ച തരം‌ ഈശ്വരഭകതി സാധാരണയായി പുരുഷന്‍‌മാരേക്കാള്‍‌ സ്ത്രീകള്‍‌ക്കാണ് കൂടുതലായി കണ്ടുവരുന്നത്.

ജൈവസഹജമായ സ്ത്രൈണപ്രക്രിയകളെപ്പറ്റിയുള്ള അജ്ഞത കലര്‍‌ന്ന ധാരണകള്‍‌ മൂലം ദിവ്യവും‌ പൈശാചികവുമായ എല്ലാ ആത്മാവുകളേയും‌ അതിവേഗം‌ ആകര്‍‌ഷിക്കാനൊരു കഴിവ്‌ സ്ത്രീകള്‍‌ക്കുണ്ടെന്ന ഒരു വിശ്വാസം‌ കാലക്രമത്തില്‍‌ വന്നു ഭവിച്ചൂ. അതിന്റെ ഫലമായി മാറി മാറി വന്ന എല്ലാ മതപ്രമാണങ്ങളും‌ സ്ത്രീകള്‍‌ക്ക്‌ പല വിലക്കുകളും‌ വിലങ്ങുകളും‌ ചാര്‍‌ത്തിക്കൊടുത്തു.

അതേ സമയം ആദികാലം മുതലേ പുരുഷന്റെ ലൈംഗികത വളരെയേറെ കെട്ടിഘോഷിക്കപ്പെട്ടിട്ടുമുണ്ട്. രത്യംശങ്ങളുടെ ഇഴചേരാത്ത ഏതു ദേവകഥകളാണ്‌ ഭാരതത്തിലുള്ളത്‌? കാമം എന്ന വികാരത്തിന്റെ തന്നെ അധിപനായി കണക്കാക്കപ്പെടുന്ന ശിവന്‍ 16000 വര്‍ഷക്കാലം നിര്‍ത്താതെ സംഭോഗക്രിയയിലേര്‍പ്പെട്ടിരുന്നതായി കഥാസരിത്‌സാഗരം പറയുന്നു. കഥയാണെങ്കില്‍കൂടി സംഭോഗക്രിയയുടെ ആര്‍ജ്ജവത്തിന്റേയും പുരുഷന്റെ അഭിനിവേശത്തിന്റേയും ഉദാഹരണമായിട്ടാണ്‌ ഇതു വിവരിക്കപ്പെട്ടിട്ടുള്ളത്. ശിവന്റെ നിര്‍ത്താതെയുള്ള സുരതക്രിയയുടെ ഫലമായി ഭൂകമ്പമുണ്ടായതായും അവസാനം ദേവകള്‍ അഗ്നിദേവന്റെ സഹായത്താല്‍ ശിവനെ ഇതില്‍നിന്നും പിന്‍തിരിപ്പിച്ചു എന്നുമാണ്‌ ഐതിഹ്യം.

സ്ത്രീയാകട്ടെ പുരുഷന്റെ ഭോഗവസ്തുവും അവന്റെ ഏതു ലൈംഗികാതിക്രമത്തിനും അടിപ്പെടേണ്ടവളാണെന്നും പഠിപ്പിക്കാന്‍ പാകത്തില്‍ എല്ലാ പുരാണങ്ങളും സജ്ജമായിരുന്നു താനും.

സ്വന്തം‌ ജൈവപ്രക്രിയയെക്കുറിച്ച്‌ സ്ത്രീയും‌ അജ്ഞയായിരുന്നു. അക്ഷരങ്ങളും‌ അറിവും‌ അവള്‍‌ക്കു മതമേധാവിത്വം‌ നിഷേധിച്ചു. അറിവുനേടാന്‍ അവസരമില്ലാതെ അവള്‍‌ പുരുഷമേധാവിത്വത്തിനു വിധേയയായി. ഈ വിലക്കുകള്‍ അവള്‍‌ക്കു ഭൂഷണമാണെന്നു അവളെ തെറ്റിദ്ധരിപ്പിക്കുകയും‌ അവളെ ഭക്ഷണമുണ്ടാക്കാനും‌ കാ‍മശാന്തിക്കും‌ മാത്രമായി തളച്ചിടുകയൂം‌ ചെയ്തൂ. തങ്ങള്‍‌ സ്വൈര്യവിഹാരം‌ നടത്തിയിരുന്ന ദേവാലങ്ങളില്‍‌ പോലും‌ തങ്ങളുടെ കാമസം‌പൂര്‍‌ത്തിക്കായി പുരോഹിതസമൂഹം‌ സ്‌ത്രീകളെ സൂക്ഷിച്ചിരുന്നു. ഭാരതത്തിലെ ദേവദാസികളും‌ ഗ്രീസിലെ പാഫോസ്‌ വിശുദ്ധവേശ്യകളും‌ ഇങ്ങനെ മതമേധാവികള്‍‌ തങ്ങളുടെ കാ‍മപൂര്‍‌ത്തിക്കായി സൃഷ്ടിക്കപ്പെട്ടവരാണ്‌. ഇങ്ങനെ ലൈം‌ഗികവേഴ്ച്ക്കായി തെരഞ്ഞെടുക്കപ്പെടുന്നത്‌ വലിയ ബഹുമതിയാണെന്നവരെ പറഞ്ഞ് പറ്റിച്ചും‌ പോന്നു.

ഇതിനെല്ലാം‌ പുറമേ തന്റെ ജനനേന്ദ്രിയത്തെപോലും‌ സ്ത്രീകള്‍ ആരാധിക്കണമെന്നു അവന്‍‌ ശഠിച്ചു. അതിനായി ദേവാലയങ്ങളില്‍‌ പോലും‌ ആരാധനക്കായി ലിം‌ഗങ്ങള്‍‌ തീര്‍‌ത്തു. യോനീ നടുവില്‍‌ ഉയര്‍‌ന്നു നില്‍‌ക്കുന്ന ശിവലിംഗത്തെ ആരാധിക്കുന്നത് ഭാരതീയഭക്തിസങ്കല്പത്തിന്റെ തന്നെ ഭാഗമായി. ലിം‌ഗാരാധന ഭാരതത്തില്‍‌ മാത്രമുണ്ടായിരുന്ന ഒരു പ്രതിഭാസമല്ല. ഭാരത്തിലെ ശിവന്‍, ഈജിപ്തിലെ വൈം, അസീറിയയിലെ വുള്‍‌, ഗ്രീസിലെ പാന്‍‌, പ്രിയാപ്പൂസ്‌, ഇറ്റലിയിലെ മ്യൂട്ടുനസ്‌, സ്കാന്‍ഡിനേവിയയിലെ ഫ്രിക്കൊ, സ്‌പെയിനിലെ ഹോള്‍‌ട്ടെനെസ് മുതലായ എല്ലാ ദേവന്‍‌മാരുടേയും‌ ലിം‌ഗങ്ങള്‍‌ ആരാധിച്ചുപോന്നു. ഭാരത്തില്‍‌ മാത്രമാണ് യോനി വിഗ്രഹമാക്കിയ ഒരു ക്ഷേത്രമുണ്ടായിരുനന്നത്‌. കാമപുരം‌ ക്ഷേത്രമായിരുന്നു അത്‌.

ജൈവശാസ്ത്രപരമായ ലിം‌ഗഭേദഫലമായി ദീര്‍‌ഘകാലത്തെ ഗര്‍‌ഭധാരണവും‌ പ്രസവവും‌ മുലയൂട്ടലും‌ മാസം‌തോറുമുള്ള അവളുടെ ആര്‍‌ത്തവവും‌ സ്ത്രീയെ പുരുഷനില്‍‌നിന്നും‌ വ്യത്യസ്ഥയാക്കി മാറ്റിനിര്‍‌ത്തി. സ്ത്രീസഹജമായ ഈ സവിശേഷതകള്‍‌ അവളെക്കൊണ്ട്‌ പുരുഷനെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലെത്തിച്ചു. അറിവിന്റെ വഴികള്‍‌ അടഞ്ഞ അവള്‍‌ അടിമയാണെന്ന അഹംബോധത്തോടെ അവനു അടിപ്പെട്ടു ജീവിക്കാന്‍ പരിശീലിക്കപ്പെട്ടു.

സാമൂഹ്യവികാസങ്ങളുടെ പ്രത്യേകഘട്ടങ്ങളുടെ സവിശേഷത മൂലം‌ സ്ത്രീയെ അടുക്കളയിലും‌ അജ്ഞതയിലും‌ തള്ളിയിടുകയും‌
ലൈം‌ഗികകേളികളില്‍ സ്ത്രീ അടിമപ്പെടുത്തേണ്ടവളാണെന്നും‌ അവളുടെ വികാരങ്ങള്‍‌ക്ക് ആധിപത്യമില്ലെന്നും‌ അവളെ പറഞ്ഞ് പറ്റിച്ചു.

നമ്മുടെ പൂര്‍‌വികരായ കുരങ്ങുകളിലും‌ ആള്‍‌ക്കുരങ്ങുകളിലും‌ ഒരാഴ്ച മാത്രമേ ലൈംഗികോത്തേജനം‌ നിലനില്‍‌ക്കുകയുള്ളൂ. മറ്റു സസ്തനികളിലെല്ലാം‌ അണ്ഡവിസര്‍‌ജ്ജനം‌ നടക്കുന്ന കാലത്തു മാത്രമേ ലൈം‌ഗികതാത്പര്യം‌ ഉണരുകയുള്ളൂ. പശുവിനേയും‌ ആടിനേയും‌ എരുമയേയും‌ മറ്റും‌ വളര്‍‌ത്തി പരിചയമുള്ള നമുക്ക്‌ അവയുടെ പുളപ്പുകാലവും‌ അതിനോടനുബന്ധിച്ചുള്ള അമറലും‌ ചിരപരിചിതങ്ങളല്ലേ.

മനുഷ്യസ്ത്രീകളില്‍‌ കലശലായ കാമവികാരങ്ങള്‍‌ അനുഭവപ്പെടുന്നത്‌ ആര്‍‌ത്തവകാലത്തും‌ അതിനു തൊട്ടു മുന്‍പും‌ പിന്‍പും അണ്ഡവിസര്‍‌ജ്ജനകാലത്തുമാണെന്നതാണ് ജൈവശാസ്ത്രപരമായ സത്യം‌. മറ്റു ജീവജാലങ്ങളില്‍‌ നിന്നും‌ വ്യത്യസ്ഥമായി മനുഷ്യസ്ത്രീകളില്‍‌ മാത്രമാണ് രതിമൂര്‍‌ച്ഛ എന്ന അവസ്ഥാവിശേഷമുള്ളത്. എന്നാല്‍‌ ഗര്‍ഭവതിയായിരിക്കുമ്പോള്‍ പോലും പുരുഷനെ സ്വീകരിക്കുമാറ്‌ മനുഷ്യസ്ത്രീകള്‍ മാറുന്നത് തങ്ങള്‍‌ സൂക്ഷിക്കുന്ന ഏക ഇണ ബന്ധത്തിന്റെ ദൃഢത കൊണ്ടാണ്.

ഇത്തരം സമര്‍പ്പണ മനോഭാവത്തോടെ ഒരു പുരുഷനുമായി ഇണ ചേരുന്ന സ്ത്രീയുടെ ശരീരത്തെ അറിയാതെ, അവളുടെ ലൈംഗികതയുടെ ചോദന അറിയാതെ അവളെ ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നു പറയാനാണു ഞാന്‍ കഴിഞ്ഞ പോസ്റ്റ് ഉപയോഗിച്ചതെങ്കിലും അതിനു ഒരു മറുവായന ഉണ്ടായി എന്നതു എന്നത്‌ എന്റെ ഒരു സ്വകാര്യവേദനയായി ഞാന്‍ സൂക്ഷിക്കുന്നു.

The sexual life of women എന്ന പുസ്തകത്തിലൂടെ E. H. Kisch പറയുന്നതു കേള്‍‌ക്കുക. “സ്ത്രീകളുടെ കാമവികാരം‌ ചില സന്ദര്‍‌ഭങ്ങളില്‍‌ മറ്റൊന്നിനെപറ്റിയും‌ ആലോചിക്കാന്‍ മനസ്സ് ചെല്ലാത്തവണ്ണം‌ ശക്തിമത്തും‌ സര്‍‌വ്വവ്യാപകവുമാണ്. ഗര്‍‌ഭിണിയാകുമെന്നു ഭയാശങ്കയുള്ളപ്പോഴും‌ ഇല്ലാത്തപ്പോഴും‌ അവര്‍‌ സം‌ഭോഗത്തില്‍‌ ആണ്ടുകളയും‌“

ചുരുക്കത്തില്‍‌ സ്ത്രീകളുടെ കാമവികാരത്തിന് പുരുഷന്‍‌മാരുടേതിനേക്കാള്‍‌ ആഴവും‌ പരപ്പും‌ കൂടുമെങ്കിലും‌ പ്രകടനാത്മകത കുറവാണ്. കാരണം തങ്ങളിലെ കാമവികാരത്തെ തനതുരൂപത്തില്‍‌ പ്രദര്‍‌ശിപ്പിച്ചാല്‍‌ താന്‍‌ ഒരു അഭിസാരികയായി കണക്കാക്കപ്പെടുമോ എന്നു അവര്‍‌ ഭയക്കുന്നു. കാരണം‌ പുരുഷന്റെ മുന്‍‌വിധികള്‍‌ മറിച്ചു പ്രവര്‍‌ത്തിക്കുന്നതില്‍‌ നിന്നും‌ അവളെ തടയുന്നു.

ലൈംഗികതയെ അടിച്ചമര്‍ത്തുന്നതിന്റെ അനുപാതമനുസരിച്ചാണ്‌ സ്ത്രീകളില്‍ മാനസികദൌര്‍ബല്യങ്ങള്‍ ഉണ്ടാകുന്നതെന്ന്‌ മന:ശാസ്‌ത്രജ്ഞന്‍മാര്‍ മാറിയും കേറിയും എഴുതിക്കൊണ്ടേയിരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ ലൈം‌ഗികതയെ ബഹുമാനിക്കാത്ത ഒരു പുരുഷവര്‍‌ഗ്ഗം‌ നമ്മുടെ സമൂഹത്തിലുണ്ട്. എന്നു കരുതി ഈ ബൂലോകത്തുണ്ടെന്നല്ല ഞാന്‍‌ പറഞ്ഞു വരുന്നത്‌.

ഇതു എഴുതുന്ന ഞാന്‍‌ ലൈം‌ഗികന്യൂനപക്ഷങ്ങളുടെ ഇടയില്‍‌ പ്രവര്‍‌ത്തിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളെ എഴുതാനായാണ് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത്‌. പ്രവര്‍ത്തനത്തിനിടെ അസന്തുഷ്ടമായ ലൈം‌ഗികത സഹിക്കുന്ന ഒരുപിടി സഹോദരിമാരുടെ അനുഭവങ്ങള്‍‌ പറഞ്ഞുകേട്ടിട്ടുള്ളതുകൊണ്ടാണ്‌ നേരത്തെ ലേഖനത്തില്‍ അങ്ങനെ സൂചിപ്പിക്കേണ്ടി വന്നിട്ടുള്ളത്.

എന്റെ ഈ എഴുത്തിനു ചില അറിവുകള്‍ക്കായി ശ്രീ ജോണ്‍സണ്‍ ഐരൂരിന്റെ ഒരു പഴയ ലേഖനം‌ സഹായിച്ചിട്ടുണ്ട്.

Friday, March 21, 2008

നീലച്ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകള്‍

ബ്ലൂ ഫിലിം അഥവാ നീലച്ചിത്രങ്ങള്‍ എന്നറിയപ്പെടുന്ന അശ്ലീലചിത്രങ്ങള്‍ കാണാത്ത മലയാളി യുവാക്കള്‍ വിരളമാണ്‌. ത്രസിപ്പിക്കുന്ന ഇത്തരം ചിത്രങ്ങളുടെ അത്ര രസമില്ലാത്ത ചില പിന്നാമ്പുറക്കാഴ്ച്ചകളെക്കുറിച്ചാണ്‌ ഈ പോസ്റ്റ്.

ലോകത്താകമാനമുള്ള നീലച്ചിത്രങ്ങളില്‍ 85 ശതമാനവും നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും അമേരിക്കയില്‍ നിന്നു തന്നെയാണ്‌. (ലോകത്താകമാനം ആയുധങ്ങളും അസുഖങ്ങളും അസമാധാനവും വിതരണം ചെയ്യുന്നതും അവരു തന്നെയാണല്ലോ)

അമേരിക്കയിലെ നിയമവ്യവസ്ഥയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നത്‌ വേശ്യാവൃത്തി നിയമത്തിന്റെ പരിധിയില്‍ പെടുമെങ്കിലും അഭിനേതാക്കള്‍ ഒരിക്കലും ഇതിനെ അംഗീകരിച്ചിട്ടില്ല. ഇവര്‍ പറയുന്ന കാരണം അവര്‍ നല്‍കുന്ന 'സര്‍വീസി"ന്‌ നേരിട്ട് ഒരു വ്യക്തിയില്‍ നിന്നും പ്രതിഫലം പറ്റുന്നില്ലെന്നും ഒരു ഏജന്‍സിയാണ്‌ അവര്‍ക്ക് പ്രതിഫലം നല്കുന്നതെന്നുമാണ്‌. മാത്രമല്ല ഇണയെ സ്വയം തെരഞ്ഞെടുക്കുകയും ആരോടൊത്ത്‌, ആര്‍ക്കൊക്കെ, എങ്ങിനെയൊക്കെ 'സര്‍വീസ്‌ ' നല്‍കണമെന്നത്‌ അവര്‍ സ്വയം തീരുമാനിക്കുന്നതുമാകയാല്‍ ഇതിനെ വേശ്യാവൃത്തിയുടെ പരിധിയില്‍ പെടുത്താന്‍ നിയമസാധുതയില്ലയെന്നുമാണവര്‍ വാദിക്കുന്നത്‌.

ഇത്തരം ചിത്രങ്ങളില്‍ പ്രതിഫലം പറ്റാതെ അഭിനയിക്കുന്നവരുമുണ്ടത്രേ. തന്റെ ഇതര കഴിവുകള്‍ക്ക്‌, അതായത്‌ ചിത്രരചന, ശില്‍പ്പവൈദഗ്‌ദ്ധ്യം, മറ്റു കലകള്‍ എന്നിവക്ക്‌ സമൂഹത്തില്‍ പ്രചാരം ലഭിക്കാനായി പ്രശസ്തരാകാനായി ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചവര്‍ അമേരിക്കയില്‍ ഒരുപാടുപേരുണ്ട്.

1900-മുതല്‍, ഫോട്ടോഗ്രാഫിയുടെ വരവോടെയാണ്‌ നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയത്‌. ആദ്യം സ്ത്രീകളുടെ മാറു മാത്രം പ്രദര്‍ശിപ്പിച്ചായിരുന്നു നഗ്നചിത്രങ്ങളുടെ തുടക്കം. ജര്‍മനിയിലെ നാസി പട്ടാളക്കാര്‍ 1941-ല്‍ രഹസ്യമായി പിടിച്ച രതിലീലകളുടെ ചലിക്കുന്ന ചിത്രങ്ങളും ഫോട്ടോകളും പിന്നീട്‌ പലയിടത്തും വീടുകളിലും രഹസ്യമായി പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ആദ്യകാലത്ത്‌ ഇത്തരം ചിത്രങ്ങളിലെ അഭിനേതാക്കള്‍ സമൂഹത്തെ ഭയന്ന്‌ അജ്ഞാതരായി ജീവിച്ചു പോന്നു. അമേരിക്കയില്‍ നിന്നുള്ള ലിന്‍ഡ ലവ്‌ലെയ്‌സാണ്‌ പൊതുരംഗത്ത്‌ പ്രത്യക്ഷപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത ആദ്യത്തെ അശ്ലീലചിത്ര നായിക. 1972-ല്‍ പുറത്തിറങ്ങിയ 'ഡീപ്പ്‌ ത്രോട്ട്‌' എന്ന ചിത്രത്തിലൂടെയാണ്‌ ഇവര്‍ അമേരിക്കയിലാകെ പരക്കെ അംഗീകരിക്കപ്പെട്ടത്.
ലിന്‍ഡ ലവ്‌ലൈസ്‌
മില്യണുകളുടെ സാമ്പത്തികവിജയമുണ്ടാക്കിയ ഈ ചിത്രത്തിന്റെ ലോകപ്രശസ്തിയുടെ ബാക്കിപത്രമായി പിന്നീട്‌ അമേരിക്കയില്‍ ഇത്തരം ചിത്രങ്ങളുടെ തരംഗം തന്നെയുണ്ടായി. മെര്‍ലിന്‍ ചേംബേര്‍സ്‌, ഗ്ലോറിയ ലിയോനാര്‍ഡ്, ജോര്‍ജീന സ്പെല്‍വിന്‍, ബാംബി വുഡ്‌സ്‌ എന്നീ പ്രശസ്ത നടിമാരെല്ലാം പിന്നീട്‌ അമേരിക്കയെ ആകമാനം ത്രസിപ്പിച്ചത്‌ ചരിത്രമാണ്‌. 1979-ല്‍ ഇവരുടെയൊക്കെ ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും അംഗീകരിക്കുകയും വിവിധ വേദികളില്‍ ആഘോഷിക്കുക്കയും ചെയ്ത കാലഘട്ടത്തെ അശ്ലീലചിത്രങ്ങളുടെ സുവര്‍ണ്ണകാലമായി അമേരിക്കക്കാര്‍ കരുതിപ്പോരുന്നു.
അംബര്‍ ലെയ്‌ന്‍
1980-കളുടെ തുടക്കത്തോടെ ഈ രംഗത്തേക്ക്‌ നടിമാരുടേയും നടന്‍മാരുടേയും കുത്തൊഴുക്കുതന്നെയായിരുന്നു. ജോണ്‍ ഹോംസ്‌, ജിന്‍ജര്‍ അലന്‍, വെറോണിക്ക ഹാര്‍ട്ട്‌, നീന ഹാര്‍ട്ട്‌ലീ, സേഖ, അംബര്‍ ലെയ്‌ന്‍ എന്നിവര്‍ ഇക്കാലത്തെ പ്രശസ്തരായ അഭിനേതാക്കളാണ്‌.

നീനാ ഹാര്‍ട്‌ലീ
ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നവരെ ശിക്ഷിക്കാന്‍ 1970-കളില്‍ അമേരിക്കയില്‍ നിയമപരമായ ശ്രമം നടന്നിരുന്നെങ്കിലും കാലിഫോര്‍ണിയ സുപ്രീം കോടതി ഈ നിയമം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. അശ്ലീലചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ, 'ലൈംഗികതൊഴിലിനു' വേണ്ടി റിക്രൂട്ട്‌ ചെയ്യുന്നു എന്ന കുറ്റാരോപണത്താല്‍ പ്രശസ്ത അശ്ലീലചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ഹാരോള്‍ഡ്‌ ഫ്രീമാനെ 1987-ല്‍ അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയ സ്‌റ്റേറ്റ്‌ കോടതിയില്‍ നിന്നും കാലിഫോര്‍ണിയ സുപ്രീം കോടതിയിലെത്തിയ കേസില്‍ ഹാരോള്‍ഡിന്റെ പ്രോസിക്യൂഷന്‍ വാദത്തിനെതിരെ വ്യക്തിസ്വാതന്ത്ര്യ പ്രശ്നം ഉന്നയിക്കുകയും അതുവരെയുള്ള ശിക്ഷാനടപടികളെ ആകെ തകിടം മറിച്ചുകൊണ്ട്‌ ഹരോള്‍ഡിന്റെ ശിക്ഷ അസാധുവാക്കുകയും ചെയ്തു. ഇതിനു ശേഷമാണ്‌ അതുവരെ രഹസ്യമായ സ്ഥലങ്ങളില്‍ ചിത്രീകരിച്ചിരുന്ന ചിത്രങ്ങള്‍ പരസ്യമായി നിര്‍മ്മിക്കാന്‍ തുടങ്ങിയതും അഭിനേതാക്കളെ പരസ്യമായി റിക്രൂട്ടുചെയ്തു തുടങ്ങിയതും. ഈ വിധിക്കെതിരെ ഒരു പുന:പരിശോധനക്കുള്ള അനുമതി കൂടി അമേരിക്കന്‍ സുപ്രീം കോടതി നിഷേധിച്ചതും പിന്നീട്‌ കാലിഫോര്‍ണിയയില്‍ അശ്ലീലചിത്രനിര്‍മ്മാണം നിയമവിധേയമായതും കേവല ചരിത്രം മാത്രം.

കാലിഫോര്‍ണിയ ഒഴികെയുള്ള മറ്റൊരു സംസ്ഥാനത്തും ഈ നിയമത്തിന്‌ സാധുതയില്ലായെന്നുള്ളതും ഒരു സത്യമാണ്‌. ഒരു അശ്ലീല ചിത്രത്തില്‍ 'കൂട്ട ലൈംഗികവേഴ്ച' അഥവാ ഗ്രൂപ്പ്‌ സെക്സ്‌ സീനില്‍ അഭിനയിക്കാന്‍ നൂറില്‍പരം പുരുഷന്‍മാരേയും സ്ത്രീകളേയും റിക്രൂട്ട്‌ ചെയ്യുകയും 'അഭിനയിപ്പിക്കുകയും' ചെയ്തതിന്റെ പേരില്‍ നിര്‍മ്മാതാവായ ക്ലിന്റണ്‍ മക്‌കോവനെതിരെ ഫ്ലോറിഡയില്‍ പിഴ ചുമത്തപ്പെട്ടത്‌ കാലിഫോര്‍ണിയന്‍ നിയമം ഇതര സംസ്ഥാനങ്ങള്‍ക്ക്‌ ബാധകമല്ലായെന്നതിന്റെ തെളിവായിരുന്നു.

വീഡിയോ കാസറ്റ്‌ റെക്കോര്‍ഡര്‍ (വി.സി.ആര്‍) പ്രചാരത്തിലായതോടെ അശ്ലീലചിത്രനിര്‍മ്മാണരംഗത്ത്‌ പുതിയ ഒരു മാര്‍ക്കറ്റിംഗ്‌ വിപ്ലവം തന്നെയുണ്ടായി. അശ്ലീലചിത്രങ്ങള്‍ വീടിനുള്ളിലിരുന്ന്‌ രഹസ്യമായി കാണാന്‍ കഴിയുമെന്ന നിലയിലെത്തിയതോടെ ഇത്തരം ചിത്രങ്ങള്‍ വൈവിധ്യമാര്‍ന്ന രതിലീലകളോടെയും മനുഷ്യന്റെ വിവിധ ഫാന്റസികള്‍ക്കനുസൃതമായും നിര്‍മ്മിക്കപ്പെട്ടു തുടങ്ങി. ഇന്റര്‍നെറ്റ്, ഡി.വി.ഡി., ക്രെഡിറ്റ്‌ കാര്‍ഡ് എന്നീ അത്യാധുനിക സംവിധാനങ്ങളുടെ വരവോടെ ഇത്തരം ചിതങ്ങള്‍ നിരുപാധികം എവിടെയും ലഭ്യമായി തുടങ്ങുകയും സ്വന്തം ഫാന്റസികള്‍ക്കു ചേരുന്നവ മാത്രം തെരെഞ്ഞെടുക്കാനും വിലക്കുവാങ്ങാനുമുള്ള വലിയ ഒരു വാതായനം ലോകമാകെ തുറന്നു കിട്ടുകയും ചെയ്തു. അറബ്‌ രാജ്യങ്ങളിലേതുപോലുള്ള മതാധിപത്യനിയമങ്ങളേയും മറ്റും തകിടം മറിച്ചുകൊണ്ട്‌ അശ്ലീലചിത്രങ്ങള്‍ വീടിനുള്ളില്‍, വിരല്‍ത്തുമ്പില്‍ വിടര്‍ന്നു വിലസുന്നതാണ്‌ ഇന്നത്തെ കാഴ്ച.

സില്‍വിയ സെയിന്റ്‌
1990-കളോടെ ഈ രംഗത്തെത്തിയ ജെന്നാ ജെയിംസണ്‍, അസിയ കരേര, സില്‍വിയ സെയിന്റ്‌ തുടങ്ങിയ അഭിനേത്രികള്‍ ഈ രംഗത്ത്‌ തരംഗങ്ങള്‍ തീര്‍ത്ത്‌ പ്രശസ്തരായവരാണ്‌. ഇവരില്‍ പലരും ഇന്നും ഈ രംഗത്ത്‌ സജീവമായി തുടരുന്നു.

നൂറുകണക്കിന്‌ അശ്ലീലചിത്ര നിര്‍മ്മാണക്കമ്പനികള്‍ ഇന്ന്‌ അമേരിക്കയിലുണ്ട്‌. ആയിരക്കണക്കിന്‌ ചിത്രങ്ങള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കുകയും അനേകായിരം പേര്‍ തൊഴിലെടുക്കുകയും ചെയ്യുന്ന മില്യണുകള്‍ ലാഭം കൊയ്യുന്ന ഒരു മേഖലയായി ഇതു വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

ചിത്രത്തിലെ അഭിനേതാക്കള്‍ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതു കാണാനാണ്‌ ഇത്തരം ചിത്രങ്ങള്‍ കൂടുതലായി കാണുന്നതെന്നും അതല്ല ഇവരുമായി ലൈംഗികവേഴ്ച നടത്തുന്നതായി സ്വയം സങ്കല്‍പ്പിച്ച്‌ രതിസായൂജ്യത്തിലെത്താനാണ്‌ ചിത്രം കാണുന്നതെന്നുമെന്നൊക്കെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും മനുഷ്യനിലെ രത്യാനുഭവങ്ങളുടെ ഒരു രഹസ്യ സാക്ഷാത്‌കാരം ഇതുവഴി നടക്കുന്നുവെന്നതാണ്‌ എതിരില്ലാത്ത സത്യം. ഇത്തരം ചിത്രങ്ങളിലഭിനയിച്ച അഭിനേതാക്കളുമായി ലൈംഗികവേഴ്ച നടത്താന്‍ വന്‍തുകകള്‍ മുടക്കുന്നവരും അമേരിക്കയില്‍ വിരളമല്ല.

അശ്ലീലചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ. പുരുഷ ധമനികളില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനുതകുന്ന മുഖസൌന്ദര്യവും ശാരീരികവടിവും, 'അഭിനയ പാടവ' വുമാണ്‌ സ്ത്രീ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ നായകനെ തെരെഞ്ഞെടുക്കുന്നതില്‍ ഇതൊന്നും ബാധകമാകുന്നില്ല. ലൈംഗികപരമായ ശേഷി മാത്രമാണ്‌ ഇവിടെ വിഷയമാകുന്നത്‌.
വളരെ നന്നായ രീതിയില്‍ ലിംഗോദ്ധാരണശേഷി ഉണ്ടായിരുക്കുക, ക്യാമറയുടെ മുന്നിലും ഉദ്ധാരണശേഷി നിലനിര്‍ത്താനുള്ള ശേഷിയുണ്ടായിരിക്കുക, ശീഘ്രസ്ഖലനസ്വഭാവം ഇല്ലാതിരിക്കുക എന്നിവയാണ്‌ ഒരു നായകനില്‍ നിര്‍മ്മാതാക്കള്‍ തെരയുന്ന സവിശേഷതകള്‍. ഒരു ദിവസം തന്നെ പലതവണ ദീര്‍ഘവും വൈവിധ്യവുമാര്‍ന്ന സംഭോഗക്രിയക്കു തയ്യാറാവുകയും സ്‌ഖലനനിയന്ത്രണം നടത്താന്‍ കഴിവുള്ളവരുമാണ്‌ ഈ ഫീല്‍ഡിലെ ഏറ്റവും അഭിമതര്‍. റോക്കോ സിഫ്രെദി, റോണ്‍ ജെറമി, പീറ്റര്‍ നോര്‍ത്ത് എന്നിവരാണ്‌ ഈ മേഖലയിലെ പ്രശസ്തനായ പുരുഷന്‍മാര്‍. ഒരു ദിവസം പലതവണ സ്ഖലനം നടത്താന്‍ കഴിവുള്ളതിനാലാണ്‌ പീറ്റര്‍ നോര്‍ത്തിന്റെ പ്രശസ്തിയെങ്കില്‍ തന്റെ ലിംഗത്തിന്റെ നീളവും വൈവിധ്യമാര്‍ന്ന രീതിയില്‍ ലൈംഗികവേഴ്ച നടത്താനുള്ള പ്രാവീണ്യവുമാണ്‌ റോണ്‍ ജെറമിയെ ഈ ഫീല്‍ഡിലെ ഏറ്റവും ആവശ്യമുള്ള വ്യക്തിയാക്കി മാറ്റിയത്‌.

പീറ്റര്‍ നോര്‍ത്ത്‌

അമിതമായ ശരീരഭാരവും രോമാവൃതമായ ശരീരവും ഈ മേഖലയിലെ ഒരു അഭിനേതാവിന്‌ ചേരാത്തതാണെങ്കില്‍ കൂടി 1970-മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെറമിയെ അശ്ലീലചലച്ചിത്രമേഖലയിലെ ഇതിഹാസമായി കണക്കാക്കിപ്പോരുന്നു.

ഈ മേഖലയില്‍ സ്ത്രീകളേക്കാള്‍ വളരെ കുറച്ചുമാത്രമാണ്‌ പുരുഷന്റെ പ്രതിഫലം. ഈ വേറുകൃത്യത്തെക്കുറിച്ച്‌ റോണ്‍ ജെറമി ശക്തമായി വാദിച്ചിട്ടുണ്ട്. ഒരു സീനില്‍ അഭിനയിക്കുന്നതിന്‌, അതായത്‌ വിവിധരീതിയിലുള്ള ലൈംഗികവേഴ്ച്ചക്കൊടുവില്‍ ഒരു തവണ സ്ഖലനം സംഭവിപ്പിക്കുന്നതിന്‌ ഒരു പുരുഷന്‌ ശരാശരി ലഭിക്കുന്ന പ്രതിഫലം മുന്നൂറോ നാനൂറോ ഡോളര്‍ മാത്രമാണ്‌. ആദ്യമായിട്ടാണ്‌ അഭിനയിക്കുന്നതെങ്കില്‍ ഈ തുക നൂറോ, ഇരുനൂറോ അയി കുറയുകയും ചെയ്യും. എന്നാല്‍ ഇതേ സ്ഥാനത്ത്‌ ഒരു സ്ത്രീക്ക്‌ ഒരു സീനില്‍ അഭിനയിക്കുന്നതിന്‌ അയ്യായിരം ഡോളര്‍ മുതല്‍ മുകളിലേക്കാണ്‌. ആദ്യമായി 'അഭിനയിക്കാന്‍' എത്തുന്നവര്‍ക്കാണെങ്കില്‍ ഈ പ്രതിഫലം പതിനായിരത്തിലും മുകളിലാണ്!. അവരോടൊപ്പം അഭിനയിക്കുന്ന പുരുഷന്‌ ലഭിക്കുന്നത്‌ കേവലം നൂറോ, ഇരുനൂറോ ഡോളര്‍ മാത്രം.

റോണ്‍ ജെറമി

ഇതിനുപുറമെ ഇത്തരം ചിത്രങ്ങളില്‍ ഒരിക്കല്‍ അഭിനയിച്ച നടിമാര്‍ക്ക്‌ അവരുടെ മുന്നില്‍ ഒരു പുതിയ ലോകം തന്നെ തുറന്നുകിട്ടുകയാണ്‌. അമേരിക്കയിലെ നിശാക്ലബ്ബുകളിലെ അവശ്യഘടകമായ 'സ്‌ട്രിപ്‌ ഷോ' മാതിരിയുള്ള നഗ്നനൃത്തപരിപാടികളുടെ സംഘാടകര്‍ ഇത്തരം സെലിബ്രറ്റികളുടെ നൃത്തപരിപാടികള്‍ക്ക്‌ വമ്പിച്ച പ്രതിഫലം നല്‍കുന്നു. ഇവരെ പങ്കെടുപ്പിച്ച്‌ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ഡോളറുകള്‍ കൊയ്തുകൂട്ടുന്നു.

എന്നാല്‍ പുരുഷന്‍മാര്‍ക്ക്‌ കൂടുതല്‍ വേതനം നല്‍കുന്ന വേറൊരു മേഖലയുണ്ടെന്നതാണ്‌ മറ്റൊരു വാദമുഖം. സ്വവര്‍ഗ്ഗരതിക്കാര്‍ക്കു വേണ്ടിയെടുക്കുന്ന ചിത്രങ്ങളിലെ അഭിനയത്തിന്‌ പുരുഷന്‍മാര്‍ക്ക്‌ സാധാരണ ചിത്രങ്ങളിലേതിനേക്കാള്‍ മുന്തിയ പ്രതിഫലം ലഭിക്കുന്നുണ്ട്. പീറ്റര്‍ നോര്‍ത്തിനെപ്പോലെയുള്ള നടന്‍മാര്‍ ഇത്തരം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. യാതൊരു വിധ ശാരീരികമോ, മാനസികമോ ആയ ആനന്ദത്തിനല്ല, മറിച്ച്‌ കൂടുതല്‍ പ്രതിഫലത്തിനുവേണ്ടി മാത്രമാണ്‌ താന്‍ സ്വവര്‍ഗ്ഗരതിചിത്രങ്ങളില്‍ 'പ്രകടനം' കാഴ്ചവെച്ചിട്ടുള്ളതെന്ന്‌ പീറ്റര്‍ നോര്‍ത്ത്‌ ഉറപ്പിച്ചു പറയുന്നു. വമ്പിച്ച പ്രതിഫലം മാത്രം ലാക്കാക്കി സ്വവര്‍ഗ്ഗരതിചിത്രങ്ങളില്‍ അഭിനയിക്കുന്നവരാണധികവും പുരുഷന്‍മാര്‍ എന്ന്‌ പ്രശസ്ത നിര്‍മ്മാതാവായ സീമോര്‍ ബട്ട്‌സും പറയുന്നു. ഇതിലെ നിജസ്ഥിതിയെക്കുറിച്ച്‌ ഈ മേഖലയില്‍ വലിയ വാദപ്രതിവാദമുണ്ട്.

മറ്റുള്ള സിനിമകളേക്കാള്‍ കൂടുതല്‍ വില കൊടുത്ത്‌ വാങ്ങാന്‍ ആളുകളുള്ളതിനാല്‍ വലിയ പ്രതിഫലം കൊടുത്ത്‌ 'ലെസ്ബിയന്‍' ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്‌ സ്ത്രീകളേയും 'ഗേ' ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പുരുഷന്‍മാരേയും റിക്രൂട്ട്‌ ചെയ്യുന്നു. അതുകൊണ്ട്‌ നിര്‍മ്മാതാക്കള്‍ക്ക്‌ യാതൊരു നഷ്ടവും സംഭവിക്കുന്നില്ലെന്നും റിക്രൂട്ട് ഏജന്‍സി കൂടി നടത്തുന്ന സീമോര്‍ ബട്‌സ്‌ പറയുന്നു.

'ഹാര്‍ഡ്‌ കോര്‍' അഥവാ തീവ്രലൈംഗികകേളികളിലേര്‍പ്പെടാതെ, 'ഓറല്‍ സെക്സ്‌ ' 'ഫോര്‍പ്ലേ ' മാതിരിയുള്ള ബാഹ്യമായ ലൈംഗികത മാത്രം ചെയ്യുന്ന അഭിനേതാക്കള്‍ക്ക്‌ സ്ത്രീയായാലും പുരുഷനായാലും പ്രതിഫലം വളരെ തുച്ഛമാണ്‌. എന്നാല്‍ വൈകൃതരതികള്‍ അഭിനയിക്കുന്ന ആണിനും പെണ്ണിനും വലിയ പ്രതിഫലമാണ്‌ ലഭിക്കുന്നത്‌. വൈകൃത ലൈംഗികതയുള്ള ചിത്രങ്ങളിലഭിനയിക്കുന്നവര്‍ കുറച്ചു ചിത്രങ്ങളിലഭിനയിച്ചു കൂടുതല്‍ സമ്പാദിക്കുന്നു.

സാധാരണ ചലച്ചിത്രങ്ങളേക്കാള്‍ ദൈര്‍ഘ്യം കുറവാണ്‌ അശ്ലീലചിത്രങ്ങള്‍ക്ക്‌. ഒന്നോ, രണ്ടോ ആഴ്ചകൊണ്ട്‌ ഒരു ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്യാന്‍ കഴിയുന്നതുകൊണ്ടും ചിത്രീകരണത്തിന്‌ അധികം സജ്ജീകരണങ്ങളുടെ ആവശ്യകതയില്ലാത്തതുകൊണ്ടും വളരെയേറെ ലാഭകരമായ രീതിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നുവെന്നതാണ്‌ ഇത്തരം ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ലാഭത്തിന്റെ അടിസ്ഥാനം.


ജെന്ന ജെയിംസണ്‍

ജെന്നാ ജെയിംസിനെപ്പോലുള്ള നടിമാരുടെ ചിത്രത്തിന്‌ അമേരിക്കയില്‍ വലിയ പ്രിയമാണ്‌. വളരെയേറെ പ്രതിഫലം വാങ്ങുന്നതിനാല്‍ ഇത്തരം നടിമാരെ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ കൂടുതലെടുക്കാന്‍ പല നിര്‍മ്മാതാക്കള്‍ക്കും കഴിയാറില്ല.

എന്നാല്‍ ഈ അഭിനേതാക്കളുടെ സൌഖ്യം നിറഞ്ഞ ജീവിതവീഥിയിഉല്‍ വേദനിപ്പിക്കുന്ന ഇടവഴികളുമുണ്ടെന്നതാണ്‌ മറ്റൊരു സത്യം. ഇത്തരം അശ്ലീലചിത്രങ്ങളിലെ അഭിനേതാക്കളില്‍ അധികം പേരും എയ്‌ഡ്‌സ്‌, സിഫിലിസിസ്‌, ഗോണേറിയ, ഹെപ്പാറ്റിറ്റിസ്‌ തുടങ്ങിയ മാരകമായ ലൈംഗികരോഗങ്ങള്‍ക്ക്‌ അടിപ്പെടാറുണ്ട്‌. സുരക്ഷിതത്വം ഉറപ്പാക്കതെയുള്ള ലൈംഗികകേളികളിലൂടെ കാണികളെ ത്രസിപ്പിക്കുന്ന ഇക്കൂട്ടര്‍ അറിഞ്ഞുകൊണ്ട്‌ നാശത്തിലേക്കിറങ്ങിചെല്ലുന്നതായാണ്‌ അമേരിക്കയിലെ സാമൂഹ്യവാദികള്‍ അഭിപ്രായപ്പെടുന്നത്‌.

1980-കളുടെ തുടക്കത്തില്‍ എയ്‌ഡ്‌സ്‌ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ രോഗത്തിനടിമയായി ഈ മേഖലയിലെ അതിപ്രശസ്തനായ ജോണ്‍ ഹോംസുള്‍പ്പെടെ നിരവധി ലൈംഗിക അഭിനേതാക്കളാണ്‌ അരങ്ങൊഴിഞ്ഞത്‌. പിന്നീട്‌ അമേരിക്കയില്‍ നടത്തിയ മേഡിക്കല്‍ പരിശോധനാ വിപ്ലവത്തില്‍ ബഹുഭൂരിപക്ഷം അഭിനേതാക്കളും എച്ച്‌. ഐ. വി. പോസിറ്റീവാണെന്നു കണ്ടെത്തുകയും കാലാന്തരത്തില്‍ അവരെല്ലാം കഥാവശേഷരാകുകയും ചെയ്തു.

അതിനുശേഷം ഈ മേഖലയിലെ ആരോഗ്യപരിപാലനത്തിനായി 'അഡള്‍ട്ട്‌ ഇന്‍ഡസ്ട്രി മെഡിക്കല്‍ ഹെല്‍ത്ത്‌ കെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായി. ഈ ഫൌണ്ടേഷന്‍ ലൈംഗികചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ 30 ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധിത പരിശോധനക്കു വിധേയമാക്കുന്നു. ഈ ഫൌണ്ടേഷന്റെ പ്രവര്‍ത്തനം വളരെ കാര്യമായി നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ്‌ 1999-നു ശേഷം ഒരു അഭിനേതാവു പോലും ഇത്തരം ലൈംഗികരോഗങ്ങള്‍ ബാധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത്‌.

എന്നാല്‍ 2004-ല്‍ ഡാറന്‍ ജെയിംസ്‌ എന്ന നടന്‍ എച്ച്‌. ഐ. വി. പോസിറ്റീവാണെന്നു കണ്ടെത്തി. ബ്രസീലില്‍ വെച്ചു നിര്‍മ്മിച്ച ഒരു ചിത്രത്തിന്നിടയില്‍ കൂടെ അഭിനയിച്ച ലാറാ റോക്സ്‌ എന്ന നടിയില്‍ നിന്നാണ്‌ ജെയിംസിന്‌ ഈ രോഗം പകര്‍ന്നുകിട്ടിയത്‌. സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നതിനുമുന്‍പ്‌ ലാറാ റോക്സ്‌ ഒരു തെരുവുവേശ്യയായിരുന്നുവെന്ന സത്യം മറച്ചുവെച്ചാണ്‌ ചിത്രത്തിലഭിനയിക്കാനെത്തിയത്‌.

ഡാറന്‍ ജെയിംസ്‌

ഇതൊക്കെയാണെങ്കിലും ഈ മേഖല പരിപൂര്‍ണ്ണമായും രോഗവിമുക്തമാണെന്നു പറയാനാകില്ല. അമേരിക്കക്കു പുറമേ, തായ്‌ലന്റ്‌, ബ്രസീല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വെച്ച്‌ യാതൊരു സുരക്ഷാസംവിധാനങ്ങളും പാലിക്കാതെയും പ്രതിഫലം കുറഞ്ഞ നിശാനര്‍ത്തകിമാരേയും ബാര്‍ബോയ്‌സിനേയും വെച്ച്‌
ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കാറുള്ളതുകൊണ്ട് ഈ മേഖല പൂര്‍ണ്ണമായും ഫൌണ്ടേഷന്റെ പരിശോധനാപരിധിയില്‍ പെടുന്നില്ലായെന്നതാണ്‌ ഇതിനു പ്രധാന കാരണം.

പാശ്‌ചാത്യരീതിയ അപ്പാടെ അനുകരിക്കുന്ന ഭാരതത്തിലും നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. വളരെ ഗോപ്യമായ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക്‌ ഗുണനിലവാരത്തിലോ, എണ്ണത്തിലോ പാശ്‌ചാത്യസിനിമകളുമായി യാതൊരുവിധത്തിലും കിടപിടിക്കാനാകില്ല. നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമാണ്‌ ഇന്ത്യയില്‍ നീലച്ചിത്രനിര്‍മ്മാണം. എങ്കിലും രഹസ്യമായി, സുലഭമായി ഇന്ത്യയിലാകെ അശ്ലീലസിനിമകള്‍ നിര്‍മ്മിക്കുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണെന്നും ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനം മഹാരാഷ്‌ട്രയും കര്‍ണ്ണാടകയും കഴിഞ്ഞാല്‍ (മുംബായ്, ബാംഗ്ലൂര്‍) കേരളവുമാണെന്നാണ്‌ 2005-ല്‍ ഡബനയര്‍ മാഗസിന്‍ നടത്തിയ രഹസ്യസര്‍വേയുടെ റിപ്പോര്‍ട്ട്.

(ചിത്രങ്ങള്‍ക്കും കുറച്ച്‌ വിവരങ്ങള്‍ക്കും വിക്കിപീഡിയയോട്‌ കടപ്പാട്)

(ചില റഫറന്‍സ്‌ തേടിയപ്പോള്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ മാത്രമാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌)
Readers discretion requested.

Friday, March 7, 2008

മതങ്ങളും, രതിയും

ആദിമകാലം മുതല്‍ , കൂട്ടായും പരസ്പര സഹായക-പൂരണമായും ജീവിച്ചുവരുവാനുള്ള മനുഷ്യന്റെ ജനിതക സ്വഭാവത്തില്‍ നിന്നാണ്‌ ഗോത്രസംസ്കാരങ്ങളുണ്ടായത്‌. ലോകത്ത്‌ ഇന്നു ജീവിച്ചിരിക്കുന്ന ഒരോ മനുഷ്യനും അങ്ങനെ ഒരു ഗോത്രപൈതൃകത്തിന്റെ കണ്ണികളാണ്‌. അവന്‍ വെള്ളക്കാരനായാലും, കറുത്ത വര്‍ഗ്ഗക്കാരനായാലും, തവിട്ടുനിറക്കാരനായാലും, ഏഷ്യനായാലും, അറബിയായാലും ഇവരെല്ലാം ഒരോ ഗോത്രത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ തന്നെ.

ഇന്നു നമ്മള്‍ കാണുന്ന നവീകരിക്കപ്പെട്ട ലോകത്തിന്റെ ഒരു ഭൂതകാലത്തെക്കുറിച്ചു ചിന്തിക്കാതെ, മതഭ്രാന്തിന്റെ പേരില്‍ പരസ്പരം ചോരയൊഴുക്കുന്നവരും, ചെളി വാരിയെറിയുന്നവരും നമ്മുക്കു കാലങ്ങളായി നല്‍കിപ്പോന്ന ഭ്രമജന്യമായ കറുപ്പ്‌ (ഒപിയം) ഭക്ഷിച്ചതിന്റെ ലഹരിയുടെ തലക്കെട്ടു വിടാത്തവര്‍ മാത്രമാണ്‌. ഇന്നു നമ്മുടെ ദിശാബോധമില്ലാത്ത രാഷ്ട്രീയക്കാര്‍ ചെയ്യുന്ന 'വിഘടിപ്പിക്കുക, വിജയിക്കുക' എന്ന അടവ്‌ വളരെയേറെ ദിശാബോധത്തോടെയും ഭംഗിയായും നമ്മുടെ പൂര്‍വികര്‍ ചെയ്തതിന്റെ ബാക്കിപത്രങ്ങളാണ്‌ ഇന്നത്തെ നാനാമതങ്ങളും പിന്നെ നമ്മളും. മതമില്ലാതെ ഇന്നു മനുഷ്യന്‍ നിലനില്‍ക്കുന്നില്ല, അഥവാ മതത്തിലേക്കു മനുഷ്യന്‍ ജനിച്ചു വീഴുന്നു.

ഒരു ഒറ്റവാക്യം കൊണ്ട്‌ മതത്തെ നിര്‍വചിക്കാന്‍ കഴിയും. അധികാരത്തിനുവേണ്ടി കൊമ്പുകോര്‍ത്ത നമ്മുടെ ഗോത്രപൂര്‍വികര്‍ തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്തവരോടെതിര്‍ക്കാന്‍ താന്താങ്ങളുടെ അഭിപ്രായത്തോടൊട്ടിനിക്കുന്നവരുമായി അണിചേര്‍ന്നുണ്ടാക്കിയ സംഘങ്ങളാണ്‌ പിന്നീട്‌ രൂപമില്ലാത്ത, കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പിന്‍ബലത്തോടെ വിവിധ ജാതികളായും മതങ്ങളായും രൂപപ്പെട്ടത്‌.

അയല്‍വീടുകളുമായി നിതാന്ത ശത്രുത പുലര്‍ത്തുന്ന നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്‌. കേരളത്തിലെന്നല്ല, ലോകത്തെവിടെയുമുണ്ട്. ഫ്ലാറ്റ് സംസ്കാരങ്ങളില്‍ പോലുമുണ്ട്‌ അത്‌. തൊട്ടടുത്തുള്ള അയല്‍വീട്ടിലെ ആളുകളുമായും അവിടെ വരുന്നവരുമായും അവരുടെ സുഹൃത്തുക്കളോടുമൊക്കെ അറിയാതെ ഇവര്‍ ശത്രുത സൂക്ഷിക്കുന്നു. നേരിട്ടൊരു വാക്കു മിണ്ടിയിട്ടില്ലാത്തവരാണെങ്കില്‍ കൂടി, അവരുടെ മാനസികനില എന്തെന്നറിയാതെ, തനിക്കിഷ്ടമില്ലത്തവരോട്‌ സഹകരിക്കുന്നവര്‍ എന്ന ഒറ്റക്കാരണത്താല്‍ ഈ ശത്രുത തുടരുന്നു.

മതത്തിന്റെ മന:ശാസ്ത്രം മനുഷ്യന്റെ ഈ സ്വഭാവമാണ്‌. തന്റെ നിലപാട്‌ ശരിയാണെന്നു സ്ഥാപിക്കാന്‍ അഭൌമായ ഒരു പ്രപഞ്ചശക്തി തങ്ങളോടൊപ്പമുണ്ടെന്നു വരുത്തിതീര്‍ക്കുകയും താന്താങ്ങളുടെ അണികളെ വിശ്വസിപ്പിക്കുകയും ചെയ്ത പൂര്‍വികരുടെ കറയറ്റ സ്വാര്‍ത്ഥതാനിര്‍ഭരമായ 'ദിശാബോധമാണ്‌ ' ഇന്നു നമ്മളെ മതത്തിന്റെ പേരില്‍ നാനാദിശകളിലാക്കിയത്‌.

വിശപ്പ്‌, ഉറക്കം, ഭയം, ലൈംഗികത, സ്വാര്‍ത്ഥത എന്നീ അഞ്ചു ഘടകങ്ങളാണ്‌ എല്ല മനുഷ്യനിലേയും സ്ഥായീഗുണങ്ങള്‍. വിശപ്പിനുവേണ്ടിയും, ഉറക്കത്തിനു വേണ്ടിയും, ഭയമകറ്റാനും, ലൈംഗികതക്കും വേണ്ടി ഒരോ മനുഷ്യനും ചുമക്കുന്ന കിരീടമാണ്‌ സ്വാര്‍ത്ഥത.

ഈ സ്വാര്‍ത്ഥതയില്‍ നിന്നാണ്‌ എല്ലാം ജനിച്ചത്. ഈ ലോകത്തിന്റെ നാളിതുവരെ എല്ലാ മേഖലയിലുമുണ്ടായിട്ടുള്ള പുരോഗതികളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും, ഇടപെടലുകളും എല്ലാം ഒരാളുടെ, അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തിയുടെ സ്വാര്‍ത്ഥതയുടെ പരിണിതഫലങ്ങളാണ്‌. അങ്ങനെ ഒരുകൂട്ടം ആളുകളുടെ സ്വാര്‍ത്ഥതയിലാണ്‌ മതങ്ങളുമുണ്ടായത്‌. ആളുകളെ ഒന്നിപ്പിക്കാന്‍ നേരിട്ടുതെളിയിക്കാന്‍ സാധിക്കാത്ത ഒരു രൂപകമാണ്‌ അനുയോജ്യമെന്നു കണ്ടുപിടിച്ച നമ്മുടെ പൂര്‍വികര്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത ബിംബങ്ങളെ സൃഷ്ടിച്ചും അന്ധമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തി അങ്ങനെ ' തന്‍ തടം ' ഉറപ്പിച്ചും പോന്നു.

താന്താങ്ങളുടെ ശക്തി തെളിയിക്കാന്‍ ഒരോ ഗോത്രങ്ങളും ഇത്തരം പ്രപഞ്ചശക്തികളെ കൂട്ടുപ്പിടിച്ചു. കൂട്ടിച്ചോദിക്കാനോ, കൂടെപ്പോകാനോ കഴിയാത്ത ഇത്തരം ബിംബങ്ങളെ സൃഷ്ടിച്ചവര്‍ ഈ ശക്തികളെ പങ്കിട്ടെടുത്തു അവരവരുടെ ശക്തിസ്രോതസ്സാക്കി മാറ്റി. ഉണ്ടെന്നോ, ഇല്ലെന്നോ ഇന്നോളം തെളിയിക്കാനാകാതെ ആ ശക്തിയുടെ പ്രഭാവം അണുവിട വിടാതെ യുഗാന്തരങ്ങളായി മനുഷ്യഹൃദയങ്ങള്‍ ഇന്നും ചുമക്കുന്നു...അവന്‍ പരസ്പപരം വിരല്‍ ചൂണ്ടി 'ഞാന്‍ വലുത്‌, എന്റേതു വലുത്‌, എന്റെകൂടെയുള്ളവര്‍ കൂടുതല്‍, ഞങ്ങള്‍ കൂടുതല്‍ ശക്തിയുള്ളവര്‍ എന്ന്‌ ഇന്നും അക്രോശിച്ചുകൊണ്ടിരിക്കുന്നു.

ഇത്തരം മൂഢത അസഹ്യമായപ്പോള്‍ ദൈവം എന്ന പ്രാപഞ്ചികശക്തി അഥവാ ഉണ്ടെങ്കില്‍ തന്നെ അത്‌ ഏകവും സര്‍വവ്യാപിയുമാണെന്ന് പറഞ്ഞുകൊടുക്കാന്‍ അവരുടെയിടയില്‍ തന്നെയുള്ളവരുണ്ടായി. ക്രിസ്തുവും കൃഷ്ണനും, നബിയും , ബുദ്ധനും, ആദിശങ്കരനും ഒക്കെ ഒരു ഉദ്‌ബോധനത്തോടെ മനുഷ്യരോടു പറഞ്ഞു, മതമല്ല, മനുഷ്യനാണ്‌ വലുതു...അതുകേട്ട മനുഷ്യവൃന്ദം അവരേയും ദൈവങ്ങളാക്കി..അവര്‍ക്കുവേണ്ടി മതങ്ങളുണ്ടാക്കി അതിനുള്ളില്‍ നിന്നുകൊണ്ട്‌ പിന്നെ സ്വാര്‍ത്ഥതയോടെ വിരല്‍ ചൂണ്ടാന്‍ തുടങ്ങി.

നിലവിലുള്ളതുപോലുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥിതിയോ, ജനാധിപത്യ സംവിധാനങ്ങളോ ഒന്നും നിലവിലില്ലാതിരുന്ന സാഹചര്യത്തില്‍ മനുഷ്യനെ ഒന്നിപ്പിക്കാനും, കൂട്ടായ ഒരു ഭരണ സംവിധാനമുണ്ടാക്കാനും , സമൂഹത്തില്‍ സദാചാരം നിലനിര്‍ത്താനും, അതുവഴി ക്രമസമാധാനം പുലര്‍ത്തിപ്പോരാനും മതങ്ങളെ ഉപയോഗിച്ചിരുന്നു എന്ന ഒരു 'പോസിറ്റീവ് എഫക്റ്റ്' കൊണ്ടുമാത്രമാണ്‌ മറ്റു സ്വാര്‍ത്ഥതകളുടെ മേല്‍ മതം എന്ന സ്വാര്‍ത്ഥതക്കു മേല്‍ക്കോയ്മ ഉണ്ടായത്.

സമൂഹത്തിന്റെ ഭാഗമായി ജനിക്കുന്ന മനുഷ്യന്‍ ആര്‍ക്കു ജനിക്കുന്നുവോ, അവര്‍ ചേര്‍ന്നു നില്‍ക്കുന്ന ഗണത്തോട്‌ ചേര്‍ക്കപ്പെടുന്നു. അങ്ങനെ പൈതൃകത്തിന്റെ ഉത്തരവദിത്വവും, രക്ഷിതാക്കളൊടുള്ള കടപ്പാടും ഒരോ വ്യക്തിയേയും അവന്‍ ചേര്‍ന്നുനില്‍ക്കുന്ന ഗണത്തോട്‌ കൂറുള്ളവനാക്കുന്നു..അഥവാ അവന്റെ ഗണത്തിന്റെ മഹിമകള്‍ വാഴ്ത്തി, താന്‍ ശക്തന്‍ തന്നെ എന്നു തെളിയിക്കാനുള്ള സ്വാര്‍ത്ഥതയിലേക്കു അവനെ കൊണ്ടെത്തിക്കുന്നു.

തന്റെ കൂടെ നില്‍ക്കുന്നവന്‍ മറ്റൊരാളോടൊപ്പം പോകുമ്പോള്‍ തന്റെ ശക്തി ക്ഷയിക്കുമോ, അഥവാ തന്റെ കള്ളികള്‍ വെളിച്ചത്താകുമോ എന്ന ആശങ്കയുള്ള പഴയ ആ ഗോത്രമൂപ്പന്റെ മനസ്സാണ്‌ മതപരിവര്‍ത്തനത്തെക്കുറിച്ചു വിലപിക്കുന്നവരിലുമുണ്ടാകുന്നത്.

തന്റെ കൂടെ നില്‍ക്കുന്നവനെ ബലമായി പിടിച്ചുകൊണ്ടുപോയി അവന്റെ ഗണത്തിലാക്കി എന്നുള്ള അപമാനഭരിതമായ വേദനയാണ്‌ നിര്‍ബന്ധിത മതപരിവര്‍ത്തനതിന്റെ പേരിലുണ്ടാക്കുന്ന തമ്മിലടികള്‍. തന്റെ ശക്തി കൂട്ടാന്‍, തന്റെ എതിരാളിയെ ഒന്നു വെല്ലുവിളിക്കാന്‍ മോഹപ്രയോഗത്തിലൂടെയും, ആഭിചാരകര്‍മങ്ങളിലൂടെയും, എതിരാളിയുടെ മിത്രങ്ങളെ പാട്ടിലാക്കുന്ന പഴയ ഗോത്രപടത്തലവന്‍മാര്‍ ചെയ്തതാണ്‌ ഇന്നു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ചിലര്‍ ചെയ്യുന്നത്.

ഇത്തരം അമര്‍ഷാധിഷ്ഠിതമായ ഭിന്നാഭിപ്രായങ്ങളിലൂടെ സ്വരൂപിച്ച മതങ്ങള്‍ക്കുള്ളില്‍ ഓരോന്നിനെ സംബന്ധിച്ചിടത്തോളം വിവിധ അഭിപ്രായങ്ങള്‍ നിലവിലുള്ളതുപോലെ തന്നെ ലൈംഗികതയിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്.

മതമേതായാലും പുരുഷന്മാരും സ്ത്രീകളും സാമ്യരൂപികളാണ്‌. വിവിധമതത്തിലുള്ളവര്‍ വിവിധരൂപത്തിലല്ല ജനിക്കുന്നത്‌. കണ്ണും നാസികയും വായയും കൈകാലുകളും ലിംഗവും യോനിയും എല്ലാ മതത്തിലുള്ള മനുഷ്യര്‍ക്കുമുണ്ട്‌. എല്ലാ മനുഷ്യന്റേയും ആന്തരികാവയവങ്ങളും അതിന്റെ പ്രവര്‍ത്തനവും രക്തത്തിന്റെ നിറവും ഒന്നു തന്നെ. മുന്‍പു സൂചിപ്പിച്ച വിശപ്പും, ഉറക്കവും, ഭയവും, മൈഥുനാസക്തിയും എല്ലാ മതത്തില്‍പെട്ടവര്‍ക്കുമുണ്ട്. ഈ വികാരങ്ങള്‍ മൃഗങ്ങളിലുമുണ്ട്. പക്ഷേ മൃഗങ്ങളില്‍ ഹിന്ദുവുമില്ല, ക്രിസ്ത്യാനിയുമില്ല, മുസ്ലീമുമില്ല. മനുഷ്യനു മാത്രമാണ്‌ മതമുള്ളത്‌.

സ്വയം മനനം ചെയ്യാനുള്ള ഒരു കഴിവു മാത്രമാണ്‌ മൃഗങ്ങളേക്കാള്‍ അധികമായി മനുഷ്യനുള്ളത്. അതു എല്ലാവരിലുമുണ്ടു താനും. എന്നാല്‍ സ്വന്തം ചിന്താസരണിയില്‍ പ്രപിതാമഹന്‍മാര്‍ കോരിയൊഴിച്ച മതത്തിന്റെ ചിന്തകളുമായി മനുഷ്യന്‍ പോരാടി ജീവിച്ചുപോന്നു. സ്വന്തം ചിന്തകള്‍ കൊണ്ട് അതിജീവിക്കുവാന്‍ കഴിവുള്ളവര്‍ മനുഷ്യരായി ജീവിക്കുന്നു..ശരിയായി മനനം ചെയ്യാന്‍ കഴിവില്ലാത്തവര്‍ മൃഗങ്ങളെപ്പോലെ പോരാടുകയും ചെയ്തുപോന്നു....അതൊരു തുടര്‍ക്കഥപോലെ ഇന്നും തുടരുന്നു. ഇവര്‍ എല്ലാ മതത്തിലുമുണ്ടെന്നതാണ്‌ മനുഷ്യസൃഷ്ടിയില്‍ അപാകതകളില്ലാ എന്നതിന്റെ തെളിവും.

ഇവിടെ എഴുതാനുള്ള വിഷയം ഈ മതങ്ങള്‍ക്കുള്ളിലെ ലൈംഗികതയെക്കുറിച്ചും രതിശീലങ്ങളെക്കുറിച്ചുമാണ്. മതങ്ങള്‍ ഇങ്ങനെയാണുണ്ടായതെന്നു പറയാതെ ഇത്തരം രതിശീലങ്ങളെക്കുറിച്ചു പറയുക വയ്യാത്തതിനാലാണ്‌ ഇത്രയും എഴുതിയത്‌.
കപടതയാണ്‌ എല്ലാ മതങ്ങളുടേയും മുഖമുദ്ര എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ എല്ലാ മതങ്ങളും ലൈംഗികതയെ ഒരു രഹസ്യവികാരമായി കണക്കാക്കുന്നത്‌. അനാദികാലം മുതല്‍ നിലനില്‍ക്കുന്ന, ഈ പ്രപഞ്ചത്തിന്റെ തന്നെ മൂലാധാരമായ ലൈംഗികതയെ ഇരുട്ടിന്റെ സുഖമായി മാറ്റിക്കെട്ടിയ ആ അധിപത്യത്തിന്റെ പിന്നാമ്പുറങ്ങളിലെ കാഴ്ചകള്‍ നിരവധിയാണ്‌.