Sunday, October 26, 2008

ഹിജഡകള്‍ - ജീവിതം പ്രഹേളികയാക്കിയ ജന്മങ്ങള്‍

(ഇതൊരു നീണ്ട പോസ്റ്റാണ്.~~~Readers patience requested~~~)

ആണത്തമില്ലാത്ത ആണിനെയും‌ പെണ്ണത്തമില്ലാത്ത പെണ്ണിനെയും‌ "ഹിജഡ" എന്നു പൊതുവേ പരിഹസിച്ചു വിളിക്കാറുണ്ട്. ഹിജഡ എന്ന വാക്കു സര്‍വ്വപ്രകാരേണ എതിരാളിയുടെ വ്യക്തിഹത്യക്കും പരിഹാസത്തിനും മാത്രമായി പ്രയോഗിക്കപ്പെടുന്ന ഒരു അവസ്ഥയും നമ്മുടെ സമൂഹത്തിലെ സമസ്തമേഖലയിലുമുണ്ട്. പരിഹസിക്കപ്പെടാനായി മാത്രം ഹിജഡയായി ജനിക്കുകയോ, ജീവിക്കുകയോ ചെയ്യുന്ന ഒരുപിടി ജന്മങ്ങളുടെ 'അപര സ്വത്വ'ത്തിലേക്കുള്ള സഫലമാകാത്ത ജീവിതയാത്രയുടെ ഒരു നേര്‍രേഖയാണ്‌ ഈ പോസ്റ്റ്.

കേരളം‌ വിട്ടു പുറത്തുപോയിട്ടില്ലാത്ത മലയാളികള്‍‌ ഹിജഡകളെ അധികം‌ കണ്ടിരിക്കാനിടയില്ല. ദേശാടനപ്പക്ഷികള്‍‌ നിലനില്‍‌പ്പില്ലാത്തിടത്തു നിന്നും‌ വയറും‌ സ്വത്വവും‌ സംരക്ഷിക്കാന്‍‌ സ്വീകാര്യമായ ഇടം തേടുന്നതുപോലെ കേരളത്തില്‍‌ ജനിക്കുന്ന ഹിജഡകള്‍ നിലനില്‍പ്പിനായി അന്യസം‌സ്‌ഥാനങ്ങളിലേക്കു ചേക്കേറുന്നതുകൊണ്ടാണ് കേരളത്തില്‍‌ ഹിജഡകളെ കാണാന്‍‌ കഴിയാത്തത്. അല്ലാതെ ദൈവത്തിന്റെ സ്വന്തം‌ നാടായതുകൊണ്ട്‌ ഹിജഡകള്‍‌ ഇവിടെ ജനിക്കാതിരിക്കുന്നതല്ല.

ഒരു പിടി അന്ധവിശ്വാസങ്ങളുടെ വള്ളിയില്‍‌ കെട്ടിയിട്ടിരിക്കുന്ന ആണും‌ പെണ്ണുമല്ലാത്ത നിര്‍‌ഭാഗ്യജന്‍‌മങ്ങളാണ് ഹിജഡകള്‍. പ്രകൃതിയുടെ പുരാതനത്വത്തിന്റെ ആഴങ്ങളില്‍‌ സ്വയം‌ നഷ്ടമാകുന്നവര്‍‌. പുരുഷനായി ജനിച്ച്‌ സ്ത്രീയിലേക്കു തിരിച്ചു മടങ്ങാനായി നടത്തുന്ന സഫലമാകാത്ത യാത്രയ്ക്കിടയില്‍‌ പരിഹസിക്കപ്പെട്ടും‌, വ്യഭിചരിക്കപ്പെട്ടും‌‌ വഴിയോരങ്ങളില്‍‌ ഭിക്ഷ യാചിക്കാന്‍‌ നിര്‍‌ബന്ധിതരാക്കിയും‌ പീഡാകുലമായ ജീവതം തള്ളിനീക്കുന്ന പരുഷശബ്ദങ്ങള്‍.

വടക്കേ ഇന്ത്യന്‍‌ സമൂഹത്തില്‍‌ ഹിജഡകള്‍‌ക്ക്‌ വലിയ സ്ഥാനങ്ങളൊന്നുമില്ലെങ്കിലും‌ അവിടെ നിലനില്‍‌ക്കുന്ന ചില അനാചാരങ്ങളും‌ അന്ധവിശ്വാസങ്ങളും‌ ഇക്കൂട്ടരുടെ നിലനില്‍‌പ്പിനു വലിയ രീതിയില്‍‌ സഹാ‍യകമാകുന്നുണ്ട്. ഹിജഡകള്‍‌ അനുഗ്രഹിക്കപ്പെട്ട ജനതകളാണെന്നും‌ ഇവര്‍‌ക്ക്‌ അനുഗ്രഹിക്കാനും‌ ശപിക്കാനും‌ കഴിവുണ്ടെന്നുമുള്ള അന്ധവിശ്വാസങ്ങള്‍‌ സഞ്ജീവനിപോലെ അവരുടെ ജീവിതത്തെ ഇന്നും‌ നിലനിര്‍‌ത്തുന്നു.

ഓരോ മനുഷ്യന്റെയും‌ ശരീരത്തിന്റെ സന്തോഷത്തെ കൂടി അം‌ഗീകരിക്കുന്ന വിധം‌ സാമൂഹികസമ്പ്രദായങ്ങള്‍‌ വളര്‍‌ന്നെങ്കില്‍‌ മാത്രമേ ആ സമൂഹം‌ വളര്‍‌ന്നു എന്നു പറയാനാകൂ. ഈ അളവുകോലു വെച്ചു നോക്കിയാല്‍‌ ഭാരതം‌ പുരാതനകാലത്ത്‌ ഇതര ലോകരാജ്യങ്ങളേക്കാള്‍‌ വളരെയേറെ മുന്നിലായിരുന്നു എന്നു നമുക്കു പല ഉദാഹരണങ്ങളിലൂടെ സാക്ഷ്യപ്പെട്ടിട്ടുള്ളതാണ്. വിദേശിയായ മാക്സ് മുള്ളര്‍‌ അതു ലോകത്തെ അറിയിച്ചിട്ടുമുണ്ട്. അതിന്റെ ഒരു ചെറിയ ഉദാഹരണമാണ് ‘മൂന്നാം‌ ലിം‌ഗ’മെന്നു ആധുനികശാസ്ത്രം‌ ശ്രേണീകരിച്ച ഹിജഡകളെക്കുറിച്ചുള്ള പുരാണകഥകളും‌ ഗുഹാക്ഷേത്രങ്ങളിലും‌ മറ്റും‌ കണ്ടുവന്ന നപും‌സക രതിശില്‍‌പ്പങ്ങളും‌.

ഭാരതത്തില്‍ ഹിജഡകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍‌ക്ക് വേദേതിഹാസങ്ങളോളം‌ പഴക്കമുണ്ട്. മനുസ്‌മൃതി മുതല്‍ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസകാവ്യങ്ങളില്‍ വരെ ‘നപുംസകങ്ങളെ‘ ക്കുറിച്ചു വിശദമാക്കുകയും അവര്‍ക്ക്‌ സമൂഹത്തില്‍ നല്‍കപ്പെട്ടിരുന്ന ജോലികളെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചും പറയപ്പെടുന്നു. അതിപുരാതനകാലം മുതല്‍ നിലനിന്നുപോന്ന ഒരു ജനസഞ്ചയത്തെ ‘മൂന്നാം ലിം‌ഗം‌’ (third gender) എന്ന ഒരു വേലിക്കെട്ടിനകത്തു മാറ്റി നിര്‍ത്തി ദുര്‍‌വ്യയം ചെയ്യപ്പെടുന്ന ഇന്നത്തെ സമൂഹ മന:സ്സാക്ഷിയെ ന്യായീകരിക്കാന്‍ നാം ഇനിയും വാക്കുകള്‍ തേടേണ്ടിയിരിക്കുന്നു. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌ ഇക്കഴിഞ്ഞ ആഴ്ച ബാംഗ്ലൂരില്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും മാനസിക പീഢനങ്ങള്‍ക്കും ഇരയാകേണ്ടിവന്ന ഒരു കൂട്ടം ഹിജഡകളുടെ വാര്‍ത്ത വായിച്ചതിനാലാണ്‌. വാര്‍‌ത്ത ഇവിടെ.

ഹിജഡകള്‍‌ പുരാണങ്ങളില്‍
അര്‍ദ്ധനാരീശ്വരസങ്കല്‍പ്പം ഇന്നും ഭാരതത്തില്‍ സജീവമാണ്‌. ശിവനും ശക്തിയും, പകുതി പുരുഷഭാവവും പകുതി സ്‌ത്രീഭാവവുമായി ഇഴചേര്‍ന്ന ഒരു ഈശ്വരസങ്കല്പം ഭാരതത്തിലെ ഹിജഡകളുടെ ഉത്പത്തിയുടെ കഥയാണു പറയുന്നത്. ഭാരതത്തിലെ ദേവകഥകളിലെ ദേവസഭയില്‍ സ്ത്രീപ്രകൃതിയായി അപ്സരസ്സുകളും, പുരുഷപ്രകൃതിയായി ഗന്ധര്‍വന്‍മാരും മൂന്നാം പ്രകൃതിയായി കിന്നരന്‍മാരുമുണ്ടായിരുന്നതായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഈ കിന്നരന്‍മാരുടെ പരമ്പരകളാണ്‌ ഭാരതത്തിലെ ഹിജഡകള്‍ എന്ന പ്രബലമായ ഒരു വിശ്വാസം നിലവിലുണ്ട്. കൊട്ടാരം സൂക്ഷിപ്പുകാരായും, കലവറ കാക്കുന്നവരായും, നൃത്ത്യാഭ്യാസകരായും ഒക്കെ ഹിജഡകള്‍ രാജസേവ ചെയ്തിരുന്ന കഥകളും സുലഭമാണ്‌. ലിംഗമില്ലാതെ ജനിച്ച തന്റെ സുഹൃത്തിനു ലിംഗം ദാനം നല്‍കിയതിന്റെ പേരില്‍ ഭൈരവന്റെ ശാപം ഏല്‍ക്കേണ്ടിവന്ന ഒരു യക്ഷന്റെ പരമ്പരകളാണ്‌ കിന്നരരെന്നും, തുടര്‍ന്നുള്ള ഹിജഡകളെന്നും ഒരു കഥ കൂടി നിലവിലുണ്ട്.

ശ്രീരാമന്‍ വനവാസയാത്രക്കുപോയ സമയം അയോദ്ധ്യാരാജ്യത്തിന്റെ അതിര്‍ത്തിവരെ രാമനെ അനുഗമിച്ച ജനങ്ങളോട്‌, എല്ലാ സ്‌ത്രീപുരുഷന്‍മാരും മടങ്ങിപ്പോകാന്‍ രാമന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ തങ്ങള്‍ സ്‌ത്രീകളോ പുരുഷന്മാരോ അല്ലാത്തതിനാല്‍ തിരികെപ്പോകാതെ ഹിജഡകള്‍ രാമന്‍ തിരികെ വരുംവരെ രാജ്യാതിര്‍ത്തിയില്‍ താമസിച്ചതായും അവരുടെ അചഞ്ചലമായ ഭക്തിയില്‍ സന്തുഷ്ടനായി "നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ട ജനത" യായി ജീവിക്കുമെന്നു രാമന്‍ അനുഗ്രഹിച്ചതായും ഒരു നാടോടിക്കഥയുണ്ട്.

വിരാടരാജ്യത്ത്‌ അര്‍ജ്ജുനന്‍ ഒരു വര്‍ഷക്കാലം ബൃഹന്നള എന്ന നപുംസകമായി ജീവിച്ചതിന്റേയും, ജീവിതാന്ത്യത്തോളം നപുംസകമായി ജീവിച്ച ശിഖണ്ഡിയുടെ ശൌര്യത്തിന്റേയും പ്രതികാരത്തിന്റേയും ഒക്കെ കഥകള്‍ മഹാഭാരതത്തിലുണ്ട്. ലോകത്തിലെ ഏറ്റവും സമഗ്രവും പുരാതനവുമായ ലൈംഗികവിജ്ഞാനഗ്രന്‌ഥമായി കരുതുന്ന വാത്‌സ്യായനമഹര്‍ഷിയുടെ കാമസൂത്രയില്‍ നപുംസകങ്ങളുമായി രതിയിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള പരാമാര്‍ശങ്ങളുണ്ട്. അതിപുരാതന ഗുഹാക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങളിലും, ഖജുരാഹോവിലെ ക്ഷേത്രശില്‍പങ്ങളിലുമെല്ലാം ഹിജഡകളെ ആലേഖനം ചെയ്തിരിക്കുന്നത്‌ ഇവര്‍ ഇന്ത്യയില്‍ ആദികാലം മുതല്‍ നിലനിന്നിരുന്ന ഒരു വര്‍ഗ്ഗമാണെന്നതിന്റെ പ്രത്യക്ഷമായ തെളിവുകളാണ്‌.

ആദ്യകാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ ദേവദാസികളോടൊപ്പം ഹിജഡകളേയും താമസിപ്പിച്ചിരുന്നു. ദേവദാസികളെ പ്രാപിക്കാന്‍ അവസരമില്ലാത്തതോ, അനുമതിയില്ലാത്തതോ ആയ മതപുരോഹിതന്‍മാരും പൂജാരികളും മറ്റും ഹിജഡകളില്‍ ലൈംഗികശമനം കണ്ടെത്തിയിരുന്നതായി പറയപ്പെടുന്നു.

ഗ്രീക്കു പുരാണങ്ങളിലും‌ നപും‌സകങ്ങളെക്കുറിച്ചുള്ള പരാമര്‍‌ശങ്ങളുണ്ട്. ഗ്രീക്കുപുരാണങ്ങളില്‍‌ പുരുഷന്‍‌മാര്‍‌ കുമാരന്‍‌മാരെ ഭോഗിക്കുന്ന ‘പെഡറാസ്റ്റി’എന്ന സ്വവര്‍‌ഗ്ഗരതിശീലം‌ സാമൂഹികസമ്പ്രദായമായിരുന്നതിനാല്‍‌ അതില്‍‌ നിന്നും‌ തികച്ചും‌ വിഭിന്നമായി ഉഭയലിം‌ഗത്തോടെ ജനിച്ച ഹെര്‍‌മ്മഫ്രോഡിത്തൂസ്‌ എന്ന രാജകുമാരന്റെ കഥ ഈ ‘മൂന്നാം‌ ലിം‌ഗം‌‘ അതിപുരാതനകാലം‌ മുതലേ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായി നരവം‌ശശസ്ത്രങ്ങള്‍‌ ചൂണ്ടിക്കാണിക്കുന്നു.

ഗ്രീക്ക്‌ പുരാണത്തിലെ കാമാസക്തയായ അഫ്രിഡിറ്റി ദേവി ഒരേ ദിവസം രണ്ടുദേവന്‍‌മാരുമായി (അപ്പോളോയും‌ ഹെര്‍മ്മസ്സും‌) രമിച്ചതില്‍ നിന്നുണ്ടായതാണ്‌ ദ്വിലിംഗിയായ ഹെര്‍മ്മഫ്രോഡിത്തൂസ് എന്നാണ് കഥ. രതിറാണിയായ സല്‍‌മാസിസ് ഹെര്‍മഫ്രോഡിത്തൂസ്‌ എന്ന അതികോമളനായ കുമാരനെ കണ്ടു മോഹിക്കുകയും‌ അവന്‍‌ തടാകത്തില്‍‌ നഗ്നനായി കുളിക്കാനിറങ്ങിയതുകണ്ടു കാ‍മഭ്രമത്താല്‍‌ അവനോടൊപ്പം‌ തടാകത്തില്‍‌ ചാടി അവന്റെ നഗ്നമേനി വരിഞ്ഞുമുറുക്കുകയും‌ ചെയ്തു. അതിനുശേഷം സല്‍മാസിസ്‌ തടാകത്തില്‍ നിന്നുകൊണ്ട്‌ തങ്ങളെ വേര്‍‌പിരിക്കരുതെന്നു ദൈവത്തോടു യാചിക്കുകയും‌, ദൈവം‌ സല്‍മാസിസിന്റെ പ്രാര്‍‌ഥന കേട്ടു അവരെ രണ്ടുപേരെയും‌ ഒന്നാക്കിയതിനാലാണ് ഹെര്‍മാഫ്രോഡിത്തൂസിനു സ്‌ത്രീയുടേയും‌ പുരുഷന്റേയും‌ ലിം‌ഗമുണ്ടായതെന്നും‌ കഥയുണ്ട്‌. കഥയെന്തായിരുന്നാലും‌ രണ്ടു ലിം‌ഗത്തോടെ ജനിക്കുന്നവരെ ഇം‌ഗ്ലീഷില്‍‌ ‘ഹെര്‍‌മ്മഫ്രോഡൈറ്റ്‌ ‘എന്നു വിളിക്കുന്നത് ഈ ഗ്രീക്കു കഥയുടെ അടിസ്‌ഥാനത്തിലാണ്.

ഇന്ത്യയില്‍‌ ഹിജഡകള്‍ക്ക്‌ ഒരു പുഷ്‌കലകാലമുണ്ടായിരുന്നുവെങ്കില്‍ അത്‌ മുഗള്‍ഭരണകാലത്താണ്‌. മുഗള്‍ഭരണകാലത്ത്‌ റാണിമാരുടെ അന്ത:പുരത്തിലെ കാര്യസ്‌ഥരായി നിയോഗിച്ചിരുന്നത്‌ ഹിജഡകളെയായിരുന്നു. റാണിമാരുടെ ചമയങ്ങള്‍ക്കും ചമത്‌കാരങ്ങള്‍ക്കും അകമ്പടിയായുണ്ടായിരുന്ന ഇവര "ഖ്വാജാ സരസ്സ്' എന്നാണറിയപ്പെട്ടിരുന്നത്. നിസാമിന്റെ ഭരണകാലത്ത്‌ ഹൈദ്രാബാദില്‍ എല്ലാ കുലീനകുടുംബങ്ങളിലും സ്‌ത്രീകളുടെ സേവകരായി ഹിജഡകളെ നിയോഗിച്ചിരുന്നു. നിസ്സാമിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന 'റഹ്‌മാന്‍‘ എന്ന ഒരു ഹിജഡയെ സ്വന്തമാക്കുന്നതിനായി നിസാമിന്റെ രണ്ടു ആണ്‍മക്കള്‍ തമ്മില്‍ പരസ്‌പരം കത്തിക്കുത്തുവരെയുണ്ടായിട്ടുള്ളതായി സിയാ ജഫ്രിയുടെ 'ദി ഇന്‍വിസിബിള്‍സ്‌" എന്ന പുസ്തകത്തില്‍ പറയുന്നു.

ഹൈദ്രാബാദിലെ നിസാം ഹിജഡകള്‍ക്കായി പ്രത്യേക വാസസ്ഥലവും ആരാധനാലയവുമൊക്കെ പണിതു നല്‍കിയിരുന്നതായും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മുഗള്‍ഭരണകാലത്ത്‌ ഹിജഡകളെ അവരുടെ അറിവും കഴിവും മാനദണ്ഡമാക്കി രാജസേവകര്‍ (ബാദ്‌ഷാവാല), മന്ത്രിസേവകര്‍ (വസീര്‍വാല), അന്ത:പുരസേവകര്‍ (ഖ്വാജാ സരസ്സ്‌)എന്നിങ്ങനെ മൂന്നു ശ്രേണികളിലായി തിരിച്ചിരുന്നുവത്രേ.

ഇംഗ്ലീഷില്‍ ഹിജഡകളെ 'യൂനക്" (eunuch) എന്നാണു വിളിക്കുന്നത്. ഗ്രീക്ക്‌ ഭാഷയില്‍ ഈ പദത്തിന്റെ അര്‍ത്ഥം 'കിടപ്പറ സൂക്ഷിക്കുന്നവര്‍' എന്നാണ്‌.

ഹിജഡകളുടെ സാമൂഹികശാസ്ത്രം‌
ഇത്തരം നിറമാര്‍ന്ന കഥകളുടെ ആഴങ്ങളിലേക്കു സ്വയമിറങ്ങിച്ചെന്നു പരിഹസിക്കപ്പെടുന്ന 'അനുഗ്രഹിക്കപ്പെട്ട ആ ജനത‘ ഇന്നു വഴിയോരങ്ങളില്‍ ഭിക്ഷയെടുത്തും സമൂഹമദ്ധ്യത്തില്‍‌ അപമാനിതരാകുന്നതിന്റെ പ്രതികാരമായി സമൂഹത്തിനു നേരെ 'വികൃത ഗോഷ്ടികള്‍‌‘ കാണിച്ചും ജീവിക്കുന്ന ദയനീയമായ ഒരു അവസ്ഥാവിശേഷമാണുള്ളത്‌. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ ഒന്നരലക്ഷത്തില്‍ പരം വരുന്ന ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം ഇവിടുത്തെ സമൂഹമനസ്സാക്ഷിയെ ഒരിക്കലും പൊള്ളിച്ചിട്ടില്ല എന്നതാണ്‌ സത്യം. ഹിജഡകള്‍ സ്വപ്നങ്ങളോ സ്വന്തമായ ചിന്തകളോ ഇല്ലാത്ത തൊണ്ടുമാത്രമായ ശരീരം ചുമക്കുന്നവര്‍ എന്ന മിഥ്യാധാരണയില്‍ ദയയില്ലാത്ത സദാചാര നിഷ്ഠ ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ സമൂഹം ഇവരെ ഭിക്ഷയെടുപ്പിക്കുന്നു.
ഇവര്‍ക്കു ജീവിക്കാനുള്ള അവകാശമില്ല, തൊഴില്‍ ചെയ്യാനുള്ള അവകാശമില്ല, അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമില്ല, സമൂഹത്തില്‍‌ അം‌ഗീകാരമില്ല. ഹോട്ടലുകളിലോ, ആശുപത്രികളിലോ പ്രവേശനമില്ല. വോട്ടവകാശമില്ല, എന്തിനുപരി ഒരു റേഷന്‍‌ കാര്‍‌ഡ്‌ സ്വന്തമാ‍ക്കാനുള്ള അവകാശം‌ പോലുമില്ല. ആണോ, പെണ്ണോ, മൃഗമോ അല്ലാത്തതിനാല്‍‌ ജനസം‌ഖ്യാക്കണക്കെടുപ്പില്‍‌ പോലും‌ ഇവര്‍‌ ഉള്‍‌പ്പെട്ടിട്ടില്ല. മനുഷ്യരായി ജീവിക്കാനുള്ള അടിസ്ഥാന സൌകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഒരു ജനത ഇരന്നും‌ ശരീരം‌ വിറ്റും‌ റെയില്‍വേ ട്രാക്കിന്റെ ഓരത്തും, വേശ്യാലയങ്ങളുടെ അരികത്തുമൊക്കെ കുടിലുകെട്ടി കൂട്ടമായി ജീവിക്കുന്നു. ഇവരില്‍ നിന്നും എന്തു മാന്യമായ പെരുമാറ്റമാണു സമൂഹം‌ പ്രതീക്ഷിക്കേണ്ടത്? എല്ലാ‍ ജീവജാലങ്ങള്‍‌ക്കും‌ ഇടം‌ നല്‍‌കണമെന്ന പ്രകൃതിയുടെ നിയമത്തിനെതിരെയുള്ള ഒരു വികര്‍‌മ്മത്തിലേക്കു മനുഷ്യനെ നയിക്കുന്ന അവന്റെ കപടസദാചാരത്തിന്റെ ഉദാത്തമായ ഉപോത്പന്നമാണ് നമ്മള്‍ ഭ്രഷ്ടു കല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഹിജഡകള്‍.

ഹിജഡകള്‍ എങ്ങനെയാണുണ്ടാവുക എന്ന ഒരു ചോദ്യം സ്വാഭാവികമായും ഇതു വായിക്കുന്നവരിലുണ്ടാകാം. ഹിജഡകളെ അവരുടെ തനതുരൂപത്തില്‍ സര്‍വ്വസാധാരണമായി കണ്ടു വരുന്നത് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ്‌. ജീവശാസ്ത്രപരമായി ഹിജഡകളെ ഒരു ജനറലൈസേഷന്‍ നടത്തി നിര്‍വച്ചിക്കുക അത്ര എളുപ്പമല്ല. ഹിജഡകളായി ജനിക്കുന്നവരുണ്ട്, ഹിജഡകളാക്കപ്പെടുന്നവരുണ്ട്, ഹിജഡകളായി ജീവിക്കാനായി ഇറങ്ങിവരുന്നവരുണ്ട്. ഇവരെയെല്ലാം ഒന്നായി നിര്‍വചിക്കുക അസാദ്ധ്യമാണ്‌. പക്ഷേ ഭാരതീയ സംസ്കൃതിയുടെ ഭാഗമാകാം, ഇവര്‍ക്കെല്ലാം പൊതുവായി ഒരു ഉപാസനാമൂര്‍ത്തിയുണ്ട്. ബഹുചരമാതാവ്‌ എന്നാണ്‌ ആ ദേവിയുടെ പേര്. അഹമ്മദാബാദിലെ സാന്‍പൂര്‍ എന്ന സ്‌ഥലത്താണ്‌ ഈ ദേവിയുടെ ക്ഷേത്രമുള്ളത്‌. പുരുഷലിംഗം വഴിപാടായി സ്വീകരിക്കുന്ന ദേവിയാണ് ബഹുചരമാതാവ് എന്നാണവരുടെ വിശ്വാസം‌.

ഹിജഡ എന്ന ‘മൂന്നാം‌ ലിം‌ഗ‘ വര്‍ഗ്ഗത്തെ ഭാരതത്തില്‍ മാത്രം കണ്ടു വരുന്നവര്‍ എന്ന രീതിയില്‍ പ്രാന്തവത്കരിച്ചു പലയിടങ്ങളിലും കണ്ടിട്ടുണ്ട്. അടിസ്ഥാനപരമായി സ്‌ത്രീയെന്നും പുരുഷനെന്നും രണ്ടു ലിംഗഭേദങ്ങള്‍ക്കപ്പുറം ഒരു "മൂന്നാം ലിംഗ" ത്തിലധിഷ്ഠിതമായ ലൈംഗികത ആഗോളതലത്തില്‍‌ എല്ലാ സമൂഹങ്ങളിലുമുണ്ടെന്നാണ്‌ നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുള്ളത്. മദ്ധ്യകിഴക്കന്‍ മേഖലകളിലെ 'ക്‌സാനിത്ത്', തായ്‌ലാന്റിലെ ‘കാത്തോയിസ്‘, ഫിലിപ്പൈന്‍സിലെ 'ബക്ള', ലാറ്റിനമേരിക്കയിലെ 'ട്രാന്‍സ്‌വെസ്റ്റിസ്', ഈജിപ്തിലെ 'സേഖത്ത്', നോര്‍ത്ത് അമേരിക്കയിലെ 'ഷി മെയില്‍' തുടങ്ങിയ വിവിധ ലൈംഗികവര്‍ഗ്ഗങ്ങളെല്ലാം ഈ മൂന്നാം ലിം‌ഗത്തിന്റെ വകഭേദങ്ങളാണെന്നാണ് നരവം‌ശശാസ്ത്രം‌ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഹിജഡകള്‍ക്കു സമാനമായി ഇസ്ലാം രാജ്യങ്ങളധികമുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ "ക്‌സാനിത്ത്" എന്ന ഒരു വിഭാഗമുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷത്തേയും പുരുഷവേശ്യയായിത്തന്നെയാണു സമൂഹം‌ കണക്കാക്കുന്നതും. ഇവര്‍ ഇന്ത്യയിലെ ഹിജഡകളെപ്പോലെ ലിംഗച്‌ഛേദനം നടത്തുന്നില്ല. ഒമാന്‍ രാജ്യത്തെ നിയമപ്രകാരം ക്‌സാനിത്തുകള്‍ക്ക്‌ ഒരു പുരുഷനു കിട്ടുന്ന എല്ലാ നിയമാനുകൂല്യങ്ങളും ലഭ്യമാണു താനും. പള്ളിയില്‍ പ്രവേശിക്കാനും ആരാധന നടത്തനും അനുവാദമുണ്ട്. അവര്‍ക്ക്‌ സ്ത്രീകളുമായി ഇടപഴകാനും വിവാഹത്തിനു വധുവിന്റെ പര്‍ദ്ദ നീക്കി മുഖം‌ കാണാനുമൊക്കെ അനുവാദവുമുണ്ട്. ക്‌സാനിത്തുകള്‍‌ ഒരു പുരുഷനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, വിവാഹം കഴിച്ചു ജീവിക്കാനുള്ള അനുവാദവുമുണ്ട്. അറബ്‌ വം‌ശത്തിലെ ബഹുഭൂരിപക്ഷം‌ പുരുഷന്‍‌മാരും‌‍‌ ക്‌സാനിത്തുകളുമായി രതിയിലേര്‍‌പ്പെടാന്‍‌ അതിയായ താത്പര്യമുള്ളവരാണ്. സ്‌ത്രീകളെ പ്രജനനത്തിനും‌ പുരുഷനെപ്പോലെയുള്ള ഇവരെ ശരീരസുഖത്തിനും‌ എന്നാണവര്‍‌ കരുതിപ്പോരുന്നത്.

നോര്‍‌ത്ത് അമേരിക്കയില്‍‌ ‘ഷി മെയില്‍’ എന്നു വിളിക്കുന്ന ഒരു വിഭാഗമുണ്ട്. സ്‌ത്രീകളെപ്പോലെ മാറിടവും‌ പുരുഷന്റേതുപോലെ വളര്‍‌ച്ചയെത്തിയ ലിം‌ഗവുമുള്ളവര്‍‌. ഇതു വായിക്കുന്ന ചിലരെങ്കിലും‌ ഇന്റര്‍‌നെറ്റുകളിലൂടെയും‌ ഇ-മെയിലുകളിലൂടെയും‌ മറ്റും‌ ഇത്തരം‌ ഷി-മെയിലുകളുടെ രതിലീലാചിത്രങ്ങള്‍‌ കണ്ടിട്ടുണ്ടാകും‌. ഇവരുമായി രതിയിലേര്‍‌പ്പെടാനായി അതീവതാത്പര്യം‌ സൂക്ഷിക്കുന്നവരും‌ അമിത തുക കൊടുത്ത്‌ ഇവരെ സ്വന്തമാക്കുന്നവരുമൊക്കെയടങ്ങിയ ഒരു പുരുഷവിഭാഗം‌ ഉണ്ടെന്നുള്ളത് അരോചകമായി ചിലര്‍‌ക്കൊക്കെ തോന്നാമെങ്കിലും‌ ആ സത്യത്തെ അവഗണിക്കാന്‍‌ കഴിയുമോ? അറബ്‌ വം‌ശജരാണ് ഇക്കൂട്ടരോട് കൂടുതല്‍‌ പ്രതിപത്തിയുള്ളവരെന്നും‌ പറയപ്പെടുന്നു. ഇതിവിടെ എഴുതിയത് ഇത്തരം‌ മൂന്നാം‌ ലിം‌ഗത്തില്‍‌ പെട്ട വര്‍‌ഗ്ഗങ്ങളെ ഒരിടത്തും‌ ‌ ഭാരതത്തിലെ ഹിജഡകളെപ്പോലെ പരിഹസിച്ചും‌ പാര്‍‌ശ്വവത്കരിച്ചും‌ നിര്‍‌ത്തിയിട്ടില്ല എന്നു പറയാനാണ്.

ഭാരതത്തിലെ ഹിജഡകള്‍‌ മാത്രം‌ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതിനു നിരവധി കാരണങ്ങളുണ്ട്. ഒരു പക്ഷേ ഇതര സമൂഹങ്ങളില്‍‌നിന്നും‌ വ്യത്യസ്തമായി ഇവര്‍‌ അനുശീലിച്ചുപോന്ന ചില ആചാര രീതികള്‍‌ തന്നെയാകാം‌ ‘സ്വയം വിന’ എന്ന പോലെ അവരെ സമൂഹത്തില്‍‌ നിന്നും‌ ഇത്രയേറെ അകറ്റിനിര്‍‌ത്തുന്നതും. ഭാരതത്തില്‍ മാത്രമാണ്‌ ഹിജഡകള്‍ അതിപ്രാകൃതമായ ഒരു ഗോത്രസംസ്കാരത്തിന്റെ ബാക്കിപത്രമായി തങ്ങളുടെ ലിംഗം ദൈവത്തിനു നല്‍കുന്നത്‌. ഇത്തരം‌ ആചാ‍രങ്ങള്‍‌ ഇന്നു നിലവിലില്ല എന്നു തന്നെ പറയാമെങ്കിലും തങ്ങളുടെ പൂര്‍വ്വികരുടെ ഈ വിധ ചില കുകര്‍മ്മങ്ങളുടെ ഭാരം ഇന്നത്തെ തലമുറ ചുമക്കുന്നുണ്ടെന്നുള്ളത്‌ മറയില്ലാത്ത ഒരു സത്യം മാത്രമാണ്‌. ഹിജഡകളുടെ ക്ഷേമപ്രവര്‍‌ത്തനങ്ങള്‍‌ക്കായി രൂപം‌ കൊണ്ടിട്ടുള്ള നിരവധി സം‌ഘടനകള്‍ ഇന്നു ഭാരതത്തിലുണ്ട്. ഇവരുടെയൊക്കെ ശ്രമഫലമായി ഇത്തരം‌ പ്രാകൃത ആചാരങ്ങളില്‍‌ നിന്നെല്ലാം‌ ഹിജഡകളെ മോചിപ്പിച്ചു വരുന്നുവെങ്കിലും‌ സമൂഹമനസ്സില്‍‌ അവരുടെ സ്‌ഥാനം‌ ഇന്നും‌ പഴയ രീതിയില്‍‌ തുടരുന്നു.

ഭാരതത്തിലെ ഹിജഡകള്‍ മറ്റുദേശത്തുള്ളവരെക്കാള്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നതില്‍‌ അവരുടെ വസ്‌ത്രധാരണത്തിനും‌ പ്രധാന പങ്കുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, എന്നിവിടങ്ങളിലെ സ്‌ത്രീകളുടെ പ്രധാന വസ്‌ത്രം സാരിയാണ്‌. പുരുഷരൂപത്തില്‍ ജനിച്ച്‌ സ്‌ത്രീപ്രകൃതിയായി ജീവിക്കാനാഗ്രഹിക്കുന്നവര്‍ സ്ത്രീകളുടെ വസ്ത്രധാരണത്തോടാണ്‌ ആഭിമുഖ്യം കാണിക്കുക. ആയതിനാല്‍ ഈ ദേശത്തുള്ള ഹിജഡകള്‍ ഈ ദേശത്തെ സ്‌ത്രീകളെപ്പോലെ സാരിയുടുത്തും, പൊട്ടുകുത്തിയും, തിളക്കമുള്ള ആഭരണങ്ങളണിഞ്ഞും ജീവിക്കുന്നു. സ്‌ത്രീകളും പുരുഷന്‍മാരും തമ്മില്‍ വസ്‌ത്രധാരണത്തില്‍ പ്രകടമായ ഇത്തരം വ്യത്യാസം മറ്റു ദേശങ്ങളില്‍ നിലവിലില്ലാത്തതിനാല്‍ അവിടങ്ങളിലെ ഹിജഡകളെ വളരെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുകയില്ല. പുരുഷന്റേതുപോലുള്ള പരുക്കന്‍ ശബ്ദത്തിലൂടെ മാത്രമേ അവരെ തിരിച്ചറിയാന്‍ കഴിയൂ.

ഹിജഡകള്‍ പൊതുവേ സ്വവര്‍ഗ്ഗരതിക്കാര്‍ ആണെന്നതാണ്‌ വിശ്വാസം. എന്നാല്‍ വിവിധ സമൂഹങ്ങള്‍ സ്വവര്‍ഗ്ഗരതിക്കു കണക്കാക്കപ്പെടുന്ന മാനദണ്ഡം വ്യത്യസ്തങ്ങളാകയാല്‍‌ ഹിജഡകളെ 'സ്വവര്‍ഗ്ഗരതിക്കാര്‍' എന്ന 'മൂന്നാം ലൈംഗികതയില്‍‘ ഉള്‍‌പ്പെടുത്താന്‍ കഴിയില്ലായെന്നാണ്‌ നരവംശശാസ്ത്രജ്ഞന്മാര്‍‌ അഭിപ്രായപ്പെടുന്നത്‌.

സ്വവര്‍ഗ്ഗരതിക്ക് വിവിധദേശങ്ങളില്‍ വിവിധ മാനങ്ങളാണുള്ളത്. സ്വവര്‍‌‌ഗ്ഗരതിയില്‍‌ ‘ദാതാവും‌‘ ‘ സ്വീകര്‍‌ത്താവും‌‘ പുരുഷനാണ്‌. മധ്യേഷ്യന്‍ രാജ്യങ്ങളിലും ഭാരതമുള്‍പ്പെടെയുള്ള ഇതര ഏഷ്യന്‍രാജ്യങ്ങളിലും ഭോഗിക്കപ്പെടുന്ന സ്വീകര്‍‌ത്താവായ പുരുഷന്‍ മാത്രമാണ്‌ സ്വവര്‍ഗ്ഗരതിശീലമുള്ളവരായി കണക്കാക്കപ്പെടുന്നത്‌. ഭോഗിക്കുന്ന ദാതാവായ പുരുഷന്‍ തികച്ചും പൌരുഷമുള്ളവനായി കണക്കാക്കുന്നു. എന്നാല്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ ഭോഗിക്കുന്ന പുരുഷനും സ്വവര്‍ഗ്ഗരതിയുള്ളവരാണെന്നു കണക്കാക്കുന്നു. ഇതിനും‌ പുറമേ സ്ത്രീയേയും പുരുഷനേയും ഭോഗിക്കുന്നതില്‍‌ തത്പരരായ bisexual എന്ന ഒരു വലിയ വിഭാഗം സാര്‍വത്രികമായി നിലനില്‍ക്കുന്നുമുണ്ട്. സ്വവര്‍‌ഗ്ഗരതിയില്‍‌ ഏര്‍‌പ്പെടുന്ന പുരുഷന്‍‌മാര്‍‌ സ്വലിം‌ഗികളാണ്. എന്നാല്‍‌ ഹിജഡകളാകട്ടെ, ലിം‌ഗരഹിതരും‌ കൂടുതല്‍‌ സ്‌ത്രൈണതയുള്ളവരുമാകയാല്‍‌ ഇവരെ സ്വവര്‍ഗ്ഗരതിയുടെ പട്ടികക്കുള്ളില്‍‌ ഉള്‍‌ക്കൊള്ളിക്കാനാകുന്നില്ല എന്ന ഒരു പ്രതിസന്ധി നരവം‌ശശാസ്ത്രജ്ഞന്‍‌മാര്‍‌ നേരിടുന്നുണ്ട്.

ഹിജഡകളുടെ ശരീരശാസ്‌ത്രം
പുരുഷനും സ്ത്രീയും സംയോഗിക്കുന്നിടത്ത്‌ പ്രജനനം സംഭവിക്കുന്നു. പ്രജനനം സാധിക്കാത്ത എല്ലാ ലൈംഗികതയും മൂന്നാം ലൈംഗികതയാണെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യശാസ്ത്രത്തിന്റെ കണക്കു പ്രകാരം 80,000-ല്‍ ഒരു പുരുഷന്‍ ഈ 'മൂന്നാം ലൈംഗികതയോടെ' ജനിക്കുന്നു. ഇതില്‍ ഉഭയലിംഗത്തോടെ ജനിക്കുന്നവരും, സ്‌ത്രീപ്രകൃതിയോടെ ജീവിക്കാനാഗ്രഹിക്കുന്നവരും, പുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്താനാഗ്രഹിക്കുന്ന മറ്റു പുരുഷന്‍മാരും ഉള്‍പ്പെടും. എന്നാല്‍ 1,25,000-ല്‍ ഒരു സ്‌ത്രീ മാത്രമാണ്‌ സ്‌ത്രീയായി ജനിച്ചു പുരുഷനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നത്‌.

മനുഷ്യന്റെ ലിംഗനിര്‍ണ്ണയം ഗര്‍ഭാവസ്ഥയില്‍ ക്രോമസോമുകളുടെ സംയോഗത്തോടെ നിര്‍ണ്ണയിക്കപ്പെടുന്നു. XX ക്രോമസോമുകളുടെ സംയോഗത്താല്‍ സ്‌ത്രീലിംഗവും XY ക്രോമസോമുകളുടെ സംയോഗത്താല്‍ പുരുഷലിംഗവും സംജാതമാകുന്നു. സ്‌ത്രീലിംഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ സജാതീയമായ രണ്ടു ക്രോമസോമുകളുടെ (XX)സംയോഗമാണുണ്ടാവുന്നത്‌. എന്നാല്‍ പുരുഷലിംഗം നിര്‍ണ്ണയിക്കുമ്പോള്‍ X എന്നും Y എന്നുമുള്ള രണ്ടു വ്യത്യസ്ത ക്രോമസോമുകളുടെ സങ്കലനം നടക്കുന്നു. Y ക്രോമസോമിലെ SRY എന്ന ജീനാണ്‌ പുരുഷലിംഗത്തിലെ പൌരുഷത്തിന്റെ ഘടന നിര്‍വ്വചിക്കുന്നത്. X ക്രോമസോമും Y ക്രോമസോമും ഘടനയിലും രൂപത്തിലും വ്യത്യസ്തമാകയാല്‍ അതിന്റെ സംയോഗങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ക്കു സാധ്യത ഏറെയാണ്. SRY ജീനിന്റെ ഈ ഏറ്റക്കുറച്ചിലുകളിലൂടെ Y ക്രോമസോമിന്റെ സംയോഗം ദുര്‍ബലമാകുമയും X ക്രോമസോമിന്റെ ആധിപത്യം ജീനില്‍ സംഭവിക്കുകയും ചെയ്യുന്നിടത്താണ്‌ പുരുഷലിംഗത്തില്‍ ജനിക്കുന്ന ശിശുവില്‍ സ്‌ത്രീപ്രകൃതി കൂടുതലായി ഉണ്ടാകുന്നത്. ഇങ്ങനെ Y ക്രോമസോമിന്റെ ദുര്‍ബലതയോടെ ജനിക്കുന്ന ചില പുരുഷന്‍മാര്‍ ഉഭയലൈംഗികത ഉള്ളവരായിരിക്കും, ചിലര്‍‌ ഉഭയലിംഗമുള്ളവരായിരിക്കും‌. ഇങ്ങനെ രണ്ടു ലിം‌ഗത്തോടെ ജനിക്കുന്നവരെയാണ് ഇംഗ്ലീഷില്‍ ഹെര്‍മഫ്രോഡൈറ്റ് എന്നു പറയുന്നു.

മനുഷ്യന്റെ തലച്ചോറിലെ ഹിപ്പോത്തലാമസ്‌ ഗ്രന്‌ഥി ഒരാളിലെ ലിംഗനിര്‍ണ്ണയത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്ന്‌ അടുത്തകാലത്തു നടത്തിയ ചില പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതായും‌ പറയപ്പെടുന്നു. സ്‌ത്രീകളുടേ തലച്ചോറിലെ ഹിപ്പോത്തലാമസിലെ ന്യൂറോണുകളേക്കാള്‍ 44% കൂടുതലായിരിക്കും പുരുഷന്‍മാരിലേത്‌. ഹിപ്പോത്തലാമസിനെ ഒരു നിര്‍ണ്ണായകഘടകമായി മുന്‍പു കണ്ടിരുന്നില്ലായെങ്കിലും പിന്നീടുള്ള പഠനങ്ങള്‍ തെളിയിച്ചത്‌ ഹിപ്പോത്തലാമസിനു ലിംഗനിര്‍ണ്ണയത്തില്‍ വ്യക്തമായ സ്വാധീനമുണ്ടെന്നാണ്‌. സ്വവര്‍ഗ്ഗാനുരാഗികളിലും, ഹിജഡകളിലുമൊക്കെ നടത്തിയ പരീക്ഷണങ്ങളില്‍ ഹിപ്പോത്തലാമസ്‌ പുരുഷന്‍മാരുടേതിനേക്കാള്‍ ഇവരില്‍ കുറഞ്ഞിരിക്കുന്നതായാണ്‌ കണ്ടെത്തിയത്. ആയതിനാല്‍ സ്വവര്‍ഗ്ഗരതിയും, മൂന്നാം ലിംഗവുമൊക്കെ തികച്ചും‌ മറ്റുള്ളവയേപ്പോലെ ഒരു ജനിതകവൈകല്യമാണെന്നു തെളിയിച്ചിരിക്കുകയാണ്. കൂടുതല്‍‌ വിവരങ്ങള്‍‌ക്ക്‌ ഈ ലിങ്കു നോക്കുക

മനുഷ്യശരീരത്തില്‍‌ പൌരുഷം‌ പകരുന്ന ഹോര്‍‌മ്മോണാണ് ടെസ്റ്റോസ്റ്റിറോണ്‍‌. സ്‌ത്രീത്വം‌ പകരുന്നതാകട്ടെ ഈസ്ട്രജനെന്ന ഹോര്‍‌മ്മോണും. ചില മനുഷ്യരില്‍‌ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലുണ്ടാവുന്ന കുറവ്‌ സ്ത്രൈണഹോര്‍‌മ്മോണായ ഈസ്ട്രജന്റെ അമിതപ്രവര്‍‌ത്തനത്തിനും‌ ആധിപത്യത്തിനും‌ ഇടയാക്കുന്നു. ഇങ്ങനെ ഹോര്‍‌മ്മോണിന്റെ ഉത്പാദനത്തിലെ ഘടനാവ്യത്യാസം‌ കൊണ്ടാണ് ചില പുരുഷന്‍‌മാര്‍‌ സ്‌ത്രൈണസ്വഭാവത്തോടെ ജനിക്കുന്നതും‌ പുരുഷന്‍‌മാരില്‍‌ നിന്നും‌ രതിസുഖം‌ ആഗ്രഹിക്കുന്നതും‌. ഹിജഡകളില്‍ ഭൂരിഭാഗവും ദ്വിലിംഗത്തോടെ ജനിക്കുന്നവരാണ്‌. ഇതെല്ലാം എന്റെ വായിച്ചറിവുകള്‍ മാത്രം. ഇതിനെക്കുറിച്ചു കൂടുതല്‍ ശാസ്ത്രീയമായും ആധികാരികമായും പറയാനറിയാവുന്നവര്‍ ബൂലോകത്തു നിരവധി ഉണ്ട്. ക്രോമസോമിന്റേയും ജീനിന്റേയും ക്രമ-പ്രതിക്രമ പ്രവര്‍ത്തനങ്ങള്‍ ഒരാളുടെ ലൈംഗികതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച്‌ മെഡിസിന്‍@ബൂലോകം എന്ന ബ്ലോഗ് എഴുതുന്ന ഡോ. സൂരജിന്റെ വിശദീകരണം ഇവിടെ എടുത്തെഴുതുന്നു.

"മിക്ക ഹിജഡകളും ശരീരശാസ്ത്രപരമായി ആണുങ്ങളാണ്. ചിലര്‍ ആന്‍ഡ്രോജിനസ് (androgynous) ആണ് - മാനസികമായോ ശാരീരികമായോ, ചിലരാകട്ടെ ട്രാന്‍സ് സെക്ഷ്വല്‍ എന്ന് തന്നെ വിളിക്കാവുന്നവരും. ജനന സമയത്തെ ലിംഗ നിര്‍ണ്ണയം മൂലം ഒരു ലിംഗ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെടുകയും പിന്നീട് സ്വന്തം വ്യക്തിത്വം ആ ലിംഗ ഗ്രൂപ്പിനുള്ളില്‍ സാക്ഷാത്ക്കരിക്കാനാവുന്നതല്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്ന വ്യക്തികളെ വിശാലമായി സംബോധന ചെയ്യാനാണ് ഈ പദമുപയോഗിക്കാറ്. ഈ നിര്‍വചനത്തിലെ പ്രധാന വാക്ക് "തിരിച്ചറിവ്" എന്നതാണ്. ജന്മനാ സമൂഹത്താലോ അച്ഛനമ്മമ്മാരാലോ നിര്‍ണ്ണയിച്ചു നല്‍കപ്പെട്ട ലൈംഗിക സ്വത്വവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ട്രാന്‍സ് സെക്ഷ്വലുകളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. കാരണം ഒരാള്‍ സ്വയം അങ്ങനെ കരുതുന്നില്ലെങ്കില്‍ പിന്നെ അയാളെ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് മന:ശാസ്ത്രത്തിലെ consensus. ട്രാന്‍സ്‌ ജെന്‍ഡറുകളുടെ അവാന്തര വിഭാഗങ്ങളാണ് ട്രാന്‍സ് സെക്ഷ്വലുകളും ആന്‍ഡ്രോജിനികളും cross dressers-ഉം ഒക്കെ. ട്രാന്‍സ് സെക്ഷ്വലുകള്‍ ജന്മനാ അവര്‍ക്ക് നല്‍‌കപ്പെട്ട ലൈംഗികസ്വത്വത്തെ നിരാകരിക്കുകയും എതിര്‍ ലിംഗത്തിന്റെ മാനസിക, ശാരീരിക സ്വത്വം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ലിംഗമാറ്റ ശസ്ത്രക്രിയയൊക്കെ വേണ്ടി വരാറുള്ളതും ഇക്കൂട്ടര്‍ക്കാണ്.

SRY ജീനിനെ സംബന്ധിച്ച്
സാധാരണ നിലയ്ക്ക് (ഈ ജീനുകള്‍ ഉണര്‍ത്തപ്പെടാത്തിടത്തോളം) ഭ്രൂണം സ്ത്രീയായിട്ടാണ് വളരുക. അതായത് മനുഷ്യന്റെ default ലിംഗം സ്ത്രീ ആണെന്ന് ! ഗര്‍ഭസ്ഥ ശിശു അതിന്റെ ആദ്യത്തെ 40-ഓളം ദിവസങ്ങള്‍ ഈ നിലയിലാണ് വളരുക. അവിടുന്നങ്ങോട്ട് ജനിതക വ്യത്യാസങ്ങള്‍ ശാരീരിക വ്യത്യാസങ്ങളായി പരിണമിക്കുന്നു. Y ക്രോമസോമിലെ SRY ജീനാണ് ഭ്രൂണത്തില്‍ പുരുഷലിംഗനിര്‍ണ്ണയത്തിനു നേതൃത്വം നല്‍കുക. SRY-യെ കൂടാതെ ലിംഗനിര്‍ണ്ണയത്തില്‍ പ്രധാനപ്പെട്ട നാലു ജീനുകളായ WT1, SF1, SOX9 DAX1 കൂടി പങ്കെടുക്കുന്നുണ്ട്.(എല്ലാം ജനിതകശാസ്ത്രത്തിലുപയോഗിക്കുന്ന ചുരുക്കപ്പേരുകളാണ്. വൃഷണം ഉണ്ടാക്കുക, ടെസ്റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ലൈംഗികതാ നിര്‍ണ്ണയ ഹോര്‍മോണ്‍ നിര്‍മ്മിക്കുക എന്നിവയാണ് ഈ ജീനുകള്‍ തങ്ങളിലുള്ള പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ആത്യന്തികമായി നടക്കുന്നത്. സ്ത്രൈണലൈംഗികാവയവങ്ങളുടെ വളര്‍ച്ച തടഞ്ഞുകൊണ്ടാണ് SRY ജീനും കൂട്ടരും തങ്ങളുടെ ആധിപത്യമുറപ്പാക്കുന്നത് എന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങള്‍ കാണിക്കുന്നത്. X ക്രോമസോമിന്റെ എണ്ണത്തിലെ ആധിക്യമോ കുറവോ കുട്ടിയില്‍ പൂര്‍ണമോ അപൂര്‍ണ്ണമോ ആയ സ്ത്രൈണതയുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നുമായി രണ്ട് എക്സ് ക്രോമസോം വരേണ്ട ഒരു പെണ്‍കുട്ടിക്ക് ഒരു എക്സ് ക്രോമസോം മാത്രം കിട്ടുന്ന അവസ്ഥയുണ്ടായാല്‍ ടേണേഴ്സ് സിന്‍ഡ്രോം (Turner's) ഉണ്ടാകുന്നു. ജൈവികമായി സ്ത്രീയാണെങ്കിലും (ovary, വികസിതമോ അവികസിതമോ ആയ ഗര്‍ഭപാത്രം ഉള്ളവര്‍ ) ആര്‍ത്തവമോ അണ്ഡോല്‍പ്പാദനമോ ഇല്ലാത്ത അവസ്ഥ. അല്പാല്പമായി പുരുഷ ലക്ഷണങ്ങള്‍ കാണാമെന്നല്ലാതെ ഇക്കൂട്ടരെ ഹിജഡ ഗ്രൂപ്പില്‍ പെടുത്താനാവില്ല. അപൂര്‍വ്വം ചിലര്‍ ഉണ്ടെങ്കിലും. മറ്റൊന്ന് ക്ലൈന്‍ഫെല്‍റ്റേഴ്സ് സിന്‍ഡ്രോം ആണ്. ജൈവികമായി ആണ്‍ കുട്ടിയെങ്കിലും ഒരു X ഒരു Y യും കൂടാതെ ഒരു X അധികമായി ഉണ്ടാകും ഇവരില്‍. (47,XXY) ചിലപ്പോള്‍ രണ്ടില്‍ കൂടുതല്‍ X കാണാം. എങ്ങനെയായാലും ഒരു Y എങ്കിലും ഉണ്ടെങ്കില്‍ ജൈവികമായി കുട്ടി ആണാണ്. അതായത് testicles-ഉം വൃഷണ സഞ്ചിയും (അവികസിതമായതെങ്കിലും) കാണാം. പക്ഷേ അധികമുള്ള X ക്രോമസോമിന്റെ പ്രഭാവം നിമിത്തം കുട്ടി വന്ധ്യനാകുന്നു. ഒപ്പം മുലയും അതുപോലുള്ള ചില സ്ത്രൈണ ഭാവങ്ങളും.

യഥാര്‍ത്ഥ ഇന്റര്‍ സെക്ഷ്വലുകള്‍ അഥവാ True hermaphroditism:
ആണാണോ പെണ്ണാണോ എന്ന് ലൈംഗികാവയവം നോക്കി പറയാനാവാത്ത അവസ്ഥയാണ് ശരിക്കും പറഞ്ഞാല്‍ ഇന്റര്‍സെക്ഷ്വലുകള്‍ . ഹിജഡകളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു വിഭാഗം ആണിത്. ഇതില്‍ തന്നെ രണ്ട് തരമുണ്ട്:
1) ലൈംഗികാവയവം ആണിന്റേതോ പെണിന്റേതോ എന്ന് വേര്‍തിരിക്കാനാവില്ലെങ്കിലും ക്രോമസോം നോക്കിയാല്‍ ആണോ പെണ്ണോ എന്ന് പറയാന്‍ പറ്റുന്നവര്‍ - മനുഷ്യരില്‍ ഇക്കൂട്ടരാണ് സാധാരണ ഇന്റര്‍സെക്ഷ്വലുകള്‍ എന്ന് ജൈവികമായ അര്‍ത്ഥത്തില്‍ വിളിക്കാവുന്നത്. 47,XXY എന്ന ക്രോമസോം ക്രമം വരുന്ന ചില ക്ലൈന്‍ഫെല്‍റ്ററുകള്‍ ഇങ്ങനെയുള്ളവരാണ്. മറ്റു ചിലരുടെ ശരീരത്തിലാകട്ടെ രണ്ട് തരം സെക്സ് ക്രോമസോം അറേയ്ഞ്ച്മെന്റ് കാണാം. ചില കോശങ്ങളില്‍ 46XX ഉം ചില കോശങ്ങളില്‍ 46XYഉം. (അല്ലെങ്കില്‍ 46XXയും 47XXYയും). ഇവരിലെല്ലാം എക്സും വൈയ്യും പല കോമ്പിനേഷനുകളില്‍ വരുന്നതുകാരണം ലൈംഗികാവയവങ്ങള്‍ പോലും ശരിക്ക് തിരിച്ചറിയാവുന്ന രീതിക്ക് വികാസം പ്രാപിക്കുന്നില്ല. വലിയൊരു വിഭാഗം ട്രാന്‍സ് സെക്ഷ്വലുകളും ഇങ്ങനെയുള്ള ഒരു പ്രശ്നവുമില്ലാത്തവരാണ് എന്നതാണ് വസ്തുത. അവരിലെ പ്രശ്നം ശാരീരികമായ ലൈംഗിക വ്യക്തിത്വമല്ല അവരുടെ മാനസിക വ്യക്തിത്വം എന്നതാണ്. ഇതിനു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗവേഷണങ്ങളുടെ പ്രധാന ഫോക്കസ് ഈസ്ട്രജന്‍, ആന്‍ഡ്രജന്‍ എന്നീ സ്ത്രീ/പുരു ഹോര്‍മോണുകള്‍ മസ്തിഷ്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലാണ്. പുരുഷനെ പുരുഷനാക്കുന്നത് അവന്റെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രജനുകളാണ്. സ്ത്രീയെ ഈസ്ട്രജനും.
ഇതിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളാണ് ആണ്‍ ശരീരത്തിലെ പെണ്‍ മനസിനും മറിച്ചും കാരണമാകുന്നതെന്നാണ് പ്രധാന തിയറി. (ഈയടുത്തും ഒരു പഠനം വന്നിരുന്നു ഒക്ടോബറില്‍ - കാലിഫോണിയ സര്‍വ്വകലാശാലയുടേയും ചില ഓസ്ട്രേലിയന്‍ ഗ്രൂപ്പുകളുടെയും സംയുക്ത പഠനം) ലൈംഗികതാ ഹോര്‍മോണിന്റെ അളവിലല്ല മറിച്ച് തലച്ചോര്‍ കോശങ്ങള്‍ അവയെ സ്വീകരിക്കുന്നതിന്റെ തോതിലാണ് പ്രശ്നമെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു. അതായത് തലച്ചോറില്‍ ഈ ഹോര്‍മോണുകളെ തിരിച്ചറിയുന്ന കോശസ്വീകരിണികള്‍ ജന്മനാ നഷ്ടപ്പെടുന്ന അവസ്ഥയാകാം കാരണമെന്ന് (ആത്യന്തികമായി ജീനുകളിലെ പ്രശ്നങ്ങള്‍ കാരണമാവാം ഇതും)

സ്വവര്‍‌ഗ്ഗരതിക്ക് നപുംസകത്വമായി നേരിട്ട് ബന്ധമൊന്നുമുള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നില്ല. ആണിന് ആണിനോടുള്ള ലൈംഗികാഭിനിവേശം ഹോര്‍മോണ്‍ വ്യതിയാനം മൂലമാകാം, വളര്‍ച്ചാഘട്ടത്തിലുണ്ടാവുന്ന മാനസിക വികാസവുമായി ബന്ധപ്പെട്ടതാവാം. ജനിതകമായ കാരണങ്ങളും കാണാം. ഹോമോസെക്ഷ്വലുകളെ ആകെ എടുത്താല്‍ അതിലെ ഒരു വിഭാഗം ആണ് പലപ്പോഴും നപുംസകവ്യക്തികള്‍ . ലൈംഗികാഭിനിവേശത്തിലെ വ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ ഹോമോ സെക്ഷ്വലുകള്‍ ഹെറ്ററോസെക്ഷ്വലുകള്‍ക്ക് തുല്യരാണ്.അവര്‍ മാനസികമായി അപരലൈംഗികത്വം കാംക്ഷിക്കുന്നില്ല. സ്വന്തം ലൈംഗിക സ്വത്വവുമായി ഒത്തുപോകാന്‍ അവര്‍ക്ക് പ്രശ്നങ്ങളുമില്ല. ഹിജഡ എന്ന് നാം വിളിക്കുന്ന ട്രാന്‍സ് സെക്ഷ്വലുകളാകട്ടെ മാനസികമായി അപരലൈംഗികത്വം കാംക്ഷിക്കുന്നവരാണ്. എതിര്‍ ലിംഗത്തിന്റെ രൂപവും, വേഷവും, ചേഷ്ടകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍.


ശാസ്‌ത്രീയമായ ഈ വിവരണം‌ ഹിജഡ എന്ന ഒരു വര്‍‌ഗ്ഗത്തിന്റെ ഉത്‌ഭവം‌ ജനിതകവൈകല്യമാണെന്ന്‌ അടിവരയിടുന്നുണ്ട്.
പ്രധാനമായും മൂന്നു രീതിയിലുള്ള ഹിജഡകളാണ് ഭാരതത്തിലുണ്ടെന്നു പറയപ്പെടുന്നത്. ഒന്നാമതായി മുന്‍പു വിവരിച്ച ഉഭയലിംഗത്തോടെ ജനിക്കുന്നവര്‍(ഹെര്‍മഫ്രോഡൈറ്റ് ). അവര്‍ക്ക്‌ പുരുഷന്റേയും സ്‌ത്രീയുടേയും പൂര്‍ണ്ണമാകാത്ത ജനനേന്ദ്രിയമായിരിക്കും ഉണ്ടാവുക. രണ്ടാമതായി തികച്ചും പുരുഷ ലിംഗത്തോടെ ജനിച്ചാലും സ്‌ത്രൈണപ്രകൃതിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ (മുന്‍പു വിവരിച്ച ശാസ്ത്രവിശകലനത്തിലെ Y ക്രോമസോമിന്റെയോ, SRY ജീനിന്റെയോ ഘടനാവ്യത്യാസം‌ കൊണ്ടോ, ടെസ്‌റ്റോറ്റിറോണ്‍‌ ഹോര്‍‌മ്മോണിന്റെ കുറവുകൊണ്ടോ ഒക്കെ സം‌ഭവിക്കാവുന്നവ വകഭേദം - ജന്മനാ നല്‍‌കപ്പെട്ട ലൈംഗികസ്വത്വത്തെ നിരാകരിക്കുകയും എതിര്‍ ലിംഗത്തിന്റെ മാനസിക, ശാരീരിക സ്വത്വം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍‌ ) ഇവര്‍ ലിംഗമാറ്റശസ്ത്രക്രിയയിലൂടെയും മറ്റും എതിര്‍‌ലിം‌ഗം‌ സ്വീകരിച്ചു (സ്‌ത്രീകളെപ്പോലെ) അവരുടെ ശരീരത്തിന്റെ ആവശ്യം അനുസരിച്ച ജീവിതം സുസാധിതമാക്കുന്നു.ജീവിക്കുന്നു.

മൂന്നാമത്തെ വിഭാഗം‌ ഇന്നത്തെ ഹിജഡകളുടെ പുതിയ തലമുറയില്‍‌ ഇല്ലാ എന്നു തന്നെ പറയാം‌. മുന്‍‌കാലങ്ങളില്‍‌ കുട്ടികളേയും‌ മറ്റും‌ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം ഹിജഡകളാക്കപ്പെടുന്നതായ ഒരു ആചാരം നിലവിലുണ്ടായിരുന്നു. ഒരു പക്ഷേ അങ്ങനെയൊരു തലമുറ ഉണ്ടായിരുന്നതിന്റെ പരിണിതഫലമാണ്‌ ഇന്നത്തെ ഹിജഡകളുടെ തലമുറയെ തെരുവോരങ്ങളില്‍ ഭിക്ഷ എടുപ്പിക്കുന്നതിലേക്കു സമൂഹം അകറ്റിനിര്‍ത്തിയത് എന്നതില്‍‌ സം‌ശയമില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയി ലിംഗച്‌ഛേദനംനടത്തി, ബഹുചരമാതാവിനു സമര്‍പ്പിക്കുന്ന അതിപ്രാകൃതമായ ചില കര്‍മ്മങ്ങള്‍ ഹിജഡകളുടെ മുന്‍തലമുറ അനുഷ്ഠിച്ചിരുന്നു. അതീവരഹ‌സ്യമായി ഇങ്ങനെ castration ചെയ്യുന്ന കുട്ടികള്‍ ഹിജഡകളായി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഹിജഡകളുടെ മന:ശാസ്‌ത്രം‌
ലൈംഗികത എന്നത്‌ വൈവിധ്യമാര്‍ന്നതും കരുണയില്ലാത്തതുമായ ഒരു സാമ്രാജ്യമാണ്‌. ഓരോരുത്തരിലും‌ തികച്ചും വ്യക്തിപരമായി അനുഭൂതമാകുന്ന അവസ്ഥാവിശേഷമാണ് അവനവനിലെ ലൈം‌ഗികത. സംസ്കാരത്തിനനുസരിച്ച്‌ ശരീരം വഴങ്ങിക്കൊടുക്കത്തിടത്ത്‌ അസാന്‍മാര്‍ഗ്ഗികത ആരോപിക്കപ്പെടുന്നു. ശരീരത്തിനു സംസ്കാരത്തെ ചുമക്കാനാകതെ വരുന്നിടത്ത്‌ അവനു തന്റെ വിനിമയശീലങ്ങളെ മാറ്റേണ്ടി വരുന്നു. ഇങ്ങനെ സംസ്‌കാരവും ശരീരവുമായി സമരസപ്പെടാത്ത ലൈംഗികതയാണ്‌ ഹിജഡകളുടേത്‌.

എല്ലാ ഹിജഡകളും സ്വവര്‍ഗ്ഗസംഭോഗികളാണെന്ന ഒരു പൊതുമാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തില്‍‌ സമൂഹം‌ അവരെ അങ്ങനെ വര്‍‌ഗ്ഗീകരിച്ചിരിക്കുന്നു. ഇവിടെ വലിയ ഒരു ശതമാനം വരെ ഇത്‌ സത്യവുമാണ്‌. ഈ "മൂന്നാം ലിംഗം" പുരുഷരൂപത്തില്‍ ജനിക്കുന്നെങ്കിലും ഉള്ളില്‍ ഒരു സ്‌ത്രീയുടെ ജീവിതമാണ്‌ ആഗ്രഹിക്കുന്നത്. സ്‌ത്രീകളെപ്പോലെ വസ്‌ത്രധാരണം നടത്താനും, ആഭരണങ്ങള്‍ അണിയാനും, നൃത്തം ചെയ്യാനുമൊക്കെ ആഗ്രഹിക്കുന്ന ഇവര്‍ തങ്ങളുടെ ലൈംഗികസംപൂര്‍ണ്ണതക്കും സ്‌ത്രീകളെപ്പോലെ തന്നെ പുരുഷന്മാരെയാണ്‌ ആഗ്രഹിക്കുന്നത്. പക്ഷേ സ്വന്തം‌ കിനാവുകളുടെ ആഴങ്ങളില്‍‌ സ്വയം‌ മറന്നൊന്നു മുഴുകാന്‍‌ ഇവര്‍‌ക്കു കഴിയില്ല എന്ന സത്യം‌ തിരിച്ചറിയപ്പെടുന്നതോടെ ഇവരിലെ അസന്തുഷ്‌ടമായ കാമനകളുടെ പേക്കൂത്തു പുറത്തേക്കു വരുന്നു. ഈ അസന്തുഷ്ഗ്ടി ഇവരെ പരിഹാസത്തിന്റെ പടുകുഴിയിലേക്കും‌ നൈരാശ്യത്തിന്റെ നിലയില്ലായ്‌മയിലേക്കും‌ ഒരേ സമയം‌ തള്ളിയിടുന്നു.

സ്‌ത്രീകളുടെ സഹജമായ ശാരീരിക മൃദുലതയോ, ആകാരസൌഷ്ഠവമോ, ശബ്ദസൌകുമാര്യമോ, രൂപസൌന്ദര്യമോ ഹിജഡകള്‍‍ക്കുണ്ടാകാറില്ല. ഒരു പുരുഷനു ലൈംഗികസംതൃപ്തി നല്‍കുന്ന, അവന്റെ ആസക്തിയുടെ ശമനതാളത്തിനായി അവന്‍ പ്രതീക്ഷിക്കുന്ന ആഴം‌ നല്‍‌കാനുള്ള ജനനേന്ദ്രിയവും‌ ഇവരില്ല. ഇതുകൊണ്ടു തന്നെ പുരുഷന്‍മാര്‍‌ ഇവരെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നു. പൊതുവേ അക്രമാസക്തര്‍‌ എന്നു മുദ്രകുത്തപ്പെട്ട ഹിജഡകള്‍‌ ഏതുനേരത്തും തന്റെ പൌരുഷത്വത്തിനുമേല്‍ വൃത്തിഹീനമായ ഒരു കടന്നുകയറ്റം നടത്തുമോ എന്നു പുരുഷന്‍‌ ഭയക്കുകയും ചെയ്യുന്നു. ട്രെയിനിലും‌ പൊതുസ്‌ഥലങ്ങളിലും‌ വെച്ച്‌ തന്റെ പൌരുഷം കടന്നാക്രമിക്കപ്പെടാതിരിക്കാനാണു പലപ്പോഴും എന്തെങ്കിലും ഭിക്ഷയായി കൊടുത്ത്‌ ഇവരില്‍ നിന്നും രക്ഷപ്പെടുന്നതെന്നാണ് മും‌ബായിലെ ഒരു ഒരു സുഹൃത്ത്‌ പറഞ്ഞത്.

ശമനോപാധിയില്ലാത്ത ലൈംഗികത, നിരാകരണത്തിന്റെ വേദന, സ്വന്തം രൂപത്തോടുള്ള വെറുപ്പ്‌, പ്രകടിപ്പിക്കാനാകാത്ത വിചാരങ്ങള്‍, നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം‌, തൊഴില്‍‌ ചെയ്യാനുള്ള അവസരമില്ലായ്‌മ, സ്‌നേഹവും സന്തോഷവും പങ്കിടാന്‍ കൂട്ടാളിയില്ലാത്ത വേദന, ഇതെല്ലാം ഇവരെ സമൂഹത്തിനുനേരെ ഗോഷ്ടി കാട്ടി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.

ഭാര്യയോടും‌ കുടും‌ബത്തോടും‌ കൂടി താമസിക്കുകയും‌ ധാര്‍‌മ്മികമായ അച്ചടക്കം‌ പാലിക്കുകയും‌ ചെയ്തുകൊണ്ടിരിക്കെത്തന്നെ ശരീരത്തിന്റെ ആവശ്യങ്ങളില്‍‌ അച്ചടക്കം‌ പാലിക്കാന്‍‍‌ കഴിയാത്ത വലിയ ഒരു പുരുഷവിഭാഗം‌ നമ്മുടെ സമൂഹത്തിലുണ്ട്. കപടസദാചാരത്തിന്റെ കൊടിപിടിക്കുന്നവരാണിവര്‍. പുരുഷനില്‍‌ നിന്നുള്ള വദനസുരതത്തോടും‌ ഗുദഭോഗത്തോടും‌ ആസക്തിയുള്ള ഈ ഒരു വിഭാഗം സമൂഹത്തില്‍ നിലനില്ക്കുന്നുണ്ടെന്നതാണ്‌ ഹിജഡകളുടെ ലൈംഗികപൂരണത്തിനുള്ള ആശ്വാസം. ഇരുളിന്റെ മറവില്‍ ഹിജഡകളുടെ ദൃഢശരീരങ്ങളില്‍ വികാരശമനം കണ്ടെത്തുന്നവര്‍ പകലിന്റെ വെളിച്ചത്തില്‍ ഇവരെ 'ഛക്ക' 'കോത്തി' 'അറവാണി' 'പാവയ്യ' 'യെല്ലമ്മ' 'ഖുസ്ര', 'ഷണ്ഡന്‍', 'യൂനക്‌ 'എന്നൊക്കെ വിവിധ പേരുകളില്‍ വിളിച്ചു പരിഹസിക്കുന്നു.

ഹിജഡകളുടെ ജീവിതക്രമങ്ങള്‍‌
ഭഗവാന്‍ ശ്രീരാമന്‍ അനുഗ്രഹിച്ചതിനാലും, പൌരുഷം ബഹുചരമാതാവിനു നല്‍കിയതിനാല്‍ 'ദേവീപ്രീതി' ലഭിച്ചതിനാലും ഹിജഡകള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും അവര്‍ക്ക്‌ അന്യരെ അനുഗ്രഹിക്കാനും‌ ശപിക്കാനും‌ കഴിവുള്ളവരാണെന്നുമുള്ള ഒരു വിശ്വാസം വടക്കേ ഇന്ത്യയില്‍ പ്രബലമായി നിലനില്‍ക്കുന്നു. വടക്കേ ഇന്ത്യയില്‍ ഹിജഡകളെ അനുഗ്രഹത്തിനായി ക്ഷണിക്കുന്ന വിവിധ ചടങ്ങുകളുണ്ട്.

വിവാഹത്തലേന്ന് വധുവിന് ദീര്‍ഘസുമംഗലിയായിരിക്കാനും വിവാഹത്തോടെ സല്‍‌സന്താനങ്ങളുണ്ടാകുവാനും‌ ഹിജഡകളുടെ അനുഗ്രഹം വേണമെന്ന ഒരു വിശ്വാസമുണ്ട്. സ്‌ത്രീകള്‍ ദീര്‍ഘനാള്‍ ഗര്‍ഭിണിയാകാതിരുന്നാല്‍ ഹിജഡകളെ വീട്ടില്‍ വിളിച്ചുവരുത്തി പാടിച്ചും ആടിച്ചും അനുഗ്രഹം തേടുന്നവരുണ്ട്.

ഏതെങ്കിലും വീട്ടില്‍ ഒരു കുട്ടി ജനിച്ചാല്‍ , പ്രത്യേകിച്ചും ആണ്‍കുട്ടിയെങ്കില്‍, ഹിജഡകള്‍ ആ വീടുകളില്‍ വന്ന്‌ നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നു. ജനിച്ച കുട്ടിയെ ഹിജഡകള്‍ കൈകളില്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കുന്നതോടൊപ്പം‌ അതിന്റെ ലിംഗനിര്‍ണ്ണയം നടത്തുകയും‌ ചെയ്യുന്നു. കുട്ടി ഒരു ഹിജഡയായാണോ ജനിച്ചതെന്നറിയാനാണ്‌ അങ്ങനെ ചെയ്യുന്നത്. ഒരു ഹെര്‍മഫ്രോഡൈറ്റായിട്ടാണു കുഞ്ഞു ജനിച്ചതെങ്കില്‍ അവര്‍ കുട്ടിയെ അവരുടെ കൂട്ടത്തിലേക്കു കൊടുക്കാനായി ആവശ്യപ്പെടും. വടക്കേ ഇന്ത്യയില്‍ അങ്ങനെ കുഞ്ഞിനെ കൈമാറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി സിയാ ജഫ്രിയുടെ ‘ദി ഇന്‍‌വിസിബിള്‍‌സ്‌ ‘എന്ന ബുക്കില്‍ വിവരിച്ചിട്ടുണ്ട്.

പ്രസവിക്കാനോ, പ്രസവിപ്പിക്കാനോ കഴിവില്ലാത്ത ഒരു വിഭാഗം ഇങ്ങനെയുള്ള അനുഗ്രഹങ്ങള്‍ നല്‍കുന്നതിലെ വിരോധാഭാസം സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. പക്ഷേ ഈ ഒരു അന്ധവിശ്വാസം ഇപ്പോഴും‌ വടക്കേ ഇന്ത്യന്‍‌ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ്‌ ഹിജഡകളുടെ ഏക ആശ്വാസം. സമൂഹത്തിനു തങ്ങളെ ഇതിനായി വേണമെന്ന ഒരു വിശ്വാസത്തിന്റെ വള്ളിയില്‍ തൂങ്ങി ഈ ജന്‍മങ്ങള്‍ വികൃതമായി ആടിയും പരുഷശബ്ദങ്ങളില്‍ അപസ്വരങ്ങള്‍ പാടിയും ജീവിക്കുന്നു. ഇവരുടെ പാട്ടുകള്‍ കൂടുതലും സ്‌ത്രീകളിലെ ഗര്‍ഭാവസ്ഥകളെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ ആയിരിക്കും. ചിലര്‍ ഹിന്ദിയിലും, ചിലര്‍ കൊങ്കിണിയിലും, കന്നടയിലുമൊക്കെയാണ്‌ ഈ പാട്ടുകള്‍ പാടുന്നത്.

റേഡിയോയും, ടെലിവിഷനും ഒക്കെ പ്രചാരത്തിലാകുന്നതിനു മുന്‍പുള്ള കാലങ്ങളില്‍‌ വടക്കേ ഇന്ത്യയില്‍ പുരുഷന്‍മാര്‍ മാനസികോല്ലാസത്തിനായി ഗ്രാമവീഥികളില്‍ ഹിജഡകളുടെ നൃത്തങ്ങളും, നൌട്ടങ്കികളും സംഘടിപ്പിച്ചിരുന്നതായി ചരിത്രങ്ങള്‍ പറയുന്നു.

കേരളസമൂഹത്തില്‍ ഹിജഡകളെ കാണാത്തതിന്റെ പ്രധാനകാരണം‌ വടക്കേ ഇന്ത്യയിലെപ്പോലെ അവരുടെ നിലനില്‍പ്പിനു ഉപോത്ബലകമായ അന്ധവിശ്വാസാ‍ധിഷ്ഠിതമായ ആചാരം‌ ഇവിടില്ല എന്നതിനാലാണ്. മാത്രമല്ല, ഇവരോട്‌ വളരെയേറെ അസഹിഷ്ണുതയാണ്‌ കേരള സമൂഹം കാണിക്കുന്നതെന്നും‌, കേരളത്തിലെ പരിഹാസം ഇതര സമൂഹത്തിലെ പരിഹാസത്തേക്കാള്‍ വേദനാജനകമാണെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഹിജഡകളുടെ ആചാരക്രമങ്ങള്‍‌‌
ഹിജഡകളെ വളരെ ഭീതിയോടെയും‌ ഭയത്തോടെയുമാണ് ബഹുഭൂരിപക്ഷവും‌ നോക്കിക്കാണുന്നത്. അതിന് അവരെ പ്രേരിപ്പിക്കുന്നത് ഇവര്‍‌ അനുശീലിക്കുന്നുവെന്നു പറയപ്പെടുന്ന അതിപ്രാകൃതമായ ചില ആചാരങ്ങളെക്കുറിച്ചുള്ള പിന്നാമ്പുറക്കഥകളാണ്. പുരുഷലിം‌ഗത്തോടെ ജനിക്കുകയും‌ സ്‌ത്രീയെപ്പോലെ ജീവിക്കുകയും‌ ചെയ്യാനാഗ്രഹിക്കുന്നവരും, ഹിജഡകള്‍ തട്ടിക്കൊണ്ടുവരുന്നവരുമൊക്കെ ‌ സ്വന്തം‌ ലിം‌ഗം‌ മുറിച്ചുമാറ്റിയെങ്കില്‍‌ മാത്രമേ ഹിജഡകളുടെ സം‌ഘത്തില്‍‌ ചേരാന്‍‌ സാധിക്കുകയുള്ളുവെന്നും‌ അതിക്രൂരമായ രീതിയില്‍‌ നിര്‍‌ബന്ധിതമായി ലിം‌ഗം‌ മുറിച്ചുമാറ്റപ്പെടുന്നു എന്നൊക്കെയുള്ള കഥകളാണ് ഇവരെ സമൂഹത്തില്‍‌ നിന്നും‌ വളരെയധികം‌ അകറ്റിക്കളഞ്ഞത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ കൈയ്യടക്കുന്നതു വരെ ഹിജഡകള്‍ തെരുവില്‍ ഭിക്ഷ യാചിച്ചു നടന്നിരുന്നില്ല. ഹിജഡകള്‍ക്ക്‌ ഇന്ത്യന്‍ സമൂഹത്തില്‍ അവരുടേതായ ഒരു സ്ഥാനമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ഹിജഡകളെ പ്രകൃതിവിരുദ്ധ ലൈംഗികത അനുശീലിക്കുന്നവര്‍‌ എന്ന ലേബലില്‍‌ ‘ ആര്‍ട്ടിക്കിള്‍ 377‘ എന്ന നിയമപരിധിക്കുള്ളിലാക്കി ഒരു സാമൂഹികശാപമായി ക്ലാസ്സിഫൈ ചെയ്തതോടെ ഇവരെ നിയമപാലകരും‌ സമൂഹവും‌ വേട്ടയാടാന്‍‌ തുടങ്ങി‌. മനുഷ്യനായി ജനിച്ചുപോയതിനാല്‍‌ ജീവന്‍‌ നിലനിര്‍‌ത്താനായാണ്‌ ഇവര്‍‌ നിത്യവൃത്തിക്കായി ഭിക്ഷ യാചിക്കാനായും വേശ്യാവൃത്തിക്കുമായി പിന്നെ തെരുവിലേക്കിറങ്ങിയത്.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ചില പാശ്‌ചാത്യ സാമൂഹ്യശാസ്ത്രജ്ഞന്‍‌മാര്‍ ഇന്ത്യയിലെ ഹിജഡകളുടെ ജീവിതരീതിയെ വികലമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതു ചര്‍‌വിതചര്‍‌വണമായി സമൂഹത്തില്‍‌ പ്രചരിക്കുകയും‌ പിന്നീടു വന്നവരെല്ലാം‌ അതേറ്റുപാടുകയും‌ ചെയ്തു എന്നതാണ് ഹിജഡകളെ ഇത്തരം‌ ഒരു ദുര്‍‌വിധിയിലേക്കെത്തിച്ചത്. അവര്‍‌ പറഞ്ഞു പരത്തിയ കഥകളിലെ നേരും‌ പതിരും‌ തിരിച്ചറിയാനകാതെ തങ്ങളുടെ മുന്‍‌ഗാമികള്‍ കൂട്ടിമുട്ടിച്ചിടത്തേക്ക്‌ തങ്ങളും‌ അറിഞ്ഞും‌ അറിയാതെയും‌ ചെന്നെത്തുന്നു എന്നു മാത്രമാണ് ഇന്നത്തെ തലമുറയിലെ ഓരോ ഹിജഡകള്‍‌ക്കും‌ പറയാനുള്ളത്.

സമൂഹത്തില്‍‌ പ്രചരിച്ചുവരുന്ന കഥകള്‍‌ ഇങ്ങനെയാണ്.

പുരുഷലിം‌ഗത്തോടെ ജനിക്കുന്ന ഹിജഡകള്‍‌ യഥാര്‍ത്ഥ ഹിജഡയായി ജീവിക്കുവാനാഗ്രഹിക്കുന്നുവെങ്കില്‍‌ ചില ആചാരങ്ങള്‍‍ക്കു വിധേയരാകേണ്ടതാണ്‌. അതില്‍ പ്രധാനം 'നിര്‍വാണ്‍' എന്ന 'വിശുദ്ധ ശസ്ത്രക്രിയ' ആണ്‌. പുരുഷനായി ജനിച്ചുപോയതിനാല്‍ അവനിലെ ലിംഗം മുറിച്ചുമാറ്റി, അവസാനത്തെ പൌരുഷവും ആ ശരീരത്തില്‍ നിന്നും ചോര്‍ത്തിക്കളയുന്ന ഓപ്പറേഷനാണ്‌ പുനര്‍ജ്ജന്‍മം എന്നു വിശ്വസിക്കുന്ന 'നിര്‍വാണ്‍' ശസ്‌ത്രക്രിയ. ശിവപുരാണത്തില്‍ ശിവന്‍ ലിംഗം പറിച്ചെറിഞ്ഞ കഥയുടെ പിന്‍ബലത്തിലാണ്‌ പ്രാകൃതമായ ഈ ആചാരം അനുഷ്ഠിച്ചുപോന്നത്.

ബഹുചരമാതാവിന്റെ യോനിയിലേക്കു സമര്‍പ്പിക്കാനെന്ന വിശ്വാസത്തില്‍ ഒരാളിലെ ലിംഗം അതിപ്രാകൃതമായ രീതിയില്‍ മുറിച്ചു മാറ്റുന്നതാണ്‌ ഈ ശസ്ത്രക്രിയ. സ്വേച്‌ഛയാ ഹിജഡയാകാന്‍ എത്തുന്നവര്‍ ഈ വിശുദ്ധ ശസ്ത്രക്രിയയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തണം. ഹിജഡയാകാനെത്തുന്നവര്‍ക്ക്‌ ഒരു സ്‌പോണ്‍‌സര്‍‌ ഉണ്ടായിരിക്കും‌.അയാള്‍‌ ‘ഗുരു’ എന്നാണറിയപ്പെടുന്നത്. ഗുരുവിന്റെ നേതൃത്വത്തില്‍ ആദ്യദിവസങ്ങളില്‍‌ ബഹുചരമാതാവിനെ സ്‌തുതിച്ചു പ്രാര്‍ത്ഥിക്കണം. അതിനു ശേഷം ഈ ശസ്ത്രക്രിയക്കായി തേങ്ങയുടച്ച്‌ ഒരു ശുഭദിവസം കണ്ടെത്തും. തേങ്ങ രണ്ടായി പിളര്‍ന്നില്ലെങ്കില്‍ ഈ ആളിനെ ഹിജഡയാക്കാന്‍ ദേവി കനിഞ്ഞിട്ടില്ലാ എന്നാണ്‌ സങ്കല്‍പ്പം. ശസ്ത്രക്രിയക്കു ശുഭദിവസം തീരുമാനിച്ചു കഴിഞ്ഞാല്‍ കുറച്ചു ദിവസം അയാളെ വിശ്രമത്തിനായി വിടും. ഈ ദിവസങ്ങളില്‍ അയാള്‍‍ ഒരു പുരുഷനുമായും ലൈംഗികബന്ധം പുലര്‍ത്താന്‍ പാടില്ല.

ശസ്ത്രക്രിയ നടത്തുന്ന പ്രധാനിയായ ഹിജഡയെ 'ദായി മാതാ' എന്നാണറിയപ്പെടുന്നത്. ശസ്ത്രക്രിയ ചെയ്യുന്നതിനു മുന്‍പായി ബഹുചരമാതാവിനെ സ്‌തുതിച്ച്‌ ഉച്ചത്തിലുള്ള നാമമന്ത്രജപത്തിലൂടെ ആളിനെ ബോധരഹിതമാക്കും. അതിനു ശേഷം ദായിമാതാ അയാളുടെ ലിം‌ഗം‌ വൃഷണത്തോടു ചേര്‍‌ത്തു ഒരു സില്‍ക്കു നൂലിനാല്‍ വരിഞ്ഞു മുറുക്കി കെട്ടും. ഇതില്‍ പ്രാവീണ്യവും പരിചയവുമുള്ള മറ്റു ഹിജഡകള്‍ ദായിമാതായെ സഹായിക്കും‌. അമിതമായ രക്തസ്രാവം‌ തടയാനാണ് നൂലുകൊണ്ടു വരിഞ്ഞുമുറുക്കി കെട്ടുന്നത്. കെട്ടിവരിഞ്ഞുമുറുക്കിയ ലിംഗം അടിഭാഗത്തോടു കൂട്ടി ദായി മാതാ മുറിച്ചു മാറ്റും. മുറിച്ചെടുത്ത ലിംഗം ബഹുചരമാതാവിനെ സങ്കല്‍പ്പിച്ചു ഒരു മരച്ചുവട്ടില്‍ കുഴിച്ചിടും. ലിംഗം മുറിച്ചു മാറ്റിയിടത്തുനിന്നും ഒഴുകുന്ന രക്തസ്രവത്തെ തടയില്ല. മുഴുവന്‍ രക്തവും ഒഴുകിത്തീരുന്നതു വരെ ആ വ്യക്തിയെ അതേ അവസ്ഥയില്‍ നിലനിര്‍ത്തും. ഒഴുകുന്നത്‌ ആ വ്യക്തിയിലെ 'ചീത്ത പുരുഷ രക്ത' മാണെന്നാണ്‌ വിശ്വാസം. രക്തസ്രവം ശരിക്കും നടന്നെങ്കിലേ ആ വ്യക്തിയിലെ അവസാന പുരുഷത്വവും നഷ്ടപ്പെടുകയുള്ളൂ എന്നാണ്‌ വിശ്വാസം.

മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഈ ദിവസങ്ങള്‍ ഇവര്‍ക്ക്‌ സ്ത്രീകളുടെ പ്രസവാവധി പോലെയാണെന്നാണ്‌ പറയുന്നത്‌. ശസ്ത്രക്രിയക്കു ശേഷം 40-50 ദിവസം ഇവര്‍ പരിപൂര്‍ണ്ണ വിശ്രമത്തിലായിരിക്കും. ഇവരുടെ ഗുരുവായിരിക്കും ഈ സമയത്ത്‌ ഹിജഡയെ ശുശ്രൂഷിക്കുന്നത്. ഈ ദിവസങ്ങളില്‍ ശരിക്കും ഛര്‍ദ്ദിലുണ്ടാക്കും‌ വിധമുള്ള ഭക്ഷണമായിരിക്കും ഇവര്‍ക്കു നല്‍കുക. കാരണം ഉള്ളിന്റെയുള്ളിലെ അവസാന 'പുരുഷഭാവത്തേയും' വിസര്‍ജ്ജിപ്പിക്കുന്നതിനായിട്ടാണിങ്ങനെ ചെയ്യുന്നതത്രേ. ശസ്ത്രക്രിയ വിജയകരമായി സുഖംപ്രാപിച്ചെത്തുന്ന ഹിജഡയെ ഗുരുവും മറ്റു സം‌ഘാം‌ഗങ്ങളും‌ പുതിയ സ്‌ത്രീ വേഷങ്ങളും ആഭരരണങ്ങളും കൊടുത്തു സംഘത്തില്‍ അംഗമാക്കിച്ചേര്‍ത്തു സ്വീകരിക്കുന്നു. ഈ ശസ്ത്രക്രിയക്കുശേഷം ഇവര്‍ക്കു മറ്റുള്ളവരെ അനുഗ്രഹിക്കാനും ശപിക്കാനുമൊക്കെയുള്ള കഴിവു ബഹുചരമാതാവു കനിഞ്ഞുനല്‍കുമെന്നു വിശ്വസിക്കുന്നു.

ഈ കഥകളിലൂടെ ഹിജഡകളെക്കുറിച്ചു ഭീതദമായ ഒരു രൂപം‌ സമൂഹത്തിനു മുന്നില്‍‌ കോറിയിടാന്‍‌ കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് ഇന്നിവര്‍‌ ചുമക്കുന്ന ഭ്രഷ്ടിന്റെ ആണിക്കല്ല്‌. ഭാരതത്തില്‍ ഇത്ര ഹീനമായ രീതിയില്‍ ഒരു കര്‍മ്മം വളരെ രഹസ്യമായി നടന്നുവന്നിരുന്നു എന്നു പറയപ്പെടുന്നുവെങ്കില്‍‌ അതില്‍‌ അതിശയപ്പെടേണ്ടതായി ഒന്നുമില്ല. പ്രാകൃതമായ രീതിയില്‍ സ്‌ത്രീകളുടേ ഗര്‍ഭം അലസിപ്പിക്കുകയും, ഭ്രാന്തിനു ചികിത്സിക്കുകയും, രോഗശാന്തി നടത്തുകയും‌ മറ്റും‌ ചെയ്തിരുന്ന ഭാരതത്തില്‍‌ ഹിജഡകള്‍ ലിം‌ഗം‌ ദേവിക്കു ഹോമിക്കുന്ന ഒരു ആചാരവും‌ നിലനിന്നിരുന്നു എന്നതില്‍ അതിശയോക്തിക്കു വകയില്ല.

ഇരുപത്തൊന്നാം‌ നൂറ്റാണ്ടിലും‌ ഭാരതം‌ അന്ധവിശ്വാസങ്ങളുടെ പിടിയില്‍‌ കിടന്നു പിടയുന്ന കാഴ്ച നമ്മള്‍‌ നിത്യം‌ കണ്ടുകൊണ്ടിരിക്കുന്നുവല്ലോ. ഈ കാലഘട്ടത്തിലും പിതാവിന്റെ ദുര്‍ദശ മാറാന്‍ സ്വന്തം കുഞ്ഞിനെ കുരുതികൊടുക്കുന്നവരും‍, ദീര്‍ഘസുമംഗലിയായിരിക്കാന്‍ സന്യാസിയുടെ ലിംഗം തൊട്ടു നമസ്‌കരിക്കുന്നവരുമൊക്കെയുള്ള നമ്മുടെ നാട്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇങ്ങനെ ഒരു അനാചാരം നിലനിന്നിരുന്നുവെങ്കില്‍ അത്‌ അക്കാലങ്ങളിലെ ഒരു ആചാരം മാത്രമായിരുന്നിരിക്കണം.

ഭാഗ്യവശാല്‍‌ ഇതേരീരിയിലുള്ള പ്രാകൃത ശസ്ത്രക്രിയകള്‍ ഇപ്പോള്‍ നടക്കുന്നില്ല. ഇന്നു ലിം‌ഗമാറ്റ ശസ്‌ത്രക്രിയ വളരെയേറെ സാധാരണമായിക്കഴിഞ്ഞു. ലൈം‌ഗികതയെ അടക്കിശീലിക്കുന്ന ഇസ്ലാം‌രാജ്യങ്ങളില്‍‌പോലും‌ ഇന്നു ലിം‌ഗമാറ്റ ശസ്‌ത്രക്രിയ സര്‍‌വസാധാരണമാണ്. സാംസ്‌കാരികമായ പുരോഗതി എല്ലാ വര്‍ഗ്ഗങ്ങളിലുമെന്നതുപോലെ ഈ ജനവിഭാഗങ്ങളിലുമുണ്ട്. നന്നായി ഇംഗ്ലീഷു സംസാരിക്കുന്നവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഒക്കെ ഇന്നു ഈ വിഭാഗങ്ങളുടെയിടയിലുണ്ട്. ഇവരെ ഈ യൂട്യൂബിലൊന്നു കണ്ടുനോക്കു.

ഹിജഡകളുടെ ആവാസക്രമങ്ങള്‍
പുരാതനകാലങ്ങളിലുണ്ടായിരുന്ന വിധം ഒരു തരം കൂട്ടുകുടുംബ സമ്പ്രദായമാണ്‌ ഹിജഡകളുടെ ഇടയില്‍ നിലനില്‍ക്കുന്നത്. ഇവര്‍ പ്രധാനമായും 7 കുടുംബങ്ങളായാണ്‌ നിലനില്‍ക്കുന്നത്‌. ഓരോ കുടുംബത്തിന്റേയും നാഥനെ 'ഗുരു' എന്നാണറിയപ്പെടുന്നത്. ഒരു ഗുരുവിന്റെ കീഴിലുള്ള ശിഷ്യരെല്ലാം ആ ഗുരുവിന്റെ കുടുംബാംഗങ്ങളായിരിക്കും;അവര്‍ 'ചേല' എന്നാണറിയപ്പെടുന്നത്. ഹിജഡയാകാന്‍ താത്പര്യമുള്ളവരെ ഒരു ഗുരു സ്‌പോണ്‍സര്‍ ചെയ്തിരിക്കണം. ഏതു ഗുരുവാണോ ഒരാളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ അയാള്‍ ആ ഗുരുവിന്റെ കുടുംബാംഗമായി മാറുന്നു. ഗുരുവും ചേലയും തമ്മില്‍ വളരെ ദൃഢതരമായ ഒരു ബന്ധവും വിശ്വാസവും നിലനിന്നു പോരുന്നുണ്ട്. ഏതെങ്കിലുംഒരു ഹിജഡക്കു ഒരു പുരുഷനെ വിവാഹം കഴിച്ചു കുടുംബമായി ജീവിക്കാനാഗ്രമുണ്ടെങ്കില്‍ അതിനു ഗുരുവിന്റെ അനുവാദവും സമ്മതവുമൊക്കെ ആവശ്യമാണ്‌.

തെരുവുകളില്‍ നിന്നു കിട്ടുന്ന ഭിക്ഷ, വേശ്യാവൃത്തിയില്‍ നിന്നുള്ള വരുമാനം, പ്രസവം നടന്ന വീടുകളിലും, വിവാഹംനടക്കാന്‍ പോകുന്ന വീടുകളിലും പോയി ആടിയും പാടിയും കിട്ടുന്ന തുക, ഇതൊക്കെയാണ്‌ ഹിജഡകളുടെ പ്രധാന വരുമാനമാര്‍ഗ്ഗം . ഇവര്‍ കൂട്ടം കൂട്ടമായി ചേര്‍ന്നാണ്‌ ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നത്. ഇവരുടെ വരുമാനത്തിന്റെ 50% ഇവരുടെ ഗുരുവിനു കൊടുക്കണം. 25% വീട്ടുചിലവിനും, 25% അംഗങ്ങള്‍ക്കായും വീതിച്ചെടുക്കും. ചില ഗ്രൂപ്പില്‍ 75% ഗുരുവിനു കൊടുക്കണം. ഇവിടെ ഗുരുവാണ്‌ അവരുടെ വീട്ടുചിലവുകളെല്ലാം നോക്കി നടത്തുന്നത്.

ജീവിക്കുവാനുള്ള ആര്‍ത്തി കൊണ്ടും‌ ശരീരത്തിന്റെ ആര്‍‌ത്തികൊണ്ടും‌ വേശ്യാവൃത്തി ചെയ്യുന്ന ഹിജഡകളുണ്ട്. ചില ഗുരുക്കള്‍ അവരുടെ ചേലകളെ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കാറുണ്ട്. താഴേക്കിടയിലുള്ള നല്ല ഒരു ശതമാനം ഹിജഡകളും പുരുഷവേശ്യകളായി തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ജീവിക്കുവാന്‍ വേറൊരു മാര്‍ഗ്ഗവുമില്ലാത്തവര്‍ ശരീരം ചോദിക്കുന്നവര്‍ക്കു തുച്ഛമായ വിലക്കു വിറ്റു ആഹാരത്തിനു വക തേടുന്നു. എന്നു കരുതി എല്ലാ ഹിജഡകളും പുരുഷവേശ്യകളല്ല. പുരുഷന്‍മാര്‍ക്ക്‌ മസ്സാജ്‌ ചെയ്തുകൊടുക്കുന്ന മസ്സാജ്‌ പാര്‍ലറുകളിലും മറ്റും ഹിജഡകളെ ജോലിക്കു വെക്കുന്നുണ്ട്. പുരുഷശരീരത്തോടുള്ള അവരുടെ ആസക്തി കൊണ്ടാകാം കൂടുതല്‍ ഹിജഡകളും ഈ തൊഴിലിനോടു വലിയ പ്രതിപത്തി സൂക്ഷിക്കുന്നു.

സ്വവര്‍ഗ്ഗരതിയില്‍ ദാതാവും സ്വീകര്‍ത്താവുമുണ്ടെന്നു മുന്‍പു സൂചിപ്പിച്ചുവല്ലോ. ഇതില്‍ സ്വീകര്‍ത്താവിന്റെ സ്ഥാനത്താണ്‌ ഹിജഡകളുള്ളത്. എന്നാല്‍ ചില ദാതാക്കള്‍, ലിംഗത്തോടുകൂടിയ പുരുഷനെ ഭോഗിക്കുന്നതിനോടു വൈമുഖ്യമുള്ളവരായിരിക്കും. അത്തരക്കര്‍ക്ക്‌ ഹിജഡകളെ ഭോഗിക്കുന്നതിലാണിഷ്ടം. ജീവിക്കാന്‍ പ്രകൃതി ഹിജഡകള്‍ക്കു നല്‍ല്കിയിരിക്കുന്ന മറ്റൊരു ഔദാര്യമെന്നല്ലാതെ ഈ സ്വഭാവമുള്ള പുരുഷന്‍മാരെക്കുറിച്ചു എന്തുപറയാന്‍? ലൈംഗികതയുടെ പ്രവചനങ്ങളെയെല്ലാം തെറ്റിക്കുന്ന എത്രയെത്ര രീതികള്‍!!!

ഹിജഡകള്‍ പൊതുവായി ബഹുചരമാതാവിനെ പൂജിക്കുന്നുണ്ടെങ്കിലും ഇവരില്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരുണ്ട്. റമദാന്‍ നാളുകളില്‍ വ്രതമെടുക്കുന്ന ഹിജഡകളുണ്ട്. ഒരിക്കല്‍ ഹിജഡയായി കഴിഞ്ഞാല്‍ അവര്‍ പൂര്‍വാശ്രമത്തിലെ പേരുകള്‍ ഉപേക്ഷിച്ചു സ്‌ത്രീനാമങ്ങള്‍ സ്വീകരിക്കുന്നു. ഹിജഡകള്‍ സ്‌ത്രീ പേരുകള്‍ വിളിച്ചാണ്‌ പരസ്പരം അഭിസംബോധന ചെയ്യുന്നത്. ഹിന്ദു സ്‌ത്രീനാമങ്ങള്‍ക്കു പുറമേ റസിയ, ജമീല, റംല തുടങ്ങിയ ഇസ്ലാം പേരുകളുള്ളവര്‍ ഇസ്ലാം വിശ്വാസത്തില്‍ തുടരുന്നു. ഇവരിലും പ്രകടമായ ജാതീയമായ ചില വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഹിന്ദു ഹിജഡകള്‍ ഇസ്ലാം ഹിജഡകളോടൊത്തു താമസിക്കാറില്ല.

ഹിജഡയായി ജനിച്ചവര്‍, ഹിജഡയാക്കപ്പെട്ടവരേക്കാള്‍ മുന്‍നിരയിലാണെന്നും ഇവര്‍ 'കുലീനരാ'ണെന്നുമുള്ള ഒരു വേര്‍തിരിവുണ്ട്. മതം മാറി വന്നവരോടു കാണിക്കുന്നതുപോലുള്ള വിവേചനമാണ്‌ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഹിജഡകള്‍ക്കിടയില്‍ വഴക്കും കുടുംബസ്‌പര്‍ദ്ധയും നിത്യസംഭവങ്ങളാണ്‌. ഇവര്‍ക്കിടയിലെ വഴക്ക് ഒത്തുതീര്‍ക്കുന്നതും, മദ്ധ്യസ്‌ഥത വഹിക്കുന്നതും ഒക്കെ 'ലഷ്‌കര്‍വാലാ' എന്ന ഒരു ജനറല്‍ ബോഡിയാണ്‌.

സ്‌ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങി നടക്കാനും, പുരുഷനെ പുണര്‍ന്നുറങ്ങാനും കൊതിക്കുന്ന ഹിജഡകള്‍ ഭാരതത്തിലെ സ്‌ത്രീകള്‍ കാണിക്കുന്ന ചില സാമൂഹികമര്യാദകള്‍ കാണിക്കുന്നതില്‍ നിന്നും ബഹുദൂരം പിന്നിലാണെന്നതാണ്‌ ഇവരെ പരിഹാസപാത്രമാക്കുന്നത്. ഇവര്‍ പൊതു നിരത്തില്‍ വികൃതനൃത്തം ചെയ്യുകയും പാടുകയും വികൃതമായ ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്നു.

വടക്കേ ഇന്ത്യയിലെ വലിയ ഒരു വിഭാഗം ജനങ്ങളും ഹിജഡകളൂടെ ഗുഹ്യഭാഗം കാണുന്നത്‌ ദുര്യോഗങ്ങള്‍ വിളിച്ചുവരുത്തുമെന്നു വിശ്വസിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളോട് അനുനയം കാണിക്കാത്ത പുരുഷനെ പൊതുനിരത്തില്‍ പരിഹസിക്കുകയും, തന്റെ 'ജനനേന്ദ്രിയം' ആഭാസമായ ആംഗ്യചേഷ്ടകളോടെ പൊക്കിക്കാട്ടി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സഭ്യേതരമായ ഇവരുടെ സമീപനമാണ്‌ ഹിജഡകളുടെ സ്വീകാര്യതയെ തടയുന്ന പ്രധാനയിനമെന്ന്‌ ഇവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

പണം പലിശക്കുകൊടുക്കുന്നവരും, ഗുണ്ടാപ്പിരിവു നടത്തുന്നവരും ഹിജഡകളെ പണപ്പിരിവിനായി ഉപയോഗിക്കുന്നുണ്ട്. പണം തിരിച്ചടക്കാന്‍ താമസിക്കുന്ന കസ്‌റ്റമറുടെ വീട്ടിലേക്കോ, സ്‌ഥാപനത്തിലേക്കോ, ഹിജഡകളെ വിട്ടു കാശു വസൂലാക്കുന്ന ഒരു രീതി ഇന്ന്‌ മുംബൈ പോലുള്ള നഗരങ്ങളില്‍ വ്യാപകമാണ്‌. ഹിജഡകളാല്‍ അപമാനിതമാകുന്നതിനേക്കാള്‍ വലിയ അപമാനമില്ലാ എന്നതിനാല്‍ ഇവരെ ഭയന്ന്‌ പൈസ തിരിച്ചുകൊണ്ടു കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

എല്ലാ ജനജാതിയിലും മൃഗജാതിയിലും‌ 'extreme' സ്വഭാവം‌ പ്രകടിപ്പിക്കുന്ന ഒരു വിഭാഗമുണ്ടെന്നതുപോലെ, ഹിജഡകളിലും നിലവിട്ടു പെരുമാറുന്ന ഒരു വിഭാഗമുണ്ട്. അപമാനത്തിന്റെ എരിതീയില്‍‌ നിന്നു പ്രകോപിതരാ‍കുന്ന ഇത്തരം‌ ന്യൂനപക്ഷത്തെ അളവുകോലാക്കി എല്ലാ ഹിജഡകളേയും ഈ ഒരു ലേബലില്‍ കാണപ്പെടുന്ന തികച്ചും മനുഷ്യത്യരഹിതമായ സാമൂഹിക നിലപാട് മാറ്റിയെടുക്കാന്‍‌ ഇവര്‍‌ സ്വയം‌ സം‌ശുദ്ധമാകുകയേ വഴിയുള്ളൂ.

ഹിജഡകള്‍ ഇന്നു നേരിടുന്ന വേറൊരു വെല്ലുവിളി ക്രിമിനല്‍ സ്വഭാവമുള്ള പുരുഷന്‍മാര്‍ പലരും ഇവരുടെ വേഷത്തില്‍ പലയിടങ്ങളിലും കവര്‍ച്ച നടത്തുന്നു എന്നതാണ്‌. പുരുഷന്‍മാര്‍ ഹിജഡകളുടെ വേഷം കെട്ടി കവര്‍ച്ച നടത്തുകയും, കുട്ടികളെ തട്ടിക്കൊണ്ടു പോയി ഭിക്ഷാടനത്തിനും, ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു. ഹിജഡകളുടെ വേഷത്തില്‍ ഇതു ചെയ്യുന്നവര്‍ ഈ ജനവിഭാഗത്തെ ക്രിമിനലുകളായി കാണാന്‍ സമൂഹത്തെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല, പോലീസിന്റെ നിരന്തരമായ പീഢനങ്ങള്‍ക്കിവരെ ഇരയാക്കുകയും ചെയ്യുന്നു.

ഹിജഡകളുടെ ആഘോഷങ്ങള്‍
ഹിജഡകള്‍ക്കുമാത്രമായി ഒരു ആഘോഷം തന്നെയുണ്ട്. ഇസ്ലാമുകള്‍ ഹജ്ജിനു പോകാനാഗ്രഹിക്കുന്നതുപോലെ, ഹിന്ദുക്കള്‍ ശബരിമലയിലും കാശിയിലുമൊക്കെ പോകാനാഗ്രഹിക്കുന്നതുപോലെ, ഒരോ ഹിജഡയുടേയും നിര്‍വൃതി പകരുന്ന ആഗ്രഹമാണ്‌ ചിത്രപൂര്‍ണ്ണിമ ദിവസം തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉളുന്തൂര്‍ പേട്ട താലൂക്കിലെ കൂവഗം എന്ന സ്ഥലത്തു നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കുക എന്നത്. അറവാണദേവന്റെ (കൂത്താണ്ടവര്‍) ക്ഷേത്രത്തിലാണ്‌ ഈ ആഘോഷങ്ങള്‍ നടക്കുന്നത്‌.

വിവാഹവും വൈധവ്യവും ഒന്നിച്ചു നടത്തപ്പെടുന്ന വിപുലമായ ഈ ആഘോഷത്തില്‍ പങ്കെടുക്കാനായി വര്‍ഷങ്ങളായുള്ള സമ്പാദ്യം സൂക്ഷിച്ചുവെക്കുന്നവര്‍ പോലും ഇവരുടെ ഇടയിലുണ്ട്. ഈ ആഘോഷത്തിന്റെ പിന്നിലെ കഥയും രസാവഹമാണ്‌. മഹാഭാരതയുദ്ധത്തിനിടയില്‍ ഒരു പ്രത്യേക ദശാസന്ധിയില്‍ കൌരവരെ ജയിക്കാന്‍ പാണ്ഡവസേനയില്‍ നിന്നു ഒരാളുടെ ദേഹത്യാഗം ആവശ്യമായി വന്നു. ദേഹത്യാഗം ആരു ചെയ്യുമെന്നതായി അടുത്ത പ്രശ്നം. അര്‍ജ്ജുനനു വനവാസകാലത്തുണ്ടായ അരവണന്‍ എന്ന മകന്‍ ദേഹത്യാഗത്തിനു തയ്യാറായി മുന്നോട്ടു വന്നു. (തമിഴ്‌ വംശജര്‍ ആത്‌മാഹുതിക്ക്‌ എന്നും പ്രസിദ്ധരാണല്ലോ). അരവണനു ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്നതിനു മുന്നേ വിവാഹം കഴിക്കണം. പക്ഷേ നാളെ മരിക്കാന്‍ പോകുന്ന യുവാവിനെ ആരു വിവാഹം കഴിക്കാന്‍?

എല്ലാത്തിനും ഉപാധി കണ്ടെത്തുന്ന ശ്രീകൃഷ്ണന്‍ ഇതിനും ഉപാധി കണ്ടെത്തി. കൃഷണന്‍ തന്നെ മോഹിനീവേഷം ധരിച്ചു അരവണനെ വിവാഹം കഴിച്ചു. ഒരുദിവസം മാത്രം മോഹിനിയുടെ കൂടെക്കഴിഞ്ഞ അരവണന്‍ പിറ്റേദിവസം ദേഹത്യാഗം ചെയ്തു. ഈ കഥയുടെ പിന്‍തുടര്‍ച്ചയായി എല്ലാ വര്‍ഷവും ചിത്രപൂര്‍ണ്ണിമ നാളില്‍ ഓരോ ഹിജഡകളും കൃഷ്ണന്റെ അവതാരമായ മോഹിനിയായി മാറുന്നു . കൂവഗത്തെ ക്ഷേത്രപൂജാരി ഈ ആഘോഷദിവസം അരവണനായി സങ്കല്‍പ്പിച്ചു ഹിജഡകളെ താലികെട്ടി വിവാഹം കഴിക്കുന്നു. ഒരു ദിവസം അവര്‍ സുമംഗലികളായി ജീവിക്കുന്നു. പിറ്റേ ദിവസം ആ പൂജാരി തന്നെ അവരുടെ താലി അറുത്തു മാറ്റി അവരെ വിധവകളാക്കുന്നു.

കരച്ചിലും ബഹളവുമായി അവരുടെ ദാമ്പത്യം ഒരു ദിവസം കൊണ്ടു അവസാനിക്കുന്നു. അരവണന്റെ ഭാര്യയായതിനാല്‍‌ ഹിജഡകളെ അരവാണി എന്നാണു വിളിക്കാറ്. ആഘോഷത്തിന്റെ അവസാനം സ്‌ത്രീകളുടെ സൌന്ദര്യമത്‌സരത്തിലേതുപോലുള്ള പരേഡുകള്‍ അവിടെ അരങ്ങേറും. അവിടെ വെച്ചു ഹിജഡകളെ തെരഞ്ഞെടുക്കാനും അവരോടൊത്തു ശരീരസുഖം പങ്കിടാനും നിരവധി പേരുണ്ടാകുന്നുണ്ടെന്നുള്ളത് ഏതു ലൈംഗികസമവാക്യങ്ങള്‍ കൊണ്ടാണു നിര്‍‌വചിക്കേണ്ടത്‌ !! ഈ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍‌ ഈന്തപ്പന എന്ന ബ്ലോഗില്‍‌ ഇവിടെയും‌ പിന്നെ ഇവിടെയും‌ കാണാം.

ഈ ആഘോഷത്തോടെ ഇവിടെ അരങ്ങേറുന്ന ഹിജഡകളുടെ ഫാഷന്‍ പരേഡുകള്‍ ഇന്നു ജനശ്രദ്ധ ആകര്‍‌ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്നു വിവിധ ഫാഷന്‍ഷോകളില്‍ ഹിജഡകളുടെ ഫാഷന്‍ ഷോ കൂടി ഉള്‍പ്പെടുത്തുന്നുണ്ടെന്നതു ഈ ജനവിഭാഗത്തിനെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതില്‍ നല്ല പങ്കു വഹിക്കുന്നുണ്ട്.

ഇതേ പൌര്‍ണ്ണമി നാളില്‍ കേരളത്തിലെ കൊല്ലം ജില്ലയില്‍ ചവറക്കടുത്ത്‌ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ സ്‌ത്രീവേഷം കെട്ടി വിളക്കെടുപ്പ്‌ എന്ന ഒരു വിചിത്രമായ ആഘോഷം പൂര്‍വ്വകാലങ്ങളേക്കാള്‍ ശക്തിയായി ഇപ്പോഴും നടക്കുന്നുണ്ട്. അരവണന്റെ കഥയുമായി ഇതിനു സാമ്യമുള്ളതായി പറഞ്ഞുകേട്ടിട്ടില്ലെങ്കിലും പുരുഷന്‍ സ്‌ത്രീയായി മാറുന്ന ആചാരത്തിനു പിന്നില്‍ ഇതുപോലെ ഒരു കഥയുടെ പിന്നാമ്പുറമുണ്ടായിരിക്കും. അറിയാവുന്നവര്‍‌ പറയട്ടെ.

ഉത്തരാഖ്യാനം

ഇന്ന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഹിജഡകള്‍ വളരെ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. ഇവരില്‍ ചിലര്‍ നര്‍ത്തകരായും, ഫാഷന്‍ ഡിസൈനറായും ബ്യൂട്ടീഷനായും‌ ഒക്കെ ജോലി ചെയ്യുന്നതിലേക്കു വളര്‍ന്നിട്ടുണ്ട്. അതു കേവല ന്യൂനപക്ഷം മാത്രമാണ്‌. എല്ലായിടത്തേയും പോലെ പണത്തിന്റെ സ്വാധീനം ഇവരുടെയിടയിലുമുണ്ട്. പണവും സ്വാധീനവുമുള്ളവര്‍ മുന്നോട്ടു പോകുന്നു. ഗതിയില്ലാത്തവര്‍ താഴേക്കും. ഭൂരിപക്ഷം ഇന്നും അധ:കൃതരായി തെരുവില്‍ തെണ്ടിയും പേക്കൂത്തു കാട്ടിയും ജീവിക്കുന്നു.

ഹിജഡകളുടെ ക്ഷേമപ്രവര്‍‌ത്തനങ്ങള്‍‌ക്കായി ഭാരതത്തില്‍‌ നിരവധി സം‌ഘടനകള്‍‌ ഉണ്ടെന്നുള്ളത് വളരെ ആശ്വാസം‌ തരുന്നു. ഹിജഡകളെ തങ്ങളുടെ പൂര്‍‌വികരുടെ നിഗൂഢജീവിതത്തിന്റെ ഇരുളില്‍‌നിന്നും‌ അവബോധത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു കൈപിടിച്ചുകൊണ്ടുവരുന്നതില്‍‌ ഈ സം‌ഘടനകള്‍‌ക്കുള്ള പങ്ക് വളരെ വലുതാണ്‌. ഇന്നു പഴയ രീതിയിലുള്ള ഹിജഡകള്‍ കുറഞ്ഞു വരികയാണ്‌. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും മറ്റും സ്വേച്ച്ഛാനുസാരിയായ ജീവിതം സുസാധ്യമെന്നിരിക്കെ, തെരുവുകളില്‍ കൂത്തു കാട്ടിയും പിച്ചനടന്നും ജീവിക്കാന്‍‌ ആരാണാഗ്രഹിക്കുക?

എല്ലാവിധ സാമൂഹികവിലക്കുകളേയും‌ അതിജീവിച്ച്‌ ഇവരുടെ ഉന്നമത്തിനായി പ്രവര്‍‌ത്തിക്കുന്ന ഹിജഡ കല്യാണ്‍ സഭ, ദായി വെല്‍ഫയര്‍ സൊസൈറ്റി, ഹംസഫര്‍, സഹയാത്രിക, സഹായ്, സംഘമിത്ര, ചില്ല തുടങ്ങിയ നിരവധി സംഘടനകള്‍ കേരളമുള്‍പ്പെടെ ഭാരതത്തിലങ്ങോളമിങ്ങോളമുണ്ട്. AIDS-നെതിരെ പ്രബോധനവുമായിറങ്ങിയിട്ടുള്ള നിരവധി സന്നദ്ധസം‌ഘടനകളില്‍‌ ഹിജഡകള്‍ വളരെ ശുഷ്കാന്തിയോടെ പ്രവര്‍‌ത്തിക്കുന്നു.

ഇന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരെ പാകത്തില്‍ ഇവരുടെ ശക്തി വളര്‍ന്നിട്ടുണ്ട്. മധ്യപ്രദേശിലെ എം.എല്‍.എ ആയ ഷബനം‌ മൌസിയും‌ മേയര്‍‌മാരായ കമലാ ജാനും‌ ആശാദേവിയും‌ എല്ലാം‌ ഹിജഡകളുടെ പരാധീനതകള്‍ക്കെതിരെ പ്രതികരിക്കാന്‍‌ രാജനീതി തലത്തില്‍‌ അവരെ പ്രതിനിധാനം‌ ചെയ്യുന്നു എന്നത്‌ ഈ സമൂഹത്തിനു തെല്ലല്ല ആശ്വാസം നല്‍കുന്നത്.

തന്റേതല്ലാത്ത കുറ്റത്താല്‍, ശരീരത്തിലെ ജീനിന്റെ ഘടനാപരമായ വ്യത്യസ്തതകൊണ്ടു മാത്രം‌ ഹിജഡകളായി ജനിച്ചും‌ ജീവിച്ചും‌ പോയി എന്ന കാരണത്താല്‍, സമൂഹത്തില്‍ ജീവിക്കാനുള്ള ഉപാധികള്‍ അവര്‍‌ക്കു മുന്നില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌ തികച്ചും മനുഷ്യത്വരഹിതമാണ്‌.

ആവശ്യമായ തുക കൈവശമുണ്ടെങ്കില്‍ കൂടി ഹിജഡകള്‍ക്കു നല്ല ഹോട്ടലുകളിലോ, ആതുരാലയങ്ങളിലോ പ്രവേശനമില്ല.ട്രെയിനിലോ ബസ്സിലോ ഇവരുടെ അടുത്താരും‌ ഇരിക്കില്ല. ഓട്ടോറിക്ഷയോ ടാക്സിയോ ഇവരെ കയറ്റില്ല. രോഗബാധിതരായി ആശുപത്രികളിലെത്തിയാല്‍ ഇവര്‍ക്ക്‌ പ്രവേശനമില്ല. അതിനു നല്‍‌കുന്ന കാരണം‌ ഇവരെ പുരുഷന്‍മാരുടെ വാര്‍ഡിലോ, സ്‌ത്രീകളുടെ വാര്‍ഡിലോ എവിടെയാണ്‌ അഡ്‌മിറ്റ് ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പമാണത്രേ.

ഏതൊരു ജോലിക്കും അപേക്ഷയില്‍ ജാതിയോടൊപ്പം ലിംഗവും ചോദിക്കുന്നതിനാല്‍ രണ്ടുലിം‌ഗത്തിലും‌ പെടാത്ത ഇവര്‍ക്ക്‌ ജോലിക്കു അപേക്ഷിക്കുവാനുള്ള യോഗ്യതയില്ല. ശാരീരികമായും‌, ബുദ്ധിപരമായും‌ വൈകാരികപരമായും‌ വൈകല്യങ്ങളുള്ളവരേയും, ബലഹീനമായ അവയവങ്ങള്‍‌ ഉള്ളവരെയുമൊക്കെ 'ഹാന്‍‌ഡിക്യാപ്പ്ഡ്‌' എന്ന പരിഗണനയില്‍‌ പട്ടിക ചേര്‍‌ത്ത്‌ അവര്‍‌ക്കായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍‌ക്കാര്‍‌ തലത്തില്‍‌ നടത്തിവരുന്നുണ്ട്. പ്രകൃതിയുടെ ക്രമമനുസരിച്ച്‌ ജോലി ചെയ്യാനാകാത്ത ജനിതക വൈകല്യമുള്ളവരുടെ ശ്രേണിയില്‍ ഹിജഡകളെ കൂടി ഉള്‍‌പ്പെടുത്തേണ്ടതിന്റെ ആവശ്യകത സാമൂഹിക സന്നദ്ധ സം‌ഘടനകള്‍ക്കൊന്നും‌ തോന്നാതെപോയത് ഹിജഡകളെ അവര്‍‌ മനുഷ്യരായി കാണുന്നില്ലാ എന്നതിന്റെ തെളിവാണ്.

ഇതിനോടു വിയോജിപ്പുള്ളവര്‍ ഏറെയുണ്ടാകാം. കാരണം നമ്മളെല്ലാം ഓരോ വിശ്വാസങ്ങളെ ചുമക്കുന്നവരാണല്ലോ. ഹിജഡകള്‍ സമൂഹത്തിനു ശാപമാണെന്ന നിങ്ങളുടെ തോന്നലുകളെ ഉപേക്ഷിക്കേണ്ട. എന്നാല്‍‌ അവര്‍ മനുഷ്യരാണെന്നും, ഒരു മനുഷ്യനു അതിജീവനത്തിനു വേണ്ട അത്യാവശ്യ ഘടകങ്ങള്‍, കുറഞ്ഞപക്ഷം വിശപ്പടക്കാനുള്ള ഒരു മാര്‍ഗ്ഗം, അവര്‍ക്കു നിഷേധിക്കുനതിനെതിരെയെങ്കിലും ചിന്തിക്കാന്‍‌ ഈ ലേഖനം സഹായകമായെങ്കില്‍ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

തനിക്ക് ആവശ്യമില്ലാത്ത സത്യങ്ങളോട്‌ വെറുതേ എന്തിനു എതിരിടണമെന്നു കരുതുന്ന നമ്മള്‍, ഇവര്‍ക്ക്‌ നാണയത്തുട്ടുകള്‍ക്കു പകരം ഇത്തിരി കരുണ ഭിക്ഷയായി നല്‍കിയാല്‍ അവര്‍ സന്തുഷ്ടരാകും. തീര്‍ച്ച.

Courtesy: Various Internet sites, including wikipedia

Friday, October 24, 2008

സ്‌ത്രീകളെ തൊട്ടുകൂടാതാക്കിയ ആര്‍ത്തവം

അനില്‍@ ബ്ലോഗിന്റെ ഋതുമതിയാകുന്ന ദൈവം എന്ന പോസ്റ്റിനു ഒരു കമന്റായി എഴുതാന്‍ തീരുമാനിച്ചത്‌ ഒരു പോസ്റ്റായി ഇവിടെ ഇടുന്നു. അനില്‍ ആര്‍ത്തവത്തിലെ ദൈവികതയെക്കുറിച്ചാണു ചോദിച്ചതെങ്കില്‍ ആര്‍ത്തവത്തിന്റെ പൌരാണികതയെക്കുറിച്ചാണ്‌ ഈ പോസ്റ്റ്.

ആര്‍‌ത്തവത്തിന്റെ ശാസ്‌ത്രം.
സ്‌ത്രീകളില്‍ ആന്തരികാവയവങ്ങളായ അണ്ഡാശയം, ഗര്‍ഭാശയം, യോനീനാളം, അണ്ഡവാഹിനി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാകുന്നതോടെ വന്നുഭവിക്കുന്ന ഒരു ശാരീരികപ്രക്രിയയാണ്‌ ആര്‍ത്തവം എന്നത്.
പ്രജനനപ്രക്രിയക്കു സ്‌ത്രീയെ സജ്ജമാക്കുന്ന ഈ പ്രക്രിയ എല്ലാ സസ്തനികളിലുമുണ്ട്. എന്നാല്‍ ഈ പ്രക്രിയയെ മനുഷ്യന്റെ മറ്റു ശാരീരികപ്രക്രിയകളേക്കാളേറെ നിന്ദ്യവും നികൃഷ്ടവുമാക്കി മാറ്റിനിര്‍ത്തിയതെന്തുകൊണ്ട്?

ആര്‍‌ത്തവവും‌ ആചാരങ്ങളും
ഋതുമതിയാകുന്ന സ്‌ത്രീകളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന ഒരു ആചാരത്തിന്റെ ഇങ്ങേയറ്റത്താണു നാമിപ്പോള്‍ നില്‍ക്കുന്നതെങ്കിലും ഇന്നും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലാ എന്നുള്ളത്‌ നമുക്കറിയാം. മാസമുറയോടു ചേര്‍ന്നുള്ള നാലുദിവസങ്ങളില്‍ സ്‌ത്രീകളെ തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തുകയും അവരെ 'തീണ്ടാരിപ്പുരയിലും" "ഉരപ്പുര" കളിലുമൊക്കെ മാറ്റി താമസിപ്പിക്കുകയും ചെയ്തിരുന്നതായി കേരളത്തിലെ പല സാമൂഹികപഠനഗ്രന്‌ഥങ്ങളില്‍ നിന്നും നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ഈ ഒരു ആചാരത്തെക്കുറിച്ചു വായിച്ചപ്പോള്‍ ആദ്യമായി കേരളത്തിലെ ഒരു ആചാരത്തോടു അത്യധികമായ ബഹുമാനം തോന്നി. അതു മറ്റൊന്നുകൊണ്ടുമല്ല, സോദ്ദേശ്യപരമല്ലെങ്കില്‍ കൂടി ഈ ആചാരത്തിന്റെ മറവില്‍ അക്കാലങ്ങളില്‍ സ്‌ത്രീകള്‍ക്കു വീണുകിട്ടിയിരുന്ന ഒരു "വിശ്രമ" ത്തെക്കുറിച്ചോര്‍ത്തതിനാലാണ്‌. അതിന്റെ വില അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ്‌.

വീട്ടിലെ അടുക്കളയില്‍ 'വെച്ചും വിളമ്പിയും എച്ചിലെടുത്തും' അഹോരാത്രം അധ്വാനിക്കുകയും, കുടുംബത്തിലെ പുരുഷപ്രജകളുടെ എല്ലാ വിധ 'എക്‌സ്‌ട്രീം' നിലപാടുകളോടു സന്ധിചെയ്തും ഉരുക്കഴിഞ്ഞ ഒരു പിടി ജന്‍മങ്ങള്‍ക്ക്‌ മാസത്തില്‍ നാലുദിവസം വീണുകിട്ടിയിരുന്ന ഈ ഒരു 'അവധി' വളരെ വലുതായിരുന്നു. ഈ കാര്യത്തില്‍ ഈ ആചാരത്തോട്‌ എനിക്കു ബഹുമാനമുണ്ടായി. സ്‌ത്രീകളൂടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ ബഹുമാനുള്ളൂ. എന്നാല്‍ ഇവരുടെ ശാരീരിക ആരോഗ്യകാര്യത്തില്‍ ഈ ആചാരം പുലര്‍ത്തിപ്പോന്ന ശീലങ്ങളോട്‌ എനിക്കു തികഞ്ഞ വിയോജിപ്പു തന്നെയാണ്‌.

മാസമുറ തുടങ്ങി നാലാം ദിവസം വരെ കുളിക്കാനോ, വസ്ത്രം മാറാനോ അനുവാദമില്ലാതെ, മറ്റുള്ളവരുടെ കണ്‍വെട്ടത്തിനകലെ ഇരുട്ടുമുറികളില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക്‌ വളരെ ശുഷ്കമായ രീതിയിലെ ഭക്ഷണങ്ങളും കൊടുത്തിരുന്നുള്ളൂ. രക്തസ്രവത്താല്‍ ക്ഷീണിതവും മലിനവുമായിക്കൊണ്ടിരിക്കുന്ന ശരീരത്തെ അത്യധികം ആരോഗ്യത്തോടെയും ശുചിത്വത്തോടെയും വളരെ hygiene ആയി സൂക്ഷിക്കേണ്ട സമയത്ത്‌ ഇങ്ങനെ ശുചിത്വമില്ലായ്മ അനുശീലിക്കണമെന്ന ആചാരനിയമത്തോട് എങ്ങനെ യോജിക്കാന്‍ കഴിയും?

ആര്‍ത്തവത്തെ അകറ്റിനിര്‍ത്തുന്ന സമ്പ്രദായം കേരളത്തില്‍ മാത്രമുണ്ടായിരുന്നതല്ല. അതു അതിപ്രാചീനകാലം മുതലേ ലോകത്താകമാനം നിലനിന്നുപോന്ന ഒരു ആചാരമായിരുന്നു. ആദിമമനുഷ്യന്‍ ഈ ആര്‍ത്തവത്തിനു മുന്നില്‍ അന്ധാളിച്ചു നിന്നിട്ടുണ്ട്. (ഫ്രാങ്ക് ലോണ്ടര്‍ "ബ്ലൂ ലഗൂണ്‍" എന്ന ചിത്രത്തിലൂടെയും, മലയാളത്തില്‍ ഐ. വി. ശശി "ഇണ" എന്ന ചിത്രത്തിലൂടെയും ഈ അന്ധാളിപ്പിന്റെ ഒരു രൂപരേഖ കോറിയിട്ടിട്ടുണ്ട്.) ഏതോ ഒരു അദൃശ്യശക്തി സ്‌ത്രീകളെ പ്രാപിക്കുന്നതിനാലാണ്‌ രക്തസ്രാവമുണ്ടാകുന്നത്‌ എന്നായിരുന്നു അവരുടെ വിശ്വാസം. ആയതിനാല്‍ ആ സമയങ്ങളില്‍ സ്‌ത്രീകളെ ദൈവത്തിന്റെ പ്രതീകമായിപോലും വിശ്വസിച്ചുപോന്നു.

പാപ്പുവന്‍ വര്‍ഗ്ഗക്കാരുടെ വിശ്വാസപ്രകാരം രാത്രികാലങ്ങളില്‍ ചന്ദ്രന്‍ ഉറങ്ങിക്കിടക്കുന്ന കന്യകമാരെ പ്രാപിക്കുന്നതിനാലാണ്‌ അവര്‍ ഋതുമതികളാകുന്നതെന്നായിരുന്നു. ആയതിനാല്‍ ഈ സമയങ്ങളില്‍ സ്‌ത്രീകളില്‍ ദിവ്യശക്തി ഉണ്ടാകുമെന്നും അവരുടെ അടുത്തേക്കു പോകരുതെന്നുമായിരുന്നു അവരുടെ വിശ്വാസം. ഈ വിശ്വാസത്തില്‍ നിന്നാണ്‌ ഇംഗ്ലീഷില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ആര്‍ത്തവസമയത്തെ "moon time" എന്നു പറയുന്നത്‌. ഇറ്റാലിയന്‍ സംസ്കൃതിയില്‍ മരിച്ചുപോയ മുത്തശ്ശിമാര്‍ വന്ന്‌ തന്റെ പേരക്കുട്ടികളെ പ്രജനനത്തിനു പാകമാക്കിപ്പോകുന്നതുകൊണ്ടാണ്‌ ആര്‍ത്തവമുണ്ടാകുന്നതെന്നായിരുന്നു വിശ്വാസം. ആയതിനാല്‍ മാസാമാസമുള്ള ആര്‍ത്തവത്തെ അവര്‍ "grandma visit" എന്നാണ്‌ ഇന്നും വളരെ കൊളോക്വിയലായി പറയുന്നത്.

ആര്‍‌ത്തവവും‌ മതങ്ങളും.
തൊട്ടശുദ്ധമാക്കാന്‍ പാടില്ലാത്തതാണല്ലോ ദൈവം. അതു കൊണ്ടു തന്നെ ദൈവസാന്നിദ്ധ്യമുള്ള സമയത്ത്‌ സ്‌ത്രീയേയും തൊടാന്‍ പാടില്ല എന്നവര്‍ വിശ്വസിച്ചുപോന്നു. കാലക്രമത്തില്‍ ദൈവത്തിന്റെ സ്‌ഥാനം മാറി, അതു പിശാചു കൈയ്യടക്കി. ഏതോ പൈശാചികശക്തി സ്‌ത്രീകളില്‍ കൂടിയിരിക്കുന്നതുകൊണ്ടാണ്‌ മാസംതോറും സ്‌ത്രീകളില്‍ രക്തസ്രാവമുണ്ടാകുന്നതെന്നു അവന്‍ വിശ്വസിക്കാന്‍ തുടങ്ങി. സ്‌ത്രീകളില്‍ ആര്‍ത്തവസമയത്തുണ്ടാകുന്ന അസ്വസ്ഥതകളെ പിശാചിന്റെ ബാധയായി കണക്കാക്കി തുടങ്ങി; അവളെ അകലത്തില്‍ വെച്ചു തുടങ്ങി.

ക്രൈസ്‌തവസഭയില്‍ സ്‌ത്രീകള്‍ക്ക് പുരോഹിതസ്‌ഥാനം നല്‍കാന്‍ കഴിയില്ലാ എന്ന നിയമത്തിന്റെ ആധാരം തന്നെ അവരിലെ ആര്‍ത്തവമാണ്‌. ആര്‍ത്തവസമയത്ത് സ്‌ത്രീ മതപരമായി അശുദ്ധയാകുന്നതിനാല്‍, പുരോഹിതകര്‍മ്മങ്ങള്‍ക്ക്‌ സ്‌ത്രീയെ നിയോഗിക്കാന്‍ കഴിയില്ലാ എന്നാണ്‌ അതിനുള്ള ഭാഷ്യം. ശബരിമലയിലെ സ്‌ത്രീകളുടെ പ്രവേശനത്തെ തടയുന്നതിലെ യുക്തിയായി പൊന്തിവന്നതും ഇതേ ആര്‍ത്തവം തന്നെ.

കേരളത്തില്‍ സ്‌ത്രീകള്‍ രജസ്വലയായിരിക്കുന്ന വേളയില്‍ കിണര്‍ ,കുളം മുതലായവ തൊടാന്‍ പാടില്ല എന്ന അലിഖിത നിയമങ്ങളുണ്ടായിരുന്നു. ഇന്നുമുണ്ട്‌. 'തീണ്ടാരി'പ്പെണ്ണു ഉമ്മറത്തു വരികയോ, അയല്‍വക്കങ്ങളില്‍ പോവുകയോ, അറവാതിലിന്റെ മുന്നില്‍ വരികയോ, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയോ, ക്ഷേത്രദര്‍ശനം നടത്തുകയോ, ഈശ്വരസ്‌മരണ ചെയ്യുകയോ ഒന്നും പാടില്ലായിരുന്നു.

ഋതുവായ പെണ്ണിനുമിരപ്പവനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:

ഈശ്വരഭജനത്തിനു ആര്‍ത്തവം ബാധകമല്ല എന്നു എഴുത്തച്ഛന്‍ ഈ വരികളിലൂടെ പറഞ്ഞിട്ടുണ്ട്. പക്ഷേ നമ്മള്‍ക്ക്‌ ശീലങ്ങള്‍ മാറ്റുവാനുള്ളതല്ലല്ലോ, ശീലിക്കുവാനുള്ളതല്ലേ.

ഇസ്ലാം മതത്തില്‍ സ്‌ത്രീകളിലെ ആര്‍ത്തവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കുറവാണ്‌. മുഹമ്മദ് നബി ആര്‍‌ത്തവത്തിന്റെ തൊട്ടുകൂടായ്‌മയെ അത്രകണ്ട് അം‌ഗീകരിച്ചിരുന്നില്ല. അദ്ദേഹം‌ തന്റെ ഭാര്യ ആയിഷയോടെ ആര്‍‌ത്തവസമയത്ത് പള്ളിയില്‍‌ നിന്നും‌ ഒരു തടുക്ക് (ഇരിക്കാനുള്ള പായ) എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ ആര്‍ത്തവ അശുദ്ധിയെക്കുറിച്ചു ആയിഷ നബിയെ ഓര്‍‌മ്മപ്പെടുത്തി. അപ്പോള്‍‌ ‘അത്‌ കയ്യിലല്ലല്ലോ' എന്ന്‌ അദ്ദേഹം‌ പറഞ്ഞതായി ഹദിസ്സില്‍‌ വിവരിക്കുന്നുണ്ട്. ആര്‍‌ത്തവസമയത്തുപോലും‌ പള്ളിയില്‍‌ കയറാന്‍‌ സ്ത്രീകളെ അനുവദിച്ചിരുന്ന
ആയിഷയുടെ പരമ്പരക്കു പിന്നെ ദേവാലയം തന്നെ നിഷേധിക്കപ്പെട്ടതു എന്തുകൊണ്ടായിരിക്കാം? അത്‌ ഇവിടെ പറയേണ്ട വിഷയമല്ലാത്തതിനാല്‍ കൂടുതല്‍ വിവരിക്കുന്നില്ല.

ആര്‍ത്തവത്തിലെ ദൈവികത
ആര്‍ത്തവത്തിലെ ദൈവികതയെക്കുറിച്ചു അന്വേഷിച്ചാല്‍ നമുക്കു കിട്ടാവുന്ന ഉത്തരം ഇതു മാത്രമാണ്‌. സ്‌ത്രീയും പുരുഷനും അവനവന്റെ ദൈവങ്ങളില്‍ അവനവന്റെ വികാരങ്ങളും പ്രതീക്ഷിച്ചു. ദൈവത്തിനും തന്നെപ്പോലെ തന്നെ വിശപ്പുണ്ടാകുമെന്നും, തന്നെപ്പോലെ കാമാസക്തി ഉണ്ടാകുമെന്നും അവന്‍ വിശ്വസിച്ചുപോന്നു. തന്നെപ്പോലെ അണിഞ്ഞൊരുങ്ങാനും ആഭരണങ്ങളണിയാനും ദൈവത്തിനും ആഗ്രഹമുണ്ടാകുമെന്നു അവര്‍ വിചാരിച്ചു. അമ്പലങ്ങളിലെ നേദ്യവും പായസവും മറ്റും വഴിപാടു കഴിപ്പിക്കുന്നതിന്റേയും, ദേവിക്കു ഉടയാടയും താലിയും വഴിപാടായി കൊടുക്കുന്നതിന്റേയും, ദേവനെ മാലചാര്‍ത്തിക്കുന്നതിന്റേയും, ദേവദാസികളെ അമ്പലങ്ങളില്‍ പാര്‍പ്പിച്ചിരുന്നതിന്റേയും ഒക്കെ പൊരുള്‍, തന്റെ ദൈവത്തിനും തന്നെപ്പോലെ തന്നെ വികാരവിചാരങ്ങളുണ്ടെന്ന മനുഷ്യന്റെ തോന്നലില്‍ നിന്നുമാണ്‌.

സ്‌നേഹത്തിന്റേയും, തീവ്രപ്രണയത്തിന്റേയും, സ്ത്രീശക്തിയുടേയുമൊക്കെ ഭാരതീയപ്രതീകം പാര്‍വ്വതീദേവി ആയിരുന്നു. ലക്ഷ്മിയിലോ, സരസ്വതിയിലോ, ദുര്‍ഗ്ഗയിലോ ഒന്നും ആര്‍ത്തവം സംഭവിക്കുന്നതായി കഥകളില്ല. ഭാരതീയ ഗോത്രവര്‍ഗ്ഗങ്ങളില്‍ പാതിവ്രത്യം ഉയരങ്ങളില്‍ പുലരുന്ന ഒരു അനുശീലമാണ്‌. തന്നിലെ പാതിവ്രത്യത്തിന്റെ പരിശുദ്ധിക്കും, ദൈര്‍ഘ്യത്തിനും പാര്‍വതീദേവിയെയാണ്‌ ഭാരതസ്‌ത്രീകള്‍ ഉപാസിക്കുന്നത്‌. കേരളത്തിലെ "തിരുവാതിര'വ്രതവും, തിങ്കളാഴ്ചവ്രതവും, വടക്കേ ഇന്ത്യയിലെ'കര്‍വാ ചൌത്ത്' എന്ന പാതിവ്രത്യ വ്രതവും പാര്‍വതീപൂജയുടെ ഭാഗമാണ്‌.

ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളില്‍ ആസക്തി (ശക്തി)വര്‍ദ്ധിക്കുമെന്ന്‌ ശാസ്ത്രം തന്നെ പറയുന്നുണ്ട്. അപ്പോള്‍ തങ്ങള്‍ ഉപാസിക്കുന്ന ദേവതക്കും ഇതേ ശക്തി കൈവരുന്നുണ്ടെന്ന തോന്നലില്‍ സ്‌ത്രീകള്‍ ആരാധിച്ചുപോന്ന ഒരു ആരാധനാക്രമത്തിന്റെ ഇന്നത്തെ കെടുകെട്ട കച്ചവടമാണ്‌ ഈ തൃപ്പൂത്താറാട്ടും ഉടയാട ലേലവും മറ്റും.

ആര്‍‌ത്തവവും‌ വിശ്വാസങ്ങളും
രജസ്വലകളായ സ്‌ത്രീകള്‍ തൊട്ടാല്‍ വിത്തുകള്‍ മുളക്കാതിരിക്കുകയും, ചെടികള്‍ ഉണങ്ങിപ്പോവുകയും, കായ്‌കള്‍ കൊഴിഞ്ഞുപോവുകയും ഒക്കെ ചെയ്യുമെന്നു നമ്മള്‍ വിശ്വസിച്ചുപോന്നു. ആര്‍ത്തവസമയത്ത്‌ സ്‌ത്രീകള്‍ തൊട്ടാല്‍ വീണയുടെ തന്ത്രികള്‍ പൊട്ടിപ്പോകുമെന്നും, ആയതിനാല്‍ സംഗീതാദികലകളില്‍ പങ്കെടുക്കരുതെന്നുമൊക്കെ ഭാരതത്തില്‍ വിശ്വാസങ്ങളുണ്ട്.

രജസ്വലയായ സ്‌ത്രീകള്‍ സഭാമധ്യത്തില്‍ വരാന്‍ പാടില്ലെന്നു നിയമം തന്നെയുണ്ടായിരുന്നു ഭാരതത്തില്‍. മഹാഭാരതത്തില്‍ ചൂതില്‍ ജയിച്ച കൌരവപ്പടയുടെ മുന്നിലേക്കു പണയപ്പണ്ടമായി മാറിയ ദ്രൌപദി തന്റെ ഭര്‍ത്താക്കന്‍മാര്‍ വിളിച്ചിട്ടും വരാതിരുന്നത്‌ ദ്രൌപദി ആ സമയത്ത്‌ രജസ്വലയായിരുന്നതിനാലാണ്‌. അന്യന്റെ ഭാര്യയായ ഒരു സ്‌ത്രീയെ മുടിക്കുത്തില്‍ പിടിച്ചു വലിച്ചു കൊണ്ടുവന്നു മാനഭംഗം നടത്താന്‍ ശ്രമിച്ചു എന്നതിനേക്കാള്‍ സഭ അന്നു ദുശ്ശാസനനെ കുറ്റപ്പെടുത്തിയത് രജസ്വലയെ സഭാമധ്യത്തില്‍ കൊണ്ടുവന്നതിനാണ്‌ .

ആര്‍‌ത്തവം - ആഘോഷം
കേരളത്തില്‍ പെണ്‍കുട്ടികളുടെ ഋതുശാന്തിക്കല്യാണം അഥവാ 'തിരണ്ടുകുളി' കുരവയും ആര്‍പ്പുവിളികളുമൊക്കെയായി ആഘോഷിച്ചിരുന്നുവെന്നത്‌ ഇന്നത്തെ തലമുറക്കു കേട്ടുകേഴ്‌വി മാത്രമായിരിക്കുന്നു. തറവാട്ടില്‍ ഒരു പെണ്‍കുട്ടി പുടമുറിക്കു പാകമായി എന്ന ഒരു വിളിച്ചോതലായിരുന്നു അക്കാലങ്ങളിലെ ഈ തെരണ്ടുകല്യാണം എന്നു തകഴിയുടെ "കയറി "ല്‍ പറയുന്നുണ്ട്. കേരളത്തില്‍ 'നാലാംകുളി' എന്നത് വലിയൊരു ചടങ്ങായി കുടുംബങ്ങള്‍ കൊണ്ടാടിയിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളും മുറക്കാരും ചേര്‍ന്ന് കുരവയുടേ അകമ്പടിയോടെ അടുത്തുള്ള കുളത്തിലോ പുഴയിലോ പെണ്‍കുട്ടിയെ കുളിപ്പിച്ചു കൊണ്ടുവന്ന്‌ പുതുവസ്‌ത്രങ്ങളണിയിക്കുകയും മധുരപലഹാരങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. ഇതും കേരളത്തില്‍ മാത്രമുണ്ടായിരുന്ന ചടങ്ങല്ല. പ്രാചീനകാലം മുതല്‍, ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ നിലനിന്നുപോന്ന ഒരു ആചാരമായിരുന്നു 'ആദ്യത്തെ ആര്‍ത്തവ'ത്തെ ആഘോഷിക്കുക എന്നത്‌.

ആര്‍‌ത്തവം‌- ഇന്ന്
ഇന്നു സ്‌ത്രീയും പുരുഷനും ജോലി ചെയ്തു തുടങ്ങുകയും, വീടുകള്‍ അണുകുടുംബങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തതോടെ 'തീണ്ടാരി' എന്നൊന്നില്ലാതായി. സ്‌ത്രീകളിലെ ആര്‍ത്തവത്തെ മറയ്‌ക്കാനും മറക്കാനും വിവിധതരം കുത്തക കമ്പനികള്‍ ടി. വി. പരസ്യങ്ങളിലൂടെ മത്സരിക്കുന്നതു നമുക്കു നിത്യകാഴ്ചകളാണല്ലോ.

പണ്ടുകാലങ്ങളില്‍ 15 വയസ്സു കഴിയുന്നതോടെയാണ്‌ പെണ്‍കുട്ടികള്‍ ഋതുമതികളായിരുന്നതെങ്കില്‍ ഇന്നതു 10 വയസ്സിനു താഴെ തുടങ്ങുന്നു. കുട്ടികളിലെ ആരോഗ്യത്തെയാണതു കാണിക്കുന്നതെന്നാണ്‌ ആരോഗ്യശാസ്‌ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. (1860-ല്‍ പെണ്‍കുട്ടികള്‍ ഋതുവാകുന്ന പ്രായം ശരാശരി 16.6 വയസ്സായിരുന്നു. 1920-ഓടെ 14.6 വയസ്സും, 1950-ല്‍ 13.1 വയസ്സും ആയി കുറഞ്ഞുവന്നു. 1980-ഓടെ അത്‌ 12.5 വയസ്സായി കുറയുകയും 2010 എത്തുന്നതോടെ ഈ പ്രായം 10.1 വയസ്സിലെത്തുകയും ചെയ്യുമെന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌.)

വാല്‍‌ക്കഷണം‌
ശരീരശാസ്ത്രം വളരെയേറെ താഴേത്തട്ടിലേക്കിറങ്ങി വന്ന്‌ സാധാരണക്കാരനു മനസ്സിലാകുംവിധം എല്ലാം പറഞ്ഞും പഠിപ്പിച്ചും കൊടുത്തിട്ടും നമ്മള്‍ ഇതൊക്കെ വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനേക്കാളെല്ലാം കഷ്ടം ശാസ്ത്രത്തിന്റെ വലുപ്പം കൊണ്ടു വളര്‍ന്നുവന്ന ടി. വി. ചാനലുകള്‍ ഇതിനുനല്‍കുന്ന പ്രൊമോഷന്‍ കാണുമ്പോഴാണ്‌. വലിയ വിലകൊടുത്തു വാങ്ങാന്‍ ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നിടത്തോളം കാലം ദേവി തൃപ്പൂത്തായിക്കോണ്ടിരിക്കും. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച്‌ ദേവി മാസത്തില്‍ രണ്ടോ അതില്‍ കൂടുതലോ തവണ തൃപ്പൂത്താകാതിരുന്നാല്‍ ഭാഗ്യം.

Friday, October 10, 2008

അടിച്ചേല്‍പ്പിക്കുന്ന ബ്രഹ്മചര്യം

ഒരു പുരുഷനോ സ്ത്രീക്കോ ബ്രഹ്മചാരിയാകുവാന്‍ എത്ര കണ്ടു കഴിയും? എന്താണു യഥാര്‍ത്ഥത്തില്‍ ബ്രഹ്മചര്യം? ബ്രഹ്മചര്യമെന്നത്‌ മത-പുരോഹിത വര്‍ഗ്ഗം മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിച്ച മറ്റൊരു സിദ്ധാന്തം മാത്രമാണ്‌.

വ്യക്തികളുടെ ലൈംഗികത ഉണര്‍ത്താന്‍ ഉപോദ്‌ബലകമാകുന്ന സങ്കല്‍പ്പങ്ങള്‍ക്കും, കല്‌പ്പനകള്‍ക്കും മനോനിലക്കും അനുസരിച്ച്‌ അവരില്‍ വ്യത്യസ്തവും വൈവിദ്ധ്യമാര്‍ന്നതുമായ ലൈംഗികതയായിരിക്കും ഉണ്ടായിരിക്കുക എന്ന്‌ ഫ്രോയ്‌ഡ്‌ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം ലൈംഗികതയെ, പ്രധാനമായും, എതിര്‍ലിംഗത്തോടു താത്പര്യമുള്ളവര്‍ (heterosexual), സ്വവര്‍ഗ്ഗത്തോടു താത്പര്യമുള്ളവര്‍ (homosexual), എതിര്‍ലിംഗത്തോടും, സ്വവര്‍ഗ്ഗത്തോടും ലൈംഗികതാത്‌പര്യമുള്ളവര്‍ (bisexual) എന്നീ മൂന്നു വിഭാഗങ്ങളായിട്ടാണു തിരിച്ചിട്ടുള്ളതെങ്കിലും ഇതിനു ഒരുപാടു അനുബന്ധങ്ങള്‍ കൂടിയുണ്ട്. (ഈ അനുബന്ധങ്ങളെക്കുറിച്ചു വിശദമായ ഒരു പോസ്റ്റ് ആവശ്യമായതിനാല്‍ അതിവിടെ ചേര്‍ക്കുന്നില്ല) ഇത്രയുമെഴുതിയത്‌ ഇതുപോലെ തന്നെ മനുഷ്യരുടെയിടയില്‍ നിലനില്‍ക്കുന്ന മറ്റൊരു തരം ലൈംഗികത കൂടിയുണ്ട് എന്നു പറയാനായിട്ടാണ്‌. ആ ലൈംഗികതയാണ്‌ കാമരാഹിത്യം അഥവാ asexuality.

ലൈംഗികപരമായി ഒരു വര്‍ഗ്ഗത്തോടും താത്‌പര്യം തോന്നാത്ത മനോഭാവമാണ്‌ കാമരാഹിത്യമെന്ന ലൈംഗികത. കാമരാഹിത്യത്തേയും ബ്രഹ്മചര്യത്തേയും ഒരേ ദൃഷ്ടികോണിലൂടെ കാണാന്‍ കഴിയില്ല. ഒന്നു ജൈവഘടനയുടെ നിര്‍ബന്ധം കൊണ്ടും മറ്റൊന്നു സാമൂഹികഘടനയുടെ നിര്‍ബന്ധം കൊണ്ടും അനുശീലിക്കുന്നവയാണ്‌. ലൈംഗികതയുടെ അതിപ്രസരമുള്ള ഹൈന്ദവ പുരാണങ്ങളിലും, ഗ്രീക്ക്‌ പുരാണങ്ങളിലും ഇത്തരം അസെക്ഷ്വലായ ദൈവങ്ങളെ നമുക്കു പരിചയമുണ്ട്. ഗ്രീക്ക്‌ ദേവതയായ ഹേസ്റ്റിയ, റോമിലെ വെസ്റ്റ, ഭാരതത്തിലെ ഹനുമാന്‍, ഭീഷ്മര്‍, ധര്‍മ്മശാസ്താവ്‌, തുടങ്ങിയവര്‍ കാമരാഹിത്യമുള്ളവരായിരുന്നു. പിന്നെ മതപണ്ഡിതന്‍മാരായ ശങ്കരാചാര്യര്‍ (ഇദ്ദേഹം പരകായപ്രവേശനസിദ്ധിയിലൂടെ ലൈംഗികത അറിഞ്ഞിട്ടുണ്ടെന്നുള്ള കഥ വിസ്‌മരിക്കുന്നില്ല, അങ്ങനെ ഒരു സിദ്ധി ഉണ്ടെന്നു എഴുതുന്ന ആള്‍ വിശ്വസിക്കുന്നുമില്ല), വിവേകാനന്ദന്‍ തുടങ്ങിയ അസെക്‌ഷ്വലായിട്ടുള്ളവരെ നമുക്കു പരിചിതങ്ങളാണ്‌.

ഭാരതത്തില്‍ ദൈവപ്രീതിക്കായി പ്രാര്‍ത്ഥിച്ചിരുന്നവര്‍ മനസ്സിനു ഏകാഗ്രത കിട്ടാനായി ലൈംഗികകേളികളില്‍ നിന്നും അകന്നു നിന്നു തപസ്സു ചെയ്തതിനെക്കുറിച്ചും, കാലങ്ങളോളം ബ്രഹ്മചാരിയായി ജീവിച്ചതിനെക്കുറിച്ചും ഒക്കെ നിരവധി കഥകളുണ്ടെങ്കിലും ലൈംഗികതയെ വ്യക്തിജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റി നിര്‍ത്തേണ്ടവയാണെന്നോ, ദൈവാരാധനക്കു ഇടനിലക്കാരായ പുരോഹിതന്‍മാരും പൂജാരിമാരും ലൈംഗികത അനുശീലിക്കരുതെന്ന കഠിനമായ നിഷ്‌കര്‍ഷയോ ഉണ്ടായിരുന്നില്ല. മറിച്ച്‌ ദേവന്‍മാരുടേയും ദേവിമാരുടേയും രതിയുത്സവങ്ങളുടേയും രാസലീലകളുടേയും കഥകള്‍ ആരാധനാലയങ്ങളില്‍ പോലും പാടുകയും ആടുകയും ചെയ്തുപോന്നു.

മരുഭൂമിയിലെ പ്രവാചകനായ മുഹമ്മദു നബിക്ക്‌ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നു. മുസ്ലീം മതപുരോഹിതര്‍ക്ക്‌ ലൈംഗികത നിഷേധിച്ചിരുന്നുമില്ല. എന്നാല്‍ യഹൂദവംശത്തില്‍ തികച്ചും കാമരാഹിത്യത്തോടെ ജനിച്ച യേശു എന്ന ഒരു അത്മീയനേതാവിന്റെ അനുയായികളായി വന്ന പുരോഹിതവൃന്ദമാണ്‌ ബ്രഹ്മചര്യം എന്നത്‌ ദൈവാരാധനക്കുള്ള അവശ്യങ്ങളിലൊന്നായി മാറ്റിയത്‌. യേശു വിവാഹം കഴിക്കുകയോ, ലൈംഗികമായി ബന്ധപ്പെടുകയോ ചെയ്തിട്ടിലെങ്കിലും വിവാഹവും ലൈംഗികതയും ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ആരേയും ഉപദേശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അധികവും വിവാഹിതരായിരുന്നു താനും.

ക്രിസ്ത്യന്‍ സഹോദരര്‍ ഒരു മറുവായനയിലൂടെ ഇതിനു മറ്റൊരു അര്‍‌ത്ഥം‌ കണ്ടെത്തരുതെന്ന അപേക്ഷയോടെ ഞാന്‍‌ തുടരട്ടെ.

റോമിലെ അധികാരത്തിന്റെ മുന്നില്‍, മദപ്രമത്തതയുടേയും ധാരാളിത്തത്തിന്റേയും നടുവില്‍, അന്നേവരെ അവര്‍ക്കു അപരിചിതമായിരുന്ന കിഴക്കന്‍ ആത്മീയതയുടെ ഉപദേശവുമായി കടന്നുവന്ന യേശുവിനെ അന്നാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. നിലവിട്ട ലൈംഗികശീലം പുലര്‍ത്തിപ്പോന്ന ഒരു സമൂഹനടുവിലേക്കാണ്‌ സദാചാരത്തിന്റേയും സാന്‍മാര്‍ഗ്ഗികതയുടേയും ആത്മീയപരിവേഷവുമായി യേശു ഒരു പ്രവാചകരൂപത്തില്‍ കടന്നുവന്നത്. പിതാവിനെ മദ്യം കൊടുത്തു മയക്കി ബലാത്സംഗം ചെയ്യുന്ന കന്യകമാരും(ലോത്തിന്റെ കഥ) സ്വവര്‍ഗ്ഗഭോഗികളും (സോദോം നഗരത്തിന്റെ കഥ) മൃഗഭോഗികളും, സ്വന്തം സഹോദരരെ ഭോഗിക്കുന്നവരുമൊക്കെയുണ്ടായിരുന്ന കുത്തഴിഞ്ഞ ലൈംഗികാരാജകത്വത്തിന്റെ നടുവില്‍ യേശുവിന്റെ ആത്മീയതക്കു വലിയ സ്‌ഥാനമൊന്നുമുണ്ടായിരുന്നില്ല. ഇത്തരം ഉന്മാദപ്രമത്തതയെ എതിര്‍ക്കാന്‍ തന്നിലെ കാമരാഹിത്യം തെല്ലൊന്നുമല്ല യേശുവിനെ സഹായിച്ചത്. കുത്തഴിഞ്ഞ ലൈംഗികതയേയും കൊടുംക്രൂരതയും സാമൂഹികക്രമമായി അനുശീലിച്ച ഒരു സമൂഹത്തെ (സലോമിയുടെ കഥ സ്‌മരിക്കുക)ആത്മീയതയിലേക്കു നടത്താന്‍ യേശുവിനു തന്റെ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ പലരും മരണഭയത്താല്‍ താന്താങ്ങളുടെ പഴയ തൊഴിലിലേക്കു തിരിച്ചുപോവുകയും ചെയ്തു.

യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ പിറ്റേദിവസം മുതല്‍ രൂപം കൊണ്ടതല്ല ക്രിസ്തുമതം. യേശു ഒരു മതത്തിനും രൂപം കൊടുത്തിരുന്നുമില്ല. അരാജകത്വത്തില്‍ കിടന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കാന്‍ വന്ന ഹൃദയശുദ്ധിയുള്ള, മോഹതൃഷ്ണകളില്ലാത്ത, ലൈംഗികതയില്ലാത്ത, ഒരു കേവല മനുഷ്യനായിരുന്നു അദ്ദേഹം.

യേശു ക്രൂശിതനായി കാലങ്ങള്‍ കഴിഞ്ഞാണ്‌ ഗ്രീക്ക് ആത്മീയതയില്‍ പ്രാവീണ്യം നേടിയ തര്‍ശ്ശീസുകാരനായ ശൌല്‍ എന്ന മറ്റൊരു അസെക്‌ഷ്വലായ വ്യക്തി യേശുവിന്റെ ആത്മീയസിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായതും അതിന്റെ പൊരുള്‍ ലോകമെങ്ങും വ്യാപിപ്പിക്കണമെന്നുറച്ചതും. അതിനായി അയാള്‍ യേശുവിന്റെ അനുയായികളായിരുന്നവരെ തേടിപ്പിടിക്കുകയും അവരിലൂടെ യേശുവിനെക്കുറിച്ചു കൂടുതല്‍ അറിയുകയും ഒരു തത്വസംഹിത ചമച്ചുണ്ടാക്കുകയും ചെയ്തു. പിന്നീട് അത്‌ കൃസ്തീയ മതമായും വിശ്വാസപ്രമാണമായും വളര്‍ന്നു. തര്‍ശ്സീസില്‍ ശൌല്‍ എന്നും, റോമന്‍ ഭാഷയില്‍ പോളെന്നുമറിയപ്പെടുന്ന ഈ പോളാണ്‌ സെയിന്റെ പോള്‍ (കേരളീയര്‍ക്ക്‌ പൌലോസ്‌)

ഈ പൌലോസ് കെട്ടിച്ചമച്ച ന്യായപ്രമാണങ്ങളിലൂടെയാണ്‌ ആദികാല ക്രൈസ്തവസഭ നിലവില്‍ വന്നത്. തികച്ചും അസെക്‌ഷ്വലായിരുന്ന പൌലോസ് നിര്‍മ്മിച്ച ന്യായപ്രമാണങ്ങളില്‍ മറ്റുള്ളവര്‍ തന്നെപ്പോലെ ആയിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നതു സ്വാഭാവികം. സകല മനുഷ്യരും എന്നെപ്പോലെ അവിവാഹിതരായി ജീവിക്കണമെന്നും മറ്റും യേശു പറഞ്ഞിട്ടുള്ളതായി എഴിതിച്ചേര്‍ത്ത്‌ ന്യായപ്രമാണങ്ങള്‍ ചമക്കുകയും മനുഷ്യനിലെ കാമവികാരത്തെ നിയന്ത്രിക്കുകയും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്ത്‌ ഏവരേയും തന്നെപ്പോലെ തികഞ്ഞ അസെക്‌ഷ്വലാക്കാന്‍ പൌലോസ്‌ പ്രമാണങ്ങള്‍ ചമച്ചു. അതു വഴി അവരില്‍ ഭക്തി വളര്‍ത്താന്‍ കഴിയുമെന്നും പ്രത്യാശിച്ചു.

പുരോഹിതന്‍മാര്‍ ഏവരും തന്നെപ്പോലെ കാമരാഹിത്യമുള്ളവരായിരിക്കണമെന്ന വാശിയോടെ പൌലോസ്‌ 'പുതിയനിയമങ്ങള്‍' തീര്‍ത്തു. സ്ത്രീസംസര്‍ഗ്ഗത്തില്‍ പെട്ടു മലിനമാകാത്തവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തിലെ സംഗീതം കേള്‍ക്കുവാന്‍ കഴിയൂ എന്നും മറ്റും തിരുവചനമായി എഴുതിച്ചേര്‍ത്ത്‌ അടിച്ചമര്‍ത്തിയ കാമത്തിലൂടെ പുരോഹിതരെ തീവ്രഭക്തിയിലേക്കു നയിക്കാനാകുമെന്നും പൌലോസ് പ്രത്യാശിച്ചു. സ്‌ത്രീയും‌ പുരുഷനും‌ തമ്മിലുള്ള ബന്ധം‌ പാപമാണെന്നും‌, സ്ത്രീപുരുഷശരീരങ്ങളുടെ സംഗമം പാപമാണെന്നും, ഈ പാപം ദൈവത്തിനു അപ്രീതിയുണ്ടാക്കുന്നതാണെന്നും, ഈ പാപത്തില്‍‌ നിന്നും‌ ജനതതിയെ രക്ഷിക്കാനായി അവതരിച്ചവനാണ് യേശു എന്നും‌ പറഞ്ഞ്‌ യേശുവിനെ പാ‍പരക്ഷകന്റെ പരിവേഷം‌ ചാര്‍‌ത്തി പൌലോസ്‌ ചട്ടങ്ങള്‍‌ തീര്‍‌ത്തു.

പൌലോസ്‌ ഉദ്ദേശിച്ചതുപോലെ കൃസ്ത്യന്‍ പുരോഹിതന്‍മാരേയും സന്യാസിനികളേയും തികച്ചും അസെക്‌ഷ്വല്‍ ആക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? പുരോഹിതരുടെയിടയിലേയും കന്യാസ്ത്രീമഠങ്ങളിലേയും അടക്കിവെക്കപ്പെട്ട ലൈംഗികതയുടെ കഥകള്‍ ചരിത്രത്താളുകളിലുറങ്ങുന്നു. അതിലേക്കു കൂടുതല്‍ കടക്കുന്നത്‌ ഈ ലേഖനത്തിന്റെ സാംഗത്യമല്ലാ എന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല.

ജീവിതത്തിലൊരിക്കലും കാമം എന്ന വികാരത്തോട്‌ പ്രതികരിക്കാത്ത ശരീരം വഹിക്കുന്ന ലൈംഗികതയാണ്‌ അസെക്‌ഷ്വാലിറ്റി അഥവാ കാമരാഹിത്യം. ഇത് മറ്റൊരു തരം ലൈംഗികതയാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അളവിന്റെ മാനദണ്ഡം കണക്കാക്കിയാല്‍ ഒരു മദാലസയുടെ അംഗവിക്ഷേപത്തില്‍ ഉരുകിയൊലിച്ചുപോയ വിശ്വാമിത്രന്റെയും ഒരു മുനികന്യകയുടെ ചുംബനത്താല്‍ തകര്‍ന്നുപോയ ഋഷ്യശൃംഗന്റേയും ബ്രഹ്മചര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ്‌ ഒരു വേശ്യയുടെ സൌഹൃദമുണ്ടായിട്ടു പോലും (മഗ്‌ദലനമറിയത്തിന്റെ കഥ) ലൈംഗികതയെ തികഞ്ഞ അവഗണനയോടെ കണ്ട യേശു എന്ന ആത്മീയ പ്രവാചകന്‍. തികച്ചും അസെക്‌ഷ്വലായിരുന്നു യേശു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായി ഇതിനെ കണക്കാക്കിപ്പോരുന്നു.

ഇത്തരം അസെക്‌ഷ്വാലിറ്റിയെക്കുറിച്ചു പിന്നീട്‌ നിരവധി പഠനങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. ഇത്തരം‌ അസെക്‌ഷ്വാലിറ്റി മനുഷ്യരില്‍‌ മാത്രമല്ല, ചില ജന്തുക്കളിലും‌ കണ്ടുവരുന്നതായി പഠനങ്ങള്‍‌ തെളിയിക്കുന്നു. ചിലതരം‌ ടര്‍‌ക്കിക്കോഴികള്‍‌, സ്രാവുകള്‍‌ എന്നിവ ഇണയുമായി ബന്ധപ്പെടാതെ കാലങ്ങളായി ജീവിക്കുന്നതായി കാണുന്നു.

ഇത്തരം‌ അസെക്ഷ്വാലിറ്റി ഉള്ളവരില്‍‌ പലരും‌ നൈസര്‍‌ഗ്ഗികമായി പ്രതിഭാശാലികളായിട്ടാണ് കണ്ടു വരുന്നതെന്ന ഒരു സത്യം‌ കൂടി ഈ പഠനഫലമായി ഉണ്ടായിട്ടൂണ്ട്. സര്‍‌ ഐസക്‌ ന്യൂട്ടണ്‍‌ തികഞ്ഞ ഒരു അസെക്ഷ്വലായിരുന്നു. നമ്മുടെ ഭാരതത്തിലും‌ കാമാരാഹിത്യമുള്ള നിരവധി കലാകാരന്‍‌മാരും‌, ആധ്യാത്മിക നേതാക്കളും‌, സം‌ഗീതജ്ഞരും‌, സാഹിത്യകാരന്‍‌മാരും‌ ഒക്കെ ഉണ്ടായിട്ടുള്ളത്‌ നമുക്കറിയാം‌.

എന്നാല്‍‌ അസെക്ഷ്വാലിറ്റി എന്ന ലൈം‌ഗികതയില്ലാത്തവരില്‍‌ നിര്‍ബന്ധപൂര്‍‌വം ബ്രഹ്മചര്യം‌ പാലിക്കുന്നതിനായി അവരുടെ കാമവികാരത്തെ അപ്പാടെ അടിച്ചമര്‍ത്തിയാല്‍ അവരെ അസെക്‌ഷ്വല്‍‌ ആക്കാന്‍‌ ‌ കഴിയില്ല. കാമവികാരത്തെ ഒരു തരം‌ സബ്ലിമേഷനിലേക്ക്‌ എത്തിക്കാനാകും‌ എന്ന മതസിദ്ധാന്തങ്ങള്‍‌ അപ്പാടെ പാളിപ്പോയ ചരിത്രമാണ് നമ്മള്‍ ഇന്നോളമറിഞ്ഞിട്ടുള്ളതും നിറം‌പിടിപ്പിച്ച കഥകളായി ഇപ്പോഴും ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നതും. ലൈം‌ഗികസം‌യമനം‌ ഒരു ശീലമാക്കിയാല്‍‌ കാലക്രമേണ അതു ഒരു തരം‌ ലൈം‌ഗികമരവിപ്പിലേക്ക്‌ (frigidity) എത്തിക്കൊള്ളുമെന്നു കരുതിയവര്‍‌ അവര്‍‌ അടിപ്പെട്ടുപോയ വിഷാദരോഗങ്ങളുടെ കണക്കിലേക്കു കൂടി ശ്രദ്ധ തിരിക്കുന്നതു നന്നായിരിക്കും‌. വൃദ്ധാവസ്ഥയിലെത്തുന്ന കന്യാസ്ത്രീകളെയും‌ പുരോഹിതന്‍‌മാരെയും‌ അധിവസിപ്പിച്ചിരിക്കുന്ന ആശ്രമങ്ങളിലേക്കു ചെന്ന്‌ അവരുടെ അവസാനനാളുകളിലേക്കൊന്നു പാളിനോക്കിയാല്‍‌ മതിഭ്രമം‌ ബാധിച്ച ഒരുപിടി ജന്‍‌മങ്ങളെ അവിടെ കണ്ടെത്താനാകും‌.

ആരോഗ്യമുള്ള ഒരു ശരീരത്തിന് ആ ശരീരത്തിലെ എല്ലാ ഗ്രന്ഥികളും‌ അവയവങ്ങളും‌ യഥാക്രമം പ്രവര്‍‌ത്തനോന്‍‌മുഖമായിരിക്കണം‌. ഏതെങ്കിലും‌ ശാരീ‍രിക പ്രക്രിയ തടയുമ്പോള്‍‌ അത്‌ ശരീരത്തിലെ മറ്റു പ്രവര്‍‌ത്തങ്ങളേയും‌ സാരമായി ബാധിക്കും‌. മനുഷ്യരിലെ ലൈം‌ഗികത എന്നത്‌ ശാരീരികവും‌ മാനസികവുമായ ഒരു പ്രക്രിയയാണ്. തലച്ചോറും‌ നാഡീവ്യൂഹങ്ങളും‌ ഹോര്‍‌മോണുകളുമാണ് മനുഷ്യരിലെ കാമവികാരത്തെ നിയന്ത്രിക്കുന്നത്‌. ഒരുവനിലെ കാമം‌ എന്നത്‌ ഒരു സഹജവാസനയാണ്. ആന്തരികമോ, ബാഹ്യമോ ആയ ഉത്തേജനങ്ങള്‍‌ മൂലം‌ ശരീരമാസകലം‌ വ്യാപിക്കുന്ന കാമവികാരത്തെ ബോധപൂര്‍‌വ്വമായ ഒരു പ്രതിരോധത്തിലൂടെ സം‌യമിപ്പിക്കുക വഴി മനുഷ്യന്റെ മസ്തിഷ്കത്തില്‍‌ അത്‌ അനാവശ്യമായ ഒരു സമ്മര്‍‌ദ്ദമുണ്ടാക്കുന്നു. അത്‌ മാനസികവിഭ്രാന്തിയിലേക്കുവരെ നയിക്കാന്‍‌ കഴിയുന്ന വിധം‌ ശക്തിമത്തായി വളരാറുണ്ട്. കെട്ടിയിട്ടിരിക്കുന്ന കുതിരക്കും‌ യഥാക്രമം‌ മൈഥുനം‌ നടത്താത്ത മനുഷ്യരിലും‌ അതിവേഗം‌ വാര്‍‌ദ്ധക്യം‌ ഉണ്ടാകുമെന്ന ചാണക്യവചനം‌ ഓര്‍‌ക്കുക.

ഗള്‍ഫു രാജ്യങ്ങളില്‍‌ വര്‍‌ഷങ്ങളോളം‌ ഭാര്യയെക്കാണാതെ, ലൈം‌ഗികബന്ധമില്ലാതെ ജീവിക്കുന്നവരുണ്ടല്ലോ, ഭര്‍ത്താവിന്റെ സാമീപ്യമില്ലാതെ കാലങ്ങളോളം ജീവിക്കുന്ന ഭാര്യമാര്‍ നമ്മുടെ സമൂഹത്തിലുണ്ടല്ലോ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകാം. ഇവിടെ ലൈം‌ഗികത ജീവിതത്തിലൊരിക്കലും‌ പാടില്ലാ എന്നു സമൂഹം‌ നിര്‍ബന്ധിച്ചിട്ടുള്ളവരെക്കുറിച്ചാണു പറയുന്നതെന്നു ശ്രദ്ധിക്കുമല്ലോ.

സാമൂഹ്യശീലമായി ബ്രഹ്മചര്യം‌ പാലിക്കാന്‍‌ നിര്‍‌ബന്ധിതമാകുന്ന പുരുഷനേക്കാള്‍ കടുത്ത അവസ്ഥയാണ് അങ്ങനെ ജീവിക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ത്രീകള്‍‌ക്കുള്ളത്. പ്രായപൂര്‍‌ത്തിയാകുന്ന ഒരു പുരുഷനില്‍‌ തന്റെ ലൈംഗികചോദന അടക്കിവെച്ചിരുന്നാലും ഉറക്കത്തില്‍, ഉപബോധമനസ്സില്‍ അവന്‍ സൂക്ഷിച്ചിരിക്കുന്ന കമോദ്ദീപകമായ സങ്കല്‍പ്പങ്ങള്‍ ഉണരുകയും തത്ഫലമായി അവനു സ്‌ഖലനം സംഭവിക്കുകയും ചെയ്യുന്നു. അത്‌ ഒരു തരം രതിമൂര്‍ച്ച തന്നെയാകയാല്‍ പുരുഷശരീരത്തെ അതു സമ്മര്‍ദ്ദരഹിതമാക്കുകയും അതു വഴി മാനസികമായ ഒരു relaxation അവനു ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്ത്രീകളില്‍ ബാഹ്യമായ ഉത്തേജനമില്ലാതെ (external stimuli) വികാരശമനം സംഭവിക്കുന്നില്ല. ആയതിനാല്‍, പുരുഷനേക്കാള്‍ സമ്മര്‍ദ്ദഭരിതമാണ്‌ ബ്രഹ്മചര്യം നിര്‍ബന്ധിതമാക്കിയിരിക്കുന്ന സ്ത്രീകളുടെ മനോനില. വൃദ്ധരായ കന്യാസ്ത്രീകളും അകാലത്തില്‍ വിധവകളായവരും ഒക്കെ പ്രകടിപ്പിക്കുന്ന പ്രത്യേകതരം വിഭ്രമാത്‌മക മാനസികാവസ്ഥയുടെ പ്രധാനകാരണം ഇത്തരം കാമനിയന്ത്രണങ്ങളുടെ അലോസരം കൊണ്ടുണ്ടാകുന്നതാണെന്നു മനോരോഗചികിത്സകരെല്ലാം ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്.

യഹൂദമതം ഇങ്ങനെ സ്‌ഖലനം ഉണ്ടാകുന്ന പുരോഹിതരെപ്പോലും നിഷിദ്ധമായി കണക്കാക്കിപ്പോരുന്നു. പുരോഹിതന്‍ സ്രവത്താല്‍ അശുദ്ധനാകുന്നു എന്നും ഈ സ്രവത്തിനു അവന്‍ യഹോവയുടെ മുന്നില്‍ പ്രാവുകളെ യാഗം കഴിക്കണമെന്നും ലേവ്യയുടെ പുസ്തകം 15-ം അദ്ധ്യായത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

ഫാദര്‍ വടക്കന്റെ ആത്മകഥയില്‍ നിന്നുമുള്ള ചില ഉദ്ധരണിയോടെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു. ഈ എടുത്തെഴുത്തിനു ഞാന്‍ ശ്രീ ജോണ്‍സണ്‍ ഐരൂരിനോടു കടപ്പെട്ടിരിക്കുന്നു. "സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വീക്ഷിച്ചാല്‍ ഞാന്‍ ഇന്നുവരെ തെറ്റുപറ്റാത്ത ഒരു ദിവ്യവിരക്തന്‍ തന്നെ. എന്നാല്‍ മറ്റ്‌ തരത്തിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ ബ്രഹ്മചര്യചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഞാന്‍ പല തവണ പിഴയാളിയായിട്ടുണ്ട്. പുരോഹിതനാകാന്‍ ആശിക്കുന്നതിനു മുമ്പും പുരോഹിതപരിശീലനകാലത്തും പുരോഹിതനായ ശേഷവും ഇന്നുവരേയും ഇത്തരം ബ്രഹ്മചര്യലംഘനങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്."

എതിനേക്കാള്‍ വലിയ ഒരു പൊളിച്ചെഴുത്തു ബ്രഹ്മചര്യത്തിനു വേറെ വേണോ?

Sunday, October 5, 2008

സ്ത്രീകളിലെ വികാരപരത

കഴിഞ്ഞ ഒരു പോസ്റ്റ്‌ ലൈംഗികതയില്‍ ആത്മാവിനെ നീറ്റുന്നവര്‍ ചിലരിലെങ്കിലും‌ ഞാന്‍‌ ഉദ്ദേശിക്കാത്ത അര്‍ത്ഥത്തില്‍‌ വായിക്കപ്പെട്ടു എന്ന ഒരു തിരിച്ചറിവിലാണ് അതിനായി കരുതിയ കമന്റ് ഒരു പോസ്റ്റായി തന്നെ എഴുതുന്നത്. സ്ത്രീകളിലെ ലൈം‌ഗികതെയെയോ അവരിലെ സ്‌ത്രീത്വത്തെയോ കിടക്കറയില്‍‌ അം‌ഗീകരിക്കപ്പെടാതെ പോകുന്നതിനെക്കുറിച്ചണ് ഞാന്‍‌ ഉദ്ദേശിച്ചതെങ്കിലും‌ അത്‌ നിലവിലുള്ള സദാചാര സം‌ഹിതക്കുനേരെയുള്ള ഒരു ചോദ്യമായി വായിക്കപ്പെട്ടതില്‍‌ ഞാന്‍ ഖേദിക്കുന്നു. ഒരു പക്ഷേ ഓഫ് ടോപിക് ആയി അവസാനം‌ ചേര്‍‌ത്ത ഖണ്ഡികയാ‍കാം‌ അത്തരമൊരു വായനക്ക് വിനയായത്.

ജീവശാസ്‌ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും‌ സമര്‍‌പ്പണ മനോഭാവത്തോടെ വൈകാരികപരമായ കാര്യങ്ങളില്‍‌ അഗാധമായി മുഴുകുവാനുള്ള പ്രവണത പുരുഷനേക്കാള്‍‌ സ്ത്രീകള്‍ക്കു കൂടുതലാണെന്നു മന:ശാസ്ത്രജ്ഞന്‍‌മാരും‌ പെരുമാറ്റ ശാസ്ത്രജ്ഞന്‍‌മാരും‌ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്തിയും‌ കാമവുമാണ് ഏറ്റവും‌ പ്രബലമായ വികാരങ്ങള്‍‌ എന്നത്‌ എടുത്തുപറയാതെ തന്നെ നമുക്ക്‌ പരിചയമുള്ള കാര്യങ്ങളാണല്ലോ. ഇതില്‍‌ കാമം‌ ജൈവശാസ്തപരമായ പ്രക്രിയയും‌ ഭക്തി അജ്ഞത മൂലമുള്ള അമ്പരപ്പില്‍‌ നിന്നും‌ ഉളവാകുന്ന സമര്‍‌പ്പണമനോഭാവമാണ്.

വികാരപരമായ ഒരു വിഷയത്തില്‍‌ മനസ്സ്‌ പ്രവേശിപ്പിച്ചാല്‍‌ പിന്നെ അതില്‍‌ ആണ്ടുമുങ്ങുകയല്ലാതെ, അതില്‍‌ നിന്നും‌ പിന്‍‌തിരിഞ്ഞു പോവാന്‍‌ സ്‌ത്രീകള്‍‌ക്കു പുരുഷന്‍‌മാരേക്കാള്‍‌ ശക്തി കുറവാണ്. കമ്പം പിടിച്ച തരം‌ ഈശ്വരഭകതി സാധാരണയായി പുരുഷന്‍‌മാരേക്കാള്‍‌ സ്ത്രീകള്‍‌ക്കാണ് കൂടുതലായി കണ്ടുവരുന്നത്.

ജൈവസഹജമായ സ്ത്രൈണപ്രക്രിയകളെപ്പറ്റിയുള്ള അജ്ഞത കലര്‍‌ന്ന ധാരണകള്‍‌ മൂലം ദിവ്യവും‌ പൈശാചികവുമായ എല്ലാ ആത്മാവുകളേയും‌ അതിവേഗം‌ ആകര്‍‌ഷിക്കാനൊരു കഴിവ്‌ സ്ത്രീകള്‍‌ക്കുണ്ടെന്ന ഒരു വിശ്വാസം‌ കാലക്രമത്തില്‍‌ വന്നു ഭവിച്ചൂ. അതിന്റെ ഫലമായി മാറി മാറി വന്ന എല്ലാ മതപ്രമാണങ്ങളും‌ സ്ത്രീകള്‍‌ക്ക്‌ പല വിലക്കുകളും‌ വിലങ്ങുകളും‌ ചാര്‍‌ത്തിക്കൊടുത്തു.

അതേ സമയം ആദികാലം മുതലേ പുരുഷന്റെ ലൈംഗികത വളരെയേറെ കെട്ടിഘോഷിക്കപ്പെട്ടിട്ടുമുണ്ട്. രത്യംശങ്ങളുടെ ഇഴചേരാത്ത ഏതു ദേവകഥകളാണ്‌ ഭാരതത്തിലുള്ളത്‌? കാമം എന്ന വികാരത്തിന്റെ തന്നെ അധിപനായി കണക്കാക്കപ്പെടുന്ന ശിവന്‍ 16000 വര്‍ഷക്കാലം നിര്‍ത്താതെ സംഭോഗക്രിയയിലേര്‍പ്പെട്ടിരുന്നതായി കഥാസരിത്‌സാഗരം പറയുന്നു. കഥയാണെങ്കില്‍കൂടി സംഭോഗക്രിയയുടെ ആര്‍ജ്ജവത്തിന്റേയും പുരുഷന്റെ അഭിനിവേശത്തിന്റേയും ഉദാഹരണമായിട്ടാണ്‌ ഇതു വിവരിക്കപ്പെട്ടിട്ടുള്ളത്. ശിവന്റെ നിര്‍ത്താതെയുള്ള സുരതക്രിയയുടെ ഫലമായി ഭൂകമ്പമുണ്ടായതായും അവസാനം ദേവകള്‍ അഗ്നിദേവന്റെ സഹായത്താല്‍ ശിവനെ ഇതില്‍നിന്നും പിന്‍തിരിപ്പിച്ചു എന്നുമാണ്‌ ഐതിഹ്യം.

സ്ത്രീയാകട്ടെ പുരുഷന്റെ ഭോഗവസ്തുവും അവന്റെ ഏതു ലൈംഗികാതിക്രമത്തിനും അടിപ്പെടേണ്ടവളാണെന്നും പഠിപ്പിക്കാന്‍ പാകത്തില്‍ എല്ലാ പുരാണങ്ങളും സജ്ജമായിരുന്നു താനും.

സ്വന്തം‌ ജൈവപ്രക്രിയയെക്കുറിച്ച്‌ സ്ത്രീയും‌ അജ്ഞയായിരുന്നു. അക്ഷരങ്ങളും‌ അറിവും‌ അവള്‍‌ക്കു മതമേധാവിത്വം‌ നിഷേധിച്ചു. അറിവുനേടാന്‍ അവസരമില്ലാതെ അവള്‍‌ പുരുഷമേധാവിത്വത്തിനു വിധേയയായി. ഈ വിലക്കുകള്‍ അവള്‍‌ക്കു ഭൂഷണമാണെന്നു അവളെ തെറ്റിദ്ധരിപ്പിക്കുകയും‌ അവളെ ഭക്ഷണമുണ്ടാക്കാനും‌ കാ‍മശാന്തിക്കും‌ മാത്രമായി തളച്ചിടുകയൂം‌ ചെയ്തൂ. തങ്ങള്‍‌ സ്വൈര്യവിഹാരം‌ നടത്തിയിരുന്ന ദേവാലങ്ങളില്‍‌ പോലും‌ തങ്ങളുടെ കാമസം‌പൂര്‍‌ത്തിക്കായി പുരോഹിതസമൂഹം‌ സ്‌ത്രീകളെ സൂക്ഷിച്ചിരുന്നു. ഭാരതത്തിലെ ദേവദാസികളും‌ ഗ്രീസിലെ പാഫോസ്‌ വിശുദ്ധവേശ്യകളും‌ ഇങ്ങനെ മതമേധാവികള്‍‌ തങ്ങളുടെ കാ‍മപൂര്‍‌ത്തിക്കായി സൃഷ്ടിക്കപ്പെട്ടവരാണ്‌. ഇങ്ങനെ ലൈം‌ഗികവേഴ്ച്ക്കായി തെരഞ്ഞെടുക്കപ്പെടുന്നത്‌ വലിയ ബഹുമതിയാണെന്നവരെ പറഞ്ഞ് പറ്റിച്ചും‌ പോന്നു.

ഇതിനെല്ലാം‌ പുറമേ തന്റെ ജനനേന്ദ്രിയത്തെപോലും‌ സ്ത്രീകള്‍ ആരാധിക്കണമെന്നു അവന്‍‌ ശഠിച്ചു. അതിനായി ദേവാലയങ്ങളില്‍‌ പോലും‌ ആരാധനക്കായി ലിം‌ഗങ്ങള്‍‌ തീര്‍‌ത്തു. യോനീ നടുവില്‍‌ ഉയര്‍‌ന്നു നില്‍‌ക്കുന്ന ശിവലിംഗത്തെ ആരാധിക്കുന്നത് ഭാരതീയഭക്തിസങ്കല്പത്തിന്റെ തന്നെ ഭാഗമായി. ലിം‌ഗാരാധന ഭാരതത്തില്‍‌ മാത്രമുണ്ടായിരുന്ന ഒരു പ്രതിഭാസമല്ല. ഭാരത്തിലെ ശിവന്‍, ഈജിപ്തിലെ വൈം, അസീറിയയിലെ വുള്‍‌, ഗ്രീസിലെ പാന്‍‌, പ്രിയാപ്പൂസ്‌, ഇറ്റലിയിലെ മ്യൂട്ടുനസ്‌, സ്കാന്‍ഡിനേവിയയിലെ ഫ്രിക്കൊ, സ്‌പെയിനിലെ ഹോള്‍‌ട്ടെനെസ് മുതലായ എല്ലാ ദേവന്‍‌മാരുടേയും‌ ലിം‌ഗങ്ങള്‍‌ ആരാധിച്ചുപോന്നു. ഭാരത്തില്‍‌ മാത്രമാണ് യോനി വിഗ്രഹമാക്കിയ ഒരു ക്ഷേത്രമുണ്ടായിരുനന്നത്‌. കാമപുരം‌ ക്ഷേത്രമായിരുന്നു അത്‌.

ജൈവശാസ്ത്രപരമായ ലിം‌ഗഭേദഫലമായി ദീര്‍‌ഘകാലത്തെ ഗര്‍‌ഭധാരണവും‌ പ്രസവവും‌ മുലയൂട്ടലും‌ മാസം‌തോറുമുള്ള അവളുടെ ആര്‍‌ത്തവവും‌ സ്ത്രീയെ പുരുഷനില്‍‌നിന്നും‌ വ്യത്യസ്ഥയാക്കി മാറ്റിനിര്‍‌ത്തി. സ്ത്രീസഹജമായ ഈ സവിശേഷതകള്‍‌ അവളെക്കൊണ്ട്‌ പുരുഷനെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലെത്തിച്ചു. അറിവിന്റെ വഴികള്‍‌ അടഞ്ഞ അവള്‍‌ അടിമയാണെന്ന അഹംബോധത്തോടെ അവനു അടിപ്പെട്ടു ജീവിക്കാന്‍ പരിശീലിക്കപ്പെട്ടു.

സാമൂഹ്യവികാസങ്ങളുടെ പ്രത്യേകഘട്ടങ്ങളുടെ സവിശേഷത മൂലം‌ സ്ത്രീയെ അടുക്കളയിലും‌ അജ്ഞതയിലും‌ തള്ളിയിടുകയും‌
ലൈം‌ഗികകേളികളില്‍ സ്ത്രീ അടിമപ്പെടുത്തേണ്ടവളാണെന്നും‌ അവളുടെ വികാരങ്ങള്‍‌ക്ക് ആധിപത്യമില്ലെന്നും‌ അവളെ പറഞ്ഞ് പറ്റിച്ചു.

നമ്മുടെ പൂര്‍‌വികരായ കുരങ്ങുകളിലും‌ ആള്‍‌ക്കുരങ്ങുകളിലും‌ ഒരാഴ്ച മാത്രമേ ലൈംഗികോത്തേജനം‌ നിലനില്‍‌ക്കുകയുള്ളൂ. മറ്റു സസ്തനികളിലെല്ലാം‌ അണ്ഡവിസര്‍‌ജ്ജനം‌ നടക്കുന്ന കാലത്തു മാത്രമേ ലൈം‌ഗികതാത്പര്യം‌ ഉണരുകയുള്ളൂ. പശുവിനേയും‌ ആടിനേയും‌ എരുമയേയും‌ മറ്റും‌ വളര്‍‌ത്തി പരിചയമുള്ള നമുക്ക്‌ അവയുടെ പുളപ്പുകാലവും‌ അതിനോടനുബന്ധിച്ചുള്ള അമറലും‌ ചിരപരിചിതങ്ങളല്ലേ.

മനുഷ്യസ്ത്രീകളില്‍‌ കലശലായ കാമവികാരങ്ങള്‍‌ അനുഭവപ്പെടുന്നത്‌ ആര്‍‌ത്തവകാലത്തും‌ അതിനു തൊട്ടു മുന്‍പും‌ പിന്‍പും അണ്ഡവിസര്‍‌ജ്ജനകാലത്തുമാണെന്നതാണ് ജൈവശാസ്ത്രപരമായ സത്യം‌. മറ്റു ജീവജാലങ്ങളില്‍‌ നിന്നും‌ വ്യത്യസ്ഥമായി മനുഷ്യസ്ത്രീകളില്‍‌ മാത്രമാണ് രതിമൂര്‍‌ച്ഛ എന്ന അവസ്ഥാവിശേഷമുള്ളത്. എന്നാല്‍‌ ഗര്‍ഭവതിയായിരിക്കുമ്പോള്‍ പോലും പുരുഷനെ സ്വീകരിക്കുമാറ്‌ മനുഷ്യസ്ത്രീകള്‍ മാറുന്നത് തങ്ങള്‍‌ സൂക്ഷിക്കുന്ന ഏക ഇണ ബന്ധത്തിന്റെ ദൃഢത കൊണ്ടാണ്.

ഇത്തരം സമര്‍പ്പണ മനോഭാവത്തോടെ ഒരു പുരുഷനുമായി ഇണ ചേരുന്ന സ്ത്രീയുടെ ശരീരത്തെ അറിയാതെ, അവളുടെ ലൈംഗികതയുടെ ചോദന അറിയാതെ അവളെ ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നു പറയാനാണു ഞാന്‍ കഴിഞ്ഞ പോസ്റ്റ് ഉപയോഗിച്ചതെങ്കിലും അതിനു ഒരു മറുവായന ഉണ്ടായി എന്നതു എന്നത്‌ എന്റെ ഒരു സ്വകാര്യവേദനയായി ഞാന്‍ സൂക്ഷിക്കുന്നു.

The sexual life of women എന്ന പുസ്തകത്തിലൂടെ E. H. Kisch പറയുന്നതു കേള്‍‌ക്കുക. “സ്ത്രീകളുടെ കാമവികാരം‌ ചില സന്ദര്‍‌ഭങ്ങളില്‍‌ മറ്റൊന്നിനെപറ്റിയും‌ ആലോചിക്കാന്‍ മനസ്സ് ചെല്ലാത്തവണ്ണം‌ ശക്തിമത്തും‌ സര്‍‌വ്വവ്യാപകവുമാണ്. ഗര്‍‌ഭിണിയാകുമെന്നു ഭയാശങ്കയുള്ളപ്പോഴും‌ ഇല്ലാത്തപ്പോഴും‌ അവര്‍‌ സം‌ഭോഗത്തില്‍‌ ആണ്ടുകളയും‌“

ചുരുക്കത്തില്‍‌ സ്ത്രീകളുടെ കാമവികാരത്തിന് പുരുഷന്‍‌മാരുടേതിനേക്കാള്‍‌ ആഴവും‌ പരപ്പും‌ കൂടുമെങ്കിലും‌ പ്രകടനാത്മകത കുറവാണ്. കാരണം തങ്ങളിലെ കാമവികാരത്തെ തനതുരൂപത്തില്‍‌ പ്രദര്‍‌ശിപ്പിച്ചാല്‍‌ താന്‍‌ ഒരു അഭിസാരികയായി കണക്കാക്കപ്പെടുമോ എന്നു അവര്‍‌ ഭയക്കുന്നു. കാരണം‌ പുരുഷന്റെ മുന്‍‌വിധികള്‍‌ മറിച്ചു പ്രവര്‍‌ത്തിക്കുന്നതില്‍‌ നിന്നും‌ അവളെ തടയുന്നു.

ലൈംഗികതയെ അടിച്ചമര്‍ത്തുന്നതിന്റെ അനുപാതമനുസരിച്ചാണ്‌ സ്ത്രീകളില്‍ മാനസികദൌര്‍ബല്യങ്ങള്‍ ഉണ്ടാകുന്നതെന്ന്‌ മന:ശാസ്‌ത്രജ്ഞന്‍മാര്‍ മാറിയും കേറിയും എഴുതിക്കൊണ്ടേയിരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ ലൈം‌ഗികതയെ ബഹുമാനിക്കാത്ത ഒരു പുരുഷവര്‍‌ഗ്ഗം‌ നമ്മുടെ സമൂഹത്തിലുണ്ട്. എന്നു കരുതി ഈ ബൂലോകത്തുണ്ടെന്നല്ല ഞാന്‍‌ പറഞ്ഞു വരുന്നത്‌.

ഇതു എഴുതുന്ന ഞാന്‍‌ ലൈം‌ഗികന്യൂനപക്ഷങ്ങളുടെ ഇടയില്‍‌ പ്രവര്‍‌ത്തിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളെ എഴുതാനായാണ് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത്‌. പ്രവര്‍ത്തനത്തിനിടെ അസന്തുഷ്ടമായ ലൈം‌ഗികത സഹിക്കുന്ന ഒരുപിടി സഹോദരിമാരുടെ അനുഭവങ്ങള്‍‌ പറഞ്ഞുകേട്ടിട്ടുള്ളതുകൊണ്ടാണ്‌ നേരത്തെ ലേഖനത്തില്‍ അങ്ങനെ സൂചിപ്പിക്കേണ്ടി വന്നിട്ടുള്ളത്.

എന്റെ ഈ എഴുത്തിനു ചില അറിവുകള്‍ക്കായി ശ്രീ ജോണ്‍സണ്‍ ഐരൂരിന്റെ ഒരു പഴയ ലേഖനം‌ സഹായിച്ചിട്ടുണ്ട്.